• ഛത്തീസ്ഗഢില്‍ ആദ്യ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഛത്തീസ്ഗഢ് ജനതാ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍, എത്ര സീറ്റുകള്‍ നേടും?

എത്ര സീറ്റുകളെന്ന ചോദ്യത്തിനു പ്രസക്തിയില്ല. ഒന്നു ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ ഭരണത്തിലെത്തും. അക്കാര്യത്തില്‍ സംശയം വേണ്ട.

  • താങ്കളും ബി.എസ്.പി.യും തമ്മിലുള്ള സഖ്യത്തെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത് ബി.ജെ.പി.യുടെ ബി-ടീമെന്നാണ്?

ഞങ്ങളാരുടെയും ബി-ടീമോ സി-ടീമോ അല്ല. ഞങ്ങളുടെ യുദ്ധം തന്നെ ബി.ജെ.പി.യോടാണ്. ഞങ്ങള്‍ക്കെതിരേ പലതരത്തിലുള്ള ആരോപണങ്ങളാണ് ബി.ജെ.പി. നേതാവും മുഖ്യമന്ത്രിയുമായ രമണ്‍ സിങ് കൊണ്ടുവന്നത്. പലരീതിയില്‍ അവര്‍ ഞങ്ങളെ ഉപദ്രവിച്ചു. 2007-ല്‍ എനിക്കെതിരേ കൊലപാതകക്കുറ്റം ചുമത്തി. പക്ഷേ, കോടതി എന്നെ വെറുതെവിട്ടു. പിന്നീട് എനിക്കെതിരേ മോഷണക്കുറ്റം ചുമത്തുകയും എന്റെ മകന്‍ അമിത്തിനെതിരേ കൊലക്കുറ്റം ചുമത്തി അവനെ ജയിലിലാക്കുകയും ചെയ്തു. എന്നാലിക്കാര്യങ്ങളിലൊക്കെയും കോടതിക്ക് ഞങ്ങളുടെ നിരപരാധിത്വം ബോധ്യപ്പെട്ടു. ഇങ്ങനെയുള്ളൊരു പാര്‍ട്ടിയുമായും മുഖ്യമന്ത്രിയുമായും ഞാന്‍ സൗഹൃദത്തിലാണെന്നു പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ഈ തിരഞ്ഞെടുപ്പില്‍ തീര്‍ത്തും അപ്രസക്തരായ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. രമണ്‍ സിങ് സര്‍ക്കാരിന്റെ വേരറുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

  • അവസാനനിമിഷമാണ് താങ്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവരം പുറത്തറിഞ്ഞത്. എന്തായിരുന്നു തീരുമാനം വൈകാന്‍ കാരണം?

ഞങ്ങളും ബി.എസ്.പി.യും സി.പി.ഐ.യും അടങ്ങുന്ന സഖ്യം ഇക്കാര്യത്തില്‍ നേരത്തേതന്നെ തീരുമാനമെടുത്തതാണ്. ഞാന്‍ മത്സരിച്ചാല്‍ സഖ്യത്തിനുവേണ്ടി മറ്റു മണ്ഡലങ്ങളില്‍ പ്രചാരണം നടത്താന്‍ കഴിയാതെവരും എന്നതിനാല്‍ മത്സരിക്കേണ്ടെന്നാണ് ആദ്യം തീരുമാനിച്ചത്. 90 മണ്ഡലങ്ങളിലും ഞാന്‍ നേരിട്ടു പ്രചാരണം നടത്താനും തീരുമാനിച്ചു. എന്നാല്‍, മര്‍വാഹിയിലെ ജനങ്ങള്‍ എന്നെ വന്നുകണ്ടു. ഞാന്‍ മത്സരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മര്‍വാഹിയില്‍ ഞാന്‍ ചെല്ലേണ്ടതില്ല, മറിച്ച് എനിക്കുവേണ്ടി പ്രചാരണം അവര്‍ നടത്തിക്കൊള്ളാം എന്നുപറഞ്ഞു. അവരുടെ സ്‌നേഹമാണ് തീരുമാനത്തില്‍ മാറ്റംവരുത്താന്‍ കാരണം.

  • നാലുശതമാനം വോട്ട് മാത്രമാണ് ബി.എസ്.പി.ക്ക് ഛത്തീസ്ഗഢിലുള്ളത്. അവരുമായുള്ള സഖ്യം? 

സമാനചിന്താഗതിക്കാരായ പാര്‍ട്ടികളാണ് ഞങ്ങളും ബി.എസ്.പി.യും. എല്ലാ മണ്ഡലത്തിലും ബി.എസ്.പി.ക്കു വോട്ടുണ്ട്. അതത്ര വലുതൊന്നുമല്ല. പക്ഷേ, മത്സരം ത്രികോണമാകുമ്പോള്‍ അതിന് അതിന്റേതായ പ്രാധാന്യമുണ്ട്. ഭൂരിഭാഗം സ്ഥാനാര്‍ഥികളും ഛത്തീസ്ഗഢില്‍ വിജയിക്കാറുള്ളതു രണ്ടായിരം-അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. ഈ പശ്ചാത്തലത്തില്‍ ബി.എസ്.പി.ക്കു നിര്‍ണായകപങ്ക് വഹിക്കാനുണ്ട്.

  • ബി.ജെ.പി.ക്കെതിരേയുള്ള ഭരണവിരുദ്ധ വികാരം ഗുണം ചെയ്യുക സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ കോണ്‍ഗ്രസിനാവില്ലേ?

കോണ്‍ഗ്രസിന് ഛത്തീസ്ഗഢില്‍ പ്രസക്തിയില്ലെന്ന് നേരത്തേ പറഞ്ഞല്ലോ. സ്വന്തമായി ഉയര്‍ത്തിക്കാട്ടാന്‍ ഒരു നേതാവ് പോലും അവര്‍ക്കില്ല. ജില്ലാതലത്തിലോ മണ്ഡലാടിസ്ഥാനത്തിലോ മാത്രമാണ് അവര്‍ക്കു നേതാക്കന്മാരുള്ളത്.  കോണ്‍ഗ്രസിന്റെ ഒട്ടേറെ ദളിത്, ആദിവാസി നേതാക്കള്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നുകഴിഞ്ഞു. കോണ്‍ഗ്രസ് ഇപ്പോള്‍ ഒ.ബി.സി. വിഭാഗക്കാര്‍ക്കിടയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് അതുകൊണ്ടാണ്. കോണ്‍ഗ്രസില്‍ പുതിയ ഒ.ബി.സി. നേതാക്കള്‍ ഉയര്‍ന്നുവരുന്നതു നിങ്ങള്‍ കണ്ടുകാണുമല്ലോ. പിന്നെ ബി.ജെ.പി.ക്കെതിരായ ഭരണവിരുദ്ധ വികാരം, അതൊരു യാഥാര്‍ഥ്യമാണ്. എന്നാല്‍, അവര്‍ക്കു പണവും മസില്‍പവറുമുണ്ട്. ഞങ്ങള്‍ക്കതില്ല. പക്ഷേ, ഇതൊക്കെ നേരിട്ടുകൊണ്ടുതന്നെ അവരുടെ വോട്ടുബാങ്കില്‍ ശക്തമായ വിള്ളല്‍ വീഴ്ത്താന്‍ ഞങ്ങള്‍ക്കുകഴിയും. ജനങ്ങള്‍ മാറിച്ചിന്തിച്ചുതുടങ്ങി.

  • ജനങ്ങള്‍ മാറിച്ചിന്തിക്കാന്‍ തുടങ്ങിയെന്നു തോന്നാന്‍ കാരണം?

ബി.ജെ.പി.യുടെ ദുര്‍ഭരണം കഴിഞ്ഞ 15 വര്‍ഷമായി ജനം കാണുകയാണ്. കോണ്‍ഗ്രസില്‍ ഒരു ബദല്‍ കാണാത്തതിനാലാണ് അവര്‍ കാത്തിരുന്നത്, ബി.ജെ.പി.യെ ജയിപ്പിച്ചത്. ഇപ്പോള്‍ അവര്‍ക്കൊരു ബദല്‍ ഞങ്ങളിലൂടെ ലഭിച്ചിരിക്കുകയാണ്.

  • താങ്കളെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മായാവതിയും അവരെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി താങ്കളും ഉയര്‍ത്തിക്കാട്ടുന്നത് പൊതുതിരഞ്ഞെടുപ്പില്‍ വിശാലസഖ്യ സാധ്യത മുന്നില്‍ക്കണ്ടാണോ ?

കോണ്‍ഗ്രസ്, ബി.ജെ.പി. ഇതര പാര്‍ട്ടികള്‍ ദേശീയതലത്തല്‍ ഒന്നിക്കേണ്ടത് അത്യാവശ്യമാണ്. 1977-ല്‍ മൊറാര്‍ജി ദേശായി, '79-ല്‍ ചരണ്‍ സിങ്, '89-ല്‍ വി.പി. സിങ്, ചന്ദ്രശേഖര്‍, '96-ല്‍ ദേവഗൗഡ, ഗുജ്റാള്‍ സര്‍ക്കാരുകളില്‍ ഇതു ഭാഗികമായെങ്കിലും നടപ്പായതാണ്. ഇത്തവണ അതു പൂര്‍ണമായും നടപ്പാകുമെന്നാണ് പ്രതീക്ഷ. ബി.ജെ.പി. സര്‍ക്കാരിനെ പുറത്തിരുന്നു പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുതന്നെയാകണം ഈ മുന്നണിയുണ്ടാകേണ്ടത്. അതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ക്കൊപ്പം ബി.എസ്.പി.യും സി.പി.ഐ.യുമുണ്ട്. തെലങ്കാനയില്‍ കെ.സി.ആര്‍., ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവ്, ബംഗാളില്‍ മമത, ഒഡിഷയില്‍ നവീന്‍ പട്നായിക് എന്നിവരുമായും സംസാരിച്ചുകൊണ്ടിരിക്കുകയാണ്.

  • ഛത്തീസ്ഗഢിലെ കിങ്മേക്കര്‍ ആയാണ് താങ്കളെ മാധ്യമങ്ങള്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്.

ഞാന്‍ കിങ്മേക്കറും കിങ്ങും ഒന്നുമല്ല. ഛത്തീസ്ഗഢിലെ ജനങ്ങളാണു രാജാക്കന്മാര്‍. അല്ലെങ്കില്‍ അവരെ അങ്ങനെയാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.

  • ജനതാ കോണ്‍ഗ്രസിന്റെ മുഖ്യ പ്രചാരണ വിഷയങ്ങള്‍?

15 വര്‍ഷം മുമ്പ്, അതായത് ബി.ജെ.പി. ഭരണത്തിലെത്തുന്നതിന് മുമ്പ് ഛത്തീസ്ഗഢ് മാവോവാദി ആക്രമണങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും താഴെയായിരുന്നു. എന്നാല്‍, ബി.ജെ.പി. 15 വര്‍ഷം അധികാരത്തിലിരുന്നുകഴിഞ്ഞപ്പോള്‍ സംസ്ഥാനം ഈ പട്ടികയില്‍ ഒന്നാമതെത്തി.  ഇതൊരു ക്രമസമാധാന പ്രശ്‌നം മാത്രമെന്നാണ് രമണ്‍ സിങ് കരുതുന്നത്. പക്ഷേ, അതൊരു സാമൂഹിക-രാഷ്ട്രീയവിഷയമാണെന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടില്ലെന്നതാണ് വാസ്തവം. മറ്റൊന്ന്, ഛത്തീസ്ഗഢില്‍ മുഴുവന്‍ ഒന്നു സഞ്ചരിച്ചുനോക്കൂ. അവര്‍ റോഡുകള്‍ക്കായി കോടിക്കണക്കിനു രൂപ ചെലവഴിച്ചുകഴിഞ്ഞു. എന്നിട്ടെന്തായി? ആദ്യമഴയില്‍ത്തന്നെ അവയൊക്കെയും ഇല്ലാതായി. അഴിമതിയുടെ ഫലമാണത്. ഈ പ്രശ്‌നങ്ങളൊക്കെയും ഞങ്ങള്‍ ജനങ്ങളുടെ മുന്നില്‍വെച്ചുകഴിഞ്ഞു.

content highlights: Ajith Jogi interview, election2018, chattisgarh