പ്രശസ്ത ടെലിവിഷന്‍ സീരീസായ ഗെയിം ഓഫ് ത്രോണ്‍സിന്റെ ആപ്തവാക്യമായ 'വിന്റര്‍ ഈസ് കമിങ്ങിനെയും അവരുടെ പോസ്റ്ററിനെയും കടമെടുത്താണ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്‍ ഉപരോധത്തിന്റെ വരവാഘോഷിച്ചത്. വിന്റര്‍ ഈസ് കമിങ് എന്നതിനെ സാങ്ഷന്‍ ഈസ് കമിങ് (ഉപരോധം വരുന്നൂ) എന്ന് മാറ്റി പശ്ചാത്തലത്തില്‍ സ്വന്തം ചിത്രം ചേര്‍ത്ത് ഹീറോയാകാനും (അതോ അല്പത്തരമോ) ട്രംപ് മറന്നില്ല. 2015-ലെ ഇറാന്‍ ആണവകരാറില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ ആ രാജ്യത്തിന് മേല്‍ രണ്ടാംഘട്ട ഉപരോധങ്ങളും കൂടിയേര്‍പ്പെടുത്തിയതോടെ ഒരിക്കല്‍ക്കൂടി ട്രംപിന്റെ ഭ്രാന്തന്‍ ആശയങ്ങള്‍ വിജയിക്കുകയാണ്. 

യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന, ജര്‍മനി എന്നീ രാജ്യങ്ങളും ഇറാനുമായി ഒപ്പിട്ട 2015-ലെ ഇറാന്‍ ആണവകരാറില്‍ (ജോയിന്റ് കോംപ്രിഹന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍) നിന്ന് പിന്മാറുന്നുവെന്ന് യു.എസ്. പ്രഖ്യാപിച്ചത് 2018 മേയിലാണ്. കരാര്‍ നിബന്ധനകള്‍ ഇറാന്‍ പാലിക്കുന്നില്ലെന്നും ഏകപക്ഷീയമാണ് കരാറെന്നുമാരോപിച്ചായിരുന്നു ട്രംപിന്റെ പിന്മാറ്റം. ആണവകരാര്‍ നിലവില്‍ വന്നതോടെ എടുത്തുമാറ്റിയിരുന്ന ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും അന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. രണ്ട് ഘട്ടങ്ങളായാണ് ഇറാന് മേലുള്ള ഉപരോധങ്ങള്‍ യു.എസ്. പുനഃസ്ഥാപിച്ചത്. അതിന്റെ രണ്ടാമത്തെയും ഏറ്റവും കടുത്തതുമായ ഉപരോധങ്ങളാണ് തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്നത്. 

ഉപരോധം ഇവയ്ക്ക്
ഓഗസ്റ്റ്-ആദ്യഘട്ടം

 • യു.എസ്. ബാങ്ക്‌നോട്ടുകള്‍ ഇറാന്‍ സര്‍ക്കാര്‍ വാങ്ങുന്നതിന്
 • ഇറാന്റെ സ്വര്‍ണം ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള ലോഹങ്ങളുടെ വ്യാപാരം
 • ഗ്രാഫൈറ്റ്, അലുമിനിയം, ഉരുക്ക്,കല്‍ക്കരി, വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള സോഫ്‌റ്റ്വേറുകള്‍
 • ഇറാനിയന്‍ റിയാലുമായി ബന്ധപ്പെട്ട വിനിമയങ്ങള്‍
 • ഇറാന്‍ കടപ്പത്ര വിനിമയം
 • മോട്ടോര്‍ വാഹന വ്യവസായം

 

നവംബറില്‍-രണ്ടാംഘട്ടം

 • ഇറാനില്‍ നിന്നുള്ള  പെട്രോളിയം, പെട്രോ കെമിക്കല്‍ ഉത്പന്നങ്ങളുടെ വാങ്ങല്‍, വില്‍പ്പന, ഗതാഗതം, മാര്‍ക്കറ്റിങ്.
 • ഇറാന് സര്‍ക്കാരിന്റെ ദേശീയ എണ്ണക്കമ്പനിയായ നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനി(എന്‍.ഐ.ഒ.സി.), നാഫ്തിരാന്‍ ഇന്റര്‍ട്രേഡ് കമ്പനി(എന്‍.ഐ.സി.ഒ.), ഇറാന്റെ കേന്ദ്രബാങ്കായ സെന്ട്രല്‍ ബാങ്ക് ഓഫ് ഇറാന്‍ (ബാങ്ക് ഓഫ് മര്‍ക്കാസി)
 • ഇറാന് തുറമുഖങ്ങള്‍, ഊര്‍ജ, കപ്പല്‍ നിര്‍മാണ-ഗതാഗത കമ്പനികള്‍ 
 • യു.എസ്. ട്രഷറി വിഭാഗം പുറത്തുവിട്ട ഉപരോധപ്പട്ടികയില്‍ (സ്‌പെഷ്യലി ഡെസിഗ്‌നേറ്റഡ് നാഷണല്‍സ് ആന്‍ഡ് ബ്ലോക്ക്ഡ് പേഴ്‌സണ്‍സ്) പെടുന്ന എഴുനൂറോളം ഇറാന്‍ പൗരന്മാരും സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍. 
 • എന്നിങ്ങനെ ഇറാന്റെ പ്രധാനവരുമാനമാര്‍ഗമായ എണ്ണക്കയറ്റുമതി തടസ്സപ്പെടുത്തിയും ബാങ്കിങ് മേഖലയെ പുറത്ത് നിന്ന് പൂട്ടിയും ആ രാജ്യത്തെ സാമ്പത്തികമായി തകര്‍ക്കാനുമാണ് യു.എസ്. പറഞ്ഞ എക്കാലത്തെയും കടുത്ത ഉപരോധത്തിന്റെ ലക്ഷ്യം. 

 

യു.എസിന് വേണ്ടത്

ഇറാന്റെ പ്രധാന വരുമാനമായ എണ്ണക്കയറ്റുമതിയെ ത്രിശങ്കുവിലാക്കി ഇറാനെ വീണ്ടും ചര്‍ച്ചാമേശയിലെത്തിക്കുകയും യു.എസിന് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്ന കരാര്‍ സാധ്യമാക്കുകയുമാണ് ട്രംപിന്റെ ലക്ഷ്യം. ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പ്രഖ്യാപനത്തിലൂടെ അതിനുള്ള സാധ്യതയും അദ്ദേഹം തുറന്നിട്ടിട്ടുണ്ട്. 
ഭീകരസംഘടനകള്‍ക്ക് ഇറാനിലും പശ്ചിമേഷ്യയിലും വളരാന്‍ ഇറാന്‍ നിലമൊരുക്കുന്നുവെന്നും, വിദേശത്ത് നിന്ന് ലഭിക്കുന്ന പണം ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനാണ് ഇറാന് ഉപയോഗിക്കുന്നതെന്നുമാണ് യു.എസിന്റെ മറ്റൊരാരോപണം. ഇറാന്‍ കേന്ദ്രബാങ്കിനെയുള്‍പ്പെടെ ഉപരോധപ്പട്ടികയിലുള്‍പ്പെടുത്തിക്കൊണ്ടുള്ള യു.എസ്. നീക്കം ഭീകരസംഘടനകളിലേക്കുള്ള പണമൊഴുക്ക് തടയാനാണെന്ന് ട്രംപ് ആവര്‍ത്തിക്കുന്നു. 
യൂറോപ്യന്‍ രാജ്യങ്ങളുള്‍പ്പെടെയുള്ളവ ഉപരോധത്തെ പിന്തുണയ്ക്കണമെന്ന് യു.എസ്. ആഗ്രഹിക്കുന്നുണ്ട്. ഇറ്റലിയും ഇന്ത്യയുമുള്‍പ്പെടെയുള്ള എട്ട് രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് താത്കാലിക ഇളവ് നല്‍കുന്നതും രാജ്യങ്ങളുടെ പിന്തുണ ഉറപ്പുവരുത്തുന്നതിനുവേണ്ടിയാകണം.

ഇറാന്‍ വഴങ്ങുമോ?യു.എസ്. ഉപരോധം അഭിമാനത്തോടെ ചെറുത്തുതോല്‍പ്പിക്കുമെന്നാണ് ഇറാന് പ്രസിഡന്റ് ഹസ്സന്‍ റൂഹാനി ആവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ ആണവക്കരാര്‍ വിഷയത്തില്‍ അവരെ വീണ്ടും ചര്‍ച്ചയ്‌ക്കെത്തിക്കാനുള്ള ട്രംപിന്റെ ആഗ്രഹം ഉടനെയെന്നും സാധ്യമാകുമെന്ന് കരുതാനാവില്ല. പ്രത്യേകിച്ചും കരാറിലെ മറ്റ് കക്ഷികളെല്ലാം യു.എസ്. പിന്മാറ്റത്തെ എതിര്‍ക്കുകയും ഇറാനെ പിന്തുണയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍. ഇറാന്‍ കരാര്‍ലംഘനം നടത്തിയെന്ന് യു.എസ്. ആരോപിക്കുമ്പോഴും അതിന് തെളിവ് നല്‍കാന്‍ ട്രംപിനായിട്ടില്ലെന്ന് മാത്രമല്ല, കരാര്‍ലംഘനം നടന്നിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ.) നിരീക്ഷകരുടെ റിപ്പോര്‍ട്ട് തെളിയിക്കുന്നുമുണ്ട്. 

ഇറാന്‍ സൈന്യം ഭരണത്തിലിടപെടുന്നുവെന്ന ആരോപണത്തെ നേരിടാനുള്ള തന്ത്രങ്ങളും ഇറാന്‍ പയറ്റിക്കഴിഞ്ഞിട്ടുണ്ട്. ഇറാന്‍ സര്‍ക്കാരിന്റെ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയിലെ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഓഹരികള്‍ വില്‍ക്കാന്‍  ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് തയ്യാറായത് റൂഹാനിയ്ക്ക് ആശ്വാസമാണ്.

ഗുണം സൗദിയ്ക്കും റഷ്യയ്ക്കും

ഇറാന്‍ എണ്ണക്കയറ്റുമതി യു.എസ്. ഉപരോധത്തില്‍ നിശ്ചലമാകുന്നതോടെ ഗുണമുണ്ടാക്കുക സൗദി അറേബ്യയും റഷ്യയുമായിരിക്കും. ഇറാനില്‍ നിന്നുള്ള എണ്ണ എത്താതാകുന്നതോടെ ആഗോളവിപണിയില്‍ ഒരു ദിവസം 20 ലക്ഷം ബാരല് ക്രൂഡ് ഓയിലിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ കുറവ് നികത്താനായി മറ്റ് രാജ്യങ്ങള്‍ക്ക് സൗദിയേയും റഷ്യയെയും ആശ്രയിക്കേണ്ടി വരും. പ്രതിസന്ധിയെത്തുടര്‍ന്ന് എണ്ണവില ഉയരുന്നതും ഈ രാജ്യങ്ങളുടെ എണ്ണക്കയറ്റുമതിയ്ക്ക് ഗുണം ചെയ്യും. 

ഇറാന്‍ ഉപരോധത്തില്‍ കൂടെ നില്‍ക്കാനായി ഈ രണ്ടുരാജ്യങ്ങള്‍ക്കും വേണ്ടി യു.എസ്. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവേണ്ടി വരും. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതിലെ സൗദിയുടെ പങ്ക് മറച്ചുവെയ്ക്കാന്‍ യു.എസ്. പാടുപെടുന്നതിനേയും റഷ്യയ്‌ക്കെതിരേയുള്ള ഉപരോധങ്ങളില്‍ ചിലത് എടുത്തുമാറ്റാനുദ്ദേശിക്കുന്നതിനേയും ഇതിനൊപ്പം ചേര്‍ത്ത് വായിക്കാം.
എന്തായാലും ഇറാന്‍ ഉപരോധം വിജയിക്കേണ്ടത് യു.എസ്. പ്രസിഡന്റെന്ന നിലയില്‍ ട്രംപിന്റെ അഭിമാനപ്രശ്‌നമാണ്. അതിനായി ഇതിലും കടുത്ത നടപടികളിലേക്ക് യു.എസ്. ഇറാനെതിരേ നീങ്ങിയാലും അതിശയിക്കാനൊന്നുമില്ലെന്ന് സാരം.