ത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യകാലത്താണ് ആധുനിക പോലീസ് സേനകള്‍ രൂപം കൊള്ളുന്നത്. യൂണിഫോം ധരിച്ച സായുധസേന എന്ന ആശയം ബ്രിട്ടീഷുകാരുടേതായിരുന്നു. തങ്ങളുടെ സ്വാതന്ത്ര്യത്തിന് വെല്ലുവിളിയാകുമെന്ന് മനസിലാക്കി സര്‍ക്കാര്‍ നേരിട്ട് നിയന്ത്രിക്കുന്ന ഒരു സായുധസേന എന്നതിനെ ബ്രിട്ടനിലെ ജനങ്ങള്‍ നഖശിഖാന്തം എതിര്‍ത്തു. ആ ഭയം വെറുതെയല്ലെന്ന് പില്‍ക്കാലചരിത്രം രേഖപ്പെടുത്തുകയും ചെയ്തു. അതേ ബ്രിട്ടീഷ്ജനത കോളനിവല്‍ക്കരണത്തില്‍ അങ്ങനെയൊരു സായുധസേന അവിഭാജ്യഘടകമാണെന്ന് തിരിച്ചറിഞ്ഞിടത്തായിരുന്നു ഇന്നു കാണുന്ന പോലീസ് സേനയുടെ പിറവി.

ബ്രിട്ടന്റെ കോളനികളില്‍ കാവലാളായി നിയമിക്കപ്പെട്ട പോലീസ് എക്കാലവും ഭരണാധികാരികളുടെ സംരക്ഷകരായിരുന്നു. പോലീസുകാരുടേത് സര്‍ക്കാര്‍ സേവനമാണ്,പൊതുജനസേവനമല്ല എന്ന ധാരണ അന്നേ നിലവില്‍ വന്നിരുന്നു. 

വര്‍ത്തമാനകാലത്തും പൊതുജനങ്ങള്‍ക്ക് ആശങ്കയുടെ നിഴലില്‍ നിന്നുകൊണ്ടുമാത്രമേ പോലീസിനെപ്പറ്റി ചിന്തിക്കാനാവുന്നുള്ളു. കേരള പോലീസിനെതിരെ ഏറ്റവുമധികം ആരോപണങ്ങള്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഇതേ കാലത്ത് തന്നെയാണ് രാജ്യത്തെയാകെ പോലീസ് സംവിധാനത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള ഒരു സുപ്രധാന റിപ്പോര്‍ട്ട് എഷ്യന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പുറത്തുവിട്ടിരിക്കുന്നതും. സമൂഹത്തിലെ ക്രമസമാധാനനില തകരാറിലാകുന്നു എന്നതിനു പുറമേ ജയിലറകളിലെ മനുഷ്യാവകാശലംഘനം പോലും ഞെട്ടിക്കുന്നതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.  ഇന്ത്യയില്‍ പ്രതിദിനം ഉണ്ടാവുന്നത് 5 കസ്റ്റഡിമരണങ്ങളാണ് എന്ന ഞെട്ടിക്കുന്ന വിവരവും റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നു. 

police
Image:PTI

ജൂണ്‍ 26, പീഡനത്തിനിരയാകുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള അന്താരാഷ്ട്രദിനം (international day in support of victims of torture). ഇതോടനുബന്ധിച്ച് ഏഷ്യന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പുറത്തുവിട്ടിരിക്കുന്നത് റിപ്പോര്‍ട്ടില്‍ പറയുന്നത് 2017 ഏപ്രില്‍ മുതല്‍ 2018 ഫെബ്രുവരി വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളത് 1674 കസ്റ്റഡിമരണങ്ങളാണെന്നാണ്. ഇതില്‍ 1530 പേര്‍ മരിച്ചത് ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കുമ്പോഴാണ്. ഇക്കാലയളവില്‍  പോലീസ് കസ്റ്റഡിയില്‍ മരിച്ചവരുടെ എണ്ണം 144 ആണ്. ആഭ്യന്തരമന്ത്രാലയം 2018 മാര്‍ച്ച് 14ന് രാജ്യസഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

334 ദിവസങ്ങള്‍ക്കുള്ളില്‍ (11 മാസം) 1674 മരണങ്ങള്‍. അതായത് 2017-18 വര്‍ഷം ശരാശരി ദിനംപ്രതി 5 മരണം. 2001-2010 കാലയളവിലെ ആകെ കസ്റ്റഡിമരണങ്ങളുടെ എണ്ണം 14,231 ആയിരുന്നു. അതായത് അന്ന് ശരാശരി ദിനംപ്രതിയുള്ള കസ്റ്റഡിമരണത്തിന്റെ എണ്ണം 4 മാത്രമായിരുന്നു. ഏഷ്യന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് റിപ്പോര്‍ട്ട്.

1861ല്‍ ഇന്ത്യന്‍ പോലീസ് ആക്ട് കൊണ്ടുവന്നത്. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിനുശേഷം ക്രമസമാധാനപാലനം പ്രധാനചര്‍ച്ചാവിഷയമാകുകയും പുതിയ പോലീസ് നിയമങ്ങള്‍ നിലവില്‍ വരികയും ചെയ്തു എന്നത് ശരി തന്നെ. എന്നാല്‍ ഇവയൊക്കെയും 1861ലെ ഇന്ത്യന്‍ പോലീസ് ആക്ടിന്റെ തനിപ്പകര്‍പ്പുകളെന്ന പേരുദോഷം പേറുന്നവ തന്നെയാണ്. അതുകൊണ്ടു കൂടിയാണ് അന്നു തൊട്ടിന്നുവരെയും പോലീസെന്നാല്‍ ഒരേസമയം സുരക്ഷിതത്വം നല്‍കുമെന്ന പ്രതീക്ഷയും അധികാരം ദുര്‍വിനിയോഗം ചെയ്യുമോ എന്ന ആശങ്കയുമാകുന്നതും. 

മുന്നില്‍ ഉത്തര്‍പ്രദേശ്

കസ്റ്റഡിമരണത്തിന്റെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശാണ്. 2017-18 കാലയളവില്‍ സംസ്ഥാനത്ത് കസ്റ്റഡിയിലിരിക്കെ മരിച്ചത് 374 പേരാണ്. രണ്ടാം സ്ഥാനത്തുള്ളത് മഹാരാഷ്ട്രയാണ്(137). പശ്ചിമബംഗാള്‍ (132) മധ്യപ്രദേശ് (113)  എന്നിവയാണ് തൊട്ടുപിന്നാലെയുള്ള സംസ്ഥാനങ്ങള്‍. 

ബീഹാര്‍(109), രാജസ്ഥാന്‍ (89) തമിഴ്‌നാട്(76) ഗുജറാത്ത്(61) ഒഡീഷ (56) ജാര്‍ഖണ്ഡ് (55) ഛത്തീസ്ഗഡ് (54) ഹരിയാന (48) ഡല്‍ഹി (47) അസം (37) ആന്ധ്രാപ്രദേശ് (35) ഉത്തരാഖണ്ഡ്,തെലങ്കാന (17), കര്‍ണാടക (15) ഹിമാചല്‍പ്രദേശ് (8) അരുണാചല്‍ പ്രദേശ്,ത്രിപുര (6) ജമ്മുകശ്മീര്‍, മോഘാലയ (4) മിസോറാം(3) മണിപ്പൂര്‍, ചണ്ഡീഗഡ്, സിക്കിം,നാഗാലാന്റ് (2) എന്നിങ്ങനെയാണ് റിപ്പോര്‍ട്ടില്‍ മറ്റ് സംസ്ഥാനങ്ങളിലെ കസ്റ്റഡിമരണനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യ അംഗീകരിച്ചേ മതിയാകൂ

ക്രൂരവും മനുഷ്യത്വരഹിതവുമായ ശിക്ഷാനടപടികള്‍ തടയുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ സംഘടനയാണ് യുഎന്‍സിഎടി.കസ്റ്റഡിമരണനിരക്ക് കുറയ്ക്കണമെങ്കില്‍ ഐക്യരാഷ്ട്രസംഘടനയുടെ യു എന്‍ സി എ ടി- യുണൈറ്റഡ് നേഷന്‍സ് കണ്‍വന്‍ഷന്‍ എഗനിസ്റ്റ് ടോര്‍ച്ചര്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ ഇന്ത്യ അംഗീകരിച്ചേ മതിയാകവെന്ന് ഏഷ്യന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. 

വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയാവശ്യപ്പെടുന്ന കുറ്റവാളികളെ വിട്ടുകിട്ടാനും യുഎന്‍സിഎടിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ത്യ അംഗീകരിക്കേണ്ടത് അത്യാവശ്യമാണ്. 1995ല്‍ പശ്ചിമബംഗാളില്‍ നിയമവിരുദ്ധമായി നൂറുകണക്കിന് എകെ-47 അടക്കമുള്ള ആയുധങ്ങള്‍ കൈവശം വച്ചതിന്റെ പേരില്‍ ഡെന്മാര്‍ക്കില്‍ നിന്ന് ഇന്ത്യ ആവശ്യപ്പെടുന്ന കുറ്റവാളി കിം ഡേവി, ക്രിക്കറ്റ് വാതുവെപ്പിന്റെ പേരില്‍ ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെടുന്ന കുറ്റവാളി സഞ്ജീവ് ചൗള തുടങ്ങി 16 കുറ്റവാളികളെയാണ് യുഎന്‍എസിടിയുടെ നിബന്ധനകള്‍ അംഗീകരിക്കാത്തതു മൂലം ഇന്ത്യക്ക് വിട്ടുകിട്ടാത്തത്. 

ഇന്ത്യയിലെ ജയിലുകളില്‍ സൗകര്യങ്ങള്‍ പരിമിതമാണെന്നും അവ അന്തേവാസി സൗഹൃദമല്ലെന്നുമുള്ള കുറ്റവാളികളുടെ വാദങ്ങള്‍ അംഗീകരിച്ചാണ് വിദേശരാജ്യങ്ങള്‍ അവരെ വിട്ടുനല്‍കാത്തത്. തടവുകാര്‍ ഇന്ത്യയില്‍ അനുഭവിക്കേണ്ടി വരുന്ന്ത അതിക്രൂരപീഡനങ്ങളാണെന്നും യുഎന്‍എസിടിക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണെന്ന് ഏഷ്യന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് റിപ്പോര്‍ട്ട് പറയുന്നു. വിജയ് മല്യ, നീരവ് മോദി എന്നിവരുെട പേരുകള്‍ കൂടി ചേര്‍ത്തുവയ്ക്കുമ്പോഴാണ് ഈ പട്ടികയുടെ പ്രാധാന്യം എത്രമാത്രമാണെന്ന് വ്യക്തമാകുക.

രാജ്യത്തെ തീവ്രവാദികളില്‍ നിന്ന് രക്ഷിക്കാനും തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നതിനുമുള്ള നടപടികള്‍ക്കും ഇന്ത്യയും യുഎന്‍എസിടിയും തമ്മിലുള്ള ഭിന്നതകള്‍ കാരണമാകുമെന്നതാണ് വസ്തുത. ഇതിന്റെ വരുംവരായ്കകളെക്കുറിച്ച് ഇന്ത്യ വേണ്ടുംവിധം ചിന്തിക്കുന്നില്ലെന്ന വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയും യുഎന്‍സിഎടിയും തമ്മില്‍

1997ലാണ് ഇന്ത്യ യുഎന്‍സിഎടിയുമായുള്ള കരാറില്‍ ഒപ്പുവച്ചത്. യുഎന്‍സിഎടി ആവശ്യപ്പെടുന്ന നിബന്ധനകള്‍ അംഗീകരിക്കാമെന്ന് 2000 മെയ് 3ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ധാരണയായി. എന്നാല്‍, കരാര്‍ അനുസരിച്ചുള്ള വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ഇന്ത്യ പിന്നാക്കം പോയി എന്നതാണ് വസ്തുത. 

പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം 2010 മെയ് 6നാണ് പ്രിവന്‍ഷന്‍ ഓഫ് ടോര്‍ച്ചര്‍ ബില്‍ ലോക്‌സഭ പാസാക്കുന്നത്. രാജ്യസഭയുടെ പരിഗണനയ്ക്കായി ബില്ലയച്ചെങ്കിലും ഭേദഗതികള്‍ വരുത്തി പുനരവതരിപ്പിക്കാനായിരുന്നു രാജ്യസഭ നിര്‍േദശിച്ചത്. അതിനായി ഒരു സെലക്ഷന്‍ കമ്മിറ്റിയെ പിന്നീട് നിയോഗിച്ചു. എന്നാല്‍ യുപിഎ നേതൃത്വത്തിലുള്ള 15ാം ലോക്‌സഭയുെട കാലാവധി കഴിയും മുമ്പേ കരട്ബില്‍ അവതരിപ്പിക്കാന്‍ കഴിയാതെ വന്നതോടെ കമ്മിറ്റിയും അസാധുവായി. 

പിന്നീട് 2016ലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പിന്തുണയോടെ ഇത്തരമൊരു ബില്ലിന്റെ ആവശ്യകതെയക്കുറിച്ച് സഭയില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതും യുഎന്‍സിഎടി നിര്‍ദേശങ്ങള്‍ അംഗീകരിച്ചുള്ള നിയമം കൊണ്ടുവരാന്‍ ശുപാര്‍ശ ചെയ്യുന്നതും. അതേവര്‍ഷം സെപ്തംബറില്‍ സുപ്രീകോടതി യുഎന്‍സിഎടി നിബന്ധനകള്‍ സംബന്ധിച്ച് ഇന്ത്യ എന്ത് നടപടിയെടുത്തു എന്ന കാര്യം ചോദ്യം ചെയ്ത് കേന്ദ്രത്തിന് നോട്ടീസയച്ചു. രാജ്യസഭാ സെലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനായിരുന്ന ഡോ.അശ്വിനി കുമാറിന്റെ ഹര്‍ജിയിന്മേലായിരുന്നു കോടതിയുടെ നടപടി. 

2017 ജൂലൈയില്‍ കോടതിയില്‍ സമര്‍പ്പിച്ച മറുപടിക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത് കാര്യങ്ങളെപ്പറ്റി പഠിച്ച് വേണ്ട നടപടിയെടുക്കാന്‍ നിയമകാര്യകമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നായിരുന്നു. ഒടുവില്‍ 2017 ഒക്ടോബര്‍ 30ന് നിയമകാര്യകമ്മീഷന്‍ പ്രിവന്‍ഷന്‍ ഓഫ് ടോര്‍ച്ചര്‍ ബില്‍ തയ്യാറാക്കി. എന്നാല്‍ ബില്‍ ഇപ്പോഴും സര്‍ക്കാരിന്റെ പരിഗണനയിലാണ്.

jail
Image: Pixabay

തടവുകാര്‍ മൃഗങ്ങളോ!

ജയിലുകളില്‍ തടവുകാരെ മൃഗങ്ങളെപ്പോലെ പാര്‍പ്പിക്കാന്‍ കഴിയില്ല. 2018 മാര്‍ച്ച് 18ന് സുപ്രീംകോടതി പറഞ്ഞതിങ്ങനെയായിരുന്നു. രാജ്യത്തെ 1300ലധികം ജയിലുകളിലും തടവുകാരുടെ ബാഹുല്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി നല്കിയ പൊതുതാല്പര്യഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പ്രതികരണം.

ജയിലുകളിലെ സൗകര്യങ്ങളും അംഗസംഖ്യയും മറ്റും വ്യക്തമാക്കണമെന്ന് കാണിച്ച് 2016ല്‍ സുപ്രീംകോടതി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നോട്ടീസയച്ചിരുന്നതാണ്.  ജയിലുകളിലെ തിരക്കിന് എന്ത് പരിഹാരമാണ് കണ്ടെത്താനാവുക എന്നറിയിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കാലാവധി അവസാനിച്ച 2017 മാര്‍ച്ച് വരെയും ഒരു സംസ്ഥാനം പോലും പ്രതികരിക്കാന്‍ തയ്യാറായില്ല.

രാജ്യത്തെ 1401 ജയിലുകളില്‍ 149 എണ്ണത്തിലും തടവുകാരുടെ എണ്ണം ഉള്‍ക്കൊള്ളാവുന്നതിന്റെ നൂറിരട്ടിയിലുമധികമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2015 ഡിസംബറിലെ കണക്കുകള്‍ പ്രകാരമാണിത്. തമിഴ്‌നാട്ടിലെ സത്യമംഗലം സബ്ജയിലില്‍ 16 പേര്‍ക്ക് കഴിയാനുള്ളിടത്ത് നിലവിലുള്ളത് 200ലധികം ആളുകളാണ്. അതായത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ 1250 ശതമാനം അധികം. മഹാരാഷ്ട്രയിലെ റോഹ സബ്ജയിലില്‍ 3 പേര്‍ക്ക് കഴിയാവുന്നിടത്തുള്ളത് 35 പേരാണ്.

2012ന് ശേഷം ജയിലുകളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച തടവുകാരുടെ ബന്ധുക്കളുടെ പരാതിയിന്മേല്‍ കോടതിക്ക് സ്വമേധയാ കേസെടുക്കാമെന്ന് 24 ഹൈക്കോടതികളോടും 2017 സെപ്തംബര്‍ 15ന് സുപ്രീംകോടതി നിര്‍ദേശിച്ചത് ഈ സാഹചര്യങ്ങള്‍ പരിഗണിച്ചായിരുന്നു.

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യ പഠിക്കേണ്ട പാഠം

കൊല്ലപ്പെട്ട ദേശീയനേതാക്കളുടെയും ആഭ്യന്തരസംഘര്‍ഷങ്ങളുടെയും കണക്കെടുത്താല്‍ ശ്രീലങ്ക പോലെ ദുരിതമനുഭവിച്ച രാജ്യങ്ങള്‍ ലോകത്ത് വേറെയധികമുണ്ടാവില്ല. മനുഷ്യാവകാശധ്വംസനങ്ങളുടെ പേരില്‍ ഏറെ പഴികേട്ട ശ്രീലങ്ക പോലും യുഎന്‍സിഎടിയുടെ നിബന്ധനകള്‍ അംഗീകരിച്ച് നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. 

ശിക്ഷാനടപടിയുടെ ഭാഗമായി ക്രൂരവും പൈശാചികവും മനുഷ്യത്വരഹിതവും ആയി വ്യക്തികളോട് പെരുമാറുന്നതും അവരെ പീഡനത്തിന് ഇരയാക്കുന്നതും ശിക്ഷാര്‍ഹമാണെന്ന് ശ്രീലങ്കന്‍ ഭരണഘടനയുടെ 11ാം അനുഛേദം അനുശാസിക്കുന്നു. ഇത് ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നതാണ് 15ാം അനുഛേദം. ഇതിന്‍ പ്രകാരം ദേശീയസുരക്ഷ മുന്‍നിര്‍ത്തിയോ പൊതുതാല്പര്യപ്രകാരമോ പോലും ഒരു കാരണവസാലും 11ാം അനുഛേദം ലംഘിക്കാന്‍ പാടുള്ളതല്ലെന്നാണ് നിയമം.

content highlights:  India must ratify the UNCAT for extradition of the fugitives