നുഷ്യരുടെ ചിന്തകളിലാണ് യന്ത്രങ്ങള്‍ ആദ്യം പിറന്നത്. ശാസ്ത്രവും സാങ്കേതികവിദ്യയും സങ്കല്‍പങ്ങള്‍ക്ക് ഊടും പാവും നെയ്തപ്പോള്‍ അദ്ഭുതപ്പെടുത്തുന്ന കണ്ടുപിടിത്തങ്ങളായി അവ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ടു. റോബോട്ടുകളുടെ കടന്നുവരവ് അന്നേവരെ മനുഷ്യന്‍ കണ്ട ശാസ്ത്രവിസ്മയങ്ങളുടെ പട്ടിക വിപുലപ്പെടുത്തി. ഇക്കൂട്ടത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണ് മനുഷ്യസാദൃശ്യമുള്ള 'സോഫിയ' എന്ന ഹ്യൂമനോയിഡ് റോബോട്ട്. 

2015-ല്‍ ഹാന്‍സണ്‍ റോബോട്ടിക്‌സ് എന്ന സ്വകാര്യകമ്പനിയാണ് സോഫിയയെ സൃഷ്ടിച്ചത്. 2017 ഒക്ടോബര്‍ 25ന് റിയാദില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് സമ്മേളനത്തില്‍വെച്ച് സോഫിയയ്ക്ക് സൗദി അറേബ്യന്‍ പൗരത്വം ലഭിച്ചതോടെ സമകാലിക യന്ത്രമനുഷ്യനിര്‍മിതികളില്‍ ഈ ഹ്യൂമനോയിഡ് വ്യത്യസ്തയായി. ഇതോടെ, ഏതെങ്കിലും ഒരു രാജ്യത്തിന്റെ പൗരത്വം നേടുന്ന ആദ്യ റോബോട്ട് എന്ന ബഹുമതിയും സോഫിയയ്ക്ക് സ്വന്തമായി. നിര്‍മിത ബുദ്ധിയുടെയും റോബോട്ടിക്‌സിന്റെയും മികവ് തുറന്നുകാട്ടുന്ന സോഫിയയെപ്പോലെയുള്ള ഹ്യൂമനോയിഡുകളുടെ വരവ് നാലാം വ്യാവസായിക വിപ്ലവത്തിന്റെ സൂചനയായാണ് വിദഗ്ധര്‍ കാണുന്നത്. 

മനുഷ്യന് അസാധ്യം എന്ന് ഒരിക്കല്‍ കരുതിയിരുന്ന പലതും സാങ്കേതികവിദ്യ നിഷ്പ്രയാസം സാധ്യമാക്കി. അഞ്ചുവര്‍ഷത്തിനുള്ളില്‍ പൂര്‍ണമായ ചിന്താശേഷിയുള്ള ഹ്യൂമനോയിഡുകളെ നിര്‍മിക്കുമെന്ന ഹാന്‍സണ്‍ റോബോട്ടിക്‌സിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സാങ്കേതികവും ധാര്‍മികവും ചരിത്രപരവുമായ ഒരു നിരീക്ഷണത്തിന് പ്രസക്തിയുണ്ട്.

sofia robot

സോഫിയയുടെ പിറവി

ഹോങ്കോങ് ആസ്ഥാനമായുള്ള ഹാന്‍സണ്‍ റോബോട്ടിക്‌സാണ് സോഫിയയെ അവതരിപ്പിച്ചത്. ഒരു 'സോഷ്യല്‍ ഹ്യൂമനോയിഡായി' നിര്‍മിക്കപ്പെട്ട ഈ റോബോട്ട് 2015 ഏപ്രില്‍ 19നാണ് പ്രവര്‍ത്തനക്ഷമമായത്. 2016 മാര്‍ച്ചില്‍ അമേരിക്കയിലെ ടെക്‌സാസില്‍ നടന്ന സൗത്ത് വെസ്റ്റ് ഫെസ്റ്റിവലിലാണ് (SXSW) സോഫിയ ആദ്യമായി ജനങ്ങള്‍ക്ക് മുന്നിലെത്തിയത്. 2017 ഒക്ടോബറില്‍ സൗദി അറേബ്യയിലെ റിയാദില്‍ നടന്ന കോണ്‍ഫറന്‍സില്‍ ന്യൂയോര്‍ക്ക് ടൈംസ് ലേഖകനും സി.എന്‍.ബി.സി ചാനലിലെ അവതാരകനുമായ ആന്‍ഡ്രൂ റോസ് സാര്‍ക്കിന്റെ ചോദ്യങ്ങള്‍ക്ക് സോഫിയ ബുദ്ധിപരമായിത്തന്നെ മറുപടി നല്‍കി. 2017 നവംബറില്‍ ഐക്യരാഷ്ട്രസഭയുടെ ഭാഗമായുള്ള യു.എന്‍.ഡി.പി. സോഫിയയെ 'ഇന്നൊവേഷന്‍ ചാംപ്യനാ'ക്കിയത് ഈ ഹ്യൂമനോയിഡിന്റെ പ്രസിദ്ധി പിന്നെയും വര്‍ധിപ്പിച്ചു. ഇതോടെ സോഫിയ ഇന്നൊവേഷന്‍ ചാംപ്യന്‍ഷിപ്പിന് അര്‍ഹയായ ലോകത്തിലെ ആദ്യ യന്ത്രമനുഷ്യനായി.

ബ്രിട്ടീഷ് നടിയും മോഡലുമായിരുന്ന ഓഡ്രി ഹെപ്ബേണിന്റെ മുഖസാദൃശ്യത്തിലാണ് സോഫിയയെ നിര്‍മിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വിഷ്വല്‍ ഡാറ്റാ പ്രോസസിങ്, ഫേഷ്യല്‍ റിക്കഗ്‌നിഷ്യന്‍ എന്നീ സാങ്കേതികപ്രക്രിയകളാണ് സോഫിയയുടെ പ്രവര്‍ത്തനത്തിന് പിന്നില്‍. 'അതിനൂതനവും ഏറ്റവും വികസിതവുമായ റോബോട്ട്' എന്നാണ് ഹാന്‍സണ്‍ റോബോട്ടിക്‌സ് സോഫിയയെ വിശേഷിപ്പിച്ചത്. 62ഓളം മുഖഭാവങ്ങള്‍ അനുകരിക്കാന്‍ സോഫിയയ്ക്ക് കഴിയും. മനുഷ്യന്റെ സംഭാഷണം അനുകരിക്കുന്നതിനായി നിര്‍മിക്കപ്പെട്ട ആദ്യ കംപ്യൂട്ടര്‍ പ്രോഗ്രാം 'എലിസ'(ELIZA)യോട് ആശയപരമായി സാമ്യമുള്ളതാണ് സോഫിയയുടെ പ്രവര്‍ത്തനം. സോഫിയയുടെ വാക്കുകള്‍ കേള്‍ക്കുന്നതിനും ഭാവപ്രകടനങ്ങള്‍ കാണുന്നതിനുമായി നിരവധി ഇന്റര്‍വ്യൂകളും നടന്നുകഴിഞ്ഞു. സോഫിയ ആദ്യമായി ഇന്ത്യയില്‍ എത്തിയത് കഴിഞ്ഞവര്‍ഷം ഡിസംബര്‍ 30നാണ്. ഐ.ഐ.ടി. ബോംബെ സംഘടിപ്പിച്ച വാര്‍ഷിക ശാസ്ത്രസാങ്കേതിക മേളയായ ടെക്ഫെസ്റ്റില്‍ വിശിഷ്ടാതിഥിയായിരുന്നു സോഫിയ.

ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് (Alphabet Inc.) ആണ് സോഫിയയുടെ സംസാരം തിരിച്ചറിയാനുള്ള സംവിധാനത്തിന് (Voice Recognition System) കരുത്തേകുന്നത്. സിംഗുലാരിറ്റിനെറ്റ് (SingularityNET) ആണ് സോഫിയയ്ക്ക് 'ബുദ്ധി'പരമായ കഴിവ് നല്‍കുന്നത്. സോഫിയ സിംഗുലാരിറ്റിനെറ്റിന്റെ ഭരണനിര്‍വഹണ സംവിധാനത്തിലെ പ്രധാന അംഗമാണെന്നതാണ് രസകരമായ വസ്തുത. ആദ്യമായാകും യന്ത്രമനുഷ്യന്‍ ഒരു കമ്പനിയുടെ ഔദ്യോഗിക പദവി വഹിക്കുന്നത്.
 
ഇങ്ങനെയൊക്കെയാണെങ്കിലും സോഫിയയുടെ നിര്‍മിതബുദ്ധിയെ സംബന്ധിച്ചുള്ള നിരവധി തര്‍ക്കങ്ങളും അഭിപ്രായഭിന്നതകളും നിലനില്‍ക്കുന്നുണ്ട്. സോഫിയ ഒരു മികവുറ്റ ഹ്യൂമനോയിഡ് അല്ലെന്ന ഫെയ്സ്ബുക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം മേധാവി യാന്‍ ലീകുന്നിന്റെ (Yann LeCun)പ്രസ്താവനയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയം.

സോഫിയയെക്കൂടാതെ മനുഷ്യസാദൃശ്യമുള്ള എട്ട് റോബോട്ടുകളെക്കൂടി ഹാന്‍സണ്‍ റോബോട്ടിക്‌സ് സൃഷ്ടിച്ചിട്ടുണ്ട്. ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ ഹ്യുബോയാണ് (Albert Einstein HUBO) അവയില്‍ പ്രധാനി. കൊറിയന്‍ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിക്കുവേണ്ടിയാണ് ഈ ഹ്യൂമനോയിഡിനെ ഉണ്ടാക്കിയിരിക്കുന്നത്. സോഫിയയെപ്പോലെ ഐന്‍സ്‌റ്റൈനും നിരവധി വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജൂള്‍സ്, ഹാന്‍, ആലിസ് തുടങ്ങിയ ഹ്യൂമനോയിഡുകളും ഇക്കൂട്ടത്തില്‍ പ്രമുഖരാണ്.

ഡേവിഡ് ഹാന്‍സണ്‍ എന്ന പ്രതിഭ

david hansonഅമേരിക്കന്‍ റോബോട്ടിസിസ്റ്റും ഹാന്‍സണ്‍ റോബോട്ടിക്‌സിന്റെ സ്ഥാപകനുമാണ് ഡോ.ഡേവിഡ് ഹാന്‍സണ്‍. 1969ല്‍ ടെക്‌സാസിലാണ് ജനനം. സയന്‍സ് ഫിക്ഷന്‍ നോവലുകള്‍ വായിക്കുന്നതില്‍ ഹാന്‍സണ്‍ കുട്ടിക്കാലത്തേ വലിയ താത്പര്യം കാട്ടിയിരുന്നു. ഇന്ററാക്ടീവ് ആര്‍ട്്‌സ ആന്റ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി എടുത്ത ശേഷം 1995ല്‍ സ്വതന്ത്ര പഠന പ്രോജക്ടിന്റെ ഭാഗമായി വിദൂരനിയന്ത്രണം സാധ്യമായ ഒരു ഹ്യൂമനോയിഡിനെ നിര്‍മ്മിച്ച് ഏവരെയും അദ്ഭുതപ്പെടുത്തി. മനുഷ്യസാദൃശ്യമുള്ള യന്ത്രമനുഷ്യന്മാരെ നിര്‍മ്മിക്കുന്നതില്‍ ഉത്സുകനായിരുന്ന ഹാന്‍സണ്‍ നിരവധി പരീക്ഷണ റോബോട്ടുകളെ നിര്‍മ്മിച്ചു. 2013ല്‍ സ്വന്തം റോബോട്ടിക് കമ്പനിയും തുടങ്ങി. മെറ്റീരിയല്‍ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കോഗ്നിറ്റീവ് സയന്‍സ്, റോബോട്ടിക്‌സ് തുടങ്ങിയ വിജ്ഞാന മേഖലകളുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങളും പുസ്തകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. സോഷ്യല്‍ ഹ്യൂമനോയിഡ് റോബോട്ടുകള്‍ എല്ലാ രീതിയിലും മനുഷ്യരാശിക്ക് ഗുണകരമായി വര്‍ത്തിക്കുമെന്ന വിശ്വാസത്തിലൂന്നിയാണ് അദ്ദേഹം തന്റെ പരീക്ഷണങ്ങള്‍ മുന്നോട്ട് നീക്കുന്നത്.

ചരിത്രം

സ്വയം പ്രവര്‍ത്തിക്കുന്ന, മനുഷ്യന്റെ പ്രവൃത്തികളെ അനുകരിക്കാന്‍ സാധിക്കുന്ന യന്ത്രങ്ങളെ നിര്‍മിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ശാരീരികവും മാനസികവുമായ അധ്വാനം ലഘൂകരിക്കാനാണ് മനുഷ്യന്‍ ചെറുതും വലുതുമായ യന്ത്രങ്ങള്‍ കണ്ടുപിടിച്ചത്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കംവരെ കാര്യമായ നേട്ടങ്ങളൊന്നും യന്ത്രമനുഷ്യ സൃഷ്ടിയില്‍ ഉണ്ടായില്ലെന്നുതന്നെ പറയാം. 

പെരുന്തച്ചനെ കുറിച്ചുള്ള ഐതിഹ്യത്തില്‍, ഒരു പാലത്തിന് സമീപം സ്ഥാപിച്ച മനുഷ്യരൂപമുള്ള മരപ്പാവകളെ കുറിച്ച് പറയുന്നുണ്ട്. ബുദ്ധിയും നിര്‍മാണ വൈഭവവുംതന്നെയാണ് യന്ത്രമനുഷ്യ നിര്‍മിതിയുടെ കാതല്‍. മനുഷ്യന്റെ ബൗദ്ധികവും ശാരീരികവുമായ പരിമിതികളെ മറികടക്കുക എന്ന ലക്ഷ്യമാണ് റോബോട്ടുകളുടെ സൃഷ്ടിക്ക് പ്രധാന കാരണം. ഒരേ ജോലിതന്നെ തുടരെത്തുടരെ ചെയ്യേണ്ട സന്ദര്‍ഭങ്ങളിലും കായികമായി ഏറെ അധ്വാനം വേണ്ടയിടങ്ങളിലും അപകടസാധ്യതയുള്ള പരിതഃസ്ഥിതികളിലും മനുഷ്യന്‍ റോബോട്ടുകളെ ഉപയോഗിച്ചു. 

1920-ല്‍, എഴുത്തുകാരനായ കാരള്‍ കാപെക് ആണ് തന്റെ 'റോസ്സംസ് യുണിവേഴ്സല്‍ റോബോട്ട്സ്' (R.U.R.-Rossum's Universal Robots) എന്ന നാടകത്തില്‍ 'റോബോട്ട്' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. 'അടിമപ്പണി' എന്നര്‍ഥമുള്ള 'റോബോട്ട' എന്ന പദത്തില്‍നിന്നാണ് റോബോട്ട് എന്ന വാക്കുണ്ടായത്.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇസ്മായില്‍ അല്‍ജസരി എന്ന  പണ്ഡിതന്‍ സ്വയം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന നിരവധി യന്ത്രങ്ങള്‍ രൂപകല്പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്തു. ചിത്രകാരനും എന്‍ജിനീയറുമായിരുന്ന വില്ലാര്‍ഡ് ഡി ഹൊന്‍കോര്‍ട്ട് പതിമൂന്നാം നൂറ്റാണ്ടില്‍ ഓട്ടോമേറ്റഡ് മെഷീനുകളുടെ രൂപരേഖകള്‍ വരച്ചു. 1495-ല്‍ ലിയോനാര്‍ഡോ ഡാവിഞ്ചിയാണ് ആദ്യമായി ഒരു ഹ്യൂമനോയിഡ് റോബോട്ടിന്റെ മാതൃക രൂപകല്പന ചെയ്തത്. അദ്ദേഹത്തിന്റെ ചിത്രപുസ്തകത്തില്‍ സ്വയം എഴുന്നേറ്റ് നില്‍ക്കാനും കൈ വീശാനും തലയും താടിയും ചലിപ്പിക്കാനും സാധിക്കുന്ന ഒരു യോദ്ധാവിന്റെ മാതൃകാചിത്രം ഉണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊന്‍പതാം നൂറ്റാണ്ടിലും ഇത്തരത്തില്‍ നിരവധി യന്ത്രങ്ങള്‍ നിര്‍മിക്കുകയുണ്ടായി.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വിദൂരനിയന്ത്രിത വാഹനങ്ങള്‍ ഉണ്ടാക്കപ്പെട്ടു. യുദ്ധാവശ്യങ്ങള്‍ക്കായി റേഡിയോ തരംഗങ്ങളുടെ സഹായത്തോടെ നിയന്ത്രിക്കാവുന്ന റോക്കറ്റുകളും ആയുധങ്ങളും നിര്‍മിക്കപ്പെട്ടു. 1970-ല്‍ സോവിയറ്റ് യുണിയന്‍ ഭൂമിയിലിരുന്ന് നിയന്ത്രിക്കാവുന്ന ലൂണോകോഡ് (Lunokhod -1) എന്ന വാഹനം ചന്ദ്രോപരിതലത്തില്‍ എത്തിച്ചു. ലൂണോകോഡാണ് ആദ്യമായി ഒരു അഭൗമഗോളത്തില്‍ എത്തുന്ന വിദൂരനിയന്ത്രിത റോബോട്ട്.

robotic cheetah
യുഎസ് ആര്‍മിക്ക് വേണ്ടി നിര്‍മ്മിച്ച റോബോട്ടിക് ചീറ്റ

1941-ല്‍ എഴുത്തുകാരനായ ഐസക് അസിമോവ് ആണ് ആദ്യമായി 'റോബോട്ടിക്‌സ്' എന്ന വാക്ക് തന്റെ സയന്‍സ് ഫിക്ഷന്‍ ചെറുകഥയായ 'ലയറി'ല്‍ (Liar) ഉപയോഗിച്ചത്. 1942-ല്‍, ആധുനിക റോബോട്ടിക്‌സിലെ മൂന്ന് നിയമങ്ങള്‍ (The Three Laws of Robotics) ആവിഷ്‌കരിച്ചതും അസിമോവ് തന്നെ. 1948-ല്‍ നോബെര്‍ട്ട് വീനെര്‍ (Norbert Wiener) പ്രായോഗിക റോബോട്ടിക്‌സിന്റെ അടിസ്ഥാനമായ സൈബര്‍നെറ്റിക്‌സ് തത്ത്വങ്ങള്‍ (The principles of cybernetics) രൂപപ്പെടുത്തി. 

1948-ലും 1949-ലും ഇംഗ്ലണ്ടിലെ ബ്രിസ്റ്റോലിലുള്ള ബര്‍ഡന്‍ ന്യൂറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വില്യം ഗ്രേ വാള്‍ട്ടറാണ് സങ്കീര്‍ണ സ്വഭാവമുള്ള ആദ്യ ഇലക്ട്രോണിക് ഓട്ടോണോമസ് റോബോട്ടുകളായ എല്‍മറിനെയും എല്‍സിയെയും (Elmer and Elsie) സൃഷ്ടിച്ചത്. 1954-ല്‍ ജോര്‍ജ് ഡെവോള്‍ ആണ് ആദ്യത്തെ പ്രോഗ്രാമബിള്‍ റോബോട്ടായ യൂണിമേറ്റിനെ (Unimate) വികസിപ്പിച്ചത്. ആദ്യത്തെ വ്യാവസായിക റോബോട്ടാണ് യൂണിമേറ്റ്. ഈ കണ്ടുപിടിത്തം ആധുനിക റോബോട്ടിക്‌സ് വ്യവസായത്തിന്റെ അടിത്തറ പാകി.
1969-ല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ വിക്ടര്‍ ഷീന്‍മാന്‍ ആദ്യത്തെ ഇലക്ട്രോണിക് കംപ്യൂട്ടര്‍ നിയന്ത്രിത റോബോട്ടിക് ആയ സ്റ്റാന്‍ഫോഡ് ആം (Stanford Arm) വികസിപ്പിച്ചു. 1970-ല്‍ സ്റ്റാന്‍ഫോര്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഇപ്പോഴത്തെ എസ്.ആര്‍.ഐ. ഇന്റര്‍നാഷണല്‍), ഷേക്കി (Shakey) എന്ന പേരില്‍ ആദ്യത്തെ സഞ്ചരിക്കുന്ന റോബോട്ടിനെ നിര്‍മിച്ചു. ടി.വി. ക്യാമറകള്‍, ലേസര്‍ റേഞ്ച് ഫൈന്‍ഡറുകള്‍, സെന്‍സറുകള്‍ എന്നിവ ഷേക്കിയുടെ ചലനത്തെ സഹായിച്ചു. ജപ്പാനിലെ വാസെഡ സര്‍വകലാശാല (Waseda University) 1972ല്‍ വാബോട്ട് (WABOT-1) എന്ന പേരില്‍ ലക്ഷണമൊത്ത ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ടിനെ ഉണ്ടാക്കി. 

1986-ലാണ് ഹോണ്ട റോബോട്ടുകളുടെ ഗവേഷണവികസന പദ്ധതികള്‍ തുടങ്ങിയത്. 1996-ല്‍ ഹോണ്ടയുടെ പി2 (Prototype Model 2) എന്ന ഹ്യൂമനോയിഡും 1998-ല്‍ പി3 യും പുറത്തിറങ്ങി. ഹോണ്ടയുടെ ഏറ്റവും വികസിത ഹ്യുമനോയിഡ് റോബോട്ടായ അസിമോ (ASIMO) 2000ലാണ് പുറത്തിറങ്ങിയത്. അസിമോയ്ക്ക് ഓടാനും ചാടാനും ചുറ്റുപാടുകളെ മനസ്സിലാക്കി പെരുമാറാനും മനുഷ്യനുമായി സംവദിക്കാനും ഒക്കെയുള്ള കഴിവുകള്‍ ഉണ്ടായിരുന്നു.
 
കംപ്യൂട്ടര്‍ നിയന്ത്രിത വ്യാവസായിക റോബോട്ടുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന റോബോട്ടുകളും രണ്ടായിരമാണ്ടോടെ സൃഷ്ടിക്കപ്പെട്ടു. 2002-ല്‍ ഐറോബോട്ട് എന്ന കമ്പനി റൂംബ എന്ന വാക്വം ക്ലീനര്‍ റോബോട്ടിനെ പുറത്തിറക്കി. 2005-ഓടെ സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകള്‍ ഉദയം ചെയ്തു. കഴിഞ്ഞ ഒരു ദശാബ്ദക്കാലം ഈ മേഖലയില്‍ ഉണ്ടായ മാറ്റങ്ങള്‍ അദ്ഭുതാവഹമാണ്. നിര്‍മിതബുദ്ധിയും വെര്‍ച്വല്‍ റിയാലിറ്റിയും ഓഗ്മെന്റഡ് റിയാലിറ്റിയും റോബോട്ടിക്സിനൊപ്പം ചേര്‍ന്നപ്പോള്‍ ഈ രംഗത്തെ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടി.

റോബോട്ടുകള്‍ പലവിധം

അസംബ്ലി റോബോട്ട്, വെല്‍ഡിങ് റോബോട്ട്, ഹെവി ഡ്യൂട്ടി റോബോട്ട്, മിലിട്ടറി റോബോട്ട്, ഹൗസ് ഹോള്‍ഡ് റോബോട്ട്, മെഡിക്കല്‍ റോബോട്ട്, എന്നിങ്ങനെ ജോലിയുടെയും ഉപയോഗത്തിന്റെയും സ്വഭാവമനുസരിച്ച് റോബോട്ടുകളെ തരംതിരിച്ചിട്ടുണ്ട്. തുഴയാനും നീന്താനും ചാടാനും ഓടാനും ഇഴയാനും പറക്കാനും കഴിയുന്ന റോബോട്ടുകള്‍ ഇന്നുണ്ട്.

ഓട്ടോണമസ് റോബോട്ടുകള്‍ക്ക് സ്വയം ചുമതലകള്‍ നിര്‍വഹിക്കാനുള്ള ശേഷിയുണ്ട്. ചുറ്റുപാടുകളെ മനസ്സിലാക്കാനും മനുഷ്യസഹായമില്ലാതെ വളരെനേരം പ്രവര്‍ത്തിക്കാനും ഇവയ്ക്ക് കഴിയും. ബഹിരാകാശയാത്രകള്‍, ഗാര്‍ഹിക പരിപാലനം, മലിനജല ശുദ്ധീകരണം എന്നിങ്ങനെ വിവിധയിടങ്ങളില്‍ ഇത്തരം റോബോട്ടുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.

അപകടമേഖലകളില്‍ ജോലിചെയ്യുന്ന മനുഷ്യര്‍ക്ക് പകരം റോബോട്ടുകളെ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ വ്യാവസായിക മേഖലകളിലെ അപകടമരണനിരക്കില്‍ ഗണ്യമായ കുറവ് വന്നു. ഇ-കൊമേഴ്സ്, വ്യാപാരവ്യവസായ മേഖല, ആരോഗ്യ പരിപാലനം തുടങ്ങിയ ഇടങ്ങളിലെല്ലാം ഇന്ന് റോബോട്ടുകളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കാനും മാരകമായ രാസപദാര്‍ഥങ്ങളുടെയും വിഷവാതകങ്ങളുടെയും സാന്നിധ്യമുള്ളിടത്തും, സൈനിക ആവശ്യങ്ങള്‍ക്കും വാഹന നിര്‍മാണ മേഖലയിലും ബഹിരാകാശയാത്രകള്‍ക്കും വൈദ്യശാസ്ത്രരംഗത്തും സമുദ്രാന്തര്‍ഭാഗത്തെ പര്യവേക്ഷണങ്ങള്‍ക്കും എന്നുവേണ്ട കൃഷി ആവശ്യങ്ങള്‍ക്കുവരെ ഇന്ന് റോബോട്ടുകള്‍ ഉണ്ട്. 

ഹ്യൂമനോയിഡുകള്‍ 

humnaoidമനുഷ്യനോട് രൂപസാദൃശ്യം പുലര്‍ത്തുന്ന യന്ത്രനിര്‍മിതികള്‍ക്ക് പൊതുവേ പറയുന്ന പേരാണ് ഹ്യൂമനോയിഡുകള്‍. സാധാരണയായി, മനുഷ്യനെപ്പോലെ രണ്ടുകാലില്‍ നിവര്‍ന്നു നില്‍ക്കാനും നടക്കാനും കൈകള്‍ ചലിപ്പിക്കാനുമെല്ലാം കഴിയുന്നവയാണ് ഹ്യൂമനോയിഡ് റോബോട്ടുകള്‍. എന്നാല്‍ ഇവയ്ക്ക് മനുഷ്യന്റെതുപോലുള്ള മുഖം വേണമെന്നില്ല.  പകരം ഒരു തല ഉണ്ടായാല്‍ മതി. തലയില്‍ ഹെല്‍മെറ്റുവെച്ച അസിമോ റോബോട്ട് ഇതിന് ഉദാഹരണമാണ്. ചിലതരം ഹ്യൂമനോയിഡ് റോബോട്ടുകള്‍ക്ക് പൂര്‍ണശരീരം കാണുകയില്ല. മനുഷ്യശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളുമായി രൂപസാദൃശ്യം ഉള്ളവയെയും- ഉദാഹരണത്തിന് അരക്കെട്ട് മുതല്‍ മുകളിലേക്കുള്ള ഭാഗങ്ങള്‍- ഹ്യൂമനോയിഡായി പരിഗണിക്കാറുണ്ട്. 2000-ത്തിന് ശേഷം മനുഷ്യമുഖത്തോട് സാമ്യമുള്ള റോബോട്ടിക് ഹ്യൂമനോയിഡുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പുരുഷസാദൃശ്യമുള്ളവയെ 'ആന്‍ഡ്രോയിഡ്' എന്നും സ്ത്രീരൂപസാദൃശ്യമുള്ളവയെ 'ഗൈനോയിഡ്' എന്നും പറയുന്നു.

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ബോസ്റ്റണ്‍ ഡൈനാമിക്‌സും യു.എസ്. ഡിഫന്‍സ് ഏജന്‍സിയും ചേര്‍ന്ന് നിര്‍മിച്ച 'അറ്റ്ലസ്' (ATLAS), ഹോണ്ടയുടെ നിര്‍മിതിയായ 'അസിമോ' (ASIMO), ടൊയോട്ടയുടെ 'പാര്‍ട്ണര്‍ റോബോട്ട്' (Partner Robot), സോണിയുടെ 'ക്യുറിയോ'(QRIO), ഫ്രാന്‍സിലെ ആല്‍ഡെബറാന്‍ കമ്പനിയുടെ 'നാവോ' (NAO) തുടങ്ങിയവ പ്രവര്‍ത്തനസജ്ജമായ ചില ഹ്യൂമനോയിഡുകളാണ്. 

റോബോട്ടിക്സും സാധ്യതകളും

എന്‍ജിനീയറിങ്ങിന്റെയും സയന്‍സിന്റെയും പ്രായോഗികമേഖലകള്‍ കൂടിച്ചേരുന്ന വിഭാഗമാണ് റോബോട്ടിക്സ്. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലെ എന്‍ജിനീയറിങ് സാധ്യതകള്‍ ഉപയോഗപ്പെടുത്തി റോബോട്ടുകളുടെ നിര്‍മാണം, പ്രവര്‍ത്തനം, നിയന്ത്രണം എന്നിവയെപ്പറ്റി പഠനം നടത്തുന്ന ശാസ്ത്രശാഖയാണിത്.
 
റോബോട്ടിക്സിന്റെ ഒരു പ്രത്യേക മേഖലയാണ് ക്ലൗഡ് റോബോട്ടിക്സ്. ക്ലൗഡ് കംപ്യൂട്ടിങ് ക്ലൗഡ് സ്റ്റോറേജ്, മറ്റ് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യകള്‍ എന്നിവയെല്ലാം റോബോട്ടിക്സുമായി ഒരുമിച്ച് കൈകോര്‍ക്കുമ്പോള്‍ റോബോട്ടുകളുടെ ചിന്താശേഷിയും ആശയവിനിമയശേഷിയും വര്‍ധിക്കുന്നു. റോബോട്ടുകളെ നെറ്റ്വര്‍ക്കുകള്‍ വഴി നിയന്ത്രിക്കാന്‍ സാധിക്കുന്നു. കുറഞ്ഞ ചെലവില്‍ മികച്ച റോബോട്ടുകളെ നിര്‍മിക്കാനും സാധിക്കും.
 
റോബോട്ടുകള്‍ക്ക് ബൗദ്ധികമായ സ്വഭാവസവിശേഷതകള്‍ നല്‍കാനാണ് 'കോഗ്നിറ്റീവ് റോബോട്ടിക്സ്' ശ്രമിക്കുന്നത്. അതിസങ്കീര്‍ണമായ സാഹചര്യങ്ങളെ സ്വയം അപഗ്രഥിച്ച് സ്വയം പ്രതികരിക്കാനുള്ള കഴിവ് ഇതുവഴി റോബോട്ടുകള്‍ നേടുന്നു. റോബോട്ടിക്സിന്റെ മറ്റൊരു പ്രത്യേക ഉപവിഭാഗമാണ് 'സോഫ്റ്റ്‌റോബോട്ടിക്സ്' (Soft-Robotics). പ്രകൃതിയിലെ വിവിധ ജീവജാലങ്ങളോട് അത്യധികം സാദൃശ്യമുള്ള ചെറുതും വലുതുമായ റോബോട്ടുകളെ ഇതിലൂടെ സൃഷ്ടിക്കാനാകുന്നു. ജീവജാലങ്ങളുടെ ചലനവും ചുറ്റുപാടുകളോടുള്ള പ്രതികരണവും അനുകരിച്ചാണ് ഇത്തരം റോബോട്ടുകള്‍ നിര്‍മിക്കുന്നത്. പരിതസ്ഥിതികളോട് ഇണങ്ങുന്ന തരത്തിലുള്ള ഈ റോബോട്ടുകള്‍ക്ക് സുരക്ഷിതത്വവും കൂടുതലാണ്. 

എന്നാല്‍ ജീവജാലങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്വതന്ത്രരൂപകല്‍പനയില്‍ റോബോട്ടുകളെ നിര്‍മിക്കുന്ന രീതിയാണ് 'ബയോഇന്‍സ്പയേര്‍ഡ് റോബോട്ടിക്സില്‍' (Bio-inspired Robotics). പ്രകൃതിയെ അതിസൂഷ്മം നിരീക്ഷിച്ച് ആശയങ്ങള്‍ ഉള്‍ക്കൊണ്ട് റോബോട്ടുകളെ രൂപകല്പന ചെയ്യുന്നു. ജീവശാസ്ത്രപരമായ പ്രത്യേകതകള്‍ പഠിച്ച് എന്‍ജിനീയറിങ് രംഗത്ത് നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുതകുന്ന രീതികള്‍ കണ്ടെത്തുകയാണ് ഇവിടെ ചെയ്യുന്നത്.

വന്‍ശക്തിയാവാന്‍ ഇന്ത്യയും

റോബോട്ടിക്‌സ് രംഗത്ത് തനതായ സംഭാവനകള്‍ നല്‍കാന്‍ ഇന്ത്യയ്ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. വ്യാവസായിക-ബഹിരാകാശമേഖലകളില്‍ റോബോട്ടുകളെ നാം ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും ഈ രംഗത്ത് തദ്ദേശീയമായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ രാജ്യം ഇനിയുമേറെ പരിശ്രമിക്കേണ്ടതുണ്ട്. ഗ്രേഓറഞ്ച് (Grey Orange)പോലുള്ള നിരവധി സ്വകാര്യ ഏജന്‍സികള്‍ പുതിയ സംരംഭങ്ങളുമായി മുന്നോട്ട് വരുന്നുണ്ടെങ്കിലും ആഗോള റോബോട്ടിക്‌സ് ഭീമന്മാരുമായി കിടപിടിക്കത്തക്ക നേട്ടങ്ങളൊന്നും നാം നേടിയിട്ടില്ലെന്നതാണ് വാസ്തവം. എന്നാല്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ റോബോട്ടിക്‌സ് മേഖലയില്‍ ഇന്ത്യ വന്‍ശക്തിയായി മാറുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഹ്യൂമനോയിഡ് റോബോട്ടുകളുടെ ന്യൂനതകള്‍ പരിഹരിച്ച് പുതുതലമുറ സോഷ്യല്‍ ഹ്യൂമനോയിഡുകളെ അവതരിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം.

റോബോട്ടുകളുടെ ഇടപെടല്‍

പൂര്‍ണമായോ ഭാഗികമായോ മനുഷ്യനിയന്ത്രിതമായ റോബോട്ടുകളാണ് ഇന്നുള്ളത്. സ്വയം ചിന്തിക്കാനും തീരുമാനമെടുക്കാനുമുള്ള യന്ത്രമനുഷ്യരുടെ കഴിവിനെ വര്‍ധിപ്പിക്കാനാണ് ഇപ്പോഴത്തെ ശ്രമം. മനുഷ്യശരീരം പോലെ കൂടുതല്‍ വഴങ്ങുന്ന ബോഡിയും കൂടിയാകുമ്പോള്‍ കൂടുതല്‍ കരുത്തുറ്റ റോബോട്ടുകള്‍ ഉണ്ടാകുന്നു. 

റോബോട്ടുകളെ ചുറ്റുപാടുകളുമായി ബന്ധിപ്പിക്കുന്നത് പ്രത്യേക നാവിഗേഷന്‍ സംവിധാനങ്ങളാണ്. അവയുടെ ഹാര്‍ഡ്വെയറില്‍ ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് നാവിഗേഷന്‍ ഉപകരണങ്ങള്‍, റഡാര്‍, വീഡിയോ ക്യാമറകള്‍, മറ്റ് സെന്‍സറുകള്‍ എന്നിവയെല്ലാം ചേര്‍ന്ന് റോബോട്ടുകളുടെ ചലനത്തിന് സഹായിക്കുന്നു. സെന്‍സറുകളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് വിശകലനം ചെയ്താണ് തീരുമാനങ്ങളെടുക്കുന്നത്. ചലിക്കുന്നതിനിടെ തടസ്സങ്ങള്‍ തിരിച്ചറിഞ്ഞ് സഞ്ചാരദിശ വ്യതിചലിപ്പിക്കാനും റോബോട്ടുകള്‍ക്ക് കഴിയും.

മനുഷ്യനുമായി സംവദിക്കുവാനും നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. മനുഷ്യസംസാരം കേട്ട് വാക്കുകള്‍ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പ്രതികരിക്കാന്‍ ഇന്നത്തെ പ്രോഗ്രാമുകള്‍ക്ക് സാധിക്കും (Speech Recognition). വിര്‍ച്വല്‍ അസിസ്റ്റന്റുകള്‍ എന്ന് വിളിക്കുന്ന പ്രോഗ്രാമുകള്‍ അതാണ് ചെയ്യുന്നത്. ആപ്പിളിന്റെ 'സിരി'യും ഗൂഗിളിന്റെ 'അസിസ്റ്റന്റ്'ഉം ആമസോണിന്റെ 'അലക്‌സാ'യുമൊക്കെ ശബ്ദം വഴിയുള്ള ആജ്ഞാനുവര്‍ത്തികളാണ്. നമ്മുടെ അംഗവിക്ഷേപങ്ങളും (Gestures) ഭാവഭേദങ്ങളും (Facial Expressions) വരെ തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ ഇന്നത്തെ റോബോട്ടുകള്‍ക്ക് അഥവാ ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്ക് സാധിക്കും. 

റോബോട്ടുകള്‍ പല തരത്തിലാണ് മനുഷ്യന്റെ ആവശ്യങ്ങളോട് പ്രതികരിക്കുന്നത്. 'റോബോട്ടിക് വോയിസ്' ആണ് ഒരു മാര്‍ഗം. മനുഷ്യന്റെ ശബ്ദത്തോട് സാമ്യമുള്ള കൃത്രിമ ശബ്ദമാണ് റോബോട്ടുകള്‍ക്ക് നല്‍കിയിരിക്കുന്നത്. വിഷയത്തിനും സന്ദര്‍ഭത്തിനുമനുസരിച്ച് ശബ്ദത്തിന് ഏറ്റക്കുറച്ചിലുകള്‍ കൊണ്ടുവരാനും വൈകാരികത ചേര്‍ക്കാനും ഇന്ന് സാധിക്കും. ആംഗ്യങ്ങളും അംഗവിക്ഷേപങ്ങളും മുഖത്തെ ഭാവഭേദങ്ങളുമൊന്നും ഇന്ന് റോബോട്ടുകള്‍ക്ക് അന്യമല്ല. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌

മനുഷ്യന് സമാനമായ ബുദ്ധിവൈഭവം യന്ത്രങ്ങള്‍ കാണിക്കുന്നതിനാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI)അഥവാ മെഷീന്‍ ഇന്റലിജന്‍സ് (MI)എന്നു പറയുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുക, അറിവ് നേടുക, തീരുമാനങ്ങളെടുക്കുക, ഭാഷകള്‍ കൈകാര്യം ചെയ്യുക തുടങ്ങിയ മനുഷ്യസഹജമായ കഴിവുകള്‍ യന്ത്രങ്ങള്‍ പ്രകടിപ്പിക്കുന്നതിനാണ് ഈ വാക്കുപയോഗിക്കുന്നത്. നിര്‍മിത ബുദ്ധി എന്നും പറയപ്പെടുന്ന ഈ സവിശേഷത കംപ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും കടന്നുവരവോടെയാണ് കൂടുതല്‍ പ്രയോഗക്ഷമമായത്. 

നിര്‍മിതബുദ്ധിയെ സംബന്ധിക്കുന്ന ഗവേഷണങ്ങളുടെ തുടക്കം 1950ലാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന വാക്ക് ആദ്യമായുപയോഗിച്ചത് അമേരിക്കന്‍ കംപ്യൂട്ടര്‍ സയന്റിസ്റ്റായ ജോണ്‍ മക്കാര്‍ത്തി-(John McCarthy)യാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിതാവെന്നും ഇദ്ദേഹം അറിയപ്പെടുന്നു. 1956-മുതലാണ് ഇതൊരു പ്രത്യേക പഠനമേഖലയായി രൂപപ്പെട്ടത്.

john mcarthy
ജോണ്‍ മക്കാര്‍ത്തി

മനുഷ്യസംസാരം പൂര്‍ണമായും മനസ്സിലാക്കുക, കൗശലപൂര്‍വം കളിക്കേണ്ട ചെസ്പോലുള്ള മത്സരങ്ങളില്‍ മികവ് കാട്ടുക, കാറുകള്‍ സ്വയം ഡ്രൈവ് ചെയ്യുക, ചിത്രങ്ങളും വീഡിയോകളും അടങ്ങുന്ന സങ്കീര്‍ണവിവരങ്ങളെ അപഗ്രഥിക്കാനുള്ള കഴിവ് ഇവയെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു. രോഗനിര്‍ണയം, ഗണിതശാസ്ത്രസിദ്ധാന്തങ്ങളുടെ അപഗ്രഥനം, സേര്‍ച്ച് എന്‍ജിനുകള്‍, ഓണ്‍ലൈന്‍ അസിസ്റ്റന്റുകളുടെ പ്രവര്‍ത്തനങ്ങള്‍, ഫെയ്സ് റിക്കഗ്‌നീഷ്യന്‍ എന്നിങ്ങനെയുള്ള മേഖലകളിലെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് വ്യാപകമായ ഉപയോഗങ്ങളുണ്ട്.

നിര്‍മിതബുദ്ധിയും റോബോട്ടിക്‌സും അഭേദ്യമാം വിധം ബന്ധപ്പെട്ടിരിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന സങ്കേതം ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്നത് റോബോട്ടിക്‌സിലാണ്. മനുഷ്യനും റോബോട്ടുകളും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുഖ്യപങ്ക് വഹിക്കുന്നു. ഡീപ് ലേണിങ്, മെഷീന്‍ ലേണിങ് എന്നീ മാര്‍ഗങ്ങളിലൂടെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമുകള്‍ കരുത്താര്‍ജിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വികാസത്തെ മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ ആപ്പിള്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍, ഫെയ്സ്ബുക്ക് തുടങ്ങിയ സാങ്കേതിക അതികായന്മാര്‍ തമ്മിലുള്ള കിടമത്സരമെന്നത് നിര്‍മിതബുദ്ധിയുടെ കാലികപ്രസക്തിക്ക് തെളിവാണ്.

ധാര്‍മികതയും ആശങ്കകളും

സാങ്കേതികവിദ്യയുടെ മുന്നേറ്റം ചിലപ്പോഴൊക്കെ മനുഷ്യന് തിരിച്ചടിയാകാറുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ധാര്‍മികതയെയും മനുഷ്യാവകാശങ്ങളെയും ഹനിക്കുന്ന തരത്തില്‍ ഉപയോഗപ്പെടുത്തുന്നത് ആശങ്കാജനകമാണ്. റോബോട്ടുകള്‍ മൂലമുണ്ടാകാനിടയുള്ള ധാര്‍മികപ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നമേഖലയാണ് റോബോട്ട് എത്തിക്‌സ് (റോബോ എത്തിക്‌സ്). വിവരസാങ്കേതികവിദ്യാധാര്‍മികതയുടെ (Ethics of Technology) ഒരു ഉപവിഭാഗമായാണ് ഇത് പരിഗണിക്കപ്പെടുന്നത്. യന്ത്രമനുഷ്യരുടെ നിര്‍മാണം, അവ മനുഷ്യരാശിക്കുണ്ടാക്കാവുന്ന ഭീഷണികള്‍ എന്നീ വിഷയങ്ങളില്‍ ധാര്‍മികമായ ഇടപെടലുകള്‍ നടത്തുകയാണ് റോബോ എത്തിക്‌സ് ചെയ്യുന്നത്. എന്നാല്‍, മനുഷ്യന് അവകാശങ്ങളുള്ളതുപോലെ റോബോട്ടുകള്‍ക്കും അവകാശങ്ങളുണ്ടെന്ന ആശയമാണ് 'റോബോട്ട് റൈറ്റ്സ്' മുന്നോട്ടുവയ്ക്കുന്നത്. തന്റെ ദൗത്യം നിര്‍വഹിക്കാനും നിലനിര്‍ത്താനും റോബോട്ടിനുള്ള അവകാശത്തെപ്പറ്റി റോബോട്ട് റൈറ്റ്സ് വ്യക്തമാക്കുന്നു.

സ്വയം പറന്നുചെന്ന് മനുഷ്യരെ തിരിച്ചറിഞ്ഞ് വെടിവയ്ക്കുന്ന ഡ്രോണുകളെ സൃഷ്ടിക്കാനും പ്രമുഖരായ വ്യക്തികളുടെ ശബ്ദം അനുകരിക്കാനും നിര്‍മിതബുദ്ധിയെ കൂട്ടുപിടിക്കുന്നത് അധാര്‍മികമാണ്. മനുഷ്യന്റെ അവകാശങ്ങളും സ്വകാര്യതയും ഇല്ലാതാക്കുന്ന വിധത്തില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ട്. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുള്ള യന്ത്രങ്ങളെ ഉപയോഗിക്കുന്നത് വലിയ തോതിലുള്ള തൊഴില്‍നഷ്ടത്തിന് കാരണമാകും. യന്ത്രമനുഷ്യരുടെ പ്രവര്‍ത്തനമികവ് കൂടുന്നതോടെ ഭാവിയില്‍ മനുഷ്യന്റെ നിലനില്‍പ്പിനുതന്നെ അവ ഭീഷണിയായേക്കാം. റോബോട്ടുകള്‍ക്ക് ബുദ്ധിവികാസം ഉണ്ടാകുന്നതോടെ സ്വയം പെരുകാനും മനുഷ്യകുലത്തെ തുടച്ചുനീക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാരണമാകുമെന്നും വാദമുണ്ട്. 

ആധുനികകാലത്തെ ഡിജിറ്റല്‍ സങ്കേതങ്ങളില്‍ ശേഖരിച്ചുവയ്ക്കപ്പെടുന്ന ഡാറ്റയുടെ അളവ് അതിഭീമമാണ്. അതിനാല്‍തന്നെ ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനും വ്യക്തികളുടെയും രാജ്യങ്ങളുടെയും സുരക്ഷിതത്വത്തിനുതന്നെ ഭീഷണിയാകാനും ഇടയുണ്ട്. എല്ലാകാര്യങ്ങള്‍ക്കും യന്ത്രങ്ങളെ ആശ്രയിക്കുന്നതോടെ മനുഷ്യന്റെ തലച്ചോറിന്റെ വികാസം കുറയും. ഇതവന്റെ സഹജവാസനകളെയും കഴിവുകളെയും മുരടിപ്പിക്കും.

ഹ്യൂമനോയിഡ് റോബോട്ടുകളെ സൃഷ്ടിക്കുന്നതും അവയ്ക്ക് മാനുഷികവ്യക്തിത്വം നല്‍കുന്നതും നിയമപരവും ധാര്‍മികവുമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. മാനവികത ആരോപിക്കപ്പെടുന്നതോടെ യന്ത്രമനുഷ്യര്‍ക്ക് മനുഷ്യാവകാശങ്ങള്‍ നല്‍കപ്പെടുമോ എന്ന ചോദ്യം നിരന്തരം ഉയരുന്നുണ്ട്. ഹ്യൂമനോയിഡ് റോബോട്ടുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മുന്നോട്ടുവയ്ക്കുന്ന സംശയങ്ങള്‍ വ്യക്തമാക്കുന്നത് ഈ രംഗത്ത് വ്യക്തമായ നിയമാവലികളും നിയന്ത്രണങ്ങളും രൂപപ്പെടേണ്ടതുണ്ടെന്നാണ്.

സിനിമയിലെ റോബോട്ടുകള്‍ 

blade runner 2949
ബ്ലേഡ് റണ്ണര്‍ 2049

സിനിമയുടെ മായികലോകം വന്നെത്തുന്നതിനുമുന്‍പ് സാഹിത്യസൃഷ്ടികളില്‍ ഉടനീളം അമാനുഷിക കഥാപാത്രങ്ങളും യന്ത്രമനുഷ്യരും അന്യഗ്രഹജീവികളും നിറഞ്ഞുനിന്നിരുന്നു. സിനിമയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞതോടെ അവര്‍ ആ അദ്ഭുതലോകത്തേക്കുകൂടി ചേക്കേറി. സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ക്ക് ലോകത്താകമാനം പ്രത്യേക വിപണിതന്നെയുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യന്റെ ഭാവനാലോകം ഇനിയും വളര്‍ന്നുകൊണ്ടിരിക്കും.
 
ആയിരക്കണക്കിന് സിനിമകളാണ് റോബോട്ടുകളെ പ്രധാന കഥാപാത്രങ്ങളാക്കി ലോകത്താകമാനം പുറത്തിറങ്ങിയിരിക്കുന്നത്. ഇന്ത്യയില്‍ സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ ഏറെ ഉണ്ടായിട്ടുണ്ടെങ്കിലും റോബോട്ടുകള്‍ കഥാപാത്രങ്ങളായ ചിത്രങ്ങള്‍ തുലോം കുറവാണ്. എങ്കിലും എന്തിരന്‍ സിനിമയിലെ രജനികാന്തിന്റെ 'ചിട്ടി' റോബോട്ടിനെ ആരും മറന്നിട്ടുണ്ടാവില്ല. സംവിധായകന്‍ ശങ്കര്‍ തന്നെയാണ് ഈ സിനിമയുടെ രണ്ടാം ഭാഗമായ '2.0' ഒരുക്കിയിരിക്കുന്നത്.

ഹോളിവുഡ് ചിത്രങ്ങളിലാണ് റോബോട്ടുകള്‍ക്കും നിര്‍മിത ബുദ്ധിയുള്ള യന്ത്രങ്ങള്‍ക്കും കുറവില്ലാത്തത്. അതില്‍ ആദ്യം എടുത്തുപറയേണ്ടത് ലോകപ്രശസ്ത സംവിധായകനായ ഫ്രിറ്റ്സ് ലാങ്ങിന്റെ (Frtiz Lang) മാസ്റ്റര്‍പീസ് ആയ 'മെട്രോപോളിസ്' (Metropolis) എന്ന ചിത്രമാണ്. 1927-ലാണ് ചിത്രം പുറത്തിറങ്ങിയത്. 2026-ല്‍ നടക്കുന്ന ഒരു കഥയാണ് ചിത്രത്തില്‍ വിവരിക്കുന്നത്. ജെയിംസ് കാമറൂണിന്റെ സൃഷ്ടിയായ 'ടെര്‍മിനേറ്റര്‍' ഏറെ ശ്രദ്ധനേടി. ആര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ നായകനായ ടെര്‍മിനേറ്റര്‍ പരമ്പരയിലെ ആദ്യ ചിത്രം പുറത്തിറങ്ങിയത് 1984- ലാണ്. പിന്നീട് അഞ്ച് ചിത്രങ്ങള്‍കൂടി ഈ സീരീസില്‍ ഉണ്ടായി. മനുഷ്യനോട് ഏറെ സാദൃശ്യമുള്ള, ബുദ്ധിയും കരുത്തുമുള്ള റോബോട്ടുകളെയാണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്.

2008-ല്‍ പുറത്തിറങ്ങിയ വാള്‍-ഇ (WALL-E) എന്ന അനിമേഷന്‍ ചിത്രം കൈകാര്യം ചെയ്തത് അല്പംകൂടി ഗൗരവമേറിയ വിഷയമാണ്. 2805-ല്‍ പാരിസ്ഥിതികമായി തകര്‍ക്കപ്പെട്ട ഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു റോബോട്ടിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. പിക്സാര്‍ ആനിമേഷന്‍ സ്റ്റുഡിയോ നിര്‍മിച്ച ചിത്രം സൈഫൈ ചിത്രങ്ങളുടെ കൂട്ടത്തില്‍ മുന്‍നിരയിലാണ് സ്ഥാനം. 2009-ല്‍ ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത 'അവതാര്‍' ഏറെ ശ്രദ്ധേയമായ സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളിലൊന്നാണ്. അതിസങ്കീര്‍ണമായ യന്ത്രങ്ങളും സാങ്കേതികസംവിധാനങ്ങളും ഉപയോഗപ്പെടുത്തിയ ഈ ചിത്രം സ്വപ്‌നസമാനമായ ദൃശ്യാനുഭവമാണ് ലോകമെമ്പാടുമുള്ള കാഴ്ചക്കാര്‍ക്ക് നല്‍കിയത്.

1982-ല്‍ പുറത്തിറങ്ങിയ ബ്ലേഡ് റണ്ണര്‍ (Blade Runner) ബയോഎന്‍ജിനീയറിങ്ങിലൂടെ നിര്‍മിതമായ റോബോട്ടുകളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. 2017-ല്‍ പുറത്തിറങ്ങിയ 'ബ്ലേഡ് റണ്ണര്‍ 2049' മികച്ച സിനിമാറ്റോഗ്രഫിയ്ക്കും വിഷ്വല്‍ ഇഫെക്ട്സിനുമുള്ള ഓസ്‌കര്‍ നേടി. ദി മെട്രിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് (AI) , റോബോകോപ്, വെസ്റ്റ് വേള്‍ഡ്, റോബോട്ട്സ്, ദി അയണ്‍ ജെയന്റ്, ചാപ്പീ, ദ ഡേ ദി എര്‍ത്ത് സ്റ്റുഡ് സ്റ്റില്‍, ദി സ്റ്റെപ്ഫോര്‍ഡ് വൈവ്സ്, ബിഗ് ഹീറോ 6, ഐറോബോട്ട്, എന്നിങ്ങനെ റോബോചിത്രങ്ങളുടെ പട്ടിക അനന്തമായി നീളുകയാണ്. പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്ന മറ്റൊരുചിത്രമാണ് 2007-ല്‍ പുറത്തിറങ്ങിയ 'ട്രാന്‍സ്ഫോര്‍മേഴ്സ്'. സ്വയം വാഹനങ്ങളായി രൂപമാറ്റംവരുത്താന്‍ സാധിക്കുന്ന ഓട്ടോബോട്ടുകളും ഡിസപ്റ്റികോണുകളുമായാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ അഞ്ചു ഭാഗങ്ങള്‍ ഇതുവരെ പുറത്തിറങ്ങിയിട്ടുണ്ട്.

ജി.കെ. ആന്‍റ് കറന്‍റ് അഫയേഴ്സില്‍ പ്രസിദ്ധീകരിച്ചത്.

content highlights: InDepth, robotics,humanoids, Sophia Robot, David Hanson