ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയായ ഖാലിദ സിയയ്ക്കെതിരെയുള്ള നിയമത്തിന്റെ പിടി മുറുകുകയാണ്‌. അഞ്ചുവർഷമാണ്‌ അഴിമതിക്കേസിൽ പ്രത്യേക കോടതി അവരെ ശിക്ഷിച്ചിരിക്കുന്നത്‌. 
സിയാ ചാരിറ്റബിൾ ട്രസ്റ്റിലെയും സിയ അനാഥാലയത്തിലെയും അഴിമതിയും പണാപഹരണവുമായി ബന്ധപ്പെട്ട കേസുകളിൽ കോടതിയെ സമീപിച്ചത് അവരുടെ പ്രധാനശത്രുവും മുൻ പ്രധാനമന്ത്രിയുമായ ശൈഖ് ഹസീനയല്ല. മറിച്ച് 13-ാം ഭരണഘടനാഭേദഗതിയിലൂടെ നിലവിൽ വന്ന 2006-08 കാലയളവിലെ താത്കാലിക സർക്കാരാണ്. 

ബംഗ്ലാദേശിൽ ജനാധിപത്യ ഭരണത്തിൽ നേരിട്ട തടസ്സവും പ്രധാനപാർട്ടികളായ ശൈഖ് ഹസീനയുടെ അവാമി ലീഗും (എ.എൽ), ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണൽ പാർട്ടിയും (ബി.എൻ.പി.) തമ്മിൽ നിലനിൽക്കുന്ന അസുഖകരമായ ഭിന്നതകൾ നിലനിൽക്കുന്നുണ്ട്‌.  ഇതിനുപുറമേ 1990 മുതൽ ഇത്തരത്തിൽ രണ്ട് സർക്കാരുകളുടെ കാലാവധിക്കിടയിൽ തിരഞ്ഞെടുപ്പ് നടത്തിപ്പിനും ഭരണമേൽനോട്ടത്തിനുമായി താത്കാലിക സർക്കാരിനെ നിയമിക്കുന്ന സംവിധാനത്തിലേക്ക്‌ രാജ്യത്തെ നയിച്ചു.

രാഷ്ട്രീയ നേതാക്കളല്ലാത്തവരാണ് താത്കാലിക സർക്കാരിനെ നയിക്കുക. അതുപ്രകാരം 1996, 2001, 2008 വർഷങ്ങളിലെ അധികാരമാറ്റങ്ങൾക്ക് മേൽനോട്ടം വഹിച്ചത് ഇത്തരം താത്കാലിക സർക്കാരുകളാണ്. എന്നാൽ 2011-ൽ 15-ാം ഭരണഘടനാ ഭേദഗതിയിലൂടെ അന്നത്തെ അവാമി ലീഗ് സർക്കാർ താത്കാലിക സർക്കാർ സംവിധാനം നിർത്തലാക്കി. ഇക്കാരണത്താലാണ് 2014-ലെ തിരഞ്ഞെടുപ്പ് ബി.എൻ.പി. ബഹിഷ്കരിച്ചത്. 

അയോഗ്യയാക്കപ്പെട്ട് ഖാലിദ സിയ
ഒക്ടോബറിനും നവംബറിനുമിടയ്ക്ക് ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ശൈഖ് ഹസീന ചില  തന്ത്രങ്ങൾ പയറ്റുമെന്ന് ബി.എൻ.പി.യും മറ്റു പാർട്ടികളും കരുതുന്നുണ്ട്. 
തനിക്കെതിരേയുള്ള കേസുകൾ, തന്നെ തിരഞ്ഞെടുപ്പിൽ നിന്ന് മാറ്റിനിർത്താനുള്ള അവാമി ലീഗ് സർക്കാരിന്റെ പദ്ധതിയാണെന്ന് കഴിഞ്ഞ നവംബർ രണ്ടിന് ഖാലിദ സിയ ആരോപിച്ചിരുന്നു.  പ്രവചിച്ചതുപോലെ തന്നെ ഡിസംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് 72-കാരിയായ ഖാലിദ സിയ ഇപ്പോൾ അയോഗ്യയാക്കപ്പെട്ടിരിക്കുന്നു. സിയയ്ക്കെതിരേയുള്ള വിധി ഹൈക്കോടതി റദ്ദാക്കുന്നതുവരെ അവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.

ലണ്ടനിൽ അഭയത്തിൽ കഴിയുന്ന ഖാലിദ സിയയുടെ മകൻ താരീഖ് റഹ്‌മാനെയാണ് ബി.എൻ.പി.യുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തിട്ടുള്ളത്. താരീഖ് റഹ്‌മാന്റെ പേരിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കള്ളപ്പണം വെളുപ്പിച്ച കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ താരീഖിന് 2016-ൽ കോടതി ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇയാളുടെ അസാന്നിധ്യത്തിലായിരുന്നു കോടതിവിധി.

തിരിഞ്ഞുകൊത്തിയ കമ്മിഷൻ
ഖാലിദ സിയയുടെയും മറ്റ് ആറു പേരുടെയും പേരിലുള്ള കുറ്റപത്രം ബംഗ്ലാദേശ് അഴിമതി വിരുദ്ധ കമ്മിഷൻ 2011-ലാണ് കോടതിയിൽ സമർപ്പിച്ചത്. എന്നാൽ കോടതി കേസ് പരിഗണിക്കാൻ ആരംഭിച്ചത് 2014 മുതൽ മാത്രമാണ്. കേസ് നടപടികൾ തടസ്സപ്പെടുത്താൻ ഖാലിദ സിയ ശ്രമം നടത്തിയിരുന്നെങ്കിലും വിചാരണയ്ക്കായി കോടതിയിൽ ഹാജരാകണമെന്ന് സിയയോട് സുപ്രീംകോടതി ഉത്തരവിട്ടു. ഒട്ടേറെ വഴിത്തിരിവുകൾക്ക് സാക്ഷ്യം വഹിച്ചാണ് വിചാരണ പൂർത്തിയായത്. സിയയെ കോടതിയിലെത്തിക്കാനായി 2015-ൽ വിചാരണക്കോടതിക്ക്‌ സിയയുടെ പേരിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കേണ്ട സാഹചര്യം പോലുമുണ്ടായി. 

സിയയുടെ ആരോഗ്യവും സാമൂഹിക പദവിയും കണക്കിലെടുത്ത് ചെറിയ ശിക്ഷ മാത്രമാണ് നൽകുന്നതെന്നാണ് ശിക്ഷ വിധിച്ച പ്രത്യേക കോടതി-അഞ്ചിലെ ജഡ്ജി പറഞ്ഞത്. താരീഖ് റഹ്‌മാൻ ഉൾപ്പെടെയുള്ള മറ്റ് പ്രതികൾക്ക്‌ പത്ത് വർഷം തടവാണ് കോടതി വിധിച്ചത്. സിയയുടെ രണ്ടാം ടേം ഭരണകാലത്ത് 2004-ൽ നിയമം മൂലം നിലവിൽ വന്നതാണ് അഴിമതി വിരുദ്ധ കമ്മിഷനെന്നതാണ് ഇതിലെ വൈരുധ്യം.

നനഞ്ഞ പ്രതിഷേധങ്ങൾ
1981-ൽ വധിക്കപ്പെട്ട സിയയുടെ ഭർത്താവും മുൻ പ്രസിഡന്റുമായ ജനറൽ സിയാവുർ റഹ്‌മാന്റെ സ്മരണാർഥം 2001-2006-ലെ തന്റെ ഭരണകാലത്താണ് ഖാലിദ സിയ സന്നദ്ധ സംഘടനയ്ക്ക് രൂപം കൊടുക്കുന്നത്. ഈ സന്നദ്ധ സംഘടനകളിലേക്ക്‌ വിദേശബാങ്കുകൾ വഴി ലഭിച്ച 21 ലക്ഷം ടാക്ക (2,52,000 ഡോളർ) അപഹരിച്ചെന്നതാണ് സിയയുടെയും മറ്റ് പ്രതികളുടെയും പേരിലുള്ള കുറ്റം.
സിയയ്ക്ക് ശിക്ഷ വിധിച്ചതിന് പിന്നാലെ ധാക്കയിലും മറ്റ് ചിലയിടങ്ങളിലും അക്രമങ്ങൾ നടന്നിരുന്നു. എന്നാൽ അവാമി ലീഗ് പ്രതീക്ഷിച്ചത്ര ഗൗരവതരമായ തലത്തിലേക്ക്‌ അവ നീങ്ങിയില്ല. വാസ്തവത്തിൽ ഫെബ്രുവരി എട്ടിന് ധാക്കയിലെ സ്കൂളുകൾക്ക് വരെ അവധി നൽകിയിരുന്നു.

പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിൽ നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്ന് യു.എസ്. സർക്കാർ ബംഗ്ലാദേശിന് മുന്നറിയിപ്പ് നൽകിയിരുന്നു. തണുപ്പൻ പ്രതിഷേധങ്ങളാണ് ധാക്കയിൽ നടന്നതെന്നാണ് ബംഗ്ലാദേശിലെ പ്രമുഖ പത്രമായ ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തത്. 

തെരുവിലെ പ്രതിഷേധങ്ങളല്ല മറിച്ച് നിയമനടപടികളിലേക്കാണ് തങ്ങളുടെ അടുത്ത നീക്കമെന്ന് ബി.എൻ.പി.യും പ്രഖ്യാപിച്ചിരുന്നു. ബി.എൻ.പി.യെ പിന്തുണയ്ക്കുന്ന ബംഗ്ലാദേശിലെ പ്രധാന ഇസ്‌ലാമിക പാർട്ടികളും പരസ്യ പ്രതികരണത്തിന് മുതിർന്നില്ല. അവാമി ലീഗ് സർക്കാരിന് ഇവരെ നിരീക്ഷണത്തിൽ നിർത്താൻ കഴിഞ്ഞതോടെയാണ് ഇവരെല്ലാം നിശ്ശബ്ദതയിൽ തുടരുന്നതെന്ന് വ്യക്തം.
 ഖാലിദ സിയയെ ശിക്ഷിക്കുന്നതിന് പിന്നാലെ അറസ്റ്റ് ഭയന്ന് ബംഗ്ലാദേശ് ജമായത്ത് ഐ ഇസ്‌ലാമി പ്രവർത്തകർ പശ്ചിമ ബംഗാളിലേക്ക്‌ നുഴഞ്ഞുകയറിയേക്കാമെന്ന ബംഗാൾ മാധ്യമങ്ങളുടെ മുന്നറിയിപ്പ് ഖണ്ഡിക്കുന്നതാണിത്.

അവാമി ലീഗിന് എതിരുണ്ടാകുമോ?


വിദേശശക്തികളുൾപ്പെടെ എല്ലാവരും ഇനി ഉറ്റുനോക്കുന്നത് ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിലാണ്. എല്ലാ പാർട്ടികളെയും ഉൾപ്പെടുത്തിയുള്ള ഒന്നായിരിക്കുമോ അതോ 2014-ലേതിന് സമാനമായി 153 സീറ്റുകളിലേക്കും അവാമി ലീഗ് എതിരില്ലാതെ നടന്നുകയറുന്നതായിരിക്കുമോ തിരഞ്ഞെടുപ്പെന്നാണ് ഇനിയറിയേണ്ടത്. ഖാലിദ സിയ തടവിലാക്കപ്പെട്ടതും  നീതിയുക്തമായി തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനുള്ള താത്കാലിക സർക്കാർ സംവിധാനം നിർത്തലാക്കിയതുമായ സാഹചര്യം ശൈഖ് ഹസീന നന്നായി ഉപയോഗിക്കുമെന്നാണ് ബി. എൻ.പി. പാളയം കരുതുന്നത്. 
നേരത്തെ പ്രഖ്യാപിച്ചതുപോലെ ശൈഖ് ഹസീന ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന 2014-ലെ സിയയുടെ തീരുമാനം പോലെ ഇത്തവണയും ഒരു തിരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ഖാലിദ സിയ തയ്യാറാകുമോയെന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. നിലവിലെ സർക്കാരിന് കീഴിൽ 2018-ലെ പൊതു തിരഞ്ഞെടുപ്പ് നിഷ്പക്ഷമായി നടത്താനുള്ള കഴിവ് തിരഞ്ഞെടുപ്പ് കമ്മിഷനില്ലെന്നാണ് ബി. എൻ.പി. യുടെ അഭിപ്രായം.