ശാസ്ത്രവും യുക്തിവിചാരവും മൂഢ വിശ്വാസങ്ങൾക്ക് ഭീഷണിയാണ്. കാരണം അവ യുക്തിവാദത്തെയും തുറന്ന അന്വേഷണങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ബി.ജെ.പി. ഉറപ്പിക്കാൻ കിണഞ്ഞുശ്രമിക്കുന്ന പാരമ്പര്യ വിശ്വാസങ്ങളെ പരീക്ഷിക്കുകയും ചെയ്യുന്നു. 

ഡാർവിന്റെ പരിണാമ സിദ്ധാന്തം അശാസ്ത്രീയമാണെന്ന് ഇന്ത്യയുടെ വിദ്യാഭ്യാസ സഹമന്ത്രി സത്യപാൽ സിങ് അടുത്തിടെയാണ് പ്രഖ്യാപിച്ചത്. നമ്മുടെ പൂർവികരടക്കം ആരും തന്നെ കുരങ്ങുകൾ മനുഷ്യനായി പരിണമിച്ചുവെന്ന കാര്യം എവിടെയെങ്കിലും പറയുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലായെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. എന്തായാലും അതൊരു ഞെട്ടിപ്പിക്കുന്ന പ്രസ്താവനയായിരുന്നു. ഒപ്പം തന്നെ ശാസ്ത്രത്തിനുനേരേ ഈ സർക്കാർ നടത്തി വരുന്ന ആക്രമണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണവും.

സ്വവർഗലൈംഗികത കുറ്റമാണെന്ന് കരുതി അത് ചികിത്സിച്ച് ഭേദമാക്കാനുള്ള മരുന്ന് ബാബാ രാംദേവ് വിൽക്കുന്നുണ്ട്. ചന്ദ്രഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുതെന്നാണ്  മറ്റൊരു ആധുനികകാല ഗുരു ആഹ്വാനം ചെയ്തത്.

ഭരണഘടനയനുസരിച്ച് ശാസ്ത്രബോധം, മാനവികത, അന്വേഷിച്ചുകണ്ടെത്താനുള്ള ത്വര, സാമൂഹിക പരിഷ്കരണം എന്നിവയുടെ വികസനം ഓരോ പൗരന്മാരുടെയും കർത്തവ്യമാണ്. രാജ്യത്തിന്റെ ഉത്തരവാദിത്വവും. മനുഷ്യനിൽ അസഹിഷ്ണുതയും അന്ധവിശ്വാസവും വൈകാരികതയും യുക്തിഹീനതയും നിറച്ച് അവനെ സ്വാതന്ത്ര്യമില്ലാത്തവനും മറ്റൊന്നിനു വിധേയനുമാക്കി മതം മാറ്റിയെടുക്കുമ്പോൾ ശാസ്ത്രബോധം സ്വതന്ത്ര്യബോധമുള്ള മനുഷ്യനെ സൃഷ്ടിക്കുന്നുവെന്ന് ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു പറഞ്ഞിട്ടുണ്ട്. 

മയിലിന്റെ കണ്ണീരും പശുവിന്റെ ഉച്ഛ്വാസവും
ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാപാർട്ടിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ സർക്കാരിനെ സംബന്ധിച്ച് ഇത്തരം ആശയങ്ങളൊന്നും പുതുമയല്ല. അവരുടെ നേതാക്കളും അനുയായികളും ആവശ്യപ്പെടുന്നത് പരിണാമസിദ്ധാന്തമെന്നാൽ മറ്റൊരു സങ്കല്പം മാത്രമാണെന്ന് സ്കൂൾകുട്ടികളെ പഠിപ്പിക്കണമെന്നാണ്. പരിണാമ സിദ്ധാന്തത്തെ സ്കൂൾ പാഠ്യപദ്ധതിയിൽ നിന്ന് പൂർണമായും മാറ്റിനിർത്തുകയെന്നതാണ് അവരുടെ ലക്ഷ്യം.
അവർ ലക്ഷ്യമിട്ടത് ഡാർവിനെ മാത്രമല്ല. ഈ വർഷമാദ്യം ബി.ജെ.പി. യുടെ മറ്റൊരു മുൻനിര നേതാവും രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രിയുമായ വാസുദേവ് ദേവ്‌നാനിയും പുതിയൊരു പ്രസ്താവന നടത്തിയിരുന്നു. ഓക്സിജൻ പുറത്തേക്ക് വിടുന്ന ഒരേയൊരു മൃഗമാണ് പശുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 

മയിൽ നിത്യബ്രഹ്മചാരിയാണെന്നും ആൺമയിലിന്റെ കണ്ണുനീർ കുടിച്ചാണ് പെൺമയിൽ ഗർഭം ധരിക്കുന്നതെന്നുമാണ് അദ്ദേഹം ഒരഭിമുഖത്തിൽ പറഞ്ഞത്.

പശുവിനോടുള്ള ആരാധന ബി.ജെ.പി.യെയും ഗോ സംരക്ഷണത്തിന്റെ പേരിൽ മനുഷ്യനെ ഹിംസിക്കുന്ന അവരുടെ അണികളെയും സംബന്ധിച്ച് ഒഴിവാക്കാനാകാത്തതാണ്. എന്നാൽ ദേവ്‌നാനിയുടെ വാദം സാധാരണ ബി.ജെ.പി.അണികൾക്ക് പോലും അംഗീകരിക്കാനാവുന്നതല്ല. സത്യപാൽ സിങ്ങും ദേവ്‌നാനിയും വിദ്യാഭ്യാസമുള്ളവരാണ്. രസതന്ത്രത്തിൽ ബിരുദമുള്ളയാളാണ് സിങ്, ദേവ്‌നാനിയാകട്ടെ അനുഭവസമ്പത്തുള്ള എൻജിനീയറും. എന്നാൽ ഈ അറിവില്ലായ്മയെ നിരുത്സാഹപ്പെടുത്താൻ നേതൃത്വപാടവമോ അവരുടെ വിദ്യാഭ്യാസമോ ഉതകുന്നില്ല എന്നതാണ് വാസ്തവം. ഇതേ കാര്യം തന്നെയാണ് രാജസ്ഥാൻ ഹൈക്കോടതിയിലെ മുൻ ജസ്റ്റിസും ശാസ്ത്രബിരുദധാരിയുമായ മഹേഷ് ചന്ദ്രശർമയും ചെയ്തത്. ഇന്ത്യയുടെ ദേശീയപക്ഷിയായ മയിൽ നിത്യബ്രഹ്മചാരിയാണെന്നും ആൺമയിലിന്റെ കണ്ണുനീർ കുടിച്ചാണ് പെൺമയിൽ ഗർഭം ധരിക്കുന്നതെന്നുമാണ് അദ്ദേഹം ഒരഭിമുഖത്തിൽ പറഞ്ഞത്. മയിൽ ബ്രഹ്മചാരിയാണെന്നതിന്റെ തെളിവാണ് ഭഗവാൻ ശ്രീകൃഷ്ണൻ മയിൽപ്പീലി ചൂടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പാരമ്പര്യവാദങ്ങൾ
പ്രധാനമന്ത്രി നരേന്ദ്രമോദി പോലും ശാസ്ത്രത്തെ ആക്രമിക്കാൻ തുനിഞ്ഞിട്ടുണ്ട്. സാങ്കേതികകാര്യങ്ങളിൽ സാമാന്യബോധമുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ നേതാവായാണ് മോദി ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ 2014-ൽ മുംബൈയിലെ ഒരു ആസ്പത്രിയുടെ ഉദ്ഘാടനച്ചടങ്ങിൽ പ്ലാസ്റ്റിക് സർജറി ആദ്യം നടന്നത് ആനയുടെ മുഖമുള്ള ഗണപതിയിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. അന്നത്തെ ആളുകൾ ജനിതകശാസ്ത്രത്തെക്കുറിച്ച് അറിവുള്ളവരായിരുന്നുവെന്ന് ഇതിഹാസമായ മഹാഭാരതം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി അവകാശപ്പെടുകയും ചെയ്തു. ഏറ്റവും ചെറിയ ആനക്കുട്ടിയുടെ തലപോലും പാവം മനുഷ്യന്റെ കഴുത്തിൽ യോജിക്കില്ലെന്ന് ചിന്തിക്കാൻ പോലും പ്രധാനമന്ത്രിക്കായില്ല. പ്ലാസ്റ്റിക് സർജറിയിൽ ഇന്ത്യ ഏറെ മുൻപിലെത്തിയിട്ടുമാണ് ഇത്തരമൊരു പരാമർശമെന്നതാണ് ഇതിലെ വൈരുധ്യം. 

ശാസ്ത്രവും യുക്തിവിചാരവും ഇത്തരം വിശ്വാസങ്ങൾക്ക് ഭീഷണിയാണ്. കാരണം അവ യുക്തി വാദത്തെയും തുറന്ന അന്വേഷണങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ബി.ജെ.പി. ഉറപ്പിക്കാൻ കിണഞ്ഞുശ്രമിക്കുന്ന പാരമ്പര്യ വിശ്വാസങ്ങളെ പരീക്ഷിക്കുകയും ചെയ്യുന്നതാണ്. 

ആദ്യത്തെ അറിയപ്പെടുന്ന ശസ്ത്രക്രിയാവിദഗ്ധൻ സുശ്രുതനെ ലോകത്തിന് നൽകിയതും ഒന്നാം നൂറ്റാണ്ടിൽ നിർമിച്ചതുൾപ്പെടെയുള്ള ഏറ്റവും പഴയ ശസ്ത്രക്രിയാ ഉപകരണങ്ങൾ പുരാവസ്തുഗവേഷകർ കണ്ടെടുത്തതുമായ രാജ്യമാണ് നമ്മുടേത്. മൂക്കിൽ നടത്തുന്ന പ്ലാസ്റ്റിക് സർജറിയായ റൈനോപ്ലാസ്റ്റിയെക്കുറിച്ചുള്ള പുരാതന എഴുത്തുകളും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഈ ചരിത്രത്തെളിവുകളെക്കാൾ അവർ ശാസ്ത്രമായി ചൂണ്ടിക്കാട്ടുന്നത് ഐതിഹ്യങ്ങളാണ്. ആദരിക്കപ്പെടേണ്ട കണ്ടെത്തലുകൾ നടത്തിയവരോട് ചെയ്യുന്ന ഗുരുതരമായ അന്യായം കൂടിയാണിത്. 

രാഷ്ട്രീയക്കാർ മാത്രമല്ല ഇന്ത്യയിൽ ബി.ജെ.പി.യുടെ ഹിന്ദുത്വ ആശയം പ്രചരിപ്പിക്കുന്ന കപടശാസ്ത്രജ്ഞരാകുന്നത്. യോഗാചാര്യനും ആയുർവേദ വ്യവസായിയുമായ ബാബാ രാംദേവ് ഉൾപ്പെടെയുള്ള മോദി ഭക്തരും ഇതിലുൾപ്പെടും. സ്വവർഗലൈംഗികത കുറ്റമാണെന്ന് കരുതി അത് ചികിത്സിച്ച് ഭേദമാക്കാനുള്ള മരുന്ന് ബാബാ രാംദേവ് വിൽക്കുന്നുണ്ട്. ചന്ദ്രഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുതെന്നാണ്  മറ്റൊരു ആധുനികകാല ഗുരു ആഹ്വാനം ചെയ്തത്. ചന്ദ്രഗ്രഹണ സമയത്ത് ഭക്ഷണം വിഷമായി മാറുന്നുവെന്നായിരുന്നു കണ്ടെത്തൽ. ആ സമയത്ത് നിങ്ങളുടെ ശരീരത്തിൽ ഭക്ഷണമെത്തിയാൽ രണ്ട് മണിക്കൂറിനുള്ളിൽ നിങ്ങളിലെ ഊർജം 28 ദിവസം പഴക്കമുള്ളതായിത്തീരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ജെറ്റ് വിമാനം മുതൽ ആണവായുധങ്ങൾ വരെയുള്ള ശാസ്ത്ര കണ്ടുപിടിത്തങ്ങളും നേട്ടങ്ങളും വേദകാലത്ത് തന്നെ ഇന്ത്യയിൽ നിർമിച്ചിരുന്നുവെന്ന് ഔദ്യോഗിക തലത്തിലുള്ള മറ്റുചിലരും പറഞ്ഞു. പുരാതന ഇന്ത്യയിൽ എല്ലാത്തിനുമുള്ള ഉത്തരമുണ്ടായിരുന്നുവെന്ന സന്ദേശമാണ് ഇവർ മുന്നോട്ടുവെക്കുന്നത്. ആധുനികകാലത്തെ ആശയങ്ങൾക്കും ജീവിതരീതികൾക്കും മുകളിലായിരിക്കണം ഇത്തരത്തിലുള്ള പാരമ്പര്യ തദ്ദേശീയ വിശ്വാസങ്ങളും ആചാരങ്ങളും എന്ന് സ്ഥാപിക്കാനുള്ള ശ്രമവും.

ഹിന്ദുത്വ പദ്ധതി

ഇത്തരം വിശ്വാസങ്ങളെ മഹത്ത്വവത്കരിക്കുന്നത് വിശ്വാസത്തിലധിഷ്ഠിതമായ സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗമായി ഹിന്ദുത്വ പദ്ധതിയുയർത്തിപ്പിടിക്കുന്ന ബി.ജെ.പി.യും സഖ്യകക്ഷികളും കരുതിപ്പോരുന്നു. അവരെ സംബന്ധിച്ചിടത്തോളം മതമെന്നത് വ്യക്തിപരമായ വിശ്വാസമല്ല മറിച്ച് പാരമ്പര്യ രാഷ്ട്രീയത്തിന്റെ പ്രധാന സവിശേഷതയും സാമൂഹിക നിയന്ത്രണം കൈവരിക്കാനുള്ള ഉപാധിയുമാണ്. 

ശാസ്ത്രവും യുക്തിവിചാരവും ഇത്തരം വിശ്വാസങ്ങൾക്ക് ഭീഷണിയാണ്. കാരണം അവ യുക്തിവാദത്തെയും തുറന്ന അന്വേഷണങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ബി.ജെ.പി. ഉറപ്പിക്കാൻ കിണഞ്ഞുശ്രമിക്കുന്ന പാരമ്പര്യ വിശ്വാസങ്ങളെ പരീക്ഷിക്കുകയും ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെയാണ് മതേതര ഇന്ത്യയെ ഹിന്ദുരാജ്യമാക്കി മാറ്റിയെടുക്കാൻ ബി.ജെ.പി. ശ്രമിച്ചുകൊണ്ടിരിക്കുന്നതും. അതിന് ശാസ്ത്രത്തിന്റെ പങ്കിനെ ക്ഷീണിപ്പിച്ചേ മതിയാകൂ.

ഈ പ്രവണത സൂചിപ്പിക്കുന്ന ദുരന്തത്തെ അതിയായി വർണിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. വിജ്ഞാന വ്യാപനത്തെ തടയുന്നതും പാരമ്പര്യ വാദങ്ങളെ മടക്കിക്കൊണ്ടുവരുന്നതുമായ രാജ്യത്ത് പുരാതനയുഗത്തിൽ ഇന്ത്യയെ ശാസ്ത്രരംഗത്തെ അത്യുന്നതശക്തിയാക്കി മാറ്റിയവരെന്ന ഖ്യാതിയാണ് ബി.ജെ.പി. ആഗ്രഹിക്കുന്നത്. നമ്മളെ കരയിക്കാൻ ഇക്കാര്യം മാത്രം മതിയാകും. പക്ഷേ, ചുറ്റിലും പെൺമയിലുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മാത്രം.