വിവര സാങ്കേതികവിദ്യ നിയമത്തിലെ 66 എ വകുപ്പും അതിന് സമാനമായ കേരള പോലീസ് ആക്ടിലെ 118(ഡി) വകുപ്പും ഭരണഘടനാ വിരുദ്ധമാണെന്ന കാരണത്താൽ ശ്രേയ സിംഘൽ V/s യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീം കോടതി റദ്ദാക്കിയതോടുകൂടി വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയാൻ രാജ്യത്ത് ഫലപ്രദമായ നിയമം ഇല്ലാതായി. പ്രസ്തുതവിധിയോടുകൂടി വിവരസാങ്കേതികവിദ്യാനിയമം പല്ലുകൊഴിഞ്ഞ സിംഹമായി മാറുകയും രാജ്യം സൈബർ വേട്ടക്കാരുടെ വിളനിലമായിത്തീരുകയും ചെയ്തു. സാധാരണക്കാരൻതൊട്ട് രാജ്യത്തെ ഉന്നതസ്ഥാനീയർ വരെയുള്ളവർ വിവിധ തരം സൈബർ കുറ്റങ്ങളുടെ ഇരകളാവുമ്പോൾ വിവര സാങ്കേതികവിദ്യ നിയമത്തിലെ അവശേഷിക്കുന്ന വകുപ്പുകളും ഇന്ത്യൻ പീനൽ കോഡിലെ മറ്റ് വകുപ്പുകളും ചേർത്ത് പോലീസ് രജിസ്റ്റർ ചെയ്യുന്ന പല കേസുകളും ഫലപ്രദമല്ലെന്ന തിരിച്ചറിവ്
ഇത്തരം കുറ്റകൃത്യങ്ങൾ വലിയൊരളവോളം വർധിക്കാൻ കാരണമായിട്ടുണ്ട്.

വെറും 94 വകുപ്പുകൾ മാത്രമുണ്ടായിരുന്ന 2000-ലെ വിവരസാങ്കേതികവിദ്യാ നിയമം 2008-ൽ സമഗ്രമായി ഭേദഗതി ചെയ്തു. നിലവിലുണ്ടായിരുന്ന 74 വകുപ്പുകളും മാറ്റിയെഴുതുകയും 15 പുതിയ നിർവചനങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. മൊത്തം 120 വകുപ്പുകളുള്ള വിശാലനിയമമാക്കി. പ്രസ്തുത ഭേദഗതിയോടുകൂടി ഇന്ത്യൻ പീനൽ കോഡും ഇന്ത്യൻ തെളിവുനിയമവും ഭേദഗതി ചെയ്യുകയും അപ്രകാരം 2009 ക്ടോബർ 27-ാം തീയതി പ്രാബല്യത്തിൽവന്ന നിയമത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വകുപ്പായിരുന്നു 66 എ.

വകുപ്പിന്റെ ഉള്ളടക്കം

ഒരു കംപ്യൂട്ടർ ഉപയോക്താവ് സാധാരണ ചെയ്യാൻ സാധ്യതയുള്ളതും എന്നാൽ, ദുരുദ്ദേശ്യപൂർവം ചെയ്യുന്നതും മാരകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമായ കുറ്റങ്ങളെ സംബന്ധിച്ച 66 എ വകുപ്പിന്റെ വിശദാംശങ്ങൾ പ്രായോഗികതലത്തിൽ പരിശോധിക്കുമ്പോൾ പ്രസ്തുത വകുപ്പ് ഭരണഘടനാവിരുദ്ധമെന്ന കാരണത്താൽ റദ്ദ് ചെയ്തത്  നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ബോധ്യമാവും.

വാസ്തവവിരുദ്ധമാണെന്നറിഞ്ഞുകൊണ്ട് കംപ്യൂട്ടർ വഴിയോ മറ്റ് ഡിജിറ്റൽ വിനിമയ മാർഗേനയോ  കോപജനകമായതും മറ്റുള്ളവരെ ശല്യപ്പെടുത്തുന്നതുമായ സന്ദേശങ്ങളയക്കുന്നതോ, മറ്റുള്ളവരെ അപകടപ്പെടുത്തുന്നതും നിന്ദിക്കുന്നതും ആക്ഷേപാർഹമായതും അപമാനിക്കുന്നതും വ്രണപ്പെടുത്തുന്നതും അവരിൽ ശത്രുതയും വെറുപ്പും വിദ്വേഷവുമുണ്ടാക്കുന്നതുമായ വ്യാജ സന്ദേശമയക്കുന്നതും ദാതാവിനെ തിരിച്ചറിയാനുള്ള ഉറവിടം മറച്ചു വെച്ച് തെറ്റിദ്ധരിപ്പിച്ച്  ഇ-മെയിൽ  വഴി അസൗകര്യവും ശല്യവും ഉണ്ടാക്കുന്ന സന്ദേശമയക്കുന്നതും മൂന്നുവർഷം വരെ തടവുംപിഴയും ചുമത്താവുന്ന കുറ്റമായാണ് 66 എ വകുപ്പ് വ്യവസ്ഥ ചെയ്തിരുന്നത്.

സുപ്രീംകോടതിയുടെ നിഗമനം

ഭരണഘടനയുടെ 19(1) അനുച്ഛേദമനുസരിച്ചുള്ള മൗലികാവകാശങ്ങളെ ന്യായയുക്തമായ കാരണങ്ങൾവഴി നിയന്ത്രിച്ചുകൊണ്ട് നിയമം നിർമിക്കാൻ സ്റ്റേറ്റിന് അധികാരം നൽകുന്ന എട്ട് കാരണങ്ങളുടെ പരിധിയിൽപ്പെടാത്തതാണ് 66 എ വകുപ്പിന്റെ ഉള്ളടക്കമെന്നതാണ് അത്‌ റദ്ദ് ചെയ്യാൻ സുപ്രീംകോടതി എത്തിച്ചേർന്ന നിഗമനം. ഭരണഘടനയുടെ ഒന്നാം ഭേദഗതി പ്രകാരം 19(1)ാം അനുച്ഛേദത്തിൽ എഴുതിച്ചേർത്ത ഉപവകുപ്പനുസരിച്ച് ഭാരതത്തിന്റെ പരമാധികാരം, അഖണ്ഡത എന്നിവയോ, രാജ്യത്തിന്റെ സുരക്ഷിതത്വമോ വിദേശരാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധങ്ങളോ പൊതുസമാധാനമോ സഭ്യതയോ സന്മാർഗികതയോ  സംബന്ധിച്ച കാര്യങ്ങൾക്കായോ കോടതിയലക്ഷ്യത്തെയോ അപകീർത്തിയെയോ കുറ്റം ചെയ്യാനുള്ള പ്രേരണയെയോ സംബന്ധിച്ച കാരണങ്ങളാലോ മൗലികാവകാശങ്ങളുടെമേൽ ന്യായയുക്തമായ നിയന്ത്രണങ്ങൾ ചുമത്തിക്കൊണ്ട് നിയമംനിർമിക്കാൻ സ്റ്റേറ്റിന് ഭരണഘടന അധികാരം നൽകുന്നുണ്ട്.

വ്യക്തികളെ അപകീർത്തിപ്പെടുത്തിയും നാട്ടിൽ നടക്കുന്ന പല സംഭവങ്ങളും തെറ്റായി ചിത്രീകരിച്ച് ജനങ്ങളിൽ വിദ്വേഷവും ശത്രുതയും സൃഷ്ടിക്കാൻ കഴിയുംവിധം ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വന്നുകൊണ്ടിരിക്കുന്ന തെറ്റിദ്ധാരണാജനകവും  വാസ്തവവിരുദ്ധവുമായ പോസ്റ്റുകൾ, വിവിധതരം കുറ്റങ്ങൾചെയ്യാൻ പോലും ജനങ്ങൾക്ക് പ്രേരകമായിട്ടുണ്ടെന്ന് അടുത്തകാലത്ത് രാജ്യത്തുണ്ടായ വിവിധസംഭവങ്ങളിൽനിന്ന് തെളിഞ്ഞിട്ടുണ്ട്. മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളെപ്പോലും അദ്‌ഭുതപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത വാട്‌സാപ്പ് ഹർത്താലും അതിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയ സംഘട്ടനങ്ങളും ആക്രമണങ്ങളും കവർച്ചയും ഏവരെയും ഞെട്ടിച്ച സംഭവങ്ങളായിരുന്നു. ഒരു സന്ദേശം വഴി മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നുവെങ്കിലോ അത്തരം സന്ദേശം മറ്റുള്ളവരെ ആക്രമണത്തിന് പ്രേരിപ്പിക്കുന്നുവെങ്കിലോ അവ കുറ്റകൃത്യം ചെയ്യാൻ പ്രേരണ നൽകുന്നുവെന്ന കാരണത്താൽതന്നെ 66 എ വകുപ്പിന്റെ ഭരണഘടനാപരമായ സാധുത ശരിവെക്കേണ്ടതാണ്.

പ്രസക്തമായ വാദങ്ങൾ

കംപ്യൂട്ടറും ഇന്റർനെറ്റും ഉപയോഗിച്ച് സാമൂഹികമാധ്യമങ്ങൾ വഴി നടത്താൻ സാധ്യതയുള്ള കുറ്റകൃത്യങ്ങളെ സംബന്ധിച്ചും അവ രാജ്യത്തുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ശ്രേയാ സിംഘൽ കേസ് വാദത്തിനിടെ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ഉന്നയിച്ച വാദങ്ങൾ ഇപ്പോഴും പ്രസക്തമാണ്. അച്ചടിമാധ്യമങ്ങൾക്ക് എത്തിപ്പെടാൻ അതിർവരമ്പുകളുണ്ടെന്നും ഒരു സംസ്ഥാനത്ത് അല്ലെങ്കിൽ ഒരു രാജ്യത്തിനകത്ത് അല്ലെങ്കിൽ നിശ്ചയിക്കപ്പെടുന്ന രാജ്യങ്ങളിലാണ്‌ പ്രചാരവും വിതരണവും എന്നും എന്നാൽ, ഇന്റർനെറ്റ് വഴിയുള്ള വിനിമയങ്ങളുടെ അതിര് ഭൂലോകം മുഴുവനുമാണെന്നും അതിനാൽ  അതിൽക്കൂടി നടത്തുന്ന അപകീർത്തികരമോ അപായകരമോ ആയ  സന്ദേശത്തിന്റെ വിനിമയം മാരകമാണെന്നുമായിരുന്നു കേന്ദ്ര സർക്കാറിന്റെ പ്രധാനവാദം. അച്ചടിമാധ്യമങ്ങളുടെ കൈപ്പറ്റുകാർ സാക്ഷരസമൂഹം മാത്രമാണെങ്കിൽ ഇന്റർനെറ്റ് വഴിയുള്ള ആക്ഷേപാർഹമായ വീഡിയോയും പോസ്റ്റുകളും സാക്ഷരരും നിരക്ഷരരുമായ ജനങ്ങളിൽ ആകമാനം എത്തിക്കാൻ ഒരു വ്യക്തിയുടെ വിരൽത്തുമ്പിന് കഴിയുമെന്നും  കേന്ദ്രസർക്കാർ ഉന്നയിച്ചിട്ടുണ്ടായിരുന്നു.

മാധ്യമങ്ങളുടെ വ്യത്യാസം

സിനിമ, ടെലിവിഷൻ എന്നീ മാധ്യമങ്ങളിൽകൂടി പ്രേക്ഷകർക്ക് അപകടകരവും സാമൂഹിക താത്‌പര്യങ്ങൾക്ക് വിരുദ്ധമായതുമായ കാര്യം  പ്രദർശിപ്പിക്കുന്നില്ലെന്ന്  ഉറപ്പാക്കാൻ  പ്രീ സെൻസർഷിപ്പ് ഉണ്ട്.  എന്നാൽ, ഇന്റർനെറ്റിന്റെ കാര്യത്തിൽ ഇതു സാധ്യമല്ല. അച്ചടിമാധ്യമങ്ങളിൽകൂടിയും സിനിമ, ടെലിവിഷൻ എന്നിവയിൽകൂടിയും പ്രസിദ്ധപ്പെടുത്തുന്ന വാർത്തകളും കഥകളും സീരിയലുകളും എല്ലാം മാധ്യമരംഗത്തെ വിദഗ്ധരുടെ സൂക്ഷ്മമായ എഡിറ്റിങ്ങിനും സെൻസർബോർഡിന്റെ സൂക്ഷ്മ പരിശോധനയ്ക്കും ശേഷമേ  പ്രസിദ്ധീകരിക്കുകയും പ്രദർശിപ്പിക്കപ്പെടുകയും ചെയ്യുകയുള്ളൂ. എന്നാൽ, സാമൂഹികമാധ്യമങ്ങളിൽകൂടി പുറത്തുവരുന്ന പല ചിത്രങ്ങളും രൂപങ്ങൾ മുറിച്ച് ഒട്ടിച്ച് മോർഫ് ചെയ്തവയാവാനും ശബ്ദം കൃത്രിമമാവാനുമുള്ള സാധ്യതയേറെയാണ്. നൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ചുണ്ടാക്കുന്ന രൂപങ്ങളും വ്യാജവും തെറ്റിദ്ധാരണാജനക മായതുമായ സ്ഥിതിവിവരക്കണക്കുകളും ഒരു ഉത്തരവാദിത്വവുമില്ലാതെ  യാഥാർഥ്യമാണെന്ന് തോന്നിപ്പിക്കുംവിധം സാമൂഹിക മാധ്യമങ്ങളിൽകൂടി പ്രചരിപ്പിക്കുമ്പോൾ ചതിയിൽ വീഴുന്നത് നിരപരാധികളായ ശതകോടി ജനങ്ങളാണ്. സാമൂഹിക മാധ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്ന അത്തരം ഏതെങ്കിലും  വെട്ടിമുറിച്ച് ഒട്ടിച്ച പടം അച്ചടിമാധ്യമങ്ങളിലാണ്‌ വരുന്നതെങ്കിൽ ഉണ്ടായേക്കാവുന്ന നിയമപരമായ പ്രത്യാഘാതങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ.

കേന്ദ്രം ഹർജി നൽകണം

വ്യാജവാർത്തകളും പ്രകോപനപരമായ സന്ദേശങ്ങളും കണ്ടെത്തുന്നതിന് സാങ്കേതിക പരിഹാരമാർഗങ്ങൾ നിർദേശിക്കണമെന്ന് കേന്ദ്രമന്ത്രി  രവിശങ്കർ പ്രസാദ് സാമൂഹികമാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 66 എ വകുപ്പിന് നിയമസാധുത ഇല്ലാതായതോടെ സൈബർ കുറ്റങ്ങൾ പെരുകിയതായും ഒട്ടേറെ സാമൂഹികപ്രശ്നങ്ങൾ സൃഷ്ടിക്കപ്പെട്ടതായും അനുഭവങ്ങളിൽനിന്ന് നാം പഠിച്ചു. 66 എ വകുപ്പിന് സമാനമായ പുതിയ നിയമനിർമാണം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലില്ലാത്ത സാഹചര്യത്തിൽ ശ്രേയാ സിംഘൽ കേസ് പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകണം. സുപ്രീം കോടതിക്ക് തെറ്റ് സംഭവിച്ചാൽ തിരുത്തേണ്ടത് സുപ്രീംകോടതി തന്നെയാണ്. 1950-ൽ പ്രഥമ മൗലികാവകാശ കേസ് എന്ന പേരിൽ അറിയപ്പെടുന്ന എ.കെ. ഗോപാലൻ കേസിൽ 1950-ലെ മദ്രാസ് കരുതൽ തടങ്കൽ  നിയമമനുസരിച്ച് പുറപ്പെടുവിച്ച ഉത്തരവ് ശരിവെച്ചുകൊണ്ട് ആറംഗ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷവിധി 28 വർഷത്തിന് ശേഷം മേനകാഗാന്ധി കേസിൽ സുപ്രീംകോടതി തിരുത്തുകയുണ്ടായി. നിയമംവഴി സ്ഥാപിച്ചിട്ടുള്ള നടപടി ക്രമമനുസരിച്ച് ഏതൊരു വ്യക്തിയുടെയും ജീവനോ വ്യക്തിസാതന്ത്ര്യമോ ഇല്ലാതാക്കാൻ സാധിക്കുമെന്ന് ഭരണഘടനയുടെ 21-ാം അനുച്ഛേദം വ്യാഖ്യാനിച്ചുകൊണ്ട് ഗോപാലൻ കേസിൽ കമ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലനെ കരുതൽ തടങ്കലിൽ വെച്ച ഉത്തരവ് ശരിവെച്ചുകൊണ്ടുള്ള വിധിയാണ് സുപ്രീംകോടതി തന്നെ തിരുത്തിയത്.

(കേരള ഹൈക്കോടതിയിലെ അഭിഭാഷകനും മുൻ കേരള പ്രോസിക്യൂഷൻ ഡയറക്ടർ ജനറലുമാണ് ലേഖകന്‍)