ര്‍വതങ്ങള്‍ക്കും നദികള്‍ക്കുമിടയില്‍ ചേരിതിരിഞ്ഞ് ജീവിച്ചുപോന്ന അഫ്ഗാനിസ്താനിലെ ഗോത്രങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ തര്‍ക്കചരിത്രമുണ്ട്. സ്വന്തം ഗോത്രത്തിന്റെ സ്വത്വം കാക്കാന്‍ ഏതറ്റംവരെയും അവര്‍ പോരടിക്കും. ചെറുതും വലുതുമായ അവിടത്തെ ഗോത്രങ്ങള്‍ ഭൂമിക്കും അധികാരത്തിനുംവേണ്ടി എന്നും യുദ്ധംചെയ്തിട്ടുണ്ട്. ഒരര്‍ഥത്തില്‍ ആ പോരിന്റെ ബാക്കിപത്രമാണ് രാജ്യത്തിന്ന് പ്രവര്‍ത്തിക്കുന്ന ഇരുപതോളം സായുധ സംഘങ്ങള്‍

അഫ്ഗാനിസ്താനിലും പാകിസ്താനിലുമായി വ്യാപിച്ചുകിടക്കുന്ന പഠാന്‍കാരായ പഷ്തൂണുകള്‍ക്കായിരുന്നു അഫ്ഗാനിസ്താന്റെ ഭരണത്തിലും ആധിപത്യത്തിലും എക്കാലവും മേല്‍ക്കൈ. ഇപ്പോള്‍ രാജ്യംഭരിക്കുന്ന താലിബാന്റെ ശക്തി പഷ്തൂണ്‍ ഗോത്രമാണ്. പലപ്പോഴും പഷ്തൂണുകള്‍ക്ക് മറ്റു ഗോത്രങ്ങളോട് തോല്‍വി സമ്മതിക്കേണ്ടിയുംവന്നിട്ടുണ്ട്. ഹസാര, താജിക്, ഉസ്ബെക്ക് ഗോത്രങ്ങള്‍ ചേരിചേര്‍ന്ന് അവരോട് പലപ്പോഴും യുദ്ധംചെയ്തു. ജനസംഖ്യയില്‍ രണ്ടാമതുള്ള താജിക്കുകളാണ് പഷ്തൂണുകള്‍ക്കെതിരേ ഏറ്റവും ശക്തമായി പൊരുതിനിന്നവര്‍. അഫ്ഗാന്‍ മണ്ണില്‍ മാറിമാറിവന്ന ഭരണാധികാരികളില്‍നിന്ന് ഏറ്റവുമധികം ക്രൂരത നേരിട്ടതാകട്ടെ ജനസംഖ്യയില്‍ മൂന്നാമതുള്ള ഷിയാ ഹസാരകളും.

തമ്പടിച്ച സായുധസംഘങ്ങള്‍

Ethnic groups in Afghanistan

ഷിയാ വിരുദ്ധതയിലും പാശ്ചാത്യവിരുദ്ധതയിലും പാകിസ്താനിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പിറന്ന് പിന്നീട് അഫ്ഗാന്റെ മണ്ണില്‍ വേരൂന്നിയ ഭീകരസംഘടനകളുടെ ലക്ഷ്യം അന്താരാഷ്ട്രതലത്തില്‍ ഭീകരത വിതയ്ക്കലാണ്. ലഷ്‌കറെ തൊയിബ, ലഷ്‌കറെ ജാങ്വി, ജെയ്ഷെ മുഹമ്മദ്, മുജാഹിദ്ദീന്‍ യുണൈറ്റഡ് കൗണ്‍സില്‍ (ഷൂരാ ഇ എത്തിഹാദ് മുജാഹിദ്ദിന്‍), മൗലവി നസീര്‍ ഗ്രൂപ്പ്, തുടങ്ങിയവ പാകിസ്താനില്‍ (പ്രധാനമായും വസീരിസ്താനില്‍) രൂപംകൊണ്ട് അഫ്ഗാനിലേക്കും വേരിറക്കിയവരാണ്.

പാക് ഭീകരസംഘടനകളായ ജമാഅത്തുദ്ദവ, ലഷ്‌കറെ ഇസ്ലാം, അന്‍സറുല്‍ അസ്ലം, ഇസ്ലാമിക് ജിഹാദ് മൂവ്മെന്റ്, അംറേ ബാ മറൂഫ്, മോമിന്‍ ഗ്രൂപ്പ് എന്നിവയ്ക്കും അഫ്ഗാനില്‍ ആളുകളുണ്ട്. ഈ സംഘടനകളിലേക്കെല്ലാം ആളെക്കൂട്ടുന്നതിന് വളക്കൂറുള്ള മണ്ണാണ് അഫ്ഗാന്‍. ഒട്ടുമിക്ക ഭീകരസംഘടനകള്‍ക്കും പാക് സൈന്യത്തിന്റെയും രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ.യുടെയും സഹായമുണ്ട്. നിലവില്‍ 20-ലേറെ ഭീകരസംഘടനകള്‍ അഫ്ഗാനിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഐ.എസ്. ഖൊരാസന്‍ ഭീകരര്‍

സമാനചിന്താഗതിയാണെങ്കിലും താലിബാനുമായി കൊമ്പുകോര്‍ത്ത ചരിത്രമാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാനിലെ ഉപവിഭാഗമായ 'ഐ.എസ്. ഖൊരാസനു'ള്ളത്. 2014-ല്‍ ഇറാഖിലും സിറിയയിലും ഐ.എസ്. ഭീകരസംഘടന പ്രഖ്യാപിച്ച് മാസങ്ങള്‍ക്കുള്ളില്‍ നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയോട് സഖ്യം പ്രഖ്യാപിച്ച്, പാക് താലിബാനില്‍നിന്ന് കൊഴിഞ്ഞുപോയ ഭീകരര്‍ രൂപംനല്‍കിയതാണിത്. പാക് അതിര്‍ത്തിയോടു ചേര്‍ന്ന് വടക്കുകിഴക്കന്‍ അഫ്ഗാനിലെ കുനാര്‍, നംഗര്‍ഹാര്‍, നൂറിസ്താന്‍ എന്നിവിടങ്ങളില്‍ വേരൂന്നിയതോടെ 2015-ല്‍ ഐ.എസ്. ഖൊരാസനെ അംഗീകരിച്ചു. 2019-ഓടെ യു.എസ്.-അഫ്ഗാന്‍ സേന സംഘടനയെ കിഴക്കന്‍ മേഖലയിലെ കേന്ദ്രത്തില്‍ ഏതാണ്ട് തുടച്ചുനീക്കിയതാണ്. പക്ഷേ, യു.എസ്. പിന്മാറി ഭരണം ദുര്‍ബലപ്പെട്ടതോടെ ഇവര്‍ തലപൊക്കി.

ഹഖാനി ശൃംഖല

താലിബാനെയും അല്‍ഖായിദയെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ് ഹഖാനി ഭീകരസംഘടനയെന്ന് യു.എന്‍. വിലയിരുത്തുന്നു. താലിബാന്‍ സര്‍ക്കാരിലെ പ്രധാനഘടകം. അഫ്ഗാനിലെ സോവിയറ്റ് ശക്തിക്കെതിരേ പാകിസ്താന്റെയും യു.എസിന്റെയും സഹായത്തോടെ ജലാലുദ്ദീന്‍ ഹഖാനി (പഷ്തൂണ്‍ ഗോത്രക്കാരന്‍)യുടെ നേതൃത്വത്തില്‍ 1980-കളില്‍ രൂപംകൊണ്ടു. 1995-ഓടെ താലിബാനുമായി ലയിച്ചശേഷം നേതൃശക്തിയിലേക്കുമെത്തി. ജലാലുദ്ദീന്റെ മകന്‍ സിറാജുദ്ദീന്‍ ഹഖാനിയാണ് നിലവിലെ തലവന്‍. 2015 മുതല്‍ താലിബാന്റെ ഉപനേതാവായിരുന്നു സിറാജുദ്ദീന്‍.

അല്‍ഖായിദ

പാകിസ്താനിലെ പെഷാവറില്‍ 1988-ല്‍ ഉസാമ ബിന്‍ലാദന്‍ രൂപംനല്‍കിയ ഭീകരസംഘടനയ്ക്ക് ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഉപസംഘടനകളുണ്ട്. 2001-ല്‍ അഫ്ഗാനിലേക്ക് യു.എസ്. വന്നത് പ്രധാനമായും അല്‍ഖായിദയെ തുരത്താനാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത ലാദന് അന്നത്തെ താലിബാന്‍ സര്‍ക്കാര്‍ അഭയംനല്‍കിയതായിരുന്നു കാരണം. ലാദനെ 2011-ല്‍ വധിച്ചു. ഇപ്പോഴത്തെ നേതാവ് അയ്മന്‍ അല്‍ സവാഹിരിയാണ്. ഭരണത്തിലുള്ള താലിബാന്റെ തണലില്‍ അല്‍ഖായിദ അപകടകാരികളായി വളര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. ഭീകരസംഘടനകളുമായി ബന്ധം പുലര്‍ത്തില്ലെന്നാണ് താലിബാന്‍ യു.എസിന് നല്‍കിയ ഉറപ്പെങ്കിലും '90-കള്‍ മുതല്‍ ശക്തമായ ബന്ധം പുലര്‍ത്തുന്ന ഇരുസംഘനകളും ഒരുമിച്ചുനില്‍ക്കാനേ വഴിയുള്ളൂ. (2021ലെ യു.എന്‍. റിപ്പോര്‍ട്ട്).

തെഹ്രികെ താലിബാന്‍

പാക് താലിബാന്‍ അഥവാ തെഹ്രികെ താലിബാന്‍ പാകിസ്താന്‍ (ടി.ടി.പി.) പ്രധാനമായും പാക് വിരുദ്ധപ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് യു.എന്‍. നിരീക്ഷകര്‍ പറയുന്നു. അഫ്ഗാന്‍ സര്‍ക്കാരിനെതിരേ അഫ്ഗാന്‍ താലിബാനൊപ്പം യുദ്ധംചെയ്തു. 2018-ല്‍ തലവന്‍ കൊല്ലപ്പെട്ടതോടെ പ്രവര്‍ത്തനം നിര്‍ജീവമായി. പക്ഷേ, അല്‍ഖായിദയുടെ സഹായത്തോടെ 2020 മുതല്‍ ശക്തിയാര്‍ജിക്കുന്നു.

ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഉസ്ബെകിസ്താന്‍

അല്‍ഖായിദയുമായി പ്രധാനസഖ്യം. 1992-നും '97-നുമിടയില്‍ താജികിസ്താന്‍ ആഭ്യന്തരയുദ്ധത്തില്‍ ഇസ്ലാമിക ശക്തികള്‍ക്കൊപ്പം യുദ്ധം ചെയ്ത ഉസ്ബെക്കുകള്‍ 1998-ല്‍ രൂപംനല്‍കി. മധ്യേഷ്യന്‍ രാജ്യങ്ങളില്‍ താലിബാനൊപ്പം യുദ്ധം ചെയ്തു. വടക്കന്‍ അഫ്ഗാനിലാണ് പ്രവര്‍ത്തനം.

ഈസ്റ്റേണ്‍ തുര്‍ക്കിസ്താന്‍ മൂവ്മെന്റ്

ഉയ്ഗുര്‍ മുസ്ലിങ്ങള്‍ക്കുവേണ്ടി സ്വതന്ത്രരാജ്യം സ്ഥാപിക്കാനാവശ്യപ്പെട്ട് പ്രവര്‍ത്തിക്കുന്നു. പടിഞ്ഞാറന്‍ ചൈനയിലെ തുര്‍ക്കി സംസാരിക്കുന്നവര്‍ 1988-ല്‍ രൂപംനല്‍കി. 2002-ല്‍ വിദേശഭീകരസംഘടനയായി യു.എസ്. പ്രഖ്യാപിച്ചു. അല്‍ഖായിദയുമായി ബന്ധം.

Content Highlights: Ethnic groups in Afghanistan