നാധിപത്യത്തിന്റെ 'പഴുതുകളി'ലൂടെ അധികാരത്തിലേറാനുള്ള ശ്രമം കര്‍ണാടകത്തിലെ മാത്രം കാഴ്ചയല്ല. കേന്ദ്രത്തില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ തങ്ങള്‍ക്കനുകൂലമായി സംസ്ഥാനങ്ങളിലെ ജനവിധി മാറ്റിയെഴുതിയ സംഭവങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഒട്ടേറെയുണ്ട്. കോണ്‍ഗ്രസാണ് അതു പഠിപ്പിച്ചുകൊടുത്തത്. എന്നാല്‍ ആ കാര്യത്തില്‍ ഇത്രയും 'ആസൂത്രണ മികവ്' കാണിച്ചത് ബി.ജെ.പിയാണ്. കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ ഒറ്റക്കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ അനുവദിച്ചുവെങ്കില്‍ മണിപ്പൂരിലും, ഗോവയിലും, മേഘാലയിലുമൊന്നും അതുണ്ടായില്ല. 

ഈ സംസ്ഥാനങ്ങളിലെല്ലാം ക്ഷണം ലഭിച്ചതും നാടകാന്തം അധികാരത്തിലെത്തിയതും ബി.ജെ.പിയോ അവര്‍ പിന്തുണക്കുന്ന മുന്നണിയോ ആണ്. അവരെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതും ബി.ജെ.പി നേതാക്കളോ ബി.ജെ.പിയുമായി നേരിട്ടോ അല്ലാതെയോ ബന്ധമോ ഉള്ള ഗവര്‍ണര്‍മാരാണ്. അവിടെയാണ് അമിത്ഷായുടേയും നരേന്ദ്രമോദിയുടേയും വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണം നമ്മള്‍ കാണുന്നത്. ഭൂരിപക്ഷമുണ്ടായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാത്ത ഗോവയിലും ബീഹാറിലും മേഘാലയിലുമൊക്കെ ഗവര്‍ണര്‍മാരുടെ പഴയ തീരുമാനത്തിനെതിരെ എതിര്‍പക്ഷം രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തില്‍ ആ കളികളൊക്കെ ഒന്നുകൂടി പരതി നോക്കാം.

വിഷയം കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യകക്ഷി ഭൂരിപക്ഷം സ്ഥാപിക്കുന്ന രേഖകള്‍ കാണിച്ചിട്ടും കണ്ടതായി നടിക്കാതെ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിച്ച ഗവര്‍ണര്‍ വാജുഭായി രുദാഭായ് വാലയുടെ നടപടിയാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റ് മൂന്നാം മാസം 2014 സെപ്തംബറില്‍ കര്‍ണാടകയില്‍ നിയമിച്ച ഗവര്‍ണറാണ് വാജുഭായി. നരേന്ദ്രമോദിയുടെ ഗുജറാത്തിലെ പഴയ ബി.ജെ.പി പ്രസിഡന്റാണ്. മോദിക്കുവേണ്ടി കസേരയൊഴിഞ്ഞു കൊടുത്തയാളാണ്. ഗോവയിലും മേഘാലയിലും നാഗാലാന്‍ഡിലുമൊക്കെ ഗവര്‍ണര്‍മാര്‍ ചെയ്തതിലപ്പുറം വാജുഭായിയില്‍ നിന്ന് പ്രതീക്ഷിച്ചെങ്കില്‍ അവരെ മണ്ടന്മാര്‍.

Karnataka

ഭൂരിപക്ഷം തെളിയിക്കാന്‍ ഏഴു ദിവസം കൊടുത്തപ്പോള്‍ പൂര്‍വാശ്രമത്തിലെ സ്വന്തം പാര്‍ട്ടിക്ക് 15 ദിവസമിരിക്കട്ടെ എന്നു പറഞ്ഞയാളാണ് വാജുഭായി. അതുപോലൊരു കളിയാണ് രണ്ട് കൊല്ലം മുമ്പ് അരുണാചലില്‍ ഗവര്‍ണര്‍ കളിച്ചത് അവിടെ. ആത്യന്തികമായി വിജയം ബി.ജെ.പിക്കായിരുന്നു. എന്നാല്‍ അവസാനം വരെ പൊരുതി പരിക്കേറ്റ് മടങ്ങിയത് ഗവര്‍ണറായിരുന്നു.

തിരശ്ശീലക്ക് മുന്നിലും പിന്നിലും വന്‍ നാടകങ്ങള്‍ക്കായിരുന്നു 2016 ന്റെ ആദ്യപകുതിയില്‍ അരുണാചല്‍ പ്രദേശ് സാക്ഷ്യം വഹിച്ചത്. കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ നബാംതുക്കിയുടെ കോണ്‍ഗ്രസ് സര്‍ക്കാരിനെ നാമാവശേഷമാക്കിയാണ് ബി.ജെ.പി മുഖ്യമന്ത്രിസ്ഥാനം കൈയടക്കിയത്. കര്‍ണാടകയിലെ അവസ്ഥയായിരുന്നില്ല, ഭൂരിപക്ഷത്തിന് 31 പേര്‍ മാത്രം വേണ്ടിടത്ത് 42 എം.എല്‍.എമാരുടെ  പിന്തുണയുള്ള സര്‍ക്കാരായിരുന്നു കോണ്‍ഗ്രസ്. 

മോദി ഡല്‍ഹി പിടിച്ചെടുത്ത് തൊട്ടടുത്ത വര്‍ഷം നിയോഗിച്ച ജ്യോതി പ്രസാദ് രാജ്‌ഖോവ എന്ന റിട്ട. ഐ.എ.എസ് ഓഫീസറായിരുന്നു അവിടത്തെ ഗവര്‍ണര്‍. തുക്കിയുടെ പിന്‍ഗാമിയായി മുഖ്യമന്ത്രിയായ പേമ ഖണ്ഡുവിനേയും 40 കൂട്ടരേയും സഖ്യകക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചിലേക്ക് കൂറുമാറ്റിയായിരുന്നു ബിജെപി കളി തുടങ്ങിയത്. അന്നുമുതല്‍ സുപ്രീംകോടതി വരെയെത്തിയ നിയമയുദ്ധങ്ങള്‍ പലവുരു കണ്ടു. ഡിസംബറില്‍ ഖണ്ഡു ബി.ജെ.പിയില്‍ ചേര്‍ന്നു. അതോടെ കോണ്‍ഗ്രസിന് വെറും ഒരൊറ്റ എം.എല്‍.എ മാത്രമായി സഭയില്‍. അതും മുന്‍ മുഖ്യമന്ത്രി നബാംതുക്കി. അരുണാചലില്‍ ഖണ്ഡുവിന്റെ ബിജെപി സര്‍ക്കാര്‍ ഇപ്പോഴും ഭരിക്കുന്നു.

അന്നത്തെ രാഷ്ട്രപതി കോണ്‍ഗ്രസ് നേതാവാ'യിരുന്ന' പ്രണാബ് മുഖര്‍ജിയായിരുന്നു. ടി.എസ് താക്കൂറായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. ആ രണ്ട് അധികാര കേന്ദ്രങ്ങളേയും കടന്നാണ് അരുണാചലില്‍ ബി.ജെ.പി അധികാരം പിടിച്ചെടുത്തത്.  ആ രാഷ്ട്രീയക്കളിയില്‍ ബി.ജെ.പിക്ക് വിജയിച്ചു കയറാനായെങ്കിലും ആന്റി ക്ലൈമാക്‌സില്‍ ഗവര്‍ണര്‍ക്ക് പുറത്തു പോകേണ്ടി വന്നു. അരുണാചലില്‍ കോണ്‍ഗ്രസ് മന്ത്രിസഭ സസ്‌പെന്റ് ചെയ്ത നടപടിയേത്തുടര്‍ന്ന് ഗവര്‍ണറിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി അന്നത്തെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അറിയിച്ചു. വിഷയത്തില്‍ സുപ്രീംകോടതിയുടെ പരാമര്‍ശം കൂടി വന്നതോടെ അദ്ദേഹത്തെ നീക്കാന്‍ സര്‍ക്കാരിന് ഉത്തരവിറക്കേണ്ടി വന്നു. 

കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ അവസ്ഥയിലായിരുന്നു കഴിഞ്ഞ വര്‍ഷം ഗോവയിലെ ബിജെപി. തിരഞ്ഞെടുപ്പില്‍ 17 സീറ്റ് കോണ്‍ഗ്രസ് നേടിയിരുന്നു. എന്നിട്ടും 13 സീറ്റുള്ള ബി.ജെ.പിയെയാണ് ഗവര്‍ണര്‍ മൃദുല സിന്‍ഹ ക്ഷണിച്ചത്. ഗവര്‍ണറാകുന്നതിന് മുമ്പ് ബി.ജെ.പി നാഷണല്‍ എക്‌സിക്യുട്ടീവ് മെമ്പറും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് മഹിളാ മോര്‍ച്ചയുടെ പ്രചാരണ വിഭാഗം തലൈവിയുമായിരുന്നു ഗവര്‍ണര്‍ മൃദുല സിന്‍ഹ എന്നു കൂടി ചേര്‍ത്തു വായിക്കണം. 

Karnataka

ബി.ജെ.പിക്ക് അവസരം കിട്ടിയതോടെ കോണ്‍ഗ്രസില്‍ നിന്നും മറ്റു ചെറുകിട പാര്‍ട്ടികളില്‍ നിന്നും പത്തുപേരേക്കൂടി അടര്‍ത്തിയെടുത്താണ് ബി.ജെ.പി സര്‍ക്കാരുണ്ടാക്കിയത്. തമ്മില്‍ തല്ലി നില്‍ക്കുന്ന ചെറുപാര്‍ട്ടികളെ മെരുക്കാന്‍ കേന്ദ്രത്തില്‍ നിന്നും പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കറെ കൊണ്ടു വരേണ്ടി വന്നു. പരീക്കര്‍ ചികിത്സക്കു വേണ്ടി അവധിയിലായ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വീണ്ടും അവകാശവാദവുമായി രംഗത്തെത്തിയതെന്നത് പ്രസക്തം. കര്‍ണാടകയിലെ നാടകങ്ങള്‍ തുടങ്ങിയതിന് പിന്നാലെ സര്‍ക്കാരുണ്ടാക്കാന്‍ അവകാശ വാദം ഉന്നയിച്ചിട്ടുണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍.

കഴിഞ്ഞ വര്‍ഷം തന്നെ നടന്ന മണിപ്പൂര്‍ തിരഞ്ഞെടുപ്പില്‍ 60അംഗ സഭയില്‍ 28 സീറ്റു നേടിയ കോണ്‍ഗ്രസിന് അവസരം നല്‍കാതെ 21 സീറ്റ് നേടിയ ബി.ജെ.പിക്ക് സര്‍ക്കാരുണ്ടാക്കാന്‍ അനുമതി നല്‍കിയത് അന്ന് മണിപ്പൂരിന്റെ ചുമതലയുണ്ടായിരുന്ന മേഘാലയ ഗവര്‍ണര്‍ വി ഷണ്‍മുഖനാഥനായിരുന്നു. ഗവര്‍ണറാകുന്നതിന് മുമ്പ് ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ് സെക്രട്ടറിയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ നിന്നും ഒമ്പതു പേരടക്കം പത്തുപേരെ ചാക്കിലാക്കി ബിരേന്‍ സിങിന്റെ നേതൃത്വത്തില്‍ മണിപ്പൂരില്‍ ബി.ജെ.പി സര്‍ക്കാരുണ്ടാക്കി. 

ഈവര്‍ഷം നടന്ന നാഗാലാന്‍ഡ് തിരഞ്ഞെടുപ്പില്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടാണ് 26 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. 60 അംഗ നിയമസഭയില്‍ 17 സീറ്റു മാത്രം നേടിയ എന്‍ഡിപിയെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ഗവര്ണര്‍ പത്മനാഭ ആചാര്യ ക്ഷണിച്ചത്. എന്‍ഡിപിപിയെ  12 സീറ്റുള്ള ബി.ജെ.പി പിന്തുണച്ചു. നാഗാലാന്‍ഡില്‍ സര്‍ക്കാരുണ്ടായി. എ.ബി.വി.പിയിലൂടെ വളര്‍ന്ന് ബിജെപിയുടെ വിവിധ സ്ഥാനങ്ങള്‍ സ്വന്തമാക്കിയയാളാണ് ഗവര്‍ണര്‍ പത്മനാഭ ആചാരി. മുന്‍കൂട്ടിയെഴുതിയ വിധി നാഗാലാന്‍ഡില്‍ നടപ്പായെന്നു മാത്രം. നെയ്ഫു റിയോ മുഖ്യമന്ത്രിയായി.

ഈ വര്‍ഷം തന്നെ നടന്ന മേഘാലയ തിരഞ്ഞെടുപ്പിലും 21 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെയല്ല ഗവര്‍ണര്‍ ഗംഗാപ്രസാദ് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ബി.ജെ.പി പിന്തുണക്കുന്ന എന്‍ഡിപിപിയെയാണ്.19 സീറ്റ്. എന്‍ഡിപിപി നേതാവ് കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയായി. 

സംസ്ഥാനങ്ങളില്‍ തങ്ങള്‍ക്ക് അനുകൂലമായി വിധിയെഴുതാന്‍ എല്ലായിടത്തും സ്വന്തക്കാരെയാണ് മുമ്പ് കോണ്‍ഗ്രസ് സര്‍ക്കാരുകളും ഗവര്‍ണര്‍മാരെ നിയോഗിച്ചത്. അവരാരും ഇത്ര ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിച്ചതായി കണ്ടിട്ടില്ല. അവിടെയാണ് കോണ്‍ഗ്രസ് മുക്ത ഭാരതമെന്നു പ്രഖ്യാപിച്ച ബി.ജെ.പി നേതൃത്വത്തിന്റെ ആസൂത്രണം എത്രത്തോളം കാര്യക്ഷമമായിരുന്നു എന്നു മനസ്സിലാകുന്നത്.