ന്ന് വികസിപ്പിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവുമധികം ഭാരം വഹിക്കാന്‍ ശേഷിയുള്ള ഫാല്‍ക്കണ്‍ ഹെവിയുടെ വിജയകരമായ വിക്ഷേപണം റോക്കറ്റ് സാങ്കേതികതയിലെ ഒരു നാഴികക്കല്ലാണ്.

പുനരുപയോഗ സാങ്കേതികത ഫാല്‍ക്കണ്‍ റോക്കറ്റുകളില്‍ നേരത്തേതന്നെ വികസിപ്പിച്ചിട്ടുണ്ടെങ്കിലും ഫാല്‍ക്കണ്‍ ഹെവിയില്‍ അതിന്റെ എല്ലാ ഘട്ടങ്ങളും, രണ്ട് സ്ട്രാപ്പും ബൂസ്റ്ററും, തിരിച്ചിറക്കാന്‍ ശ്രമിച്ച് വിജയകരമായെന്നതാണ് ഏറ്റവുംവലിയ പ്രത്യേകത. സ്റ്റാര്‍മാന്‍ എന്ന ബോമ്മയെ ഡ്രൈവര്‍സീറ്റിലിരുത്തി ടെസ്ല റോഡ്സ്റ്റര്‍ കാറിനെ ഭ്രമണപഥത്തിലെത്തിച്ചത് വലിയ കാര്യമല്ലെങ്കില്‍പോലും അത് റോക്കറ്റ് സാങ്കേതികതയില്‍ ഒരു പുതുയുഗപ്പിറവിയാണ്. ഭൂമിക്ക് അപ്പുറത്ത് മറ്റൊരിടത്തുകൂടി മനുഷ്യവാസം സാധ്യമാക്കുകയെന്ന എലന്‍ മസ്‌കിന്റെ സ്വപ്നത്തിലേക്കുള്ള യാത്രകൂടിയാകും ഫാല്‍ക്കണ്‍ ഹെവിയുടെ വിജയം.

പുനരുപയോഗിക്കാനാവുന്ന ബൂസ്റ്ററുകളും  അപ്പര്‍ സ്റ്റേജും 
അമേരിക്കയും റഷ്യയും ചൈനയും യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യയുമൊക്കെത്തന്നെ റോക്കറ്റുകള്‍ വികസിപ്പിക്കാന്‍ തുടങ്ങിയിട്ട് അറുപത് വര്‍ഷത്തിലധികമായി. എന്നാല്‍, റോക്കറ്റുകള്‍ പൂര്‍ണമായും പുനരുപയോഗിക്കാനാവുന്ന തരത്തില്‍ സാങ്കേതികവിദ്യ വിജയകരമായി ഉപയോഗിക്കാനായത് ആദ്യമായാണ്. സ്‌പേസ് ഷട്ടില്‍ പോലുള്ള പുനരുപയോഗിക്കാന്‍ കഴിയുന്ന റോക്കറ്റുകള്‍ നാം നേരത്തേതന്നെ കണ്ടിട്ടുണ്ട്. സ്‌പേസ് ഷട്ടിലുകളാകട്ടെ ചിറകുള്ളവയാണ്. റോക്കറ്റായി വിക്ഷേപിക്കുകയും വിമാനം പോലെ തിരിച്ചിറങ്ങുകയുമാണ് ചെയ്യുക. അതിലെ ക്രയോജനിക് ഘട്ടവും ഖര ഇന്ധനം ഉപയോഗിക്കുന്ന ഘട്ടവുമൊന്നും പുനരുപയോഗസാധ്യമല്ല. ആ സാങ്കേതികതയില്‍ വാഹനത്തിന് മാത്രമാണ് പുനരുപയോഗ സാധ്യതയുള്ളത്. അതായത്, 30 ശതമാനംമാത്രമേ പുനരുപയോഗിക്കാനാകൂ. എന്നാല്‍, സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍ ഹെവിയില്‍ അതിന്റെ ബൂസ്റ്ററുകളും അപ്പര്‍ സ്റ്റേജും പുനരുപയോഗിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത.

സാധാരണ റോക്കറ്റുകളെ രണ്ടുതരത്തിലാണ് വിവക്ഷിക്കാറുള്ളത്. ഇവോള്‍വ്ഡ് ലോഞ്ച് വെഹിക്കിളെന്നും (ഇ.എല്‍.വി) റീ യൂസബിള്‍ ലോഞ്ച് വെഹിക്കിളെന്നും(ആര്‍.എല്‍.വി.). സാധാരണഗതിയില്‍ ആര്‍.എല്‍.വി.യില്‍ പല വാഹനങ്ങളും ചിറകുള്ള, വിമാനസദൃശമാണ്. ഇ.എല്‍.വി.യില്‍ ചിറകില്ലാത്ത സിലിന്‍ഡര്‍ ആകൃതിയിലുള്ള റോക്കറ്റുകളാണ്. എന്നാല്‍, രണ്ട് സങ്കേതികതയും ചേര്‍ത്തുകൊണ്ടുള്ളതാണ് ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നത്. എന്‍ജിന്‍തന്നെ ഉപയോഗിച്ച് റോക്കറ്റുകള്‍ ലംബമായി ഭൂമിയില്‍ തിരിച്ചിറക്കാമെന്നത് പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനായെന്ന നേട്ടവും സ്‌പേസ് എക്‌സിന് ലഭിച്ചു. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി പലരും ഇത്തരം റോക്കറ്റുകള്‍ നിര്‍മിക്കാനും വികസിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. ക്രിസ്ലര്‍ ഏറോ സ്‌പേസിന്റെ കെവണ്‍, റോട്ടോണ്‍ റോക്കറ്റ് എന്നിവയൊക്കെ ഉദാഹരണങ്ങളാണ്. അതൊക്കെ വലിയ പരാജയമായതോടെ പദ്ധതി അവസാനിപ്പിക്കുകയായിരുന്നു. 

മാറ്റത്തിന് വഴിയൊരുക്കും
എന്നാല്‍, ഈ സാങ്കേതികതയില്‍ വിജയിക്കാനായെന്നതാണ് പുതിയ നേട്ടം. ലോക്കീഡ് മാര്‍ട്ടിന്‍, എയര്‍ബസ്, റോസ്‌കോസ്മോസ്, ഏരിയന്‍ തുടങ്ങിയ എല്ലാ സ്‌പേസ് ഏജന്‍സികള്‍ക്കും സ്‌പേസ് എക്‌സിന്റെ നേട്ടം വെല്ലുവിളിയാണ്. സാധാരണ റോക്കറ്റ് വിക്ഷേപിക്കാനാകുന്നതിന്റെ പകുതിയില്‍ക്കുറഞ്ഞ തുകയ്ക്ക് സ്‌പേസ് എക്‌സിന് വിക്ഷേപണം സാധ്യമാകുമെന്നതാണ് കാരണം. ഈ ചെലവുകുറവ് ഇന്ത്യയുടേതുമായി താരതമ്യം ചെയ്യേണ്ടതില്ല. 

യൂറോപ്പിലും അമേരിക്കയിലുമുണ്ടാക്കുന്ന റോക്കറ്റുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുമ്പോള്‍ ചെലവ് കുറവുതന്നെയാണ്. പരമ്പരാഗത രീതിയിലുള്ള റോക്കറ്റുകള്‍ നിര്‍മിച്ച് വിക്ഷേപിക്കുമ്പോള്‍ ചെലവ് കുറയ്ക്കാനാകും. എന്നാല്‍, അതിനെക്കാള്‍ എത്രയോ കുറഞ്ഞചെലവില്‍ വിക്ഷേപണം സാധ്യമാകുമെന്നതാണ് ഫാല്‍ക്കണിന്റെ പുതിയ വിജയത്തിന്റെ പ്രത്യേകത. ഇതൊക്കെ മറ്റ് ഏജന്‍സികളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കും.

സാധാരണരീതിയില്‍ റോക്കറ്റ് നിര്‍മിക്കുകയും ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുകയുമല്ല സ്‌പേസ് എക്‌സിന്റെ ലക്ഷ്യം. അവരുടെ ലക്ഷ്യത്തെക്കുറിച്ച് മറ്റൊരു തരത്തിലാണ് ഏലന്‍ മസ്‌ക് പറഞ്ഞിരിക്കുന്നത്. രണ്ടുപ്രാവശ്യം അദ്ദേഹത്തിന്റെ പ്രഭാഷണം നേരില്‍ക്കേട്ടപ്പോഴും അദ്ദേഹം സൂചിപ്പിച്ചത് ഇക്കാര്യമാണ്. ഭൂമിയിലുള്ള മനുഷ്യന്‍ എത്രകാലം ഇവിടെയുണ്ടാകുമെന്ന് അറിയില്ല. മറ്റ് ഗ്രഹങ്ങളിലേക്കുകൂടി വാസസ്ഥലം മാറ്റാനായില്ലെങ്കില്‍ നമ്മുടെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ചൊവ്വയില്‍ മനുഷ്യന് വസിക്കാന്‍ പാകത്തില്‍ കോളനികളുണ്ടാക്കുകയാണ് അദ്ദേഹത്തിന്റ ലക്ഷ്യം. അതിലേക്കുള്ള കാല്‍വയ്പുകൂടിയാണിത്. ഇതിനായി ചെലവ് വളരെ കുറയ്ക്കാനാകണം. 

വാഹനങ്ങള്‍ പുനരുപയോഗപ്രദമാക്കണം. ചൊവ്വയില്‍ വെച്ചുതന്നെ വീണ്ടും ഇന്ധനം നിറയ്ക്കാനാകണം. ഇതിനായി ചൊവ്വയില്‍ ലഭിക്കുന്ന ഇന്ധനംതന്നെ ഉപയോഗിക്കാനാകണം. ഇതിനായി അദ്ദേഹം മീഥേനും ഓക്‌സിജനും ഇന്ധനമാക്കുന്നതിന്റെ രാസപ്രക്രിയ കണ്ടെത്തി. അതിനുള്ള യന്ത്രം നിര്‍മിച്ച് പരീക്ഷിച്ച് വിജയിക്കുകയും ചെയ്തു. അതുപോലെ കോംപസിറ്റ് മെറ്റീരിയല്‍ ഉപയോഗിച്ച് പ്രൊപ്പലന്റ് ടാങ്ക് നിര്‍മിച്ച് പരീക്ഷിക്കുകയും ചെയ്തു.

200 ടണ്‍ ത്രസ്റ്റ് എന്‍ജിന്‍  വികസനഘട്ടത്തില്‍

നാസയും ഏരിയന്‍ സ്‌പേസുമൊക്കെ പുനരുപയോഗ വിക്ഷേപണവാഹന രംഗത്ത് കാലെടുത്തുവെച്ചിട്ടുണ്ട്. അത്തരം റോക്കറ്റുകള്‍ നിര്‍മിക്കാന്‍ സമയമെടുക്കും. പുതിയ സാങ്കേതികതകള്‍ വരുന്നതോടെ പല റോക്കറ്റുകളും പുനരുപയോഗ സാധ്യമാകും. നാം ചിറകുകളുള്ള പുനരുപയോഗ വാഹനത്തിന്റെ സാങ്കേതികത പരീക്ഷിച്ച് വിജയിച്ചുകഴിഞ്ഞു. ചിറകില്ലാത്ത പുനരുപയോഗ റോക്കറ്റിനായുള്ള സാങ്കേതികത വികസിപ്പിക്കുന്നതിനുള്ള ചുവടുവയ്പുകളും ആരംഭിച്ചിട്ടുണ്ട്. 

200 ടണ്‍ ത്രസ്റ്റ് എന്‍ജിന്റെ ഒരു സ്റ്റേജിന്റെ വികസനഘട്ടത്തിലാണ്. രണ്ട് കൊല്ലത്തിനിടെ ഈ ഘട്ടത്തി?ന്റെ വികസനം സാധ്യമാകുകയും ചെയ്യും. ചരിത്രംകുറിച്ച ഫാല്‍ക്കണ്‍ ഹെവിയുടെ വിജയം റോക്കറ്റ് സാങ്കേതികയില്‍ വലിയ ചലനങ്ങള്‍തന്നെ സൃഷ്ടിക്കുമെന്നതും ഉറപ്പാണ്.

 

വിസ്മയത്തുമ്പത്ത്

 

കേപ് കനവെറല്‍: ചെറിച്ചുവപ്പ് നിറമുള്ള കാറിനെ ചൊവ്വയ്ക്കടുത്തുള്ള ഭ്രമണപഥത്തിലെത്തിച്ച് ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് കന്നിവിക്ഷേപണം വിജയകരമാക്കി.

സ്പെയ്സ് എക്സ് കമ്പനിയുടെ ഫാല്‍ക്കണ്‍ ഹെവി റോക്കറ്റാണ് ബഹിരാകാശയാത്രയില്‍ പുതിയ ചരിത്രം കുറിച്ചത്.

നാല്‍പ്പതാണ്ടു മുമ്പ് ചന്ദ്രനിലേക്ക് മനുഷ്യനുമായി നാസയുടെ റോക്കറ്റുകള്‍ ഉയര്‍ന്നുപൊങ്ങിയ കേപ് കനവെറലിലെ വിക്ഷേപണത്തറയില്‍നിന്ന് ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ രണ്ടേകാലിനാണ് ഫാല്‍ക്കണ്‍ ഹെവി കുതിച്ചത്.

പ്രതീക്ഷിച്ചപോലെ ദൗത്യം വിജയിച്ചെന്ന് സ്പെയ്സ് എക്സ് കമ്പനിയുടെ സ്ഥാപകന്‍ എലണ്‍ മസ്‌ക് പറഞ്ഞു.


സ്പെയ്സ് ഓഡിറ്റി പാടി യാത്ര

മസ്‌കിന്റെ ചെറിച്ചുവപ്പ് നിറമുള്ള ടെസ്ല റോഡ്സ്റ്റര്‍ കാറുമായാണ് ഫാല്‍ക്കണ്‍ ഹെവി പോയത്. ബഹിരാകാശയാത്രികര്‍ ധരിക്കുന്ന വേഷമിട്ട ബൊമ്മയാണ് ഡ്രൈവിങ് സീറ്റില്‍. 'സ്റ്റാര്‍മാന്‍' എന്നാണ് ബൊമ്മയ്ക്ക് പേര്. ബഹിരാകാശ പേടകങ്ങളൊന്നും റോക്കറ്റിലില്ല.

അന്തരിച്ച ഇംഗ്ലീഷ് ഗായകന്‍ ഡേവിഡ് ബോവിയുടെ 'സ്പെയ്സ് ഓഡിറ്റി'യെന്ന ഗാനം പിന്നണിയില്‍ കേള്‍പ്പിച്ചുകൊണ്ടാണ് മസ്‌കിന്റെ കാര്‍ ഫാല്‍ക്കണ്‍ ഹെവിയിലേറി പറന്നത്. കാറിന്റെ ഡാഷ്ബോര്‍ഡില്‍ 'പരിഭ്രമിക്കരുത്' (ഡോണ്ട് പാനിക്) എന്ന് എഴുതിവെച്ചിട്ടുണ്ട്.

ശാസ്ത്രസാഹിത്യകാരന്‍ ഐസക് അസിമോവിന്റെ 'ഫൗണ്ടേഷന്‍ ട്രിലെജി' എന്നറിയപ്പെടുന്ന പുസ്തകത്രയവും, സ്പെയ്സ്എക്സിലെ 6000 ജീവനക്കാരുടെ പേരെഴുതിയ ഫലകവും കാറിലുണ്ട്.

കാറും സ്റ്റാര്‍മാനും ഭൂമിയുടെ ഭ്രമണപഥം കടന്ന് ചൊവ്വയോടടുത്ത സൂര്യഭ്രമണപഥത്തിലെത്തിയിട്ടുണ്ടെന്ന് മസ്‌ക് ട്വീറ്റ് ചെയ്തു. അണുപ്രസരണം കൂടിയ വാന്‍ അലന്‍ മേഖലയിലൂടെ അഞ്ചു മണിക്കൂര്‍ സഞ്ചരിച്ചശേഷമാണ് കാര്‍ ബഹിരാകാശയാത്ര തുടങ്ങിയത്.

യാത്ര ശതകോടിക്കണക്കിന് വര്‍ഷങ്ങള്‍ തുടരും. ഭൂമിയില്‍നിന്ന് 40 കോടി കിലോമീറ്റര്‍ അകലേക്ക് വാഹനം പോകും. 'ഭാവിയിലെ ഏതെങ്കിലും ബഹിരാകാശജീവിവര്‍ഗം കാര്‍ കണ്ടേക്കു'മെന്ന് മസ്‌ക് പറഞ്ഞു. 'അവര്‍ എന്തു ചെയ്യും? ഈ കാറിനെ ആരാധിക്കുമോ?' മസ്‌ക് വാര്‍ത്താലേഖകരോട് ചോദിച്ചു.

പുനരുപയോഗിക്കാവുന്ന റോക്കറ്റാണ് ഫാല്‍ക്കണ്‍ ഹെവി. ഭൂമിയില്‍നിന്നുയര്‍ന്ന് രണ്ടുമിനിറ്റ് പിന്നിട്ടപ്പോള്‍ ഫാല്‍ക്കണ്‍ ഹെവിയുടെ വശങ്ങളിലുണ്ടായിരുന്ന ബൂസ്റ്ററുകള്‍ അതില്‍നിന്ന് വേര്‍പെട്ട് ഒരുമിച്ച് ഭൂമിയില്‍ തിരിച്ചിറങ്ങി.

നടുക്കുണ്ടായിരുന്നത് കടലില്‍ ഇറങ്ങുമെന്നാണ് കരുതിയിരുന്നത്. റോക്കറ്റിനെ ചലിപ്പിക്കുന്ന രാസപദാര്‍ഥമായ പ്രൊപ്പല്ലന്റ് ആവശ്യത്തിനില്ലാഞ്ഞതിനാല്‍ നിര്‍ദിഷ്ടസ്ഥാനത്തിന് 100 മീറ്റര്‍ അകലെ ഇത് കടലില്‍ വീണുവെന്ന് മസ്‌ക് പറഞ്ഞു.

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നാസയുടെ ആക്ടിങ് അഡ്മിനിസ്ട്രേറ്റര്‍ റോബര്‍ട്ട് ലൈറ്റ്ഫൂട്ട് സ്പെയ്സ് എക്സിനെ അനുമോദിച്ചു. വീണ്ടും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ചാന്ദ്രയാത്രയ്ക്ക് ഫാല്‍ക്കണ്‍ ഹെവിയെ നാസ ആശ്രയിച്ചേക്കുമെന്ന് കരുതുന്നു.


സ്പെയ്സ്എക്സ്: മസ്‌കിന്റെ സ്വപ്നം

ദക്ഷിണാഫ്രിക്കയില്‍ ജനിച്ച കനേഡിയന്‍ അമേരിക്കന്‍ വംശജനായ ബിസിനസുകരാന്‍ എലണ്‍ റീവ് മസ്‌കിന്റെ കമ്പനിയാണ് സ്പെയ്സ്എക്സ്. സ്പെയ്സ് എക്സ്പ്ലൊറേഷന്‍ ടെക്നോളജീസ് കോര്‍പ്പറേഷന്‍ എന്നാണ് കമ്പനിയുടെ മുഴുവന്‍ പേര്. കാലിഫോര്‍ണിയയിലെ ഹോത്രോണ്‍ ആണ് ആസ്ഥാനം. ടെസ്ല, പേപാല്‍ തുടങ്ങിയവയും മസ്‌കിന്റെ സംരംഭങ്ങളാണ്.
 
 
ഫാല്‍ക്കണ്‍ ഹെവി

നീളം 70 മീറ്റര്‍

64 ടണ്‍ ഭാരം വഹിക്കാന്‍ ശേഷി

എന്‍ജിനുകള്‍ 27

ചെലവ് ഓരോ വിക്ഷേപണത്തിനും ഒമ്പതുകോടി ഡോളര്‍ (578 കോടി രൂപ)

ഒറ്റ റോക്കറ്റല്ല ഫാല്‍ക്കണ്‍ ഹെവി. മൂന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റുകള്‍ ചേര്‍ത്തുവെച്ചതാണിത്.

ഫാല്‍ക്കണ്‍ ഹെവിയെക്കാള്‍ കരുത്തുറ്റ റോക്കറ്റ് മുമ്പ് നിര്‍മിച്ചിട്ടുണ്ട്. നാസയുടെ സാറ്റേണ്‍ അഞ്ച്, റഷ്യയുടെ എനര്‍ജി എന്നിവയ്ക്ക് ഇതിലും കരുത്തുണ്ടായിരുന്നു. എന്നാല്‍, ഇന്ന് പ്രവര്‍ത്തനസജ്ജമായ ഏറ്റവും കരുത്തേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവിയാണ്.
 

പ്രയോജനം

ഭാരമേറിയ പേടകങ്ങളും വാഹനങ്ങളും ബഹിരാകാശത്തേക്കയയ്ക്കാം

അന്യഗ്രഹപര്യവേക്ഷണങ്ങള്‍ക്ക് ഉപയോഗിക്കാം

 

ടെസ്ല റോഡ്സ്റ്ററുമായുള്ള റോക്കറ്റിന്റെ യാത്ര

  • ഫാല്‍ക്കണ്‍ ഹെവി പുറപ്പെടുന്നു
  • ഇരുവശവുമുള്ള ബൂസ്റ്ററുകള്‍ വേര്‍പെടുന്നു
  • മധ്യഭാഗം (കോര്‍ യൂണിറ്റ്) യാത്രതുടരുന്നു
  • കോര്‍ യൂണിറ്റ് മടങ്ങേണ്ട സമയം
  • ടെസ്ല റോഡ്സ്റ്റര്‍ ഭ്രമണപഥത്തില്‍
  • ബൂസ്റ്ററുകള്‍ ഭൂമിയിലേക്ക്

        നീളം 70 മീറ്റര്‍

         ഭാരം 1,420 ടണ്‍

  • മൂന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റുകള്‍ ചേര്‍ത്തുവെച്ചു
  • 27 എന്‍ജിനുകളുപയോഗിച്ചു

അവലംബം: എ.എഫ്.പി.