1സിയാൻ ബ്ലോക്കിൽപ്പെട്ട പത്ത് രാജ്യങ്ങളായ ബ്രൂണെ, മ്യാൻമാർ, കംബോഡിയ, ഇൻഡൊനീഷ്യ, ലാവോസ്, മലേഷ്യ, ഫിലിപ്പീൻസ്, സിങ്കപ്പൂർ, തായ്‌ലാൻഡ്‌, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്‌, ചൈന എന്നീ രാജ്യങ്ങളുമായി ചേർന്നുള്ള സ്വതന്ത്രവ്യാപാര കരാറാണ് മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (ആർ.സി.ഇ.പി.). 

2012-ൽ കംബോഡിയയിൽ നടന്ന ആസിയാൻ ഉച്ചകോടിയിലാണ് ആർ.സി.ഇ.പി. എന്ന പ്രാദേശിക വ്യാപാര കൂട്ടായ്മയ്ക്ക്  വിത്തുപാകിയത്. ഇതിന് നേതൃത്വം നൽകിയതാകട്ടെ ചൈനയും. അതിവിപുലമായ അധ്യായങ്ങളാണ് ഈ കരാറിൽ അടങ്ങിയിട്ടുള്ളത്. കാർഷികോത്‌പന്നങ്ങൾ, വ്യാവസായികോത്‌പന്നങ്ങൾ എന്നിവ ഉൾ​​െപ്പടെയുള്ള ചരക്കുകളുടെ വ്യാപാരത്തിൽ പരമാവധി ഉത്‌പന്നങ്ങൾക്ക് തീരുവരഹിത ഇറക്കുമതി ഉറപ്പാക്കുന്നതോടാപ്പം സേവന മേഖലയും വിദേശനിക്ഷേപ മേഖലയും കൂടുതൽ ഉദാരീകരിക്കുക എന്നതാണ് ഈ കരാറിന്റെ ലക്ഷ്യം.

അതോടൊപ്പം തന്നെ രാജ്യത്ത് നിലവിലുള്ള തൊഴിൽ നിയമങ്ങളുൾപ്പെടെയുള്ള പല നിയമങ്ങളും ഈ കരാറിന് ബാധകമല്ലാതെ വരും. ഈ കരാറിന്റെ സവിശേഷത അതിന്റെ രഹസ്യസ്വഭാവം തന്നെയാണ്. കരാർ ഒപ്പിടാൻ പോകുന്ന ഈ വേളയിൽ പോലും അതിലെ വിവരങ്ങൾ വെളിപ്പെടുത്താൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. 

കരാറുമായി ഇന്ത്യ മുന്നോട്ട്

മുൻ യു.പി.എ. സർക്കാരിന്റെ കാലത്ത് തുടക്കംകുറിച്ച ചർച്ച, ഇന്ന് മോദി സർക്കാരിന്റെ ഭരണം അവസാനിക്കുന്നതിനുള്ളിൽ തന്നെ യാഥാർഥ്യമാകും. ഈ കരാറിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച്  നീതി ആയോഗും കേന്ദ്ര ഗവൺമെന്റ് സെക്രട്ടറിമാരും  മറ്റ് പല സാമ്പത്തിക വിദഗ്‌ധരും മുന്നറിയിപ്പുനൽകിയെങ്കിലും ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് മോദി സർക്കാർ കരാർ ഒപ്പിടാൻ തയ്യാറെടുക്കുന്നത്. ഇറക്കുമതി തീരുവ കുറയ്ക്കുന്നതു സംബന്ധിച്ചും ഉദാരീകരണങ്ങൾ എത്രത്തോളം ആകാം എന്നതിനെക്കുറിച്ചുള്ള തർക്കങ്ങൾ പരിഹരിക്കപ്പെട്ടാൽ എപ്പോൾ വേണമെങ്കിലും ഈ കരാർ ഒപ്പുെവക്കപ്പെടും.

ഈ വർഷം ഫെബ്രുവരിയിൽ ഇൻഡൊനീഷ്യയിൽ നടന്ന ചർച്ചയിൽ 80 മുതൽ 86 ശതമാനം വരെ കാർഷികവ്യാവസായിക ഉത്‌പന്നങ്ങൾക്ക് തീരുവരഹിത ഇറക്കുമതി അനുവദിക്കാമെന്ന് ഒത്തുതീർപ്പിലേക്ക് ഇന്ത്യ എത്തി എന്നാണ് അറിയാൻ സാധിക്കുന്നത്. ആർ.സി.ഇ.പി. യിൽ ഒപ്പുെവക്കുന്ന രാജ്യങ്ങളുടെ ഏതെല്ലാം ഉത്‌പന്നങ്ങളെയാണ് ‘സെൻസിറ്റീവ് ഉത്‌പന്നങ്ങളുടെ ലിസ്റ്റിൽ’ ഉൾപ്പെടുത്തണം എന്ന ചർച്ച മാത്രമാണ് അവശേഷിക്കുന്നത്‌. ഈ വിഷയങ്ങളെല്ലാം തന്നെ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളുമായി ചർച്ച ചെയ്യാതെ അതിരഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ഇതാണ് നാം ഗൗരവത്തോടെ കാണേണ്ടതും.

പ്രത്യാഘാതങ്ങൾ എന്തൊക്കെ

ആർ.സി.ഇ.പി. അംഗരാജ്യങ്ങളിൽ ഏറ്റവും വലിയ വ്യവസായ തകർച്ച നേരിടുന്ന രാജ്യം ഇന്ത്യയാണ്. കരാറിൽ ഇന്ത്യയ്ക്ക് നേട്ടമായി കേന്ദ്രസർക്കാർ ഉയർത്തിക്കാട്ടുന്ന ഒരേയൊരു കാര്യം,  ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ആർ.സി.ഇ.പി. അംഗരാജ്യങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ്. യുവാക്കളുടെ തൊഴിൽ എന്ന സ്വപ്നത്തെ മറയാക്കിയാണ് 2010-ൽ ആസിയാൻ കരാറിൽ ഒപ്പിട്ടത്. എന്നാൽ, എട്ടു വർഷത്തിനുശേഷവും കാര്യമായ തൊഴിലവസരം  നമ്മുടെ യുവാക്കൾക്ക് ലഭിച്ചിട്ടില്ല. 

ആർ.സി.ഇ.പി. കരാർ യാഥാർഥ്യമാകുമ്പോൾ ഇതു കൂടുതൽ സങ്കീർണമാകും കാരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെക്കനൈസേഷൻ, ത്രീ ഡി പ്രിന്റിങ്‌, റോബോട്ടിക്സ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യയുടെ കടന്നുവരവോടെ നമ്മുടെ പ്രൊഫഷണലുകൾക്ക് തൊഴിൽരംഗത്ത് ഇന്ത്യയിൽ പോലും പിടിച്ചുനിൽക്കാൻ സാധിക്കുകയില്ല. എന്നാൽ, ഇതിനൊന്നും തന്നെ പ്രാധാന്യം നൽകാതെ കേന്ദ്രസർക്കാർ പരിശ്രമിക്കുന്നത് അദാനി, അംബാനി തുടങ്ങിയ വമ്പൻ വ്യവസായികൾക്ക് ആർ.സി.ഇ.പി. അംഗരാജ്യങ്ങളിൽ കൂടുതൽ മൂലധന നിക്ഷേപങ്ങൾ നടത്താനുള്ള സഹായങ്ങൾ നൽകാനാണ്. 

ആർ.സി.ഇ.പി. നിലവിൽവന്നാൽ നിലവിലുള്ള ഇന്ത്യ ആസിയാൻ കരാറുകൾ ഇല്ലാതാകും പകരം ആസിയാൻ രാജ്യങ്ങൾക്കു പുറമേ ചൈന, ന്യൂസീലൻഡ്‌, ഓസ്‌ട്രേലിയ, ജപ്പാൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിൽനിന്നും നമ്മുടെ കർഷകർ കടുത്ത മത്സരങ്ങൾ നേരിടേണ്ടിവരും. കാർഷിക മേഖലയിൽ നമ്മുടെ രാജ്യങ്ങളെക്കാളും ഉത്‌പാദനക്ഷമത കൂടുതലും ഉത്‌പാദനച്ചെലവ് കുറവുമാണ് ഈ രാജ്യങ്ങളിൽ. 
കാർഷിക വിഭവങ്ങളുടെ ഏറ്റവും വലിയ ആറാമത്തെ കയറ്റുമതിക്കാരാണ്  ചൈന.  പയറുവർഗങ്ങൽ, ഉള്ളി, വെളുത്തുള്ളി, ആപ്പിൾ, ശീതീകരിച്ച കോഴിയിറച്ചി, മീൻ എന്നിവയുടെ കരുത്തരായ കയറ്റുമതിക്കാരുമാണ് ചൈന.  ഇന്ത്യ മ്യാൻമാറിൽ നിന്നും പയറുവർഗങ്ങൾ ഇറക്കുമതി ചെയ്തപ്പോൾ ചൈനീസ് കമ്പനികൾ മ്യാൻമാറിലെ പയറുവർഗങ്ങൾ മൊത്തം വാങ്ങുകയും നമ്മുടെ സർക്കാരിന് അവരിൽ നിന്നും പയറുവർഗങ്ങൾ വാങ്ങേണ്ട ഗതികേട് ഉണ്ടാക്കുകയും ചെയ്തു. വ്യാപാരം കുത്തകവത്‌കരിക്കുക എന്നത് ചൈനയുടെ നയമാണ്.  

ഓസ്‌ട്രേലിയയും ന്യൂസീലൻഡും പാലിന്റെയും പാലുത്‌പന്നങ്ങളുടെയും ശക്തരായ കയറ്റുമതിക്കാരുമാണ്.  2000 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ ന്യൂസീലൻഡിൽനിന്നും ഓസ്‌ട്രേലിയയിൽനിന്നുമുള്ള പാലുത്‌പന്നങ്ങളുടെ ഇറക്കുമതി യഥാക്രമം 57 ശതമാനവും 25 ശതമാനവും വർധിച്ചു.  പാലുത്‌പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രണവും അളവുനിയന്ത്രണവും എടുത്തുകളഞ്ഞതിനുശേഷം സ്വകാര്യകമ്പനികൾ പാൽപ്പൊടിയും വെണ്ണയും ഇറക്കുമതി ചെയ്ത് വെള്ളം ചേർത്ത് പാലുണ്ടാക്കി വിൽക്കുകയാണ്.  ഇത് ചെറുകിട കർഷകരെയും പാൽ സഹകരണസംഘങ്ങളെയും  ഇപ്പോൾതന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പുതിയ കരാർ പ്രകാരം ഇറക്കുമതിത്തീരുവ ഇനിയും കുറച്ചാൽ നമ്മുടെ കർഷകർക്ക് ആത്മഹത്യയല്ലാതെ വഴിയില്ല.  നമ്മുടെ ഗ്രാമീണകർഷകരുടെ 92 ശതമാനത്തിന്റെയും കാർഷികവരുമാനത്തിന്റെ 70 ശതമാനം പശുവളർത്തലിനെ ആശ്രയിച്ചാണ്. ഈ മേഖലയുടെ തകർച്ചയുടെ പ്രത്യാഘാതം മൊത്തം ജനതയിലുണ്ടാക്കുന്നത് എത്ര വലുതായിരിക്കും എന്നു നാം ചിന്തിക്കണം. 

ഇതു കൂടാതെ, ഓസ്‌ട്രേലിയ ഗോതമ്പിന്റെയും സോയാബീൻ എണ്ണയുടെയും മത്സ്യങ്ങളുടെയും നല്ല കയറ്റുമതിക്കാരാണ്. ആസിയാൻ രാജ്യങ്ങൾ ദക്ഷിണഭാരതത്തിലെയും ബംഗാളിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും പല കാർഷിക ഉത്‌പന്നങ്ങളുടെയും ശക്തരായ കയറ്റുമതിക്കാരും ഇതിൽ കുത്തകകളുമാണ്.  ആസിയാൻ രാജ്യങ്ങളിൽനിന്ന്‌ ഇറക്കുമതി ചെയ്ത പാംഓയിൽ  നമ്മുടെ കാർഷികമേഖലയിൽ ഉണ്ടാക്കിയ പ്രതിസന്ധി എത്ര വലുതാണ് എന്നുകൂടി ഈ അവസരത്തിൽ നാം ഓർക്കണം.  

നാം ഇന്ന് 55 ശതമാനം ഭക്ഷ്യയെണ്ണയും ഇറക്കുമതിചെയ്യുന്നു.  ഇതുമൂലം 32 ലക്ഷം കാർഷിക തൊഴിലവസരങ്ങളും 15 ലക്ഷം സംസ്കരണ തൊഴിലവസരങ്ങളും നമുക്ക് നഷ്ടപ്പെട്ടു. പുതിയ കരാർ, അല്പം വർധനയുണ്ടാക്കിയ കാർഷികവിഭവങ്ങളുടെ വിലയെ തകർക്കും.  ആർ.സി.ഇ.പി.യുടെ ഭാഗമായ ആസിയാൻ രാജ്യങ്ങളിൽനിന്നുള്ള റബ്ബർ, അരി, പാംഓയിൽ, തേയില. കാപ്പി, കുരുമുളക്, മത്സ്യം എന്നിവ നമുക്ക് വീണ്ടും കൂടുതൽ ഭീഷണിയുണ്ടാക്കാൻ പോവുകയാണ്.    

ആരോഗ്യരംഗവും അപ്രാപ്യമാവും

സേവനമേഖലകളായ ചില്ലറവ്യാപാരം, ബാങ്കിങ്, ഇൻഷുറൻസ്, മേഖലകളെ ഗുരുതരമായി ബാധിക്കുന്ന കരാർ ലോകവ്യാപാരസംഘടനയുടെ കരാർ വ്യവസ്ഥകളിലും അപകടകരമാണ്.  ബൗദ്ധിക സ്വത്തവകാശ നിയമത്തിൽ ജപ്പാൻ നിർദേശിക്കുന്ന മാറ്റങ്ങൾ വരുത്തിയാൽ ലോകത്തിന്റെ തന്നെ മരുന്ന് ഉത്‌പാദകരായ ഭാരതത്തിന്റെ മരുന്ന് വ്യവസായം തകരുകയും മരുന്ന് ഉത്‌പാദന മേഖലയിലെ കുത്തകകൾ അനിയന്ത്രിതമായി വിലവർധിപ്പിക്കയും ചെയ്താൽ  ആരോഗ്യരംഗം സാധാരണക്കാരന് അപ്രാപ്യമാകും. 

മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ 16 ശതമാനം വരുന്ന സർക്കാർ വാങ്ങൽ (Government Procurement) ലോകവ്യാപാര സംഘടനയുടെ കരാറിന് പുറത്താണ്.  എന്നാൽ, സ്വതന്ത്രവ്യാപാരക്കരാർ വ്യവസ്ഥപ്രകാരം ആർ.സി.ഇ.പി. രാജ്യങ്ങളിൽനിന്നുള്ള കമ്പനികൾക്ക് നമ്മുടെ രാജ്യത്തെ കമ്പനികളുടെ തുല്യപരിഗണന നൽകേണ്ടിവരും എന്നതിനാൽ ഇത് നമ്മുടെ വ്യവസായങ്ങളെ ബാധിക്കും. പ്രത്യേകിച്ചും തുണി വ്യവസായം.  മാത്രമല്ല, ചെറുകിട വ്യവസായ മേഖലയ്ക്കുള്ള സർക്കാർ വാങ്ങലിലെ പരിഗണനകൾ എല്ലാം ഇല്ലാതാകും.  ബഹുരാഷ്ട്ര കുത്തകകൾക്ക് അന്താരാഷ്ട്ര തർക്കപരിഹാര കോടതിയിൽ നിക്ഷേപസംരക്ഷണത്തിന്റെ പേരിൽ രാജ്യത്തെ വിചാരണചെയ്യാൻ  (International Arbtiration)  അനുമതി നൽകുന്ന കരാർ, കുത്തകകളുടെ  താത്‌പര്യം മാത്രമാണ് സംരക്ഷിക്കുക.  (നിയമസഭാ സാമാജികനാണ് ലേഖകൻ)

നാളെ: കാർഷികമേഖലയും അനുബന്ധമേഖലയും തകർന്നടിയും
ഇന്നലെ: വ്യാപാര കരാറുകളും ഇന്ത്യന്‍ ഗ്രാമീണജനതയും