വീരപ്പനില്‍ ആകൃഷ്ടനായി അദ്ദേഹത്തിന്റെ സംഘത്തില്‍ ചേരുകയും കാട്ടില്‍ അദ്ദേഹത്തിനൊപ്പം ജീവിക്കുകയും ചെയ്തശേഷം പതിനെട്ടുവര്‍ഷം തടവുശിക്ഷ അനുഭവിച്ച ഒരാളുമായുള്ള അഭിമുഖമാണിത്. ഇതിന്റെ ആദ്യഭാഗത്തില്‍ വീരപ്പനോടൊപ്പമുള്ള ജീവിതം വിശദീകരിക്കുന്ന അന്‍പുരാജ് തുടര്‍ലക്കത്തില്‍ ജയില്‍വാസത്തിനുശേഷം തനിക്കുവന്ന മാനസാന്തരവും ഒരു നാടകപ്രവര്‍ത്തകനായും ആദിവാസി-ഗോത്ര വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ആളായും താന്‍ മാറിയതിനെക്കുറിച്ചും പറയുന്നു. ഉള്‍ക്കാടുകളില്‍നിന്ന് തേനും വനവിഭവങ്ങളും ശേഖരിച്ച് വില്‍ക്കുന്ന അന്തിയൂരിലെ കടയിലിരുന്നാണ് അന്‍പുരാജ് സംസാരിക്കുന്നത്


ന്റെ ഓര്‍മ ശരിയാണെങ്കില്‍ 1997-ല്‍ നക്കീരന്‍ ഗോപാലന്‍ എടുത്തതാണ് കാട്ടിലെ ഞങ്ങളുടെ ഫോട്ടോകളെല്ലാം. വീരപ്പനെ തേടിയെത്തുന്ന ആദ്യ മാധ്യമപ്രവര്‍ത്തകന്‍ ശിവസുബ്രഹ്‌മണ്യമാണ്. 1996-ല്‍ ഞാന്‍ വീരപ്പന്റെ താവളത്തിലെത്തി ആറുമാസത്തിനു ശേഷമാണ് നക്കീരന്‍ ഗോപാലന്‍ ആദ്യമായി വീരപ്പനെ കാണാനായി എത്തുന്നത്. നമ്മള്‍ സഞ്ചരിച്ച പാതയിലുള്ള ഒരു ചെക്‌പോസ്റ്റ് താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കും. അവിടെനിന്നു വലത്തേക്കു നീളുന്ന ചെലമ്പൂര്‍ അമ്മന്‍കോവിലിന് സമീപത്തുനിന്നു വീരപ്പന്റെ നിര്‍ദേശപ്രകാരം നക്കീരന്‍ ഗോപാലനെ ആദ്യമായി കൂട്ടിക്കൊണ്ടു വീരപ്പനടുത്ത് എത്തിച്ചത് ഞാനായിരുന്നു. രണ്ടുവര്‍ഷത്തിനിടെ അഞ്ചുതവണ നക്കീരന്‍ ഗോപാലന്‍ വീരപ്പന്റെ വിവിധ താവളങ്ങളിലെത്തിയിട്ടുണ്ട്. മൂന്നുതവണ അഭിമുഖത്തിനും രണ്ടുതവണ വീരപ്പനും തമിഴ്‌നാട് സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ഇടനിലക്കാരനായും.

ഗോപാലന്‍ ഒരു ദ്വന്ദ്വവ്യക്തിത്വത്തിന് ഉടമയാണ് എനിക്ക് അനുഭവപ്പെട്ടത്. ജനങ്ങള്‍ക്കിടയില്‍ വീരപ്പന്‍ ആദര്‍ശത്തിന്റെ പര്യായമാണെന്നും തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വീരപ്പന്‍ ജയിക്കുമെന്നൊക്കെ നക്കീരന്‍ ഗോപാലന്‍ തെറ്റിദ്ധരിപ്പിച്ചു. അത്തരം പ്രശസ്തിവാക്കുകളില്‍ വീണുപോകുന്നയാളായിരുന്നു വീരപ്പന്‍. വീരപ്പനുമായി ബന്ധപ്പെട്ടുള്ള കവര്‍‌സ്റ്റോറികളില്‍ മാത്രമായിരുന്നു ഗോപാലന്റെ താത്പര്യം. സേത്തുക്കുളിക്ക് നക്കീരന്‍ ഗോപാലനെ വിശ്വാസമില്ലായിരുന്നു. നക്കീരനില്‍നിന്നു സേത്തുക്കുളി എന്നും അകലംപാലിച്ചു. 1997-ന്റെ അവസാനം വീരപ്പനും സംഘവും കീഴടങ്ങാന്‍ തയ്യാറായെങ്കിലും ഗവണ്‍മെന്റ് അതംഗീകരിച്ചിരുന്നില്ല. പിന്നെ ഒറ്റവഴിയേ ഉണ്ടായിരുന്നുള്ളൂ. ഉദ്യോഗസ്ഥരെ ബന്ദികളാക്കണം. കീഴടങ്ങുന്നതിനുമുമ്പ് ഞാന്‍ ഏര്‍പ്പെട്ട അവസാനത്തെ ആക്ഷനായിരുന്നു അത്.

ഒമ്പത് വനംവകുപ്പ് ഉദ്യോഗസ്ഥരെ ബന്ദികളാക്കുന്നു. ഈ കേസിലാണ് അന്‍പുരാജും മറ്റു രണ്ടുപേരും എസ്.ടി.എഫിന് കീഴടങ്ങുന്നത്. വീരപ്പനുമായുള്ള 18 മാസത്തെ സഹവാസത്തിന് 18 വര്‍ഷം ജയില്‍ജീവിതം അനുഭവിച്ച അന്‍പുരാജ് പിന്നീട് മറ്റൊരു മനുഷ്യനായിത്തീരുകയായിരുന്നു. കലയുടെയും സാഹിത്യത്തിന്റെയും വലിയൊരു ലോകത്തേക്ക് അയാള്‍ ചെന്നെത്തുകയായിരുന്നു


Read More: 'കേട്ടറിഞ്ഞ വീരപ്പനായിരുന്നില്ല കണ്ടറിഞ്ഞപ്പോള്‍, കീറിയ തുണി തുന്നുന്ന കാട്ടുക്കൊളളക്കാരന്‍' 


താങ്കള്‍ക്കെതിരായ കുറ്റം ഒമ്പത് വനപാലകരെ ബന്ദികളാക്കിയെന്ന കേസിലായിരുന്നല്ലോ? എന്തിനായിരുന്നു തട്ടിക്കൊണ്ടുപോകല്‍. കീഴടങ്ങലിലേക്കെത്തിച്ച കാര്യങ്ങള്‍

നേരത്തേ ഞാന്‍ പറഞ്ഞിരുന്നല്ലോ, 1997 കാലഘട്ടമാകുമ്പോഴേക്കും ഗ്രാമത്തിലേക്ക് തിരിച്ചുപോകാനും പൊതുമാപ്പിനും വീരപ്പന്‍ ആഗ്രഹിച്ചു. എന്നാല്‍, അതിനോടകം കുപ്രസിദ്ധ കൊള്ളക്കാരനായി മാറിയ, കൊടുംക്രൂരകൃത്യങ്ങള്‍ ചെയ്ത വീരപ്പന്റെ കീഴടങ്ങല്‍ ഭരണകൂടം ആഗ്രഹിച്ചിരുന്നില്ല. ബന്ദിനാടകം കളിച്ച് വിലപേശാമെന്നായിരുന്നു പിന്നീടുള്ള വീരപ്പന്റെ ചിന്ത. എസ്.ടി.എഫ്. സേനയിലുള്ളവരെ ബന്ദികളാക്കേണ്ടെന്നും ഇക്കുറി വനംവകുപ്പ് ഉദ്യോഗസ്ഥരെ ബന്ദികളാക്കണമെന്നും പറഞ്ഞത് സേത്തുക്കുളി ഗോവിന്ദനായിരുന്നു.

ഓപ്പറേഷന്‍ ഇങ്ങനെ

കര്‍ണാടകത്തിലെ കൊല്ലഗല്‍ വനം. കാടിന്റെ രണ്ടുഭാഗങ്ങളിലേക്ക് സഞ്ചരിക്കണമെങ്കില്‍ വെള്ളമൊഴുകുന്ന ഒരു കിടങ്ങ് മുറിച്ചുകടക്കണമായിരുന്നു. മരങ്ങള്‍ക്കൊണ്ട് നിര്‍മിച്ച പാലമായിരുന്നു കിടങ്ങിനു കുറുകെ ഉണ്ടായിരുന്നത്. പാലം തകര്‍ത്താല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുമെന്ന് വീരപ്പനറിയാമായിരുന്നു. പക്ഷേ, തടിപ്പാലം തകര്‍ത്തെന്ന് മനസ്സിലാകാത്തവിധം പദ്ധതി ആസൂത്രണംചെയ്യണം. അട്ടിമറിയാണെന്നു സംശയം ലഭിച്ചാല്‍ സേനകളുമായിട്ടായിരിക്കും ഉദ്യോഗസ്ഥരെത്തുക. ഒരാഴ്ചയോളം നീളുന്ന പ്ലാനായിരുന്നു വീരപ്പന്റേത്. ഓരോദിവസവും കിടങ്ങിലിറങ്ങി പാലത്തിന് ബലക്ഷയം വരുത്തുക. വീരപ്പനോടൊപ്പം ഞങ്ങള്‍ ഏഴംഗസംഘം. നാലുദിക്കിലും കാവല്‍, രണ്ടുപേര്‍ കിടങ്ങിലിറങ്ങി പാലത്തിന് കേടുപാടുകള്‍ വരുത്തിക്കൊണ്ടിരുന്നു. അങ്ങനെ പാലം തകര്‍ത്തു. ഫോറസ്റ്റ് ഗാര്‍ഡുകളുടെ കണ്ണില്‍ തകര്‍ന്നുകിടക്കുന്ന പാലം ശ്രദ്ധയില്‍പ്പെട്ടു. ഞങ്ങള്‍ കാത്തിരിപ്പ് തുടര്‍ന്നു. ഒരാഴ്ചയ്ക്കുശേഷമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അവിടേക്കെത്തിയത്. വാച്ചര്‍മാരെ അപേക്ഷിച്ച്, വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ചെത്തിയവര്‍ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരായിരിക്കുമെന്ന് ഞങ്ങള്‍ ഊഹിച്ചു. ഫോറസ്റ്റ് സംഘം കിടങ്ങിലിറങ്ങി തകര്‍ന്നുകിടക്കുന്ന പാലം പരിശോധിക്കുകയായിരുന്നു. പത്തുപേര്‍ വനംവകുപ്പു സംഘത്തില്‍. ഞങ്ങള്‍ ഏഴുപേര്‍. എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാക്കുംമുമ്പേ നാലുഭാഗത്തുനിന്നും ഞങ്ങള്‍ വളഞ്ഞുകഴിഞ്ഞിരുന്നു. എതിര്‍പ്പുകള്‍ കൂടാതെ ഉദ്യോഗസ്ഥര്‍ കീഴടങ്ങി. പത്തുപേരില്‍ ഒരാളെമാത്രം വീരപ്പന്‍ ബന്ദിയാക്കിയില്ല. വനംവകുപ്പുകാരെ ബന്ദിയാക്കിയെന്ന സന്ദേശം ഉന്നതോദ്യോഗസ്ഥരിലേക്കെത്തിക്കാന്‍ അയാളെ പറഞ്ഞയച്ചു. 47 ദിവസം അവര്‍ ഞങ്ങളുടെ കസ്റ്റഡിയിലായിരുന്നു.

സേത്തുക്കുളിയെന്ന മാസ്റ്റര്‍ ബ്രെയിന്‍

വീരപ്പന്‍ ചിന്തിക്കുന്ന മാത്രയില്‍ സേത്തുക്കുളി ഗോവിന്ദന്‍ പ്രവര്‍ത്തിച്ചിരിക്കും. ഒരര്‍ത്ഥത്തില്‍ വീരപ്പന്റെ മാസ്റ്റര്‍ ബ്രെയിന്‍ ഗോവിന്ദനായിരുന്നു. ഓരോ വ്യക്തിയെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന അപസര്‍പ്പക പാടവം. നിരീക്ഷണങ്ങളിലെ കൃത്യത ഉന്നം തെറ്റാത്ത ഷാര്‍പ്പ് ഷൂട്ടറാക്കി ഗോവിന്ദനെ മാറ്റി. പക്ഷികളുടെ ശബ്ദമനുകരിക്കാന്‍ എന്നെ പഠിപ്പിച്ചത് സേത്തുക്കുളിയാണ്. അയാള്‍ക്ക് മുപ്പതോളം പക്ഷി-മൃഗാദികളുടെ ശബ്ദമനുകരിക്കാന്‍ അറിയാമായിരുന്നെന്നത് അതിശയോക്തിയല്ല. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കാനും തോക്കുകള്‍ ഉപയോഗിക്കാനും എന്നെ പഠിപ്പിച്ചത് വീരപ്പനും സേത്തുക്കുളി ഗോവിന്ദനുമായിരുന്നു. പുതുതായി സംഘത്തിലെത്തുന്നവര്‍ക്ക് ട്രെയിനിങ് നല്‍കുന്നതും സേത്തുക്കുളിയാണ്. 

ഒരിയ്ക്കല്‍ ധിംഭത്തിലെ ഉള്‍ക്കാട്ടില്‍നിന്ന് മുതുമലയിയിലെ പുതിയ താവളത്തിലേക്ക് പോവുകയായിരുന്നു ഞങ്ങള്‍. വീരപ്പനും സേത്തുക്കുളി ഗോവിന്ദനും ഞാനുമടങ്ങുന്ന ആറംഗ സംഘം. മുന്നില്‍ വീരപ്പന്‍, തൊട്ടുപിന്നാലെ ഞാന്‍, എനിക്ക് പിറകിലായി സേത്തുക്കുളി ഗോവിന്ദനും. ആനത്താരയിലൂടെ ഞങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരുന്നു. മുതുമലക്കാട് എത്തിത്തുടങ്ങുന്നതേയുള്ളൂ. തോളില്‍ നാല്‍പതുകിലോയോളം വരുന്ന ഭാണ്ഡവും. എല്ലാവരുടെയും കയ്യില്‍ തോക്കുകളുമുണ്ടായിരുന്നു. പെട്ടന്നാണ് ഞങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ട് വനത്തിനുള്ളില്‍ പതുങ്ങിയിരുന്ന അജാനുബാഹുമായ ഒരു കരടി മുന്നിലെത്തിയത്. ചിന്തിക്കാന്‍പോലുമുള്ള സമയമില്ലായിരുന്നു. ചെറിയ കുന്നിന്‍പുറമായതുകൊണ്ട് തോളത്തെ ഭാരം ഇറക്കിവെക്കാതെ വെടിവെക്കുക ദുഷ്‌കരമായിരുന്നു.

ഞാന്‍ തോക്ക് കൈയിലെടുക്കുന്ന മാത്രയില്‍ മുന്നിലുണ്ടായിരുന്ന വീരപ്പന്‍ കരടിക്കുനേരെ ഉന്നംപിടിക്കുന്നത് ഒരുമിന്നായംപോലെ കണ്ടു. അതേനിമിഷത്തില്‍, വെടിപൊട്ടുകയും ഭീമന്‍കരടി നിലംപതിക്കുകയും ചെയ്തു. ഞാന്‍ അമ്പരന്നുനില്‍ക്കേ എല്ലാവരോടുമായി സേത്തുക്കുളി പറഞ്ഞു. 'ആ കരടിയുടെ ചെവിയുടെ കീഴേനോക്കൂ. ഞങ്ങള്‍ ചെന്നുനോക്കുമ്പോള്‍ സേത്തുക്കുളി പറഞ്ഞതുപോലെ കരടിയുടെ ചെവിഭാഗത്തിന് താഴെ 30 എം.എം തോക്കില്‍നിന്ന് ചീറിപ്പാഞ്ഞ വെടിയുണ്ട ആഴ്ന്നിറങ്ങിയ ഭാഗത്തുനിന്നും ചോരയിറ്റിറ്റുവീഴുന്നുണ്ടായിരുന്നു. വീരപ്പനും എനിക്കും പിന്നിലായി നടന്ന സേത്തുക്കുളിയുടെ കൃത്യതയെ അളക്കാന്‍ ഇതില്‍കൂടുതലായുള്ള ഉദ്ദാഹരണം ആവശ്യമില്ലായിരുന്നു. എനിക്കുറപ്പുണ്ട് വീരപ്പനെക്കാള്‍ ഷാര്‍പ്പ് ഷൂട്ടര്‍ സേത്തുക്കുളി ഗോവിന്ദന്‍ തന്നെയാണ്.

ഒരുദിവസം ഉച്ചമയക്കത്തിലേക്ക് വഴുതി വീഴുകയായിരുന്നു ഞാന്‍. നല്ല വെയിലുള്ള കാലാവസ്ഥ. പെട്ടെന്ന് സേത്തുക്കുളി വേഗം വിറക് കൊണ്ടുവരാന്‍ പറഞ്ഞു. ഞാന്‍ അദ്ഭുതപ്പെട്ടു. ഭക്ഷണമുണ്ടാക്കുന്ന സമയത്ത് മാത്രമേ ഞങ്ങള്‍ വിറക് ശേഖരിക്കുകയുള്ളൂ. ഞാന്‍ കാട്ടിലേക്ക് മറഞ്ഞ് വിറക് കൊണ്ടുവരുന്ന മാത്രയില്‍ തന്നെ മഴപെയ്യാന്‍ തുടങ്ങിയിരുന്നു. മഴപെയ്താല്‍ ഭക്ഷണം പാകം ചെയ്യാന്‍ നനഞ്ഞ വിറകുകൊണ്ട് കഴിയില്ലല്ലോ!. ഞങ്ങളുടെ ടെന്റിനോട് ചേര്‍ന്നുള്ള മണ്‍പുറ്റിനുള്ളിലേക്ക് ഉറുമ്പിന്‍ കൂട്ടങ്ങള്‍ ധൃതിയില്‍ കടന്നുപോകുന്നത് ഗോവിന്ദന്‍ വീക്ഷിക്കുകയായിരുന്നു. 

ആറുപേരടങ്ങുന്ന രാണ്ടോ മൂന്നോ ഗ്രൂപ്പുകളായി തിരിച്ച് വീരപ്പന്‍ തങ്ങിയ താവളങ്ങളുടെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കും. പുറത്തുനിന്ന് ആരെങ്കിലും വരുന്നുണ്ടോയെന്ന് വിവരം കൃത്യമായി വീരപ്പന്‍ അറിയും. വിവിധയിടങ്ങളില്‍ വിന്യസിച്ചിരുന്ന സംഘാംഗങ്ങളെ സേത്തുക്കുളി രഹസ്യമായി നിരീക്ഷിച്ചിരുന്നുവെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. ഒരിയ്ക്കലും മറക്കാന്‍ കഴിയാത്ത ഒരുസംഭവമുണ്ടായി. വീരപ്പന്റെ ഗ്രൂപ്പിലുണ്ടായിരുന്ന രംഗസ്വാമിക്ക് ഗ്രാമത്തില്‍ ഒരുപെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. ആര്‍ക്കുമറിയാത്ത രഹസ്യം. വീരപ്പന്‍പോലും അറിഞ്ഞിരുന്നില്ല. വേട്ടയ്ക്കെന്ന് പറഞ്ഞ്, രംഗസ്വാമി ചിലപ്പോള്‍ അപ്രത്യക്ഷനാകുന്നത് ഞാന്‍ ശ്രദ്ധിച്ചു. ആരുമറിയാതെ അന്തിയൂരിലെ ഗ്രാമത്തിലെത്തി രംഗസ്വാമി ആ പെണ്‍കുട്ടിയോട് സംസാരിച്ചിരുന്നു.  അമ്പതിലേറെ കിലോമീറ്ററുകള്‍ താണ്ടിയാണ് രംഗസ്വാമി പെണ്‍കുട്ടിയെകണ്ട് തിരിച്ചെത്തിയിരുന്നത്.  ഒരുസ്ഥലം നേരത്തെ നിശ്ചയിച്ച് അവിടെവെച്ചായിരുന്നു ഓരോതവണയും അവര്‍ കണ്ടുമുട്ടിയിരുന്നത്. പക്ഷേ, ആരുമറിയാത്ത ആ രഹസ്യം സേത്തുക്കുളി ഗോവിന്ദന്‍ മനസ്സിലാക്കി. ഒരിയ്ക്കല്‍ അന്തിയൂരിലെ ഗ്രാമത്തില്‍നിന്നും തിരിച്ചെത്തിയ രംഗസ്വാമിയുടെ മുന്നില്‍ സേത്തുക്കുളി നിന്നു. കാര്യം തിരക്കി. വീരപ്പന്റെ സംഘത്തില്‍ സ്ത്രീ സംസര്‍ഗം പാടില്ലെന്നത് അലിഖിത നിയമമായിരുന്നല്ലോ!. പിന്നീടാരും രംഗസ്വാമിയെ കണ്ടിട്ടില്ല. ആരും അതേക്കുറിച്ച് ചോദിച്ചിട്ടുമില്ല. പോലീസിനും STFനുമെല്ലാം രംഗസ്വാമി കൊല്ലപ്പെട്ടിരുന്നുവെന്ന് വിവരം ലഭിച്ചിരുന്നു...

.

നമ്മള്‍ കാടിനെക്കുറിച്ചാണ് ഇതുവരെ സംസാരിച്ചത്. കീഴടങ്ങലിനുശേഷം ജയിലില്‍വെച്ചാണ് നിങ്ങള്‍ സാംസ്‌കാരികരംഗത്ത് സജീവമാകുന്നത്, പ്രത്യേകിച്ച് നാടകമേഖലയില്‍

സത്യം പറഞ്ഞാല്‍ എനിക്ക് നാടകത്തോട് താത്പര്യമോ ആഗ്രഹമോ ഇല്ലായിരുന്നു. അതേസമയം, ജയില്‍മുക്തനാകാന്‍ ആദ്യംകാലംമുതല്‍ ഞാനാഗ്രഹിച്ചിരുന്നു. സ്വാതന്ത്ര്യവാഞ്ഛ എന്നൊക്കെ നമ്മള്‍ പറയാറില്ലേ, അത് അനുഭവിക്കണമെങ്കില്‍ ജയില്‍ജീവിതം അനുഭവിക്കണം. എസ്.ടി.എഫ്. ഐ.ജി. കാളിമുത്തുവിന് മുന്നാകെയാണ് ഞങ്ങള്‍ മൂന്നുപേര്‍ കീഴടങ്ങിയത്. ജയിലില്‍ കൊടിയപീഡനമാണ് അനുഭവിക്കേണ്ടിവന്നത്.

ഹുളുഗപ്പ കട്ടിമണിയെന്ന പ്രശസ്ത കന്നട നാടകപ്രവര്‍ത്തകനെ കണ്ടുമുട്ടുന്നതോടെ അന്‍പുരാജിന്റെ ജീവിതത്തില്‍ വന്ന മാറ്റം അദ്ഭുതകരമായിരുന്നു എന്നു കേട്ടിട്ടുണ്ട്..

പീഡനം സഹിക്കവയ്യാതെ ഞാന്‍ ജയില്‍ ചാടാന്‍ തീരുമാനിച്ചു. ഉയരം കുറഞ്ഞ രണ്ട് മതിലുകള്‍ ഞാന്‍ കണ്ടുവെച്ചിരുന്നു. അതിനോടു ചേര്‍ന്ന് ഒരു അരശുമരം ഉണ്ടായിരുന്നു. ഞാന്‍ അത് വീക്ഷിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ ജയില്‍പ്പുള്ളികളുടേതല്ലാത്ത വസ്ത്രംധരിച്ച ഒരു കുറിയ മനുഷ്യന്‍ എന്നെ വീക്ഷിക്കുകയായിരുന്നു. 'ഞാന്‍ തടവുകാര്‍ക്കായി നാടകംചെയ്യാന്‍ വന്ന വ്യക്തിയാണ്' അയാള്‍ സ്വയം പരിചയപ്പെടുത്തി. ഈ മതിലിന്റെ ചുവട്ടിലാണ് പരിശീലനം, നിങ്ങള്‍ നാടകത്തില്‍ അഭിനയിക്കുമോയെന്ന് ഹുളുഗപ്പ ചോദിച്ചു. മതിലും അരശുമരവും ശരിക്കും അളക്കാന്‍ കഴിയുമെന്നതിനാല്‍ ഞാന്‍ സമ്മതം മൂളുകയായിരുന്നു. എന്നാല്‍, ഹുളുഗപ്പയുമായി കൂടിച്ചേര്‍ന്നതോടെ പുതിയജീവിതമാണ് എനിക്ക് കൈവന്നത്.

.
ജയിലിലെ നാടക പരിശീലനം

നാടകജീവിതം

ഞാനടക്കമുള്ള തടവുപുള്ളികള്‍ ആദ്യമായി അഭിനയിക്കുന്ന നാടകം ഗിരീഷ് കര്‍ണാടിന്റെ തലൈദണ്ഡാ എന്ന കൃതിയെ ആസ്പദമാക്കി ഹുളുഗപ്പ സംവിധാനം ചെയ്തതായിരുന്നു. രണ്ടാമത്തെ നാടകം ടി.എസ്. ചൗഗ്ലേയുടെ കസ്തൂര്‍ബ എന്ന കൃതിയെ ആസ്പദമാക്കിയുള്ളതും. ബെംഗളൂരു രവീന്ദ്ര കലാക്ഷേത്രത്തില്‍വെച്ചായിരുന്നു നാടകം അരങ്ങേറിയത്. ഞാനടക്കമുള്ള 47 തടവുകാരുടെ സുരക്ഷയ്ക്കായി 200-ലധികം പോലീസുകാരെയാണ് തിയേറ്ററിനുള്ളിലും പുറത്തുമായി വിന്യസിച്ചത്. ഒരു രംഗത്തിനുശേഷം കോസ്റ്റ്യൂം മാറാന്‍ ഞങ്ങള്‍ വേദിക്കുപിന്നിലേക്ക് പായുമ്പോള്‍ രക്ഷപ്പെടുകയാണെന്നോര്‍ത്ത് മഫ്തിയില്‍ നില്‍ക്കുന്ന പോലീസുകാര്‍ ഞങ്ങളെ പിടിക്കാന്‍വരും. അവരെ പറഞ്ഞുമനസ്സിലാക്കാന്‍ നന്നേ പാടുപെടേണ്ടിവന്നു. നാടകം ഞങ്ങള്‍ തടവുപുള്ളികളുടെ ജീവിതത്തിന്റെ ഭാഗമാകുകയായിരുന്നു. പത്തുവര്‍ഷത്തിനപ്പുറം ഡല്‍ഹിയില്‍ നാടകാവതരണത്തിനായി പോകുമ്പോള്‍ 40 തടവുകാര്‍ക്ക് 10 പോലീസുകാര്‍ മാത്രമാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്. എച്ച്.എ. ശിവപ്രകാശ്, ഷേക്സ്പിയര്‍ നാടകങ്ങള്‍ കന്നടയില്‍ മൊഴിമാറ്റിയിരുന്നു. ഹുളുഗപ്പ കട്ടിമണിയായിരുന്നു സംവിധാനം. മുംബൈ അടക്കമുള്ള പ്രധാന നഗരങ്ങളിലെല്ലാം ഞങ്ങള്‍ നാടകം അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ കാസര്‍കോട്ട് ഞങ്ങള്‍ നാടകം അവതരിപ്പിക്കാന്‍ വന്നിട്ടുണ്ട്.

യു.ആര്‍. അനന്തമൂര്‍ത്തി, ഗിരീഷ് കര്‍ണാട് തുടങ്ങി കന്നടയിലെ പ്രമുഖ എഴുത്തുകാര്‍ താങ്കളുടെ മോചനത്തിന് ശ്രമിച്ചിരുന്നെന്ന് വാര്‍ത്തകള്‍ വന്നിരുന്നു

തലൈദണ്ഡ ബെംഗളൂരുവിലെ തിയേറ്ററില്‍, തടവുപുള്ളികള്‍ അവതരിപ്പിക്കുമ്പോള്‍ ഗിരീഷ് കര്‍ണാടും നാടകം കാണാനെത്തിയിരുന്നു. അദ്ദേഹം മാത്രമല്ല, ചന്ദ്രശേഖര കമ്പാര്‍, ദേവന്നൂര്‍ മഹാദേവ്, യു.ആര്‍. അനന്തമൂര്‍ത്തി, ടി.എസ്. ചൗഗ്ലേ, ഗൗരി ലങ്കേഷ് തുടങ്ങി കന്നഡയിലെ സാഹിത്യ-സാംസ്‌കാരിക വ്യക്തിത്വങ്ങളെല്ലാം അവിടെ സന്നിഹിതരായിരുന്നു. ജയില്‍പ്പുള്ളികള്‍ മൈസൂരു ജയിലിനുള്ളില്‍ ഒരു മാഗസിന്‍ നടത്തിയിരുന്നു. 'രംഗവാണി' എന്നായിരുന്നു മാഗസിന്റെ പേര്. ഭരണകൂടത്തെയോ-ജയില്‍ നിയമങ്ങളെയോ വിമര്‍ശിച്ച് എഴുതാന്‍ പാടില്ലെന്ന വ്യവസ്ഥയിലാണ് രംഗവാണി പുറത്തിറങ്ങിയിരുന്നത്. എല്ലാ ജയിലുകളിലും ബാര്‍ അസോസിയേഷനുകളിലും പ്രമുഖ ലൈബ്രറികളിലും അതിന്റെ കോപ്പികള്‍ എത്തുമായിരുന്നു. നാടകത്തിന്റെ ഇടവേളകളില്‍ ഞാന്‍ രംഗവാണിയുടെ പതിപ്പുകള്‍ സാംസ്‌കാരിക നായകര്‍ക്കെല്ലാം കൊണ്ടുപോയി കൊടുക്കുമായിരുന്നു. അങ്ങനെയാണ് ഗൗരി ലങ്കേഷിനെ പരിചയപ്പെടുന്നത്. ഗൗരി ലങ്കേഷിന്റെ മേല്‍വിലാസം ലഭിക്കുകയും ജയിലില്‍വെച്ച് ഞാന്‍ അവര്‍ക്കൊരു കത്ത് എഴുതുകയും ചെയ്യുന്നു. കത്ത് അയച്ചതിന്റെ നാലാംനാള്‍ അവര്‍ എ?െന്ന കാണാന്‍ വന്നു. ജയിലിലെ മനുഷ്യാവകാശപ്രശ്‌നങ്ങളെക്കുറിച്ച് അവരുടെ മാഗസിനില്‍ എഴുതാന്‍ എന്നോട് അഭ്യര്‍ഥിച്ചു. നിരഞ്ജന്‍ എന്നപേരില്‍ ജയിലുകളില്‍ നടന്ന പ്രശ്‌നങ്ങള്‍ ഞാന്‍ അവരുടെ പത്രികയില്‍ എഴുതി. ഭക്ഷണം തരാതെയുള്ള പീഡനം, കുടുംബബന്ധങ്ങളുടെ തകര്‍ച്ച, ജയില്‍പ്പുള്ളികളുടെ മാനസികമായ പ്രശ്‌നങ്ങള്‍, അഞ്ചുപേരെ പാര്‍പ്പിക്കുന്നിടത്ത് 25 പേരെ പാര്‍പ്പിക്കുന്ന അവസ്ഥ ഇതൊക്കെയാണ് ഞാന്‍ എഴുതിയത്.

.

എന്റെ ജയില്‍മോചനത്തിനായി, പരോള്‍ ലഭിച്ച സമയത്ത് ഗൗരിയാണ് എന്നെയുംകൊണ്ട് യു.ആര്‍. അനന്തമൂര്‍ത്തിയുടെ വീട്ടില്‍ പോകുന്നത്. അദ്ദേഹം വിലക്ക് നേരിട്ടുകൊണ്ടിരിക്കുന്ന കാലമായിരുന്നു. വീട്ടിനുചുറ്റും നിറയെ പോലീസൊക്കെ ഉണ്ടായിരുന്നു. ഗൗരി ലങ്കേഷിന്റെ നിരന്തര പരിശ്രമത്തിനൊടുവിലാണ് അദ്ദേഹത്തെ കാണാന്‍ പോലീസ് അനുവാദം നല്‍കിയത്. അദ്ദേഹമാണ് ഒരു പൊതുജനാഭിപ്രായം രൂപവത്കരിക്കണമെന്നും ഗവര്‍ണറെ സമീപിക്കാമെന്നും പറയുന്നത്. അങ്ങനെ കര്‍ണാടകത്തില്‍ പ്രമുഖ സാഹിത്യ-സാംസ്‌കാരിക നായകരുടെ നിവേദനം ഗവര്‍ണറിലേക്കെത്തുന്നത്. പക്ഷേ, അന്നത്തെ കര്‍ണാടക ഗവര്‍ണറായിരുന്ന ഹന്‍സ്രാജ് ഭരദ്വാജ് അതൊന്നും അംഗീകരിക്കുന്നയാളായിരുന്നില്ല. നല്ലനടപ്പും സാംസ്‌കാരിക നായകരുടെ നിരന്തരയിടപെടലുകളും ഉണ്ടായിക്കൊണ്ടിരുന്നു. ജയില്‍ സൂപ്രണ്ട് ദിവ്യശ്രീയും ഐ.ജി. സത്യനാരായണ റാവുവും എന്റെ മോചനത്തിന് സഹായകരമായ റിപ്പോര്‍ട്ട് നല്‍കി. അന്ന് ഒരു പ്രമുഖ ജഡ്ജി (പേര് ഓര്‍ക്കുന്നില്ല) ഒരു വാരികയില്‍ ഹ്യൂമന്‍ റിഫോംസിനെക്കുറിച്ച് ലേഖനം എഴുതി, അതില്‍ എന്റെ പേരും പരാമര്‍ശിച്ചിരുന്നു. ഗൗരി ലങ്കേഷ് ഇതെല്ലാം ശേഖരിച്ച് കര്‍ണാടക ഉപ മുഖ്യമന്ത്രിയായിരുന്ന പരമേശ്വരനെ കണ്ടു. അങ്ങനെ അവരുടെയെല്ലാം നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു എനിക്ക് 18 വര്‍ഷത്തിനുശേഷം ജയില്‍ജീവിതം അവസാനിപ്പിക്കാനായത്.

ഗൗരി ലങ്കേഷുമായി പിന്നീടുള്ള ബന്ധം

നല്ല ബന്ധമായിരുന്നു, ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നതിന് രണ്ടാഴ്ച മുമ്പുവരെ ഞങ്ങള്‍ ഫോണിലൂടെ സംസാരിച്ചിരുന്നു. ആ മരണത്തെക്കുറിച്ചുള്ള ഓര്‍മപോലും എനിക്ക് അസഹ്യമാണ്.

വീരപ്പനോടൊപ്പമുള്ള കാലത്തേതും ജയില്‍വാസത്തിനു ശേഷമുള്ള കാടിനെയും താങ്കള്‍ എങ്ങനെ താരതമ്യം ചെയ്യും

മരണംവരെ എന്റെ മനസ്സില്‍നിന്നോ ചിന്തകളില്‍നിന്നോ കാടിനെ അടര്‍ത്തിമാറ്റാന്‍ സാധിക്കില്ല. ചെറുപ്പത്തില്‍ത്തന്നെ കാട് എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അങ്ങനെയാണ് വീരപ്പനിലേക്കുപോലും ഞാനെത്തിച്ചേരുന്നത്. ഇന്ന് ഗോത്രവര്‍ഗക്കാരുടെ സംരക്ഷണപ്പോരാട്ടത്തിനും തേനും വനവിഭവങ്ങളും ശേഖരിക്കുന്നതിനുമായി കാടുകളിലൂടെ ഞാന്‍ സഞ്ചരിക്കുന്നു. ഇരുപത്തിയഞ്ച് ദിവസമെങ്കിലും കാട്ടിനുള്ളില്‍ താമസിക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ സന്തോഷവാനാണ്. വീരപ്പന്റെ കാലത്ത് അത് സാധിച്ചിരുന്നു. ഇന്നാകട്ടെ, അതിന് അധികൃതരില്‍നിന്ന് അനുമതി വേണ്ടിവരുന്നു. വീരപ്പനോടൊപ്പമുണ്ടായിരുന്ന കാലത്തെ കാടും ഇന്നുള്ള കാടും തമ്മില്‍ വലിയ അന്തരമുണ്ട്. വികസനത്തിന്റെ പേരില്‍ കാടിന്റെ വൈവിധ്യം മെല്ലെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. കാട്ടിനുള്ളിലൂടെപ്പോലും റോഡുകള്‍ നിര്‍മിക്കുന്നു. കാടിനോടുചേര്‍ന്ന് വ്യവസായ സ്ഥാപനങ്ങള്‍ തലപൊക്കിയിരിക്കുന്നു. ഇത് വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയെ ബാധിക്കുന്നു. കാടിനോടു ചേര്‍ന്ന് ധാരാളം കുഴല്‍ക്കിണര്‍ കുഴിക്കുന്നു, വാഴക്കൃഷിക്കും മറ്റുമായാണ് കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നത്. ഇതുമൂലം കാട്ടിലെ ഭൂഗര്‍ഭജലം വറ്റുന്നു. വന്യമൃഗങ്ങള്‍ ഉപരിതല ജലത്തെയാണ് ആശ്രയിക്കുന്നത്. കാട്ടില്‍ വരള്‍ച്ച രൂക്ഷമാകുന്നു...

ഗോത്രവര്‍ഗത്തിന്റെ ജീവിതങ്ങളില്‍ വന്ന മാറ്റത്തെക്കുറിച്ച് നിരീക്ഷിച്ചിട്ടുണ്ടോ

മൂന്നുപതിറ്റാണ്ടു മുമ്പുവരെ ആദിവാസികള്‍ പ്രധാനമായും സത്യമംഗലം അന്തിയൂര്‍ കാടുകളില്‍ കൃഷിചെയ്തുവന്നിരുന്നത് റാഗി, ഭാജ്റ, അച്ചിങ്ങപ്പയറ്്, കുതിറവാളി തുടങ്ങിയവയായിരുന്നു. വീരപ്പന്റെ കാലഘട്ടത്തിനുശേഷം സമതല പ്രദേശത്തുനിന്നുള്ളവര്‍ കാട്ടിലേക്ക് കയറിത്തുടങ്ങി. ഇത് കാര്‍ഷികരീതിയിലും മാറ്റംവരുത്തി. പുതിയ കൃഷിരീതികള്‍ അവലംബിക്കാന്‍ ആദിവാസികള്‍ നിര്‍ബന്ധിതരാകുന്നു. അപ്പോള്‍ കൃഷിക്കായി ജന്മിമാരെ ആശ്രയിക്കേണ്ടിവരുന്നു. അവരില്‍നിന്ന് ട്രാക്ടര്‍ പാട്ടത്തിന് വാങ്ങേണ്ടിവരുന്നു, കീടനാശിനിക്കമ്പനികളെ ആശ്രയിക്കേണ്ടിവരുന്നു. വര്‍ഷകാലത്ത് വിത്തുകള്‍ക്ക് ആവശ്യം വര്‍ധിക്കുമ്പോള്‍ കൂടുതല്‍ പണംനല്‍കി വിത്തുകള്‍ വാങ്ങാന്‍ ഗോത്രവര്‍ഗക്കാര്‍ നിര്‍ബന്ധിതരാകുന്നു. അപ്പോള്‍ ഒരു ഉടമ്പടി വെക്കുന്നു. ഗോത്രവര്‍ഗക്കാര്‍ ഇത്ര വിലയ്ക്കുമാത്രമേ വില്‍ക്കാവൂ. ചന്തയില്‍ വില വര്‍ധിക്കുമ്പോഴും ഉടമ്പടിപ്രകാരം ആദിവാസി-ഗോത്ര വിഭാഗക്കാര്‍ തങ്ങള്‍ വിളയിക്കുന്ന വിഭവങ്ങള്‍ക്ക് ചെറിയവിലയ്ക്ക് മൊത്തക്കച്ചവടക്കാരന് വില്‍ക്കേണ്ടിവരുന്നു. സൂക്ഷ്മമായ ചൂഷണമാണ് ഇന്ന് കാടുകളില്‍ കാണാന്‍ കഴിയുന്നത്. മുമ്പ് ഗോത്രവര്‍ഗക്കാരുടെ ആവശ്യം ഭക്ഷണം മാത്രമായിരുന്നു. റാഗി നന്നായി വിളയുന്നതായിരുന്നു അവരുടെ ഏറ്റവും വലിയ സന്തോഷം. പക്ഷേ, പുതിയകാലത്ത് വിത്തിനു പോലും അവര്‍ കോര്‍പ്പറേറ്റുകള്‍ക്കു മുന്നില്‍ കൈനീട്ടേണ്ട അവസ്ഥ സംജാതമായിരിക്കുന്നു.

അന്തിയൂരിലെ വനവിഭവങ്ങള്‍ വില്‍ക്കുന്ന ഈ കടയിലിരുന്ന് സംസാരിക്കുമ്പോഴും ചോദിക്കാനുള്ളത്, മാറിയ കാലത്ത് ഈ വനവിഭവങ്ങള്‍ കച്ചവടംചെയ്ത് താങ്കള്‍ക്ക് ജീവിക്കാന്‍ കഴിയുമോ എന്നായിരുന്നു

ഓരോരുത്തരുടെയും മനഃസ്ഥിതിപോലെയാണത്. പ്രതിസന്ധിയുണ്ട്, അത് എന്റെ മാത്രം കാര്യമല്ല. വനങ്ങളില്‍ പാര്‍ക്കുന്ന ആദിവാസികളുടെയും അവസ്ഥയിതാണ്. ഭരണകൂടങ്ങളും ഉദ്യോഗസ്ഥരും കാട് തങ്ങളുടേതാണെന്നു ചിന്തിക്കുന്നു. നൂറ്റാണ്ടുകളായി കാട്ടിനുള്ളില്‍ വസിക്കുന്ന ആദിവാസികള്‍ക്ക് കാട് നിഷേധിക്കപ്പെടുന്നു. ഏകദേശം പതിനഞ്ചുവര്‍ഷമായി അന്തിയൂര്‍ കാടുകളിലെ സ്ഥിതിയിതാണ്. വനംവകുപ്പുമാത്രം ശ്രമിച്ചാല്‍ വനസംരക്ഷണം പൂര്‍ത്തിയാകില്ല. വനസംരക്ഷണത്തിന് ആദിവാസികളെക്കൂടി ഉള്‍പ്പെടുത്തണം. എലിഫന്റ് വാച്ചര്‍, ഫോറസ്റ്റ് ഗാര്‍ഡ്, ഫയര്‍ വാച്ചര്‍. മൃഗങ്ങളുടെ വഴിത്തടങ്ങള്‍ അറിയുന്നവര്‍ ആദിവാസികളാണ്. അവരെക്കൂടി സേനയില്‍ ഉള്‍പ്പെടുത്തണം. കാട്ടില്‍ വരള്‍ച്ചയുണ്ടായാല്‍ കാട്ടുപോത്തുകളും ചെന്നായകളും പെട്ടെന്ന് ചത്തുപോകും. നൂറുകിലോമീറ്റര്‍ സഞ്ചരിച്ച് വെള്ളമുള്ള സ്ഥലം അവര്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. ഇതൊക്കെ അറിയുന്നവരാണ് ആദിവാസികള്‍.