ടുവില്‍ യു.എസ്. നയതന്ത്ര ഉദ്യോഗസ്ഥരില്‍ പലപ്പോഴായി സ്ഥിരീകരിച്ച ഹവാന സിന്‍ഡ്രോം എന്ന അജ്ഞാത രോഗത്തിന്റെ ലക്ഷണങ്ങള്‍ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എ. ഡയറക്ടര്‍ വില്യം ബേണ്‍സിനൊപ്പം ഈ മാസം ഇന്ത്യയിലെത്തിയ സംഘത്തിലെ ഉദ്യോഗസ്ഥനാണ് രോഗലക്ഷണങ്ങള്‍ സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്‌നാം യാത്രയുമായി ബന്ധപ്പെട്ടാണ് ഹവാന സിന്‍ഡ്രോം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത്. വിയറ്റ്‌നാമിലെ എംബസി ഉദ്യോഗസ്ഥര്‍ക്ക് ഹവാന സിന്‍ഡ്രോം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കമലയുടെ വിയറ്റ്‌നാം യാത്ര മൂന്നുമണിക്കൂറോളം നീട്ടിയിരുന്നു. 

തുടക്കം ക്യൂബയില്‍

2016-ലാണ് ഹവാന സിന്‍ഡ്രോം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ യുഎസ് നയതന്ത്രപ്രതിനിധികള്‍ക്കായിരുന്നു അസുഖം ആദ്യം സ്ഥിരീകരിക്കുന്നത്. അസ്വഭാവികമായ ശാരീരിക വിഷമതകള്‍ അനുഭവപ്പെടുക, വിചിത്രശബ്ദങ്ങള്‍ കേള്‍ക്കുക തുടങ്ങിയവയായിരുന്നു രോഗലക്ഷണങ്ങള്‍. എന്നാല്‍ തങ്ങള്‍ക്ക് ഈ അസുഖത്തെ കുറിച്ച് യാതൊരു അറിവുമുല്ലെന്നായിരുന്നു ക്യൂബയുടെ നിലപാട്. പതിറ്റാണ്ടുകളോളം നീണ്ടുനിന്ന അസ്വാരസ്യങ്ങള്‍ക്കൊടുവില്‍ 2015-ലാണ് യുഎസും ക്യൂബയും തമ്മിലുളള നയതന്ത്രബന്ധം മെച്ചപ്പെടുന്നത്. എന്നാല്‍ രണ്ടുവര്‍ഷങ്ങള്‍ക്കുളളില്‍ ഉദ്യോഗസ്ഥരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകളെ തുടര്‍ന്ന് യുഎസ് എംബസി തന്നെ അടച്ചു. പിന്നീട് ചൈനയിലും വാഷിങ്ടണിലുമുളള യുഎസ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമാനമായ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

എന്താണ് ഹവാന സിന്‍ഡ്രോം?

ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുകൊണ്ടുതന്നെ ഈ അസുഖത്തിന് ഹവാന സിന്‍ഡ്രോം എന്ന് പേരുലഭിച്ചു. പെട്ടെന്നുള്ള തലകറക്കം ആശയക്കുഴപ്പം, ഓക്കാനം, ഓര്‍മക്കുറവ്, ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന തലവേദന, കേള്‍വിക്കുറവ്, ശാരീരിക പ്രശ്‌നങ്ങള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗലക്ഷണം പ്രകടിപ്പിച്ച ചിലരുടെ തലച്ചോറിന് പ്രശ്‌നങ്ങളുണ്ടായി. ദീര്‍ഘകാല പ്രശ്‌നങ്ങളെത്തുടര്‍ന്ന് ജോലിയില്‍ ശ്രദ്ധിക്കാനാവാത്ത ഏതാനും ഉദ്യോഗസ്ഥര്‍ സ്വയം വിരമിച്ചിട്ടുമുണ്ട്. ഇതുവരെ യു.എസ്. ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 200-ഓളം പേര്‍ക്കാണ് ഹവാന സിന്‍ഡ്രോം സ്ഥിരീകരിച്ചിട്ടുള്ളത്. 2016-ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹവാന സിന്‍ഡ്രോമിന് പിന്നിലെ യഥാര്‍ഥ കാരണങ്ങള്‍ സംബന്ധിച്ച് നിരവധി നിഗമനങ്ങളില്‍ വിദഗ്ധര്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെങ്കിലും കൃത്യമായ ഒരു വിശദീകരണം നല്‍കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. 

യുഎസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുളള രഹസ്യാക്രമണമോ? 

വിദേശദൗത്യവുമായി ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള യുഎസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള സോണിക് വെപണ്‍ ഉപയോഗിച്ചുകൊണ്ടുളള രഹസ്യാക്രമണമെന്ന നിഗമനവും ഹവാന സിന്‍ഡ്രോമുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. റഷ്യക്കെതിരെയുള്ള രഹസ്യനീക്കങ്ങള്‍ക്കായി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന നയതന്ത്രഉദ്യോഗസ്ഥരില്‍ പലര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ റഷ്യന്‍ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് സംശയം ശക്തമായി. അമേരിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധത്തിലെ പാളിച്ചകളും അന്വേഷണത്തിനിടയ്ക്ക് ഉയര്‍ന്നതോടെ ക്യൂബയും ചൈനയും അമേരിക്കയുടെ സംശയവലയത്തിനുള്ളിലായി. വ്യക്തമായി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് യുഎസ് ഉദ്യോഗസ്ഥര്‍ക്ക് നേര്‍ക്കുള്ള ഈ 'രഹസ്യാക്രമണ'മെന്നാണ് ഈ പ്രതിഭാസത്തെക്കുറിച്ച് അമേരിക്ക തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.  2017ല്‍ യുഎസ് പ്രസിഡന്റ് ആയിരുന്ന ട്രംപ് ആരോപിച്ചത് യുഎസ് ഉദ്യോസ്ഥര്‍ക്കെതിരേ ക്യൂബയും റഷ്യയും ചേര്‍ന്ന് അജ്ഞാത ആക്രമണം നടത്തിയെന്നാണ്.

Havana Syndrome

കാരണം ഉത്കണ്ഠ?

വിദേശ ദൗത്യങ്ങളുടെ ഭാഗമായുളള പിരിമുറുക്കം നിറഞ്ഞ സാഹചര്യങ്ങളാണ് യുഎസ് നയന്ത്ര പ്രതിനിധികള്‍ക്ക് അനുഭവപ്പെട്ട ഈ വിചിത്ര രോഗലക്ഷണങ്ങള്‍ക്ക് പിറകിലെന്നാണ് ഒരു നിഗമനം. മാസ് സൈക്കോജെനിക്(മനഃക്ലേശവുമായി ബന്ധപ്പെട്ട)എന്നാണ് യുസിഎല്‍എയിലെ ന്യൂറോളജി പ്രൊഫസറായ റോബര്‍ട്ട് ഡബ്ല്യു.ബാലോഹ് ഈ അവസ്ഥയെ വിശേഷിപ്പിച്ചത്. മോശമായ ഭക്ഷണം കഴിച്ചതിനുശേഷം ആളുകള്‍ അസുഖബാധിതരാകുന്നതിന് സമാനമായ സാഹചര്യമാണ് ഇക്കാര്യത്തിലുമെന്ന് ബാലോഹ് പറയുന്നു. 

'മാസ് സൈക്കോജെനിക് അസുഖങ്ങള്‍ വിലയിരുത്തുമ്പോള്‍ അതിന് പിറകില്‍ അന്തര്‍ലീനമായി കിടക്കുന്ന പിരിമുറുക്കം നിറഞ്ഞ ചില സാഹര്യങ്ങള്‍ നമുക്ക് കാണാനാകും. ക്യൂബയിലെ കേസ് എടുക്കുകയാണെങ്കില്‍ എംബസി ഉദ്യോഗസ്ഥര്‍, പ്രത്യേകിച്ച് ആദ്യം രോഗം ബാധിച്ച സി.ഐ.എ ഏജന്റുകള്‍, അത്യധികം ക്ലേശകരമായ സാഹചര്യത്തിലുളളവരായിരുന്നു.'  ബാലോഹിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതോടെ യുഎസ് എംബസിയിലെ ഉദ്യോഗസ്ഥര്‍ ഭയചകിതരായെന്നും മറവി, തലചുറ്റല്‍ പോലെ സാധാരണ അനുഭവപ്പെടുന്ന അസ്വാസ്ഥ്യങ്ങള്‍ പോലും ഹവാന സിന്‍ഡ്രോമുമായി കൂട്ടി വായിക്കുകയായിരുന്നുവെന്നും ബാലോഹ് പറയുന്നു. 

ശാസ്ത്രീയ പഠനങ്ങള്‍ മുന്നോട്ടുവെക്കുന്നത് 

2020ല്‍ പുറത്തുവന്ന നാഷണല്‍ അക്കാദമീസ് ഓഫ് സയന്‍സസ് പഠനങ്ങള്‍ പറയുന്നത് സൂക്ഷ്മതരംഗങ്ങളുടെ പ്രയോഗമാണ് ഹവാന സിന്‍ഡ്രോമിന്റെ വിശ്വസനീയമായ കാരണം എന്നാണ്. അതായത് വെദ്യുതകാന്ത തരംഗങ്ങള്‍ പ്രത്യേക ആവൃത്തിയില്‍ പ്രയോഗിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍. അമേരിക്കയിലെ വിവിധ വകുപ്പുകളില്‍ ഉള്‍പ്പെടുന്ന  19 വിദഗ്ധരടങ്ങിയ ഗവേഷണസംഘമാണ് ഹവാന സിന്‍ഡ്രോമിനെ കുറിച്ച് ഇത്തരം ഒരു കണ്ടെത്തല്‍ നടത്തിയത്. ഹവാന സിന്‍ഡ്രോം ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച നാല്‍പതോളം യുഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയായിരുന്നു പഠനം. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുണ്ടായ മാനസിക-ശാരീരിക പ്രതിഭാസത്തിന് മറ്റു ചില കാരണങ്ങളും ഉണ്ടായേക്കാമെങ്കിലും പ്രാഥമികകാരണം സൂക്ഷ്മതരംഗങ്ങളാണെന്നാണ് ഗവേഷകര്‍ പറയുന്നത്. 

ബോധപൂര്‍വം ഉണ്ടാക്കിയെടുക്കാവുന്ന മാനസിക-ശാരീരിക അവസ്ഥയാണ് ഹവാന സിന്‍ഡ്രോം. വേദന, മുഴക്കമുള്ള ശബ്ദം തുടങ്ങിയവ ആളുകള്‍ക്ക് അനുഭവപ്പെട്ടത് ചില പ്രത്യേക സ്ഥലത്ത് വെച്ചോ മുറിയില്‍ വെച്ചോ ആണ്. മൊബൈല്‍ ഫോണ്‍ പോലുള്ള പൊതുവായ എനര്‍ജി സ്രോതസ്സുകളല്ല ഈ പ്രത്യേകതരം അനുഭവത്തിന്റെ പിന്നിലുണ്ടായതെന്നും നാഷണല്‍ അക്കാദമീസ് ഓഫ് സയന്‍സസ് പഠനങ്ങള്‍ പറയുന്നു. എന്നിരുന്നാലും ഇത്തരം പ്രശ്നങ്ങള്‍ അനുഭവപ്പെടാനുള്ള മറ്റ് സാധ്യതകളും പഠനം തള്ളിക്കളയുന്നില്ല. 

ദി ജേണല്‍ ഓഫ് ദി അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച പഠനവും പറയുന്നത് ലേസര്‍, മൈക്രോവേവ്, ബീംസ് പോലുള്ള ഊര്‍ജതരംഗങ്ങളുടെ സ്വാധീനം മൂലമുണ്ടായ പ്രശ്നങ്ങളാവാം യുഎസ് ഉദ്യോഗസ്ഥര്‍ക്ക് അനുഭവപ്പെട്ടത് എന്നാണ്. ശക്തിയേറിയ ഊര്‍ജ തരംഗങ്ങളുടെ ഉപയോഗത്തെ ഡയറക്ട് എനര്‍ജി വെപ്പണ്‍സ് എന്നാണ് പൊതുവേ പറയുന്നത്. ഉദ്യോഗസ്ഥര്‍ക്ക് അനുഭവപ്പെട്ട ശാരീരിക പ്രതിഭാസം അഥവാ ഹവാന സിന്‍ഡ്രോമിനെ ഡയറക്ട് എനര്‍ജി സ്വാധീനം എന്നാണ് വിശേഷിപ്പിക്കുന്നത്. 

അമേരിക്കയുടെ പ്രതികരണം

ഹവാന സിന്‍ഡ്രോം മനഃപൂര്‍വം നടത്തുന്ന ആക്രമണമാണ് എന്നുളളത് തളളിക്കളയാനാവില്ലെന്ന് തന്നെയാണ് അമേരിക്കയുടെ നിലപാട്. രോഗത്തിന്റെ കാരണം കണ്ടെത്തുന്നതിന് വേണ്ടിയുളള ഇന്റലിജന്‍സ് ഏജന്‍സിയുടെ ശ്രമങ്ങള്‍ തങ്ങള്‍ ഇരട്ടിയാക്കിയതായി സി.ഐ.എ. ഡയറക്ടര്‍ ബേണ്‍സ് പറഞ്ഞു. ഒസാമ ബിന്‍ലാദനെ കണ്ടെത്തുന്നതിനായി നിയോഗിക്കപ്പെട്ട ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നേതൃത്വം നല്‍കാനായി നിയോഗിക്കുക പോലും ചെയ്തു. 

വിശദീകരിക്കാനാകാത്ത ഈ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് പിറകിലെ കാരണം കണ്ടെത്തുന്നതിനായി യുഎസ് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നതായി യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഓഗസ്റ്റില്‍ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും എങ്ങനെ ഇത് തടയണമെന്നും തങ്ങള്‍ക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

 

Content Highlights: Havana Syndrome, the mystery illness; first case reported in India