ഫ്ഗാനിസ്താനില്‍ അഷ്റഫ് ഗനി സര്‍ക്കാരിലെ ഗ്രാമവികസന മന്ത്രാലയത്തില്‍ സിറ്റിസണ്‍സ് ചാര്‍ട്ടര്‍ നാഷണല്‍ പ്രയോറിറ്റി പ്രോഗ്രാം ആക്ടിങ് ഡയറക്ടര്‍ ജനറലായിരുന്നു അഹമ്മദ് മുക്താര്‍ സബ്രി. താലിബാന്‍ കീഴടക്കിയ രാജ്യത്ത് ജീവനുതന്നെ ഭീഷണി നേരിടുന്ന സബ്രി, സുരക്ഷിത താവളംതേടി താമസംമാറുകയും പിടികൊടുക്കാതിരിക്കാനായി വീണ്ടും പലയിടത്തേക്ക് മാറിക്കൊണ്ടിരിക്കുകയുമാണ്. സ്വസുരക്ഷയിലും മാതൃരാജ്യത്തിന്റെ അവസ്ഥയിലും ആശങ്കപ്പെടുന്ന അദ്ദേഹം അഫ്ഗാനില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ അഭ്യര്‍ഥിക്കുന്നു. മാതൃഭൂമി പ്രതിനിധി കെ.സി. രഹ്നയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍നിന്ന്

രാജ്യത്ത് പുതിയ സാഹചര്യമാണുള്ളത്. താങ്കളും കുടുംബവും അഫ്ഗാനില്‍ത്തന്നെ തുടരുകയാണെന്നും സുരക്ഷിതരാണെന്നും കരുതുന്നു. കഴിഞ്ഞ സര്‍ക്കാരിലെ ഉന്നതോേദ്യാഗസ്ഥനെന്നനിലയില്‍ താങ്കളുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്?

ഞങ്ങള്‍ ഇപ്പോഴും അഫ്ഗാനില്‍ത്തന്നെയാണ്. എനിക്കുമാത്രമല്ല, മുന്‍സര്‍ക്കാരില്‍ പ്രവര്‍ത്തിച്ച ഒട്ടേറെപ്പേര്‍ക്ക് തുടക്കത്തില്‍ താലിബാന്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. മൂന്നുതവണ അവര്‍ എന്റെ വീട്ടില്‍ വരുകയും ചോദ്യംചെയ്യുകയും ചെയ്തു. ഭീതിപ്പെടുത്തുന്ന ഒരു അനുഭവമായിരുന്നു അത്. വീട്ടില്‍നിന്ന് മാറി ബന്ധുവീടുകളില്‍ അഭയംതേടേണ്ട അവസ്ഥയിലായിരുന്നു ഞാന്‍, പ്രത്യേകിച്ചും രാത്രിയില്‍. ഇപ്പോഴും എന്റെയും കുടുംബത്തിന്റെയും സുരക്ഷയോര്‍ത്ത് ആശങ്കയിലാണ്. ഇതുകാരണം അഫ്ഗാനിലെത്തന്നെ കുറച്ചുകൂടി സുരക്ഷിതമായ ഒരിടത്തേക്ക് താമസംതന്നെ മാറ്റേണ്ടിവന്നു ഞങ്ങള്‍ക്ക്. ഇപ്പോഴും ഒരിടത്തും സ്ഥിരമായി താമസിക്കാനാകുന്നില്ല. കഴിവതും പലയിടത്തേക്ക് മാറിക്കൊണ്ടിരിക്കുന്നു. വീട്ടിലെ സ്ത്രീകളാരുംതന്നെ പുറത്തിറങ്ങാന്‍ ധൈര്യപ്പെടുന്നില്ല. താലിബാന്‍കാര്‍ എപ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാകില്ല. അവര്‍ ഒരൊറ്റ ആശയത്തിനുകീഴിലോ നേതൃത്വത്തിനുകീഴിലോ പ്രവര്‍ത്തിക്കുന്നവരല്ല.

അടിച്ചമര്‍ത്തലിനെതിരേ 'ആസാദി' മുദ്രാവാക്യവുമായി സ്ത്രീകള്‍ തെരുവിലിറങ്ങിക്കഴിഞ്ഞു. പുരുഷന്മാര്‍ പരസ്യമായി രംഗത്തിറങ്ങുന്നില്ലെന്നതും ശ്രദ്ധേയമാണ്

ചില മുന്നേറ്റങ്ങള്‍ വനിതകളുടെ നേതൃത്വത്തില്‍ നടന്നിരുന്നു. ഇപ്പോഴതെല്ലാം പൂര്‍ണമായും നിലച്ചു. സമരക്കാരെയെല്ലാം മൃഗീയമായി പീഡിപ്പിക്കുകയാണ് താലിബാന്‍. എല്ലാതരം പ്രതിഷേധങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തി. പുരുഷന്മാര്‍ രംഗത്തിറങ്ങാത്തതിനുകാരണം, അവരുടെ സുരക്ഷസംബന്ധിച്ച പേടിതന്നെയാണ്. അവരുടെ കാര്യത്തില്‍ ആര്‍ക്കും ഒരുറപ്പും പറയാനാകില്ല.

താലിബാന്‍ സര്‍ക്കാര്‍ രൂപവത്കരിച്ചു. കൊടുംഭീകരരെന്ന് മുദ്രകുത്തപ്പെട്ട ഹഖാനി ശൃംഖലയുടെ മേധാവി സിറാജുദ്ദീന്‍ ഹഖാനിയാണ് ക്രമസമാധാനപാലനം ഉറപ്പാക്കേണ്ട ആഭ്യന്തരമന്ത്രി. എന്തുതോന്നുന്നു

താലിബാന്‍ യു.എസുമായി നിരന്തരമായി നടത്തിവന്ന വിലപേശലുകളില്‍, എല്ലാവര്‍ക്കും പ്രാതിനിധ്യമുള്ള ഒരു സര്‍ക്കാരാണ് ഉറപ്പുനല്‍കിയിരുന്നത്. എന്നാല്‍, അവരിപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സര്‍ക്കാര്‍ എല്ലാവിഭാഗക്കാരെയും ഉള്‍ക്കൊള്ളുന്നതോ പ്രൊഫഷണലോ അല്ല. ഉന്നതപദവികള്‍ വഹിക്കുന്നവരില്‍ പലരും യു.എന്നിന്റെ നിരോധിതപട്ടികയിലുള്ളവരാണ്. സ്ത്രീകളെയും വിവിധ ഗോത്രവിഭാഗങ്ങളെയും അവഗണിച്ചു. അതിനര്‍ഥം താലിബാന് ഒരുമാറ്റവും വന്നിട്ടില്ലെന്നാണ്. ഇനിയൊട്ടു മാറാനും പോകുന്നില്ല. ഇപ്പോള്‍ സര്‍ക്കാരിനെ നയിക്കുന്നത് ഭീകരരും ഗ്വാണ്ടനാമോയില്‍ തടവിലുണ്ടായിരുന്നവരുമാണ്. ഭൂരിഭാഗം പേരും ഒരൊറ്റ ഗോത്രത്തില്‍നിന്നുള്ളവരാണ്. മാത്രമല്ല, എല്ലാവരും പുരുഷന്മാരുമാണ്. ഉത്തരവാദിത്വമുള്ള ഒരു സര്‍ക്കാരും താലിബാന്‍സര്‍ക്കാരിനെ അംഗീകരിക്കില്ല. അതായത്, രാജ്യം നേരിടാന്‍പോകുന്ന സാമ്പത്തികപ്രതിസന്ധി ഏറെ സങ്കീര്‍ണവും നമ്മുടെയൊക്കെ സങ്കല്പത്തിന് അതീതവുമായിരിക്കും.

അതിര്‍ത്തികളെല്ലാം അടഞ്ഞുകിടക്കുകയാണ്. പുറത്തുനിന്നുള്ള ചരക്കുവരവും നിന്നു. വില കുതിച്ചുകൊണ്ടിരിക്കുന്നു. എത്രനാള്‍ ഇത്തരത്തില്‍ പിടിച്ചുനില്‍ക്കാനാകും

90 ശതമാനം ജനങ്ങളും ദാരിദ്ര്യത്തില്‍ കഴിയുന്ന, 1.2 കോടി ആളുകള്‍ വരള്‍ച്ചബാധിതരായുള്ള, 30 ലക്ഷം പേര്‍ യുദ്ധവും വരള്‍ച്ചയും കാരണം പലയിടത്തേക്ക് ചിതറിപ്പോയ രാജ്യമാണിത്. രാജ്യം നേരിടുന്ന പ്രതിസന്ധിയിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നത്, അന്താരാഷ്ട്രസമൂഹവും സന്നദ്ധസംഘടനകളും അടിയന്തരമായി പരിഗണിക്കേണ്ട വിഷയമാണിത്. ഒന്നോ രണ്ടോ മാസംപോലും അഫ്ഗാനിസ്താന് ഇത്തരത്തില്‍ മുന്നോട്ടുപോകാനാകില്ല. ഞങ്ങള്‍ക്ക് മറ്റെന്നത്തെക്കാളും കൂടുതല്‍ അവരുടെ (അന്താരാഷ്ട്ര സമൂഹത്തിന്റെയും സന്നദ്ധ സംഘടനകളുടെയും) സഹായം ആവശ്യമുള്ള ഘട്ടമാണിത്.

ഒരു രാജ്യത്തെ നയിക്കാന്‍ പ്രാപ്തമാണ് താലിബാന്‍ എന്ന് കരുതുന്നുണ്ടോ

ഭൂരിഭാഗം താലിബാന്‍കാര്‍ക്കും യുദ്ധംചെയ്യാന്‍മാത്രമേ അറിയൂ. ഔപചാരികവിദ്യാഭ്യാസംപോലും ഇല്ലാത്തവരാണവര്‍. താലിബാന് രാജ്യത്തെ ഏറെക്കാലം നയിക്കാന്‍ സാധിക്കില്ല എന്നുതന്നെയാണ് എനിക്കുതോന്നുന്നത്. ജനങ്ങള്‍ക്ക് തൊഴിലും വീടും ഭക്ഷണവും വേണം. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സര്‍ക്കാര്‍ ഉണ്ടാക്കാതെ താലിബാന് ഇതൊന്നും സാധ്യമാവില്ല. അതായത്, അവര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ന്യൂനപക്ഷങ്ങളുടെയും മറ്റുഗോത്രവിഭാഗങ്ങളുടെയും അവകാശങ്ങളെ മാനിക്കണം. അവര്‍ക്ക് അംഗീകാരം വേണമെങ്കില്‍, രാജ്യം ഭരിക്കണമെങ്കില്‍ അന്താരാഷ്ട്ര പ്രമേയങ്ങളും യു.എന്‍. പ്രമേയങ്ങളും അംഗീകരിക്കേണ്ടതുണ്ട്.

അഫ്ഗാനിസ്താന് പിന്തുണയുമായി ചൈനയും പാകിസ്താനും എപ്പോഴുമുണ്ട്. ഇത് അഫ്ഗാന്‍ ജനതയ്ക്ക് എത്രത്തോളം ഗുണംചെയ്യും. ഇന്ത്യപോലുള്ള രാജ്യങ്ങളുമായുള്ള ബന്ധത്തെ ഇത് ദോഷകരമായി ബാധിക്കുമോ

ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, അഫ്ഗാനിസ്താനെ പിന്തുണയ്ക്കുന്ന രാജ്യമല്ല പാകിസ്താന്‍. അവരുടെ പിന്തുണ എപ്പോഴും ഭീകരവാദത്തിനും താലിബാനുമായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി പാകിസ്താന്‍ അവര്‍ക്ക് സുരക്ഷിതതാവളമൊരുക്കി, യുദ്ധ സന്നാഹങ്ങള്‍ നല്‍കി. ഇന്ന് നമ്മള്‍ അഫ്ഗാനില്‍ കാണുന്നതെന്തായാലും അത് പാകിസ്താന്‍ ഞങ്ങള്‍ക്കെതിരേ മറഞ്ഞുനിന്ന് നടത്തുന്ന നിഴല്‍ യുദ്ധത്തിന്റെ ഫലമാണ്. യു.എസ്. ഞങ്ങളുടെ അയല്‍രാജ്യത്തിന്റെ അപരന്മാരെ ഒരിക്കലും വിശ്വാസത്തിലെടുക്കരുതായിരുന്നു. അഫ്ഗാന്‍ജനതയ്ക്ക് ഇന്ത്യയുമായി ചരിത്രപരമായ ദീര്‍ഘകാലത്തെ സൗഹൃദമാണുള്ളത്. താലിബാന്‍ ഈയൊരു സൗഹൃദത്തെ ശക്തിപ്പെടുത്തുമെന്നും എല്ലാരാജ്യങ്ങളുമായും സ്വതന്ത്രമായ ഒരു വിദേശനയം പിന്തുടരുമെന്നും പ്രതീക്ഷിക്കുന്നു.

താങ്കളും ഏറെക്കാലം രാഷ്ട്രപുനര്‍നിര്‍മിതിയുടെ ഭാഗമായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭാവിയിലും തുടരാനാകുമെന്ന് കരുതുന്നുണ്ടോ

പ്രതിജ്ഞാബദ്ധനായ ഒരു അഫ്ഗാന്‍ പൗരനാണ് ഞാന്‍. താലിബാനില്‍നിന്ന് ജോലിചെയ്യാനുള്ള സുരക്ഷിതമായൊരു സാഹചര്യമുള്ളിടത്തോളം ഞാന്‍ എന്റെ നാട്ടുകാര്‍ക്കുവേണ്ടിയും ഭാവി സര്‍ക്കാരിനുവേണ്ടിയും ജോലിചെയ്യും. അഫ്ഗാനിലെ പാവപ്പെട്ടവര്‍ക്ക് എന്നെ ആവശ്യമുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തെക്കാള്‍ കൂടുതല്‍ അവര്‍ക്കിപ്പോള്‍ എന്നെ ആവശ്യമുണ്ടെന്നാണ് കരുതുന്നത്.

ഏറെക്കാലമായി യുദ്ധവും സംഘര്‍ഷവുംമൂലം കഷ്ടതയനുഭവിക്കുന്നവരാണ് അഫ്ഗാന്‍ ജനത. എപ്പോഴെങ്കിലും ഇതൊക്കെ അവസാനിക്കാന്‍ സാധ്യതയുണ്ടോ

നിലവിലെ സാഹചര്യത്തില്‍ താലിബാന്‍ എങ്ങനെ രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തും എന്നതിനെ ആശ്രയിച്ചിരിക്കുന്നു കാര്യങ്ങള്‍. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സര്‍ക്കാര്‍, എല്ലാ അഫ്ഗാന്‍കാര്‍ക്കും ശരിയായ മനുഷ്യാവകാശം ഉറപ്പാക്കല്‍, സ്ത്രീകളുടെയും കുട്ടികളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളെ മാനിക്കല്‍ തുടങ്ങിയവ നടപ്പാകാന്‍ ഇനിയും ഏറെദൂരം പോകേണ്ടിവരും.