• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Latest News
  • Kerala
  • India
  • World
  • In-Depth
  • Good News
  • Crime Beat
  • Politics
  • Print Edition
  • Cartoons

'ബിജെപിയെ കീഴ്‌പ്പെടുത്തുമ്പോള്‍,വെറുതെ ഒരു പാര്‍ട്ടിയെ അല്ല ഒരുകൂട്ടം നയങ്ങളെയാണ് തോല്‍പിക്കുന്നത്'

Oct 26, 2020, 08:19 AM IST
A A A
# കനയ്യ കുമാര്‍/മനോജ് മേനോന്‍
Kanhaiya Kumar
X

കനയ്യ കുമാര്‍ | Photo:PTI

പട്നയില്‍ നിന്ന് 150 കിലോമീറ്റര്‍ ദൂരെ പഴയ വ്യവസായ നഗരത്തിന്റെ പ്രതാപം അവിടവിടെ ബാക്കിയാക്കിയ ബെറൂണി. പൊട്ടിപ്പൊളിഞ്ഞ ഓടുകള്‍ കൊണ്ട് പഴമ മേഞ്ഞ സി.പി.ഐ.പാര്‍ട്ടി ആഫീസിന് മുന്നില്‍ കുറച്ചു നേരം കാത്തിരുന്നു. അവിടവിടെ നിരത്തിയിട്ട കസേരകളില്‍ പഴയ കാല കമ്യൂണിസ്റ്റുകാര്‍ മുതല്‍ പുതുതലമുറ വിദ്യാര്‍ഥി നേതാക്കള്‍ വരെ പല തരം ചര്‍ച്ചകളില്‍ മുഴുകിയിരിക്കുന്നു.കേരളത്തില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ പരിചയപ്പെടാനെത്തിയ സഖാക്കള്‍ക്ക് നിറഞ്ഞ സന്തോഷം.ചായയും സമോസയും കുശലവും തന്ന ശേഷം തേഗ്ര മണ്ഡലം സെക്രട്ടറി പാര്‍ട്ടി ആഫീസിലെ ചെറുമുറിയിലേക്ക് ക്ഷണിച്ചു.ഒരു പഴയ ടി.വിയും കാറ്റ് കുറഞ്ഞ ഒരു പങ്കയും മാത്രം ആഡംബരം.'നിങ്ങളുടെ മന്ത്രി സുനില്‍കുമാര്‍ എന്റെ അടുത്ത സുഹൃത്താണ് '-ചിരിച്ചു കൊണ്ട്  സെക്രട്ടറി പറഞ്ഞു.

കാത്തിരിപ്പ് അധികം നീളും മുമ്പെ കനയ്യ കുമാറെത്തി.തലേ ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം പുലര്‍ച്ചെ ബിഹത്ത് ഗ്രാമത്തിലെ വീട്ടിലെത്തിയ കനയ്യ ,ഒരു കുളി പാസ്സാക്കിയിട്ട് പാര്‍ട്ടി യോഗങ്ങള്‍ക്കായി ഓടിയെത്തിയതാണ്.കനയ്യക്ക് ചുറ്റും സഖാക്കള്‍ പെട്ടെന്ന് വട്ടം കൂടി.അവരോട് അല്‍പ നേരം ചര്‍ച്ചകള്‍ നടത്തിയ ശേഷം 'മാതൃഭൂമി 'യുമായി സംസാരിക്കാനായി മുറിയിലേക്ക് കനയ്യ എത്തി.പട്ന സര്‍വകലാശാലാ വിദ്യാര്‍ഥി ജീവിതകാലത്ത് ഏ.ഐ.എസ്.എഫ് പ്രവര്‍ത്തകനായി രാഷ്ട്രീയം തുടങ്ങി സി.പി.ഐ.യുടെ ദേശീയ നിര്‍വാഹക സമിതി അംഗമായി വളര്‍ന്ന കനയ്യയുടെ രാഷ്ട്രീയവീക്ഷണങ്ങള്‍ അഭിമുഖത്തില്‍ പങ്കിടുന്നു.

വിധിയെഴുത്തിന് ബിഹാര്‍ ഒരുങ്ങിയിരിക്കുകയാണ്.എത്രത്തോളം ഈ തിരഞ്ഞെടുപ്പ്  ഇടതുപാര്‍ട്ടികള്‍ക്ക്  നിര്‍ണായകമാണ് ?

മഹാസഖ്യത്തിന്റെ ഭാഗമായി 29 സീറ്റുകളിലാണ് ഇടതുപാര്‍ട്ടികള്‍ മത്സരിക്കുന്നത്.2015 ല്‍ ഇടതുപാര്‍ട്ടികള്‍ മഹാസഖ്യത്തിന്റെ ഭാഗമായിരുന്നില്ല.ഇടതുപാര്‍ട്ടികള്‍ വേറിട്ടാണ് മത്സരിച്ചത്.അന്ന് മഹാസഖ്യത്തിന്റെ ഭാഗമായിരുന്നത് ആര്‍.ജെ.ഡി, ജെ.ഡി.യു, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളായിരുന്നു. അതിശക്തമായ നിലയില്‍ വര്‍ഗ്ഗീയ ചേരിതിരിവുണ്ടായിരുന്ന മത്സരമായിരുന്നു അത്. മഹാസഖ്യമാണ് വിജയിച്ചതെങ്കിലും ബി.ജെ.പി വിരുദ്ധവോട്ടുകള്‍ ചിതറിപ്പോയിരുന്നു. മാത്രമല്ല, മഹാസഖ്യത്തിന്റെ ഭാഗമായി വിജയിച്ച നിതീഷ് 2017ല്‍ സഖ്യം വിട്ട് എന്‍.ഡി.എ.യിലേക്ക് മടങ്ങിപ്പോയി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉണ്ടാക്കിയ മഹാസഖ്യത്തിലും ഇടത് പാര്‍ട്ടികള്‍ പങ്കെടുത്തില്ല. എന്നാല്‍, 2019 ലെ മഹാസഖ്യത്തിലുണ്ടായിരുന്ന ചില പാര്‍ട്ടികള്‍ ഇത്തവണ സഖ്യം വിട്ടു പോയി. ഇടതുപാര്‍ട്ടികള്‍ മഹാസഖ്യത്തിന്റെ ഭാഗമാകുകയും ചെയ്തു.

Kanhaiya Kumar

ബെറൂണിയിലെ പാര്‍ട്ടി ആഫീസില്‍
കനയ്യകുമാറും പ്രവര്‍ത്തകരും

ബിഹാറില്‍ ബി.ജെ.പിയുടെ വര്‍ഗ്ഗീയ അജണ്ടയെ തോല്‍പിക്കണമെങ്കില്‍ സമാനരായ മതേതര ജനാധിപത്യ പുരോഗമന ശക്തികളുമായി യോജിക്കണമെന്നതാണ് സി.പി.ഐ.യുടെ നിലപാട്. നിങ്ങള്‍ക്ക് ബി.ജെ.പിയെ തോല്‍പിക്കണമെങ്കില്‍, ബി.ജെ.പിയുടെ വര്‍ഗ്ഗീയ അജണ്ടയെ തോല്‍പിക്കണമെങ്കില്‍, ബിഹാറില്‍ ഒരു പൊതുമിനിമം പരിപാടി ആവശ്യമാണ്. അതിനായി മറ്റ് മതേതര പാര്‍ട്ടികളുമായി യോജിക്കണം. വര്‍ഗ്ഗീയ ഫാസിസ്റ്റ് അജണ്ടകളെ ചെറുക്കാന്‍ ഒരു മതേതര-പുരോഗമന-ജനാധിപത്യം രൂപപ്പെടണമെന്ന് കേരളത്തില്‍ നടന്ന സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തി. അതിന് ഇടത് പാര്‍ട്ടികള്‍ മുന്‍കയ്യെടുക്കണം. ബി.ജെ.പിയെ പരാജയപ്പെടുത്താനായി ഇടതുപാര്‍ട്ടികള്‍ ഈ സഖ്യവുമായി അണിചേരണമെന്നായിരുന്നു നിലപാട്.

ബി.ജെ.പിയെ കീഴ്പ്പെടുത്തുമ്പോള്‍, നമ്മള്‍ വെറുതെ ഒരു പാര്‍ട്ടിയെ തോല്‍പിക്കുകയല്ല. ഒരു കൂട്ടം നയങ്ങളെയാണ് തോല്‍പിക്കുന്നത്. വളരെ ശക്തമായ കോര്‍പ്പറേറ്റ് കൊള്ളയടിയെയും വര്‍ഗ്ഗീയ രാഷ്ട്രീയത്തെയുമാണ് കീഴടക്കുന്നത്. ആ സാഹചര്യത്തില്‍ ബിഹാറില്‍ മഹാസഖ്യത്തിനൊപ്പം ചേരാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചു. ഈ മഹാസഖ്യം 2019 ലുണ്ടാക്കിയ മഹാസഖ്യത്തിന് തുല്യമല്ല. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് രൂപം കൊണ്ട മഹാസഖ്യത്തിലുളള പല പാര്‍ട്ടികളും 2020 ലെ മഹാസഖ്യത്തിലില്ല. 

അന്ന് ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, ആര്‍.എല്‍.എസ്.പി, വി.ഐ.പി,എച്ച്.എ.എം തുടങ്ങിയ പാര്‍ട്ടികളായിരുന്നു മഹാസഖ്യത്തിന്റെ ഭാഗമായിരുന്നത്. ഇതില്‍ നിന്ന് ആര്‍.എല്‍,എസ്,പിയും, വി.ഐ.പിയും എച്ച്.എ.എമ്മും ഇപ്പോള്‍ വിട്ടു പോയിരിക്കുന്നു. എന്നാല്‍ ഇടത് പാര്‍ട്ടികള്‍ പുതുതായി എത്തിയിരിക്കുന്നു. ആര്‍.ജെ.ഡി 144 സീറ്റുകളില്‍ മത്സരിക്കുന്നു. കോണ്‍ഗ്രസ് 70 സീറ്റുകളില്‍ മത്സരിക്കുന്നു. ഇടതുപാര്‍ട്ടികള്‍ 29 സീറ്റുകളില്‍ മത്സരിക്കുന്നു. എന്നാല്‍ സീറ്റുകളുടെ എണ്ണം അടിസ്ഥാനമാക്കി ഇടതുപാര്‍ട്ടികളുടെ പ്രാധാന്യവും പ്രസക്തിയും നിങ്ങള്‍ അളക്കരുത്. 

2015 ല്‍ കടുത്ത വര്‍ഗ്ഗീയ,രാഷ്ട്രീയ ധ്രുവീകരണങ്ങള്‍ ഉണ്ടായിട്ടും സി.പി.ഐ.എം.എല്‍  മൂന്ന് സീറ്റുകളില്‍ ജയിച്ചു. അവര്‍ക്ക് ഇത്തവണ കൂടുതല്‍ സീറ്റുകള്‍ക്ക് അവകാശമുന്നയിക്കാം.ലഭിച്ച വോട്ടുകളുടെ എണ്ണം കണക്കാക്കിയാല്‍ സിപിഐക്ക് അഞ്ച് ലക്ഷത്തി പതിനേഴായിരം വോട്ടുകള്‍ ലഭിച്ചു.സിപി.ഐ.എം.എല്ലിന് അഞ്ച് ലക്ഷത്തി എണ്‍പതിനായിരം വോട്ടുകള്‍ ലഭിച്ചു.സി.പി.ഐ.എം.എല്‍ കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകളിലാണ് ഇത്തവണയും മത്സരിക്കുന്നത്.അതുകൊണ്ട് സീറ്റുകളുടെ എണ്ണം നോക്കി സി.പി.ഐ.എം.എല്‍ വലിയ പാര്‍ട്ടി,സി.പി.ഐ ചെറിയ പാര്‍ട്ടി എന്ന് കണക്കാക്കരുത്.അതല്ല ഫോര്‍മുല.ഏത് മേഖലയില്‍ ഏത് പാര്‍ട്ടിയാണ് ശക്തം എന്നതാണ്,ഏത് സ്ഥാനാര്‍ഥിക്കാണ് ജെ.ഡി.യു,ബി.ജെ.പി മുന്നണിയെ ശക്തമായി എതിര്‍ക്കാന്‍ കഴിയുന്നതെന്നാണ് സീറ്റ് വിഭജനത്തില്‍ പരിഗണിച്ചിരിക്കുന്ന മാനദണ്ഡം.

സി.പി.ഐക്ക് ബെഗുസരായിയിലും മധുബനിയിലും വളരെ ശക്തമായ അടിത്തറയുണ്ട്.ഈ മേഖലയില്‍  പാര്‍ട്ടിക്ക് ശക്തമായ അംഗബലമുണ്ട്.ഭോജ്പൂരില്‍ സി.പി.ഐ.എം.എല്‍ ലിബറേഷനാണ് മുന്‍തൂക്കം.അവര്‍ക്ക് ഭോജ്പൂരില്‍ കാര്യമായ അംഗബലമുണ്ട്. ബഗുസരായി ലോക്സഭാ മണ്ഡലത്തിനുള്ളില്‍ 7 നിയമസഭാ മണ്ഡലങ്ങളാണ്  ഉള്ളത്.ഇതില്‍ 4 മണ്ഡലങ്ങളില്‍ ഇക്കുറി ഇടത് പാര്‍ട്ടികളാണ് മത്സരിക്കുന്നത്.ആര്‍.ജെ.ഡി രണ്ട് സീറ്റിലും കോണ്‍ഗ്രസ് ഒരു സീറ്റിലും മത്സരിക്കുന്നു.ഇതാണ് സാഹചര്യം.

Kanhaiya Kumar

ബെറൂണിയിലെ പാര്‍ട്ടി ആഫീസില്‍ കനയ്യകുമാറും ലേഖകനും


ഈ തിരഞ്ഞെടുപ്പ് മോദി സര്‍ക്കാരിന്റെ ഹിതപരിശോധന കൂടിയാകുമോ ? ബി.ജെ.പി പ്രചരണവിഷയമാക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണല്ലോ ?

ബിഹാര്‍ തിരഞ്ഞെടുപ്പ് മോദി സര്‍ക്കാരിന്റെ ഹിതപരിശോധന അല്ല. നിങ്ങള്‍ ഇവിടുത്തെ സര്‍ക്കാര്‍ വിരുദ്ധ വികാരം വിലയിരുത്തിയാല്‍ ഒരു കാര്യം മനസ്സിലാകും, മുഴുവന്‍ എതിര്‍പ്പുകളും കേന്ദ്രീകരിച്ചിരിക്കുന്നത് നിതീഷിലാണ്. എന്നാല്‍,ബി.ജെ.പിയും ബിഹാറില്‍ സര്‍ക്കാരിന്റെ ഭാഗമാണ്. നിതീഷിനെതിരേ വികാരമുണ്ടെങ്കില്‍ അതിന്റെ തുല്യവിഹിതം സുശീല്‍ കുമാര്‍ മോദിക്ക് നേരെയുമുണ്ട്. എന്നാല്‍ പലരും ബി.ജെ.പിയുടെ വീഴ്ചയെക്കുറിച്ച് സംസാരിക്കുന്നില്ല.

യു.പി.എ ഭരണകാലത്ത് ബിഹാറില്‍ വികസന പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രസംഗിച്ചത്. ഈ പത്ത് വര്‍ഷവും ബിഹാറില്‍ എന്‍.ഡി.എ സര്‍ക്കാരാണ് ഭരിച്ചതെന്ന കാര്യം അദ്ദേഹം മറന്നു. ബിഹാറില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി തന്നെ സമ്മതിക്കുന്നു ! ബി.ജെ.പി നിതീഷ് സര്‍ക്കാരിനെതിരെ വലിയ ഗൂഢാലോചന നടത്തുകയാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. 

ഒരു കാര്യം വ്യക്തമാക്കാം, ഈ തിരഞ്ഞെടുപ്പ് നരേന്ദ്രമോദിയുടെ രാഷ്ട്രീയഭാവിയല്ല,നിതീഷ് കുമാറിന്റെ രാഷ്ട്രീയഭാവി നിശ്ചയിക്കും ഇപ്പോള്‍ ബി.ജെ.പി എന്താണ് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതെന്ന് ശ്രദ്ധിക്കൂ, നിതീഷ് കുമാര്‍  കടുത്ത പ്രതിസന്ധിയിലാണ് അവിടെ ദൈവത്തെ പോലെ മോദി വരികയും നിതീഷിനെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്ന പ്രതീതിയാണ് ബി.ജെ.പി നിര്‍മിക്കുന്നത്! ഇത്തരം ചില പറച്ചിലുകള്‍ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നിര്‍മിച്ചു കൊണ്ടിരിക്കുകയാണ്.

തലമുറകളുടെ മാറ്റം ബിഹാറിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്.പാര്‍ട്ടികളുടെ നേതൃത്വം യുവാക്കളിലേക്ക് കൈമാറപ്പെടുന്നു.ബിഹാറില്‍ എഴുപതുകള്‍ക്ക് ശേഷം വീണ്ടും യുവാക്കളുടെ രാഷ്ട്രീയം തിരിച്ചു വരികയാണോ ?

തീര്‍ച്ചയായും ഇത് യുവാക്കളുടെ തിരഞ്ഞെടുപ്പാണ്. എന്നാല്‍ യുവാക്കള്‍ സമൂഹത്തിന്റെ ഒരു വിഭാഗം  മാത്രമാണ്.സമൂഹത്തില്‍ മറ്റ് ജനവിഭാഗങ്ങളുമുണ്ട്.അതു കൊണ്ട് ഇടതുപാര്‍ട്ടികള്‍ സംസാരിക്കുന്നത് എല്ലാവിഭാഗം ജനങ്ങളെയും കുറിച്ചാണ്. യുവാക്കള്‍, സ്ത്രീകള്‍, പാര്‍ശ്വല്‍ക്കരിക്കപ്പെട്ടവര്‍ തുടങ്ങിയവരെക്കുറിച്ച്.ഇതോടൊപ്പം ഞങ്ങള്‍ പഴയ തലമുറയെയും കേള്‍ക്കും. തീര്‍ച്ചയായും യുവാക്കളാണ് ഈ തിരഞ്ഞെടുപ്പിന്റെ മുഖം.

തൊഴിലില്ലായ്മ ഉള്‍പ്പടെ യുവാക്കളുടെ പ്രശ്നങ്ങള്‍ പ്രധാന ചര്‍ച്ചാ വിഷയങ്ങളാണ്. എങ്കിലും ജനങ്ങളുടെ മൊത്തം പ്രശ്നങ്ങളാണ് രാഷ്ട്രീയചര്‍ച്ചകളുടെ കേന്ദ്ര ബിന്ദുവാകേണ്ടതെന്നാണ് ഞങ്ങളുടെ നിലപാട്.അവിടെ വ്യക്തിയില്ല, മതമില്ല, ജാതിയില്ല. എല്ലാവരും ഇത്തരത്തിലുള്ള പഴഞ്ചന്‍ സമീപനങ്ങളില്‍ നിന്ന് സ്വയം മാറി നില്‍ക്കുക എന്നതാണ് പ്രധാനം. അതേ സമയം, ബി.ജെ.പി ഈ സംവാദത്തെ പിന്നിലേക്ക് വലിക്കാന്‍ ശ്രമിക്കുന്നുണ്ട്.

പഴയദശകങ്ങളിലേക്ക് സമൂഹത്തെ കൊണ്ടു പോകാനാണ് അവര്‍ ശ്രമിക്കുന്നത്. പക്ഷെ, ബിഹാറിലെ യുവജനങ്ങള്‍ ഈ മോശം ഓര്‍മകളില്‍ നിന്ന് നല്ല ഓര്‍മകളിലേക്ക് കടക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍,1990 കളിലെ രാഷ്ടീയത്തിന്റെ അവസാനമാണോ ഇക്കുറി എന്നതാണ് നിങ്ങളുടെ ചോദ്യമെങ്കില്‍, അതെ, തൊണ്ണൂറുകളുടെ രാഷ്ട്രീയം അവസാനിച്ചു കഴിഞ്ഞു എന്നാണ് ഉത്തരം.


യുവാക്കളുടെ തിരഞ്ഞെടുപ്പായിട്ടും കനയ്യ കുമാര്‍ മത്സരരംഗത്തില്ലല്ലോ? എന്തുകൊണ്ട് കനയ്യ സ്ഥാനാര്‍ഥിയല്ല എന്നത് വലിയ ചര്‍ച്ചാ വിഷയം കൂടിയാണ്. ഇടതുപാര്‍ട്ടികളോടും ഈ ചോദ്യം ജനങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

ഞാന്‍ ഒരു പാര്‍ട്ടിയുടെ കേഡര്‍ മാത്രമാണ്. പാര്‍ട്ടിക്ക് അതിന്റേതായ ഘടനയും ക്രമവും അച്ചടക്കവും സംവിധാനവുമുണ്ട്. ല്ലാ പ്രാവശ്യവും മത്സരിക്കണമെന്ന് ഒരു വ്യക്തിക്ക് സ്വയം തീരുമാനിക്കാനാകില്ല. ാന്‍ തന്നെ ലോക്സഭയിലും നിയമസഭയിലും പിന്നെ പഞ്ചായത്തിലും മത്സരിക്കുക എന്ന് വരുന്നത് ശരിയാണോ ? പാര്‍ട്ടിയില്‍ മറ്റുള്ളവര്‍ക്കും മത്സരിക്കാന്‍ അവസരം ലഭിക്കണം. ല്ലാ തിരഞ്ഞെടുപ്പിലും ഞാന്‍ തന്നെ മത്സരിക്കുന്നതെന്തിനാണ്? മാത്രമല്ല, പാര്‍ട്ടിയിലെ എന്റെ  റോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും പ്രസംഗിക്കുകയും മാതമല്ല. ഞാനൊരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കണം.

ഒരു നേതാവിനപ്പോലെ എപ്പോഴും പ്രസംഗിച്ച് നടക്കുകയല്ല ചെയ്യേണ്ടത്. ഞങ്ങള്‍ ഒരു നരേറ്റീവ് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്.അത് ജനാധിപത്യപരമായിരിക്കണം. സമഗ്രമായിരിക്കണം അത് നമ്മുടെ സ്വഭാവത്തിലും പ്രതിഫലിക്കണം. അത് നമ്മുടെ പാര്‍ട്ടി ഘടനയിലും പ്രാവര്‍ത്തികമാകണം. എന്റെ പാര്‍ട്ടി നല്‍കുന്ന നിര്‍ദേശമനുസരിച്ചാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. യോഗങ്ങള്‍ക്ക് പോകുക, പരിസരം വൃത്തിയാക്കുക, കസേരയും മേശയും നിരത്തുക,സൗണ്ട് സിസ്റ്റം ഏര്‍പ്പെടുത്തുക എന്നിവയും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.അതും ഞാന്‍ ചെയ്യണം.

അത്തരത്തില്‍ ജനാധിപത്യ ഘടനയും സമഗ്രതയും പാര്‍ട്ടിയിലുണ്ട്.എല്ലാ പ്രാവശ്യവും ഒരാള്‍ തന്നെ മത്സരിക്കുക,മറ്റുള്ളവര്‍ക്ക് അവസരങ്ങള്‍ നല്‍കാതിരിക്കുക.അങ്ങനെയെങ്കില്‍ നമ്മള്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് എങ്ങനെ വ്യത്യസ്തമാകും?ഞങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ പാര്‍ട്ടിയാണ്.ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിടിക്കറ്റുകള്‍ വില്‍ക്കാറില്ല.ഈ സമൂഹത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കുകയാണ് ചെയ്യുക.

ആരാണ് സ്ഥാനാര്‍ഥി എന്നതിന് ഞങ്ങളുടെ രാഷ്ടീയ സംവാദത്തില്‍ യാതൊരു പ്രസക്തിയും ഇല്ല.പാര്‍ട്ടിയാണ് പ്രധാനം,നയങ്ങളാണ് പ്രധാനം.മറ്റൊരു തരത്തിലുമുള്ള ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ക്ക് താല്‍പര്യമില്ല.

Kanhaiya Kumar
കനയ്യ കുമാര്‍

ഈ തിരഞ്ഞെടുപ്പ് ഒരു ആശയസമരമാണോ ?

തീര്‍ച്ചയായും.ഞങ്ങളെ സംബന്ധിച്ച് എല്ലാ കാലത്തും അങ്ങനെ തന്നെയാണ്.തിരഞ്ഞെടുപ്പിലെ പങ്കാളിത്തം അധികാരം നേടാന്‍ മാത്രമല്ല,അധികാര ഘടനയെ  ജനാധിപത്യവല്‍ക്കരിക്കുന്നതിന് വേണ്ടി കൂടിയാണ്.തീര്‍ച്ചയായും ഇതൊരു ആശയസമരമാണ്.ഞങ്ങള്‍ക്ക് ബിഹാറിനെ മാറ്റിതീര്‍ക്കണം.മണി-മസില്‍ പവര്‍ രാഷ്ട്രീയത്തെ പൊളിച്ചെഴുതണം.ഇതാണ് ഇടതു പാര്‍ട്ടികളുടെ ഫോക്കസ്.

അതേസമയത്ത് തന്നെ,ജനങ്ങള്‍ക്ക് വേണ്ടിയുള്ള നയങ്ങള്‍ ആവിഷ്‌കരിക്കപ്പെടണം.വികസനത്തിന്റെ പേരില്‍ കോര്‍പ്പറേറ്റ് കൊള്ളയടി ഞങ്ങള്‍ സമ്മതിക്കില്ല.ഞങ്ങളുടെ ലക്ഷ്യം നയങ്ങളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയം രൂപപ്പെടുക എന്നതാണ്.കുടുതല്‍ തൊഴില്‍ അവസരങ്ങളുണ്ടാക്കുക, അടിസ്ഥാനസൗകര്യവികസനം നടപ്പാക്കുക,വിദ്യാഭ്യാസ സംവിധാനം ശക്തിപ്പെടുത്തുക. എന്നിങ്ങനെ.നിലവില്‍ ലഭ്യമായ വിഭവങ്ങള്‍ എങ്ങനെ ഉപയോഗിക്കാം എന്നതാണ് അന്വേഷണം.

ബിഹാറില്‍ വിപുലമായ തോതില്‍ കൃഷി ഭുമിയുണ്ട്.ബിഹാറില്‍ തന്നെ കൂടുതല്‍ ജോലികള്‍ സൃഷ്ടിക്കാനുള്ള നയങ്ങള്‍ രൂപപ്പെടുത്തണം.എങ്കില്‍ മാത്രമേ തൊഴില്‍തേടി ബിഹാറില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റം തടയാന്‍ കഴിയൂ. നോക്കു,ബിഹാറില്‍ നിന്നുള്ള കുട്ടികള്‍ കേരളത്തില്‍ പരീക്ഷക്ക് ഉന്നത വിജയം നേടുന്നു.അപ്പോള്‍,മെരിറ്റിന്റെ വിഷയമല്ല എന്നത് വ്യക്തമാണ്.പ്രശ്നം അവസരങ്ങളില്ല എന്നതാണ്. ബിഹാറിനെ ഏറ്റവും മികച്ച സംസ്ഥാനങ്ങളുടെ നിരയിലെത്തിക്കുകയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം.എന്നാല്‍,ബി.ജെ.പി ശ്രമിക്കുന്നത് മുഴുവന്‍ വിഷയങ്ങളെയും വഴി തിരിച്ചു വിടാനാണ്.അവര്‍ ജനകീയ വിഷയങ്ങളെ വര്‍ഗ്ഗീയ ചേരിതിരിവിലേക്കും ജാതി വേര്‍തിരിവുകളിലേക്കും വഴി തിരിച്ചു വിടുന്നു.

തിരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളും ഉന്നയിക്കുന്ന വിഷയങ്ങളും എന്തൊക്കെയാണ് ?

ഒരു മുദ്രാവാക്യമല്ല ഇടതു പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്.നിരവധി മുദ്രാവാക്യങ്ങളാണ്.ഇവയെ എല്ലാം ഒരുമിച്ച് ചേര്‍ത്താണ് ഉന്നയിക്കുന്നത്.ബിഹാര്‍ ബദ്ലാവ് (ബിഹാറില്‍ മാറ്റം) എന്നതാണ് ഞങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന മുദ്രാവാക്യം.ഇതിനായി സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പഠിച്ചാണ് സമീപന രേഖ തയ്യാറാക്കിയിരിക്കുന്നത്.ഇത് ബിഹാറില്‍ മാറ്റം കൊണ്ടുവരാനുള്ള പ്രതിജ്ഞയാണ്.ഈ വാക്ക് അപനിര്‍മിക്കുകയാണെങ്കില്‍ തൊഴിലില്ലായ്മ,പട്ടിണി,കുടിയേറ്റം,വിദ്യാഭ്യാസ പ്രശ്നങ്ങള്‍,അഴിമതി തുടങ്ങി ജീവിതത്തിന്റെ വിവിധ പ്രശ്നങ്ങള്‍ കാണാന്‍ കഴിയും.

സംസ്ഥാനത്തിന് സ്ഥിരമായ ഘടന വേണമെന്നതാണ് നമ്മുടെ ആവശ്യം.ഈ ഘടനയിലൂടെ നമുക്ക് സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കാന്‍ കഴിയും.വ്യക്തികള്‍ പ്രധാനമല്ല,നേതാവ് പ്രധാനമല്ല.നയങ്ങളെക്കുറിച്ചുള്ള ധാരണകളാണ് പ്രധാനം.ബിഹാറില്‍ റവന്യൂ സംവിധാനം മുഴുവന്‍ പാടെ തകര്‍ന്നടിഞ്ഞു.ബിഹാര്‍ പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ പാക്കേജിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.മാത്രമല്ല.കേന്ദ്രം അനുവദിക്കുന്ന പണം ഫലപ്രദമായി ഉപയോഗിക്കാന്‍ പോലും ബിഹാര്‍ സര്‍ക്കാരിന് സാധിക്കുന്നില്ല.പ്രതിസന്ധിക്കിടയില്‍ പോലും എണ്‍പതിനായിരം കോടി രൂപ ഉപയോഗിക്കാനാവാതെ കേന്ദ്രത്തിന് തിരിച്ചു കൊടുക്കേണ്ടി വന്നു!

അപ്പോള്‍ എന്താണ് ബിഹാറിന്റെ പ്രശ്നം ?ഇത് വ്യക്തികളുടെ പ്രശ്നമല്ല.ഇത് സമീപനത്തിന്റെ പ്രശ്നമാണ്.ബിഹാറി ജനത ലോകം മുഴുവന്‍ ഉണ്ട്.അവരെല്ലായിടത്തും ജോലിയെടുക്കുന്നു.പ്യണ്‍ മുതല്‍ സെക്രട്ടറി തലം വരെ.അത്തരത്തില്‍ തൊഴില്‍ വൈവിധ്യത്തിന് ബിഹാറികള്‍ തയ്യാറാണ്.എന്നാല്‍ അവര്‍ക്ക് അവസരങ്ങള്‍ നല്‍കുകയും തൊഴില്‍ അന്തരീക്ഷം ഒരുക്കുകയും വേണം.അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണം.നമ്മുടെ കയ്യിലുള്ള കാര്യങ്ങള്‍ പൂര്‍ണമായി ഉപയോഗിക്കുക,നമ്മുടെ കയ്യിലില്ലാത്തത് പുറത്ത് നിന്ന്  കൊണ്ടു വരിക.അത്തരത്തില്‍ ഒരു സമീപനം ആവശ്യമാണ്.ഇതാണ് ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്.

തൊഴിലില്ലായ്മ ഒരു ഭാഗത്ത് രൂക്ഷമായിരിക്കെ തന്നെ,ബിഹാറില്‍ തൊഴില്‍ രംഗത്ത് കടുത്ത ചൂഷണവും അഴിമതിയും നിലനില്‍ക്കുന്നുണ്ട്.ഇവിടെ കരാര്‍ തൊഴിലുമായി ബന്ധപ്പെട്ട നിരവിധി പ്രശ്നങ്ങളുണ്ട്.വലിയ വിഷയമാണിത്.അധ്യാപകര്‍,മറ്റ് തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കെല്ലാം കരാര്‍ തൊഴിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ട്.നിങ്ങള്‍ ഒരു സര്‍ക്കാര്‍ വകുപ്പില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ വിവിധ ശമ്പള നിരക്കിലുള്ള കടലാസുകളില്‍ ഒപ്പിട്ടു കൊടുക്കേണ്ടി വരും.അപ്പോള്‍ നിങ്ങള്‍ക്ക് പലതരം ശമ്പളമായിരിക്കും പലപ്പോഴും കിട്ടുക.

ഗുരുതരമായ institutional corruption ആണ് നടക്കുന്നത്.റേഷന്‍ വിതരണത്തില്‍ ഗുരുതരമായ അഴിമതിയുണ്ട്.ദേശീയ തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ അരങ്ങേറുന്നു.സംസ്ഥാനത്തിന് സ്ഥിരമായ ഘടന വേണമെന്നതാണ് ഇടതുപാര്‍ട്ടികളുടെ നിലപാട്.സര്‍ക്കാര്‍ പാപ്പരാകാന്‍ പാടില്ല.സര്‍ക്കാരിന്റെ കയ്യില്‍ ഒന്നുമില്ല,ഖജനാവ് ശൂന്യം എന്ന നിലപാട് സ്വീകരിക്കാന്‍ പാടില്ല.തൊഴിലിന് ഘടനയില്ല, സംവിധാനമില്ല.

ഭരണവും (governance) സര്‍ക്കാരും (government)തമ്മിലുള്ള വ്യത്യാസം  തിരിച്ചറിയണം.സര്‍ക്കാരില്ലെങ്കില്‍ ഭരണമില്ല.ഭരണം നടപ്പാക്കണമെങ്കില്‍ തീര്‍ച്ചയായും അവിടെ ഒരു സര്‍ക്കാര്‍ കൂടിയേ തീരൂ.അത്തരമൊരു സര്‍ക്കാരിന് എന്താണ് വേണ്ടത്.യുക്തമായ നികുതി സംവിധാനം വേണം.യുക്തമായ പോലീസ് സേന വേണം.ഉദ്യോഗസ്ഥസംവിധാനം വേണം.ജീവനക്കാരുടെ ശംഖല വേണം.ഈ ഘടനയിലൂടെ നമുക്ക് സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കാന്‍ കഴിയും.

ബിഹാറില്‍ വിദ്യാഭ്യാസ രംഗത്ത് നിരവധി പ്രശ്നങ്ങളുണ്ട്.വലിയ ഫീസാണ് വിദ്യാര്‍ഥികളില്‍ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈടാക്കുന്നത്.വലിയ പരസ്യങ്ങളൊക്കെ നല്‍കി വിദ്യാര്‍ഥികളില്‍ നിന്ന് വലിയ ഫീസൊക്കെ ഈടാക്കുന്നു.എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളില്ല, പരീക്ഷ നടക്കുന്നതേയില്ല.ബിഹാറില്‍ ഇതൊരു കച്ചവടമായി മാറിയിരിക്കുകയാണ്.വിദ്യാര്‍ഥികളുടെ പോക്കറ്റില്‍ നിന്ന് വന്‍തോതില്‍ പണം തട്ടിയെടുക്കുക,എന്നിട്ട് സൗകര്യങ്ങള്‍ നല്‍കാതിരിക്കുക.

വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് ആരും പുറത്തേക്ക് വരുന്നില്ല.അപ്പോള്‍  എങ്ങനെയാണ് തൊഴില്‍ ഒഴിവുകള്‍  നികത്തുന്നത്,അതും വര്‍ഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ ?എന്താണോ വാഗ്ദാനം ചെയ്തത് അത് തുടക്കത്തില്‍ നടപ്പാക്കാന്‍ നിതീഷ് ശ്രമിച്ചിരുന്നു.ശ്രമിക്കുകയെങ്കിലും ചെയ്തു.എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തട്ടിപ്പുകളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

പ്രധാനമന്ത്രി ലക്ഷം കോടികളുടെ പദ്ധതികളാണ് ബിഹാറിന് വാഗ്ദാനം ചെയ്തത്.പക്ഷെ,ഒരു പൈസ പോലും ബിഹാറിന് കിട്ടിയിട്ടില്ല.കടുത്ത വരുമാന പ്രശ്നത്തിലാണ് ബിഹാര്‍.ഈ വിഷയങ്ങളാണ് ഞങ്ങള്‍ ഫോക്കസ് ചെയ്യുന്നത്.രാഷ്ട്രീയം ഈഗോകളെ അടിസ്ഥാനമാക്കിയാകാന്‍ പാടില്ല.രാഷ്ട്രീയം നയങ്ങളെയായിരിക്കണം അടിസ്ഥാനമാക്കേണ്ടത്.നയങ്ങള്‍ രൂപപ്പെടേണ്ടത് അവിടുത്തെ പ്രശ്നങ്ങളില്‍ നിന്നാണ് .എങ്കില്‍ മാത്രമെ ചില മാറ്റങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കാന്‍ കഴിയു.

ഉദാരവല്‍ക്കരണകാലത്ത് രാജ്യത്ത് എന്താണ് നടക്കുന്നത്?ലാഭത്തിന്റെ സ്വകാര്യവല്‍ക്കരണമല്ലേ ? പൊതുമേഖലയില്‍ സര്‍ക്കാര്‍ ചെയ്യുന്നതെന്താ?ആദ്യം അവര്‍ വളരെ മന:പൂര്‍വം നഷ്ടങ്ങള്‍ ആ മേഖലയില്‍ ഉണ്ടാക്കും.അതും കൃത്രിമമായിട്ട്.എന്നിട്ടവര്‍ ആ സ്ഥാപനം വിറ്റഴിക്കും.സ്വകാര്യ മേഖലയുടെ കയ്യിലെത്തിയാല്‍ പെട്ടെന്ന് തന്നെ അതേസ്ഥാപനം വന്‍ലാഭത്തില്‍ എത്തുന്നത് കാണാം.ഇത്തരത്തില്‍ കോര്‍പ്പറേറ്റ് കൊള്ളയടിയാണ് രാജ്യത്ത് നടക്കുന്നത്.

ഉദാഹരണമായി ബി.എസ്.എന്‍.എല്‍ എന്ന പൊതുമേഖലാ സ്ഥാപനമെടുക്കു.ഏറ്റവും മികച്ച പ്രവര്‍ത്തന ഘടനയുണ്ടായിരുന്ന സ്ഥാപനമായിരുന്നു ബി.എസ്.എന്‍.എല്‍.അത്തരത്തില്‍ ഒരു പ്രവര്‍ത്തന ഘടന മറ്റൊരു സ്ഥാപനത്തിനും ഉണ്ടായിരുന്നില്ല.പിന്നെ എന്തു കൊണ്ടാണ് ബി.എസ്.എന്‍.എല്‍ വില്‍പനക്ക് വച്ചിരിക്കുന്നത് ?എന്തു കൊണ്ടാണ് റെയില്‍വെയെ വില്‍പനക്ക് വച്ചിരിക്കുന്നത്.?എന്തു കൊണ്ടാണ് മറ്റ് നവരത്ന സ്ഥാപനങ്ങള്‍ വില്‍പനക്ക് വച്ചിരിക്കുന്നത് ?കാരണങ്ങള്‍ ഈ കേന്ദ്ര സര്‍ക്കാരിന്റെ ചില നയങ്ങളാണ്.

മറ്റൊരു വിഷയം,കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളാണ്.അതിന്റെ ലംഘനങ്ങളാണ്.എന്തു കൊണ്ടാണ് ജി.എസ്.ടി നഷ്ടപരിഹാര വിഹിതം സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന വാഗ്ദാനം പാലിക്കാത്തത് ? ഇത് വലിയ സാമ്പത്തിക പ്രശ്നങ്ങളിലേക്കാണ് സംസ്ഥാനങ്ങളെ തള്ളിവിട്ടിരിക്കുന്നത്.പണം സംസ്ഥാനങ്ങള്‍ക്ക് തിരിച്ചു നല്‍കുമെന്ന് കേന്ദ്ര പറയുന്നു.എന്നാല്‍ അത് തിരിച്ചു കൊടുക്കുന്നില്ല.ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാനാണ് ഇപ്പോള്‍ സംസ്ഥാനങ്ങളെ കേന്ദ്രം നിര്‍ബന്ധിക്കുന്നത്. 

എന്തിനാണ് സംസ്ഥാനങ്ങള്‍ വായ്പയെടുക്കുന്നത് ?ഇന്ത്യ ഒരു സാമ്പത്തിക ക്രമം രൂപവല്‍ക്കരിച്ചിരുന്നു.രൂപവല്‍ക്കരിച്ചിരുന്നു എന്നാണ് ഞാന്‍ പറഞ്ഞത്.ഇപ്പോള്‍ അതില്ല എന്ന് കൂടിയാണ് അര്‍ഥമാക്കുന്നത്.മഹാരാഷ്ട്ര  ഒരു ട്രില്യന്‍ സാമ്പത്തിക വ്യവസ്ഥയുള്ള സംസ്ഥാനമായിരുന്നു.സ്വാതന്ത്ര്യം കിട്ടിയശേഷം ഇതുവരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സ്വന്തം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തിട്ടില്ല.പക്ഷെ,ഇപ്പോള്‍ മഹാരാഷ്ട്രയും ജീവനക്കാര്‍ക്ക് വേതനം കൊടുക്കാന്‍ ബാങ്കുകളില്‍ നിന്ന്് വായ്പ എടുക്കേണ്ട നിലയിലെത്തിയിരിക്കുന്നു.ആ നിലയ്ക്ക് ബിഹാറിന്റെ അവസ്ഥയെന്താണെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കു.

ഏത് തരത്തിലുള്ള സര്‍ക്കാരാണ് നിങ്ങള്‍ക്ക് വേണ്ടത്് ?അവരെങ്ങനെയാണ് നയങ്ങള്‍ രൂപവല്‍ക്കരിക്കുന്നത് ?ഞാനൊന്ന് ചോദിക്കട്ടെ,എങ്ങനെയാണ് ഒരു ഉദ്യോഗസ്ഥന്‍ തന്നെ വിവിധ വകുപ്പുകളിലെ വിദഗ്ധന്‍ ആകുന്നത് ?ഞാന്‍ ഒരു ഐ.ഐ.എസുകാരനാണെങ്കില്‍ എല്ലാ വകുപ്പിന്റെയും വിദഗ്ധനാകും !അതെങ്ങനെ ?ഞാന്‍ പറഞ്ഞത് ഇതാണ്  വൈദഗ്ധ്യമുള്ളവര്‍ ബിഹാറിലില്ലാതായിരിക്കുന്നു.എന്നാല്‍ അതേ സമയം തന്നെ,ബിഹാറി ജനസമൂഹത്തിന്റെ കാര്യമെടുക്കു.ബിഹാറി ജനത ലോകം മുഴുവന്‍ ഉണ്ട്.അവരെല്ലായിടത്തും ജോലിയെടുക്കുന്നു.

പ്യൂണ്‍ മുതല്‍ സെക്രട്ടറി തലം വരെ.അത്തരത്തില്‍ തൊഴില്‍ വൈവിധ്യത്തിന് ബിഹാറികള്‍ തയ്യാറാണ്.എന്നാല്‍ അവര്‍ക്ക് അവസരങ്ങള്‍ നല്‍കുകയും തൊഴില്‍ അന്തരീക്ഷം ഒരുക്കുകയും വേണം.അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണം.ഒരു സര്‍ക്കാരിന് ഇത് നന്നായി ചെയ്യാന്‍ കഴിയണം.ബിഹാറില്‍ വിപുലമായ തോതില്‍ കൃഷി ഭുമിയുണ്ട്.ബിഹാറിന്റെ തനത് വിളകള്‍ വളരെ പ്രസിദ്ധങ്ങളാണ്.ലീച്ചി,പഴങ്ങള്‍,മാങ്ങകള്‍,പല തരം പേരയ്ക്കകള്‍ തുടങ്ങിയവ.

നമ്മളിപ്പോള്‍ ഇരിക്കുന്ന ബെഗുസരായ് വന്‍തോതില്‍ ചോളം ഉല്‍പാദനമുള്ള പ്രദേശമാണ്.ചോളം സംസ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒരു സ്ഥാപനം സി.പി.ഐ നേതാവായിരുന്ന ചതുരാനന്‍ മിശ്ര കൃഷിമന്ത്രിയായിരുന്ന കാലത്ത്  ഇവിടെ  സ്ഥാപിച്ചിരുന്നു.അതിനാല്‍ നമുക്ക് നല്ല നയരൂപവല്‍ക്കരണം വേണം.നല്ല മനസ്സ് വേണം.വ്യത്യസ്തമായ സമീപനം വേണം.ഈ തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ മുന്നോട്ട് വയ്ക്കുന്നത് ഇതൊക്കെയാണ്.ഇത് അടിത്തട്ടില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നമുക്ക് നോക്കാം.

ലാലു ഭരണത്തിന്റെ 15 വര്‍ഷവും നിതീഷിന്റെ 15 വര്‍ഷവും താരതമ്യപ്പെടുത്താനാണല്ലോ എന്‍.ഡി.എ ജനങ്ങളോട് ആവശ്യപ്പെടുന്നത്.അത് വോട്ടര്‍മാരെ സ്വാധീനിക്കില്ലേ ?

ഇത് സമൂഹത്തെ പിന്നോട്ട് വലിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ്.പുറകിലേക്ക് നടക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല.മഹാസഖ്യം സംസാരിക്കുന്നത് ഭാവിയെക്കുറിച്ചാണ്.ഞങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാനുള്ളത് പ്രതീക്ഷകളെക്കുറിച്ചാണ്.യുവാക്കള്‍ ഭാവിയെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുമ്പോള്‍,നമ്മള്‍ എന്തിനാണ് ഭൂതകാലത്തെക്കുറിച്ച് സംസാരിക്കുന്നത്?

ബിഹാറില്‍ ഇടതുപാര്‍ട്ടികള്‍ ഉണ്ട്.ഇടതുപാര്‍ട്ടികള്‍ക്ക് വിപുലമായ അനുഭവപരമ്പരകള്‍ ഉണ്ട്.പ്രത്യേകിച്ച് കേരളം പോലയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് പ്രവര്‍ത്തന പരിചയം നേടിയിട്ടുണ്ട്.സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടു പോകേണ്ടത് എങ്ങനെയാണെന്ന് ഇടതുപാര്‍ട്ടികള്‍ക്ക് അറിയാം.കോവിഡ് കാലത്ത് പോലും കേരളത്തിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം എല്ലായിടത്തും അഭിനന്ദിക്കപ്പെടുന്നു.ആഗോളതലത്തില്‍ പോലും അംഗീകരിക്കപ്പെടുന്നു.പകര്‍ച്ചവ്യാധികളെ നേരിടുന്നതില്‍ കേരളം ഒരു മാതൃകയാണ്.അതുപോലെ പ്രവര്‍ത്തന പരിചയമുള്ള സഖ്യകകക്ഷികള്‍ക്കൊപ്പം ,വിദഗ്ധരുടെ സഹായത്തോടെ,ജനസമൂഹത്തിന്റെ പിന്തുണയോടെ ബിഹാറിനെ ഒരു വികസിത സംസ്ഥാനമാക്കി മാറ്റാന്‍ കഴിയും.അതാണ് ചര്‍ച്ച ചെയ്യേണ്ടത്.

ഉത്തര്‍പ്രദേശിലെ ഹഥ്റസ് സംഭവത്തിന് സമാനമാണ് മുസഫര്‍പൂരിലെ അനാഥാലയത്തിലെ പെണ്‍കുട്ടികള്‍ നേരിടേണ്ടി വന്ന ക്രൂരത.ഈ സംഭവങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ലേ ?

പുരുഷകേന്ദ്രീകൃതമായ സാമൂഹികവ്യവസ്ഥയും കുറ്റവാളികളെ സംരക്ഷിക്കുന്ന  അധികാരകേന്ദ്രത്തിന്റെ  നിലപാടുകളുമാണ് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമത്തിന്റെ പ്രധാന ഉത്തരവാദികള്‍.സ്ത്രീകളുടെ സുരക്ഷ ഒരു രാഷ്ട്രീയ സംവാദവിഷയമാകണം.തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലും രാജ്യത്തിന്റെ പൊതുരാഷ്ട്രീയ ചര്‍ച്ചകളിലും  അതിന് വിപുലമായ ഇടം ലഭിക്കണം.ക്രമസമാധാന പ്രശ്നങ്ങള്‍ ബിഹാറിലെ എക്കാലത്തെയും ഏറ്റവും വലിയ വെല്ലുവിളിയാണ്.ഇവിടുത്തെ സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്തരം സാമൂഹികപ്രശ്നങ്ങള്‍ രൂപം കൊള്ളുന്നത്.

കുറ്റകൃത്യങ്ങളെ നിയന്ത്രിക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍, ശക്തമായ പോലീസ് സംവിധാനം ആവശ്യമാണ്.മറ്റൊരു പ്രധാനപ്പെട്ട വിഷയം പൗരബോധമാണ്.നിയമം അനുസരിക്കുന്ന പൗരന്‍മാരെ നിര്‍മിക്കലാണ് പരമപ്രധാനം.സമൂഹം കൊടിയ ഒരു പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുമ്പോള്‍,നിങ്ങള്‍ക്ക് അത്തരത്തില്‍ ഒരു പൗരബോധം പ്രതീക്ഷിക്കാനാവില്ല.നല്ല വിദ്യാഭ്യാസം നല്‍കുക,ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുക,പോലീസ് പരിഷ്‌കരണം കൊണ്ടു വരിക.ഈ മൂന്ന്-നാല് ഘടകങ്ങളുടെ പിന്തുണയോടെ കുറ്റകൃത്യങ്ങളെ നിയന്ത്രിക്കാന്‍ കഴിയും.അതിന് വളരെ വേഗത്തിലുള്ള ശ്രമം വേണം.


മഹാസഖ്യത്തെ നയിക്കുന്ന തേജസ്വി യാദവിന് പ്രവര്‍ത്തന പരിചയമില്ലെന്നും കാര്യശേഷിയില്ലെന്നും എന്‍.ഡി.എ പ്രചരിപ്പിക്കുന്നുണ്ടല്ലോ.ഇക്കാര്യത്തില്‍ ഇടതുപാര്‍ട്ടികളുടെ നിലപാട് എന്താണ് ?

ഇത്തരം പ്രചരണങ്ങളിലൊന്നും ഞങ്ങള്‍ വിശ്വസിക്കുന്നില്ല.ജനങ്ങളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.അവസരം നല്‍കിയാല്‍ മാത്രമേ ഒരാള്‍ക്ക് കഴിവ് തെളിയിക്കാന്‍ കഴിയു.അതിനപ്പുറം ഇത്തരം കാഴ്ചപ്പാടുകള്‍ പരത്തുന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല.ഇടത് പാര്‍ട്ടികള്‍ക്ക് അത്തരം ചര്‍ച്ചകളില്‍ താല്‍പര്യമില്ല.

 

Content Highlights:Bihar Election 2020; kanhaiya kumar interview 

 

PRINT
EMAIL
COMMENT

 

Related Articles

ബിഹാര്‍ വിദ്യാഭ്യാസമന്ത്രി ദേശീയഗാനം തെറ്റിച്ചു; വൈറല്‍ വീഡിയോ പങ്കുവെച്ച് ആര്‍.ജെ.ഡി
Videos |
News |
ബിജെപി നേതാവ് തര്‍കിഷോര്‍ പ്രസാദ് ബിഹാര്‍ ഉപമുഖ്യമന്ത്രി ആയേക്കും
India |
കോൺഗ്രസ് ഭീഷണിപ്പെടുത്തി സീറ്റ് വാങ്ങി; ബി.ജെ.പി.വിരുദ്ധ സഖ്യത്തിന് തടസ്സം -ആർ.ജെ.ഡി.
Social |
'കോണ്‍ഗ്രസ് വിലപേശി 70 സീറ്റുകള്‍ പിടിച്ചുവാങ്ങിയില്ലെങ്കില്‍ മഹാസഖ്യത്തിന്റെ ഗതി മറ്റൊന്നായേനേ'
 
  • Tags :
    • Bihar Assembly Election 2020
    • Kanhaiya Kumar
More from this section
കെ.രാമന്‍ പിളള
എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള അവസരം ഒരുക്കണം- ബി.ജെ.പി മുന്‍ അധ്യക്ഷന്‍ കെ.രാമന്‍ പിള്ള
Hemalatha
തല്ലാന്‍ കഴിഞ്ഞില്ലെങ്കിലും മാപ്പ് പറയിപ്പിച്ച് ഹേമലത; ഭാഗ്യലക്ഷ്മിക്ക്‌ മുമ്പേ ഒരു കാസര്‍കോട് മാതൃക
P. K. Kunhalikutty
എൽ.ഡി.എഫ്. കളിക്കുന്നത് കൈവിട്ടകളി
p jayarajan
നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്വം പാർട്ടിക്കില്ല - പി. ജയരാജൻ
swami agnivesh
മതത്തിനും മനുഷ്യനും ഇടയിലെ ചില ചോദ്യങ്ങള്‍-സ്വാമി അഗ്നിവേശ്| ദീര്‍ഘ സംഭാഷണം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.