അഴീക്കോട് എം.എല്‍.എ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരിക്കയാണ്. 2016ല നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്ന എതിര്‍സ്ഥാനാര്‍ഥി എം വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായിരുന്ന ഷാജി, വോട്ട് നേടാന്‍ വര്‍ഗീയ പ്രചരണം നടത്തിയെന്നാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന നികേഷ് കുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. 

കെ.എം ഷാജിയുടെ നിയസഭാ അംഗത്വം കോടതി റദ്ദ് ചെയ്തത് കേരള രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നുറപ്പാണ്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നായിരുന്നു അഴീക്കോട്. സുപ്രീം കോടതി പോലുള്ള സാധ്യതകള്‍ ഷാജിക്ക് മുന്നില്‍ ഉണ്ടെങ്കിലും കെ.എം ഷാജിക്കും മുസ്ലീം ലീഗിനും അത് വഴി യു.ഡി.എഫിനും വലിയ ആഘാതമാണ് കോടതി വിധി ഉണ്ടാക്കിയിരിക്കുന്നത്.

കേരളത്തിന്റെ ചരിത്രത്തില്‍ തെരഞ്ഞെടുപ്പ് വിധികളില്‍ കോടതി ഇടപെടുന്നത് അപൂര്‍വമല്ല. നിരവധി തവണയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കോടതിയുടെ തിരുത്തലുകള്‍ ഉണ്ടായിട്ടുള്ളത്. പ്രമുഖര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അതിലൂടെ നേട്ടങ്ങളും നഷ്ടങ്ങളുമുണ്ടായി. പലപ്പോഴും രാഷ്ട്രീയ ഭൂപടങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും കോടതി വിധികള്‍ക്ക് കഴിഞ്ഞു. അതില്‍ കെ.എം മാണിയുടെയും സി.എച്ച് മുഹമ്മദ് കോയയുടെയും നിയമസഭാംഗത്വം റദ്ദ് ചെയ്തത് വര്‍ഗീയ പ്രചാരണം നടത്തി എന്ന ആരോപണത്തെ തുടര്‍ന്ന് തന്നെ ആയിരുന്നു എന്നതാണ് മറ്റൊരപൂര്‍വത. 

ELECTION

1957 ലെ കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ കേരളത്തിലെ തിരഞ്ഞെടുപ്പ് കേസുകളുടെ ചരിത്രവും ആരംഭിക്കുന്നു. ദേവികുളം മണ്ഡലത്തിലെ റോസമ്മ പുന്നൂസിന്റെ അംഗത്വമാണ് അന്ന് അസാധുവാക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ത്ഥി ബി.കെ നായരുടെ പത്രിക മതിയായ കാരണമില്ലാതെ തള്ളി എന്നതായിരുന്നു കാരണം. പക്ഷെ തുടര്‍ന്ന് നടന്ന വാശിയേറിയ ഉപതെരഞ്ഞെടുപ്പിലും റോസമ്മ പുന്നൂസ് വിജയിച്ചു. 

1960ല്‍ തലശ്ശേരിയില്‍ 23 വോട്ടിന് പരാജയപ്പെട്ട വി.ആര്‍ കൃഷ്ണയ്യര്‍ കോടതി വിധിയനുസരിച്ച് വീണ്ടും വോട്ടെണ്ണിയപ്പോള്‍ ഏഴ് വോട്ടിന് വിജയിച്ചിരുന്നു. കേരളത്തില്‍ കോടതി വിധിയിലൂടെ നിയസഭാംഗത്വം ലഭിച്ച ആദ്യത്തെ ആളും കൃഷ്ണയ്യരായി. 

1977ല്‍ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്നാരോപിച്ച് പാലായില്‍ കെ.എം മാണിയുടെ നിയമസഭാംഗത്വം ഹൈക്കോടതി റദ്ദാക്കിയിരുന്നു. 77 ല്‍ തന്നെ ഇതേ കാരണത്താല്‍ മലപ്പുറം മണ്ഡലത്തിലെ സി.എച്ച് മുഹമ്മദ് കോയയുടെ അംഗത്വവും കോടതി റദ്ദു ചെയ്തിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ നിന്ന് ഇരുവർക്കും അനുകൂലമായി വിധി ലഭിച്ചു. 

ആദ്യമായി സംസ്ഥാനത്ത് വോട്ടിങ് യന്ത്രം ഉപയോഗിച്ച പറവൂര്‍ മണ്ഡലത്തില്‍ (1982) പരാജയപ്പെട്ട എ.സി ജോസ് ഉപതിരഞ്ഞെടുപ്പില്‍ വിജയിയായി. 1987ലെ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണത്തിന്റെ പേരില്‍ മട്ടാഞ്ചേരിയില്‍ എം.ജെ സക്കറിയാ സേട്ടിന്റെ തെരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കി.  ഇരട്ട വോട്ടുകളുടെ പേരിലായിരുന്നു 1991ല്‍ കോവളത്ത് നിന്ന് വിജയിച്ച നീലലോഹിതദാസന്‍ നാടാരുടെ അംഗത്വം നഷ്ടമായത്. 1992 ല്‍ തന്നെ സമാന കാരണത്താല്‍ എടക്കാട് മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഒ ഭരതനെ അയോഗ്യനാക്കിയ കോടതി എതിര്‍ സ്ഥാനാര്‍ത്ഥിയായ കെ സുധാകരനെ വിജയിയായി പ്രഖ്യാപിച്ചു. 1994ല്‍ സുപ്രീംകോടതി ഹൈക്കോടതി വിധി റദ്ദാക്കിയപ്പോള്‍ രണ്ട് വര്‍ഷം എം.എല്‍.എ ആയ സുധാകരന്‍ വീണ്ടും അയോഗ്യനായി  ഒ ഭരതന്‍ എം.എല്‍.എ ആയി. 

ELECTION

2001 ല്‍ ക്രിമിനല്‍ കേസ് പ്രതിയായിരുന്നതിനാല്‍ കൂത്തുപറമ്പിലെ പി ജയരാജന്റെ വിജയം സുപ്രീം കോടതി അസാധുവാക്കി. ആ വര്‍ഷം തന്നെ കല്ലുപാറയിലെ ജോസഫ് എം പുതുശ്ശേരിയുടെ അംഗത്വം കോടതി റദ്ദാക്കിയത് എതിര്‍ സ്ഥാനാര്‍ത്ഥിയെ സ്വഭാവഹത്യ ചെയ്ത് പ്രചാരണം നടത്തി എന്ന കാരണത്തിലായിരുന്നു. പിറവത്ത് ടി.എം ജേക്കബിനെതിരെ എം.ജെ ജേക്കബ് നേടിയ വിജയം കോടതി റദ്ദാക്കിയതും സ്വഭാവഹത്യയുടെ പേരിലായിരുന്നു. 2011 ല്‍ വര്‍ക്കലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വര്‍ക്കല കഹാറിന്റെ വിധി ഹൈക്കോടതി റദ്ദാക്കിയെങ്കിലും പിന്നീട് സുപ്രീംകോടതി ശരിവെച്ചു.