ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരേ പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തി പരസ്യമായ സാഹചര്യത്തില്‍ പ്രതികരണവുമായി പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ കെ. രാമന്‍ പിള്ള രംഗത്ത്. എല്ലാവര്‍ക്കും അവരുടെ കഴിവുകള്‍ക്കും സ്വാധീനത്തിനും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഉള്ള സാഹചര്യം ഒരുക്കണമെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തെപ്പറ്റിയും അതിന്റെ കാരണങ്ങളെപ്പറ്റിയും പാര്‍ട്ടിയുടെ കേരളത്തിലെ വിജയ സാധ്യതകളെപ്പറ്റിയും അദ്ദേഹം വിശദീകരിക്കുന്നു.
നിരവധി പ്രശ്നങ്ങള്‍ സംസ്ഥാനത്തെ പാര്‍ട്ടി ഘടകം നേരിടുന്നുണ്ട്. അടുത്തിടെ മുതിര്‍ന്ന നേതാവ് പി.എം.വേലായുധന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരയുന്ന സാഹചര്യം വരെയുണ്ടായി. ബിജെപി സംസ്ഥാനത്ത് ഒരു നേതൃത്വ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് കരുതുന്നുണ്ടോ?
വേണ്ടത്ര പരിഗണിക്കുന്നില്ല എന്ന തോന്നല്‍ അവര്‍ക്കുണ്ടാകാം. നേതൃത്വം അത് പരിഹരിക്കേണ്ടതുണ്ട്. എല്ലാവര്‍ക്കും അവരവര്‍ ആഗ്രഹിക്കുന്ന സ്ഥാനങ്ങളില്‍ തന്നെ തുടരാന്‍ സാധിച്ചെന്നു വരില്ല. അതില്‍ മാറ്റങ്ങള്‍ വന്നേക്കാം. എന്നാല്‍ പ്രവര്‍ത്തിക്കാന്‍ സ്ഥാനങ്ങള്‍ നിര്‍ബന്ധമാണോയെന്ന കാര്യത്തില്‍ ഒരു ചിന്ത എന്നെ സംബന്ധിച്ചിടത്തോളമില്ല.
പക്ഷെ എല്ലാവര്‍ക്കും അവരുടെ കഴിവുകള്‍ക്കും സ്വാധീനത്തിനും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഉള്ള സാഹചര്യം ഒരുക്കണം എന്നുള്ള കാര്യത്തില്‍ സംശയമില്ല. ആ സാഹചര്യം ഇല്ലായെന്ന അവരുടെ പരാതി പരിഹരിക്കേണ്ടത് നേതൃത്വമാണ്. പക്ഷെ അക്കാര്യങ്ങള്‍ അവര്‍ പരസ്യമായി പറയുന്നതിന് മുമ്പ് അത് പാര്‍ട്ടിക്കുള്ളില്‍ പറയേണ്ടതായിരുന്നു. മുതിര്‍ന്ന നേതാക്കളെ ഒതുക്കിയെന്ന പരാതി നേതൃത്വം പരിഹരിക്കണം.
ഗ്രൂപ്പിസം ഇപ്പോഴും ബിജെപിയില്‍ ഒരു പ്രതിസന്ധിയാണോ?
പാര്‍ട്ടി ഭരണഘടനയും കീഴ്വഴക്കങ്ങളും ലംഘിച്ചുപോകുന്ന അവസ്ഥ വന്നാല്‍ ഗ്രൂപ്പിസം ശക്തിപ്പെടും. മറ്റൊന്ന് ഒരു വ്യക്തിയോടൊപ്പം നിന്നാല്‍ ചില നേട്ടങ്ങള്‍ ഉണ്ട് എന്ന് ധരിച്ചിട്ട് ആ വ്യക്തിയുടെ പിന്നില്‍ നില്‍ക്കുന്ന ആളുകളുണ്ട്. ഇത് രണ്ടും നിരുത്സാഹപ്പെടുത്തേണ്ട പ്രവണതയാണ്. കേരളത്തില്‍ ഈ പ്രവണത കോണ്‍ഗ്രസിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുമുണ്ട്. അത് ബിജെപിയിലും വരരുത് എന്നതാണ് എന്റെ അഭിപ്രായം. ബിജെപി അതില്‍ നിന്നും വിമുക്തമായിരിക്കണം. കാരണം ബിജെപി ഒരു ആദര്‍ശത്തില്‍ അധിഷ്ടിതമായ പാര്‍ട്ടിയാണ്. അത് ആ രീതിയില്‍ തന്നെ പോകണം.
ഇപ്പോള്‍ കാണുന്ന പ്രസ്താവനകളെ കാര്യമായി കാണേണ്ടതില്ല. അതൊന്നും ഗ്രൂപ്പിസത്തിന്റെ ഫലമാണെന്ന് ഞാന്‍ കരുതുന്നില്ല. അവരൊക്കെ പാര്‍ട്ടിയോട് കൂറുള്ളവരാണ്, അവര്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നുതന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല എന്നാരോപിച്ച് ആളുകള്‍ പാര്‍ട്ടി വിട്ട് പോകുന്നുണ്ടല്ലോ?
അതൊക്കെ പരിഹരിക്കേണ്ട കാര്യമാണ്. നേതൃത്വവുമായി അക്കാര്യങ്ങള്‍ സംസാരിക്കും. പക്ഷെ ഒരുകാര്യം വ്യക്തമാക്കേണ്ടതുണ്ട്. ബിജെപിയില്‍ നിന്ന് ഒന്നോ രണ്ടോ ആളുകള്‍ പോകുമ്പോള്‍ അത് വാര്‍ത്ത ആകുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുള്‍പ്പെടെ നിരവധി ആളുകള്‍ ബിജെപിയിലേക്ക് എത്തുന്നുമുണ്ട്. എന്തെങ്കിലും പ്രശ്നങ്ങള്‍ മൂലം ആളുകള്‍ പാര്‍ട്ടി വിട്ടുപോകുന്നുവെങ്കില്‍ അക്കാര്യം ചര്‍ച്ച ചെയ്ത് പരിഹരിക്കണം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അത്തരം അപശബ്ദങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. തീര്‍ച്ചയായും നേതൃത്വം അക്കാര്യങ്ങള്‍ പരിഹരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.
ദേശീയ തലത്തില്‍ ശക്തമായൊരു എന്‍ഡിഎ സംവിധാനമുണ്ട്. അതിന്റെ നെടുനായകത്വവുമായി ബിജെപി അതിശക്തമായി തുടരുകയും ചെയ്യുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ബദലായൊരു രാഷ്ട്രീയ ശക്തിയായി ബിജെപി മാറുകയും ചെയ്തു. എന്നാല്‍ കേരളത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ അവശേഷിപ്പിച്ച രാഷ്ട്രീയ വിടവിലേക്ക് എന്‍ഡിഎയ്ക്ക് കടന്നുകയറാന്‍ എന്തുകൊണ്ടാണ് സാധിക്കാതെ പോയത്?
അതിന് കാരണം രണ്ട് പാര്‍ട്ടികളും ദീര്‍ഘകാലമായി അധികാരത്തില്‍ മാറിമാറി ഇരുന്നവരാണ്. അവര്‍ക്ക് അതിന്റേതായ സ്വാധീനമുണ്ട്. കേരളത്തിലേക്ക് ബിജെപി പക്ഷെ വളരെ വൈകിയാണ് വന്നത്. അതിന്റെ ഘടകകക്ഷികള്‍ക്കും ഇപ്പോള്‍ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. പക്ഷെ അവരെക്കൂടി ഉള്‍ക്കൊണ്ടുതന്നെയാണ് മുന്നോട്ടുപോകുന്നത്. പക്ഷെ ഇനിയും ചിലര്‍ മുന്നണിയിലേക്ക് വരാന്‍ തയ്യാറാണ്, അവരേക്കൂടി ഉള്‍പ്പെടുത്തി മുന്നണി വിപുലപ്പെടുത്തണം.
കൊറോണ നിമിത്തം ഒന്നിച്ചുകൂടാനുള്ള അസൗകര്യങ്ങളാണ് പല പരിപാടികളും ഒന്നിച്ച് നടത്താന്‍ സാധിക്കാതെ പോകുന്നത്. ഇതൊക്കെ മാറിക്കഴിയുമ്പോള്‍ അതൊക്കെ നടത്തും എന്നാണെന്റെ വിശ്വാസം. കേരളത്തില്‍ എന്‍ഡിഎ സംവിധാനം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പടിപടിയായി വോട്ടിങ് ശതമാനം വര്‍ധിച്ചിട്ടുമുണ്ട്.
ആര്‍.എസ്.എസിന്റെ കണക്കില്‍ രാജ്യത്ത് ഏറ്റവുമധികം ശാഖകള്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം. അങ്ങനെയുള്ള സംഘടനാ സംവിധാനം സുശക്തമായൊരു പ്രദേശത്ത് ബിജെപിയുടെ ആശയപരിസരങ്ങള്‍ക്ക് അധികം സ്വീകാര്യത ലഭിക്കുന്നില്ല. എന്തുകൊണ്ടാണെന്നാണ് കരുതുന്നത്.?
ഒരുകാര്യം വ്യക്തമാക്കേണ്ടതുണ്ട്. സംഘത്തിന്റെ ശാഖകളുടെ എണ്ണവും പ്രവര്‍ത്തകരുടെ എണ്ണവും അല്ല രാഷ്ട്രീയ രംഗത്തെ വിജയത്തിന് കാരണമാകുന്നത്. അതിന് രാഷ്ട്രീയ പ്രതിബദ്ധതയുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ശ്രേണി ശക്തിപ്പെടുത്തണം. ആ രീതിയിലൂടെയുള്ള ശക്തിയില്‍ മാത്രമേ തിരഞ്ഞെടുപ്പില്‍ വിജയമുണ്ടാകു. പക്ഷെ സംഘത്തിന്റെ പിന്തുണ അത് വലിയൊരു ശക്തി തന്നെയാണ്. അതിനെ അവഗണിക്കാന്‍ സാധിക്കില്ല. പക്ഷെ അതുമാത്രം പോര. വിവിധ രീതിയുള്ള ജനങ്ങളാണ് സമൂഹത്തിലുള്ളത്. അവരെ ഏകീകരിക്കുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. പക്ഷെ അത് നടക്കണം. സംഘത്തിന്റെ പിന്തുണയ്ക്ക് പുറമെ മറ്റുജനവിഭാഗങ്ങളെയും കൂടെ കൂട്ടുമ്പോള്‍ മാത്രമേ വിജയം ഉണ്ടാകു. രാഷ്ട്രത്തിന്റെ നന്മ ആഗ്രഗിക്കുന്നവരെ ഒരുമിപ്പിച്ചുകൊണ്ടുപോകണം എന്നതാണ് ബിജെപിയുടെ ലക്ഷ്യം.
കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ശക്തമായി നിലനില്‍ക്കുന്നു. അങ്ങനെയുള്ളപ്പോള്‍ ഏത് പാര്‍ട്ടി ക്ഷിണിച്ചാലാണ് ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ ആകുന്നത്? നിലവിലെ രാഷ്ട്രീയ സാഹചര്യമുണ്ടല്ലോ, ഈയൊരു പശ്ചാത്തലത്തില്‍ ബിജെപിക്ക് എന്തെങ്കിലും പ്രയോജനം മുന്നില്‍ കാണുന്നുണ്ടോ?
കേരളത്തില്‍ കാലാകാലങ്ങളില്‍ കമ്മ്യൂണിസ്റ്റ് വിരോധം പറഞ്ഞ് കോണ്‍ഗ്രസും, കോണ്‍ഗ്രസ് വിരോധം പറഞ്ഞ് കമ്മ്യൂണിസ്റ്റുകളും ജയിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ ഭാഗ്യത്തിന് അവര്‍ തമ്മില്‍ യോജിക്കാന്‍ തീരുമാനം ആയിക്കഴിഞ്ഞു. ഇതോടെ അവരുടെ എതിര്‍പ്പിന്റെ ശക്തി കുറയും. ഇതോടെ ബദല്‍ ശക്തിയായി ബിജെപിക്ക് വളരാന്‍ സാധിക്കും.
തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ പോലും കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഒരുമിച്ച് വോട്ട് പിടിക്കാന്‍ പോവുകയാണ്. ഇപ്പോഴതിന് കേരളത്തിലും പരസ്യമായ പിന്തുണ ഇരുപാര്‍ട്ടികളില്‍ നിന്നും വന്നിരിക്കുന്നു. ഇനി അവര്‍ക്ക് വാക്കുമാറാന്‍ സാധിക്കില്ല. അപ്പോള്‍ കേരളത്തില്‍ ഒരു ബദല്‍ കക്ഷി വേണമല്ലോ, അതിന് ഇവിടെ ബിജെപി അല്ലാതെ വേറെ ആരാണുള്ളത്.
കേരളത്തില്‍ ബിജെപി അധികാരത്തിന്റെ ഭാഗമാകുന്ന സാഹചര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ? എത്ര സീറ്റ് പ്രതീക്ഷിക്കുന്നു കേരളത്തില്‍.
കേരളത്തില്‍ എത്ര സീറ്റ് ഉണ്ടാകുമെന്ന് ഉറപ്പ് പറയാനില്ല. കേരളത്തില്‍ ഭൂരിപക്ഷം സീറ്റും നേടാന്‍ സാധിക്കും എന്നാണ് എന്റെ പ്രതീക്ഷ. എങ്ങനെയാണോ ത്രിപുര പോലുള്ള സംസ്ഥാനങ്ങള്‍ ബിജെപിക്ക് ഭരിക്കാന്‍ സാധിക്കുന്നത് അതുപോലെ കേരളത്തിലും ബിജെപിക്ക് ഭരിക്കാന്‍ സാധിക്കും. ഇന്നത്തെ സംഘടന ഇക്കാര്യത്തിനായി കുറച്ചുകൂടി ശ്രദ്ധിക്കണം. എങ്ങനെയെങ്കിലും മത്സരിക്കുക എന്നതിന് പകരം ജയിക്കാനും ഭരിക്കാനും വേണ്ടിയാണ് മത്സരിക്കേണ്ടത്. കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകളിലായി അണികളില്‍ ഇത്തരമൊരു ആത്മവിശ്വാസം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.
ശബരിമല വിഷയം ബിജെപി വലിയൊരു സമരായുധമാക്കി ഉപയോഗിച്ചിരുന്നതാണ്. എന്നാല്‍ സര്‍ക്കാരിന്റെ അന്നത്തെ തീരുമാനങ്ങള്‍ക്കെതിരെ ഉയര്‍ന്ന ജനരോഷം ബിജെപിക്ക് പ്രതീക്ഷിച്ചപോലെ വോട്ടായി മാറിയില്ല. എന്തുകൊണ്ടാണിത്?
ശബരിമല വിഷയം വന്നപ്പോള്‍ പോലീസിന്റെ അടികൊള്ളാനും ജയിലില്‍ പോകാനും മുന്നില്‍ നിന്നത് ബിജെപി പ്രവര്‍ത്തകരാണ്. പക്ഷെ രാഷ്ട്രീയ നേട്ടം കൈവരിച്ചത് യുഡിഎഫാണ്. അതിന് പ്രധാന കാരണം ബിജെപി അണികളില്‍ ഇപ്പോഴും ഒരു പരാജയ ബോധം ഉണ്ട് എന്നതാണ്. നമ്മള്‍ ജയിക്കില്ല, തോല്‍പ്പിക്കേണ്ടവരെ ഉദ്ദേശിച്ച് മറ്റാരെയെങ്കിലും ജയിപ്പിക്കണം എന്ന വികാരം ഉപബോധ മനസില്‍ കിടപ്പുണ്ട്. അത് മാറ്റിയെടുക്കണം. മാറും, കാരണം അവര്‍ തമ്മില്‍ വ്യത്യാസമില്ല, അവര്‍ സഖ്യത്തിലാണ്. ബിജെപിയേ തോല്‍പ്പിക്കാന്‍ പരസ്പരം സഹകരിക്കാമെന്ന കാഴ്ചപ്പാട് കോണ്‍ഗ്രസിനും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുമുണ്ട്. ആ സാഹചര്യത്തില്‍ ഒരു ബദല്‍ ശക്തിയേപ്പറ്റിയുള്ള ചിന്ത ജനങ്ങളിലുണ്ടാകും. ആ ചിന്ത ബിജെപിയെ വിജയത്തിലേക്ക് നയിക്കും എന്നതാണ് എന്റെ വിശ്വാസം.
( തുടരും)