ദേസ്തോവിസ്‌ക്കിയുടെ ''കുറ്റവും ശിക്ഷയും'' എന്ന നോവലില്‍ റാസ്‌ക്കോനിക്കോവ് അദ്ദേഹത്തിന്റെ മാനസാന്തരത്തിനും നോവലിന്റെ അവസാനത്തിനും മുമ്പ് രോഗിയായി കഴിയുമ്പോള്‍ ഒരു സ്വപ്നം കാണുന്നു. നോവലിസ്റ്റ് അത് ഇങ്ങനെ വിവരിക്കുന്നു: ''ലോകം മുഴുവന്‍ ഭീകരവും അതിവിചിത്രവുമായ ഒരു 'വസന്ത'യ്ക്കു വിധേയമാകുന്നതായി അയാള്‍ സ്വപ്നം കണ്ടു. അത് ഏഷ്യയുടെ ആഴത്തില്‍നിന്നു യൂറോപ്പിലേക്കു വന്നു. ഒരു പ്രത്യേക തരം സൂക്ഷ്മജീവികള്‍ മനുഷ്യശരീരത്തെ ആക്രമിക്കുന്നു. ഈ സൂക്ഷ്മജീവികള്‍ക്കു ബുദ്ധിയും ഇച്ഛയുമുണ്ട്. അവയുടെ ആക്രമത്തില്‍ മനുഷ്യര്‍ പെട്ടെന്ന് ഭ്രാന്തവും മൃഗീയവുമായി മാറുന്നു. ഈ വസന്ത പിടിച്ചവര്‍ ഒരു കാലത്തും അത്രമാത്രം ബുദ്ധിമാന്മാരും സത്യത്തിന്റെ ഉടമസ്ഥതയില്‍ ഇത്ര ബോധ്യമുള്ളവരും അവരുടെ തീരുമാനങ്ങളിലും ശാസ്ത്രീയ നിഗമനങ്ങളിലും ധാര്‍മ്മിക ബോധ്യങ്ങളിലും ഇത്ര തെറ്റായവരുമായിരുന്നില്ല. ഗ്രാമം മുഴുവനും പട്ടണം മുഴുവനും ആളുകള്‍ രോഗബാധയില്‍ ഭ്രാന്തരായി. എല്ലാവരും പ്രകോപിതരായി. ആരും പരസ്പരം മനസ്സിലാക്കിയില്ല.

ഓരോരുത്തരും തനിക്കു മാത്രം സത്യം അറിയുന്നവരായി. മറ്റുള്ളവരെ നോക്കി നീചമായി നെഞ്ചത്തടിച്ചു കരഞ്ഞു കൈകള്‍ പിരിച്ചു കെട്ടി. അവര്‍ക്കു വിധിക്കാന്‍ കഴിഞ്ഞില്ല. ശരി- തെറ്റ് വിവേചിക്കാന്‍ സാധിച്ചില്ല. ആരെ കുറ്റപ്പെടുത്തണം, ആരെ ന്യായീകരിക്കണം എന്നുമറിഞ്ഞില്ല. അര്‍ത്ഥരഹിതമായ സ്പര്‍ദ്ധയില്‍ അവര്‍ പരസ്പരം കൊന്നു. അവര്‍ പരസ്പര വിരുദ്ധമായി ഒച്ചവച്ചു. അവര്‍ പുറപ്പെട്ടു പരസ്പരം ആക്രമിച്ച് അവര്‍ പിരിഞ്ഞു. പോരാളികളായി പരസ്പരം കുത്തി, വെട്ടി, കടിച്ചു. പരസ്പരം വിഴുങ്ങുന്നവരായി. പട്ടണത്തില്‍ അപായത്തിന്റെ മണി പകല്‍ മുഴുവന്‍ മുഴങ്ങിക്കൊണ്ടിരുന്നു. ആളുകള്‍ ഓടിക്കൂടി; അവരെ ആരാണ് വിളിച്ചത് എന്ന് ആരും അറിഞ്ഞില്ല. കച്ചവടക്കാര്‍ കച്ചവടം ഉപേക്ഷിച്ചു. ഓരോരുത്തരും ഓരോ ആശയങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു. പക്ഷെ, ഒന്നിലും ഒന്നിക്കാന്‍ കഴിഞ്ഞില്ല. ഭൂമി ഉപേക്ഷിക്കപ്പെട്ടു. ആളുകള്‍ കൂട്ടം കൂടി ഒന്നു സമ്മതിച്ചു, സത്യം ചെയ്തു. പക്ഷെ, മറ്റൊന്നു ചെയ്തു. പരസ്പരം ശണ്ഠ കൂടി, കുറ്റപ്പെടുത്തി കൊന്നു. തീപിടുത്തങ്ങളും പട്ടിണിയുമുണ്ടായി. എല്ലാവരും നശിപ്പിക്കലില്‍ വ്യാപൃതരായി. വസന്ത പടര്‍ന്നു; അത് വ്യാപിച്ചുകൊണ്ടിരുന്നു.''

സാഹിതൃത്തിലുടനീളം 'വസന്ത' വിഷയമാണ്. കമ്യൂവിന്റെ വസന്തയില്‍ അദ്ദേഹം ചോദിക്കുന്നു: ''വസന്ത, അത് എന്താണ്? അതു ജീവിതമാണ്, മറ്റൊന്നുമല്ല.'' അദ്ദേഹം എഴുതി: ''ആ വയസ്സന്‍ കണ്ണീരൊലിപ്പിച്ചു കൊണ്ട് ചിന്തിച്ചതു അയാളും അറിഞ്ഞു. റിയുവും ചിന്തിച്ചു. സ്നേഹമില്ലാത്ത ജീവിതം ചത്തതാണ്. എവിടെയും എല്ലായ്പ്പോഴും ആ വിനാഴിക വരുന്നു; മനുഷ്യന്‍ അദമ്യമായി ആഗ്രഹിക്കുന്നതു സ്നേഹമുള്ള മുഖമാണ് - സ്നേഹമുള്ള ഹൃദയത്തിന്റെ ആര്‍ദ്രതയും അതിന്റെ അത്ഭുതവും.'' ഈ സ്നേഹം സംസ്‌കാരത്തിലും ജീവിതത്തിലും ഇല്ലാതാകുമ്പോള്‍ അനുഭവിക്കുന്നതു വസന്തയാണ്. വെറുക്കപ്പെടുന്നതിനെക്കാള്‍ മനുഷ്യനില്‍ ആദരിക്കപ്പെടാനുണ്ട് എന്നറിയാത്ത ഒരു സംസ്‌കാരം പിറക്കുന്നതു കാണുമ്പോള്‍ മനുഷ്യന്‍ വസന്തയില്‍ വസിക്കുന്നു എന്നറിയണം. ഏറ്റവും ദുരന്തപൂര്‍ണ്ണമായത് എപ്പോഴാണ് എന്നതിനു സാഹിത്യം നല്കുന്ന മറുപടി, നീണ്ട ഉപരോധത്തില്‍പ്പെട്ടവര്‍ ധാര്‍മ്മികമായി തളരുകയും ക്ഷീണിച്ച് ധര്‍മ്മക്ഷയത്തില്‍ ശിഥിലമാകയും ചെയ്യുമ്പോഴാണ്. അപ്പോഴാണ് ഷേക്‌സ്പിയര്‍ എഴുതിയത് അന്വര്‍ത്ഥമാകുന്നത് ''പ്രതികാരത്തിന്റെ പ്രതീക്ഷയാണ് ആന്തരിക വൈരുദ്ധ്യം മറയ്ക്കുന്നത്.''

ഈവിധമുള്ള പ്രതികാരമോഹം ഒളിപ്പിക്കുന്ന ആന്തരിക വൈരുദ്ധ്യവും നമ്മുടെ ഇടയില്‍ വളരുന്നതു കാണേണ്ടി വരുന്നു. 2014-ലെ വിശ്വഹിന്ദു കോണ്‍ഗ്രസ് അതിന്റെ അഞ്ച് ശത്രുക്കളെ പ്രഖ്യാപിച്ചു: മാര്‍ക്സിസം, മെക്കോളെയിസം, മിഷനറിമാര്‍, മെറ്റീരിയലിസം, മുസ്ലീം തീവ്രവാദം. വ്യക്തമായ മുസ്ലീം വിരോധവും ക്രൈസ്തവവിരോധവും അവിടെ പ്രകടമായി. കേരളത്തില്‍ വ്യത്യസ്തമായ അടവായിരുന്നു. സുറിയാനി ക്രിസ്ത്യാനികളുമായി ചങ്ങാത്തമായി. മുസ്ലീം വിരോധം ക്രിസ്ത്യാനികളും ഏറ്റെടുക്കാന്‍ തുടങ്ങുന്നു. കേരളത്തിനു പുറത്തുള്ള ക്രിസ്ത്യാനികള്‍ ഇപ്പോഴും ശത്രുപക്ഷത്താണ്. ഈ രാഷ്ട്രീയത്തിന്റെ ദേശീയത വൈരത്തിന്റെ വിത്തു വിതയ്ക്കലായി മാറുന്നു. മുസ്ലീങ്ങളോട് വിരോധം വേണ്ട എന്നു പറഞ്ഞവരും ഇവര്‍ക്കു ശത്രുക്കളായി. ഈ നിലപാട് തിരുത്താന്‍ കേരള കത്തോലിക്ക മെത്രാന്മാര്‍ സന്നദ്ധമാകുന്നതിന്റെ ലോലമായ ശബ്ദമാണ് സെപ്തംബര്‍ 29-ന്റെ പ്രസ്താവനയില്‍ കണ്ടത് - ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാട് സ്വീകരിക്കണം.

ഇത്ര വൈരം വളരാന്‍ കാരണങ്ങള്‍ പലരും പറയുന്നില്ല. പറയുന്നതല്ല, പറയാന്‍ ഉദ്ദേശിക്കുന്നത്. പറയുന്ന വാക്കുകളില്‍ ഒളിക്കുന്നത് എന്താണ്? ഇതൊക്കെ ചില സാമൂഹ്യമാധ്യമങ്ങളില്‍ കാണുന്നുണ്ട്. അതിലൊന്ന് മുസ്ലീങ്ങളുടെ ജനസംഖ്യാ വര്‍ദ്ധനവാണ്. "1956-ല്‍ കേരള സംസ്ഥാനം രൂപീകൃതമായ കാലത്ത് കേരളത്തില്‍ 19 ശതമാനമായിരുന്നു മുസ്ലീങ്ങള്‍, ക്രൈസ്തവരാകട്ടെ 29%. ഇന്നാകട്ടെ ക്രൈസ്തവര്‍ 17% മുസ്ലീങ്ങള്‍ 29%. ക്രൈസ്തവ സ്ത്രീകള്‍ വിദ്യാഭ്യാസം നേടി ഉദ്യോഗസ്ഥകളായി. ജനസംഖ്യാ വര്‍ദ്ധനവ് നിയന്ത്രിച്ചു. മുസ്ലീങ്ങള്‍ ദേശത്തിന്റെ വിളി കേട്ടില്ല. അവരുടെ സംഖ്യ വര്‍ദ്ധിച്ചു." ഈ വാക്കുകളില്‍ ഒരു കുറ്റപ്പെടുത്തലുണ്ട്. ഈ ആരോപണം എത്ര മാത്രം വസ്തുനിഷ്ഠമാണ് എന്ന് അന്വേഷിക്കേണ്ടതാണ്. ഇതു സംഘ പരിവാറിന്റെ, നാളുകളായി നടത്തുന്ന പ്രചാരണത്തിന്റെ ആവര്‍ത്തനമുണ്ടോ? ദേശസ്നേഹമില്ലാത്തവരായി അവരെ മുദ്രകുത്തുന്നു.

ജനനനിരക്കിനെ നിയന്ത്രിക്കുന്ന മൂന്നു പ്രധാന ഘടകങ്ങള്‍ സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസം, മൂല്യബോധം അഥവാ മതം എന്നിവയാണ്. സാമ്പത്തിക സ്ഥിതിയും വിദ്യാഭ്യാസവും ഉയരുന്നതനുസരിച്ച് ജനനനിരക്കു കുറയുന്നു. മുസ്ലീങ്ങള്‍ ഇതിന് അപവാദമാണോ മുസ്ലീങ്ങള്‍ മുസ്ലീങ്ങളായതു കൊണ്ടാണോ, അതോ അവര്‍ സാമ്പത്തിക ശക്തി കുറഞ്ഞവരും വിദ്യാഭ്യാസത്തില്‍ പിന്നോക്കവുമായതു കൊണ്ടാണോ ജനനനിരക്കു കൂടുന്നത്? ഇതു കേരളത്തിലെ മറ്റു പിന്നോക്ക വിഭാഗങ്ങളുടെ ജനന നിരക്ക് നോക്കിയാലും വ്യക്തമാകും. കേരളത്തില്‍ ജനന നിരക്ക് ഏറ്റവും കുറഞ്ഞവര്‍ നായര്‍ സമൂഹവും മാര്‍തോമ സഭയിലെ ക്രൈസ്തവരുമാണ്.

മറ്റൊരു സാമൂഹിക പ്രശ്നമായി അവതരിപ്പിക്കുന്നത് ഒബിസി ആനുകൂല്യങ്ങള്‍ മുസ്ലീങ്ങള്‍ക്ക് ലഭിച്ചു സുറിയാനി ക്രിസ്ത്യാനികള്‍ക്ക് ലഭിച്ചില്ല എന്നതാണ്. ഈ കാലഘട്ടങ്ങളില്‍ സുറിയാനി ക്രിസ്ത്യാനികളുടെ നേതാക്കള്‍ തങ്ങള്‍ അവശവിഭാഗമായി അംഗീകരിച്ച് ഈ അവകാശങ്ങള്‍ക്കു വേണ്ടി വല്ലതും ചെയ്തോ എന്നറിയല്ല. അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷെ അതിനു മുസ്ലീങ്ങളെ കുറ്റപ്പെടുത്തിയിട്ട്  എന്താണ് നേടുന്നത് എന്ന് ശാന്തമായി ചിന്തിക്കണം. മൂന്നാമത്തെ വിഷയം ഗള്‍ഫ് രാജ്യങ്ങളില്‍ പെട്ടെന്നുണ്ടായ സാമ്പത്തിക കുതിച്ചു കയറ്റമാണ്. എണ്ണയുടെ അടിസ്ഥാനത്തിലുള്ള ഈ സാമ്പത്തിക പുരോഗതി മുസ്ലീങ്ങള്‍ക്കു നേട്ടമുണ്ടാക്കിയിട്ടുണ്ട് എന്നതു യാഥാര്‍ത്ഥ്യമാണ്.

മലപ്പുറം ജില്ലയെക്കുറിച്ചും അതിന്റെ പരിവട്ടത്തില്‍ ഉണ്ടായ രാഷ്ട്രീയ കക്ഷികളുടെ മുസ്ലീം പ്രീണനത്തെക്കുറിച്ചും എഴുതിയ ആരോപണങ്ങള്‍ കണ്ടു. ഇതു സംഘ പരിവാരങ്ങള്‍ കേരളത്തിലെ പാര്‍ട്ടികള്‍ എല്ലാം ന്യൂനപക്ഷ പ്രീണനത്തിന്റെയായിരുന്നു എന്ന വാദത്തിന്റെ ആവര്‍ത്തനമാണോ എന്നു ചിന്തിക്കേണ്ടതുണ്ട്. ഇതില്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയേയും കോണ്‍ഗ്രസ്സിനെയും കുറ്റപ്പെടുത്തുമ്പോള്‍ ഇതേ ആരോപണം കേരള കോണ്‍ഗ്രസ്സുമായി ബന്ധപ്പെടുത്തി നടത്തുന്നവരുണ്ട് എന്നു മറക്കാനാവില്ല.

ഗള്‍ഫ് രാജ്യങ്ങളിലെ പണക്കൊഴുപ്പ് മുസ്ലീങ്ങളെ സഹായിച്ചു എന്നതു ശരിയാണെങ്കിലും പറയാന്‍ വിട്ടുപോയ വേറെ ചില കാര്യങ്ങളില്ലേ? ഇന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ 25 ലക്ഷം മലയാളികള്‍ ഉണ്ട് എന്നാണ് കരുതുന്നത്. ഇവര്‍ എല്ലാവരും ഒരു മതക്കാരല്ല. എല്ലാ മതക്കാരുമുണ്ട്. ക്രൈസ്തവരില്‍നിന്നു ധാരാളം നഴ്‌സുമാരുമുണ്ട്. മുസ്ലീങ്ങള്‍ക്ക് ഗള്‍ഫ് സഹായത്തില്‍ വളരെയേറെ പുരോഗതി ഉണ്ടായിട്ടുണ്ട്. പക്ഷെ, കേരളത്തിലെ ക്രൈസ്തവര്‍ക്ക് ഇതുപോലെ പാശ്ചാത്യരാജ്യങ്ങളില്‍നിന്ന് അവിടങ്ങളിലെ വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നും സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പള്ളികള്‍ ഇവയ്ക്കായി സഹായം ലഭിച്ചിട്ടില്ലേ?

കേരളത്തില്‍ പ്രത്യേകിച്ച് മലബാര്‍ ഭഗങ്ങളില്‍ കാര്യമായ സമുദായ സ്പര്‍ദ്ധ ഉണ്ടായിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ലൗ ജിഹാദ് എന്നതുകൊണ്ട് ഇവിടെ ധാരാളം പേര്‍ അര്‍ത്ഥമാക്കുന്നതു ക്രൈസ്തവ യുവതികള്‍ മുസ്ലീം യുവാക്കന്മാരെ സ്‌നേഹിച്ചു നടത്തുന്ന വിവാഹമാണ് എന്നു തോന്നിപ്പോകുന്നു. മതാന്തര വിവാഹങ്ങള്‍ കേരളത്തിന്റെ മിശ്ര വിദ്യാഭ്യാസ പശ്ചാത്തലത്തില്‍ സ്വാഭാവികമായി ഉണ്ടാകും. പക്ഷെ, അതിന്റെ കുറ്റപ്പെടുത്തലുകള്‍ മുസ്ലീങ്ങളിലേക്കു മാത്രമായി മാറുന്നു.

എന്തുകൊണ്ട് ഈ പെണ്‍കുട്ടികള്‍ ഇത്തരം വിവാഹങ്ങള്‍ മാതാപിതാക്കളുടെ അനിഷ്ടം അവഗണിച്ചു നടത്തുന്നു എന്നതു സമുദായം ചിന്തിക്കണം. പെണ്‍കുട്ടികള്‍ ഉത്തരവാദിത്വപൂര്‍വ്വം എടുക്കുന്ന അവരുടെ തീരുമാനങ്ങള്‍ക്കു നിയമസാധുതയുണ്ട് എന്ന് മാതാപിതാക്കളും മനസ്സിലാക്കണം. ലൗ ജിഹാദിനെക്കുറിച്ച് ഈ വിവാഹിതരായ പെണ്‍കുട്ടികളാണ് തുറന്നുപറയേണ്ടത്. ഭൂമി മുഴുവന്‍ ചില സമുദായക്കാര്‍ വാങ്ങിക്കൂട്ടുന്നു എന്ന ആരോപണമുണ്ട്. ക്രൈസ്തവ സമൂഹത്തിനുള്ളില്‍ തലമുറ മാറ്റത്തില്‍ സമ്പത്തിനെക്കുറിച്ച് വീക്ഷണങ്ങളും മാറുകയാണ്. സമ്പത്തു ഭൂമിയായി പരിഗണിച്ചവരായിരുന്നു സുറിയാനി ക്രൈസ്തവര്‍. പക്ഷെ, ഇപ്പോഴത്തെ തലമുറ പ്രൊഫഷണല്‍സ് ആയി സമ്പത്തും വ്യത്യസ്തമായി കാണുന്നവരാണ്. ഇതു പഴയ ചിന്താഗതിക്കാരില്‍ ആകുലതകള്‍ ഉണ്ടാക്കും.

പണ്ട് മുസ്ലീങ്ങള്‍ക്കുണ്ടായിരുന്നതിലും അധികമായ വേര്‍തിരിവിന്റെയും തനിമയുടെയും ആടകളും അനുഷ്ഠാനങ്ങളും വര്‍ദ്ധിക്കുമ്പോള്‍ സ്വാഭാവികമായ അകല്‍ച്ചയുണ്ടാകും. അതു മനസ്സിലാക്കാനും ആത്മനിഷ്ഠമായ വിമര്‍ശനങ്ങളിലൂടെ തിരുത്താനും കഴിയുന്ന വിവേകവും ദീര്‍ഘവീക്ഷണവുമുള്ളവര്‍ അവരിലുണ്ട്. ''ഞങ്ങള്‍ ശരിയാണ്' എന്ന നിലപാട് സ്വീകരിക്കുമ്പോഴും മറ്റുള്ളവരുടെ ശരിക്കും ഇടംകൊടുക്കാന്‍ വേണ്ട വിശാലതയിലേക്കു നാം എല്ലാവരും വളരണം.

മതം സ്വന്തം സ്വകാര്യതയോടുള്ള പ്രതികരണമാണ് എന്നതു വളരെ ബലവത്തായി കാക്കുന്നവരാണ് ഹിന്ദുക്കള്‍. അതുകൊണ്ട്, സംഘബോധത്തിന്റെ വികാരമായി മതം മാറുന്ന മൗലികവാദത്തിനു പൂര്‍ണ്ണമായി ഹിന്ദുത്വത്തെ വിഴുങ്ങാന്‍ സാധിക്കുന്നില്ല. ഇതു സെമിറ്റ് മതങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. പുറത്തുനിന്ന് അടിച്ചേല്പിച്ചല്ല പുരോഗതികള്‍ ഒരു മതത്തിനുള്ളില്‍ ഉണ്ടാക്കേണ്ടത്. അത് ആന്തരിക വിമര്‍ശനത്തില്‍ നിന്നാണ് ഉണ്ടാകുക. അതിനു പറ്റിയ പ്രതിസംസ്‌കാരങ്ങള്‍ ഏതു മതത്തിനുള്ളിലും ഉണ്ടായാല്‍ മാത്രമേ കാലാനുസൃതമായ പുരോഗതി ഉണ്ടാകയുള്ളു. ഇത്രയും എഴുതിയതു കുറ്റപ്പെടുത്താനല്ല നാം ഒന്നിച്ച് സമാധാനപൂര്‍വൃവും സാഹോദര്യത്തിലും മുന്നോട്ടു പോകുന്നതിന് അപകടങ്ങള്‍ ഒഴിവാക്കാനാണ്.

കേരളത്തിലെ ക്രൈസ്തവ നേതാക്കള്‍ ഈ പ്രശ്‌നത്തില്‍ എന്തു സമീപനമാണ് എടുക്കേണ്ടത്? മുസ്ലീങ്ങളെ വെറുക്കപ്പെട്ടവരായി മുദ്ര കുത്തുന്നത് ആര്‍ക്കും അഭിലഷണീയമല്ല. ഒപ്പം സമൂഹത്തില്‍ വളര്‍ന്നിരിക്കുന്ന സാമുദായിക സ്പര്‍ദ്ധയ്ക്കു പരിഹാരം കണ്ടെത്തണം. രണ്ടു സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയും അകല്‍ച്ചയും ഉണ്ടാക്കുന്നു എന്ന തിരിച്ചറിവില്‍ പള്ളികളില്‍ പറയേണ്ടത് എന്താണ്? സ്പര്‍ദ്ധകൊണ്ട് രാഷ്ട്രീയ ലക്ഷ്യം കണ്ടെത്തുകയല്ല വേണ്ടത്. ഈ സ്പര്‍ദ്ധയെ അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സമൂഹത്തിനു നല്കാനാണ് ശ്രദ്ധിക്കേണ്ടത്. ഇത് ഒരു സാര്‍വത്രിക സാംസ്‌ക്കാരിക പ്രശ്നമാണ്. സാഹിത്യം ഇതു നിരന്തരം ചര്‍ച്ച ചെയ്യുന്നു. ഷേക്സ്പിയറിന്റെ പല നാടകങ്ങളും മലയാള സാഹിത്യത്തിലെ നോവലുകളും ഈ സ്പര്‍ദ്ധയുടെ കഥകളായി മാറുന്നുണ്ട്. നിഥിന മോളെ കൊല ചെയ്ത അഭിലാഷ് ബൈജുവിന്റെ കഥ ശ്രദ്ധിച്ചാല്‍ ഈ ത്രികോണ സ്പര്‍ദ്ധയുടെ അക്രമം വ്യക്തമാകും. പ്രേമനിരാശയും പ്രേമത്തിലേക്കു കടന്നുവന്ന ഒരു വില്ലന്റെ സാന്നിദ്ധ്യവും കൊലപാതകം സൃഷ്ടിക്കുന്നു.

കൊല നടന്നാല്‍ മറ്റൊരുവനെ പിടിച്ച് കൊന്നു വേണം പ്രശ്നം പരിഹരിക്കാന്‍ എന്ന പ്രാകൃത നിലപാടാണ് വധശിക്ഷയുടെ പിന്നില്‍ ഇന്നുമുള്ളത്. കണ്ണിനു പകരം കണ്ണ് എന്ന കാട്ടുനീതി. ഈ സ്പര്‍ദ്ധയില്‍നിന്നു പുറത്തു കടക്കാന്‍ സാംസ്‌കാരികമായി ഉന്നതമായ വഴികള്‍ കണ്ടെത്തണം. ഹോമറിന്റെ ഇലിയഡില്‍ പോലും ഇങ്ങനെയുള്ള വഴിയുടെ വെളിപാടുണ്ട്. യുദ്ധവീരനായ ഹെക്റ്ററിന്റെ അമ്മ തന്റെ മകനോട് കരഞ്ഞ് അപേക്ഷിക്കുന്നു. അക്കില്ലസിനോട് ഏറ്റുമുട്ടാന്‍ പോകരുത് എന്ന്. ഹോമര്‍ അതു ഇങ്ങനെ വിവരിക്കുന്നു. ''തന്റെ മുലകളില്‍ ഒന്ന് വസ്ത്രത്തിന് പുറത്തേക്കിട്ടു. അതു കയ്യില്‍പിടിച്ച് കവിളിലൂടെ കണ്ണീരൊഴുക്കി അവനോട് അപേക്ഷിച്ചു ''ഹെക്റ്റര്‍, എന്റെ കുഞ്ഞേ'' അവര്‍ നിലവിളിച്ചു ''എന്നോട് ഈ കാര്യത്തില്‍ കനിവ് കാണിക്കണം. എത്രയോ തവണകളില്‍ ഈ മുലകളിലെ പാല്‍ നീ കുടിച്ചിരിക്കുന്നു. ആ ദിവസങ്ങള്‍ കുഞ്ഞേ, മറക്കല്ലേ... ആ മനുഷ്യനുമായി ഒറ്റയ്ക്കു നീ യുദ്ധത്തിനു പേകല്ലേ'' (300 12, 399) ഇതാണ് ഈ സാഹചര്യത്തില്‍ മാതൃത്വത്തിന്റെയും മനുഷ്യത്വത്തിന്റെയും പ്രതികരണം.

സമൂഹത്തില്‍ വ്യത്യസ്ത കാരണങ്ങളാല്‍ ഉണ്ടാകുന്ന സ്പര്‍ദ്ധകള്‍ ഊതി വീര്‍പ്പിച്ച് അതുണ്ടാക്കുന്ന അക്രമങ്ങളെ തടയാന്‍ ആരെയെങ്കിലും ബലിയാടാക്കുന്ന പ്രാകൃത മാര്‍ഗ്ഗമല്ല സ്വീകരിക്കേണ്ടത്. എല്ലാ തല്ലിക്കൊലകളും നിലനില്‍ക്കുന്നതു അനുകരണത്തിന്റെ ഫലമായ സ്പര്‍ദ്ധയിലാണ്. അയല്‍ക്കാരന്‍ കാറ് വാങ്ങിയതിലുള്ള അസൂയ അയല്‍ക്കാരന്റെ കാറ് കത്തിക്കുന്ന അക്രമമാകാം.

നമ്മുടെ ഇന്ത്യയില്‍ അടുത്ത കാലത്തുണ്ടായ വര്‍ഗ്ഗീയ ലഹളകള്‍ക്കു പിന്നിലെ രഹസ്യം സാമ്പത്തികമായിരുന്നില്ലേ? അതു ചിലര്‍ വിദഗ്ദ്ധമായി പ്രചരിപ്പിച്ച് ലാഭം കൊയ്തു രാഷ്ട്രീയമായി. വസന്തകളും മതലഹളകളും എപ്പോഴും സൃഷ്ടിച്ചതു വെറുപ്പും വെറുപ്പിന്റെ ഇരകളുടെ മേലുള്ള അക്രമവുമായിരുന്നു. ഈ സ്പര്‍ദ്ധയില്‍ മതവും രാഷ്ട്രവും ഒന്നിച്ച് ക്രൂശിച്ചവന്റെ പേരില്‍ വിശ്വാസമര്‍പ്പിച്ചവര്‍ ഇരയുടെ പക്ഷത്തു നില്‍ക്കാതെ വേട്ടക്കാരുടെ കൂടെ നില്ക്കാന്‍ ഇടയാകാതിരിക്കട്ടെ.

ജിറാര്‍ഡ് എഴുതി ''ഇരയുടെ സത്യം അതാണ് സ്വന്തമാക്കാവുന്ന ഏറ്റവും ശ്രേഷ്ഠവും മതചരിത്രത്തിലെ മാനവികതയുടെ ഏറ്റവും ഭാഗ്യപൂര്‍ണ്ണവുമായ സംഭവം.'' അതിന് അനിവാര്യം ദൈവികതയുടെ സ്പര്‍ശമാണ്. അസ്തിത്വമല്ലാത്തത് അതിന്റെ പാട് പേരിടാകുന്ന എല്ലാറ്റിലും മുദ്രിതമായിരിക്കുന്നതു വായിച്ചറിയാത്തവരോട് പറഞ്ഞിട്ട് എന്തുകാര്യം?" ജിറാര്‍ഡ് എഴുതിയ ഇവിടെ ശരിയാകുന്നതു പോലെ ''ക്രൈസ്തവരുടെ പ്രശ്നം അവരുടെ വേദഗ്രന്ഥങ്ങളില്‍ അവര്‍ക്കു വിശ്വാസം നഷ്ടപ്പെടുന്നു എന്നതാണ്.'' കൊല്ലരുത് എന്ന ദൈവ കല്പന നിരോധിക്കുന്നത് പലപ്പോഴും വഴി തെറ്റി കടന്നുവരുന്ന ഒരു മോഹമല്ല. മോഹത്തിന്റെ തന്നെ ഉള്ളില്‍ കൊല അന്തര്‍ലീനമായിരിക്കുന്ന ത്രികോണ മോഹം ശത്രുവിനെ ഉണ്ടാക്കുകയാണ്. ഇന്നലത്തെ മിത്രം ഇന്നത്തെ ശത്രുവായി മാറുന്നു.

Content Highlights: father paul thelakkat writes about communal issues