മ്മുടെ സംസ്ഥാനം കോവിഡ് 19ന്റെ വ്യാപനമുണ്ടായിക്കൊണ്ടിരിക്കുന്ന സമയത്താണ് മറ്റൊരു വയോജന ദിനം കൂടി വന്നെത്തുന്നത്. കോവിഡ് ബാധിച്ചാല്‍ ഏറ്റവുമധികം ബാധിക്കുന്ന വിഭാഗമാണ് വയോജനങ്ങള്‍. ആ ഒരു വിഷമസന്ധി ഉണ്ടാക്കാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. ഈ കോവിഡ് കാലത്തും വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നല്‍കികൊണ്ട് സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്.

ഈ വര്‍ഷത്തെ വയോജന ദിനത്തില്‍ സുരക്ഷയെ മുന്‍നിര്‍ത്തി ഒത്തുചേരല്‍ ഒഴിവാക്കി എല്ലാവര്‍ക്കും ഓണ്‍ലൈനില്‍ ബന്ധപ്പെടാന്‍ കഴിയും വിധമാണ് പരിപാടികള്‍ നടത്തുന്നത്. കേരളത്തിലെ 14 ജില്ലകളിലും വയോജന സെല്ലിനോട് അനുബന്ധിച്ച് വയോജന കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വയോജന കോള്‍ സെന്ററുകള്‍ വയോജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി രാവിലെ 6 മുതല്‍ രാത്രി 10 വരെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. വയോജന കോള്‍ സെന്ററുകള്‍ വഴി വയോജനങ്ങളെ അങ്ങോട്ട് വിളിച്ച് അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ് പരിഹരിക്കുന്നു.

ഒക്ടോബര്‍ ഒന്ന് വയോജന ദിനത്തിനോട് അനുബന്ധിച്ച് ഓണ്‍ലൈനില്‍ എല്ലാ ജില്ലകളിലും ജില്ലാതല വയോജന കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കു ന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. വയോജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് എല്ലാ പഞ്ചായത്തുകളും വാര്‍ഡുതല കമ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ ആരംഭിക്കുന്നതിന് പഞ്ചായത്തുകളല്‍ക്ക് നിര്‍ദേശം നല്‍കുക, ഈ കമ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പില്‍ സായംപ്രഭ ഹോം ജീവനക്കാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍, കുടുംബശ്രീ, എന്‍.എസ്.എസ്., നെഹ്റു യുവകേന്ദ്ര വോളണ്ടിയര്‍മാര്‍, പാലിയേറ്റീവ് പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തുക, ഓരോ ജില്ലയിലും പ്രവര്‍ത്തിച്ചു വരുന്ന സായംപ്രഭ ഹോമുകളുടെ പ്രവര്‍ത്തനം വിലയിരുത്തി മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുക, റിവേഴ്സ് ക്വാറന്റൈന്‍ പ്രതികൂലമായി ബാധിച്ചിട്ടുള്ള വയോജനങ്ങള്‍ക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നല്‍കുന്നതിനും ഒറ്റപ്പെട്ടു താമസിക്കുന്ന വയോജനങ്ങള്‍ക്ക് മരുന്നും അവശ്യവസ്തുക്കളും ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുക എന്നിവയാണ് ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്.

ഇതുകൂടാതെ ഓണ്‍ലൈന്‍ അദാലത്ത് നടത്താനും തീരുമാനിച്ചു. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമത്തിന്റെ അടിസ്ഥാനത്തില്‍ വയോജന ദിനത്തോട് അനുബന്ധിച്ച് മെയിന്റനന്‍സ് ട്രിബ്യൂണലില്‍ കെട്ടികിടക്കുന്ന പരാതികളില്‍ മേല്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തി ലഭ്യമായ പരാതികളിന്മേല്‍ തീര്‍പ്പ് കല്‍പ്പിക്കുകയും പ്രശ്ന പരിഹാരം സാധ്യമാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്.

നാഷണല്‍ ആക്ഷന്‍ പ്ലാന്‍ ഫോര്‍ സീനിയര്‍ സിറ്റിസണ്‍ പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ എന്നിവയില്‍ നിന്ന് എല്ലാ ജില്ലകളിലും ഒരു എന്‍.ജി.ഒയ്ക്ക് വീതം അവാര്‍ഡ് നല്‍കുന്നതിന് തീരുമാനിച്ചു.

വയോജന ജനസംഖ്യയില്‍ ഏറ്റവും മുന്നിലുള്ള സംസ്ഥാനമാണ് കേരളം. ജീവിതശൈലീ രോഗമുള്ളവരും കേരളത്തില്‍ കൂടുതലാണ്. ആയതിനാല്‍ കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ മരണം പേടിച്ചതും കേരളത്തിലാണ്. എന്നിട്ടും നാം നടത്തിയ നിരന്തരമായ ജാഗ്രതയോട് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് മരണനിരക്ക് 0.39ല്‍ താഴ്ത്താന്‍ കഴിഞ്ഞത്. അതേസമയം ലോകത്തിലെ മരണ നിരക്ക് 3.4 ഉം, ഇന്ത്യയിലെ മരണ നിരക്ക് 1.8 ഉം, അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലേത് 1.60 ഉം കര്‍ണാടകത്തിലേത് 1.50 ഉം ആണ്.

കോവിഡ് ബാധിച്ച് മരിച്ചവരില്‍ 80 ശതമാനവും വയോജനങ്ങളാണ്. 60 വയസിന് മുകളിലുള്ളവര്‍ നിരവധി അസുഖങ്ങളുള്ളവരുമാണ്. 20 ശതമാനം ചെറുപ്പക്കാരുള്‍പ്പെടെയുള്ളവരാണ് മരണമടഞ്ഞത്. എന്നാല്‍ കോവിഡ് പോസിറ്റീവ് ആയ ആളുകളുടെ എണ്ണത്തില്‍ 50 ശതമാനത്തിലേറെ 40 വയസില്‍ താഴെയുള്ളവരാണ്. മാനദണ്ഡങ്ങള്‍ ലംഘിച്ച് പെരുമാറുന്നവര്‍ക്ക് രോഗം പിടിപെടുകയും അവര്‍ മറ്റുള്ളവരിലേക്ക് രോഗം പകര്‍ത്തി അപകടമുണ്ടാക്കുകയും ചെയ്യുന്നു. നല്ല പ്രതിരോധശേഷിയുള്ളവര്‍ കോവിഡിനെ അതിജീവിക്കും. അവരില്‍ നിന്നും പ്രയമുള്ളവരും മറ്റ് അസുഖങ്ങളുള്ളവരുമായ കുടുംബാംഗങ്ങളിലേക്ക് രോഗം പകര്‍ന്നാല്‍ മരണ കാരണമായേക്കാം. ഒരിക്കലും പ്രാഥമിക സമ്പര്‍ക്കം പാടില്ല. അതിനാലാണ് സംസ്ഥാനത്ത് റിവേഴ്സ് ക്വാറന്റൈന്‍ ശക്തമായി നടപ്പാക്കുന്നത്.

കോവിഡിന്റെ ആരംഭ സമയത്ത് തന്നെ വയോജന സംരക്ഷണത്തിനായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസനം, തദ്ദേശസ്വയംഭരണം, പോലീസ് തുടങ്ങിയ വകുപ്പുകള്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. അങ്കണവാടി ജീവനക്കാരുടെ സഹായത്തോടെ വയോജനങ്ങളുടെ സുരക്ഷ മുന്നില്‍ കണ്ട് 47 ലക്ഷം വയോജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയും മറ്റ് വകുപ്പുകളുടെ സഹകരണത്തോടെ അവര്‍ക്കാവശ്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തുവരുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഗ്രാന്റ് കെയര്‍ പദ്ധതി പ്രകാരം വയോജന സംരക്ഷണ കേന്ദ്രങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വയോജന സംരക്ഷണ കേന്ദ്രങ്ങളില്‍ താമസിക്കുന്ന വയോജനങ്ങളുടെ നിലവിലെ സ്ഥിതി ആരോഗ്യ, സാമൂഹ്യനീതി, വനിത ശിശുവികസനം എന്നീ വകുപ്പുകളുടെയും കുടുംബശ്രീ മിഷന്റേയും നേതൃത്വത്തില്‍ വയോജനങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കി വരുന്നു. ആരോഗ്യ വകുപ്പും എന്‍എച്ച്എമ്മും സാമൂഹ്യനീതി വകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും സഹകരിച്ചാണ് പരിശോധനകള്‍ നടത്തുന്നത്.

കോവിഡ് പരിശോധന നടത്തുമ്പോള്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥാപനങ്ങളെ സി.എഫ്.എല്‍.ടി.സി. ആക്കി മികച്ച പരിചരണം ഉറപ്പ് വരുത്തുന്നു. ഒന്നോ രണ്ടോ കേസുകള്‍ മാത്രമുണ്ടെങ്കില്‍ അവരെ തൊട്ടടുത്തുള്ള സി.എഫ്.എഎല്‍.ടി.സി.യിലേക്ക് മാറ്റുന്നു. ഇവിടെ ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തുന്നു. മാത്രമല്ല എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അവരെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യുന്നു

കെയര്‍ ഹോമിന് പുറത്തുള്ള വയോജനങ്ങളുടെ കേസുകള്‍ പരിശോധിക്കുന്നതിന് ഗ്രാന്റ് കെയര്‍ പദ്ധതിയുടെ ഭാഗമായ ആപ്പ് സഹായകരമാണ്. പഞ്ചായത്ത് ബ്ലോക്ക് തലത്തില്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, സിഡിപിഒ എന്നിവര്‍ കണ്‍സള്‍ട്ടന്റായി മോണിറ്റര്‍ ചെയ്ത് 47 ലക്ഷം വയോജനങ്ങളേയും സമീപിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നു. കൂടാതെ ജില്ലാ തലത്തില്‍ പ്രോഗ്രാം ഓഫീസര്‍മാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ഡി.എം.ഒ.യുടെ പ്രതിനിധി, കുടുംബശ്രീയുടെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, വയോമിത്രം കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ സംയുക്തമായി നിരീക്ഷിച്ച് എല്ലാ ദിവസവും രാവിലേയും വൈകുന്നേരവും കണക്കുകള്‍ പരിശോധിച്ചുവരുന്നു.

കോവിഡ് കാലത്ത് വയോജനങ്ങളുടെ ശാരീരികാരോഗ്യം പോലെ തന്നെ പ്രാധാന്യമാണ് മാനസികാരോഗ്യവും. അതിനുതകുന്ന പദ്ധതികളാണ് ആവിഷ്‌ക്കിച്ചു വരുന്നത്. മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയുമായി ചേര്‍ന്ന് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വയോജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പ് വരുത്തുന്നു. വയോജന കേന്ദ്രങ്ങള്‍ക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനം സംബന്ധിച്ച പരിശീലനവും ബോധവത്ക്കരണവും നല്‍കിവരുന്നു. വയോജനങ്ങളെ കോവിഡ് കാലത്ത് പരിചരിക്കുന്നത് സംബന്ധിച്ച എസ്.ഒ.പി.യും തയ്യാറാക്കിയിട്ടുണ്ട്. ലോക്ഡൗണ്‍ കാലയളവില്‍ 16 ലക്ഷത്തോളം വയോജനങ്ങള്‍ക്കും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കുമാണ് ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ വിതരണം ചെയ്തത്.

കോവിഡ് കാലത്ത് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വയോമിത്രം പദ്ധതിയിലൂടെ വയോജനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കികൊണ്ടുള്ള പ്രവര്‍ത്തങ്ങളും നടന്നു വരികയാണ്. വയോജനങ്ങള്‍ക്ക് വൈദ്യ സഹായവും മരുന്ന് വിതരണം ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. പ്രത്യേകമായി ശ്രദ്ധ നല്‍കേണ്ടുന്ന വയോജനങ്ങള്‍ക്ക് മാതൃക റിവേഴ്സ് കോറന്റൈന്‍ സെന്റര്‍ തിരുവനന്തപുരം വള്ളക്കടവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വയോജനങ്ങള്‍ക്ക് വേണ്ടുന്ന ആദരവും ആരോഗ്യ മാനസിക പരിചരണം ഉറപ്പു വരുത്തേണ്ടത് നമ്മുടെ കടമയാണ്. എല്ലാവര്‍ക്കും താമസ സൗകര്യം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനം നടത്തുന്നു. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വഴി 55 ലക്ഷം വയോജനങ്ങള്‍ക്ക് പ്രതിമാസം 1200 രൂപ ക്ഷേമ പെന്‍ഷന്‍ ഉറപ്പാക്കുന്നു. ഇതിന് പുറമെയാണ് ആരോഗ്യ മാനസിക പരിചരണം ഉള്‍പ്പെടെയുള്ള സായംപ്രഭ പദ്ധതി, മന്ദഹാസം, വയോമധുരം, സെക്കന്റ് ഇന്നിങ്ങ്സ് ഹോം തുടങ്ങിയ നിരവധി സമഗ്ര പദ്ധതികള്‍ വയോജനങ്ങള്‍ക്കായി നടപ്പിലാക്കുന്നത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കൃത്രിമ ദന്തനിര സൗജന്യമായി വച്ചുകൊടുക്കുന്ന പദ്ധതിയാണ് മന്ദഹാസം. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമായും പതിവായും നിരീക്ഷിക്കുന്നതിന് ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയാണ് വയോമധുരം. ദമ്പതികളായ വയോജനങ്ങള്‍ക്ക് ഒരുമിച്ച് കഴിയാന്‍ ആധുനിക സജ്ജീകരണങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന താമസ സൗകര്യം ഒരുക്കുന്ന പദ്ധതിയാണ് സെക്കന്റ് ഇന്നിങ്ങ്സ് ഹോം.

വയോജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കേരള സാമൂഹ്യസുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് വയോമിത്രം. കേരളം വയോജനക്ഷേമ രംഗത്ത് ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നേറിയിട്ടുണ്ട്. വയോജനങ്ങളുടെ ആനുപാതികമായ വര്‍ദ്ധനവിനനുസൃതമായി അവരെ പുനരധിവസിപ്പിക്കാനും, അവരുടെ സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനും, സാമൂഹ്യനീതി വകുപ്പും കേരള സാമൂഹ്യ സുരക്ഷാ മിഷനും ഒട്ടേറെ നൂതന പദ്ധതിള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. അതില്‍ ഏറ്റവും മുഖ്യപങ്കു വഹിക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് വയോമിത്രം.

65 വയസിന് മുകളില്‍ പ്രായമുള്ള നഗരപ്രദേശത്ത് വസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് മൊബൈല്‍ ക്ലിനിക്കിലൂടെ സൗജന്യ ചികിത്സ, സൗജന്യ മരുന്ന്, കൗണ്‍സിലിംഗ്, പാലിയേറ്റീവ് കെയര്‍, ഹെല്‍പ്പ് ഡെസ്‌ക് എന്നീ സേവനങ്ങള്‍ നല്‍കി ആരോഗ്യ സുരക്ഷ നല്‍കുന്ന പദ്ധതിയാണിത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 42 നഗര പ്രദേശത്ത് നടപ്പാക്കി വന്നിരുന്ന ഈ പദ്ധതി സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശത്തും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 49 നഗരസഭാ പ്രദേശത്തും 3 ബ്ലോക്ക് പഞ്ചായത്തിലും കൂടി ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ 94 വയോമിത്രം യൂണിറ്റുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ എല്ലാ ജില്ലയിലെയും ഓരോ ബ്ലോക്ക് പഞ്ചായത്തില്‍ വീതം പദ്ധതി ആരംഭിക്കുന്നതിനുളള നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഈ പദ്ധതിയ്ക്കായി 8918 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. വയോമിത്രം വയോജനങ്ങളുടെ മാനസിക ഉല്ലാസങ്ങളും, അവരുടെ സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കാനാവശ്യമായ കലാവിരുന്നുകളും അവരുടെ മാനസിക ഉല്ലാസത്തിനുതകുന്ന പരിപാടികളും സംഘടിപ്പിച്ചു വരുന്നു.

വയോജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേമസേവനമാണ് ആരോഗ്യ സംരക്ഷണം. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ക്ലിനിക്കുകള്‍ വയോജനങ്ങളുടെ സാമൂഹ്യ സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ പ്രചാരകരാകുന്നു. എല്ലാ ദിവസങ്ങളിലും നഗരസഭകളുടെ പ്രതിദിന ചലനാത്മക പ്രവര്‍ത്തനങ്ങളില്‍ വയോമിത്രം പദ്ധതി ഇന്ന് നിര്‍ണായകമായ പങ്ക് വഹിക്കുന്നു. രണ്ടാംഘട്ടമെന്ന നിലയില്‍ വയോമിത്രം പദ്ധതി കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും വ്യാപകമാക്കാനാണ് ശ്രമിക്കുന്നത്. വയോജനക്ഷേമ പ്രവര്‍ത്തനം എല്ലാ ഗ്രാമങ്ങളിലും ജന പങ്കാളിത്വത്തോടെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷനിലൂടെ എത്തിക്കാനുള്ള തീവ്രയത്നത്തിലാണ് സര്‍ക്കാര്‍.

താങ്ങാനാകാത്ത ചികിത്സച്ചെലവ് രോഗാതുരത വര്‍ധിപ്പിക്കുന്നു. ഇവിടെയാണ് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് രോഗപ്രതിരോധം, ചികിത്സ, പുനരധിവാസം എന്നീ രംഗങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്.

പദ്ധതിപ്രകാരം വയോജനങ്ങള്‍ക്ക് മാസത്തില്‍ രണ്ടുതവണ മൊബൈല്‍ ക്ലിനിക്കിന്റെ സേവനം ലഭ്യമാകുന്നുണ്ട്. നഗരപ്രദേശത്തെ രണ്ടോ മൂന്നോ വാര്‍ഡുകള്‍ക്ക് ഒരു ക്ലിനിക്ക് എന്ന രീതിയിലാണ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ഡോകടര്‍, ഒരു സ്റ്റാഫ് നഴ്സ്, ഒരു ജൂനിയര് പബ്ലിക് ഹെല്‍ത്ത് നേഴ്സ് എന്നിവരുടെ സേവനം ക്ലിനിക്കില്‍ നിന്നും ലഭിക്കുന്നുണ്ട്. പ്രതിമാസം രണ്ടരലക്ഷം പേര്‍ക്കാണ് വൈദ്യസഹായം ലഭ്യമാക്കുന്നത്.

ഇങ്ങനെ കേരളം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും മികച്ച വയോജന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരം 2017 ല്‍ കേരളത്തിന് ലഭിച്ചു. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് ആവിഷ്‌കരിച്ച വളരുന്ന കേരളം, വളര്‍ത്തിയവര്‍ക്ക് ആദരം എന്ന പ്രചാരണ പരിപാടിയാണ് ഈ നേട്ടത്തിന് അര്‍ഹമാക്കിയത്. വയോജനങ്ങള്‍ക്കായി നടത്തുന്ന പദ്ധതികള്‍ പൂര്‍ണതയിലെത്തിക്കാന്‍ ഓരോ കുടുംബത്തിന്റേയും സമൂഹത്തിന്റേയും പിന്തുണ ആവശ്യമാണ്. നമ്മളെ വളര്‍ത്തി വലുതാക്കിയവരെ സംരക്ഷിക്കുക എന്ന വലിയ ദൗത്യം ഈ വയോജന നാളില്‍ നമുക്ക് സ്വീകരിക്കം.