പാകിസ്താനെ ലോകക്രിക്കറ്റിന്റെ നെറുകയിലെത്തിച്ച ക്യാപ്റ്റന്‍ എന്ന താരപരിവേഷത്തില്‍ നിന്ന് രാജ്യത്തിന്റെ ക്യാപ്റ്റന്‍ എന്ന പരമോന്നതപദവിയിലേക്കുയര്‍ന്നിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍. ആ വളര്‍ച്ചയ്ക്ക് പിന്നില്‍ 22 വര്‍ഷത്തിന്റെ രാഷ്ട്രീയചരിത്രമുണ്ട്. കഴിഞ്ഞ കാലമത്രയും പാക് രാഷ്ട്രീയത്തിന്റെ അരികുകളിലൊതുങ്ങിയ തെഹ്രീക് ഇ ഇന്‍സാഫിനെ രാജ്യഭരണത്തിന്റെ നെടുനായകത്വത്തിലേക്ക് ഉയര്‍ത്തിയ ക്യാപ്റ്റന്‍ ബുദ്ധിയെ ആശങ്കയോടെ നോക്കിക്കാണുന്നവരില്‍ പ്രധാനശക്തി ഇന്ത്യ തന്നെയാണ്. ഇമ്രാന്‍ഖാന്‍ എന്ന ക്രിക്കറ്റുകാരന്‍ ഇന്ത്യക്ക് സുപരിചിതനാണ്. ഇമ്രാന്‍ ഖാന്‍ എന്ന തെഹ്രീക് ഇ ഇന്‍സാഫ്‌ നേതാവിനെയും കണ്ടറിഞ്ഞതാണ്. പക്ഷേ, ഇമ്രാന്‍ ഖാന്‍ എന്ന പാക് പ്രധാനമന്ത്രി എന്തായിരിക്കും എന്നത് പ്രതീക്ഷകള്‍ക്കതീതമാണ്. 

1997ലാണ് തന്റെ തെഹ്രീക് ഇ ഇന്‍സാഫ്‌ പാര്‍ട്ടിയുമായി ഇമ്രാന്‍ ഖാന്‍ ആദ്യം തിരഞ്ഞെടുപ്പ് ഗോദായിലേക്കിറങ്ങിയത്. അന്ന് മത്സരിച്ച രണ്ട് സീറ്റിലും പരാജയമായിരുന്നു ഫലം. ക്രിക്കറ്റ് നായകനായി ആരാധിക്കാം പക്ഷേ രാഷ്ട്രീയക്കാരനായി ഞങ്ങള്‍ക്ക് വേണ്ടെന്ന് പറഞ്ഞ അതേ ജനങ്ങള്‍ തന്നെയാണ് 22 വര്‍ഷത്തിനു ശേഷം വന്‍ഭൂരിപക്ഷം നല്കി ഇമ്രാന്റെ പാര്‍ട്ടിയെ വിജയത്തിലെത്തിച്ചത്. രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ ഇമ്രാന്‍ ബഹുദൂരം മുന്നോട്ട് വന്നിരിക്കുന്നു എന്നതിന് പാക് ജനത നല്കിയ അംഗീകാരം തന്നെയാണ് അത്. എന്നാല്‍, ഇക്കാലയളവിനുള്ളില്‍ നിരവധി രാഷ്ട്രീയപരിവര്‍ത്തനങ്ങളിലൂടെ ഇമ്രാന്‍ കടന്നിട്ടുണ്ട് എന്നതാണ് വസ്തുത. 

തെഹ്രീക് ഇ ഇന്‍സാഫ്‌-
പാക് സൈന്യത്തിന്റെ അരുമസന്തതി

ആദ്യകാലത്ത് അതിതീവ്ര നിലപാടുകളോട് തന്റെ പാര്‍ട്ടിയെ ചേര്‍ത്തുനിര്‍ത്താനാണ് ഇമ്രാന്‍ ഖാന്‍ ശ്രമിച്ചത്. ഫാഫിസ് സെയ്ദിനെക്കൊണ്ട് റാലികളില്‍ അഭിസംബോധന ചെയ്യിച്ച ചരിത്രമുണ്ട് ഇമ്രാന്. പാക് താലിബാനെതിരായ സൈനിക നടപടിയെ തുറന്നെതിര്‍ക്കുകയും ചെയ്തിരുന്നു അന്നൊക്കെ ഇമ്രാന്‍ ഖാന്‍. താലിബാനെ പ്രശംസിച്ചതിന്റെ പേരില്‍ താലിബാന്‍ ഖാന്‍ എന്ന വിളിപ്പേര് പോലും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ആ നിലപാടുകളോട് ഇമ്രാന്‍ മുഖം തിരിക്കുന്നത് നൂറിലധികം കുട്ടികളുടെ മരണത്തിന് കാരണമായ പെഷവാറിലെ സ്‌കൂള്‍ ആക്രമണത്തോടെയാണ്. പിന്നെയെല്ലായ്‌പ്പോഴും ഇമ്രാനും തെഹ്രീക് ഇ  ഇന്‍സാഫും സൈനിക നിലപാടുകളോട് തന്നെ ചേര്‍ന്നുനിന്നു. 

ഇമ്രാന്‍ നിലപാടുകളില്‍ സ്വീകരിച്ചിട്ടുള്ള ഈ വൈരുദ്ധ്യം ആശയക്കുഴപ്പം കാരണമാണെന്നാണ് എതിരാളികള്‍ വിമര്‍ശിച്ചിരുന്നത്. രാഷ്ട്രീയത്തില്‍ ഒന്നും സ്ഥിരമല്ലല്ലോ എന്നായിരുന്നു അന്നൊക്കെ ഇമ്രാന്‍ അനുയായികളുടെ പക്ഷം. ആ നിലപാട് മാറ്റം കാലത്തിന്റെ അനിവാര്യതയായിരുന്നെന്നും വിജയത്തിലേക്കുള്ള ചവിട്ടുപടികളായിരുന്നെന്നും ചരിത്രം തെളിയിച്ചു. അന്നുമിന്നും ഇമ്രാനെക്കുറിച്ച് ആശയക്കുഴപ്പമില്ലാതെ തുടര്‍ന്നുപോരുന്ന ഒരു വിശ്വാസമുണ്ട്‌- പാക് സൈന്യം പാലൂട്ടി വളര്‍ത്തിയ അരുമസന്തതിയാണ് ഇമ്രാന്റെ തെഹ്രീക് ഇ ഇന്‍സാഫ്‌ എന്ന്. ബേനസീര്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയെയും നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലീം ലീഗ്(എന്‍) പാര്‍ട്ടിയെയും രാഷ്ട്രീയഅടരുകളില്‍ നിന്ന് ഇല്ലായ്മ ചെയ്യലാണ് തെഹ്രി കെ ഇന്‍സാഫിന്റെ അവതാര ലക്ഷ്യമെന്ന ധാരണയും ശരിയായിരുന്നെന്ന് ഈ തിരഞ്ഞെടുപ്പോടെ തെളിഞ്ഞു. 

imran

സിഎംഎസ്-
ഇമ്രാനെ തുണച്ച ആ മൊബൈല്‍ ആപ്ലിക്കേഷന്‍

രാജ്യത്തെ 50 ദശലക്ഷം വരുന്ന വോട്ടര്‍മാരെ തന്റെ വിജയത്തിന്റെ ഭാഗമാക്കാന്‍ ഇമ്രാനെ സഹായിച്ചത് ഒരു മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. പാക് സൈന്യത്തിന്റെ സഹായം ഇമ്രാനും പാര്‍ട്ടിക്കും ലഭിച്ചു എന്ന ആരോപണം മുഖവിലയ്‌ക്കെടുത്താലും ഇല്ലെങ്കിലും ഈ ആപ്ലിക്കേഷന്‍ വഹിച്ച പങ്ക് തള്ളിക്കളയാനാവില്ല. 

ഓരോ വോട്ടറുടെയും ഐഡി നമ്പര്‍ നല്കിയാലുടന്‍ തന്നെ അവരെവിടെയാണ് താമസിക്കുന്നതെന്നും ആ പ്രദേശത്ത് ഏറ്റവുമടുത്തുള്ള പോളിംഗ് ബൂത്ത് ഏതാണെന്നുമെല്ലാം വിവരം ലഭിക്കും. അതനുസരിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി തങ്ങളുടെ വോട്ടര്‍മാരെ കൃത്യമായി പോളിംഗ്ബൂത്തിലെത്തിക്കാനായത് വന്‍ വിജയമായെന്നാണ്
തെഹ്രീക് ഇ ഇന്‍സാഫ് വിലയിരുത്തുന്നത്. അതേസമയം, പുറത്തുവന്ന വിവരങ്ങള്‍ക്കുമപ്പുറം മറ്റ്  ചില സാങ്കേതികതകളും ആപ്ലിക്കേഷനുണ്ടെന്നും എതിരാളികള്‍ അറിയാതിരിക്കാന്‍ പാര്‍ട്ടി അത് മറച്ചുവയ്ക്കുകയാണെന്നും വിവരങ്ങളുണ്ട്. 

വന്‍ ജനപിന്തുണയുണ്ടായിട്ടും 2013ല്‍ തിരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ ചുവയറിഞ്ഞതില്‍ നിന്നുണ്ടായ തിരിച്ചറിവാണ് ഇങ്ങനെയൊരു പരീക്ഷണത്തിലേക്ക് ഇമ്രാനെ നയിച്ചതെന്നാണ് വിലയിരുത്തല്‍. തന്നെ പിന്തുണയ്ക്കുന്ന ജനശക്തിയെ വോട്ടാക്കിമാറ്റുന്നതില്‍ ഇക്കുറി ഇമ്രാന് തെല്ലും പിഴച്ചതുമില്ല.

ഒരേ ഇമ്രാന്‍-
പല മുഖങ്ങള്‍

ഒരേസമയം കോസ്‌മോപൊളിറ്റന്‍ നാഗരികനും യഥാസ്ഥിതിക ഇസ്ലാം വിശ്വാസിയുമാണ് ഇമ്രാന്‍. ലണ്ടനിലും മുംബൈയിലുമൊക്കെ കാണാന്‍ കഴിയുന്ന നവലിബറല്‍ വ്യക്തിത്വം ക്രിക്കറ്റ് ജീവിതത്തില്‍ നിന്ന് ആര്‍ജിച്ചതാണെന്നാണ് വിലയിരുത്തല്‍. അതേസമയം തന്നെ പാകിസ്താനികള്‍ക്ക് പരിചിതനായ ഇമ്രാന്‍ മതപരമായ യാഥാസ്ഥിതികത്വം കാത്തുസൂക്ഷിക്കുന്ന ആളുമാണ്.

ഇസ്ലാമിക സമത്വവാദം, തുല്യനീതി, ഉദാരമായ സാമ്പത്തികനയങ്ങള്‍, മതപരമായ യാഥാസ്ഥിതികത്വം എന്നിവയുടെയൊക്കെ സമ്മിശ്രമാണ് ഇമ്രാന്റെ രാഷ്ട്രീയം. മതനിന്ദാ നിയമം റദ്ദാക്കുന്നതിനെ എതിര്‍ക്കുകയും അഹമ്മദിയ്യ വിഭാഗത്തെ അമു്‌സലീമായി കണക്കാക്കുകയും ചെയ്യുന്നുണ്ട് ഇമ്രാന്‍. സൈന്യത്തിന്റെ താലിബാന്‍ വിരുദ്ധ നടപടികളെ അനുകൂലിക്കുമ്പോഴും തീവ്രവാദികളായ തെഹ്‌രീക് ഇ ലബ്ബാക്ക് പാകിസ്താന്റെയും സിപാ ഇ സഹബയുടെയും പിന്തുണ അഭ്യര്‍ഥിക്കുകയും ചെയ്യുന്നു. എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയം കൂടിയാണ് ഇമ്രാന്റേത്. 

അതുകൊണ്ട് തന്നെ ഇമ്രാനെ പിന്തുണയ്ക്കുന്നവരിലും ഈ വൈരുദ്ധ്യമുണ്ട്. യാഥാസ്ഥിതികത്വം ഇഷ്ടപ്പെടാത്ത നാഗരികപാകിസ്താനിലെ ജനങ്ങളും പാകിസ്താന്‍ പാശ്ചാത്യവല്ക്കരിക്കപ്പെടുന്നത് അംഗീകരിക്കാനാവാത്ത മതപാരമ്പര്യവാദികളും ഇമ്രാന്റെ അനുയായികളായുണ്ട്. 

imran

ഇന്ത്യ ഉറ്റുനോക്കുന്ന വിദേശനയം

വിദേശനയവും ദേശീയസുരക്ഷയും ഒരുകാലത്തും പ്രധാനമന്ത്രിമാരുടെ വരുതിയില്‍ നിന്നിട്ടുള്ള ചരിത്രം പാകിസ്താനില്ല. രണ്ടിലും മേല്‍ക്കൈ സൈന്യത്തിനായിരുന്നു. ഇക്കുറിയും ചരിത്രം ആവര്‍ത്തിക്കപ്പെടാന്‍ തന്നെയാണ് സാധ്യത. 2016ലെ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് പ്രതികരിക്കാത്തതിന്റെ പേരില്‍ അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഭീരു എന്ന വിളിച്ചിട്ടുള്ള വ്യക്തിയാണ് ഇമ്രാന്‍ ഖാന്‍. സൈന്യത്തിന്റെ നിലപാടുകളോട് ചേര്‍ന്നുനില്‍ക്കുന്ന വ്യക്തി കൂടിയാണ് ഇമ്രാന്‍ എന്നതുകൊണ്ട് തന്നെ സൈന്യത്തിന്റെ നിലപാട് തന്റേതും എന്ന നിലയിലവാകും ഇമ്രാന്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കുക. 

അയല്‍രാജ്യങ്ങളുമായി സമാധാനത്തിലാകാന്‍ താന്‍ ആഗ്രഹിക്കുന്നതായി തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും അതെത്രകണ്ട് പ്രായോഗികതലത്തിലേക്ക് നീക്കുമെന്ന് കണ്ടറിയണം. ഇന്ത്യയുടെ അധികാരമനോഭാവത്തെ അംഗീകരിക്കാനാവില്ലെന്ന് മുമ്പേ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് ഇമ്രാന്‍. പ്രസംഗത്തില്‍ ചൈനയെ പ്രകീര്‍ത്തിച്ച ഇമ്രാന്‍ പറഞ്ഞത് പാകിസ്താന്‍ പലതും ചൈനയില്‍ നിന്ന് നോക്കിപ്പഠിക്കേണ്ടിയിരിക്കുന്നു എന്നാണ്!

ഇമ്രാന്‍ ഖാന്റെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍

imran

"22 വര്‍ഷത്തെ പോരാട്ടം വിജയം കണ്ടിരിക്കുന്നു. പാകിസ്താനെ സേവിക്കാന്‍ ദൈവം എനിക്ക് അവസരം തന്നിരിക്കുന്നു. ഇതൊരു ചരിത്രപരമായ തിരഞ്ഞെടുപ്പാണ്. മുഹമ്മദാലി ജിന്നയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനാണ് ഞാന്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. ഈ തിരഞ്ഞെടുപ്പിനായി ജനങ്ങള്‍ ഒരുപാട് ത്യാഗം ചെയ്യേണ്ടിവന്നു. നിരവധി സ്‌ഫോടനങ്ങള്‍, ചാവേറാക്രമണങ്ങള്‍ ഒക്കെ മറികടന്നാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്. ബലൂചിസ്താനിലെ ജനങ്ങളോടാണ് എനിക്ക് പ്രത്യേകമായി നന്ദി പറയാനുള്ളത്. അവരാണ് ആ ദുര്‍ഘടങ്ങളൊക്കെ ഏറ്റവും കൂടുതല്‍ കടക്കേണ്ടി വന്നത്. എന്നിട്ടും അവര്‍ എനിക്കൊപ്പം നിന്നു, എന്നെ വിജയിപ്പിച്ചു. എന്റെ പാര്‍ട്ടിപ്രവര്‍ത്തകരാണ് ഈ വിജയത്തിന് പിന്നിലുള്ളത്. രണ്ട് സ്ഥാനാര്‍ത്ഥി​കളെയാണ് സ്‌ഫോടനങ്ങളില്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടത്. എന്നിട്ടും തളരാതെ പോരാടിയവരാണ് ആ പ്രവര്‍ത്തകര്‍. അവരോടും ഞാന്‍ നന്ദി പറയുന്നു.

ജനാധിപത്യം പാകിസ്താനില്‍ കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണ്. അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രമായി പാകിസ്താനെ മാറ്റണമെന്നാണ് ആഗ്രഹം. മദീനയ്ക്ക് സമാനമായ ക്ഷേമരാഷ്ട്രമാണ് ഞാന്‍ വിഭാവനം ചെയ്യുന്നത്. പാവപ്പെട്ടജനങ്ങള്‍ക്ക് വേണ്ടിയാവും എന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. രാജ്യത്തെ 45 ശതമാനം കുട്ടികളും വിവിധതരം രോഗങ്ങളാണ് വലയുന്നവരാണ്. കൃത്യമായ ആരോഗ്യപരിപാലനം ഏര്‍പ്പെടുത്തുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടിരിക്കുകയാണ്. അതിനൊക്കെ മാറ്റം വരണം. വിദ്യാഭ്യാസം അപ്രാപ്യമായനിരവധി കുട്ടികള്‍ നമ്മുടെ രാജ്യത്ത് ഇപ്പോഴുമുണ്ട്. ആ അവസ്ഥയ്ക്കും മാറ്റം വരണം. 

രാജ്യത്തെ ജനങ്ങളുടെ പുരോഗതിക്ക് ആവുംവിധം നന്നായി പരിശ്രമിക്കുക എന്നതാണ് എന്റെ നയം. പുരോഗതിയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളാവും പുതിയ സര്‍ക്കാരിന്റേത്. സമ്പന്നരുടെ ഒരു ദ്വീപും പാവങ്ങളുടെ സമുദ്രവും എന്നാണ് അവസ്ഥയെങ്കില്‍ ഒരു രാജ്യവും ശക്തിപ്പെടുകയില്ല. പാകിസ്താനെ ഒരുമിച്ചൊരു കുടക്കീഴില്‍ അണിനിരത്തുക എന്നതാണ് എന്റെ ലക്ഷ്യം. 

രാഷ്ട്രീയത്തിന്റെ പേരില്‍ ആരെയും ബലിയാടാക്കരുത്. നിയമമായിരിക്കണം എല്ലാത്തിനും മീതെ നില്‍ക്കേണ്ടത്. നിയമം ലംഘിക്കുന്നവര്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. അഴിമതിക്കെതിരായ നിലപാട് സ്വീകരിക്കുന്നതില്‍ നമ്മുടെ സ്ഥാപനങ്ങള്‍ വീഴ്ച്ച വരുത്തരുത്. സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലാണ് നമ്മുടെ രാജ്യം. സ്ഥാപനങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാത്തതാണ് ആ മാന്ദ്യത്തിന് കാരണം. 

വ്യവസായം പ്രോത്സാഹിപ്പിച്ച് സാമ്പത്തികരംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നമുക്കാകണം. തൊഴിലില്ലായ്മയാണ് നമ്മുടെ രണ്ടാമത്തെ പ്രശ്‌നം. ലോകത്ത് തന്നെ യുവാക്കളുടെ ജനസംഖ്യയില്‍ രണ്ടാം സ്ഥാനമാണ് പാകിസ്താനുള്ളത്. അവര്‍ക്കെല്ലാം ജോലി ആവശ്യമാണ്. ജനങ്ങളുടെ നികുതിപ്പണം സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്കുന്നു. 

വിദേശനയങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു. അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്താന്‍ നമുക്കാകണം. അതിലൂടെ സാമ്പത്തികപ്രതിസന്ധിയെ മറികടക്കാനും പരിഹാരങ്ങള്‍ കണ്ടെത്തണം. ഏറ്റവുമധികം സമാധാനം ആഗ്രഹിക്കുന്ന ഒരു രാജ്യം ലോകത്തുണ്ടെങ്കില്‍,അതിപ്പോള്‍ പാകിസ്താനാണ്. അതേപോലെ ചൈനയില്‍ നിന്ന് നാമൊരുപാട് പാഠം പഠിക്കാനുണ്ട്. ദാരിദ്ര്യത്തില്‍ നിന്ന് എങ്ങനെ മോചിപ്പിക്കപ്പെട്ടെന്ന് , അഴിമതിയില്‍ നിന്ന് എങ്ങനെ പുറത്ത് കടന്നെന്ന് ഒക്കെ നാം അവിടെ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു. 

ഇന്ത്യയെക്കുറിച്ച്..എനിക്ക് വളരെ സങ്കടമുണ്ട് കഴിഞ്ഞ ദിവസങ്ങളായി മാധ്യമങ്ങള്‍ എന്നെ ഒരു ബോളിവുഡ് സിനിമാ വില്ലനെപ്പോലെ പരിഗണിക്കുന്നതില്‍. ഇമ്രാന്‍ ഖാന്‍ ഭരണത്തിലെത്തിയാല്‍ ദോഷമെന്തോ സംഭവിക്കുമെന്ന് ഇന്ത്യ ഭയപ്പെടുകയാണ്. ഇന്ത്യയെ വളരെയധികം പരിചയമുള്ള പാകിസ്താനി ആണ് ഞാന്‍. ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തുന്നത് നമുക്കും ഗുണം ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്. കശ്മീര്‍ വിഷയം സങ്കടകരം തന്നെയാണ്. ഒരു മേശയ്ക്കിരുപുറവും ഇരുന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ നേതൃത്വം തയ്യാറാണെങ്കില്‍ മുന്നോട്ട് വരാന്‍ ഞാനും തയ്യാറാണ്."

മോദിയും ഇമ്രാനും -
തിരഞ്ഞെടുപ്പ് കളത്തില്‍ ഒരേ തന്ത്രം പയറ്റിയവര്‍

തെഹ്രീക് ഇ ഇന്‍സാഫിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലേക്ക് ആഴ്ന്നിറങ്ങിയാല്‍ മനസ്സിലാക്കാനാവുക ഇന്ത്യയിലെ മോദി മാജിക് പോലെ എന്തോ ചിലത് പാകിസ്താനില്‍ ഇമ്രാനും പയറ്റിയിട്ടുണ്ടെന്ന് തന്നെയാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പരമാവധി ഉപയോഗം എന്നത് തന്നെയാണ് ഇവയില്‍ മുന്നിട്ട് നില്‍ക്കുന്നത്. വോട്ടര്‍ സ്ലിപ്പുകള്‍ പ്രിന്റ് ചെയ്ത് നല്കിയ തെഹ്രി കെ ഇന്‍സാഫ് നടപടിയില്‍ നിന്ന് തന്നെ തുടങ്ങുന്നു ഇത്. നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലീം ലീഗ് (എന്‍) വോട്ടര്‍സ്ലിപ്പുകള്‍ എഴുതിനല്കുകയായിരുന്നു.

രാജ്യപുരോഗതി എന്ന ഉത്തരവാദിത്തം ഏറ്റെടുത്ത ഇമ്രാന്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം നയാ പാകിസ്താന്‍ എന്നതാണ്. മോദിയുടെ അച്ഛാ ദിന്‍ തന്നെയാണിത്. ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും സമഗ്രമായ പദ്ധതികള്‍, യുവാക്കള്‍ക്കായി 10 ദശലക്ഷം തൊഴിലവസരങ്ങള്‍, 5 ദശലക്ഷം ചെലവ് കുറഞ്ഞ വീടുകള്‍ എന്നിവയെല്ലാം ഇമ്രാന്‍ വാഗ്ദാനം ചെയ്യുന്നു. സമ്പന്ന പാകിസ്താനികളുടെ വിദേശരാജ്യങ്ങളിലെ കള്ളപ്പണഇടപാടുകള്‍ കണ്ടെത്തുമെന്ന വാഗ്ദാനവുമുണ്ട്. 

പാകിസ്താനെ ഒരു ക്ഷേമരാഷ്ട്രമായി മാറ്റുമെന്ന് പറഞ്ഞ ഇമ്രാന്‍ താന്‍ വിഭാവനം ചെയ്യുന്നത് 17ാം നൂറ്റാണ്ടിലെ മദീനയ്ക്ക് തുല്യമായ ഇടമാണെന്നും പറഞ്ഞിട്ടുണ്ട്. മോദിയും ബിജെപിയും വിഭാവനം ചെയ്ത ഇന്ത്യ രാമരാജ്യം പോലെയാണെന്ന പ്രസ്താവനകളോടാണ് ഇതും ചേര്‍ന്നുനില്‍ക്കുന്നത്. 

വിവാഹങ്ങള്‍ അഥവാ വിവാദങ്ങള്‍

മൂന്നുതവണ വിവാഹിതനായ ഇമ്രാന്റെ വ്യക്തിജീവിതം വിവാദങ്ങളില്‍ കുരുങ്ങിക്കിടക്കുന്നതാണ്.  ആ വിവാഹങ്ങളിലൂടെ ഇമ്രാന്റെ രാഷ്ട്രീയപരിവര്‍ത്തനം സുവ്യക്തമാണെന്ന് വിലയിരുത്തലുകളുണ്ട്.

imran

ബ്രിട്ടീഷുകാരിയായ ജെമിമ ഗോള്‍ഡ്‌സ്മിത്തായിരുന്നു ഇമ്രാന്റെ ആദ്യ ഭാര്യ. 1995 മെയിലായിരുന്നു ആ വിവാഹം. 9 വര്‍ഷം നീണ്ട് നിന്ന ബന്ധത്തില്‍ രണ്ട് മക്കളും ഇവര്‍ക്കുണ്ട്. അക്കാലത്ത്  കാണാന്‍ കഴിഞ്ഞത്  വളരെ ലിബറലായ ഇമ്രാനെയായിരുന്നു. 2004 ജൂണിലാണ് ഇരുവരും വേര്‍പിരിഞ്ഞത്.

മാധ്യമപ്രവര്‍ത്തകയും സിനിമാനിര്‍മ്മാതാവുമായ രെഹം ഖാനെയാണ് ഇമ്രാന്‍ രണ്ടാമത് വിവാഹം ചെയ്തത്. ഒമ്പതു മാസം മാത്രമായിരുന്നു ഈ ബന്ധത്തിന് ആയുസ്സ്. 2015ലായിരുന്നു വിവാഹം. തട്ടമിട്ട് തലമറയ്ക്കാതെ രെഹത്തെ അക്കാലത്ത് കാണാന്‍ കഴിയുമായിരുന്നില്ല. പാരമ്പര്യവിശ്വാസങ്ങളോട് ഇമ്രാന്‍ അടുത്ത് തുടങ്ങിയതിന്റെ സൂചന കൂടിയായിരുന്നു അത്.

തന്റെ ആത്മീയ ഉപദേശകയായ ബുഷ്‌റ ബീവിയെയാണ് ഇമ്രാന്‍ മൂന്നാമത് വിവാഹം ചെയ്തത്. കടുത്ത മതവിശ്വാസിയായ അവരെ ബുര്‍ഖയില്‍ ആവരണം ചെയ്ത നിലയില്ലാതെ കാണാനേ കഴിയില്ല. ഇമ്രാന്‍ തികഞ്ഞ യാഥാസ്ഥിതികനായി എന്നതിന് തെളിവായാണ് ബുഷ്‌റയുമായുള്ള വിവാഹത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 

മുഹമ്മദാലി ജിന്നയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനാണ് താന്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയതെന്നാണ് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. ആ ലക്ഷ്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് തന്നെയാകണം മനസാക്ഷിസൂക്ഷിപ്പുകാരിയും ആദ്യഭാര്യയുമായിരുന്ന ജെമീമ ട്വീറ്റ് ചെയ്തത് 'ഇനിയുള്ള വെല്ലുവിളി അദ്ദേഹം എന്തിനാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്ന് മറക്കാതിരിക്കലാണ്' എന്ന്. 

content highlights: Imran Khan, Pakistan Election 2018, Pakistan Prime Minister, In Depth