ലോകം നശിക്കുക അധർമചാരികളുടെ അധർമം കൊണ്ടല്ല, അധർമത്തിനുനേരെ ധർമചാരികൾ പാലിക്കുന്ന മൗനം കൊണ്ടാണ്‌ -ഐൻസ്റ്റൈൻ

കേരളത്തിൽ മിനിഞ്ഞാന്ന്‌ (2018, ഏപ്രിൽ 16) നടന്ന വ്യാജ ഹർത്താലിന്‌ ആരാണ്‌ ഉത്തരവാദി?

‘വ്യാജഹർത്താൽ’ എന്ന്‌ എന്തിന്‌ പറയുന്നു എന്ന്‌ ചോദിക്കാം. ഏതെങ്കിലും പാർട്ടിയോ സംഘടനയോ, പ്രസ്ഥാനമോ, സ്ഥാപനമോ, വ്യക്തിയോ ആഹ്വാനം ചെയ്യാതെ നടന്നത്‌ എന്ന അർഥത്തിൽ കർത്താവില്ലാത്തത്‌ എന്ന അർഥത്തിൽ ആണ്‌ ‘വ്യാജം’ എന്നുപറഞ്ഞത്‌.

ഫെയ്‌സ്‌ബുക്ക്‌, വാട്‌സാപ്പ്‌, എസ്‌.എം.എസ്‌., ഇ-മെയിൽ, മൊബൈൽഫോൺ മുതലായവ വഴി ആരൊക്കെയോ എന്തൊക്കെയോ എങ്ങനെയൊക്കെയോ കൊടുത്ത നിർദേശങ്ങളാണ്‌ ഈ ഹർത്താലിന്‌ കാരണമായിത്തീർന്നത്‌.

‘സമൂഹമാധ്യമങ്ങൾ നടത്തിയ കേരളത്തിലെ ആദ്യത്തെ ഹർത്താൽ’ എന്ന പേരിൽ ഇത്‌ നമ്മുടെ ചരിത്രത്തിൽ ബാക്കിയാവും.

ഭാഗികമായി നടന്ന ഹർത്താൽ മലബാറിനെ മാത്രമേ ബാധിച്ചുള്ളൂ -പ്രത്യേകിച്ച്‌ മലപ്പുറം, കോഴിക്കോട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ. എല്ലായിടത്തും വലുതോ ചെറുതോ ആയ അക്രമവുണ്ടായി. ആൾക്കൂട്ടം കണ്ണൂരിൽ പോലീസിനെത്തന്നെ ആക്രമിച്ചു. മലപ്പുറം ജില്ലയിൽ ചില പ്രദേശങ്ങളിൽ ഒരാഴ്ചത്തേക്ക്‌ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്‌.

സമൂഹമാധ്യമങ്ങളുമായി ബന്ധമില്ലാത്ത സാധാരണക്കാരിൽ മിക്കവരും വിവരം നേരത്തേ അറിയാത്തതുകൊണ്ടാണ്‌ ദുരിതങ്ങളനുഭവിച്ചത്‌. കശ്മീരിൽ എട്ടുവയസ്സുള്ള മുസ്‌ലിം ബാലിക ഒരു ഹിന്ദു ദേവാലയത്തിലെ പൂജാമുറിയിൽ കൂട്ടബലാൽസംഗത്തിനും അരുംകൊലയ്ക്കും വിധേയയായതിൽ പ്രതിഷേധിക്കാനായിരുന്നു വേണ്ടത്ര മുന്നറിയിപ്പുപോലും ഇല്ലാതെ ഇതു നടത്തിയത്‌.

ഇപ്പോൾ നമുക്ക്‌ ചോദിക്കാം: ‘‘ആരാണ്‌ ഇതിന്‌ ഉത്തരവാദി?’’

ഞാൻ പറയുന്നു, സംസ്ഥാനസർക്കാരാണ്‌ ഉത്തരവാദി. നേതൃത്വംപോലുമില്ലാതെ ഒരു ഹർത്താൽ നടക്കാൻ പോകുന്നു എന്ന്‌ മനസ്സിലാക്കാനും ഉറവിടം കണ്ടെത്തി അതു തടയാനും പോലീസിന്‌ ചുമതലയുണ്ടായിരുന്നു. പോലീസിന്‌ ‘സൈബർ വിഭാഗം’ എന്നൊരു ഉപവകുപ്പുണ്ട്‌.

അവരുടെ പണികളിലൊന്ന്‌ സമൂഹമാധ്യമങ്ങൾ ശ്രദ്ധിച്ച്‌ ക്രമസമാധാനനില അപകടപ്പെടുത്തുന്ന വല്ലതുമുണ്ടെങ്കിൽ അത്‌ തടയുകയാണ്‌. പോലീസ്‌ എന്തുകൊണ്ടാണ്‌ ഈ ‘വ്യാജഹർത്താൽ’ തടയാതിരുന്നത്‌? സമൂഹമാധ്യമങ്ങളിൽ നിരങ്ങുന്ന കുറേ ചെറുപ്പക്കാർക്ക്‌ നാട്ടിലെ ക്രമസമാധാനം തകർക്കുന്ന മട്ടിൽ ‘ആഹ്വാനം’ നടത്താൻ കഴിയും എന്നു വരുന്നതിനപ്പുറം അരാജകത്വമുണ്ടോ? ഒന്നിനും ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയുമില്ല എന്നായാൽ പിന്നെ എന്തിനാണ്‌ സർക്കാർ?
ആ ഹർത്താലിന്‌ ദുരുദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്‌ മറ്റൊരു വിശേഷം:

കശ്മീർബാലികയുടെ ദുരന്തം പുറത്തുവരാൻ വൈകി എന്നത്‌ സത്യമാണെങ്കിലും അതറിഞ്ഞ ഉടനെ ജാതി, മതഭേദമില്ലാതെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും അതിനെതിരിൽ വൻപ്രതിഷേധം ഉയർന്നു.

ഏതോ കാമഭ്രാന്തന്മാർ ചെയ്ത ദുഷ്‌കൃത്യം എന്ന തോന്നലാണ്‌ ആദ്യം ഉണ്ടായതെങ്കിലും കശ്മീരിലെ മന്ത്രിമാരടക്കമുള്ള ബി.ജെ.പി. നേതാക്കൾ കുറ്റകൃത്യത്തെ റാലികളിലൂടെയും പൊതുയോഗങ്ങളിലൂടെയും ന്യായീകരിക്കുകയും അഭിഭാഷകർപോലും കുറ്റവാളികളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്തതോടെ പെട്ടെന്നുതന്നെ രംഗം മാറി.

ഈ ഹീനകൃത്യം ന്യൂനപക്ഷവിരോധത്തിൽ നിന്നുവരുന്ന ‘രാഷ്ട്രീയപ്രവർത്തനം’ ആയിരുന്നു എന്ന തിരിച്ചറിവ്‌ ഞെട്ടിക്കുന്നതായിരുന്നു. ലോകത്തിന്റെ പലഭാഗത്തും രോഷാഗ്നി ആളിക്കത്തി - ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ വരെയും പ്രതികരിച്ചു! പ്രതികൾ അറസ്റ്റിലായി. ന്യായീകരിച്ച മന്ത്രിമാർ രാജിവെച്ചു. കേസിൽ കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞു.

കശ്മീരിലെന്നപോലെ, ഇന്ത്യയുടെ നാനാഭാഗത്തും ജാതി, മത ഭേദമില്ലാതെ ആളുകൾ ഈ പൈശാചികപ്രവൃത്തിക്കെതിരേ അണിനിരന്നു. രമേശ്‌കുമാർ ജല്ല എന്ന പോലീസ്‌ ഉദ്യോഗസ്ഥനാണ്‌ സത്യസന്ധമായി കേസ്‌ അന്വേഷിച്ചത്‌. ദീപക്‌ സിങ്‌ രജാവത്ത്‌ എന്ന അഭിഭാഷകയാണ്‌ ബാലികയ്ക്കുവേണ്ടി കേസ്‌ വാദിക്കാൻ മുന്നോട്ടുവന്നത്‌. ഇരുവരും ഹിന്ദുക്കൾ. കശ്മീരി പണ്ഡിറ്റുകൾ.

ഇന്ത്യക്കാരനായതിൽ ലജ്ജിക്കുന്നു എന്നും ഹിന്ദുവായതിൽ ലജ്ജിക്കുന്നു എന്നും പറഞ്ഞ്‌ അനവധിയനവധി പേർ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. മുസ്‌ലിം പള്ളികളെന്ന പോലെ ക്രിസ്ത്യൻ പള്ളികളും ഹിന്ദു ദേവാലയങ്ങളും ഈ പ്രതിഷേധങ്ങളിൽ പങ്കാളികളായി. ദുരന്തം ഏതെങ്കിലും സമുദായത്തിന്റെ ഒറ്റപ്പെട്ട പ്രശ്നമല്ലെന്നും മറിച്ച്‌, ഇതൊരു ദേശീയ മനുഷ്യാവകാശപ്രശ്നമാണെന്നും ഉള്ള തിരിച്ചറിവിലേക്ക്‌ ഇന്ത്യയുടെ നാനാഭാഗത്തും പൗരന്മാർ ഉണർന്നു.

മതേതരമായ ആ ഐക്യത്തിൽ കയ്പുള്ളവരാണ്‌ ഒരാവശ്യവുമില്ലാതെ ഈ വ്യാജഹർത്താൽ നടത്തിയത്‌. അവർക്ക്‌ ഇതൊരു മുസ്‌ലിംപ്രശ്നം മാത്രമാക്കി അവതരിപ്പിച്ച്‌ സമൂഹത്തിൽ വിഘടനം ഉണ്ടാക്കണം; ഹിന്ദുക്കളെ മൊത്തം കുറ്റപ്പെടുത്തണം. ഹർത്താലിന്റെ പേരിൽ കാട്ടിക്കൂട്ടിയ അക്രമങ്ങൾ കുറ്റവാളികൾക്കൊപ്പംനിന്ന ആർ.എസ്‌.എസിനും ബി.ജെ.പി.ക്കും നാവ്‌ നൽകി. പരാതികളുമായി രംഗത്തിറങ്ങാൻ അവർക്കിത്‌ അവസരമൊരുക്കി.

കശ്മീരിലെ ബലാൽസംഗത്തിന്‌ കണ്ണൂരിൽ പോലീസിനെ ആക്രമിക്കുന്നതെന്തിനാ? ഹിന്ദു തീവ്രവാദത്തിന്‌ മറുപടി മുസ്‌ലിം തീവ്രവാദമല്ല, ജനാധിപത്യമാണ്‌. ഹിംസയ്ക്ക്‌ മറുപടി ഹിംസയല്ല, അഹിംസയാണ്‌. നമ്മുടെ നിയമസഭ അടിയന്തരമായി ചർച്ച ചെയ്തു തീർപ്പെടുക്കേണ്ട കാര്യങ്ങളിൽ ഒന്ന്‌ ഹർത്താലിനെ സംബന്ധിച്ചതാണ്‌ എന്ന്‌ ഞാൻ വിചാരിക്കുന്നു:

ഹിംസ മുഴുത്ത നമ്മുടെ കാലത്തിന്‌ പറ്റാത്ത സമരരീതിയാണ്‌ ഹർത്താൽ. ബന്ദ്‌ നമ്മുടെ ഹൈക്കോടതി നിരോധിച്ചതിന്റെ ഉൾസാരം അതാണല്ലോ. ഇപ്പോൾ ഹർത്താൽ എന്ന പേരിൽ ബന്ദ്‌ നടത്തിക്കൊണ്ടിരിക്കുകയാണ്‌ നാം. ആലോചിക്കുന്ന ആർക്കും മനസ്സിലാവും അക്രമരാഷ്ട്രീയത്തിന്റെ പ്രധാനപ്പെട്ട ആവിഷ്കാരവേദി ഇന്ന്‌ കേരളത്തിൽ ഹർത്താലാണ്‌.

ഹർത്താൽ ‘വിജയിപ്പിക്കുന്നത്‌’ ചെറുതും വലുതുമായ ക്വട്ടേഷൻ സംഘങ്ങളാണ്‌ - അവർക്ക്‌ അധികം പണി വരില്ല. അവരുടെ സാന്നിധ്യം മണത്താൽ കടകമ്പോളങ്ങൾ അടഞ്ഞുപോവും വാഹനങ്ങൾ ഇരിക്കുന്നേടത്ത്‌ ഇരുന്നുപോവും. എന്നാലും അക്രമങ്ങളുണ്ടാവും; അടുത്ത ഹർത്താലിൽ ഇതിന്റെ പ്രതികാരങ്ങളും!

നമ്മുടെ ഓരോ നിയമസഭാ സമാജികനോടും കേരളത്തിലെ സാധാരണക്കാർക്കുവേണ്ടി ഞാൻ അപേക്ഷിക്കുന്നു.

നിങ്ങൾ കൂടിയാലോചിച്ച്‌ ഇനി കേരളത്തിൽ ഹർത്താൽ വേണ്ട എന്ന്‌ ഐകകണ്ഠ്യേന തീരുമാനിക്കാൻ ദയവു കാണിക്കണം. അതു പറ്റില്ലെങ്കിൽ ഹർത്താലിന്‌ ഒരു പെരുമാറ്റച്ചട്ടം കൊണ്ടുവരണം. അതിൽ താഴെ പറയുന്ന സംഗതികൾ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണം.

1.     രാഷ്ട്രീയകക്ഷികളോ മറ്റു അംഗീകൃത സംഘടനകളോ മാത്രമേ ഹർത്താലിന്‌ ആഹ്വാനം ചെയ്യാൻ പാടുള്ളൂ.
2.     തീയതി, സമയം മുതലായ വിശദാംശങ്ങൾ ഒരാഴ്ച മുൻപേ പ്രസിദ്ധീകരിക്കണം. അപ്രതീക്ഷിതമായി പാടില്ല.
3.     ഞായർ മുതലായ ഒഴിവുദിവസങ്ങളിൽ മാത്രമേ നടത്താവൂ.
4.    സർക്കാരിന്റെയോ പോലീസിന്റെയോ അറിവോ അനുവാദമോ കൂടാതെ ഹർത്താൽ നടത്താൻ പാടില്ല.
5.    ഒരുവിധമായ അക്രമവും പാടില്ല. വ്യക്തികൾക്കോ സ്വത്തുക്കൾക്കോ നേരിടേണ്ടി വരുന്ന പരിക്കുകൾക്ക്‌ ഹർത്താൽ ആഹ്വാനം ചെയ്യുന്നവരെ ഉത്തരവാദികളാക്കണം; നഷ്ടപരിഹാരം ഈടാക്കണം.

ഇപ്പറഞ്ഞപോലെ വെറേയും ധാരാളം നിബന്ധനകൾ ഉണ്ടാക്കേണ്ടിവരും. ഹർത്താൽ കൊണ്ട്‌ ജനങ്ങളെ ദ്രോഹിക്കാം. അക്രമം പെരുപ്പിക്കാം, സ്വത്തുവകകൾ നശിപ്പിക്കാം, ഉത്‌പാദനം കുറയ്ക്കാം, പരീക്ഷകൾ മുടക്കാം, രോഗികൾക്ക്‌ ചികിത്സ നിഷേധിക്കാം എന്നതിനപ്പുറം പ്രയോജനമൊന്നുമില്ലെന്നാണ്‌ കേരളീയരുടെ അനുഭവം - ഓരോ തവണ പെട്രോളിന്‌ വില കയറുമ്പോഴും ഇവിടെ ഓരോ ഹർത്താൽ നടന്നു. പെട്രോൾ വില ഒരു പൈസപോലും കുറഞ്ഞിട്ടില്ല, പിന്നെപ്പിന്നെ കൂടിയിട്ടേയുള്ളൂ!