‘‘നീതിപീഠത്തെ കളങ്കപ്പെടുത്തുന്ന സംഭവങ്ങൾ ഉണ്ടാകുന്നില്ലേ..? അസാധാരണവും അത്യപൂർവവുമായ സംഭവങ്ങൾ. ഇത് കാണുമ്പോൾ സമൂഹത്തിന് മുഖംതിരിക്കാൻ കഴിയുമോ..?  ഏത് രംഗത്തായാലും അഴിമതിക്കും അനീതിക്കുമെതിരേ പോരാടാൻ ജനങ്ങൾക്കും സമൂഹത്തിനും കഴിയണം’’ വ്യാഴാഴ്ച വിരമിച്ച ഹൈക്കോടതി ന്യായാധിപൻ ജസ്റ്റിസ് ബി. കെമാൽ പാഷ തന്റെ നിലപാട്‌ വ്യക്തമാക്കുകയാണ്‌.

‘സർക്കാർ പദവികളിലേക്കില്ല; സമൂഹത്തിലേക്കിറങ്ങും
സമൂഹവുമായി അടുത്തബന്ധം പുലർത്തിയ ന്യായാധിപരിലൊരാളാണ്‌ കെമാൽ പാഷ. കോടതിക്ക് പുറത്തും വലിയ സുഹൃദ്ബന്ധം.  ജഡ്ജി, സമൂഹത്തിൽ ജീവിക്കുന്ന വ്യക്തിയാണ്. സമൂഹത്തിൽ ഒറ്റപ്പെട്ടവനായി കഴിയാൻ വിധിക്കപ്പെട്ടവനല്ല. സമൂഹവുമായി ബന്ധം പാടില്ല എന്ന് കരുതുന്നവരുമുണ്ട്. പക്ഷേ, ആ ചിന്താഗതി അർഥശൂന്യമാണ്‌ എന്ന്‌ അദ്ദേഹം കരുതുന്നു.

‘‘വ്യക്തിബന്ധങ്ങൾ ഒരുപക്ഷേ കൂടിപ്പോയേക്കാം. പക്ഷേ, തന്നെ സ്വാധീനിച്ച് ഒരു വിധി നേടിയെടുക്കാൻ ഇന്നുവരെ ആരും ഒരു വിദൂരശ്രമം പോലും നടത്തിയിട്ടില്ല’’ -അദ്ദേഹം നിരീക്ഷിച്ചു. 
‘‘സമൂഹത്തിന്റെ തുടിപ്പുകൾ ഉൾക്കൊണ്ടാലേ അർഥവത്തായ വിധികൾ എഴുതാൻ കഴിയൂ. സത്യസന്ധതയുടെ കാര്യത്തിൽ പിതാവ് പി.ബി. ബാദുഷയും മാതാവ് സൈനബയും കർക്കശക്കാരായിരുന്നു. ഇരുവരും അധ്യാപകർ. ഔദ്യോഗിക ജീവിതത്തിൽ വിജയത്തിന്റെ പടവുകൾ ഒന്നൊന്നായി പിന്നിടാൻ ഇരുവരുടെയും വാക്കുകൾ എന്നും പ്രചോദനമായിരുന്നു. 

‘‘ജഡ്ജി സ്ഥാനത്തുനിന്ന് വിരമിച്ച ഞാൻ ഇനി സമൂഹവുമായി കൂടുതൽ ഇടപെടാൻ തീരുമാനിച്ചുകഴിഞ്ഞു.’’  ‘‘സർക്കാർ പദവികൾക്കൊന്നും മോഹമില്ല. വിരമിച്ചശേഷം സർക്കാർ പദവികൾക്ക് കണ്ണുനട്ടിരിക്കുന്നവരുണ്ട്. അങ്ങനെയുള്ള ചിലർ സർക്കാരിനെ പ്രീതിപ്പെടാത്താൻ വിധിയും എഴുതാറുണ്ട്. കാരണം, ബഹുഭൂരിപക്ഷം കേസുകളിലും സർക്കാരാണ് എതിർകക്ഷി. നീതിപീഠത്തിന് നേരിട്ടിട്ടുള്ള മൂല്യച്യുതികളിൽ ഒന്നാണിത്...’’ അദ്ദേഹം പറഞ്ഞു

.‘അഴിമതിയുടെ വേരുകൾ മുറിക്കണം
kamal [pashaസുപ്രീം കോടതിയിൽ വക്കീലായി പ്രാക്ടീസ് ചെയ്യാം. പക്ഷേ, അതിനും താത്പര്യമില്ല. അവിടെയും നീതി നിർവഹണത്തിന്റെ  ഉന്നതമൂല്യങ്ങൾക്ക് തകർച്ച നേരിടുന്നത് ജനങ്ങൾ കണ്ടുകഴിഞ്ഞു.  ‘‘ഇന്ന് നാട്ടിൽ വേരൂന്നിനിൽക്കുന്ന അഴിമതി ഏതാണ്... അത്  രാഷ്ട്രീയക്കാരുടേതാണ്. പണമിടപാട് മാത്രമല്ല അത്. സ്വജനപക്ഷപാതം, നിയമവിരുദ്ധമായ തീരുമാനങ്ങൾ, അനീതി കാണുമ്പോൾ കണ്ണുകൾ അടച്ച് ഇരുട്ടാക്കുന്ന സമീപനം... രാഷ്ട്രീയക്കാരുടെ അത്യാർത്തിക്ക് എന്തെങ്കിലും പരിധിയുണ്ടോ? അവരോടൊപ്പം ഒട്ടിനിൽക്കുന്ന ഉദ്യോഗസ്ഥരും അഴിമതിക്കാരായി മാറി’’ -അദ്ദേഹം തുറന്നടിച്ചു. 

 ഈ രംഗത്താണ് ജസ്റ്റിസ് കെമാൽ പാഷയുടെ സുപ്രധാനവിധി ഏതാണ്ട് മൂന്നുവർഷം മുൻപുണ്ടായത്. അധികാരത്തിൽ ഇരുന്നുകൊണ്ട് ഒരു മന്ത്രി വിജിലൻസിന്റെ അന്വേഷണം നേരിടുന്നത് അസംബന്ധമായി തോന്നും. അങ്ങനെയുള്ള അന്വേഷണങ്ങൾക്ക് വിശ്വാസ്യതയുണ്ടാകില്ല. അത് വെറുമൊരു പ്രഹസനമായി മാറും. ഇതേ തുടർന്നാണ് വിജിലൻസ് അന്വേഷണം ഉണ്ടായപ്പോൾ മന്ത്രി കെ.എം. മാണിക്ക് രാജിവെക്കേണ്ടിവന്നത്.

‘നിയമത്തിന്‌ മുന്നിൽ എല്ലാവരും തുല്യർ
നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരാണ്. മുഖംനോക്കാതെ നിഷ്‌പക്ഷവും നിർഭയവുമായ നീതി നിർവഹണം. പക്ഷേ, കേരള ഹൈക്കോടതിയെ കളങ്കപ്പെടുത്തിയ ഒരു സംഭവത്തിലേക്ക് ജസ്റ്റിസ് െകമാൽ പാഷ വിരൽചൂണ്ടി. കർദിനാൾ മാർ ആലഞ്ചേരിക്കെതിരേ ഹൈക്കോടതിയിൽ ഹർജി വന്നപ്പോൾ അദ്ദേഹത്തിെൻറ ബെഞ്ചിലാണ് പരിഗണനയെത്തിയത്. ഭൂമി ഇടപാടിൽ കർദിനാളിന് എതിരേ വിശ്വാസവഞ്ചന ആരോപിക്കപ്പെട്ട സംഭവം.  കർദിനാളിന്റെ നടപടിക്ക് എതിരേ ജസ്റ്റിസ് കെമാൽ പാഷ നടത്തിയ പരാമർശങ്ങൾ പത്രമാധ്യമങ്ങൾ പ്രാധാന്യം നൽകി പ്രസിദ്ധീകരിച്ചു. കർദിനാളിന് കോടതി കയറേണ്ടിവന്നത് കേരളചരിത്രത്തിൽ ആദ്യമായിരുന്നു. ജനങ്ങൾ ആകാംക്ഷയോടെ കേസ് നിരീക്ഷിച്ചു.  

പക്ഷേ, അപ്രതീക്ഷിതമായ ഒന്ന് സംഭവിച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ കർദിനാൾ എതിർകക്ഷിയായ കേസ് കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് കെമാൽ പാഷയെ മാറ്റിക്കൊണ്ട് ഹൈക്കോടതിയുടെ ഭരണവിഭാഗം ഉത്തരവിട്ടു. ജഡ്ജിമാർ പരിഗണിക്കേണ്ട കേസുകളിലെ വിഷയങ്ങൾ ഏതൊക്കെയാണെന്ന് തീരുമാനിക്കാനുള്ള പൂർണ അധികാരം ചീഫ് ജസ്റ്റിസിനാണ്. എന്നാൽ, ഇങ്ങനെയുള്ള മാറ്റം എപ്പോഴും ഉണ്ടാകാറില്ല. അതിന് നിശ്ചിത സമയം വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ, ഈ  നടപടിയിൽ അസാധാരണമായിട്ടൊന്നുമില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഭരണവിഭാഗം വിശദീകരിച്ചത്. 

പക്ഷേ, ചീഫ് ജസ്റ്റിസിന്റെ നടപടി തികച്ചും അസാധാരണമായ ഒന്നായി കാണപ്പെട്ടു. ഇങ്ങനെയുള്ള മാറ്റം തികച്ചും അനവസരത്തിലുള്ളതായിരുന്നുവെന്ന് ജസ്റ്റിസ് കെമാൽ പാഷ തുറന്നടിച്ചു: ‘‘നീതിപീഠവുമായി ബന്ധപ്പെട്ടവർക്ക് അറിയാം. ഇത് നീതിപീഠത്തെ കളങ്കപ്പെടുത്തിയ ഒരു നടപടിയായിരുന്നു. ബാഹ്യപ്രേരണകൾക്ക് വിധേയമായി ചീഫ് ജസ്റ്റിസ് ചെയ്തതാകാം.’’  ഈ മാറ്റം ജനങ്ങൾ ശ്രദ്ധിച്ചു. അതിന് ഉദാഹരണം അദ്ദേഹംതന്നെ വ്യക്തമാക്കി. വീട്ടിൽ മത്സ്യം വിൽക്കാൻ വരുന്ന ഒരു സ്ത്രീ ചോദിച്ചു: ‘‘കർദിനാളിന്റെ കേസ് കേൾക്കുന്നതിൽനിന്ന് ജസ്റ്റിസ് കെമാൽ പാഷയെ മാറ്റിയെന്ന് കേട്ടു?’’  

‘‘സമൂഹത്തിൽ ഇങ്ങനെ പ്രതികരിക്കാൻ ആളുകളുണ്ട്. ഇത്തരത്തിലുള്ള പ്രതികരണങ്ങളുടെ ആഴവും പരപ്പും വർധിച്ച്, ജനങ്ങളുടെ കൂട്ടായ്മയ്ക്ക് ശക്തികിട്ടിയാൽ സമൂഹത്തിലെ അഴിമതികൾക്കെതിരേ പോരാട്ടം അർഥവത്താക്കാൻ കഴിയും.’’ -അദ്ദേഹം പറഞ്ഞു.‘‘മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒരു കുറ്റകൃത്യം, കൊലപാതകം നടന്നാൽ പ്രതിക്ക് കഠിനശിക്ഷ നൽകിയേ തീരൂ. അവിടെ ശിക്ഷാരീതി ഉദാരമാക്കണമെന്ന ആശയങ്ങൾക്ക് പ്രസക്തിയില്ല. ഇവിടെ കർദിനാളിന് എതിരേ വിശ്വാസികളുടെ ഗൗരവപ്പെട്ട ആരോപണം ഉണ്ടായാൽ എന്താണ് ചെയ്യേണ്ടത്? കർദിനാളായാലും നിയമത്തിന്റെ മുന്നിൽ നിൽക്കണം. അദ്ദേഹം ഈ നാട്ടിലെ പൗരനാണ്. ഇവിടത്തെ നിയമങ്ങളാണ് ബാധകം. അല്ലാതെ, റോമിലെ നിയമങ്ങളല്ല. ഇവിടെ നീതിപീഠം മുഖം നോക്കാതെയാണ് നടപടിയെടുത്തത്’’ -ജസ്റ്റിസ് കെമാൽ പാഷ പ്രതികരിച്ചു.  

‘നീതിനിർവഹണ മൂല്യങ്ങൾ തകർക്കരുത്‌
ജഡ്ജി നിയമനത്തിൽത്തന്നെ നമ്മുടെ നാട്ടിൽ, മൂല്യങ്ങൾ കീഴ്‌മേൽ മറിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥിതിയാണ്.  -ജസ്റ്റിസ് കെമാൽ പാഷ തുറന്നുപറഞ്ഞു. ‘‘യോഗ്യതയുള്ളവർക്ക് സ്ഥാനങ്ങൾ ലഭിക്കുന്നില്ല.’’
‘‘കേരള ഹൈക്കോടതിയിൽ ജഡ്ജിമാരായി നിയമിക്കപ്പെടാൻ യോഗ്യതയുള്ളവരുടെ പാനൽ ഈയിടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതി തയ്യാറാക്കിയതായി പത്രമാധ്യമങ്ങളിൽ കണ്ടു. അതിൽ ചിലരെയൊക്കെ പല ജഡ്ജിമാർ പോലും കണ്ടിട്ടേയില്ല.   ജാതി, മതം, മറ്റു പരിഗണനകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ജഡ്ജിനിയമനം വീതംവയ്ക്കുന്ന സ്ഥിതിയാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്.’’ 
‘‘നീതിനിർവഹണ മൂല്യങ്ങൾ പാടേ തകർക്കുന്ന രീതിയാണിത്. ഫലപ്രദമായ മാർഗങ്ങൾ ജഡ്ജി നിയമനത്തിന് രൂപവത്കരിക്കാൻ സർക്കാരും മുൻകൈയെടുക്കണം.’’

തൃശ്ശൂർ ജില്ലാ ജഡ്ജിയായി സ്ഥാനമേൽക്കാൻ എത്തിയ അവസരത്തിലുണ്ടായ സംഭവം അദ്ദേഹം ഓർമിച്ചു. കോടതി പരിസരത്ത് ചില വാൾപോസ്റ്ററുകൾ കണ്ടു. കോടതി ജീവനക്കാരിൽ ചിലർ കൈക്കൂലി വാങ്ങുന്നതു കണ്ട് കക്ഷികൾ മടുത്തുവെന്നായിരുന്നു പ്രതിഷേധ പോസ്റ്ററുകൾ. ബന്ധപ്പെട്ട വരെയെല്ലാം, അഭിഭാഷകരെയും ക്രിമിനൽ ജുഡീഷ്യൻ സ്റ്റാഫ് സംഘടനാ ഭാരവാഹികളെയും വക്കീൽ ഗുമസ്തന്മാരെയും വിളിച്ച് സംസാരിച്ചു. പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞു. ജില്ലാ ജഡ്ജിയായി സേവനമനുഷ്ഠിച്ച മൂന്നു വർഷക്കാലം കൈക്കൂലി ആരോപണം തലപൊക്കിയതേയില്ല. താൻ ഒരാൾക്ക് അതിന് അറുതിവരുത്താൻ കഴിഞ്ഞു. പക്ഷേ, സമൂഹത്തിലെ, പ്രത്യേകിച്ച് രാഷ്ട്രീയ നേതാക്കളുടെ അഴിമതി ഉന്മൂലനം ചെയ്യാൻ ജനങ്ങളുടെ കൂട്ടായ്മ തന്നെ വേണം അത് ഉണ്ടാവട്ടെ. -ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.