ഗോളീകരണം സൃഷ്ടിച്ച മൂലധനസാമ്രാജ്യത്തില്‍ രൂപംകൊണ്ട പുതിയ രാഷ്ട്രീയവും പുതിയ ഭരണകൂടവും രാജ്യത്തെ താഴേക്കിടയിലുള്ള സാധാരണക്കാരന്റെ ജീവിതം മാത്രമല്ല നല്ലനാളെയുടെ സ്വപ്നങ്ങള്‍പോലും തകര്‍ത്തിരിക്കുകയാണ്.

ജൈവതാളം തകര്‍ക്കുന്ന ആസുരവികസനം

ഗാന്ധിജിയും ഗാന്ധിയന്‍ സാമ്പത്തിക കാഴ്ചപ്പാടും ഈ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ശക്തിസ്രോതസ്സായിരുന്നു. പക്ഷേ, മൂലധനത്തിന്റെ ശക്തി അടിസ്ഥാനപ്പെടുത്തിയുള്ള  വികസനകാഴ്ചപ്പാടും അതിനുവേണ്ടിയുള്ള വിഭവ ചൂഷണവും നമ്മുടെ ഗ്രാമീണ ജിവിതത്തിന്റെ ജൈവതാളം തകര്‍ത്തിരിക്കുകയാണ്. പ്ലാച്ചിമടയില്‍ നാമത് കണ്ടു. വെള്ളമൂറ്റുന്ന കൊക്കകോളയ്‌ക്കെതിേര  അവിടെ നടന്ന ഗാന്ധിയന്‍ രീതിയിലുള്ള   ഉജ്ജ്വലമായ ജനകീയ ചെറുത്തുനില്‍പ്പും അതിന്റെ ആത്യന്തിക വിജയവും നാം കണ്ടു.  ആ ഐതിഹാസിക സമരത്തില്‍ മാതൃഭൂമിയും അതിന്റെ അമരക്കാരില്‍ ഒരാളായ വീരേന്ദ്രകുമാറും അണിയത്തുനിന്നു പൊരുതിയതോര്‍ക്കുന്നു. ആ സമരം ഇന്നും ഒരു മാതൃകയാണ്. പ്രാവര്‍ത്തികമാക്കാവുന്ന മാതൃക.
സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ജനശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ് സമാജ്വാദി ജനപരിഷത്ത് പോലുള്ള സംഘടനകള്‍ ചെയ്യുന്നത്. ഗാന്ധിയന്‍ മൂല്യങ്ങള്‍ തന്നെയാണ് പോരാട്ടങ്ങളുടെ ഇന്ധനം. വികസനം എന്നത് ഒരു തരം തെറ്റായ വ്യാഖ്യാനമാണ്. അത് ഒരു ചെറിയ വിഭാഗത്തിന്റെ വളര്‍ച്ചയോടൊപ്പം ഒരു വലിയ വിഭാഗത്തിന്റെ തകര്‍ച്ചയിലേക്കും വഴിവെക്കുന്നു. തെറ്റായ വികസനം എന്നു മാത്രമേ നമ്മള്‍ പറയൂ. ആസുര വികസനത്തിന് ആസുരമായി പ്രകൃതിവിഭവങ്ങളുടെ ചൂഷണവും ആവശ്യമാണല്ലോ.

ഭരണം കുത്തകകള്‍ക്കുവേണ്ടി

രാജ്യത്തെ ദളിതര്‍, ആദിവാസികള്‍, പിന്നാക്കക്കാര്‍, സാധാരണകര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍ക്ക് എന്തു പരിഹാരമാണ് ഭരണകൂടങ്ങള്‍ ഉണ്ടാക്കുന്നത്. അവരുടെ വിഭവങ്ങള്‍ മുഴുവനും കൊള്ളയടിക്കുന്നത് കുത്തകക്കമ്പനികളാണ്. അദാനി, അംബാനിയെപ്പോലുള്ളവരുടെ  ലക്ഷംകോടികളുടെ ആസ്തികളുള്ള കമ്പനികളുടെ മൂലധനം തന്നെയാണ് കേന്ദ്രഭരണകൂടത്തെ നിയന്ത്രിക്കുന്നത്. പ്രധാനമന്ത്രി ഓരോ രാജ്യം സന്ദര്‍ശിക്കുമ്പോഴും അവിടെ ഉണ്ടാക്കുന്ന വന്‍കിട കരാറുകളുടെ ഗുണം ലഭിക്കുന്നത് ഇത്തരക്കാര്‍ക്കാണ്. 

ചില രാജ്യങ്ങളില്‍ അദ്ദേഹം കോടികളുടെ സഹായം നല്‍കും. അതിലെയും പിന്നാമ്പുറങ്ങളില്‍ വലിയ തന്ത്രങ്ങളുണ്ട്. ഉദാഹരണം മംഗോളിയയ്ക്കും ബംഗ്ലാദേശിനും മറ്റും മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യ സഹായം നല്‍കി. പക്ഷേ, അവിടെ സ്ഥാപിക്കുന്ന സ്ഥാപനങ്ങളുടെ ബിസിനസ് നിയന്ത്രിക്കുന്നത് പലപ്പോഴും ഇന്ത്യന്‍ കുത്തകകളായിരിക്കും. കോടികള്‍ രാജ്യം സംഭാവന നല്‍കുമ്പോള്‍ ശതകോടികള്‍ അതില്‍നിന്ന് ഇവിടത്തെ കുത്തകകള്‍ തിരിച്ചെടുക്കുന്നു. അവിടെയും പാവപ്പെട്ടവര്‍ എന്നും പാവപ്പെട്ടവരായി ചൂഷിതരായി തുടരും.

വാങ്ങല്‍ മാത്രം മതി

ഗ്രാമങ്ങള്‍ എന്നും സ്വാശ്രയവും സ്വയംപര്യാപ്തവുമാകണമെന്നായിരുന്നു ഗാന്ധിജിയുടെ സ്വപ്നം. പക്ഷേ, ഇന്ന് അതിന്റെ ആവശ്യമില്ല. എല്ലാ വസ്തുക്കളും ചൈനയില്‍നിന്ന് വരും. നമ്മള്‍ വാങ്ങിയാല്‍ മാത്രം മതി. വാങ്ങുകയേ ചെയ്യാവൂ. അതോടെ സാധാരണക്കാരന്റെ ജീവിതത്തിന്റെ നട്ടെല്ലായ തൊഴില്‍ ഇല്ലാതായി. തൊഴില്‍ ഇല്ലാതാവുന്നതുകൊണ്ടാണ് ലക്ഷങ്ങള്‍ ജീവിക്കാന്‍ പലായനം ചെയ്യുന്നത്. കേരളത്തില്‍ എത്രപേര്‍ വരുന്നുണ്ട്. ഇവരുടെ ഗ്രാമങ്ങള്‍ എല്ലാം വിഭവങ്ങള്‍ക്കായി ചൂഷണം ചെയ്യുന്നത് അവരറിയാത്ത കുത്തകക്കമ്പനികള്‍ ആയിരിക്കാം. എല്ലാം ചൈന തരും എന്നു പറയുമ്പോള്‍ ചൈന പലരും കരുതുന്നതുപോലെ ഒരു സോഷ്യലിസ്റ്റോ കമ്യൂണിസ്റ്റോ ആയ രാജ്യമല്ല ഒരു ന്യൂനപക്ഷം കമ്യൂണിസ്റ്റുകാര്‍ അങ്ങനെ കരുതുന്നുണ്ടാവും. എന്നാല്‍, നമ്മള്‍ ഒന്നറിയണം ആഗോള കുത്തക ധനസാമ്രാജ്യത്തിന്റെ ആഗോള തലസ്ഥാനമാണ് ഇന്നു ചൈന. എല്ലാ കുത്തകക്കമ്പനികളുടെയും കണ്ണും കാതും ആ രാജ്യത്തേക്കാണ്. അവിടെനിന്ന് കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ പറ്റും. മനുഷ്യന്‍ തന്നെ യന്ത്രങ്ങള്‍ നിര്‍മിക്കുന്ന മറ്റൊരു യന്ത്രമായി ചൈനയില്‍ മാറിപ്പോകുന്നു.

ജനാധിപത്യത്തെ എങ്ങനെ തകര്‍ക്കാം

ആഗോളീകരണത്തിന്റെ ഉത്പന്നം കൂടിയാണ് അഴിമതി. അഴിമതി പൊത്തിവെക്കാന്‍ അധികാരം വേണം. അത് ജനാധിപത്യത്തിന് ഭീഷണിയാവും. അപ്പോള്‍ ജനാധിപത്യത്തെയും പൗരാവകാശത്തെയും ചെറുപ്പത്തിലേ വഴിതെറ്റിക്കുകയോ തകര്‍ക്കുകയോ വേണം. അതിന് എളുപ്പ വഴി മതത്തെയും വര്‍ഗീയതയെയും കൂട്ടുപിടിച്ച് മാനസാന്തരപ്പെടുത്തിയ ഒരു സമൂഹത്തെ  സൃഷ്ടിക്കുകയാണ്. നമ്മുടെ വിദ്യാഭ്യാസത്തെ അങ്ങനെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഞാന്‍ വാരാണസിക്കാരനാണ്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ പോയാല്‍ കാണാം അവിടെ വിദ്യാര്‍ഥിസംഘടനകള്‍ എല്ലാം ക്ഷയിച്ചു. തീരെയില്ല എന്നുതന്നെ പറയാം. പഠനം എന്നത് പോരാടാനുള്ളതല്ലെന്നും സമ്പാദിക്കാനുള്ളതാണെന്നുമുള്ള തത്ത്വശാസ്ത്രം വേരോടിക്കഴിഞ്ഞു. വിദ്യാഭ്യാസത്തിന് കോടികള്‍ ലോണ്‍ നല്‍കുന്നു. ഈ ലോണുകള്‍ വന്‍കിട സ്വകാര്യവിദ്യാലയത്തിലേക്കാണ് പോകുന്നത്. അഴിമതിയെ ഒരുതരത്തില്‍ 'ലീഗലൈസ്' ചെയ്യുകയാണ് കേന്ദ്രസര്‍ക്കാര്‍. പ്രത്യക്ഷത്തില്‍ സുതാര്യമെന്ന് തോന്നാവുന്നതും എന്നാല്‍, അടിവേരിലൂടെ വലിച്ചെടുക്കുന്ന അഴിമതിപ്പണവും നമ്മള്‍ അറിയണം. അഴിമതിക്കെതിരേയുള്ള ലോക്പാലിന്റെ കാര്യം തന്നെ നോക്കുക. അതിന്റെ കമ്മിറ്റിയില്‍ ഉള്‍പ്പെട്ട വ്യക്തിതന്നെ റിലയന്‍സ് സ്ഥാപനത്തില്‍ ജോലിചെയ്യുകയും ചെയ്യുന്നു. 

പട്ടേലും ഗാന്ധിയും മുണ്ടയും

ചരിത്രത്തെ മാറ്റിമറിക്കാന്‍ ഒരിക്കലും പ്രതിമകള്‍ക്കാവില്ല. കഴിഞ്ഞദിവസം ലോകത്തെ ഏറ്റവും ഉയരമുള്ള സര്‍ദാര്‍പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാവരണം ചെയ്തു. ആദിവാസികളെയും പാവപ്പെട്ടവരെയും ഓടിച്ചിട്ടാണ് അവിടെ പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചത്. പക്ഷേ, രസകരമായ വസ്തുത പട്ടേലിന്റെ ഫോട്ടോയ്‌ക്കൊപ്പം അവിടെ പ്രമുഖ ആദിവാസിനേതാവും ഗാന്ധിയനുമായ ബിര്‍സാമുണ്ടയുടെ ഫോട്ടോ കൂടി ചേര്‍ത്തു വെച്ചിരുന്നു. ഒരേസമയം ആദിവാസികളെ ഓടിച്ചും നേതാവിന്റെ ഫോട്ടോ വെച്ചു മഹത്ത്വവത്കരിച്ചുമുള്ള വൈപരീത്യം ഇവിടെ കാണാം. പട്ടേല്‍ ഹിന്ദുമഹാസഭയെ എന്നും എതിര്‍ത്തിട്ടേയുള്ളൂ. അദ്ദേഹം ശ്യാമപ്രസാദ് മുഖര്‍ജിക്കെഴുതിയ എഴുത്തുകള്‍ പരിശോധിച്ചാല്‍ മതിയാവും. പട്ടേലിന് പകരം ഗാന്ധിയുടെ പ്രതിമയല്ലേ ലോകത്തില്‍ വെച്ചേറ്റവും ഉയരത്തില്‍ നില്‍ക്കേണ്ടത് എന്ന ചോദ്യം പ്രസക്തമാണ്. ആരുടെയും പ്രതിമ ആര്‍ക്കും നിര്‍മിക്കാം. പക്ഷേ, നിര്‍മിക്കുന്നവരുടെ ലക്ഷ്യമാണ് നമ്മള്‍ പരിശോധിക്കേണ്ടത്.

കേരളമേ, ഇതല്ല വികസനം

കേരളത്തില്‍ വികസനം എന്നത് തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ്. ഞാന്‍ കിഴാറ്റൂര്‍ വയലില്‍ പോയി എന്തുമനോഹരമാണ്. വെള്ളംനിറയുന്ന ഈ വയല്‍ മൂടി അവിടെ റോഡുണ്ടാക്കിയാല്‍ ആ സ്ഥലത്തിന്റെ ആവാസവ്യവസ്ഥ മുഴുവന്‍ തകരും. ഗ്രാമീണജീവിതത്തിന് മുകളിലാണ് വികസനത്തിന്റെ പേരില്‍ വലിയസ്ഥാപനങ്ങള്‍ വരുന്നത്. പയ്യന്നൂര്‍ കണ്ടങ്കാളിയിലെ നിര്‍ദിഷ്ട ഇന്ധനഡിപ്പോ സ്ഥാപിക്കുന്ന സ്ഥലത്തും പോയി. അതും മനോഹരമായ വയലേലകളാണ്. തുരുത്തിയില്‍ ആദിവാസികളാണ് സ്വന്തം സ്ഥലം പോകുന്നതിനെതിരേ സമരവുമായി ചെറുത്തുനില്‍ക്കുന്നത്. ഇതൊന്നും വികസനമല്ല,