left quotes iconരണ്ട് പെണ്‍പിള്ളേരാണ് ഞങ്ങള്‍ക്ക്. ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ല. അന്നന്നുള്ള വകയ്ക്ക് പോലുമുള്ള ഒന്നുമില്ല. എന്താ ചെയ്യേണ്ടത്? സാറ് പറ. ഒരു രൂപയെങ്കിലും വരുമാനം ഉണ്ടായിരുന്നേല്‍ സമാധാനിക്കാമായിരുന്നു.രണ്ട് പെണ്‍പിള്ളേരാണ്. ആരെങ്കിലും വെറുതെ വന്ന് കെട്ടികൊണ്ട് പോകുമോ? വല്ലതും കൊടുത്താലെ ആള്‍ക്കാര്‍ വരുകയുള്ളു. ചാവുന്നെങ്കില്‍ ഞങ്ങള്‍ നാലു പേരും കൂടി ചാകും. മൂന്ന് മണിക്ക് എഴുന്നേറ്റ് പത്തിരുപത്തിയഞ്ച് പേര്‍ക്ക് ആഹാരം വെച്ചുണ്ടാക്കി കൊടുത്ത് ഉണ്ടാക്കിയ വീടാണിത്. അത് നഷ്ടപ്പെടുത്താന്‍ എനിക്കാവില്ല. അത്രയും ദണ്ണുമുണ്ട് സാറെ. ചത്ത് കഴിഞ്ഞാന്‍ പിന്നെ ഒരു പ്രശ്നവുമില്ലല്ലോ. ഞങ്ങളുടെ ഭൂമി ആരെങ്കിലും എടുത്തോണ്ട് പൊയ്ക്കോട്ടെ.

കൊല്ലത്ത് കെ-റെയില്‍ പദ്ധതിയുടെ കല്ലിടല്‍ ചടങ്ങിനിടെയുണ്ടായ പ്രതിഷേധം തടയാനെത്തിയ പോലീസിനോട് ഒരു വീട്ടമ്മ പറഞ്ഞ വാക്കുകള്‍ ആണിത്. പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍  കിടപ്പാടം നഷ്ടപ്പെടുന്ന പതിനായിരങ്ങളുടെ പ്രതിനിധിയാണവര്‍. ഒരു ആയുസിന്റെ സമ്പാദ്യം മുഴുവന്‍  ചെലവിട്ടാണ് ഒരു ശരാശരി മലയാളി വീട് നിര്‍മിക്കുന്നത്. അതുകൊണ്ട് തന്നെ ഏത് വികസനത്തിന്റെ പേരിലായാലും ഇത്തരം ആശങ്കകള്‍ സ്വാഭാവികമാണ്. സര്‍ക്കാര്‍ എത്ര നഷ്ടപരിഹാരം നല്‍കാമെന്ന് പറഞ്ഞാലും അത് ലഭിക്കാനുള്ള കാലതാമസവും അതിനിടെ അനുഭവികേണ്ടിവരുന്ന ബുദ്ധിമുട്ടുകളും ജനങ്ങളുടെ ആശങ്ക കൂട്ടുന്നതാണ്. തൊഴില്‍ രഹിതര്‍, ഭവന രഹിതര്‍, ഇതുരണ്ടും നഷ്ടപ്പെടുന്നതോടെ മാനസിക പ്രശ്നത്തിലേക്ക് നീങ്ങുന്നവര്‍, പിന്നീട് ആത്മഹത്യ ചെയ്യേണ്ടിവരുന്നവര്‍ ഇങ്ങനെ കെ.റെയില്‍ പദ്ധതി മൂലം ഉണ്ടാകുന്ന സാമൂഹ്യപ്രത്യാഘാതം കാണാതെ പോകരുത്. 

കൂടാതെ കെ. റെയില്‍ പശ്ചിമഘട്ടത്തെ നാമാവശേഷമാക്കുമെന്ന ആശങ്ക പരിസ്ഥിതിവാദികള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ കേരളം ഇതുവരെ കാണാത്ത പ്രകൃതി ദുരന്തങ്ങളിലേക്കാകും അത് നമ്മളെ കൊണ്ടുചെന്നെത്തിക്കുക. അതുണ്ടാക്കിവയ്ക്കുന്ന സാമൂഹ്യപ്രത്യാഘാതങ്ങള്‍ ഒന്നും രണ്ടും പ്രളയങ്ങളെ അതിജീവിച്ച, ഉരുള്‍പൊട്ടലുകള്‍ക്ക് സാക്ഷിയായ കേരളം മറന്നുപോകരുത്. ആ ദുരന്തങ്ങളിലെ ഇരകള്‍ ഇന്നും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല.

ഈ അതിവേഗ റെയില്‍ പദ്ധതി അനാവശ്യമാണ്. സാധാരണക്കാരനു ഗുണപ്പെടില്ല, കുറച്ചു പേരടങ്ങുന്ന വരേണ്യവര്‍ഗത്തിനേ ഇതുകൊണ്ട് ഗുണമുള്ളൂ. പദ്ധതി നടപ്പാക്കാന്‍ അതിഭീമമായ ചെലവുണ്ട്. അതു സാധാരണക്കാരാണ് വഹിക്കേണ്ടിവരുക. അതേസമയം, സാധാരണക്കാര്‍ക്കു താങ്ങാനാകുന്ന യാത്രാക്കൂലിയാകില്ല. ഗതാഗത സൗകര്യങ്ങള്‍ എമ്പാടുമുള്ള കൊച്ചു സംസ്ഥാനമാണ് കേരളം. ജനങ്ങള്‍ അതില്‍ തൃപ്തരാണ്. ഇരുപതിനായിരത്തോളം കുടുംബങ്ങളെ പദ്ധതി ബാധിക്കും. ഹൈവേ വികസനം, വല്ലാര്‍പാടം തുടങ്ങി പല പദ്ധതികളും എണ്‍പതിനായിരത്തോളം കുടുംബങ്ങളെ ബാധിച്ചതിനു പുറമേയാണിത്. ബാധിച്ചവരെ പൂര്‍ണമായി പുനരധിവസിപ്പിച്ചിട്ടുമില്ല. ഇടയ്ക്കിടെ കുറച്ചു പണം കൊടുക്കുന്നതല്ല പുനരധിവാസം. പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപയ്ക്കു പുറത്ത് ചെലവു വരും. ഇതു നിലവിലെ പൊതുഗതാഗത സൗകര്യങ്ങള്‍ മെച്ചമാക്കാന്‍ ചെലവാക്കിക്കൂടേ?
                                                                                                                                                                               - മേധാ പട്കര്‍

പദ്ധതി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ സാമൂഹ്യാഘാതം കുടിയൊഴിക്കപ്പെടുന്നവരാണ്. വീട്ടില്‍നിന്ന്  മാത്രമല്ല സ്‌കൂളുകള്‍, പള്ളികള്‍, അമ്പലങ്ങള്‍ തുടങ്ങി മനുഷ്യന്റെ സമൂഹ്യജീവിതവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതെല്ലാം കുടിയൊഴിപ്പിക്കപ്പെടും.  ഇങ്ങനെ കുടിയൊഴിപ്പിക്കപ്പെടുന്നതെല്ലാം എന്ത് വിഭവങ്ങള്‍ ഉപയോഗിച്ചു പുനര്‍നിര്‍മ്മിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ ചോദിക്കുന്നു. അത്രയും പ്രകൃതി വിഭവങ്ങളുടെ സമാഹരണം കേരളത്തെകൊണ്ട് എത്തിക്കുന്നത് വന്‍ പരിസ്ഥിതി നാശത്തിലേക്ക് ആയിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പുനരവധിവാസം ആണ് അടുത്ത സാമൂഹ്യ പ്രത്യാഘാതം.  പുനരധിവാസം എന്നത് ഇതില്‍ വന്നിട്ടേയില്ല.  മുഖ്യമന്ത്രി പ്രഖ്യാപിച്ച പാക്കേജില്‍ തന്നെ അതിദരിദ്രര്‍ക്ക് മാത്രമാണ് ഭൂമി കൊടുക്കുന്നത്. ടി.വിയും സ്‌കൂട്ടറും ഉള്ളവര്‍ ഒന്നും അതി ദരിദ്രരുടെ പട്ടികയില്‍ പെടില്ല. അങ്ങനെ വരുമ്പോള്‍ ഒരാള്‍ പോലും പുനരധിവാസത്തിന്റെ പരിധിയില്‍ വരില്ലെന്നും സി.ആര്‍. നീലകണ്ഠന്‍ ചൂണ്ടിക്കാണിക്കുന്നു.

മൂലമ്പള്ളിയിലെ ആളുകള്‍ എല്ലാ കാരാറും ഉണ്ടായിട്ടും ഹൈക്കോടതി ഉത്തരവ് പോലും ഉണ്ടായിട്ടും  ഇന്നും ദുരിതത്തില്‍ ആണ്. 250 കുടുംബങ്ങളും തെരുവിലാണ് അവര്‍ക്ക് സര്‍ക്കാര്‍ കൊടുത്തുവെന്ന് പറയുന്ന സ്ഥലത്ത് വീട് വയ്ക്കാന്‍ കഴിയില്ല എന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സി.ആര്‍. നീലകണ്ഠന്‍ പറയുന്നു.  

250 കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ കഴിയാത്ത നമുക്ക് എങ്ങനെ 11 ജില്ലകളിലെ ജനങ്ങളെ പുനരധിവസിപ്പിക്കാന്‍ കഴിയും എന്ന ചോദ്യം വളരെ പ്രസക്തമാണ്.പദ്ധതി കടന്നുപോകുന്ന ദേശത്ത് ചരിത്ര, പൈതൃക നിര്‍മിതികള്‍ ഉണ്ടായിരിക്കാം. സംസ്‌കാരത്തിന്റെ, സമൂഹത്തിന്റെ ഭാഗമായ അത്തരം നിര്‍മിതികള്‍ ഒരിക്കല്‍ ഇടിച്ചുപൊളിച്ചു കളഞ്ഞാല്‍ എങ്ങനെ പുനര്‍നിര്‍മിക്കാന്‍ കഴിയും എന്നതും ചോദ്യമാണ്.  

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വാസസ്ഥലം നഷ്ടമാകുന്ന ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരത്തുകയ്ക്ക് പുറമേ 4.6 ലക്ഷം രൂപ നല്‍കുമെന്ന് പുനരധിവാസ പാക്കേജ്. അല്ലെങ്കില്‍ നഷ്ടപരിഹാരവും 1.6 ലക്ഷവും ലൈഫ് മാതൃകയിലുള്ള വീടും നല്‍കും. വിപണി വിലയുടെ ഇരട്ടി തുകയാണ് നഷ്ടപരിഹാരമായി ഭൂവുടമകള്‍ക്ക് നല്‍കുക പുനരധിവാസ പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. വാസസ്ഥലം നഷ്ടപ്പെടുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതിദരിദ്ര കുടുംബങ്ങള്‍ക്ക് മൂന്ന് ഓപ്ഷനുകളാണ് പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഒന്ന്, നഷ്ടപരിഹാര തുകയ്ക്ക് പുറമെ അഞ്ച് സെന്റ് ഭൂമിയും ലൈഫ് മാതൃകയില്‍ വീടും. രണ്ട്, നഷ്ടപരിഹാര തുകയ്ക്ക് പുറമേ അഞ്ച് സെന്റ് ഭൂമിയും നാല് ലക്ഷം രൂപയും. മൂന്നാമത്തേത് നഷ്ടപരിഹാര തുകയ്ക്ക് പുറമേ 10 ലക്ഷം രൂപ എന്നതാണ്. 

കാലിത്തൊഴുത്തുകള്‍ പൊളിച്ചു നീക്കപ്പെടുകയാണെങ്കില്‍ അതിന് 25,000 രൂപ മുതല്‍ 50,000 രൂപവരെ നഷ്ടപരിഹാരം നല്‍കും. വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് വിപണി വിലയുടെ ഇരട്ടിവരുന്ന നഷ്ടപരിഹാര തുകയ്ക്ക് പുറമേ 50,000 രൂപകൂടി നല്‍കും. വാടക കെട്ടിടത്തിലെ വാണിജ്യസ്ഥാപനം നഷ്ടമാകുന്നവര്‍ക്ക് 2 ലക്ഷം രൂപയും പാക്കേജിന്റെ ഭാഗമായി നല്‍കും. വാസസ്ഥലം നഷ്ടമാകുന്ന വാടക താമസക്കാര്‍ക്ക് 30,000 രൂപയും നല്‍കും. തൊഴില്‍ നഷ്ടപ്പെടുന്ന സ്വയം തൊഴില്‍ക്കാര്‍, ചെറുകിട കച്ചവടക്കാര്‍, കരകൗശല പണിക്കാര്‍ മുതലായവര്‍ക്ക് 50,000 രൂപയും പ്രത്യേക സഹായമായി നല്‍കും. ഒഴിപ്പിക്കപ്പെടുന്ന വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മാസം 6,000 രൂപ വീതം ആറ് മാസം നല്‍കും. പെട്ടിക്കടക്കാര്‍ക്ക് 25,000 രൂപ മുതല്‍ 50,000 രൂപവരെ സഹായമായി നല്‍കും. പുറമ്പോക്ക് ഭൂമിയിലെ താമസക്കാര്‍, അല്ലെങ്കില്‍ കച്ചവടം നടത്തുന്നവര്‍ക്ക് ആ ഭൂമിയിലെ കെട്ടിടങ്ങളുടെ വിലക്ക് പുറമേ 5000 രൂപവീതം ആറ് മാസം നല്‍കുന്ന പദ്ധതിയും പാക്കേജിന്റെ ഭാഗമായുണ്ട്. പദ്ധതി ബാധിക്കുന്ന കുടുംബാംഗങ്ങളിലെ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് പദ്ധതിയുടെ നിയമനങ്ങളില്‍ പ്രത്യേക പരിഗണന നല്‍കും. കച്ചവട സ്ഥാപനം നഷ്ടപ്പെടുന്നവര്‍ക്ക് കെ റെയില്‍ നിര്‍മിക്കുന്ന വാണിജ്യ സമുച്ഛയങ്ങളിലെ കടമുറികളില്‍ മുന്‍ഗണന നല്‍കാനും പാക്കേജില്‍ തീരുമാനിച്ചിട്ടുണ്ട്.

കേരളത്തെ രണ്ടായി വിഭജിയ്ക്കുന്നതാണ് പദ്ധതിയെന്നാണ് കെ. റെയിലിനെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന മറ്റൊരു  ആരോപണം. വളരെ ഉയരത്തില്‍ നിര്‍മ്മിക്കുന്ന സംരക്ഷണഭിത്തി ജനങ്ങളുടെ സുഗമമായ സഞ്ചാരത്തെ തടസപ്പെടുത്തുമെന്നതില്‍ ആശങ്കയുണ്ട്.  പദ്ധതി പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നിരിക്കെ പദ്ധതി പ്രദേശത്തിന് ഇരുവശവും താമസിക്കുന്ന ജനങ്ങള്‍ അനുഭവിക്കുന്ന ശാരിക മാനസിക ബുദ്ധിമുട്ടുകളും നാം കാണാതെ പോകരുത്. അത് നമ്മളെ കൊണ്ടെത്തിക്കുന്നത് മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ഒരു സമൂഹമെന്ന നിലയിലേക്കായിരിക്കും. പദ്ധതി വരുന്നതോടെ വാഹനപ്പെരുപ്പം കുറയ്ക്കാന്‍ കഴിയുമെന്ന സര്‍ക്കാര്‍ വാദത്തെ ആളൊഴിഞ്ഞ കൊച്ചി മെട്രോയും ഗതാഗത കുരുക്കുള്ള കൊച്ചിയിലെ റോഡുകളും ചൂണ്ടികാട്ടിയാണ് പദ്ധതിയെ എതിര്‍ക്കുന്നവര്‍ പ്രതിരോധിക്കുന്നത്.

പദ്ധതി ഒറ്റനോട്ടത്തില്‍

  • കിലോ മീറ്ററിനുള്ള യാത്രാചെലവ് 2.75 രൂപ.
  • ആകെ 530 കിലോ മീറ്റര്‍.
  • 11 ജില്ലകള്‍ 11 സ്റ്റേഷനുകള്‍.
  • തൂണിന് മുകളില്‍ 88 കിലോ മീറ്റര്‍
  • എംബാങ്ക്‌മെന്റ്(ഇരുഭാഗത്തും ഭിത്തി കെട്ടി നടുക്ക് മണ്ണും കല്ലും നിറയ്ക്കുന്ന 15-26 മീറ്റര്‍ വീതിയുള്ള മതില്‍) 292 കിലോ മീറ്റര്‍.
  • കുന്നിടിച്ച് 102 കിലോ മീറ്റര്‍ 
  • എംബാങ്ക്‌മെന്റില്‍ ഓരോ 500 മീറ്റര്‍ ഇടവിട്ട് അറുന്നൂറോളം അടിപ്പാതകള്‍.
  • ഏറ്റെടുക്കേണ്ടി വരുന്നത് 1383 ഹെക്ടര്‍ ഭൂമി

 ബഫര്‍ സോണില്‍ പെടുന്നവരും ആശങ്കയില്‍

കെ റെയിലിന് ഏറ്റവും കുറഞ്ഞത് 100 മീറ്റര്‍ പരിധിയിലെങ്കിലും  താമസിക്കുന്നവരാണ് ബഫര്‍ സോണുകളില്‍ ഉള്‍പ്പെടുന്നവര്‍. പദ്ധതിയില്‍ റെയില്‍ പോവുന്ന സ്ഥലങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെല്ലാമാണ്  കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ നൂറ് മീറ്റര്‍ പരിധിക്കാര്‍ ചര്‍ച്ചയില്‍ പോലും വരുന്നില്ല. പദ്ധതി വരുമ്പോള്‍ ബഫര്‍ സോണായി പ്രഖ്യാപിക്കപ്പെടുന്ന തങ്ങളുടെ ഭൂമി അപ്പാടെ  മരവിച്ച്  പോവുമെന്നതാണ് ഇവിടേയുള്ള ജനങ്ങള്‍ ഉന്നയിക്കുന്ന പ്രധാന കാര്യം. നിര്‍മാണ പ്രവര്‍ത്തനം നടത്താനോ നവീകരണ പ്രവര്‍ത്തനം നടത്താനോ ഭൂമിയില്‍ ഏതെങ്കിലും തരത്തിലുള്ള  ഇടപാടുകള്‍ നടത്താനോ സാധിക്കില്ല.


ഇന്ത്യന്‍ റെയില്‍വേ ഒരു മണിക്കൂറില്‍ നൂറ് കിലോ മീറ്റര്‍ വേഗതയില്‍ പോവുന്ന തീവണ്ടിക്ക് റെയില്‍വേ  നിയമപ്രകാരം മുപ്പത് മീറ്ററാണ് ബഫര്‍ സോണായി പ്രഖ്യാപിച്ചത്. എന്നാല്‍ മണിക്കൂറില്‍ 200 കിലോ മീറ്ററിന് മുകളില്‍ സ്പീഡില്‍ പോവുന്ന കെ റെയിലിന് ബഫര്‍ സോണായി  5 മീറ്റര്‍ മതിയെന്നാണ് പറയുന്നത്. ഇത് എങ്ങനെ വിശ്വസിക്കാനാവുമെന്ന് ചോദിക്കുന്നു കോഴിക്കോട് നടക്കാവിലെ കെ റെയലിന്റെ  ബഫര്‍ സോണിലെ ഷീജയെന്ന താമസക്കാരി. മുംബൈ അഹമ്മദാബാദ് ബുള്ളറ്റ്  ട്രെയിനിന്റെ റിപ്പോര്‍ട്ട് പ്രകാരം 250 മീറ്ററാണ് ബഫര്‍സോണ്‍. അങ്ങനെയാവുമ്പോള്‍ കെ റെയിലിന് ഏറ്റവും  കുറഞ്ഞത് 100 മീറ്ററെങ്കിലും വേണമെന്നതാണ് യഥാര്‍ഥ്യം. അത് പറയാതെ അഞ്ച് മീറ്റര്‍ പത്ത് മീറ്റര്‍ എന്ന് പറഞ്ഞ് പറ്റിക്കാന്‍ നോക്കുകയാണെന്നും ഷീജ ചൂണ്ടിക്കാട്ടുന്നു

കാലിത്തൊഴുത്തിന് വരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പാക്കേജ്. പക്ഷേ, അതും പ്രതിഷേധങ്ങള്‍ കെടുത്താന്‍ പോന്നത് ആയിരുന്നില്ല.

പദ്ധതിയുമായി ബന്ധപ്പെട്ട് വമ്പന്‍ നഷ്ടപരിഹാര പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ഇതില്‍ ഞങ്ങളാരും തൃപ്തരല്ല. സമര സമിതി ആദ്യമേ ഉന്നയിക്കുന്ന കാര്യം പദ്ധതി ഉപേക്ഷിക്കുക എന്നതാണ്. ഈ ആവശ്യം നിറവേറ്റുന്നത് വരെ സമരവുമായി മുന്നോട്ട് പോവുമെന്ന് കെ.റെയില്‍ സമരസമിതി ചെയര്‍മാന്‍ ടി.ടി. ഇസ്മയില്‍ മാതൃഭൂമി ഡോട്‌ കോമിനോട് വ്യക്തമാക്കി.

പല പദ്ധതികള്‍ക്കായും മുന്‍പ് പ്രഖ്യാപിച്ച പാക്കേജുകള്‍ ഇപ്പോള്‍ എവിടെയാണെന്ന് എല്ലാവര്‍ക്കും അറിയാം. ചെങ്ങറ, മൂലമ്പള്ളി പാക്കേജുകളെല്ലാം ഇന്നും പ്രഖ്യാപനത്തില്‍ മാത്രമാണ്. കെ.റെയിലിന്റെ പാരിസ്ഥിതിക, സമൂഹിക, സാമ്പത്തിക ആഘാതത്തെ പറ്റി ജനങ്ങള്‍ ഓരോ സെക്കന്‍ഡിലും പഠിച്ചുകൊണ്ടിരിക്കുകയാണ്. നഷ്ടപരിഹാരം എന്ന ചര്‍ച്ചയിലേക്കേ ഞങ്ങള്‍ കടക്കുന്നില്ല.

മൂന്നര കോടി ജനങ്ങളാണ് ഇതിന് ഇരയാകുന്നത്. കുടിയൊഴിഞ്ഞ് പോവുന്നവരേക്കാള്‍ കൂടുതല്‍ അനുഭവിക്കേണ്ടി വരിക ഇതിന് രണ്ട് ഭാഗത്തും ജീവിക്കുന്നവരാണ്. അവര്‍ പുഴുക്കളെ പോലെ ജീവിക്കേണ്ടി വരും. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ ഒരു പക്ഷെ, ടാര്‍പോളിന്‍ ഷീറ്റിന് കീഴിലോ മറ്റോ താമസിക്കുമായിരിക്കും. എന്നാല്‍, അതിനേക്കാള്‍ ഭീകരമായിരിക്കും അതിന് രണ്ട് ഭാഗങ്ങളിലും താമസിക്കുന്നവര്‍. ഇക്കാര്യങ്ങളിലെല്ലാം ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടായിട്ടുണ്ടെന്നും ടി.ടി. ഇസ്മയില്‍ വ്യക്തമാക്കി.

15 മുതല്‍ 30 അടി ഉയരത്തിലും അതിന് ആനുപാതികമായ വീതിയിലുമാണ് സില്‍വര്‍ ലൈന്‍ 292 കി. മീറ്റര്‍ (മൊത്തം ദൂരത്തിന്റെ 55%) ദൂരം വന്‍മതില്‍ പോലെയാണ് നിര്‍മ്മിക്കപ്പെടുന്നത്. ബാക്കി സ്ഥലത്ത് റെയിലിന് ഇരുവശത്തും മതിലും കെട്ടണം. പദ്ധതി നിലവില്‍ വന്നാല്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും ഭൂചലനത്തിനും സാധ്യതയുണ്ടെന്നും ഇരുവശത്തുമുള്ള ഭൂമിയുടെ വിനിയോഗത്തില്‍ മാറ്റം വരുമെന്നും 164 സ്ഥലങ്ങളിലെ ജലനിര്‍ഗമന മാര്‍ഗങ്ങള്‍ തടസപ്പെടുമെന്നും സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. എവിടെയൊക്കെ സ്വാഭാവിക ജലനിര്‍ഗമന മാര്‍ഗങ്ങള്‍ തടസപ്പെട്ടിട്ടുണ്ടോ, അത് താഴ്ന്ന പ്രദേശങ്ങളാണെങ്കില്‍ വെള്ളപ്പൊക്കവും മലയോര മേഖലകളാണെങ്കില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാക്കുമെന്നതിന് ഇനിയൊരു പഠനത്തിന്റെയും ആവശ്യമില്ല.- വി.ഡി സതീശന്‍ 

കെ റെയിലിന്റെ അനിവാര്യത

ഒരു സംസ്ഥാനമെന്ന നിലയില്‍ ഒരു സമൂഹമെന്ന നിലയിലും വികസനം അനിവാര്യമാണ്. കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നിലവില്‍ സഞ്ചരിക്കാന്‍ എടുക്കുന്ന സമയം 15 മണിക്കൂറോളമാണ്. അത് കെ റെയില്‍ വരുന്നതോടെ നാല് - അഞ്ച് മണിക്കൂറായി കുറയുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.  കൊച്ചി പോലെയുള്ള വ്യവസായിക ഹബ്ബുകളിലേക്കും തലസ്ഥാന നഗരിയിലേക്കുമുള്ള  യാത്ര വളരെ വേഗത്തിലാകുമെന്നത് കെ റെയിലിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. പക്ഷേ അപ്പോഴും ഏത് വികസനമായാലും അത് പ്രകൃതിയെയും മനുഷ്യനെയും പരിഗണിച്ചുകൊണ്ടുള്ളതാകണം. ഈ ആശങ്കളാണ് പരിസ്ഥിതി വാദികള്‍ മുന്നോട്ടുവയ്ക്കുന്നത്. ഗുണത്തേക്കാള്‍ ഏറെയാണ് ദോഷമെങ്കില്‍ ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കുക തന്നെ വേണം.

കെ റെയില്‍ നടപ്പിലായി കഴിയുമ്പോള്‍ കേരളം ബാക്കിയുണ്ടാകുമോ എന്നതാണ് ചോദ്യം. ആ ചോദ്യത്തിന് ജനങ്ങളുടെ ആശങ്കകള്‍ക്ക് കൃത്യമായ ഉത്തരം കണ്ടെത്താന്‍ സര്‍ക്കാരിനാകണം. സാമൂഹ്യ ആഘാത പഠനം ഉള്‍പ്പെടെയുള്ളവ ആഴത്തില്‍ നടത്തി വേണം ആ ചോദ്യങ്ങളെ സര്‍ക്കാര്‍ നേരിടാന്‍.

Content Highlights: semi highspeed project Silverline and social impact