'അർബുദ ചികിത്സയിലൂടെ കടന്നുപോകുന്ന ഒരാള്‍ മുന്നിലുളള ഓരോ ദിവസത്തെയും അതീവശ്രദ്ധയോടെയാണ് നോക്കിക്കാണുക. ഭാവിയെക്കുറിച്ചുളള പ്രതീക്ഷകള്‍ അവരുടെ സങ്കല്പത്തില്‍ പോലും ഉണ്ടാകില്ല. എന്നാല്‍, ഈ ബഹിരാകാശ യാത്ര തങ്ങളുടെ ഭാവിയെക്കുറിച്ച് സങ്കല്പിക്കാന്‍ അർബുദ രോഗികള്‍ക്ക് പ്രചോദനമേകും.' 

ബഹിരാകാശ യാത്രയില്‍ പുതുചരിത്രം രചിച്ച സ്‌പേസ്എക്‌സിന്റെ ഇന്‍സ്പിരേഷന്‍ 4 എന്ന ദൗത്യത്തില്‍ ഭാഗമാണെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിറകേ ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹാലി ആര്‍സെനോക്‌സ് പറഞ്ഞ വാക്കുകളാണ് ഇത്. ദൗത്യത്തില്‍ ഹാലി പ്രതിനിധീകരിക്കുന്നത് പ്രതീക്ഷയെന്ന മൂല്യത്തെയാണ്, ഒപ്പം കാന്‍സര്‍ രോഗികളെയും അതിജീവിതരെയും. 

കാന്‍സര്‍ അതിജീവിതയായ ആദ്യ ബഹിരാകാശ യാത്രിക, കൃത്രിമ ശരീരഭാഗവുമായി ബഹിരാകാശയാത്ര നടത്തിയ ആദ്യ വ്യക്തി, ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കന്‍ ബഹിരാകാശ യാത്രിക... ഹാലി ആര്‍സെനോക്‌സിന്റെ പേരിനൊപ്പം ഇനി ചേര്‍ത്തു വായിക്കപ്പെടാന്‍ പോകുന്ന വിശേഷണങ്ങളാണിതെല്ലാം. 

സാധാരണക്കാരെ മാത്രം വഹിച്ചുകൊണ്ടുളള ബഹിരാകാശ യാത്രയില്‍ പങ്കെടുക്കാന്‍ താല്പര്യമുണ്ടോയെന്ന് ചോദിച്ചുകൊണ്ട് ജനുവരിയിലാണ് ഇരുപത്തിയൊമ്പതുകാരിയായ ഹാലിക്ക് ഫോണ്‍ കോള്‍ ലഭിക്കുന്നത്. പ്രതീക്ഷിക്കാതെയുളള ഈ ചോദ്യം ഹാലിയെ അല്പം അമ്പരിപ്പിച്ചു. 'യെസ്, യെസ് പ്ലീസ്...' എന്നായിരുന്നു ഹാലിയുടെ മറുപടി. ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരേയ്ക്കും വിവരം രഹസ്യമാക്കി വെക്കണമെന്ന നിര്‍ദേശവും ഹാലിക്ക് ലഭിച്ചു. പിന്നീട് ഹാലി ജോലി ചെയ്യുന്ന സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് റിസേര്‍ച്ച് ഹോസ്പിറ്റല്‍ അധികൃതര്‍ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 

അമേരിക്കന്‍ കോടീശ്വരനും ബിസിനസ്സുകാരനും പൈലറ്റും അമച്വര്‍ ആസ്‌ട്രൊനോട്ടുമായ ജാറെദ് ഐസക് മാനിന്റെ വാത്സല്യപദ്ധതിയാണ് ഇന്‍സ്പിരേഷന്‍ 4. സെന്റ് ജൂഡ് ആശുപത്രിക്ക് വേണ്ടി 200 മില്യണ്‍ ഡോളര്‍ ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്‍ പകുതിയോളം തുക ജാറെദ് തന്നെ സംഭാവന ചെയ്യും.

പിന്നെയുളളത് ബഹിരാകാശ യാത്രാസംഘം തിരിച്ചെത്തുമ്പോള്‍ അവര്‍ യാത്രക്ക് കൊണ്ടുപോയ സാധനങ്ങള്‍ ലേലത്തില്‍ വിറ്റ് പണം സമാഹരിക്കുകയാണ് ലക്ഷ്യം. ബഹിരാകാശ യാത്രികര്‍ക്കായുളള നാലു സീറ്റുകളില്‍ ഒന്ന് സെന്റ് ജൂഡ് ആശുപത്രിയിലെ ജീവനക്കാരിലൊരാള്‍ക്ക് തന്നെ നല്‍കാനും നേരത്തേ തീരുമാനിച്ചിരുന്നു. സമൃദ്ധി, നേതൃത്വം, ഉദാരത, പ്രതീക്ഷ എന്നീ മൂല്യങ്ങളെ പ്രതിനിധീകരിച്ചാണ് നാലു യാത്രികര്‍ ബഹിരാകാശത്ത് എത്തുന്നത്. ഇതില്‍ പ്രതീക്ഷയെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് ഹാലി. 

SPACE X

'പദ്ധതിയുടെ തുടക്കത്തില്‍ തന്നെ ദൗത്യത്തിന്റെ ആത്മാവായ പ്രതീക്ഷയെ പ്രതിനിധീകരിച്ചുകൊണ്ട് ഒരാള്‍ ഉണ്ടാകണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. ആ ഉത്തരവാദിത്വം ഹാലിയേക്കാള്‍ മനോഹരമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന മറ്റൊരാളില്ലെന്നാണ് ഞാന്‍ കരുതുന്നത്.' ഐസക് മാന്‍ പറയുന്നു. യാത്രികരില്‍ ആദ്യം പ്രഖ്യാപിച്ച പേര് ഹാലിയുടേതായിരുന്നു.

പത്തു വയസ്സുളള കാന്‍സര്‍ രോഗിയായാണ് സെന്റ് ജൂഡ് ആശുപത്രിയില്‍ ഹാലി ആദ്യമെത്തുന്നത്. കാന്‍സര്‍ ബാധിച്ച തുടയെല്ല് മാറ്റി കൃത്രിമമായി വെച്ചുപിടിപ്പിച്ചു. കീമോ തെറാപ്പിക്കും ശസ്ത്രക്രിയയ്ക്കും ഒടുവില്‍ രോഗമുക്തി നേടി ആശുപത്രി വിടുമ്പോള്‍ അവള്‍ മനസ്സില്‍ ഒന്നു തീരുമാനിച്ചിരുന്നു ആശുപത്രിയിലേക്ക് താന്‍ മടങ്ങിവരും, രോഗിയായല്ല രോഗികള്‍ക്ക് ആശ്വാസം പകരുന്നവളായി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സെന്റ് ജൂഡ് ആശുപത്രിയില്‍ ഫിസീഷ്യന്‍ അസിസ്റ്റന്റായി അവള്‍ ജോലിയില്‍ പ്രവേശിച്ചു. രോഗബാധിതരായ കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ കൗണ്‍സിലിങ്ങും ഹാലി നല്‍കാറുണ്ട്. 

'എനിക്ക് കാന്‍സറാണെന്ന് രോഗനിര്‍ണയം നടത്തുന്നതിന് കുറച്ചു നാള്‍ മുമ്പ് ഞങ്ങള്‍ നാസയില്‍ പോയിരുന്നു. ബഹിരാകാശ യാത്രികര്‍ പരിശീലനം നടത്തുന്നതെല്ലാം ഞങ്ങള്‍ കണ്ടിരുന്നു. എല്ലാ കുട്ടികളും കൗതുകത്തോടെയാണ് അത് വീക്ഷിച്ചത്. എല്ലാവരും ബഹിരാകാശ യാത്രികരാകണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു.' ഹാലി പറയുന്നു. എന്നാല്‍ കാന്‍സര്‍ ബാധിതയായതോടെ ആ സ്വപ്‌നങ്ങളെല്ലാം അവസാനിച്ചെന്നും ഹാലി പറയുന്നു. 

'എന്റെ കാല്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവര്‍ എന്റെ കാലില്‍ ഇരുമ്പുദണ്ഡ് പിടിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ ഒരിക്കല്‍പോലും ബഹിരാകാശ യാത്ര ഞാന്‍ സ്വപ്‌നം കണ്ടിരുന്നില്ല.' 

കഴിഞ്ഞ ആറു മാസമായി കുട്ടിക്കാലത്ത് താന്‍ കണ്ട ബഹിരാകാശ യാത്രികര്‍ക്കുളള പരിശീലനത്തിലൂടെ ഹാലിയും കടന്നുപോയി. അവളുടെ കാലിലുളള അതേ ഇരുമ്പുദണ്ഡ് കൃത്രിമശരീര ഭാഗമായി ബഹിരാകാശത്തെത്തുന്ന ആദ്യ യാത്രികയായി ഹാലിയെ രേഖപ്പെടുത്തുക കൂടിയാണ്. 

'ഞാന്‍ ഒരു വഴി തുറന്നുകൊടുക്കുകയാണ് എനിക്ക് പിന്നിലുളളവര്‍ക്കായി. എനിക്ക് ശേഷം വരാന്‍ പോകുന്ന ആളുകളെ കുറിച്ചോര്‍ത്ത് ഞാന്‍ വളരെയധികം ആവേശത്തിലാണ്. ബഹിരാകാശ യാത്ര ഇതോടെ എല്ലാവര്‍ക്കുമായി തുറക്കപ്പെടുകയാണ്. ഇത് ചരിത്രത്തിലേക്കുളള ആദ്യപടിയാണ്. ഈ ദൗത്യം ആളുകളെ പല രീതിയില്‍ പ്രചോദിപ്പിക്കും. എന്തും സംഭവ്യമാണെന്ന് ആളുകള്‍ക്ക് ബോധ്യപ്പെടും.' ഹാലി പറയുന്നു. 

​Hayley Arceneaux​

ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടേയാണ് ഫ്‌ളോറിഡയിലുള്ള നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് ഫാല്‍ക്കണ്‍- 9 റോക്കറ്റില്‍ നാലംഗസംഘം ബഹിരാകാശത്തേക്ക് കുതിച്ചത്.

ഹാലിക്കു പുറമേ യു.എസ്. സാമ്പത്തികസേവന സ്ഥാപനമായ ഷിഫ്റ്റ് 4 പേമെന്റ്‌സ് സ്ഥാപകന്‍ ജാരെഡ് ഐസക് മാന്‍, സിയാന്‍ പ്രോക്ടര്‍, ക്രിസ് സെബ്രോസ്‌കി എന്നിവരാണ് സംഘത്തിലുള്ളത്. മറ്റു മൂന്നു പേരുടെയും ചെലവു വഹിക്കുന്നത് ഐസക് മാനാണ്. ഇവര്‍ക്കാര്‍ക്കും ദീര്‍ഘകാലത്തെ ബഹിരാകാശ പരിശീലനം ലഭിച്ചിരുന്നില്ല. ആറു മാസം മുമ്പാണ് യാത്രക്കാരെ തിരഞ്ഞെടുത്തത്. 

ക്രൂ ഡ്രാഗണ്‍ വാഹനത്തില്‍ ഭൂമിയെ വലംവെക്കുന്ന സംഘം മൂന്നുദിവസത്തിനുശേഷം തിരിച്ച് ഫ്‌ളോറിഡ തീരത്തോടുചേര്‍ന്ന് കടലില്‍ ലാന്‍ഡ് ചെയ്യും. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ ബഹിരാകാശ വിനോദസഞ്ചാരത്തിന്റെ ഭാഗമായുള്ള ആദ്യത്തെ യാത്രയാണിത്.

Content Highlights: Hayley Arceneaux: Cancer survivor  who joins first all-civilian space mission