കേട്ടുകേള്‍വിപോലുമില്ലാത്ത പോരാട്ടത്തിനൊടുവില്‍ വിജയം നേടിയതിന്റെ യാതൊരു സന്തോഷവും പ്രകടിപ്പിച്ചില്ല അവര്‍. അപമാനത്തിന്റെയും കുറ്റപ്പെടുത്തലുകളുടെയും ഭീഷണികളുടെയും സങ്കടക്കടല്‍ നീന്തിത്തളര്‍ന്ന് ഒടുവില്‍ തീരത്തണഞ്ഞു.അതൊരു വിജയമായോ നേട്ടമായോ അവര്‍ കരുതുന്നില്ലെന്ന് പറയുന്നു. ജീവിതയാത്രയില്‍ പാതിവഴിയില്‍വെച്ച് ഇരുട്ടിലേക്കു തള്ളിയിട്ട കറുത്ത കൈകളെപ്പറ്റി അവര്‍ ഓര്‍മിക്കുന്നു.

കോടനാട്ടെ ഒരിടത്തരം പരമ്പരാഗത ക്രിസ്ത്യന്‍ കുടുംബത്തിലാണ് ഈ സന്ന്യാസിനി ജനിച്ചത്. അപ്പന്റെയും അമ്മയുടെയും തറവാട്ടില്‍ ധാരാളം അച്ചന്‍മാരും കന്യാസ്ത്രീകളും ഉണ്ടായിരുന്നു. അഞ്ചുമക്കള്‍. നാലു പെണ്ണും ഒരാണും. ഇതില്‍ രണ്ടാമത്തവളാണ് സിസ്റ്റര്‍. 14 വയസ്സുള്ളപ്പോള്‍ അമ്മയ്ക്ക് അര്‍ബുദം ബാധിച്ചു. പിറ്റേവര്‍ഷം മരിച്ചു. 

പതിനേഴു വയസ്സുമുതല്‍ അഞ്ചുവയസ്സുവരെ പ്രായമുള്ള അഞ്ചുമക്കളെ ചേര്‍ത്തുപിടിച്ച് അപ്പന്‍ വാവിട്ടുകരഞ്ഞ ദിവസങ്ങള്‍. ഈ ദിനങ്ങളിലാണ് സന്തോഷത്തിന്റെ നൈമിഷികതകളെപ്പറ്റി താന്‍ ആദ്യമായി ചിന്തിക്കുന്നതെന്ന് സിസ്റ്റര്‍. സൈനികനായിരുന്നു അപ്പന്‍. മൂത്ത ചേച്ചിയായി പിന്നെ ഇളയവരുടെ അമ്മ. ജീവിതം ക്രിസ്തുവിനു സമര്‍പ്പിക്കാന്‍ അക്കാലത്താണ് തീരുമാനമെടുത്തത്, 15-ാം വയസ്സില്‍.

വഴിത്തിരിവ്

ആദ്യം സ്വാഭാവികമായും അപ്പന് മകള്‍ സന്ന്യാസിനിയാകുന്നതില്‍ താത്പര്യമുണ്ടായില്ല. ചെറിയ കുട്ടിയല്ലേ, വെറും തോന്നലാകാം എന്നാണ് ചിന്തിച്ചത്. പക്ഷേ, ഒടുവില്‍ മകളുടെ നിര്‍ബന്ധത്തിനു വഴങ്ങി. പത്താം ക്‌ളാസ് കഴിഞ്ഞതോടെ അവള്‍ പഞ്ചാബിലേക്ക് യാത്രതിരിച്ചു. അപ്പന്റെ സഹോദരന്റെ മകന്‍ അവിടെ പുരോഹിതനായിരുന്നു. അങ്ങനെ കുറെ നാളുകള്‍. ചെറിയ കുട്ടികളെ പഠിപ്പിച്ചുകൊണ്ടായിരുന്നു ആദ്യം സേവനപാതയില്‍ തുടക്കമിട്ടത്. 1993-ല്‍ മിഷണറീസ് ഓഫ് ജീസസ് സഭ (എം.ജെ.) തുടങ്ങിയപ്പോള്‍ അതിലംഗമായി. മകളുടെ തീരുമാനത്തിന് ഇളക്കംതട്ടില്ലെന്ന് അപ്പനും വീട്ടുകാര്‍ക്കും മനസ്സിലായി. പിന്നെ സമര്‍പ്പണത്തിന്റെ നാളുകള്‍. 94-ല്‍ തിരുവസ്ത്രം ധരിച്ചു. 2004-ലാണ് നിത്യവ്രതം സ്വീകരിച്ചത്.

Nuns' protest

പരീക്ഷണങ്ങള്‍  ജീവിതത്തെ കടന്നാക്രമിക്കുമ്പോള്‍...

ഒട്ടേറെ തീച്ചൂളകളിലൂടെയാണ് അവര്‍ യാത്രചെയ്തത്. പുറത്തുനിന്നുകണ്ട ലോകമല്ല അകത്ത് എന്ന സത്യം അവരെ ഞെട്ടിച്ചു. മാനസിക സംഘര്‍ഷങ്ങള്‍ അതിജീവിച്ചാണ് അവര്‍ ജീവിക്കുന്നത്. അസൂയ, പക, പടലപ്പിണക്കം, പകപോക്കലുകള്‍, പക്ഷംചേരലുകള്‍...

സീനിയേഴ്സ് ഉണ്ടായിട്ടും ബിഷപ്പ് മദര്‍ ജനറാളായി നിയമിച്ചത് ഈ കന്യാസ്ത്രീയെയാണ്. അതില്‍ ധാരാളം അസൂയാലുക്കളുണ്ടായിരുന്നു. മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ വോട്ടിലൂടെ അടുത്ത ടേമിലും അവര്‍ തന്നെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഒമ്പതുവര്‍ഷം ജലന്ധറില്‍ മദര്‍ ജനറാളായി സേവനമനുഷ്ഠിച്ചു. ഇതിനോടകം സിസ്റ്ററുടെ ഒരനുജത്തിയും എം.ജെ. സഭയില്‍ സന്ന്യാസിനിയായി. മറ്റു രണ്ടുപേരും വിവാഹിതരായി. സഹോദരന്‍ ബിസിനസുകാരനാണ്. അദ്ദേഹം കോടനാട്ട് വീട്ടില്‍ താമസിക്കുന്നു. പിതാവ് മരിച്ചു. വിധവയായ മൂത്തസഹോദരിയും അനുജത്തിയുടെ ജീവിതത്തിലെ വേദനകളില്‍ ധൈര്യം പകരുകയും കൊച്ചിയിലെ സമരവേദിയില്‍ നിരാഹാരമനുഷ്ഠിക്കുകയും ചെയ്തിരുന്നു.

കേരളത്തിലേക്ക്

ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പായി ചുമതലയേറ്റത് 2013-ലാണ്. അതിനുമുമ്പ് ഡല്‍ഹിയില്‍ സഹായ മെത്രാനായി. സിസ്റ്റര്‍ കുറവിലങ്ങാട്ടെ മഠത്തിന്റെ സുപ്പീരിയറായി ചുമതലയേല്‍ക്കുന്നതും 2013-ലാണ്. ജലന്ധറില്‍വെച്ച് ഇവര്‍ തമ്മില്‍ ഇടപെടേണ്ട ഒരു സാഹചര്യവും ഇല്ലായിരുന്നെന്ന് കന്യാസ്ത്രീ പറഞ്ഞു.
കുറവിലങ്ങാട്ടെ മഠത്തില്‍ വൃദ്ധസദനവും വനിതാ ഹോസ്റ്റലും നടത്തുന്നുണ്ട്. ഇവിടത്തെ അടുക്കളയുടെ പുനര്‍നിര്‍മാണപ്രവൃത്തികള്‍ പുതിയ മദര്‍ ജനറാളായി ചുമതലയേറ്റ സിസ്റ്റര്‍ റജീന നിര്‍ത്തിവെപ്പിച്ചു. ഈ വിവരങ്ങളറിഞ്ഞ് നേരിട്ട് അന്വേഷണം നടത്താനാണ് ബിഷപ്പ് കുറവിലങ്ങാട്ട് മഠത്തിലേക്ക് ആദ്യം എത്തിയത്. ആദ്യ രണ്ടു സന്ദര്‍ശനത്തിലും മെത്രാന്‍ മാന്യനായിരുന്നു. കാര്യങ്ങളന്വേഷിച്ചു മടങ്ങി. മൂന്നാംതവണത്തെ വരവിലാണ് പീഡനം നടന്നത്. 

കന്യാസ്ത്രീയുടെ കുടുംബത്തില്‍ നടന്ന ആദ്യകുര്‍ബാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രത്യേക അതിഥിയായി ക്ഷണിക്കപ്പെട്ട ബിഷപ്പ്, തലേന്ന് കുറവിലങ്ങാട്ടെ മഠത്തില്‍ എത്തുകയും രാത്രി അവിടെ തങ്ങുകയും ചെയ്തു. അന്നുരാത്രിയാണ് ബലാത്സംഗം നടന്നത്. പിറ്റേന്നത്തെ ചടങ്ങില്‍  മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട സാഹചര്യം കൗശലത്തില്‍ മുതലെടുക്കുകയായിരുന്നു മെത്രാന്‍.പിറ്റേന്നത്തെ ചടങ്ങില്‍ കന്യാസ്ത്രീക്കൊപ്പം ബിഷപ്പ് പങ്കെടുക്കുകയും ചെയ്തു. ചടങ്ങില്‍ പങ്കെടുത്തവര്‍ കന്യാസ്ത്രീയുടെ കരഞ്ഞുവീര്‍ത്ത മുഖംകണ്ട് കാര്യം അന്വേഷിച്ചു. 

വിട്ടുമാറാത്ത ജലദോഷത്തെ പഴിപറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. പിന്നെ പലതവണയായി 12 പ്രാവശ്യംകൂടി ബലാത്സംഗം നടന്നതായി കന്യാസ്ത്രീ വെളിപ്പെടുത്തി. അരുതേ... എന്ന നിലവിളികള്‍ക്ക് കൊന്നുകളയുമെന്ന ഭീഷണിയായിരുന്നു മറുപടി. സിസ്റ്റര്‍ അഭയയുടെ അനുഭവം അറിയാമായിരുന്ന സിസ്റ്റര്‍ക്ക് നേരിടാനുള്ള ശക്തി പിന്നെ ഉണ്ടായതുമില്ല. 

14-ാമതും ബിഷപ്പ് വരുന്നതറിഞ്ഞ് പരിഭ്രാന്തയായ കന്യാസ്ത്രീയില്‍നിന്ന് ജൂനിയറായ കന്യാസ്ത്രീകള്‍ വിവരമറിഞ്ഞു. അവര്‍ ധൈര്യം നല്‍കി ഒപ്പംനിന്നു. കന്യാസ്ത്രീയുടെ വീട്ടുകാരും ബന്ധുക്കളും ഈ ചതിയെ നേരിടാനുള്ള ധൈര്യം പകര്‍ന്നു. സ്വന്തം ഇടവകമുതല്‍ വത്തിക്കാനില്‍ പോപ്പിനുവരെ പരാതിനല്‍കിയിട്ടും ഒരു ചെറുവിരല്‍പോലും അനങ്ങിയില്ലെന്ന സങ്കടത്തോടെയാണ് പോലിസില്‍ പരാതിനല്‍കിയത്.

ചരിത്രവഴിയില്‍ ആ അഞ്ചുപേര്‍ 


sister anupamaസിസ്റ്റര്‍ അനുപമ

പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഏറ്റവുമടുത്ത സഹപ്രവര്‍ത്തക. ഇരുവരും വര്‍ഷങ്ങളായി സുഹൃത്തുക്കള്‍. സമരരംഗത്ത് ഏറ്റവും സജീവം. ഇരയായ കന്യാസ്ത്രീയുടെ വക്താവായി നിന്നു.

Read InDepth: സിസ്റ്റര്‍ അനുപമ; ഫ്രാങ്കോയെ അഴിക്കുള്ളിലാക്കിയ പെണ്‍കരുത്ത്

 

sister josepheenസിസ്റ്റര്‍ ജോസഫിന്‍

ബിഹാറില്‍ അധ്യാപികയായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് തിരികെവന്നത്. കന്യാസ്ത്രീയുടെ പരാതി സംബന്ധിച്ച കാര്യങ്ങള്‍ പുരോഗമിക്കുന്നതിനിടെ പിന്തുണയുമായി എത്തി.

sister alphyസിസ്റ്റര്‍ ആല്‍ഫി

ബിഹാര്‍ സെയ്ന്റ് ജോസഫ്സ് സ്‌കൂളില്‍ അധ്യാപികയായിരുന്നു. സിസ്റ്ററുടെ പരാതി സംബന്ധിച്ച തുടര്‍നടപടികള്‍ക്ക് ഊര്‍ജം പകരാനായി രണ്ടുമാസം മുമ്പ് കേരളത്തിലെത്തി.

sister neenaസിസ്റ്റര്‍ നീന റോസ്

പഞ്ചാബിലും ബിഹാറിലുമായി സേവനം. പരാതിക്കാരിയായ സിസ്റ്ററിനൊപ്പം കുറവിലങ്ങാട് മഠത്തില്‍ 2015 മുതലുണ്ട്. പരാതി പുറത്തുവരുംമുമ്പേ കന്യാസ്ത്രീക്കൊപ്പം പോരാട്ടം തുടങ്ങി.

sister ansittaസിസ്റ്റര്‍ ആന്‍സിറ്റ

സിസ്റ്റര്‍ അനുപമയോടും പരാതിക്കാരിയായ സിസ്റ്ററോടുമൊപ്പം കുറവിലങ്ങാട് മഠത്തില്‍ മൂന്നുവര്‍ഷമായി പ്രവര്‍ത്തിക്കുന്നു. എല്ലാ കാര്യത്തിലും ഇരയ്‌ക്കൊപ്പം

നിലയുറപ്പിച്ചു.

പ്രലോഭനം, ഭീഷണികള്‍... ഇനിയെന്ത്...?

കഴിഞ്ഞ കുറേ മാസങ്ങളായി കന്യാസ്ത്രീകളുടെയും ഒപ്പമുള്ള അഞ്ചുപേരുടെയും ജീവിതം അപായമേഖലയിലായിരുന്നു. പത്തു കോടിയും മഠവും തുടങ്ങി ഒട്ടേറെ പ്രലോഭനങ്ങള്‍. ഇവയിലൊന്നും വീഴില്ലെന്നായപ്പോള്‍ അപായപ്പെടുത്താനും ശ്രമമുണ്ടായി. മഠത്തില്‍ ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിയെക്കൊണ്ട് വാഹനത്തിന്റെ ബ്രേക്ക് കേടുവരുത്തിച്ചു. ഇവര്‍ക്ക് ചികിത്സാ സഹായം നിഷേധിക്കപ്പെട്ടു. ബിഷപ്പിന്റെ അധികാരത്തിനു കീഴിലുള്ള മഠത്തിലെ മറ്റു കന്യാസ്ത്രീകള്‍ വെക്കുന്ന ഭക്ഷണമാണ് കഴിക്കുന്നത്. അവര്‍ ബിഷപ്പിനോട് നൂറുശതമാനവും കൂറുപുലര്‍ത്തുന്നവരാണ്. 

ഒരേ മഠത്തിലാണെങ്കിലും ഈ ആറുപേരോട് അവര്‍ സംസാരിക്കുകയോ ഇടപെടുകയോ ചെയ്യാതായിട്ട് മാസങ്ങളായി. തികച്ചും ശത്രുപാളയത്തില്‍ ജീവിക്കുമ്പോഴും ഈ സന്ന്യാസിനികള്‍ പറയുന്നു, 'ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. മരണംവരെ സത്യത്തിനായി പോരാടും. ഞങ്ങളുടെ ഭാവിയും അവിടുത്തെ കൈയിലാണ്'.

Read InDepth: കന്യാസ്ത്രീകള്‍ തെരുവില്‍ മുദ്രാവാക്യം മുഴക്കുന്നത് ഇതാദ്യമായല്ല

 

nuns protest

ആരോപണങ്ങളില്‍ ആടിയുലഞ്ഞ് ക്രൈസ്തവസഭകള്‍

ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റോടെ മറ്റൊരു പ്രതിസന്ധിയിലേക്കുകൂടി വീഴുകയാണ് കേരളത്തിലെ ക്രൈസ്തവസഭകള്‍. വിരലിലെണ്ണാവുന്ന ചിലരുടെ ദുഷ്പ്രവൃത്തികള്‍മൂലം ആകെ പരിഹസിക്കപ്പെടുന്ന സ്ഥിതിയാണിപ്പോള്‍. മൂടിവെക്കാന്‍ ശ്രമിച്ചതാണ് ഓരോ കേസിനെയും കൂടുതല്‍ വഷളാക്കിയത്. തെറ്റുചെയ്യുന്ന ന്യൂനപക്ഷത്തെ സംരക്ഷിക്കാന്‍ നേതൃത്വങ്ങള്‍ ശ്രമിക്കുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കുന്നതാണ് സഭയെ പ്രതിരോധത്തിലാക്കുന്നത്.

മാടത്തെരുവി കൊലക്കേസുപോലെ ഒറ്റപ്പെട്ട സംഭവങ്ങളാണ് നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ കേസുകള്‍ കൂടുകയാണ്. മാധ്യമങ്ങളെ കുറ്റംപറഞ്ഞ് രക്ഷപ്പെടാനാണ് പലപ്പോഴും ശ്രമം. എന്നാല്‍, അടുത്തകാലത്തുണ്ടായ വിവാദങ്ങളെല്ലാം സഭകള്‍ക്കുള്ളില്‍നിന്ന് പുറപ്പെട്ടുവന്നതാണ്. മൂടിവെക്കാന്‍ ശ്രമിച്ചപ്പോള്‍ കൂടുതല്‍ തീയും പുകയും ഉണ്ടായി. ആത്മീയതയാണ് അധികാരമെന്ന് ഉത്തരവാദപ്പെട്ടവര്‍ മറന്നുപോയെന്ന് സിറോ മലബാര്‍സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ട് ചൂണ്ടിക്കാട്ടുന്നു.

 • അഭയ കേസ്

അടുത്ത കാലത്ത് സഭയെ ഏറ്റവും പ്രതിസന്ധിയിലാക്കിയ സംഭവം. കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് പ്രതിയാക്കപ്പെട്ടത്. 

 • കൊട്ടിയൂര്‍ കേസ്

തലശ്ശേരി കൊട്ടിയൂരില്‍ വൈദികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ഫാ. റോബിന്‍ വടക്കുഞ്ചേരി ഇപ്പോഴും റിമാന്‍ഡിലാണ്. വൈദികന്‍ ഉള്‍പ്പെടെ ഏഴുപേര്‍ വിചാരണ നേരിടുന്നു.

 • സ്ഥലവില്‍പ്പന വിവാദം

അടുത്തകാലത്ത് സിറോമലബാര്‍ സഭയെ പിടിച്ചുലച്ച ഏറ്റവും വലിയ വിവാദമാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ സ്ഥലവില്‍പ്പന. എറണാകുളത്തെ കണ്ണായ അഞ്ച് പ്ലോട്ടുകള്‍ ചുളുവിലയ്ക്ക് വിറ്റെന്നായിരുന്നു ആരോപണം. അതിരൂപതാ ആര്‍ച്ച് ബിഷപ്പ് കൂടിയായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പ്രൊക്യുറേറ്ററായിരുന്ന ഫാ. ജോഷി പുതുവ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് ആക്ഷേപം. ക്രമക്കേടുകള്‍ കണ്ടെത്തിയത് വൈദികരായിരുന്നു. മാസങ്ങള്‍ക്കുശേഷമാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായത്. അതിരൂപതാഭരണത്തിന് അപ്പൊസ്തലിക് അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് വിവാദത്തിന് താത്കാലിക ശമനമുണ്ടാക്കിയിരിക്കയാണ് വത്തിക്കാന്‍. 

 • കോട്ടപ്പുറത്തെ പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോട്ടപ്പുറം രൂപതയിലെ വൈദികനായിരുന്ന എഡ്വിന്‍ ഫിഗാരസ് ഇരട്ടജീവപര്യന്തം ശിക്ഷ നേരിടുന്നു. വൈദികന്‍ തന്നെ പലതവണ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി 2015 ജനുവരിയില്‍ അമ്മയോട് പറഞ്ഞതോടെയാണ് വിവരം പുറത്തായത്. വൈദികനെ രൂപത സസ്‌പെന്‍ഡ് ചെയ്തു. 

 • ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം

അടുത്തിടെ, നാലുവൈദികര്‍ തന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന ഒരാളുടെ വെളിപ്പെടുത്തല്‍ ഓര്‍ത്തോഡോക്‌സ് സഭയില്‍ വന്‍വിവാദത്തിന് തുടക്കമിട്ടു. കഴിഞ്ഞ മേയ് ഒമ്പതിന് സ്ത്രീയുടെ ഭര്‍ത്താവ് നിരണം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസിനാണ് പരാതി നല്‍കിയത്. തന്നെ ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ സത്യപ്രസ്താവനയടക്കമായിരുന്നു പരാതി. ഇതോടെ നാല് വൈദികര്‍ക്ക് താത്കാലിക വിലക്കുണ്ടായി. എന്നാല്‍, ഇവര്‍ മറ്റുപള്ളികളില്‍ കുര്‍ബാനയര്‍പ്പിച്ചു തുടങ്ങിയതോടെ ഭര്‍ത്താവ് മാധ്യമങ്ങളെ കണ്ടു. വൈദികരായ എബ്രഹാം വര്‍ഗീസ്, ജോബ് മാത്യു, ജോണ്‍സണ്‍ വി.മാത്യു, ജെയ്സ് കെ. ജോര്‍ജ് എന്നിവര്‍ അറസ്റ്റിലായി. ഇപ്പോഴിവര്‍ ജാമ്യത്തിലാണ്.

 

 

ഫ്രാങ്കോ;അധികാരത്തിന്റെയും ആഡംബരത്തിന്റെയും ആള്‍രൂപം
ജിജോ സിറിയക്‌

bishop francoസഭയിലും സമൂഹത്തിലും അധികാരകേന്ദ്രങ്ങളുമായി   അടുത്തബന്ധം സ്ഥാപിച്ചാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ശക്തിയാര്‍ജിച്ചത്. ജലന്ധര്‍രൂപതയിലെ ഒരുലക്ഷത്തോളം വരുന്ന കത്തോലിക്കാവിശ്വാസികള്‍ പഞ്ചാബിലെ  നാലുനിയമസഭാമണ്ഡലങ്ങളില്‍ നിര്‍ണായകശക്തിയാണ്. അതുകൊണ്ടുതന്നെ പഞ്ചാബിലെ രാഷ്ട്രീയനേതൃത്വം  എന്നും ഫ്രാങ്കോയെ വണങ്ങിനിന്നു.

ജലന്ധര്‍രൂപതാ വൈദികനെന്ന നിലയില്‍ പഠന കാലത്തുതന്നെ അവിടെ പ്രമുഖരുമായി ബന്ധങ്ങളുണ്ടാക്കാന്‍ ഫ്രാങ്കോ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രൂപതയ്ക്കുകീഴിലുള്ള നാല്പതോളം സ്‌കൂളുകളില്‍ പലതിലും സമൂഹത്തിലെ ഏറ്റവും ഉന്നതരുടെ മക്കളാണ്  പഠിക്കുന്നത്. ഈബന്ധങ്ങളും തന്റെ സ്വാധീനശേഷി  വര്‍ധിപ്പിക്കാന്‍ പ്രയോജനപ്പെടുത്തി. സിഖ് സമുദായവുമായി സൗഹാര്‍ദം പുലര്‍ത്തിയിരുന്ന ഫ്രാങ്കോ, സുവര്‍ണക്ഷേത്രത്തിലും മറ്റും സന്ദര്‍ശനം നടത്തുകയും ഗുരുനാനാക്കിന്റെ ആശയങ്ങളെക്കുറിച്ച്  പ്രസംഗിക്കുകയുംചെയ്തിരുന്നു. ഇത് അദ്ദേഹത്തിന്  അവിടെ ഏറെ ആദരവ് നേടിക്കൊടുത്തു.

വളരുന്ന ബന്ധങ്ങള്‍

2009-ല്‍ ഡല്‍ഹി സഹായമെത്രാനായതോടെ രാഷ്ട്രീയ ബന്ധങ്ങള്‍കൂടി. കോണ്‍ഗ്രസ്-ബി.ജെ.പി.  നേതാക്കളുമായി ഒരേസമയം അടുപ്പം പുലര്‍ത്താന്‍ ഫ്രാങ്കോ ശ്രദ്ധിച്ചു. തൃശ്ശൂരുനിന്നുള്ള കോണ്‍ഗ്രസിലെ  ഉന്നതനേതാവ് ഫ്രാങ്കോയുടെ ചങ്ങാതിയായിരുന്നു.  ഇതുവഴി കോണ്‍ഗ്രസിന്റെ തലപ്പത്തുള്ളവരുമായിവരെ   ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു.

വത്തിക്കാനിലും ഫ്രാങ്കോയ്ക്ക് നിര്‍ണായകസ്വാധീനമുണ്ട്.  അവിടെ അല്‍ഫോണ്‍സ അക്കാദമിയില്‍നിന്ന് മോറല്‍ തിയോളജിയിലാണ് ഡോക്ടറേറ്റെടുത്തത്. ഇക്കാലത്ത് വത്തിക്കാനിലെ ചില കര്‍ദിനാള്‍മാരുടെ  മാനസപുത്രനാകാന്‍ കഴിഞ്ഞതാണ് മറ്റുപലരെയും മറികടന്ന് ഡല്‍ഹി സഹായമെത്രാനാകാനും വൈകാതെ ജലന്ധര്‍ ബിഷപ്പാകാനും ഫ്രാങ്കോയെ തുണച്ചതെന്ന് ആരോപണമുണ്ട്. 

ആര്‍ഭാടത്തിലും ആഘോഷത്തിലും മുന്നില്‍

സാധാരണ മിഷന്‍ രൂപതകളില്‍നിന്ന് വ്യത്യസ്തമായി  ജലന്ധറിന് സ്വത്തും സ്ഥാപനങ്ങളുമുണ്ട്. സമ്പത്ത് ആര്‍ജിക്കുന്നതിനുള്ള അവസരങ്ങള്‍ ഫ്രാങ്കോ പ്രയോജനപ്പെടുത്തി. ജലന്ധറില്‍ വ്യവസായസംരംഭങ്ങള്‍ വരെ തുടങ്ങി. ആഘോഷങ്ങളിലും ആര്‍ഭാടങ്ങളിലും  തത്പരനായ ബിഷപ്പ് ഭൂരിഭാഗം വിശ്വാസികളുടെയും പ്രിയപ്പെട്ടവനായിരുന്നു.  സഭാപിതാക്കന്‍മാരടക്കമുള്ളവരുമായി അടുപ്പമുണ്ടാക്കി. 

ജലന്ധറിലെ മറ്റു സന്ന്യാസ സഭകളില്‍പ്പെട്ട വൈദികര്‍ ഫ്രാങ്കോയുമായി  അടുപ്പത്തിലായിരുന്നില്ല. അതിരൂപത നടത്താന്‍  ഏല്‍പ്പിച്ചിരുന്ന സ്ഥാപനങ്ങള്‍ പല സഭകളില്‍നിന്നും   ബിഷപ്പ് തിരിച്ചുപിടിക്കുകയും സ്വന്തം മേല്‍നോട്ടത്തിലാക്കുകയും ചെയ്തു. കൂടാതെ,  ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് ജീസസ് എന്ന സഭ സ്ഥാപിച്ച് അതിനായി സ്വത്ത് ആര്‍ജിക്കുന്നതില്‍ ശ്രദ്ധവെച്ചു. മറ്റുസഭകളില്‍നിന്ന് പുറത്താക്കിയ  വൈദികരടക്കമുള്ളവരെ ഫ്രാങ്കോ തന്റെ സഭയില്‍ ചേര്‍ത്തു. ജലന്ധര്‍ രൂപതയിലെതന്നെ സീനിയര്‍ വൈദികരില്‍ പലരും ഫ്രാങ്കോയുടെ നടപടികളില്‍ അസ്വസ്ഥരായിരുന്നു. 

തൃശ്ശൂര്‍ മറ്റത്തെ തന്റെ ഇടവകയിലും നാട്ടിലും ബിഷപ്പ് ഏറെ സ്വീകാര്യനായിരുന്നു. സേവനമേഖലകളില്‍  കൈയയച്ച് സംഭാവന ചെയ്തിരുന്ന ഫ്രാങ്കോ, കുറേപ്പേര്‍ക്ക് ജലന്ധറില്‍ ജോലിലഭ്യമാക്കുകയുംചെയ്തു.

പിഴച്ചത് അമിത ആത്മവിശ്വാസം

കന്യാസ്ത്രീയുടെ പീഡനാരോപണത്തെ സ്വാധീനവും അധികാരവും ഉപയോഗിച്ച് ഇല്ലാതാക്കാന്‍ കഴിയുമെന്ന അമിത വിശ്വാസമാണ് ഫ്രാങ്കോയ്ക്ക് വിനയായതെന്ന് ജലന്ധറില്‍നിന്നുള്ള വൈദികര്‍തന്നെ പറയുന്നു. തുടക്കത്തില്‍ ജലന്ധറില്‍നിന്ന് വലിയ പിന്തുണ ലഭിച്ചെങ്കിലും കേസ് ശക്തമായതോടെ വേണ്ടപ്പെട്ടവര്‍ കൈയൊഴിഞ്ഞെന്നാണ് ലഭിക്കുന്ന വിവരം.

അന്വേഷണ നാള്‍വഴികള്‍

കന്യാസ്ത്രീയുടെ പരാതി ഇങ്ങനെ: 2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തിലെത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു.

ജൂണ്‍

 •  2017 മാര്‍ച്ച് 26: പീഡനം സംബന്ധിച്ച് മദര്‍ സൂപ്പീരിയറിന് കന്യാസ്ത്രീ പരാതി നല്‍കി
 •  2018 ജൂണ്‍ 2: പള്ളി വികാരിയുടെ അനുരഞ്ജന ശ്രമം
 • ജൂണ്‍ 27: കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കന്യാസ്ത്രീ പരാതി നല്‍കി
 • ജൂണ്‍ 28: പോലീസ് കേസെടുത്തു. അന്വേഷണം വൈക്കം ഡിവൈ.എസ്.പി. കെ. സുഭാഷിന് കൈമാറി

 
ജൂലായ്

 • ജൂലായ് 7: ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ മഠത്തിലെത്തി
 • ജൂലായ് 10: ബിഷപ്പ് വിദേശത്തേക്ക് കടക്കാതിരിക്കാന്‍ വ്യോമയാന മന്ത്രാലയത്തിന് കത്ത്
 •  ജൂലായ് 14: കന്യാസ്ത്രീ വാക്കാല്‍ പരാതി നല്‍കിയിരുന്നതായി പാലാ ബിഷപ്പ് മൊഴി നല്‍കി. കേസില്‍നിന്ന് പിന്‍മാറാന്‍ രൂപതാ അധികാരികള്‍ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴി
 • ജൂലായ് 30: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി രേഖപ്പെടുത്തി

ഓഗസ്റ്റ്

 •  ഓഗസ്റ്റ് 1: ജലന്ധറില്‍ പോകാന്‍ അന്വേഷണസംഘത്തിന് അനുമതി
 • ഓഗസ്റ്റ് 4: അന്വേഷണസംഘം ഡല്‍ഹിയില്‍. 
 • കന്യാസ്ത്രീക്കെതിരേ ആരോപണം ഉന്നയിച്ച ബന്ധുവിന്റെ മൊഴിയെടുത്തു
 •  ഓഗസ്റ്റ് 6: ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേലിന്റെ മൊഴിയെടുത്തു
 •  ഓഗസ്റ്റ് 10: അന്വേഷണസംഘം ജലന്ധറില്‍
 • ഓഗസ്റ്റ് 13: ബിഷപ്പിനെ ചോദ്യം ചെയ്തു
 • ഓഗസ്റ്റ് 28: വധിക്കാന്‍ ശ്രമിച്ചെന്നുകാട്ടി കന്യാസ്ത്രീയുടെ പരാതി

 
സെപ്റ്റംബര്‍
 

 • സെപ്റ്റംബര്‍ 12: ഐ.ജി.യുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ യോഗം, ബിഷപ്പിന് നോട്ടീസ്
 • സെപ്റ്റംബര്‍ 15: ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ രൂപതയുടെ ചുമതലകള്‍ കൈമാറി
 • സെപ്റ്റംബര്‍ 19, 20: ഫ്രാങ്കോയെ തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലില്‍ ചോദ്യംചെയ്തു
 • സെപ്റ്റംബര്‍ 21: മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ്