ആർ.സി.ഇ.പി. കരാർ യാഥാർഥ്യമാകുന്നതോടു കൂടി ഏഷ്യാ പസഫിക്കിലെ പതിനാറ് രാജ്യങ്ങൾ കരാറിന്റെ കീഴിൽ വരും.  ഏകദേശം 420 ദശലക്ഷം ചെറുകിട കൃഷിയിടങ്ങളാണ് ഈ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നത്, അതായത് ഈ രാജ്യങ്ങളിലെ ഭക്ഷണത്തിന്റെ 80 ശതമാനവും ഈ കൃഷിയിടങ്ങളിൽ നിന്നുമാണ് ഉത്‌പാദിപ്പിക്കുന്നത്. എന്നാൽ, ഈ കരാറിന്റെ പ്രത്യാഘാതങ്ങൾ, നിലവിൽ ലഭ്യമായിക്കൊണ്ടിരിക്കുന്ന ഭക്ഷ്യസംവിധാനത്തെയും കർഷകരെയും അനുബന്ധ വ്യാപാരമേഖലകളെയും ഒരുപോലെ ബാധിക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്

കൃഷിഭൂമികൾ വിദേശനിക്ഷേപകരുടെ കൈകളിലാകും

നിലവിൽ മിക്ക ആർ.സി.ഇ.പി. രാജ്യങ്ങളിലും വിദേശ നിക്ഷേപകർക്ക്  കൃഷിഭൂമി വാങ്ങുന്നതിനുള്ള അനുമതിയില്ല. എന്നാൽ, ചില രാജ്യങ്ങളിൽ  കൃഷിഭൂമികൾ പാട്ടത്തിനെടുത്തോ തദ്ദേശീയരുമായി കരാർ അടിസ്ഥാനത്തിലോ വിദേശകമ്പനികൾ കൃഷിചെയ്യാറുണ്ട്. ഇത്തരത്തിലുള്ള കൃഷിരീതിയിൽ തങ്ങൾക്ക് ഉടമസ്ഥാവകാശം ഇല്ലാത്തതിനാൽ പലപ്പോഴും തങ്ങൾ ഉദ്ദേശിക്കുന്ന നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടില്ല എന്നാണ് അവരുടെ ഭാഷ്യം. ഇതിന്റെ പശ്ചാത്തലത്തിലാണ് കൃഷിഭൂമികൾ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച്‌ കൃഷിഭൂമികൾ വാങ്ങുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.

ഇതിനോടകം തന്നെ ഇത്തരം ബഹുരാഷ്ട്ര കമ്പനികൾ  ഏകദേശം 9.6 മില്യൺ ഹെക്ടർ  കൃഷിഭൂമികൾ വിവിധ ആർ.സി.ഇ.പി. രാജ്യങ്ങളിൽ വാങ്ങിയിട്ടുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ആർ.സി.ഇ.പി. കരാറിന്റെ രണ്ട് അധ്യായങ്ങളിൽ കൃഷിഭൂമിയിൽ നിക്ഷേപം നടത്തുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെട്ടിട്ടുള്ളതായി അറിയപ്പെടുന്നു. ഇതുതന്നെയാണ് സേവനമേഖലയിലും. ഈ വ്യവസ്ഥകളോടുകൂടി നമ്മുടെ രാജ്യവും കരാറിൽ ഏർപ്പെടുകയാണെങ്കിൽ നമ്മുടെ രാജ്യത്തെ സാധാരണക്കാരായ ഭൂരിഭാഗം കൃഷിക്കാരുടെയും കാർഷികഭൂമി  ഭൂമാഫിയകളുടെ സഹായത്തോടെ ഇവർക്ക് കൈവശപ്പെടുത്താൻ കഴിയും. ഇത്തരം വ്യവസ്ഥകളിൽ ഭാരതം ശക്തമായി വിലപേശുകയോ കരാറിൽനിന്നു പിന്മാറുകയോ  ആണ് വേണ്ടത്.

വിത്തുകൾ സ്വകാര്യവത്കരിക്കപ്പെടും

3സാധാരണയായി കർഷകർ വിളവെടുപ്പിനുശേഷം അടുത്ത വിത്തിറക്കിലിനായി വിത്തുകൾ ശേഖരിച്ചു െവക്കുകയാണ് പതിവ്. എന്നാൽ, മൊൺസാന്റോ, ബേയർ തുടങ്ങിയ ഭീമൻ വിത്ത്‌, കാർഷിക, രാസ കമ്പനികൾ ഈ പ്രവണത നിർത്തലാക്കി ഓരോ സീസണിലും ഇവരിൽനിന്നും വിത്തുകൾ വാങ്ങുന്നതിനായി പല രാജ്യങ്ങളിലും സമർദം ചെലുത്തി വരികയാണ്. ആഗോള വിത്ത് വ്യവസായത്തിന്റെ 60 ശതമാനവും  മൊൺസാന്റോ, ബേയർ, സിൻജെന്റാ എന്നീ മൂന്നു മുൻനിര കമ്പനികളുടെ നിയന്ത്രണത്തിലാണ്. കെംചൈന എന്ന ചൈനീസ് സ്ഥാപനം മേൽപ്പറഞ്ഞ മൂന്നു ഭീമൻ കമ്പനികളിൽ ഒന്നായ സിൻജെന്റായെ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആർ.സി.ഇ.പി. കരാറിൽ വിത്തുകളുടെയും രാസവളങ്ങളുടെയും നിയമങ്ങൾ ശക്തിപ്പെടുത്തണം എന്ന് ചൈന വാദിക്കുന്നത്.

ഇതിലൂടെ വിത്തുകളുടെ കുത്തക ചൈനയുടെ കൈപ്പിടിയിലൊതുങ്ങും. ആർ.സി.ഇ.പി. കരാറിലെ ബൗദ്ധിക സ്വത്തവകാശം എന്ന അധ്യായത്തിൽ ജപ്പാനും ദക്ഷിണകൊറിയയും ആർ.സി.ഇ.പി. രാജ്യങ്ങൾ UPOV 1991'(The International Union for the Protection of New Varieties of Plants) ഉടമ്പടി അംഗീകരിക്കുന്നതിന്‌ സമർദം ചെലുത്തുന്നതായി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഈ ഉടമ്പടി പ്രകാരം കർഷകർക്ക് സംരക്ഷണവിഭാഗത്തിൽപ്പെട്ടവയുടെ വിത്തുകൾ കൈവശപ്പെടുത്താനുള്ള അവകാശമില്ല. അഥവാ വിത്തുകൾ കൈവശപ്പെടുത്തുകയാണെങ്കിൽ അതിനുള്ള റോയൽറ്റി കർഷകർ നൽകേണ്ടി വരും. ഇത് ഒരു ആനുകൂല്യമായിട്ടാണ് പ്രതിപാദിച്ചിട്ടുള്ളത്. ഓരോ രാജ്യത്തിലെയും കൃഷിക്കുവേണ്ടിയുള്ള വാണിജ്യവിത്തുകളുടെ വിലയുടെ 10 മുതൽ 40 ശതമാനം വരെ വിലയാണ് റോയൽറ്റിയായി കണക്കാക്കുന്നത്. ഇതോടൊപ്പം ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ  വിപണനത്തിനും വഴിതുറക്കപ്പെടും. 

കീടനാശിനികളുടെ ഉപയോഗം വർധിക്കും

1ഏഷ്യാ പസഫിക്ക് ഭൂഖണ്ഡത്തിൽ രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം ക്രമാതീതമായി വർധിക്കും എന്നാണ് കരുതപ്പെടുന്നത്. 2021 വരെ പ്രതിവർഷം 100 മുതൽ 120 ബില്യൺ ഡോളറിന്റെ വിറ്റുവരവാണ് കമ്പനികൾ പ്രതീക്ഷിക്കുന്നത്. ആഗോള കീടനാശിനി വിപണിയിൽ 20 ശതമാനത്തിലേറെ പങ്കാളിത്തമുള്ള സിൻജെന്റാ എന്ന കാർഷിക രാസ കമ്പനിയെ ചൈന സ്വന്തമാക്കുന്നതോടുകൂടി ഈ കമ്പനിക്ക് ആർ.സി.ഇ.പി. രാജ്യങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കാൻ കഴിയും.

ആർ.സി.ഇ.പി.പി. കരാറിൽ ചരക്കുകളുടെ വ്യാപാരം എന്ന അധ്യായത്തിൽ വിപണിയിലേക്കുള്ള കൂടുതൽ ഇടപെടലുകൾക്കായി ചൈന വാദിക്കുന്നതായാണ് നിരീക്ഷകർ മനസ്സിലാക്കിയിട്ടുള്ളത്. അന്താരാഷ്ട്ര രാസവള വിപണിയിൽ തങ്ങളുടെ പങ്ക് വർധിപ്പിക്കുന്നതിനായി നൈട്രജന്റെയും ഫോസ്ഫറസ് വളങ്ങളുടെയും കയറ്റുമതിത്തീരുവ കുറയ്ക്കുമെന്ന് ജനുവരി 2017-ൽ ചൈന പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിന്‌ അനുബന്ധമായി സമ്മർദങ്ങൾക്കുവഴങ്ങി ആർ.സി.ഇ.പി. രാജ്യങ്ങൾ ചരക്കുവ്യാപാര ഇറക്കുമതിത്തീരുവ 65 ശതമാനത്തിൽനിന്ന്‌ പൂജ്യം ശതമാനമായി കുറയ്ക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. രാസവളങ്ങൾ  ചരക്ക് വ്യാപാരത്തിലാണ് ഉൾപ്പെട്ടിട്ടുള്ളത്. പ്രത്യക്ഷത്തിൽ ഇതിന്റെ നേട്ടം ചൈനയ്ക്കാണ് എന്നതിൽ ഒരു സംശയവുമില്ല. ഇതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതൽ അനുഭവിക്കാൻ പോകുന്നത് നമ്മുടെ രാജ്യമാണ്. അമിതമായ കീടനാശിനികളുടെ ഉപയോഗം കാരണം നമ്മുടെ മണ്ണും വെള്ളവും വായുവും കൂടുതലായി മലിനീകരിക്കപ്പെടും. 

ചെറുകിട വ്യാപാരങ്ങൾ തുടച്ചു നീക്കപ്പെടും

4കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നമ്മുടെ രാജ്യത്തും വൻകിട റീട്ടെയ്‌ൽ കമ്പനികൾ തങ്ങളുടെ ആധിപത്യം ശക്തമായി ഉറപ്പിച്ചിട്ടുണ്ട്. ചെറിയ ഗ്രാമങ്ങളിൽപ്പോലും ഇന്ന് ഇത്തരം കമ്പനികളുടെ വേരുകൾ എത്തിക്കഴിഞ്ഞു. ഏറ്റവും ആശ്ചര്യം എന്ന് പറയുന്നത് ഒരു മൊബൈൽ ഫോൺ വഴി എന്തു സാധനവും നാം ഉദ്ദേശിക്കുന്നിടത്ത് ലഭ്യമാക്കാൻ കഴിയും എന്നുള്ളതാണ്. ഇത്തരക്കാരുടെ വരവോടുകൂടി നമ്മുടെ നാട്ടിലെ പ്രാദേശിക വിപണികൾ പിൻവാങ്ങിത്തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വാൾമാർട്ട് പോലുള്ള ബഹുരാഷ്ട്രകുത്തകകൾ ആർ.സി.ഇ.പി.യിലൂടെ നമ്മുടെ രാജ്യത്ത്‌ കടന്നുവരുന്നതോടു കൂടി നിലവിലുള്ള ചെറുകിട വ്യാപാരികളും കച്ചവടക്കാരും മറ്റ് വഴിയോര കച്ചവടക്കാരും പൂർണമായി അപ്രത്യക്ഷരാകും. ഇത്തരക്കാരുടെ ഭാവിജീവിതം പ്രവചനാതീതമാണ്. കോടിക്കണക്കിന് ആൾക്കാരാണ് ചെറുകിട വ്യാപാരത്തോടെ ഉപജീവനം നടത്തുന്നത്. ഇത് പൂർണമായി തുടച്ചുനീക്കപ്പെടും. അതിന്റെ ഏറ്റവും ഒടുവിലുള്ള ഉദാഹരണമാണ് ഫ്ളിപ്കാർട്ട് ഓൺലൈൻ കമ്പനിയെ ഏറ്റെടുത്തുകൊണ്ട് അന്താരാഷ്ട്ര കമ്പനിയായ വാൾമാർട്ടിന്റെ കടന്നുവരവ്. 

ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം ആർ.സി.ഇ.പി. കരാർ രാജ്യം അംഗീകരിക്കുകയാണെങ്കിൽ  ബഹുരാഷ്ട്ര കുത്തകകളുടെയും അവരുടെ ഉത്‌പന്നങ്ങളുടെയും നിയന്ത്രണത്തിലാകും നമ്മുടെ കാർഷിക, വാണിജ്യ രംഗം. ഇപ്പോൾ തന്നെ കാർഷികമേഖല പൂർണമായ തകർച്ചയുടെ പാതയിലാണ്. ആത്മഹത്യകൾ പെരുകുന്നു. എങ്ങും പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെടുന്നു. അതിഭീകരമായ അവസ്ഥയിലാണ് സമസ്ത കാർഷികരംഗവും നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇത്തരം സ്വതന്ത്രവ്യാപാര കരാറുകൾ കാരണം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്കുനേരെ കണ്ണടയ്ക്കുകയാണ് ഇവിടത്തെ ഭരണകൂടം. ഒരുപക്ഷേ, ഇവിടത്തെ രാഷ്ട്രീയകക്ഷികളും ബുദ്ധിജീവികളും ഇതിന്റെ ഭവിഷ്യത്തുകൾ മനസ്സിലാകാഞ്ഞതുകൊണ്ടാണോ അതോ ബോധപൂർവമാണോ മൗനം അവലംബിക്കുന്നത്  എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.  ഒറ്റപ്പെട്ട കുറേ ശബ്ദങ്ങൾ മാത്രമാണ് ഇതിനെതിരേ പുറത്തു വന്നിട്ടുള്ളത്. 

ചെറുകിട ക്ഷീരവ്യവസായവും ക്ഷീര കർഷകരും പുറന്തള്ളപ്പെടും

2ഭാരതത്തിൽ ഏകദേശം പത്തുകോടി ചെറുകിട ക്ഷീരകർഷകരാണ് ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്നത്. ഇതാണ് രാജ്യത്തിലെ ക്ഷീര വ്യവസായത്തിന്റെ നട്ടെല്ലും. എന്നാൽ, ഇന്ന് ഈ മേഖല പ്രതിസന്ധികളിലേക്ക് വഴുതിവീണു കൊണ്ടിരിക്കുകയാണ്. ഉത്‌പാദനെച്ചലവു വർധിക്കുകയും പ്രതീക്ഷിത വരുമാനം ലഭിക്കാതെ വരുകയും ചെയ്യുന്നതോടു കൂടി ക്ഷീര കർഷകരുടെ ജീവിതം മുരടിച്ച അവസ്ഥയിലാണ്. 

ആർ.സി.ഇ.പി.യിലൂടെ ഇവരുടെ അവസ്ഥ കൂടുതൽ ദുഷ്കരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഏറ്റവും വലിയ പാലുത്‌പന്ന രാജ്യമായ ന്യൂസീലൻഡ്‌ ഭാരതവുമായുള്ള ഉഭയകക്ഷിവ്യാപാരം പൂർത്തീകരിക്കാൻ പറ്റാത്തതിന്റെ നിരാശയിൽ ആർ.സി.ഇ.പി.യിലൂടെ നമ്മുടെ രാജ്യത്തിലെ ക്ഷീരവ്യവസായത്തിന്റെ വിപണി പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ്. ലോകത്തിലെ എറ്റവും വലിയ ക്ഷീരക്ഷീരോത്‌പന്ന കയറ്റുമതിക്കാരായ ന്യൂസീലൻഡിന്റെ ‘ഫോന്ററാ’ എന്ന ബഹുരാഷ്ട്രകമ്പനി ആർ.സി.ഇ.പി.യിലൂടെ  ഭാരതത്തിലെ ക്ഷീര വ്യവസായത്തിൽ കണ്ണുെവച്ചുകഴിഞ്ഞു. 
ആർ.സി.ഇ.പി. കരാർ ഇതിനു വഴിയൊരുക്കുകയാണെങ്കിൽ ഭാരതത്തിൽ അനേകം ക്ഷീരകർഷകരുടെ ആശ്രയവും അഭയവുമായ ‘അമുലിന്’ ഇത്തരത്തിലുള്ള ബഹുരാഷ്ട്ര കമ്പനികളോട് എത്രനാൾ പിടിച്ചു നിൽക്കാൻ കഴിയും എന്നറിയില്ല.

ഒരുപക്ഷേ, അനേകം വ്യക്തിത്വങ്ങളുടെയും കർഷകരുടെയും കഷ്ടപ്പാടിലൂടെ കെട്ടിപ്പൊക്കിയ രാജ്യത്തിന്റെ അഭിമാനസ്തംഭമായ ഒരു പ്രസ്ഥാനത്തിന്റെ പതനം ആയിരിക്കാം. നിർഭാഗ്യവശാൽ അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഇവിടത്തെ ക്ഷീര കർഷകർക്ക്‌ ഒന്നുകിൽ ‘ഫോന്ററാ’ പോലുള്ള ബഹുരാഷ്ട്രകമ്പനികൾക്കുവേണ്ടി പ്രവർത്തിക്കേണ്ടിവരും അല്ലെങ്കിൽ ഈ വ്യവസായത്തിൽനിന്ന്‌ പുറത്തുപോകേണ്ടി വരും. കാരണം ഇവരുമായി മത്സരിക്കാനുള്ള ശക്തി നമുക്കില്ല എന്നതുകൊണ്ടു തന്നെ. വിയറ്റ്‌നാം പോലുള്ള ചെറിയ രാജ്യങ്ങളിൽ ‘ഫോന്ററാ’യുടെ ആധിപത്യം ഏകദേശം ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്.

അതേസമയം, ആർ.സി.ഇ.പി.യിൽ അംഗങ്ങളായ ജപ്പാനെയും ഓസ്‌ട്രേലിയയെയും പോലുള്ള രാജ്യങ്ങൾ തങ്ങളുടെ കർഷകർക്ക് വമ്പിച്ച സബ്‌സിഡി നൽകുകയും മറ്റ് അംഗങ്ങളായ രാജ്യങ്ങൾക്ക് വ്യാപാരം നടത്താൻ പറ്റാത്ത രീതിയിൽ ഭക്ഷ്യസുരക്ഷാ നിലവാരം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ അവരുടെ ഭക്ഷ്യസുരക്ഷാ നിലവാരങ്ങൾക്കനുസരിച്ചുള്ള ക്ഷീര ഉത്‌പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിന് അത്തരത്തിലുള്ള ‘മെഗാ ഫുഡ് പാർക്കുകൾ’ സൃഷ്ടിക്കപ്പെടും ഇതിലേക്കായി കൂടുതൽ വിദേശ നിക്ഷേപവും ഒഴുകിയെത്തും. നമ്മുടെ രാജ്യത്ത് ഇതിനോടകംതന്നെ ഇത്തരത്തിലുള്ള പാർക്കുകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം പദ്ധതികൾ സംജാതമാകുന്നതോടുകൂടി ഉയർന്നസാങ്കേതിക സംവിധാനങ്ങളോടു കൂടിയുള്ള ഫാമുകൾ സൃഷ്ടിക്കപ്പെടും, നിലവിലുള്ള ക്ഷീരശൃംഖല തകർന്നടിയും. വീടുകൾ കേന്ദ്രീകരിച്ചുള്ള വിവിധ തരത്തിലുള്ള ക്ഷീരോത്‌പന്ന നിർമാണശാലകൾ നിലംപരിശാകും.

(നിയമസഭാ സാമാജികനാണ് ലേഖകൻ)

ഭാഗം1: വ്യാപാര കരാറുകളും ഇന്ത്യന്‍ ഗ്രാമീണജനതയും
ഭാഗം2: ഇന്ത്യയും ആര്‍.സി.ഇ.പി. കരാറും