ണ്ടാഴ്ചകൾക്ക്‌ മുൻപ്‌ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കിന്റെ ശാഖയിൽ ആധാരവും മറ്റും വയ്ക്കാൻതക്ക വലുപ്പമുള്ള ഒരു ലോക്കർ കിട്ടുമോ എന്ന്‌ ഞാൻ മാനേജരോട്‌ ചോദിച്ചു. ഉടൻ തന്നെ സേഫ്‌റൂം തുറന്നുനോക്കിപ്പറയാൻ ഒരു ഓഫീസറോട്‌ മാനേജർ തന്റെ മുറിയിൽനിന്ന്‌ വിളിച്ചു പറഞ്ഞു. ഉണ്ട്‌ എന്നു മറുപടി ലഭിച്ചു. മാനേജരും മറ്റൊരു ഉദ്യോഗസ്ഥനും കൂടി ചേർന്നു മാത്രമേ സേഫ്‌ റൂം തുറക്കാൻ പാടുള്ളൂ എന്ന കാലാകാലങ്ങളായുള്ള നിബന്ധന പാലിക്കാഞ്ഞതെന്ത്‌ എന്ന്‌ ഞാൻ ചോദിച്ചു. ത്വരിതസേവനം കണക്കിലെടുത്ത്‌ തന്റെ താക്കോൽക്കൂട്ടം ഓഫീസർക്ക്‌ നൽകിയതാണെന്ന്‌ പരുങ്ങലോടെ മാനേജർ പറഞ്ഞു. സുരക്ഷ എത്ര ലാഘവത്തോടെയാണ്‌ ബാങ്കുകളിൽ കൈകാര്യം ചെയ്യപ്പെടുന്നത്‌!

പാലിക്കപ്പെടുന്നുണ്ടോ സുരക്ഷാ നിബന്ധനകൾ?


ബാങ്കിൽ ഏതൊരു ഇടപാടും നടത്താൻ നാൽക്കൺ സംഹിത (four eyes principal) പ്രകാരം രണ്ട്‌ അധികാരപ്പെട്ടവർ വേണം എന്നാണ്‌ നിബന്ധന. പല ബാങ്കുകളിലും ഒരു ഉദ്യോഗസ്ഥനു കൊടുത്തിട്ടുള്ള സ്വകാര്യ കംപ്യൂട്ടർ പാസ്‌വേഡ്‌ അനധികൃതമായി മറ്റൊരാൾക്കു കൈമാറ്റം ചെയ്യപ്പെടുന്നതായി കേൾക്കുന്നു. സുരക്ഷാ നിബന്ധനകൾ പാലിക്കപ്പെടാതെ വരുമ്പോൾ തട്ടിപ്പുകൾ നടത്താനുള്ള സാഹചര്യം ഒരുക്കപ്പെടുന്നു. രണ്ടുപേർ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാലും തെറ്റുപറ്റിയിട്ടില്ല എന്നുറപ്പാക്കാൻ ബാങ്കുകളിൽ പരിശോധന (inspection) സംവിധാനവുമുണ്ട്‌. പ്രമുഖ ശാഖകളിൽ പ്രതിദിന ഓഡിറ്റും നടത്തുന്നു. നിയമപരമായ വാർഷിക ഓഡിറ്റ്‌ (statutory audit) വേറെയും. ക്രമക്കേടുകൾ തുടരാതിരിക്കത്തക്കവണ്ണം ഉദ്യോഗസ്ഥരെ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കണം എന്ന നിബന്ധനയും ഉണ്ട്‌.

എല്ലാതലങ്ങളിലും ലാഘവത്തോടെ ചുമതലകൾ കൈകാര്യം ചെയ്തതല്ലേ രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ്‌ നാഷണൽ ബാങ്കിൽ 11,300 കോടി രൂപയുടെ ക്രമക്കേട്‌ സംഭവിക്കാൻ കാരണമായത്‌ എന്ന്‌ പരിശോധിക്കേണ്ടിയിരിക്കുന്നു.

തട്ടിപ്പിന്റെ വാതിലുകൾ


എന്ത്‌ ഇടപാടിലാണ്‌ ഇത്രവലിയ തട്ടിപ്പ്‌ നടന്നത്‌ എന്നറിയാൻ പലർക്കും ആകാംക്ഷയുണ്ട്‌. ഇറക്കുമതി നടത്തുമ്പോൾ വാങ്ങുന്നയാൾക്ക്‌ ബാങ്കുകൾ വായ്പ (buyers credit) നൽകുന്ന ഒരു സംവിധാനമുണ്ട്‌. കുറ്റാരോപിതനായ നീരവ്‌ മോദിക്കും അദ്ദേഹത്തിന്റെ അനുബന്ധസ്ഥാപനങ്ങൾക്കും പഞ്ചാബ്‌ നാഷണൽ ബാങ്കിന്റെ മുംബൈയിലെ ഒരു ശാഖ മുൻപറഞ്ഞ തരത്തിലുള്ള വായ്പകൾക്കുള്ള ഉറപ്പിനായി മറ്റു ബാങ്കുകൾക്കു ഗാരന്റി നൽകി. ഇതിന്‌ ബാധ്യതാപത്രം (Letter of undertaking\letter of comfort) എന്നുപറയുന്നു. ഇതിന്റെ ഉറപ്പിന്മേൽ വിദേശത്തുള്ള ബാങ്കുശാഖകൾ വജ്രങ്ങൾ വിറ്റ ബില്ലുകൾ ഡിസ്കൗണ്ട്‌ ചെയ്തു പഞ്ചാബ്‌ നാഷണൽ ബാങ്കിന്റെ വിദേശ കറൻസിയിലുള്ള അക്കൗണ്ടിൽ (Nostro account) പണം അടച്ചു. ഈ പണം കുറ്റാരോപിതരായവർക്കു പഞ്ചാബ്‌ നാഷണൽ ബാങ്ക്‌ നൽകി.

അനുവദിക്കപ്പെട്ട സമയപരിധിക്കുള്ളിൽ ഇവർ പഞ്ചാബ്‌ നാഷണൽ ബാങ്കിൽ പണം അടയ്ക്കണം എന്നാണ്‌ നിബന്ധന. അപ്രകാരം പണം കിട്ടുമ്പോൾ വിദേശത്തുള്ള ബാങ്ക്‌ ശാഖകൾക്ക്‌ പഞ്ചാബ്‌ നാഷണൽ ബാങ്ക്‌ പണം അയച്ചുകൊണ്ടിരുന്നു. ഇപ്രകാരം ഏഴു വർഷത്തോളം ഇടപാടുകൾ നടത്തിക്കൊടുത്തുകൊണ്ടിരുന്ന പി.എൻ.ബി.യിലെ ഉദ്യോഗസ്ഥൻ വിരമിച്ചു. വീണ്ടും ബാധ്യതപത്രം കൊടുക്കാൻ പുതിയതായി വന്ന ഉദ്യോഗസ്ഥൻ കുറ്റാരോപിതരിൽനിന്നും ഈട്‌ ആവശ്യപ്പെട്ടു. അവർ വിസമ്മതിച്ചതോടെ ഇടമുറിയാതെയുള്ള ഇടപാടുകളുടെ കണ്ണിമുറിഞ്ഞു. കുറ്റാരോപിതർ വിദേശത്തേക്കു പലായനവും ചെയ്തു.

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ


 പരിശോധനയിൽ പി.എൻ.ബി.യുടെ അധികാരപ്പെട്ടവരിൽനിന്നും ബാധ്യതാപത്രങ്ങൾ കൊടുക്കാൻ അനുവാദം ഉണ്ടായിരുന്നില്ല എന്നും ഇവ ബാങ്കിന്റെ രേഖകളിൽ ഉൾപ്പെടുത്തിയിരുന്നില്ല എന്നും അറിയുന്നു.

ഈ സന്ദർഭത്തിൽ പല ചോദ്യങ്ങൾ ക്കും ഉത്തരം കിട്ടേണ്ടിയിരിക്കുന്നു. ബാധ്യതാപത്രം സ്വിഫ്‌റ്റ്‌ (SWIFT) എന്ന സംവിധാനം വഴി വിദേശത്തുള്ള ബാങ്ക്‌ശാഖകൾക്കു അയച്ചപ്പോൾ രണ്ടുപേർ ചേർന്നേ ഇടപാടുകൾ നടത്താൻ പാടുള്ളൂ എന്ന തത്ത്വം പാലിക്കപ്പെട്ടോ? എന്തുകൊണ്ടാണ്‌ സ്വിഫ്‌റ്റ്‌ സന്ദേശങ്ങൾ ബാങ്കിന്റെ  കോർബാങ്കിങ്‌ സംവിധാനവുമായി ബന്ധിപ്പിക്കാതിരുന്നത്‌? ഇറക്കുമതി ചെയ്യപ്പെട്ടതായി പറയപ്പെടുന്ന വജ്രത്തിന്റെ സ്റ്റോക്ക്‌ പരിശോധിച്ചിരുന്നോ, ആകെ വില്പനയുമായി അതു പൊരുത്തപ്പെട്ടിരുന്നോ? എന്തുകൊണ്ട്‌ ഇടയ്ക്കിടെ ഉദ്യോഗസ്ഥരെ നിയമാനുസൃതം മാറ്റിയില്ല. ബില്ലുകൾ ഡിസ്കൗണ്ട്‌ ചെയ്തു പി. എൻ.ബി.യുടെ നോസ്‌ട്രോ അക്കൗണ്ടുകളിൽ വിദേശത്തുള്ള ബാങ്കുകൾ അടച്ച പണം പൊരുത്തപ്പെടുത്തിയപ്പോൾ രേഖപ്പെടുത്താത്ത ബാധ്യത പത്രങ്ങൾ പ്രകാരമുള്ള ബില്ലുകൾ എന്തുകൊണ്ട്‌ കണ്ടുപിടിക്കപ്പെട്ടില്ല. ഒരു ഉദ്യോഗസ്ഥനും ഒരു ആപത്‌സൂചന (Whistle blowing) നടത്തിയില്ല?

ഓഡിറ്റിങ് എവിടെ?


പ്രതിദിന ഓഡിറ്റിൽ എന്തുകൊണ്ട്‌ ക്രമക്കേടുകൾ കണ്ടുപിടിക്കപ്പെട്ടില്ല? ബാങ്കിന്റെ പരിശോധനാ സംവിധാനത്തിനും സംശയം തോന്നിയില്ലേ?

നിയമപരമായ ഓഡിറ്റിൽ (statutory audit) എന്തെങ്കിലും സൂചനകൾ ലഭിക്കുമായിരുന്നോ? വിദേശത്തുള്ള ബാങ്ക് ശാഖകൾ നേരിട്ട് പി.എൻ.ബി.യുടെ മേലുദ്യോഗസ്ഥരിൽനിന്നും ബാധ്യതാപത്രങ്ങൾക്കു സ്ഥിരീകരണം ചോദിക്കാമായിരുന്നില്ലേ? ക്രമക്കേടുകൾ കണ്ടെത്താനുള്ള സംവിധാനങ്ങൾ മൊത്തത്തിൽ പരാജയപ്പെട്ടതെങ്ങനെ? അവിചാരിതമായി കണ്ടുപിടിക്കപ്പെടേണ്ടവയാണോ ഇത്തരം വൻ തട്ടിപ്പുകൾ? ഇവ ഒഴിവാക്കാൻ എന്താണു ചെയ്യേണ്ടത്?

വേണ്ടത് പ്രശ്നപരിഹാരം


പരസ്പരം പഴിചാരാതെ പ്രശ്നപരിഹാരത്തിനായി ശ്രമിക്കുകയാണ് ആദ്യംചെയ്യേണ്ടത്. 
അനേകം പുറങ്ങളുള്ള പുതിയ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നതിനുമുമ്പ് സുരക്ഷ സംബന്ധിച്ച നിലവിലുള്ള നിബന്ധനകൾ എല്ലാ ബാങ്കുകളും പാലിക്കുന്നുണ്ടോ എന്ന്‌ ഒരു പുനരവലോകനം നടത്തേണ്ടതുണ്ട്. 

ബാങ്കുകളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ടത്‌ നമ്മുടെ ദേശീയതാത്‌പര്യങ്ങൾ കാത്തുസൂക്ഷിക്കാൻ അത്യാവശ്യമാണ്. ആശങ്കകൾ ഉളവാക്കുന്ന നിറംപിടിപ്പിച്ച വാർത്തകൾ പ്രചരിക്കാതെ നോക്കേണ്ടതുണ്ട്. പൊതുമേഖലയെ അടിക്കാനുള്ള ഒരു വടിയായി ഈ തട്ടിപ്പിനെ ഉപയോഗിക്കാൻ ചിലർ വ്യഗ്രത കാണിക്കുന്നു. ബാങ്കുകൾ ശ്രദ്ധയോടെ വായ്പകൾ നൽകാതിരുന്നാൽ സാമ്പത്തികരംഗം മുരടിക്കും. തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാതെപോകും. 

2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയത് വിദേശത്തുള്ള വൻകിട സ്വകാര്യ ബാങ്കുകളാണെന്നത്‌ നാം വിസ്മരിച്ചുകൂടാ. നിക്ഷേപങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ പൊതുമേഖലയുൾപ്പെടെ എല്ലാ ബാങ്കുകളിലും ഒരു ലക്ഷം രൂപ മാത്രമാണ്. എങ്കിലും നാളിതുവരെയുള്ള അനുഭവംവെച്ച് കേന്ദ്രസർക്കാരിന്റെ പിൻബലം പൊതുമേഖലയ്ക്കുണ്ട് എന്നത് ആശ്വാസകരമാണ്. ഏഴുലക്ഷം കോടി രൂപയിലധികം ആസ്തികൾ പി.എൻ.ബി.ക്കുണ്ട് എന്നത് ബാങ്കിന്റെ ഉൾക്കരുത്തിനെ കാണിക്കുന്നു എന്നത് പ്രസ്താവ്യമാണ്.

മൂലധന വർധനയ്ക്കായി 2.11 ലക്ഷം കോടി രൂപയുടെ പദ്ധതിയും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നല്ലോ.
പരാജയപ്പെടുന്ന ബാങ്കുകളെ പുനരുദ്ധരിക്കാൻ നിക്ഷേപകരുടെ പണം ഉപയോഗിക്കാൻകൂടി വിഭാവനം ചെയ്യുന്ന ബെയിൽ ഇൻ (Bail-in) സംവിധാനം ഉൾക്കൊള്ളുന്ന എഫ്‌.ആർ.ഡി.ഐ. ബിൽ  (Financial Resolution and Deposit Insurance Bill, 2017) കേന്ദ്രസർക്കാർ മാറ്റിവയ്ക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.

വീണ്ടും വീണ്ടും നികുതിദായകരുടെ പണം ബാങ്കുകൾ വരുത്തുന്ന വീഴ്ചകൾക്ക്‌ നൽകാൻ സാധ്യമല്ല എന്ന സന്ദേശം ഉൾക്കൊള്ളുന്ന ബിൽ ബാങ്കിങ് രംഗത്തെ ലാഘവത്തോടെയുള്ള സമീപനത്തെ തിരുത്താൻ ഇടയാകട്ടെ. ജി.എസ്.ടി. വന്നതോടെ സാധാരണക്കാരും നികുതിദായകരാണല്ലോ.

ബാങ്കുകളെ വിവേചന ബുദ്ധിയോടെ തിരഞ്ഞെടുക്കാൻ നാം പ്രാപ്തരാകണം. അത് ബാങ്കുകളെയും അവയിലെ ഉദ്യോഗസ്ഥരെയും കൂടുതൽ ഉത്തരവാദിത്വമുള്ളവരാക്കാൻ ഇടയാക്കും. നിക്ഷേപകരുടെ താത്‌പര്യങ്ങൾ സംരക്ഷിക്കാനുള്ള സുരക്ഷാസംവിധാനങ്ങളും വിവേകപൂർവം യഥാസമയം വായ്പകൾ ലഭ്യമാക്കാനുള്ള ശ്രമവും നിഷ്ഠയോടെ ഉദ്യോഗസ്ഥർ പാലിക്കും എന്നു പ്രതീക്ഷിക്കാം. അതിന്‌ പൊതുമേഖലയെന്നോ സ്വകാര്യമേഖലയെന്നോ ഉള്ള വേർതിരിവ് ആവശ്യമില്ല; പ്രവർത്തനക്ഷമമായ ഒരു മേഖലയിലായിരിക്കണം എല്ലാവരുടെയും സ്ഥാനം.