ക്രീസിലെ കഥയെഴുത്തിനിടയ്ക്ക് കല്ല്യാണം കഴിക്കാന്‍ മറന്നുപോയൊരാളുണ്ട് ലണ്ടനില്‍. ക്രിക്കറ്റിനെ വാമഭാഗമാക്കി അഞ്ഞൂറിലേറെ ഏകദിനങ്ങളും മുന്നൂറിലേറെ ടെസ്റ്റും കണ്ടെഴുതിപ്പൊലിപ്പിച്ച ഖമര്‍ അഹമ്മദ് എന്ന പാകിസ്താന്‍കാരന്‍. പക്ഷേ, മറവിക്ക് തൊട്ട് പോറല്‍ വീഴ്ത്താനാവാത്തൊരു ഓര്‍മയുണ്ട് ബിബിസി ലേഖകനായി പതിറ്റാണ്ടുകളോളം പാക് ക്രിക്കറ്റ് ടീമിനെ നിഴല്‍പോലെ പിന്തുടര്‍ന്ന ഖമറിന്റെ മനസ്സില്‍. കളിഭ്രാന്തിന്റെ ഒരു വേലിയേറ്റത്തിനും വന്ന് മായ്ച്ചുകളയാന്‍ കഴിയാത്ത ഒന്ന്. ഇന്ത്യയും പാകിസ്താനും ക്രീസില്‍ നേരങ്കത്തിനൊരുങ്ങുമ്പോഴെല്ലാം ഈ ഓര്‍മ ഖമറിന്റെ ഉള്ളില്‍ സുഷുപ്തിവിട്ട് ഞെട്ടിയുണരും.

ബൗണ്ടറികള്‍ക്കും വിക്കറ്റിനുംവേണ്ടിയുള്ള ആര്‍ത്തിപിടിച്ച ആര്‍പ്പുവിളകളല്ല, സൂപ്പര്‍ഓവറിലെ ഹൃദയം നിലയ്ക്കുന്ന ഉദ്വേഗനിമിഷങ്ങളുമല്ല, രാത്രിയുടെ തണുപ്പിനെ ഭേദിച്ച് കുടുംബസുഹൃത്ത് ഹരിനാഥിന്റെ വീടിന്റെ പിന്നാമ്പുറത്ത് നിന്ന് പ്രാണരക്ഷാര്‍ഥം പാഞ്ഞ പഴയൊരു ജട്കയുടെ കുളമ്പടിയൊച്ചയാവും അന്നേരം ഉള്ളില്‍ മുഴങ്ങുക. കണ്ണില്‍ തെളിയുക ഇരുട്ടിലൂടെ പായുമ്പോള്‍ പിന്നില്‍ തീവെട്ടികളുടെ വന്യമായ വെട്ടത്തില്‍ വെട്ടിത്തിളങ്ങിയ വാള്‍ത്തലപ്പുകളാവും. പാതിരയ്ക്ക് വീട്ടിലേയ്ക്ക് ആര്‍ത്തലച്ചുവന്നവരുടെ കൊലവിളികള്‍, വഴിയോരത്തെങ്ങും സകലതും നഷ്ടപ്പെട്ട് തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരുന്നവരുടെ ദീനവിലാപം... കാതില്‍ മറ്റൊന്നും വന്നുനിറയില്ല പിന്നെ. തീരാപകയുടെ തീയാളിയ ആ ഓഗസ്റ്റ് രാത്രി ഉത്തര്‍പ്രദേശിലെ മുഗള്‍സരായില്‍ നിന്നും ഡോ. ബാഖി അഹമ്മദിനെയും കുടുംബത്തെയും കൊണ്ട് ഓടിത്തുടങ്ങിയ ജട്ക പിറ്റേന്ന് കാലത്ത് ലാഹോറിലാണ് തളര്‍ന്നുകിതച്ച് വന്നുനിന്നത്. ഒരു രാജ്യം ചങ്കും കരളും പകുത്ത് രണ്ടായിമാറിയ ആ ഒരൊറ്റ രാത്രി കൊണ്ടാണ് ഉത്തര്‍പ്രദേശുകാരായിരുന്ന ഖമറും കുടുംബവും മറ്റ് ലക്ഷങ്ങള്‍ക്കൊപ്പം പാകിസ്താന്‍കാരായിമാറിയത്.

കടുത്ത ജിന്നാ ആരാധകനായിരുന്ന ഡോ ബാഖി അഹമ്മദ് പിന്നെ ഇന്ത്യയിലേയ്ക്ക് മടങ്ങിയില്ല. ആ രാത്രി ഉപേക്ഷിച്ചുപോയ വീടിനെ കുറിച്ച് അന്വേഷിച്ചുമില്ല. മടങ്ങിയെത്തിയാല്‍ തങ്ങള്‍ ആക്രമിക്കപ്പെടുമെന്നൊരു ആധി അവസാനകാലം വരെ നിലനിന്നു ഡോ. ബാഖിയുടെ മനസ്സില്‍. പകയുടെ, ഭീതിയുടെ ഒരു കനല്‍ അവസാനശ്വാസംവരെ പുകഞ്ഞുകിടന്നു തികഞ്ഞ രാഷ്ട്രീയക്കാരന്‍ കൂടിയായിരുന്ന ഡോക്ടറുടെ നെഞ്ചില്‍. അതുകൊണ്ട് തന്നെ കുടുംബാംഗങ്ങളെ ആരെയും ഇന്ത്യയിലേയ്ക്ക് വരാന്‍ അനുവദിച്ചുമില്ല. ക്രിക്കറ്റിനെയും എഴുത്തിനെയും വരിച്ച മകന്‍ ഖമര്‍ മാത്രമാണ് ഈ വിലക്കിനെ ധിക്കരിച്ച് ജന്മനാട്ടിലേയ്ക്ക് തിരിച്ചുവന്നത്.  അതും അച്ഛന്‍ മരിച്ചതിനുശേഷം മാത്രം. അപ്പൊഴേയ്ക്കും തെളിഞ്ഞുതുടങ്ങിയ ഒരു ക്രിക്കറ്റെഴുത്തുകാരനായിക്കഴിഞ്ഞിരുന്നു ഖമര്‍. അച്ഛന്റെ രാഷ്ട്രീയം പോലെയല്ല, ഇടയ്‌ക്കൊക്കെ കണ്ണിമുറിഞ്ഞുപോയിരുന്നെങ്കിലും ക്രിക്കറ്റ് എന്ന പൊക്കിള്‍ക്കൊടി ഇരുരാജ്യങ്ങളും പൂര്‍ണമായി അറുത്തുമാറ്റിക്കഴിഞ്ഞിരുന്നില്ല അന്ന്. അല്ലെങ്കിലും അത്ര എളുപ്പം വേര്‍പ്പെടുത്തി വലിച്ചെറിയാന്‍ കഴിയുന്നതല്ലല്ലോ ഒന്നായി പിറന്ന് രണ്ടായി പിരിഞ്ഞ ഈ രണ്ടു രാജ്യങ്ങള്‍ക്കും ക്രിക്കറ്റ് എന്ന കണ്ണി.

ഖമര്‍ അഹമ്മദ്
ഖമര്‍ അഹമ്മദ്

1978ലെ ഇന്ത്യാ-പാക് ടെസ്റ്റ് പരമ്പര റിപ്പോര്‍ട്ട് ചെയ്യാന്‍ കാണ്‍പൂരിലെത്തിയ ഖമര്‍ ആദ്യം പോയത് മുഗള്‍സരായിയിലേയ്ക്കാണ്. രാത്രി തങ്ങാന്‍ ടാക്‌സി ഡ്രൈവര്‍ കണ്ടുവച്ച ലോഡ്ജ്, പെറ്റുവീണ, പ്രാണരക്ഷാര്‍ഥമുള്ള പലായനത്തിനിടെ പിന്നില്‍ ഉപേക്ഷിച്ചിട്ടുപോയ സ്വന്തം വീടാണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം ഖമര്‍ വിവരിക്കുന്നത് ഒരു ബോളിവുഡ് മെലോഡ്രാമ പോലെയാണ് വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു ഇന്ത്യാ-പാക് പരമ്പരയ്ക്കിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കേട്ടിരുന്നത്. പാകിസ്താന്‍ കൂറ്റന്‍ ജയം സ്വന്തമാക്കിയ ആ മത്സരത്തിനുശേഷം പിന്നീട് ഒരു തവണ കൂടി മാത്രമേ ഖമറിന് പാക് ടീമിനൊപ്പം ഇന്ത്യയിലെത്താന്‍ കഴിഞ്ഞുള്ളൂ. ക്രിക്കറ്റും രാഷ്ട്രീയവും രണ്ട് എന്‍ഡുകളിലായി പന്തെറിഞ്ഞ സ്വന്തം വീട്ടില്‍ അച്ഛന്‍ പ്രവചിച്ചപോലെ അതിര്‍ത്തിക്കപ്പുറവും ഇപ്പുറവും പകയുടെ കെടാത്ത കനല്‍ വീണ്ടുമാളി. ആ രാഷ്ട്രീയത്തിനു മുന്നില്‍ ഖമറിന്റെ ക്രിക്കറ്റ് സുല്ലിട്ടു. അതിര്‍ത്തിയില്‍ തോക്കുകള്‍ തീതുപ്പുമ്പോഴെല്ലാം ആദ്യം വെടിയേറ്റുവീഴുന്നത് ക്രിക്കറ്റ് തന്നെ. 2007നുശേഷം ഒരൊറ്റ ടെസ്റ്റ് പോലും കളിച്ചില്ല അയല്‍ക്കാര്‍. ലോകകപ്പിലും ഏഷ്യാകപ്പിലുമൊക്കെ മുഖാമുഖം വരുമ്പോഴെല്ലാം മറ്റൊരു യുദ്ധത്തിന്റെ പെരുമ്പറയാണ് മുഴങ്ങുന്നത്. സ്‌പോര്‍ട്‌സ് അകന്ന ഹൃദയങ്ങളെ തുന്നിച്ചേര്‍ക്കുമെന്ന് പറയുമ്പോഴും പഴയ മുറിപ്പാടുകള്‍ വീണ്ടും വീണ്ടും നക്കിത്തുടച്ച് നീറ്റിക്കൊണ്ടിരുന്നു ആണവായുധങ്ങള്‍ക്ക് മേല്‍ അടയിരിക്കുന്ന രണ്ട് ലോകചാമ്പ്യന്മാര്‍.

ഖമറിന് മാത്രമല്ല, ഇന്ത്യയും പാകിസ്താനും കളിയായിട്ടും കാര്യമായിട്ടും ഏത് പോരിനിറങ്ങിയാലും ഭീതിദത്തമായ ആ രാത്രികളുടെ ഓര്‍മകള്‍ തന്നെയാവും വിഭജനത്തിന്റെ നാളുകളില്‍ പ്രാണനും കൈയില്‍പിടിച്ച് നാടുവിട്ട ലക്ഷങ്ങളുടെ മനസ്സിലത്രയും ഉണരുക. തലമുറകള്‍ നാലോ അഞ്ചോ ജനിച്ചുമരിച്ചിട്ടും പകയുടെ, ഭീതിയുടെ ഈ ജനിതകം മാത്രം മാറിയില്ല. രാഷ്ട്രീയഭൂപടത്തില്‍ രണ്ടു രാഷ്ട്രങ്ങളായി പിളര്‍ന്ന 1947 ഓഗസ്റ്റില്‍ നിന്ന് ഒരു ചെറുചുവടിന്റെ അകലം പോലും മുന്നേറിയില്ല ഇരുവരും ഇരുന്നൂറാമത്തെ അന്താരാഷ്ട്ര മത്സരം കളിച്ച 2021 ഒക്ടോബര്‍ 21ല്‍ എത്തുമ്പോള്‍. ഇല്ലെങ്കില്‍ ടിട്വന്റി ലോകകപ്പില്‍ പാകിസ്താനോടേറ്റ തോല്‍വി ഇന്ത്യയില്‍ ഇത്ര വലിയ ഭൂകമ്പമുണ്ടാകേണ്ട കാര്യമെന്ത്. മുഹമ്മദ് ഷമി തിരഞ്ഞുപിടിച്ച് ആക്രമിക്കപ്പെട്ടതെന്തിന്. വെറുമൊരു വിജയത്തെ വിശ്വാസത്തിന്റെ വിജയമായി പാക് മന്ത്രി പെരുമ്പറ കൊട്ടുന്നതെന്തിന്. റിസ്വാന്റെ നിസ്‌കാരത്തിന് വഖാര്‍ യൂനുസിനെപ്പോലൊരാള്‍ അനാവശ്യ പരിവേഷം ചാര്‍ത്തിയതെന്തിന്? ലോകകപ്പിലെ തോല്‍വിയിലേയ്ക്ക് രാകേഷ് ടിക്കായത്ത് പ്രധാനമന്ത്രിയെ വലിച്ചിഴയ്ക്കുന്നതെന്തിന്? ഇമ്രാനുമായുള്ള ചങ്ങാത്തത്തിന്റെ പേരില്‍ രാഷ്ട്രീയക്കുപ്പായമണിഞ്ഞ പഴയ രണ്ട് ഓപ്പണര്‍മാരായ നവജ്യോത്സിങ് സിദ്ധുവും ഗൗതം ഗംഭീറും  കൊമ്പുകോര്‍ക്കുന്നതെന്തിന്?

ദേശീയതയുടെ വര്‍ണക്കുപ്പായത്തില്‍ പൊതിഞ്ഞ കച്ചവടമാണ് കെറി പാര്‍ക്കറനന്തര ക്രിക്കറ്റിന്റെ മുഖമുദ്ര. എന്നാല്‍, പിച്ചില്‍ പോരിനിറങ്ങുന്നത് ഇന്ത്യയും പാകിസ്താനുമെങ്കില്‍ ക്രിക്കറ്റ് വെറുമൊരു കളിയല്ല, മറ്റെന്തൊക്കെയോ ആണ്. ചിലപ്പോള്‍ സൗഹൃദത്തിന്റെ നയതന്ത്രം. അതല്ലെങ്കില്‍ ഭരണാധികാരികള്‍ക്ക് മുഖംമിനുക്കാനുള്ള ചെപ്പടിവിദ്യ. മറ്റു ചിലപ്പോള്‍ നല്ല പത്തരമാറ്റ് കച്ചവടസൂത്രം, ഇതൊന്നുമല്ലെങ്കില്‍ മതത്തിന്റെയും രാജ്യതന്ത്രത്തിന്റെയുമെല്ലാം മേലങ്കിയണിയിച്ച് കുത്തിവീഴ്ത്താന്‍തക്കം രാകിമുനിക്കിയ മൂര്‍ച്ചയേറിയ ആയുധം. എത്ര തമ്മില്‍പിരിക്കാന്‍ ശ്രമിച്ചാലും പൂര്‍വാധികം ശക്തിയോടെ ഇഴചേരുന്ന രാഷ്ട്രീയമാണ് അതിന്റെ ചാലകശക്തി. ഹിന്ദുമഹാസഭ മുതല്‍ ഒവൈസി വരെ ക്രിക്കറ്റിനെച്ചൊല്ലി കലഹിക്കുന്നതിന് മറ്റൊരു ന്യായവുമില്ല. എന്തോ രാഷ്ട്രീയ നിധി തിരഞ്ഞിട്ടാവണമല്ലോ 1999ല്‍ ശിവസേനക്കാര്‍ ഫിറോസ് ഷാ കോട്‌ലയിലെ പിച്ച് കുത്തിക്കിളച്ചിട്ടത്. അനില്‍ കുംബ്ലെയുടെ പത്ത് വിക്കറ്റ് നേട്ടമില്ലായിരുന്നെങ്കില്‍ ഇതില്‍പ്പരമൊരു കളങ്കമുണ്ടാകുമായിരുന്നോ ഇന്ത്യന്‍ ക്രിക്കറ്റിന്.

വെടിവെപ്പില്ലാത്ത യുദ്ധം എന്നാണ് കായികമത്സരങ്ങളെ ജോര്‍ജ് ഓര്‍വല്‍ 1945ല്‍ ഒരു ലേഖനത്തില്‍ വിശേഷിപ്പിച്ചത്. ഇതിനുശേഷം ഏതാണ്ട് നാലു കൊല്ലം കഴിഞ്ഞാണ് പരസ്പരം രണ്ടായി മത്സരിച്ചുതുടങ്ങിയതെങ്കിലും ഓര്‍വല്‍ പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കിയവരാണ് ഇന്ത്യയും പാകിസ്താനും. രണ്ടും കൂടിക്കുഴഞ്ഞ് ക്രിക്കറ്റേത് യുദ്ധമേത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ. രാഷ്ട്രീയത്തിലെ ചേരിതിരിവ് കളിയിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പടുന്നതാണ് തന്റെ അരങ്ങേറ്റ ടെസ്റ്റ് മുതല്‍ കാണുന്നതെന്ന് പണ്ടൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു മുന്‍ നായകന്‍ കപില്‍ദേവ്. ബാറ്റ് ചെയ്യുമ്പോള്‍ എതിര്‍ ഫീല്‍ഡര്‍മാര്‍ ഒരുപറ്റം ശത്രുക്കള്‍ അണിനിരന്നു നില്‍ക്കുന്നതു പോലെയാണ് അനുഭവപ്പെടാറുള്ളത്. ഈ ശത്രുതയുടെ ആഴമറിയണമെങ്കില്‍, അ അവസ്ഥ സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദം മനസിലാവണമെങ്കില്‍ രാഷ്ട്രീയക്കാര്‍ നേരില്‍ കളിക്കാനിറങ്ങണം എന്നു കൂടി പറഞ്ഞുവച്ചു 1978ല്‍ പാകിസ്താനെതിരേ അരങ്ങേറ്റം കുറിച്ച കപില്‍. രാഷ്ട്രീയക്കാരുടെ പാവക്കൂത്തിലെ വെറും നിഴല്‍കോലങ്ങളാണ് കളിയും കളിക്കാരും കളിനടത്തിപ്പുകാരുമെന്ന തിരിച്ചറിവുണ്ടായിരുന്നു കപിലിന്റെ വാക്കുകളില്‍.

ദ്വിരാഷ്ട്രവാദത്തോളം തന്നെ ആഴത്തില്‍ ചെന്നുനില്‍ക്കുന്നാണ് ഈ വൈരത്തിന്റെ വേരുകള്‍. രക്തപങ്കിലമായ വാളുകൊണ്ട് രണ്ടായി പിളര്‍ത്തിയ കാലത്ത് പക്ഷേ, പകയുടെ ഈ രാഷ്ട്രീയം ക്രിക്കറ്റിനെ ഗ്രസിച്ചിരുന്നില്ല. ചങ്കുപിളരുന്ന വേദനയോടെയാണ് അമര്‍ ഇലാഹിയും അബ്ദുള്‍ ഹഫീസ് കര്‍ദാറും നവാബ് ഇഫ്തിക്കര്‍ അലി ഖാന്‍ പട്ടൗഡിയെയും വിജയ് ഹസാരെയെയും വിജയ് മര്‍ച്ചന്റിനെയും സയ്യിദ് മുഷ്താഖ് അലിയെയും ലാല അമര്‍നാഥിനെയും ഗുല്‍ മുഹമ്മദിനെയുമെല്ലാം പിരിഞ്ഞ് പാക് ടീമില്‍ കളിച്ചത്. ഇന്ത്യയും പാകിസ്താനും ആദ്യമായി മുഖാമുഖം വരുന്നതിന് തൊട്ടുമുന്‍പ് മാത്രമാണ്, രഞ്ജിയില്‍ വിജയ് ഹസാരേയ്‌ക്കൊപ്പം 577 റണ്‍സെടുത്ത് ലോക റെക്കോഡിട്ട ഗുല്‍ മുഹമ്മദും അതിര്‍ത്തി കടന്നത്. പകയോ വിദ്വേഷമോ അല്ല, വേദനയോടെയുള്ള വേര്‍പിരിയലിന്റെ കരള്‍പിളരുന്ന കഥ മാത്രമായിരുന്നു ഇരുകൂട്ടര്‍ക്കും പറയാനുണ്ടായിരുന്നത്.

പിരിഞ്ഞശേഷം നാലു കൊല്ലം കഴിഞ്ഞാണ് ഇവര്‍ പിന്നെ തമ്മില്‍ കാണുന്നത്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലായി മാറിയ പഴയ ഇംപീരിയല്‍ ക്രിക്കറ്റ് കോണ്‍ഫറന്‍സില്‍ മുഴുവന്‍ സമയ അംഗമായശേഷം പാകിസ്താന്‍ കന്നി ടെസ്റ്റ് കളിക്കാന്‍ ഇന്ത്യയിലെത്തിയപ്പോള്‍. ഗൃഹാതുരസ്മരണകളുണര്‍ത്തുന്നതായിരുന്നു ഡല്‍ഹിയിലെ പുന:സമാഗമം. ക്യാപ്റ്റന്‍ കാര്‍ദറും ഇലാഹിയും ആദ്യമായ പഴയ സഹതാരങ്ങള്‍ക്കെതിരേ പിച്ചിലിറങ്ങി. ഗുല്‍ മുഹമ്മദ് അന്ന് ലാല അമര്‍നാഥ് നയിച്ച ഇന്ത്യന്‍ ടീമിലുണ്ട്. ഹേമു അധികാരിയും ഗുലാം അഹമ്മദും ചേര്‍ന്ന് പത്താം വിക്കറ്റില്‍ റെക്കോഡ് സ്‌കോര്‍ പടുത്തുയര്‍ത്തി. ഈ റെക്കോഡ് പിന്നെ ഭേദിക്കുന്നത് 2004ല്‍ സച്ചിനും സഹീര്‍ ഖാനും ചേര്‍ന്നായിരുന്നു എന്നതാണ് കൗതുകകരം. അധികാരിയും ഹസാരെയും ബാറ്റ് കൊണ്ടും മങ്കഡ് പന്ത് കൊണ്ടും മിന്നിയ മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒരിന്നിങ്‌സിന്റെയും എഴുപത് റണ്‍സിന്റെയും ജയം. ഇന്ത്യയുടെ ചരിത്രത്തിലെ രണ്ടാമത്തെ ടെസ്റ്റ് ജയം.

സ്വാതന്ത്ര്യത്തിന് മുന്‍പ് ഇന്ത്യയ്ക്കുവേണ്ടി കളിച്ച കാര്‍ദറും ഇലാഹിയും ഒഴികെ മുഴുവന്‍ അരങ്ങേറ്റക്കാരെ അണിനിരത്തിയ ആദ്യ ടെസ്റ്റില്‍ തന്നെ പാകിസ്താന് തോല്‍വി നുണയേണ്ടിവന്നെങ്കിലും ഉത്സവാന്തരീക്ഷത്തില്‍ തന്നെയായിരുന്നു ടെസ്റ്റിന് തിരശ്ശീല വീണത്. എന്നാല്‍, ലഖ്‌നൗവില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ തന്നെ ചാരം മൂടിക്കിടന്ന പകയുടെ കനല്‍ ആദ്യമായി തലപൊക്കി. എട്ട് മണിക്കൂറും 35 മിനിറ്റും ക്രീസില്‍ നിന്ന് നസര്‍ മുഹമ്മദ് പാകിസ്താന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കിയ മത്സരത്തില്‍ ഒരു ഇന്നിങ്‌സിനും 43 റണ്‍സിനുമായിരുന്നു പാകിസ്താന്റെ ജയം. അവരുടെ ആദ്യ ടെസ്റ്റ് ജയം. എന്നാലിത് ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ ആരാധകര്‍ക്കായില്ല. അവര്‍ ഉമ്രിഗറോടും മര്‍ച്ചന്റിനോടും അമര്‍നാഥിനോടുമുള്ള രോഷം മറച്ചുവച്ചില്ല. സ്റ്റേഡിയം വലിയ കലാപത്തിന് സാക്ഷ്യംവഹിച്ചു. കളിക്കാര്‍ ക്രൂരമായ അധിക്ഷേപങ്ങള്‍ക്ക് ഇരയായി. ഗോമതി നദീതീരത്തെ യൂണിവേഴ്‌സിറ്റി ഗ്രൗണ്ട് പിന്നീടൊരു ടെസ്റ്റിനും വേദിയായില്ല. മാറ്റിങ് വിക്കറ്റുള്ള സ്റ്റേഡിയം തൊട്ടയല്‍പക്കത്തുള്ള കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്കിന് അരങ്ങൊഴിഞ്ഞുകൊടുത്തു.

മുംബൈ ബോര്‍ബോണ്‍ സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ പത്ത് വിക്കറ്റ് ജയത്തോടെ തിരിച്ചുവന്ന് ഇന്ത്യ പ്രായശ്ചിത്തം ചെയ്തു. ശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ സമനിലയില്‍ കലാശിച്ചതോടെ പരമ്പര സ്വന്തമാവുകയും ചെയ്തു. 1932 മുതല്‍ ടെസ്റ്റ് കളിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ പരമ്പര ജയം. അതും ഏഴ് രമ്പരതോല്‍വികള്‍ക്കുശേഷം. ഇന്ത്യയോടേറ്റ തോല്‍വി പക്ഷേ, പാകിസ്താനില്‍ വലിയ കോലാഹലങ്ങളൊന്നും സൃഷ്ടിച്ചില്ല എന്നതാണ് കൗതുകകരം. തോറ്റ് നാട്ടില്‍ തിരിച്ചെത്തിയവര്‍ക്ക് വലിയ വലിയ തോതില്‍ ആരാധകരുടെ ഈര്‍ഷ്യ അനുഭവിക്കേണ്ടിയും വന്നില്ല. 2003ല്‍ ടീമിന്റെ ആദ്യ ടെസ്റ്റിന്റെ അമ്പതാം വാര്‍ഷികം സമുചിതമായി ആഘോഷിക്കുകയാണ് ചെയ്തത് പ്രസിഡന്റ് പര്‍വേസ് മുഷാറഫ് അധ്യക്ഷനായ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. പ്രധാനമന്ത്രി സഫറുള്ളഖാന്‍ ജമാലി കൂടി പങ്കെടുത്ത ചടങ്ങില്‍ രണ്ടര ലക്ഷം രൂപ വീതമാണ് കളിക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നല്‍കിയത്. ആദരവേറ്റുവാങ്ങാന്‍ അന്നത്തെ ടീമംഗങ്ങളില്‍ പലരും ഉയിരോടെ ഉണ്ടായിരുന്നില്ലെന്നു മാത്രം.

ലഖ്‌നൗവിലെ കലാപം വലിയൊരു ചൂണ്ടുപലകയായി. തോല്‍വിക്ക് കൊടുക്കേണ്ടിവരുന്ന വില വലുതായിരിക്കുമെന്ന് ഇരു ടീമുകളും തിരിച്ചറിഞ്ഞത് അന്നാണ്. മണ്ണുമൂടിയെന്ന് കരുതിയ പക ആരാധകരില്‍ ആളുന്നത് അവര്‍ തിരിച്ചറിഞ്ഞു. ജീവനും കരിയറും പണയം വയ്ക്കാന്‍ ആരും തയ്യാറായില്ല. പിന്നീട് പത്ത് വര്‍ഷത്തിനിടെ രണ്ട് പരമ്പരകള്‍ കൂടിനടന്നു. ഒന്ന് 1954ല്‍ പാകിസ്താനിലും മറ്റൊന്ന് 1960ല്‍ ഇന്ത്യയിലും. പാകിസ്താനിലെ ടെസ്റ്റ് വലിയ ആഘോഷമായിരുന്നു. കലാപവും കൂട്ടപലായനവും കൊട്ടിയടച്ച അതിര്‍ത്തിയിലെ വാതില്‍ പാകിസ്താന്‍ തുറന്നുകൊടുത്തു. യഥേഷ്ടം വിസ അനുവദിച്ചു. ആയിരക്കണക്കിന് ആളുകളാണ് അന്ന് ഇന്ത്യയില്‍ നിന്ന് ലാഹോറിലേയ്ക്കും കറാച്ചിയിലേയ്ക്കും പേഷ്വാറിലേയ്ക്കും ബഹവല്‍പൂരിലേയ്ക്കും ധാക്കയിലേയ്ക്കുമെല്ലാം ഒഴുകിയെത്തിയത്. പാക് ജനത അവരെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ശരിക്കും ഉത്സവാന്തരീക്ഷമായിരുന്നു തെരുവുകളില്‍ പോലും. എന്നാല്‍, ലഖ്‌നൗ സിന്‍ഡ്രം കളിക്കാരെ വേട്ടയാടി. റിസ്‌ക്കെടുക്കാന്‍ ആരും ഒരുക്കമായില്ല. പ്രതിരോധതന്ത്രമാണ് ഇരുവരും പയറ്റിയത്. ഫലം, ഓര്‍ക്കാന്‍ കാര്യമായി ഒന്നും തന്നെ ഇല്ലാതെ രണ്ട് പരമ്പരയും സമനിലയിലായി. രണ്ടിലുമായി നടന്ന പത്ത് ടെസ്റ്റിലും ഒന്നില്‍ പോലും ആരും ജയിച്ചുമില്ല.

സൗഹൃദത്തിന്റെ പിച്ചിലെ ക്രിക്കറ്റിന്റെ പ്രതിരോധത്തിന് പക്ഷേ, വലിയ ആയുസ്സുണ്ടായില്ല. യുദ്ധത്തിന്റെയും നുഴഞ്ഞുകയറ്റത്തിന്റെയും ഭീകരാക്രമണത്തിന്റെയും ബൗണ്‍സറുകളില്‍ കാലിടറാനായിരുന്നു എന്നും ഇന്ത്യാ-പാക് ക്രിക്കറ്റിന്റെ വിധി. ഹോക്കിയും ഫുട്‌ബോളുമെല്ലാം ജനമനസ്സുകളില്‍ നിന്ന് ഇറങ്ങിപ്പോയതോടെ ക്രിക്കറ്റ് മാത്രമായി ഫോക്കസ്. അതുകൊണ്ടു തന്നെ ഓരോ യുദ്ധത്തിന്റെയും ഓരോ ഭീകരാക്രമണത്തിന്റെയും ആദ്യ ബലിയാട് സ്വാഭാവികമായും ക്രിക്കറ്റ് തന്നെയായി. ഇന്ത്യന്‍ ടീം പാകിസ്താന്‍ മണ്ണില്‍ കളിച്ചുകൊണ്ടിരുന്ന കാലത്താണ് പാക് പ്രധാനമന്ത്രി മുഹമ്മദ് അലി ബോഗ്ര ആദ്യമായി ലണ്ടനില്‍ വച്ച് കശ്മീരികളുടെ സ്വയംനിര്‍ണയാവകാശം എടുത്തിട്ടത്. ഇരുരാജ്യങ്ങളിലെയും കളിക്കാര്‍ സമനിലക്കളിയുടെ നയചാതുരി കാട്ടിയെങ്കിലും ബോഗ്ര ഊതിയ കനല്‍ ജ്വലിക്കാന്‍ ഏറെ സമയം വേണ്ടിവന്നില്ല. കശ്മീര്‍ പുകഞ്ഞു. പാക് സൈന്യം ഓപ്പറേഷന്‍ ജിബ്രാള്‍ട്ടര്‍ എന്ന് ഓമനപ്പേരിട്ടു നടത്തിയ നുഴഞ്ഞുകയറ്റം 1965ലെ ആദ്യ യുദ്ധത്തില്‍ കലാശിച്ചു. ആ ഗൂഗ്ലിയിലാണ് ആദ്യമായി ഇന്ത്യാ-പാക് ക്രിക്കറ്റിന്റെ വിക്കറ്റ് തെറിച്ചത്. യുദ്ധത്തില്‍ ഇന്ത്യ വെന്നിക്കൊടി പാറിച്ചെങ്കിലും അയല്‍ക്കാര്‍ പ്രഖ്യാപിത ചിരവൈരിയായി. എല്ലാ യുദ്ധങ്ങളുടെയും അനന്തരഫലമെന്നോണം അവരുമായുള്ള സകല ബന്ധങ്ങളും അന്ന് അറുത്തിട്ടു. അതില്‍ പ്രഥമ സ്ഥാനത്തായിരുന്നു ക്രിക്കറ്റ്. മത്സരങ്ങള്‍ പുന:രാരംഭിക്കാനുള്ള ചെറിയ ഉദ്യമങ്ങള്‍ നടക്കുന്നതിനിടെ 71ല്‍ വീണ്ടും യുദ്ധം. പിന്നീട് 1978ല്‍ ഏകദിനത്തിന്റെ വരവോടെയാണ് ഈ ബന്ധം പുന:സ്ഥാപിക്കപ്പെട്ടത്. അപ്പൊഴേയ്ക്കും ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വിലപ്പെട്ട 13 വര്‍ഷങ്ങള്‍ കടന്നുപോയി.

ഇക്കാലത്താണ് പകയുടെ പിച്ചില്‍ ക്രിക്കറ്റ് നയതന്ത്രത്തിന്റെ കുപ്പായമെടുത്തണിയുന്നത്. തുടര്‍ച്ചയായ രണ്ട് യുദ്ധങ്ങളുടെ മുറിവുണക്കാന്‍ അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി കണ്ടെത്തിയ വഴിയായിരുന്നു ക്രിക്കറ്റ് നയതന്ത്രം. ക്രിക്കറ്റ് മെല്ലെ ജനഹൃദയങ്ങളില്‍ ഹോക്കിയുടെ സ്ഥാനം അപഹരിച്ചുതുടങ്ങുന്ന കാലമായിരുന്നു അത്. പാക് ജനത ഹൃദയത്തില്‍ സവിശേഷ സ്ഥാനം നല്‍കിയ ദേശായിയുടെ ക്ഷണം നിരാകരിക്കാന്‍ പ്രസിഡന്റ് സിയാ ഉള്‍ ഹഖിനായില്ല. അങ്ങനെ 1978ല്‍ ഇന്ത്യാ-പാക് പരമ്പരയ്ക്ക് വീണ്ടും കളമൊരുങ്ങി. സുല്‍ഫിക്കര്‍ അലി ഭൂട്ടോയെ സിയ സ്ഥാനഭൃഷ്ടനാക്കി പാകിസ്താന്‍ ആകെ കലങ്ങിമറിഞ്ഞകാലമായിരുന്നു അത്. ജനരോഷത്തില്‍ ക്രിക്കറ്റ് ഒന്നാന്തരമൊരു മറയായിരുന്നു യുദ്ധതന്ത്രത്തിന്റെ അകംപുറമറിയുന്ന സിയയ്ക്ക്. തൊട്ടടുത്ത വര്‍ഷം മൊറാര്‍ജി സര്‍ക്കാര്‍ വീണെങ്കിലും ഇന്ത്യാ-പാക് ക്രിക്കറ്റ് വിഘ്‌നമില്ലാതെ തുടര്‍ന്നു.

ഏകദിനത്തിന്റെ ആവിര്‍ഭാവത്തോടെ ഇന്ത്യാ-പാക് പോരാട്ടം ക്രിക്കറ്റ് വിപണിക്ക് ഒരു അനിവാര്യതയായ കാലം കൂടിയായിരുന്നു അത്. 1983ല്‍ കപിലും കൂട്ടരും ലോകകപ്പില്‍ മുത്തമിടുക കൂടി ചെയ്തതോടെ ക്രിക്കറ്റ് ഇന്ത്യയുടെ പുതിയ ബ്രാന്‍ഡായി മാറി. രാജ്യത്തിന്റെ ഉച്ഛ്വാസവായുമായി മാറി. നിതാന്ത ശത്രുവുമായുള്ള നയതന്ത്രത്തിന്റെ ഏറ്റവും നല്ല ഉപായമായി മാറുകകൂടി ചെയ്തു ഇക്കാലത്ത് ക്രിക്കറ്റ്. പാക് ജനതയുടെ കണ്ണിലെ കരടായിരുന്നു ഇന്ദിരാഗാന്ധി. ഇന്ദിര വെടിയേറ്റ് മരിക്കുമ്പോള്‍ സിയാല്‍കോട്ടില്‍ രണ്ടാം ഏകദിനം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇന്ത്യ. നാല്‍പത് ഓവര്‍ മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിങ്‌സ് കഴിഞ്ഞപ്പോഴാണ് അന്ന് ഹൈക്കമ്മീഷണറായിരുന്നു ഇസ്മയില്‍ ഖുറേഷി ഈ ഞെട്ടുന്ന വിവരം അന്നത്തെ മാനേജര്‍ രാജ് സിങ് ദുംഗാപുരിനെ അറിയിക്കുന്നത്. ടീം മത്സരം ഉപേക്ഷിച്ച് പെട്ടന്നു തന്നെ മടങ്ങി. മത്സരം പാതിവഴിയില്‍ ഉപേക്ഷിക്കുന്ന കാര്യം സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ഇരുപത്തിയയ്യായിരത്തോളം വരുന്ന ജനങ്ങളെ എങ്ങനെ അറിയിക്കും എന്ന ആശയക്കുഴപ്പത്തിലായിരുന്നു സംഘാടകര്‍. എന്നാല്‍, ഇന്ദിരാവധത്തിന്റെ വിവരം അറിഞ്ഞതോടെ ഇന്ത്യന്‍ ടീമിന്റെ തീരുമാനത്തെ ശരിവച്ച്, യാതൊരു ബഹളവുമില്ലാതെയാണ് സ്റ്റേഡിയം വിട്ടുപോയത്. തീര്‍ത്തും അവിശ്വസനീയമായിരുന്നു ഈ പ്രതികരണമെന്ന് പില്‍ക്കാലത്ത് എഴുതിയിട്ടുണ്ട് ഖുറേഷി. യുദ്ധത്തിന്റെയും വൈരാഗ്യത്തിന്റെയും പുകമറയ്ക്കുളളിലെ യഥാര്‍ഥ ജനവികാരം സിയ തിരിച്ചറിഞ്ഞത് അന്നാവണം. അതുകൊണ്ടുതന്നെ അതിനെ പ്രതിച്ഛായാ നിര്‍മിതിക്ക് ഉപകരണമാക്കാന്‍ ഒട്ടും അമാന്തിച്ചുമില്ല. സിയ മുന്‍കൈയെടുത്താണ് 1987ല്‍ പാകിസ്താന്‍ പരമ്പരയ്ക്കായി ഇന്ത്യയിലെത്തുന്നത്. ജയ്പൂര്‍ സവായി മാന്‍ സിങ് സ്റ്റേഡിയത്തില്‍ സിയയും രാജീവ് ഗാന്ധിയും ഒന്നിച്ചിരുന്ന് മൂന്നാം ടെസ്റ്റ് കാണുകയും ചെയ്തു. ഈ മത്സരത്തിനിടെ തങ്ങളുടെ കൈവശം ആണവായുധമുണ്ടെന്ന രഹസ്യം സിയ രാജീവിനോട് പറഞ്ഞതായി അക്കാലത്ത് ബി.ബി.സിയില്‍ ഒരു ഗോസിപ്പുണ്ടായിരുന്നു. എന്തായാലും അവസാന ടെസ്റ്റ് ജയിച്ച് പാകിസ്താന്‍ പരമ്പര സ്വന്തമാക്കി. ഇന്ത്യന്‍ മണ്ണിലെ അവരുടെ ഒരേയൊരു ടെസ്റ്റ് പരമ്പര വിജയം. അത് പാക് ടീമിന് വലിയ ഊര്‍ജമായി.

.

തൊട്ടടുത്ത വര്‍ഷം തന്നെ സിയ ദുരൂഹമായ ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. എണ്‍പതുകളുടെ അവസാനത്തോടെ കശ്മീരില്‍ നുഴഞ്ഞുകയറ്റവും സായുധ വിഘടനവാദവും ശക്തമാവുകയും ചെയ്തു. നിത്യഹരിത നിമിഷങ്ങള്‍ യഥേഷ്ടം സമ്മാനിച്ച് ക്രിക്കറ്റ് മത്സരങ്ങള്‍ ഒരുഭാഗത്ത് നിര്‍ബാധം തുടര്‍ന്നെങ്കിലും ഒരു ബോംബ് സദാ എരിഞ്ഞുപുകഞ്ഞുകിടന്നു പിച്ചിന ടിയില്‍. മിയാന്‍ദാദിന്റെ അവസാന ഓവര്‍ സിക്‌സര്‍, കുംബ്ലെയുടെ പത്ത് വിക്കറ്റ് നേട്ടം, 125 റണ്‍സിന് പുറത്തായ ഇന്ത്യ പാകിസ്താനെ 87 റണ്‍സിന് കെട്ടുകെട്ടിച്ച് ഷാര്‍ജയില്‍ നേടിയ വിജയം, ഈഡന്‍ ഗാര്‍ഡന്‍സില്‍ സലീം മാലിക് 36  പന്തില്‍ നിന്ന് നേടിയ 72 റണ്‍സ്, പാകിസ്താന്റെ ലോകകപ്പ് വിജയം, കിരണ്‍ മോറേയ്‌ക്കെതിരായ മിയാന്‍ദാദിന്റെ പൊട്ടിത്തെറി. ഇന്ത്യന്‍ ആരാധകനെ ആക്രമിച്ച ഇന്‍സമാം, കപിലും സച്ചിനും അക്രവും ഇമ്രാനുമെല്ലാം ചേര്‍ന്ന ചാരിറ്റി മത്സരത്തിനിടെയുണ്ടായ കാണികളുടെ ആക്രമണം.. ഏഷ്യാ കപ്പിനിടെ സച്ചിന്റെ റണ്ണൗട്ട് വഴിവച്ച ഈഡന്‍ ഗാര്‍ഡന്‍സിലെ കാണികളുടെ കലാപം, ഒഴിഞ്ഞ ഗ്യാലറികളെ സാക്ഷിയാക്കിയുള്ള കളി.... എരിവും മധുരവും ചവര്‍പ്പും ചേര്‍ന്ന് സംഭവബഹുലമായ ഇക്കാലത്താണ് ഇന്ത്യയില്‍ 1977നുശേഷം മറ്റൊരു ഭരണമാറ്റം ഉണ്ടാവുന്നത്. 77ല്‍ വിദേശകാര്യമന്ത്രിയായിരുന്ന വാജ്‌പയി പ്രധാനമന്ത്രി. അയല്‍ക്കാരനുമായുള്ള നയതന്ത്രത്തിന് ഏറ്റവും നല്ല ഉപാധി ക്രിക്കറ്റ് തന്നെയെന്ന് മറ്റാരും പഠിപ്പിക്കേണ്ടിയിരുന്നില്ല വാജ്‌പയിയെ. പാകിസ്താന്‍ സന്ദര്‍ശനത്തിനിടെ നീട്ടിയ ക്ഷണം രണ്ടും കൈയും നീട്ടി സ്വീകരിച്ചു പാകിസ്താന്‍. അകത്തും പുറത്തും ഒരുപോലെ പുകഞ്ഞ പ്രതിഷേധം വാജ്‌പെയി കണക്കിലെടുത്തില്ല. രണ്ടാം ടെസ്റ്റിന്റെ വേദിയായ ഫിറോസ് ഷാ കോട്‌ലയിലെ പിച്ച് കുത്തിക്കുഴിക്കുമ്പോള്‍ ശിവസേന എന്‍.ഡി.എ സര്‍ക്കാരില്‍ സഖ്യകക്ഷിയായിരുന്നു. കുംബ്ലെ പത്ത് വിക്കറ്റ് നേട്ടം കൊണ്ട് മാത്രം മാഞ്ഞുപോയൊരു കളങ്കമാണിത്. എന്നിട്ടും ഈ നയതന്ത്രത്തിന് ആയുസ്സ് ഏറെയുണ്ടായില്ല. വെറും അഞ്ച് മാസത്തിനുള്ളില്‍ കാര്‍ഗില്‍ യുദ്ധം കൊണ്ടാണ് പാക് സൈന്യം ഈ സൗഹൃദത്തെ വെടിവെച്ചിട്ടത്.

കാര്‍ഗിലിന്റെ മുറിവുണങ്ങും മുന്‍പ് തന്നെ വാജ്‌പയി തന്നെയാണ് പതിനഞ്ച് കൊല്ലത്തിനുശേഷം പാക് മണ്ണിലേയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ യാത്രയ്ക്കും മുന്‍കൈയെടുത്തത്. മത്സരങ്ങള്‍ മാത്രമല്ല, ഹൃദയങ്ങളും കീഴടക്കൂ എന്നു പറഞ്ഞാണ് വാജ്‌പയി അന്ന് ഗാംഗുലിയെയും സംഘത്തെയും യാത്രയാക്കിയത്. വാജ്‌പയിക്ക് സ്വന്തം അണിയില്‍ നിന്നുതന്നെ എതിര്‍പ്പുണ്ടായെങ്കിലും ഇന്ത്യന്‍ ടീമിന് വലിയ സ്വീകരണമാണ് അന്ന് പാകിസ്താനില്‍ ലഭിച്ചത്. സെവാഗ് ട്രിപ്പിളടിച്ച മുള്‍ട്ടാനിലെ ഒന്നാം ടെസ്റ്റും ദ്രാവിഡ് 270 റണ്‍സടിച്ച റാവല്‍പിണ്ടിയിലെ മൂന്നാം ടെസ്റ്റും ജയിച്ച് ഇന്ത്യ ആദ്യമായി പാക് മണ്ണില്‍ ടെസറ്റ്, ഏകിന പരമ്പരകള്‍ സ്വന്തമാക്കുകയും ചെയ്തു. യുദ്ധവെറിയുടെ പുകയടങ്ങിയ മട്ടില്‍ പിന്നീട് നാല് കൊല്ലം ഇരു ടീമുകളും മൂന്ന് കൊല്ലം തുടര്‍ച്ചയായി അതിര്‍ത്തികടന്ന് കളിച്ചുകൊണ്ടിരുന്നു. 2006ല്‍ ഇന്ത്യ ഒരിക്കല്‍ക്കൂടി പാക് മണ്ണിലെത്തി. പരമ്പര അടിയറവയ്‌ക്കേണ്ടിവന്നെങ്കിലും സെവാഗിന്റെ ഡബിളും ഇതുപോലെ പന്തെറിയ നിരവധി കുട്ടികള്‍ പാക് തെരുവുകളിലുണ്ടെന്ന ജാവേദ് മിയാന്‍ദാദിന്റെ അധിക്ഷേപത്തിന് ഇന്നിങ്‌സിലെ ആദ്യ മൂന്ന് പന്തിലും വിക്കറ്റെടുത്ത് മറുപടി കൊടുത്ത ഇര്‍ഫന്‍ പഠാനും ചേര്‍ന്ന് കളി അവിസ്മരണീയമാക്കി. ഏകദിന പരമ്പര സ്വന്തമാക്കിയതായിരുന്നു മടക്കയാത്രയില്‍ ഇന്ത്യന്‍ നിരയ്ക്ക് ആശ്വസിക്കാനുണ്ടായിരുന്നത്.

2008 മുംബൈ ഭീകരാക്രമണത്തോടെ ആ കാലത്തിനും പാകിസ്താനിലെ വിധ്വംസക ശക്തികള്‍ തടയിട്ടു. അതോടെ ഇന്ത്യയിലേയ്ക്കുള്ള പാകിസ്താന്റെ വരവ് നിലച്ചു. 2009ല്‍ ലാഹോറില്‍ ലങ്കന്‍ ടീമിനെതിരായ ഭീകരാക്രമണത്തോടെ മറ്റു ടീമുകളെപ്പോലെ ഇന്ത്യയും പാകിസ്താനോട് മുഖംതിരിച്ചു. എന്നിട്ടും നല്ല അയല്‍ക്കാരനായി നയതന്ത്രത്തിന്റെ പരവതാനി വിരിക്കാന്‍ മടിച്ചില്ല ഇന്ത്യ. മുംബൈ ഭീകരാക്രമണത്തിലെ പാക് പങ്കിനെ ചൊല്ലിയുള്ള വിവാദം കത്തുന്നതിനിടെയാണ് മൊഹാലിയില്‍ 2011 ലോകകപ്പിലെ ഇന്ത്യാ-പാക് സെമി കാണാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയെ ക്ഷണിക്കുന്നത്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ടെലിവിഷനില്‍ കണ്ട മത്സരമെന്ന ഖ്യാതിക്ക് ഈ രണ്ട് രാഷ്ത്തലവന്മാരുടെ സാന്നിധ്യം ചരിത്രപരമായ പ്രാധാന്യം കൂടി ചാര്‍ത്തിക്കൊടുത്തു. പക്ഷേ, ഉഭയകക്ഷി പരമ്പരയ്ക്കുള്ള വാതില്‍ അപ്പോഴും അടഞ്ഞുതന്നെ കിടന്നു.

Manmohan Sigh Mushraf
മന്‍മോഹന്‍ സിങ്ങും പര്‍വേസ് മുഷ്‌റഫും

ഇന്ത്യയ്‌ക്കെതിരായ ഓരോ വിജയവും തോല്‍വിയറിഞ്ഞ രണ്ട് യുദ്ധങ്ങള്‍ക്കുള്ള തിരിച്ചടിയായി കാണുന്നവര്‍ ഏറെയുണ്ട് പാകിസ്താനില്‍. ഈ ദൗത്യത്തിന്റെ അമിതഭാരവും പേറി ഇന്ത്യയ്‌ക്കെതിരേ കളിക്കാനിറങ്ങേണ്ടിവരുന്നാണ് ഓരോ പാക് താരവും നേരിടുന്ന ഏറ്റവും വലിയ ബാധ്യത. ഇക്കണ്ട കാലമത്രയും ലോകകപ്പുകളില്‍ ഇന്ത്യയ്ക്ക് മുന്നില്‍ അടിപതറിപ്പോകുന്നതിന്റെ കാരണവും ഈ അമിതസമ്മര്‍ദം തന്നെയാവാം. സമ്മര്‍ദമില്ലാതെ കളിച്ചാല്‍ ഇന്ത്യയെ നിഷ്പ്രയാസം തറപറ്റിക്കാമെന്ന് ആവര്‍ത്തിച്ചു പറയാറുണ്ട് എന്നും ഇന്ത്യന്‍ ബൗളര്‍മാരുടെ കണ്ണിലെ കരടായിരുന്ന ജാവേദ് മിയാന്‍ദാദ്. ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം കൈവരിച്ച വ്യക്തമായ മേല്‍ക്കൈ ലോകകപ്പിലെ തുടര്‍ച്ചയായ തോല്‍വികളുടെ പേരില്‍ വിസ്മരിക്കപ്പെട്ടുപോവുന്നത് ഒരു ദുരന്തമാണ് പാകിസ്താനെ സംബന്ധിച്ചിടത്തോളം. 1992ല്‍ സിഡ്നിയിലെ ആദ്യ മത്സരം മുതല്‍ ഇക്കഴിഞ്ഞ ടിട്വന്റി എത്തുംവരെ ലോകകപ്പുകളില്‍ ഇന്ത്യയോട് തോല്‍ക്കാനായിരുന്നു പാകിസ്താന്റെ വിധി. പ്രഥമ ടിട്വന്റി ലോകകപ്പിന്റെ ഫൈനലിലെയും 2011ലെ ഏകദിന ലോകകപ്പിലെ സെമിയിലെയും തോല്‍വികള്‍ ആ മുറിവില്‍ പുരട്ടിയ എരിവുമായി. 1992ല്‍ പ്രാഥമിക റൗണ്ടില്‍ ഇന്ത്യയോട് തോറ്റവര്‍ പിന്നീട് കപ്പടിച്ച് ലോകചാമ്പ്യന്മായത് വേറെ കഥ. കപിലും അസറും സച്ചിനുമെല്ലാമുണ്ടായിട്ടും അക്കുറി നോക്കൗട്ട് കാണാതെ പുറത്താവാനായിരുന്നു ഇന്ത്യയുടെ വിധി. ബാഹ്യസമ്മര്‍ദങ്ങളില്‍ നിന്ന് ഇന്ത്യന്‍ താരങ്ങളും മുക്തരല്ല ഒട്ടും. തോല്‍ക്കുമ്പോഴുള്ള ആക്രമണങ്ങള്‍പോലെ തന്നെ അപകടകരമാണ് ജയിക്കുമ്പോഴുള്ള ആഘോഷങ്ങളും. 2003 ഏകദിന ലോകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ പാകിസ്താനെ തോല്‍പിച്ച ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചവരില്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയിയും ഉപപ്രധാനമന്ത്രി എല്‍.കെ.അദ്വാനിയും കരസേനാ മേധാവി ജനറല്‍ വിജും ഉള്‍പ്പെടും. അന്നത്തെ ധനമന്ത്രി ജസ്വന്ത് സിങ് ഒരു പടികൂടി കടന്ന് കപ്പടിച്ചാല്‍ ടീമംഗങ്ങള്‍ക്ക് നികുതിയിളവും പ്രഖ്യാപിച്ചു. അക്കുറി ഇന്ത്യ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ് മടങ്ങുകയാണുണ്ടായത്.

ഭരണകൂടങ്ങളും മാധ്യമങ്ങളും വിപണിയുമെല്ലാം ചേര്‍ന്ന് ചാര്‍ത്തിക്കൊടുക്കുന്ന തൊങ്ങലുകള്‍ അഴിച്ചുമറ്റിയാല്‍ മറ്റേതൊരു മത്സരം പോലെ മാത്രമേയുള്ളൂ ഇന്ത്യാ-പാക് പോരാട്ടവും. അവിടെ കളി കണക്കില്‍ മാത്രമാണ്. ആ കളിയില്‍ മേല്‍ക്കൈ എന്തും കൊണ്ടും പാകിസ്താനു തന്നെ. 59 ടെസ്റ്റ് കളിച്ചതില്‍ 12ല്‍ പാകിസ്താന്‍ ജയിച്ചപ്പോള്‍ ഒന്‍പതെണ്ണത്തില്‍ മാത്രമാണ് ഇന്ത്യ ജയിച്ചത്. 73 ഏകദിന പാകിസ്താന്‍ സ്വന്തമാക്കിയപ്പോള്‍ ഇന്ത്യയ്ക്ക് വെന്നിക്കൊടി പാറിക്കാനായത് 55 എണ്ണത്തില്‍ മാത്രമാണ്. ടിട്വന്റിയില്‍ മാത്രമാണ് ഇന്ത്യയ്ക്ക് മേല്‍ക്കൈ. പിന്നെ ലോകകപ്പുകളിലും. അതുകൊണ്ടുതന്നെ മൊഹാലിയിലെ സെമിയെ ഒരു സെമിയുദ്ധം തന്നെയായാണ് ശരാശരി പാക് ആരാധകര്‍ കണ്ടത്. ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഉച്ചവരെ അവധി കൊടുത്തു. ജനങ്ങള്‍ കളി കാണാനും ആഘോഷിച്ചുതിമിര്‍ക്കാനും ഇറങ്ങിയതോടെ റോഡായ റോഡൊക്കെ വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. അതുകൊണ്ട് തന്നെ തോല്‍വി അവര്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല. മുസാഫര്‍ബാദ് പോലുള്ള സ്ഥലങ്ങളില്‍ അവര്‍ കലാപത്തിന് തിരികൊളുത്തി. രോഷം കളിക്കാര്‍ക്ക് നേരെയും തിരിഞ്ഞു. പിച്ചില്‍ സമയം പാഴാക്കിയ മിസ്ബയോടായിരുന്നു കലിയേറെയും. ഈ ഭൂതകാലവും പശ്ചാത്തലവുമൊക്കെയായി ചേര്‍ത്തു വായിച്ചെങ്കില്‍ മാത്രമേ ഇക്കഴിഞ്ഞ ടിട്വന്റി ലോകകപ്പിലെ വിജയത്തിന്റെ മൂല്യം മനസിലാവൂ. അതിനെച്ചൊല്ലിയുള്ള വാഗ്വാദങ്ങളുടെ വ്യാപ്തി തിരിച്ചറിയൂ. ഒരു കിരീടജയത്തേക്കാള്‍ മാറ്റുണ്ടതിന്.

കളി രാഷ്ട്രീയത്തിന്റെ പിച്ചിലാവുമ്പോള്‍ ഈ വൈരവും പകയുമെല്ലാം സ്വാഭാവികം. മോറേ-മിയാന്‍ദാദ് അധ്യായം മാത്രമല്ല, ക്ഷമയുടെ ബ്രാന്‍ഡ് അംബാസിഡറായ രാഹുല്‍ ദ്രാവിഡിന് വരെ ആത്മനിയന്ത്രണംവിട്ട് അക്തറിനോട് ശണ്ഠയ്ക്ക് പോകേണ്ടിവന്ന സംഭവം പോലുമുണ്ട്. അമിര്‍ സൊഹൈലിന്റെ ധാര്‍ഷ്ട്യത്തിന്റ കുറ്റിതെറിപ്പിച്ച വെങ്കിടേഷ് പ്രസാദും കാണ്‍പൂര്‍ ഗ്രീന്‍പാര്‍ക്കില്‍ പിച്ചില്‍ അഫ്രീദിയോടും ഏഷ്യാകപ്പില്‍ അക്മലിനോടും അങ്കത്തിനൊരുങ്ങിയ ഗൗതം ഗംഭീറും അവസാന ഓവറിലെ ബൗണ്‍സറിന്റെ പേരില്‍ കൊമ്പുകോര്‍ത്ത ഹര്‍ഭജനും അക്തറുമെല്ലാം പുറത്തെ വൈരത്തിന്റെ ചൂട് പിച്ചിലും അനുഭവിച്ചറിഞ്ഞവരാണ്. ഈ ഉരസലുകളെല്ലാം കളിയെ പില്‍ക്കാലത്ത് ക്ലാസിക്കുകളാക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല. പിച്ചില്‍ എതിരാളികള്‍ ശത്രുക്കളെപോലെ തോന്നുമെന്ന് കപില്‍ പറഞ്ഞെങ്കിലും ഈ വൈരത്തെ ഡ്രസ്സിങ് റൂമിന്റെ പടിക്ക് പുറത്തുനിര്‍ത്താനുള്ള നയചാതുരി കാട്ടിയിട്ടുണ്ട് ഇരു ടീമംഗങ്ങളും. പലരും തമ്മില്‍ വളരെ ഊഷ്മളമായ ബന്ധം കാത്തുപോന്നു പില്‍ക്കാലത്തും. ബൗണ്‍സര്‍ കൊണ്ട് വാരിയെല്ല് തകര്‍ന്ന സച്ചിന്റെ വീട്ടില്‍ പോയി ഉച്ചഭക്ഷണം കഴിച്ചിട്ടുണ്ട് ഷൊയിബ് അക്തര്‍. സച്ചിനുമായുള്ള വൈരത്തിന്റെ കഥകളത്രയും മാധ്യമങ്ങളുടെ സൃഷ്ടിയായിരുന്നുവെന്ന് ഏറ്റുപറയുകയും ചെയ്തു. 2005ലെ പാക് പര്യടനത്തിനിടെ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കുള്ള ഭക്ഷണം പാക് ടീമംഗങ്ങളുടെ കുടുംബാംഗങ്ങള്‍ കൊണ്ടുപോയി കൊടുത്ത കഥ ഇയ്യിടെയാണ് അഫ്രീദി വിവരിച്ചത്. പിച്ചില്‍ നിന്ന് പ്രധാനമന്ത്രിപദംവരെയെത്തിയ ഇമ്രാന്‍ ഖാനുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ഇന്നും ആക്ഷേപശരങ്ങള്‍ നേരിടേണ്ടിവരുന്നയാളാണ് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്റെ കുപ്പായമണിഞ്ഞ നവജ്യോത് സിങ് സിദ്ദു. ബംഗ്ലദേശ് യുദ്ധം നടക്കുമ്പോള്‍ ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയയും ലോക ഇലവനും തമ്മിലുള്ള ഒരു ടെസ്റ്റ് നടക്കുകയാണ്. ഇന്ത്യയില്‍ നിന്ന് ബേദിയും ഗവാസ്‌ക്കറും ഫാറൂഖ് എഞ്ചിനീയറും പാകിസ്താനില്‍ നിന്ന് സഹീര്‍ അബ്ബാസും ഇന്‍തിഖാബ് അലമും ആസിഫ് മസൂദുമുണ്ട് ഗാരി സോബേഴ്‌സ് നയിച്ച ലോക ഇലവനില്‍. അന്ന് ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ പതിവായി വന്നുകൊണ്ടിരുന്ന വിധ്വേഷം നിറഞ്ഞ എഴുത്തുകള്‍ ഇന്‍തിഖാബ് ആലം  കീറികൊട്ടയില്‍ കളഞ്ഞ കഥ വിവരിക്കുന്നുണ്ട് സണ്ണി ഡേയ്‌സ് എന്ന പുസ്തകത്തില്‍ സുനില്‍ ഗവാസ്‌ക്കര്‍. പാകിസ്താന്‍ തോല്‍ക്കുകയും ബംഗ്ലാദേശ് രൂപീകരിക്കപ്പെടുകയും ചെയ്ത ആ യുദ്ധത്തിന്റെ വെടിയൊച്ച നിലച്ചശേഷമാണ് അഞ്ച് മത്സരങ്ങളുള്ള പരമ്പര കഴിഞ്ഞ് താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തിയത്.

പക്ഷേ, വിപണിക്കും രാഷ്ട്രീയത്തിനും ക്രിക്കറ്റ് ഒരുപോലെ കച്ചവടമാകുമ്പോള്‍ സൗഹൃദത്തേക്കാള്‍ ശത്രുതയ്ക്കു തന്നെയാണ് മാര്‍ക്കറ്റ്. ഒരു ചിരവൈരി നിര്‍ബന്ധമാണവിടെ. പരസ്പരവൈരം കെടാതെകാക്കുകയും വേണം. ഫോക്ലന്‍ഡ്‌സ് യുദ്ധവും ലോകമഹായുദ്ധവും കാര്‍ഗില്‍ യുദ്ധവുമെല്ലാം അങ്ങനെ പുണ്ണില്‍കുത്തി പഴുപ്പിച്ചുകൊണ്ടിരിക്കണം. കോലി ബാബര്‍ അസമിനെ ആശ്ലേഷിക്കുന്നതിനേക്കാള്‍ വൈലാവുക ഒരുപക്ഷേ, അഫ്രീദിയോടുള്ള ദ്രാവിഡിന്റെ കണ്ണുരുട്ടലാവും. അത് ക്രിക്കറ്റിന്റെ പഴിയല്ല. എണ്‍പതുകളുടെയും തൊണ്ണൂറുകളുടെയും അവസ്ഥയില്‍ നിന്ന് ക്രിക്കറ്റ് ഏറെ മാറി. അതിന്റെ ഭാഗമായി ഇന്ത്യയും പാകിസ്താനും. സമ്പത്ത് വിധിയെഴുതുന്ന പുതിയ കാലത്ത് പുതിയൊരു സ്ഥിയുണ്ട് പാകസ്താനില്‍. ഐ.സി.സി.യിലെ സാമ്പത്തിക ശക്തിയായിമാറിയ ഇന്ത്യ വിചാരിച്ചാല്‍ തകര്‍ക്കാവുന്നതേയുള്ള പാക് ക്രിക്കറ്റ് എന്ന റമീസ് രാജയുടെ തുറന്നടിക്കല്‍ ഒരു ശരാശരി പാക് ക്രിക്കറ്റ് ആരാധകന്റെ ആശങ്കതന്നെയാണ്. ഇന്ത്യയ്ക്ക് മുന്നില്‍ പിച്ചച്ചട്ടി പിടിച്ചുനില്‍ക്കേണ്ട ഗതികേടിലാണ് പാക് ക്രിക്കറ്റ് ബോര്‍ഡെന്ന റമീസിന്റെ പരിഹാസത്തെ വലിയൊരു വിഭാഗമെങ്കിലും നിസാരമായി തള്ളിക്കളയുന്നില്ല. ഇന്ത്യയ്‌ക്കെതിരായി അവര്‍ നേടിയ ലോകകപ്പ് വിജയം വിലയേറിയതാവുന്നത് ഇവിടെയാണ്.

ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശിനെ ചൊല്ലിയുള്ള യുദ്ധത്തില്‍ ഏര്‍പ്പെട്ട കാലത്താണ് ജപ്പാനിലെ നഗോയയില്‍ ലോക ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് നടന്നത്. ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഒരു ടൂര്‍ണമെന്റ് ഇന്ന് പിങ് പോങ് നയതന്ത്രത്തിന്റെ പേരില്‍ ചരിത്രത്തിന്റെ ഭാഗമാണ്. ഈ ടൂര്‍ണമെന്റാണ് യു.എസും ചൈനയും തമ്മില്‍ അക്കാലത്ത് നിലനിന്ന ശത്രുതയുടെ മഞ്ഞുരുക്കിയത്. നഗോയയില്‍ വച്ചാണ് ചൈന യു.എസ്. ടേബിള്‍ ടെന്നിസ് ടീമിനെ നാട്ടിലേയ്ക്ക് ക്ഷണിക്കുന്നത്. അങ്ങനെ 1949നുശേഷം ആദ്യമായി അമേരിക്കക്കാര്‍ ചൈനീസ് മണ്ണില്‍കാലുകുത്തി. ഒരു വര്‍ഷത്തിനുള്ളില്‍ പ്രസിഡന്റ് നിക്‌സണ്‍ ഷാങ്ങ്കായ് സന്ദര്‍ശിച്ചു. ഇരുപത്തിയഞ്ച് കൊല്ലമായി ചൈനയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം പിന്‍വലിക്കുകയും ചെയ്തു. ഏതാണ്ട് ഇരുപത് കൊല്ലത്തിനുശേഷം ജപ്പാനിലെ തന്നെ ചിബ നഗരവും സമാനമായി മറ്റൊരു പിങ് പോങ് നയതന്ത്രത്തിന് വേദിയൊരുക്കി. അന്ന് നടന്ന ലോക ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിലാണ് ആദ്യമായി സദാ യുദ്ധമുഖത്തായ രണ്ട് കൊറിയകളും ആദ്യമായി ഒരു സംയുക്ത ടീമിനെ കളിപ്പിച്ചത്. രണ്ട് വര്‍ഷം മുന്‍പ് ദക്ഷിണ കൊറിയയിലെ പ്യോങ്ചാങ്ങില്‍ നടന്ന ശൈത്യകാല ഒളിമ്പിക്‌സില്‍ ഇരു കൊറിയകളും ഒന്നിച്ചാണ് മാര്‍ച്ച് പാസ്റ്റിന് അണിനിരന്നത്. വനിതാ ഹോക്കിയില്‍ സംയുക്തമായി ഒരൊറ്റ ടീമിനെയാണ് ഇറക്കിയതും. ഒരു പതിറ്റാണ്ടിനിടയ്ക്ക് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നടന്ന ഏറ്റവും മികച്ച നയതന്ത്രം എന്നാണ് അന്ന് ന്യൂയോര്‍ക്ക് ടൈംസ് ഇതിനെ വിശേഷിപ്പിച്ചത്. പലകുറി ആവര്‍ത്തിച്ച് പരാജയപ്പെട്ടെങ്കിലും ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് നയതന്ത്രം നിര്‍ത്തേണ്ട കാര്യമില്ല. സിദ്ധുവിന്റെ ബിഗ് ബ്രദര്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിപദം അലങ്കരിക്കുമ്പോഴല്ലെങ്കില്‍, ബാബര്‍ അസമും കോലിയും ബൂംറയും ഷമിയും അഫ്രീദിയുമെല്ലാം ഫോമില്‍ നില്‍ക്കുമ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് ഈ നയതന്ത്രം ഇനി ഫലപ്രദമായി പയറ്റുക. വാജ്‌പെയിക്ക് കഴിഞ്ഞത് തീര്‍ച്ചയായും ഗൗതം ഗംഭീറിന്റെ ബിഗ് ബ്രദര്‍ നരേന്ദ്ര മോദിക്കും കഴിയും. കളികള്‍ക്കു വേണ്ടി തുറന്നുകൊടുക്കുന്ന അതിര്‍ത്തിയിലൂടെ ഒരിക്കലും തീവ്രവാദം നുഴഞ്ഞുകയറില്ല. രോഹന്‍ ബൊപ്പണ്ണയും ഐസം അല്‍ ഹഖ് ഖുറേഷിയും എത്ര കാലം ഡബിള്‍സ് ടെന്നിസില്‍ മികച്ച ജോഡിയായി കളിച്ചു. ഇന്‍ഡോ-പാക് എക്‌സ്പ്രസ് എന്നൊരു ഓമനപ്പേരുകൂടിയുണ്ട് ആരാധകര്‍ക്കിടയില്‍ ഇവര്‍ക്ക്. ക്രിക്കറ്റിനു മാത്രമായി ഇനി അതിര്‍ത്തി അടയ്‌ക്കേണ്ടതില്ല. ഒളിമ്പിക്‌സിന്റെ കാലത്ത് രാജ്യങ്ങള്‍ ആയുധം താഴെ വെക്കുന്ന ഒരു പതിവുണ്ട്, പണ്ടുമുതല്‍തന്നെ. ക്രിക്കറ്റിലും കൊണ്ടുവരാവുന്നതാണ് എലിസ് രാജാവിന്റെ ഈ ഒളിമ്പിക് ട്രൂസ്. ചുരുങ്ങിയത് ആ സമയത്തെങ്കിലും അതിര്‍ത്തികള്‍ നിശബ്ദമാവുമല്ലോ. ബാറ്റുകള്‍ കൂടുതല്‍ വെടിയുതിര്‍ക്കട്ടെ, തോക്കുകള്‍ കുറച്ച് തീ തുപ്പട്ടെ.

Content Highlights: History of India-Pak Cricket Rivalry India-Pak War Kohli Babar Azam, Modi, Imran Khan