കോൺഗ്രസിൽനിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു എന്ന് ഏറ്റവും പുതുതായി ചൂണ്ടിക്കാട്ടുകയാണ് മഹിളാ കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ്‌ സുഷ്മിത ദേവിന്റെ രാജി. അവർക്കുമുമ്പ് കോൺഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ, ജതിൻ പ്രസാദ, പ്രിയങ്ക ചതുർവേദി എന്നിവരും രാഹുൽ ഗാന്ധിയുടെ അടുത്തവൃത്തങ്ങളിൽപ്പെട്ട യുവനേതാക്കളായിരുന്നു. സൗഹൃദം കൊണ്ടുപോലും പിടിച്ചുനിർത്താനാവാത്ത വിധം നേതാക്കൾ ഭാഗ്യമന്വേഷിച്ച് പാർട്ടിയിൽ നിന്ന്‌ പുറത്തുചാടുകയാണ്. കോൺഗ്രസിൽ ഏതു പദവിയിലേക്കും (അഖിലേന്ത്യാ അധ്യക്ഷ സ്ഥാനം ഒഴികെ; അത് നെഹ്രു കുടുംബത്തിനായി സംവരണം ചെയ്യപ്പെട്ടതാണ്) എത്താവുന്ന വിധം പാർട്ടിയിൽ ഉയർന്നു വന്നവരാണ് അവർ. എന്നിട്ടും എന്തുകൊണ്ടാണ് അവർ കോൺഗ്രസ് വിട്ടുപോകാൻ താത്‌പര്യപ്പെട്ടത്?

ജതിൻ പ്രസാദയും(യു.പി.) ജ്യോതിരാദിത്യ സിന്ധ്യയും (മധ്യപ്രദേശ്) വിട്ടത് ബി.ജെ.പി.യുടെ രാഷ്ട്രീയനീക്കത്തിന്റെ ഫലമായിട്ടാണ്. ബി.ജെ.പി. പാരമ്പര്യമുള്ള സിന്ധ്യ കുടുംബത്തിലെ ഏറ്റവും തിളക്കമുള്ള നേതാവായ ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പി.ക്ക്‌ ഒരു ബിഗ് ക്യാച്ച് ആയിരുന്നു. മധ്യപ്രദേശിലെ കോൺഗ്രസിന്റെ ആഴമുള്ള വേരുകളിലൊന്ന് മുറിക്കുക മാത്രമല്ല, ദേശവ്യാപകമായി കോൺഗ്രസുകാരെ ഒന്നിളക്കുകകൂടി ബി.ജെ.പി.യുടെ ലക്ഷ്യമായിരുന്നു. ബി.ജെ.പി.യുടെ ശ്രമത്തെക്കാളേറെ സ്വന്തം ഭാവിയന്വേഷിച്ചുള്ള തീരുമാനമാണ് ജതിൻ പ്രസാദയുടെ പോക്കിനടിസ്ഥാനം. യു.പി.യിൽ അസംബ്ളി തിരഞ്ഞെടുപ്പു നടക്കാനിരിക്കേ ബ്രാഹ്മണ വിഭാഗത്തിൽ അനുഭാവം നേടാൻ പ്രസാദയുടെ വരവ് ബി.ജെ.പി.ക്ക്‌ പ്രയോജനപ്പെടും എന്ന ഒരു കണക്കുകൂട്ടലുണ്ട്. 

കാരണം

എന്തുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾ ബി.ജെ.പി.യിൽ പോകാൻ താത്‌പര്യം കാണിക്കുന്നത്? ബി.ജെ.പി.യിൽനിന്നുള്ള  പ്രലോഭനത്തെക്കാളേറെ കോൺഗ്രസ് നേതൃത്വത്തിലെ നിഷ്‌ക്രിയതയും പിഴവുകളുമാണ് കാരണം. കോൺഗ്രസുകാർക്ക് ആത്മവിശ്വാസം നൽകാൻ നേതൃത്വത്തിനു കഴിയുന്നില്ല. കോൺഗ്രസ് ഇനി ഭരണത്തിലേക്ക്‌ തിരിച്ചു വരില്ല എന്ന്‌ ഭയമുള്ള നേതാക്കൾ ഏറെയുണ്ട്. ചിലർ ആദായനികുതി റെയ്‌ഡുകളെ ഭയപ്പെടുന്നു. മറ്റു ചിലർ എം.എൽ.എ., എം.പി. കസേരകളിൽ കണ്ണുറച്ചവരാണ്. ഭരണം തിരിച്ചുപിടിക്കാൻ പ്രാപ്തിയുള്ള ഒരു നേതൃത്വത്തെ അവർ കോൺഗ്രസിൽ കാണുന്നില്ല. പിന്നെ തങ്ങൾക്ക്‌ അർഹമായ അംഗീകാരം പാർട്ടിയിൽ ലഭിക്കുന്നില്ലാ എന്ന പരിഭവവും. 

അധികാരത്തിൽനിന്നും വളരെ അകലെയായിപ്പോയ പാർട്ടിയുടെ ശക്തി ഇടിഞ്ഞു പോയി. പാർട്ടിക്കകത്ത് അച്ചടക്കവും ഐക്യവും നിലനിർത്തുന്നതിൽ ഹൈക്കമാൻഡ് ബലഹീനമായി. ആ ബലഹീനത സംസ്ഥാന, ജില്ലാ നേതൃത്വങ്ങളെയും ഗ്രസിച്ചു. പക്ഷേ, ആ പശ്ചാത്തലത്തെ മറികടക്കാൻ 23 പേർ താത്‌കാലികമായെങ്കിലും ധൈര്യം കാണിച്ചു. സോണിയാഗാന്ധി സ്ഥാനമൊഴിഞ്ഞ്  പുതിയ അധ്യക്ഷനെ ചുമതലയേൽപ്പിക്കണമെന്ന് പരോക്ഷമായി ആവശ്യപ്പെട്ടുകൊണ്ടാണ് ആ കോൺഗ്രസ്‌ േനതാക്കൾ കത്തു നൽകിയത്.സമ്പൂർണ സ്തുതിപാഠക സംസ്കാരത്തിൽ ഉറച്ചുപോയ കോൺഗ്രസിനകത്ത് ഇങ്ങനെയൊരു കത്തെഴുതുക ചെറിയ കാര്യമല്ല. കത്ത് പ്രവർത്തക സമിതിയിൽ വിമർശിക്കപ്പെട്ടപ്പോൾ എഴുതിയവരും പിന്തുണച്ചവരും സോണിയാ ഗാന്ധിയിൽ വിശ്വാസം ആവർത്തിച്ചുറപ്പിക്കാൻ മത്സരിക്കുകയായിരുന്നു.  

വർഷം ഒന്നായിട്ടും ഒരനക്കവുമില്ല 

2020 ഓഗസ്റ്റ്‌ 23-നാണ് നേതാക്കൾ കോൺഗ്രസ് പ്രസിഡന്റിന് കത്ത് നൽകിയത്. വർഷം ഒന്നു കഴിയുന്നു. രണ്ടുവർഷം കഴിഞ്ഞിട്ടും സോണിയ ഗാന്ധി താത്‌കാലിക പ്രസിഡന്റ് എന്ന നിലയിൽ സ്ഥിരമായി തുടരുകയാണ്. സ്ഥിരമായി ‘താത്‌കാലികം’ ഒരു നയമായിരിക്കുന്നു. സംഘടനാ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിൽ പാർട്ടി ഒരിഞ്ച്‌ മുന്നോട്ടു നീങ്ങിയിട്ടില്ല. അധീർ രഞ്ജൻ ചൗധരിയെക്കാൾ പ്രാപ്തി കുറഞ്ഞ മറ്റൊരാൾ സഭയിലില്ലാത്തതു കൊണ്ടാവാം അദ്ദേഹത്തെ പാർലമെന്ററി പാർട്ടി നേതൃസ്ഥാനത്തുനിന്നു മാറ്റിയില്ല. ഇക്കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയത് കോൺഗ്രസിനെക്കാൾ തൃണമൂൽ കോൺഗ്രസും ഡി.എം.കെ.യും ഇടത്‌ അംഗങ്ങളുമായിരുന്നു.  ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം മധ്യ പ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും നേടിയ വിജയം കോൺഗ്രസുകാർക്ക് ആവേശം നൽകിയതാണ്. പക്ഷേ,  ജനങ്ങൾ വിശ്വാസമർപ്പിച്ച് വിജയിപ്പിച്ചിട്ടും മധ്യപ്രദേശിൽ ആ വിജയം െെകയിൽ നിർത്താൻ പാർട്ടിക്കു കഴിഞ്ഞില്ല. 

ബലഹീനതകൾ

ഒരു രാഷ്ട്രീയപ്രസ്ഥാനത്തിലെ പ്രതിസന്ധി വ്യക്തമായി പ്രകടമാക്കുന്നതാണ് കോൺഗ്രസിലെ ഇന്നത്തെ സ്ഥിതി. സംഘടനയുടെ ചലനാത്മകതയ്ക്കു വിഘാതമാകുന്ന സങ്കീർണമായ  ആന്തരികഘടന, അപ്പപ്പോഴുണ്ടാകുന്ന രാഷ്ടീയ വെല്ലുവിളികളോട് വൈകാതെ പ്രതികരിക്കുന്നതിലുള്ള കഴിവുകേട്. നിലപാടുകളിൽ ചാഞ്ചല്യം. പാർട്ടി താത്‌പര്യം മറന്ന്‌ സ്ഥാനമാനങ്ങളോടുള്ള അത്യാർത്തി. അച്ചടക്കം അനുശാസിക്കുന്നതിനു പകരം ഭീഷണിക്കുവഴങ്ങുന്ന ബലഹീനമായ നേതൃത്വം. ഈ സാഹചര്യം ചർച്ചചെയ്യാൻ നേതൃത്വം ഇതുവരെയും മിനക്കെട്ടിട്ടില്ല. 

2019-ൽ പ്രതികൂല സാഹചര്യങ്ങൾ ഏറെയുണ്ടായിട്ടും ബി.ജെ.പി. 2014-നെക്കാൾ കൂടുതൽ സീറ്റുകൾ നേടിയാണ് വിജയിച്ചത്. തൊഴിലില്ലായ്മ വർധിച്ചു, സാമ്പത്തികനില തകർന്നു, ഗ്രാമീണ മേഖലയിൽ തളർച്ച, ന്യൂനപക്ഷങ്ങളേടുള്ള പക്ഷപാതം, അഴിമതി, അദാനിയെയും അംബാനിയെയും മറ്റും വളർത്തുന്ന ചങ്ങാതി മുതലാളിത്തം. എന്നിട്ടും കോൺഗ്രസിൽ ജനം ഒരു ബദൽ ശക്തിയെ കണ്ടില്ല. അടിസ്ഥാന യാഥാർഥ്യങ്ങളുമായി ബന്ധപ്പെടുന്നതിൽ കോൺഗ്രസ്‌ പരാജയപ്പെട്ടിരിക്കുന്നു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പ്രതിപക്ഷമായി അധ്വാനിക്കുന്നതിലുള്ള കഴിവുകേട്. ഒട്ടും ആത്മവിശ്വാസമില്ലാത്ത പ്രവർത്തനം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയമായ പരാജയം സംബന്ധിച്ച് ഫലപ്രദമായ ഒരു ചർച്ചയും കോൺഗ്രസിൽ നടന്നില്ല. 

‘നോ ഗാന്ധി’; എങ്കിലും

‘നോ ഗാന്ധി’ എന്ന്‌ രാഹുൽ പറഞ്ഞു. പക്ഷേ, ‘ഗാന്ധി ഒൺലി’ എന്ന്‌ കുടുംബത്തിന്റെ ആശ്രിതത്തിൽ വളർന്ന കോൺഗ്രസുകാർ പറഞ്ഞു. ഗാന്ധി നേതൃത്വത്തിലല്ലാതെ കോൺഗ്രസിന്‌ നിലനിൽപ്പില്ല എന്ന്‌ വിശ്വസിക്കുന്നവരാണ്‌ അവർ. ഇതുവരെയും വലിയ അധ്വാനമൊന്നുമില്ലാതെ അത്യുന്നതങ്ങളിൽ അവർ നിലനിന്നത് കുടുംബത്തോടു ചാരിനിന്നാണ്. 
ലോക്‌സഭാ തിരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് 2019 മേയ് 25-ന് രാഹുൽഗാന്ധി രാജിവെച്ചു. പതിനൊന്നാഴ്ചകൾ പിന്നിട്ട്‌ പ്രവർത്തകസമിതി ചേർന്നപ്പോഴും പാർട്ടി അധ്യക്ഷസ്ഥാനത്തേക്കു രാഹുൽഗാന്ധിയുടെ പേരേ പ്രവർത്തക സമിതിയിൽ ഉണ്ടായുള്ളൂ. മറ്റു പേരുകളൊക്കെ ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാൻ വേണ്ടി മാത്രം. പക്ഷേ, രാഹുൽ അഭിപ്രായസ്ഥിരതയുള്ള നേതാവാണ് എന്നറിയാൻ ഇതൊരവസരമായി. 2017-ൽ മകൻ രാഹുൽഗാന്ധിക്കുവേണ്ടി കോൺഗ്രസ്‌ അധ്യക്ഷപദവി ഒഴിഞ്ഞുകൊടുക്കുമ്പോൾ സോണിയാഗാന്ധി ആ പദവിയിലേക്ക്‌ തിരിച്ചുവരുമെന്ന് ആരും കരുതിയതല്ല. ഏറ്റവും കൂടുതൽക്കാലം കോൺഗ്രസ് പ്രസിഡന്റായിരുന്ന നേതാവ് എന്ന് പുതിയ ചരിത്രമെഴുതിയാണ് 2017-ൽ അവർ സ്ഥാനമൊഴിഞ്ഞത്. 1998-ൽ സീതാറാം കേസരിയിൽനിന്ന് ഏറ്റെടുത്ത പ്രസിഡന്റ്‌ സ്ഥാനം 2017-ൽ അവർ മകൻ രാഹുലിനു കൈമാറുകയായിരുന്നു. 

2019-ലെ ലോക്‌സഭാ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് രാഹുൽഗാന്ധി രാജിവെക്കുകയും രാജി പിൻവലിക്കണമെന്ന ശക്തമായ സമ്മർദത്തിനു വഴങ്ങാതിരിക്കുകയും ചെയ്തപ്പോഴാണ് സോണിയാ ഗാന്ധി തന്റെ അനാരോഗ്യത്തെ അവഗണിച്ചുകൊണ്ട് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റത്. രാഹുലിന്റെ മനസ്സുമാറു​േമ്പാൾ പ്രസിഡന്റു പദവി തിരിച്ചേൽപ്പിക്കാമെന്നാണവർ മനസ്സിലിട്ടത്. രണ്ടുവർഷം കഴിഞ്ഞിട്ടും രാഹുൽ തയ്യാറാവുന്നില്ല.

രാഹുലിന്റെ അഭിപ്രായ സ്ഥിരത 

നെഹ്രുകുടുംബത്തിനു പുറത്തുനിന്നുള്ള ഒരു നേതാവ് പ്രസിഡന്റാവട്ടെ എന്ന്‌ ഒന്നിലേറെ തവണ ‍പറഞ്ഞിട്ടുണ്ട് രാഹുൽ. നെഹ്രുകുടുംബം നോമിനേറ്റു ചെയ്തവരായതു കൊണ്ടാവണം ഒരു കോൺഗ്രസ്‌ നേതാവും തയ്യാറായില്ല. പ്രസിഡന്റായി തുടരാൻ തനിക്കു താത്‌പര്യമില്ലെന്ന് രാഹുൽ വ്യക്തമായി പ്രകടിപ്പിച്ചിട്ടും അദ്ദേഹത്തിന്റെ തിരിച്ചുവരവിന് കാത്തിരിക്കുന്ന കോൺഗ്രസുകാരെപ്പറ്റി എന്തുപറയാൻ! കോൺഗ്രസിനെ ഉദ്ധരിക്കുകയല്ല, കുടുംബത്തിന്റെ ചിറകിനടിയിൽ തങ്ങളുടെ ചില്ലറ സൗകര്യങ്ങൾ ഉറപ്പിക്കുകയാണ് അവർക്കു താത്‌പര്യം. നെഹ്രുകുടുംബവുമായുള്ള ബന്ധത്തിന്റെ പേരിലാണ് പാർട്ടി നിലകൊള്ളുന്നത് എന്ന വാദം പൊളിയുകയാണ്. അവർ വർഷങ്ങളായി തുടരുന്ന അമേഠി ലോക്‌സഭാ മണ്ഡലത്തിൽ മഹാരാഷ്ട്രയിൽനിന്നു വന്ന സ്മൃതി ഇറാനിയോട്‌ രാഹുൽഗാന്ധി പരാജയപ്പെട്ടു. 2014-ലും 2019-ലും ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടു. 

നെഹ്രു കുടുംബമില്ലാത്ത കോൺഗ്രസ്

പഴയ കോൺഗ്രസ് നേതാക്കളുടെ പാർട്ടികൾ പല സംസ്ഥാനങ്ങളിലും പ്രമുഖ രാഷ്ട്രീയ ശക്തികളാണ്. ബംഗാളിൽ മമതാ ബാനർജി, ആന്ധ്രയിൽ ജഗമോഹൻ റെഡ്ഡി, തെലങ്കാനയിൽ ചന്ദ്രശേഖര റാവു എന്നീ പഴയ കോൺഗ്രസുകാരാണ്‌ ഭരിക്കുന്നത്. മഹാരാഷ്ടയിൽ ശരദ് പവാറിന്റെ എൻ.സി.പി. പഴയ കോൺഗ്രസുകാരാണ്. പഞ്ചാബും ഛത്തീസ്ഗഢും രാജസ്ഥാനും കോൺഗ്രസാണ് ഭരിക്കുന്നത്. കേരളമടക്കം രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിൽ മറ്റു പാർട്ടികളുമായുള്ള സഖ്യം അവിടങ്ങളിൽ ഭരണം നേടാൻ കഴിയുന്ന രാഷ്ട്രീയ ശക്തിയാണ്.  നെഹ്രുകുടുംബത്തെ മാറ്റിക്കൊണ്ടുള്ള ഒരു കോൺഗ്രസുമായി ഈ കോൺഗ്രസ് സഹോദരങ്ങൾ  ബി.ജെ.പി.ക്കു ബദലായി എന്തുകൊണ്ട് ഒരുമിച്ചുനിന്നു കൂടാ എന്ന ഒരു ചോദ്യം ഉയരുന്നുണ്ട്. പഴയ കോൺഗ്രസുകാരെ ചേർത്തുപിടിച്ചുകൊണ്ടുള്ള ഒരു ബദൽ ബി.ജെ.പി.ക്കെതിരേയുള്ള ശക്തമായ ഒരു നിരയാകാവുന്നതാണ്. 

അങ്ങനെയുണ്ടാകുന്നല്ലെങ്കിൽ പഴയ സോഷ്യലിസ്റ്റുകളുടെ അവസ്ഥയാകും കോൺഗ്രസുകാർക്ക്.  േജാർജ് ഫെർണാണസിനെപ്പോലുള്ള ഒരു സോഷ്യലിസ്റ്റ് ആചാര്യന് ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ.യുടെ കൺവീനർ ആകേണ്ടിവന്നു. നിതീഷ് കുമാറിന്‌ മുഖ്യമന്ത്രിയാകാൻ ബി.ജെ.പി.യുമായി സഖ്യം ചേരേണ്ടിവന്നു. കോൺഗ്രസിതര പ്രതിപക്ഷ കക്ഷികൾ പാർലമെന്റിന്റെ വർഷകാല സമ്മേളന അവസരത്തിൽ ഒരു പ്രതിപക്ഷ ബദൽ സാധ്യത ചർച്ചചെയ്യുകയുണ്ടായി. അതിനു മുൻകൈയെടുത്തത് പഴയ കോൺഗ്രസുകാരായ ശരദ്‌ പവാറും മമതാ ബാനർജിയുമാണ്‌.