സെലിബ്രിറ്റി അഭിമുഖങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്ന ക്ലീഷേ ചോദ്യങ്ങളുടെ പ്രസക്തിയെ കുറിച്ചുളള ചര്‍ച്ച ഇവിടെ തുടരുന്നു

ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങള്‍ക്ക് സാമൂഹിക പരിഷ്‌കരണത്തിലും വ്യക്തവും കൃത്യവുമായ പങ്കുളളതാണ്. 

*എന്തുകൊണ്ട് മാധ്യമപ്രവര്‍ത്തകരില്‍ നിന്നുതന്നെ ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു? 
* പ്രേക്ഷകര്‍ക്കുവേണ്ടി ക്ലീഷേ ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാകുകയാണോ?
* ഒരു മാധ്യമപ്രവര്‍ത്തകന്‍ അഭിമുഖത്തെ സമീപിക്കേണ്ടത് എങ്ങനെയാണ്, അഭിമുഖത്തില്‍ കാലാനുസൃതമായി കൊണ്ടുവരേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണ്? 

മാതൃഭൂമി ഡോട് കോം മുന്നോട്ടുവെയ്ക്കുന്ന ഈ ചര്‍ച്ചയില്‍ പങ്കാളികളാവുകയാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ 


'അഭിമുഖങ്ങള്‍ ഒരാളുടെ ദൈവികമായ ഉള്ളുതുറക്കലാണ്,അതിനെ ആ പരിശുദ്ധിയോടെ സമീപിക്കണം'


bijuബിജു രാഘവന്‍, സബ് എഡിറ്റര്‍, ഗൃഹലക്ഷ്മി 

left quotes iconഒപ്പം സിനിമയുടെ ലൊക്കേഷന്‍. മാഗസിന്‍ അഭിമുഖത്തിന് സെറ്റിലേക്ക് ചെല്ലാനായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്. ചിത്രീകരണത്തിന് ഇടയില്‍ പല ചോദ്യങ്ങള്‍ക്ക് മുന്നിലും സംവിധായകന്‍ മൗനം പാലിച്ചു. അതോ കേട്ടില്ല എന്ന് നടിച്ചതോ. പക്ഷേ ഇടയ്ക്ക് പ്രിയന്‍ ചേട്ടന്‍ പറഞ്ഞു. 'നമുക്ക് രാത്രി ഹോട്ടലില്‍ കാണാം.'

സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് രാത്രി കൊച്ചിയിലെ ട്രാവന്‍കൂര്‍ കോര്‍ട്ട് ഹോട്ടലിലെ മുറിയിലുണ്ടായിരുന്നു പ്രിയദര്‍ശന്‍. തൊട്ടപ്പുറത്തും ഇപ്പുറത്തുമായി മോഹന്‍ലാലും മാമുക്കോയയും. പ്രിയദര്‍ശനോട് സിനിമയെക്കുറിച്ച് മാത്രമേ ചോദിക്കേണ്ടതുള്ളൂ എന്ന് ധരിച്ചാല്‍ അഭിമുഖത്തില്‍ വലിയ കഥയൊന്നുമുണ്ടാവില്ല. പലചോദ്യങ്ങളും പ്രിയദര്‍ശന്‍ എന്ന മുതിര്‍ന്ന സംവിധായകന്‍ കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്നതുമാവും. പുതുതായി എന്താണ് അദ്ദേഹത്തിന് പറയാന്‍ ഉള്ളത് എന്നതാണ് സമൂഹത്തിനും അറിയാന്‍ താത്പര്യം. ഒരു മനുഷ്യന്‍ എന്ന നിലയില്‍ അഭിമുഖം നടത്തുന്നയാള്‍ക്കും. അത് കണ്ടെത്തുക തന്നെയാണ് അഭിമുഖകാരന്റെ ധര്‍മവും.

ലിസിയും പ്രിയദര്‍ശനും വേര്‍പിരിഞ്ഞിട്ട് കുറച്ചുകാലമായിട്ടേയുള്ളൂ. അതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ വൈകാരികമായിരുന്നു പ്രിയദര്‍ശന്റെ മറുപടികള്‍. തനിക്കിപ്പോഴും ലിസിയെ ഇഷ്ടമാണെന്നും ആ വേര്‍പിരിയല്‍ തന്നെ ഏറെ ദുഖത്തിലാഴ്ത്തിയെന്നും ലിസി തിരിച്ചുവരുന്നത് കാത്തിരിക്കുകയാണെന്നും പ്രിയദര്‍ശന്‍ തുറന്നുപറഞ്ഞു. ഈയൊരു ചോദ്യത്തെ പൈങ്കിളിയെന്നോ വ്യക്തികാര്യങ്ങളിലുള്ള കടന്നുകയറ്റമെന്നോ വിമര്‍ശിക്കാന്‍ എളുപ്പമാണ്. പക്ഷേ പ്രിയദര്‍ശന്‍ എന്ന മനുഷ്യന് തന്റെ മനസ്സ് ലോകത്തിന് മുന്നില്‍ തുറന്നുകാണിക്കാന്‍ അങ്ങനെയൊരു ചോദ്യം അനിവാര്യമായിരുന്നുവല്ലോ.

സ്ത്രീ മാസികകളില്‍ വരുന്ന അഭിമുഖങ്ങളെയും അതിലെ ചോദ്യങ്ങളെയും വിമര്‍ശിച്ചുകൊണ്ട് അത് ഏറ്റവും തരംതാണരീതിയിലുള്ള പത്രപ്രവര്‍ത്തനമാണെന്ന് ആക്ഷേപിക്കുന്നവരുണ്ട്, കഥയറിയാതെ ആട്ടം കാണുന്നവര്‍. അതിലെ മറുപടികള്‍ ഏറെ ആസ്വദിച്ചുതന്നെ വായിച്ചശേഷമാണ് അതിനെ വിമര്‍ശിക്കാന്‍ അവര്‍ വാളെടുക്കുന്നത് എന്നതാണ് കൗതുകകരം. മലയാളത്തിലെ മുഖ്യധാരാ സ്ത്രീ മാസികകളില്‍ വരുന്ന അഭിമുഖങ്ങളും അതിലെ വാചകങ്ങളുമാണ് ഇന്ന് കേരളത്തിലുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മുഴുവന്‍ ഹിറ്റിനും ക്ലിക്കിനുംവേണ്ടി എടുത്തുപയോഗിക്കുന്നത് എന്ന് അറിയുമ്പോള്‍ മനസ്സിലാക്കാം എത്രമാത്രം ജനകീയമാണ് ഈ മാസികകളുടെ ഉള്ളടക്കമെന്നത്. സ്ത്രീ മാസികകളെന്ന് മുദ്രകുത്തിവെച്ച കുടുംബമാഗസിനുകളില്‍ വരുന്ന അഭിമുഖങ്ങളിലെ വാചകങ്ങളാണ് പലരും സോഷ്യല്‍മീഡിയയിലെ സ്റ്റാറ്റസുകളായും ചെറിയ വീഡിയോകളാക്കി ശബ്ദംനല്‍കിയും മറ്റുള്ളവര്‍ക്ക് പങ്കുവെച്ച് രസിക്കുന്നതും. ഒരേസമയം ലളിതമെന്ന് തോന്നിക്കുന്നതും അതേസമയം ചിലരൊക്കെ 'സില്ലി' എന്ന് വിശേഷിപ്പിക്കുന്നതുമായ ഇത്തരം അഭിമുഖങ്ങളിലെ ചോദ്യങ്ങള്‍ തന്നെയാണ് മുന്നിലിരിക്കുന്ന സെലിബ്രിറ്റിയെ ഒരു സാധാരണ മനുഷ്യനാക്കുന്നതും അയാളെ ഉള്ളിന്റെ ഉള്ളില്‍നിന്ന് പുറത്തുകടക്കാന്‍ പ്രേരിപ്പിക്കുന്നതും. അത് ചോദിക്കേണ്ടത് ഒരു മാധ്യമപ്രവര്‍ത്തകന്റെ കടമ തന്നെയാണ്. അത് അയാളുടെ പൊതുബോധമില്ലായ്മാണെന്നും പൈങ്കിളിതലക്കെട്ടുകള്‍ ഉണ്ടാക്കാനാണെന്നും പറയുന്നവരോട് സഹതാപം മാത്രം.

ഇന്നും അച്ചടി മാധ്യമങ്ങളിലെ അഭിമുഖങ്ങളില്‍ മാത്രമാണ് ഞങ്ങള്‍ക്ക് താത്പര്യമുള്ളൂ എന്ന് തുറന്നുപറയുന്ന ധാരാളം സെലിബ്രിറ്റികള്‍ ഈ മലയാളത്തില്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് അറിയുക. അതിന്റെ വിശ്വാസ്യതയ്ക്കും ഉള്ളടക്കത്തിലെ ഗൗരവത്തിനും ഇനിയും മങ്ങലേറ്റിട്ടില്ല. രണ്ടുമനുഷ്യര്‍ സംസാരിക്കുമ്പോള്‍ എന്തൊക്കെ കടന്നുവരുമോ അതൊക്കെ ചോദ്യകര്‍ത്താവിനും അഭിമുഖം നേരിടുന്നയാള്‍ക്കുമിടയില്‍ മടിയില്ലാതെ കടന്നുവരാം. അത്തരം ചോദ്യങ്ങള്‍ പാടില്ലെന്ന് ഒരാളും ഇതുവരെ വിലക്കിയത് കണ്ടിട്ടില്ല. ചോദ്യങ്ങള്‍ ചോദിക്കുകയാണ് അടിസ്ഥാനപരമായി ഒരു മാധ്യമപ്രവര്‍ത്തകന്റെ ഏറ്റവും വലിയ കടമയും. അച്ചടിമാധ്യമങ്ങളില്‍ വരുന്ന മറുപടികള്‍ക്ക് സമൂഹം കൂടുതല്‍ വിലകല്‍പ്പിക്കുന്നു എന്ന ബോധ്യം അഭിമുഖം നേരിടുന്നയാളുടെ ഉള്ളിലുണ്ട് താനും.
മാധ്യമപ്രവര്‍ത്തര്‍ എന്ത് ചോദിക്കണമെന്നോ എങ്ങനെ ചോദിക്കണമെന്നോ ആരും ഫ്രെയിം ചെയ്ത് വിടുന്നതല്ല. മുന്നില്‍ വരുന്നയാളെക്കുറിച്ച്, അയാള്‍ കടന്നുപോന്ന ജീവിതത്തെക്കുറിച്ച് അയാളുടെ നേട്ടങ്ങളെക്കുറിച്ച്-അഭിമുഖം നേരിടുന്നയാള്‍ സ്ത്രീ ആയാലും പുരുഷനായാലും-ഒരേപോലെതന്നെയാണ് ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടി വരുന്നത്. ചോദ്യങ്ങളിലൊരു ലിംഗഭേദമുണ്ടെന്ന് ഇതുവരെ ആരും പരാതി പറഞ്ഞതായി ഓര്‍ക്കുന്നില്ല. നടി പാര്‍വതിയോടും മഞ്ജുവാര്യരോടും പൃഥിരാജിനോടും സുരേഷ് ഗോപിയോടും സംസാരിക്കുമ്പോള്‍ അതിന് ഇടയിലൊന്നും ആണ്‍പെണ്‍ വേര്‍തിരിവോടെ ചോദ്യങ്ങള്‍ ഉണ്ടായിട്ടില്ല. കലാലോകത്ത് ജീവിക്കുന്ന ഒരാളുടെ ജീവിതം വെളിപ്പെടുത്താന്‍ ഉള്ള ചോദ്യങ്ങളെ ഉന്നയിക്കേണ്ടി വന്നിട്ടുള്ളൂ. 

സുനിതാ കൃഷ്ണനോടും ഉമാപ്രേമനോടും സംസാരിക്കുമ്പോള്‍ അവര്‍ കടന്നുപോയ ജീവിതവും സംഭാഷണ വിഷയമാവും. അതിലെങ്ങനെ തെറ്റ് കാണാന്‍ പറ്റും, അവരത് കാണാത്തിടത്തോളം പ്രത്യേകിച്ചും. എഴുത്തുകാരായ എം.മുകുന്ദനോടോ ബെന്യാമിനോടോ ആനന്ദ് നീലകണ്ഠനോടോ അവരുടെ എഴുത്തല്ലാത്ത ജീവിതത്തെക്കുറിച്ചും ചോദിക്കേണ്ടി വരും. എം.ടിയോട് അദ്ദേഹത്തിന്റെ ഉള്ളിലെ സ്ത്രീ സങ്കല്‍പത്തെക്കുറിച്ച് ചോദിക്കാതിരിക്കാന്‍ കഴിയാത്ത പോലെ. മഞ്ഞിലെ വിമലയെയും വടക്കന്‍ വീരഗാഥയിലെ ആര്‍ച്ചയെയും സൃഷ്ടിച്ച മനുഷ്യന് സ്ത്രീസങ്കല്‍പത്തെക്കുറിച്ച് എന്തൊക്കെ പറയാന്‍ ബാക്കി ഉണ്ടാവും. പിറ്റേന്ന് മുഖ്യമന്ത്രിയാവാന്‍ തയ്യാറെടുക്കുന്ന ഉമ്മന്‍ചാണ്ടിയെ മുന്നിലിരുത്തി അദ്ദേഹത്തിന്റെ  ഭാര്യ മറിയാമ്മ ഭര്‍ത്താവ് മുടിചീകാറില്ലെന്നും വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കില്ലെന്നതുമൊക്കെ വിവരിച്ചത് അതേക്കുറിച്ചുള്ള ചോദ്യത്തിന്റെ മറുപടിയായിട്ടാണ്. അതൊരു ചെറുചിരിയോടെ കേട്ടിരിക്കാന്‍ ആ രാഷ്ട്രീയ നേതാവ് മടികാണിച്ചില്ലെന്നതും മറ്റൊരു യാഥാര്‍ത്ഥ്യം. മുന്നിലിരിക്കുന്ന മനുഷ്യനോട് സംസാരിക്കുമ്പോള്‍ നമ്മുടെ ഉള്ളിലെ സത്യസന്ധതയും ആത്മാര്‍ത്ഥയും ചോദ്യങ്ങളില്‍ നിഴലിക്കുന്നുണ്ടോ എന്നത് മാത്രമാണ് പലപ്പോഴും വിഷയമായി മാറുന്നത്.
സ്ത്രീകളോടായാലും പുരുഷന്‍മാരോടായാലും അവര്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍(സില്ലി എന്ന് വിശേഷിപ്പിക്കപ്പെടുന്നവ) ചോദിക്കണോ  വേണ്ടയോ എന്നത് അഭിമുഖം നടത്തുന്നയാളുടെ മനോഭാവവും സാമാന്യബോധവും അനുസരിച്ചിരിക്കും. പുതിയ തലമുറയിലുള്ളവര്‍ ഇത്തരം ചോദ്യങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടോ എന്ന് മനസ്സിലാക്കാനുള്ള വിവേകം ഏതൊരു അഭിമുഖകാരനും ഉണ്ടാവുമെന്നത് ഉറപ്പാണ്. അതാണല്ലോ അയാള്‍ കാണിക്കേണ്ട കോമണ്‍സെന്‍സ്.

കടന്നുപോയ അനുഭവങ്ങള്‍ പറയുമ്പോള്‍ പല പ്രമുഖരും മുന്നിലിരുന്ന് കണ്ണ് തുടച്ചിട്ടുണ്ട്. പുറത്ത് പലതരം ഗൗരവമുള്ള വേഷങ്ങള്‍ അണിയുന്ന അവര്‍ ഇത്തരം വേളകളില്‍ ഒരു ചെറിയ കുഞ്ഞിനെപ്പോലെ മാറുന്നത് അത്ര സാധാരണമായ കാഴ്ചയല്ല. അതിലാര്‍ക്ക് തെറ്റുപറയാനാവും. അഭിമുഖങ്ങള്‍ ഒരാളുടെ ദൈവികമായ ഉള്ളുതുറക്കലാണ്. അതിനെ ആ പരിശുദ്ധിയോടെ സമീപിക്കണമെന്ന് മാത്രം.right quotes icon


'നല്ല ചോദ്യങ്ങള്‍ ചോദിക്കപ്പെടാനും തുറന്ന മറുപടി അംഗീകരിക്കാനും സമൂഹം തയ്യാറാവേണ്ടതുണ്ട്'


.റീഷ്മ ദാമോദര്‍, സബ് എഡിറ്റര്‍, ലൈഫ് സ്‌റ്റൈല്‍ ക്ലസ്റ്റര്‍, മാതൃഭൂമി

left quotes iconകുറഞ്ഞ ചോദ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഉത്തരം എന്നാണ് നമ്മള്‍ ജേര്‍ണലിസം ക്ലാസുകളില്‍ പഠിക്കുന്നത് തന്നെ. അതുകൊണ്ട് ഏറ്റവും പ്രധാനമായ ചോദ്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് അഭിമുഖങ്ങള്‍ക്ക് തയ്യാറാവുന്നത്. അതിനൊപ്പം സഹപ്രവര്‍ത്തകരുടെ അഭിപ്രായം കൂടി ചോദിക്കാറുണ്ട്. അഭിമുഖം ചെയ്യുന്നയാളുടെ വിവേചനബുദ്ധി കൂടി ഇവിടെ പ്രധാനമാണ്. ഒരു സ്ത്രീയായതുകൊണ്ട് മാത്രം കെയറിങ് ആവശ്യമാണോ, ഭര്‍ത്താവിന് ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണ് എന്നൊക്കെ ചോദിക്കണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാവുന്നതേയുള്ളൂ. അത് പൊളിറ്റിക്കല്‍ കറക്ടനെസിന്റെ ഭാഗമാണ്.

ഒരു അഭിമുഖത്തില്‍ ഉള്‍പ്പെടുന്നത് അഭിമുഖം ചെയ്യുന്നയാളും ചെയ്യപ്പെടുന്നയാളും മാത്രമല്ല. സമൂഹത്തിന്റെ മനോഭാവം കൂടി ഇതില്‍ ഭാഗമാണ്. ഒരു പുരുഷ സെലിബ്രിറ്റി പറയുന്ന അതേ ഉത്തരം സ്ത്രീയാണ് പറയുന്നതെങ്കില്‍, അതിനെ സമൂഹം പൂര്‍ണമായും അംഗീകരിക്കണമെന്നില്ല. അവളാരാണ് അഭിപ്രായം പറയാന്‍ എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറും. അത് വൈറലായി മാറാനും വലിയ ബുദ്ധിമുട്ടില്ലല്ലോ. പെണ്ണായതുകൊണ്ട് മാത്രം അതിനെ എതിര്‍ക്കാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ വേറെ.

മുമ്പൊരു ടോക്ക് ഷോയില്‍ റിമ കല്ലിങ്കല്‍ പറഞ്ഞ ഒരു വാക്കിനെ മാത്രമെടുത്ത് അവരെ പരിഹസിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. അവിടെ റിമ പറഞ്ഞ വിഷയമോ അതുപറയാനുണ്ടായ സന്ദര്‍ഭമോ ചര്‍ച്ച ചെയ്യപ്പെടുന്നേയില്ല. പകരം പൊരിച്ച മീന്‍ എന്ന വാക്കില്‍ ചര്‍ച്ചയെല്ലാം ഒതുങ്ങി. ഇപ്പോഴും പൊരിച്ച മീനിന്റെ പേരും പറഞ്ഞ് റിമയെ ആളുകള്‍ കളിയാക്കാറുണ്ട്. അതുകൊണ്ടുതന്നെ ശോഭിത ധുലിപാല പറഞ്ഞതുപോലെ, അത്ര ബോള്‍ഡായി മറുപടി പറയാന്‍ പലരും തയ്യാറാവണമെന്നില്ല. ബോള്‍ഡായി അഭിപ്രായം പറയുമ്പോഴുള്ള പ്രതികരണത്തിന്റെ ഉദാഹരണം മുന്നിലിരിക്കുമ്പോള്‍, ആരുമൊന്ന് മടിക്കും. അപ്പോള്‍ നല്ല ചോദ്യങ്ങള്‍ ചോദിക്കപ്പെടാനും അതിനുള്ള തുറന്ന മറുപടി കിട്ടുമ്പോള്‍ അംഗീകരിക്കാനും സമൂഹം കൂടി തയ്യാറാവേണ്ടതുണ്ട്. നിലപാടുള്ളright quotes icon ചോദ്യങ്ങള്‍ക്ക് നിലപാടുള്ള ഉത്തരം കിട്ടുകയും അതിനെ വായിക്കുന്നവര്‍ അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് അതൊരു നല്ല അഭിമുഖമായി മാറുന്നത്.
 


Read More: 

നായകരില്‍ കൂടുതല്‍ ഇഷ്ടം ആരെ, ഭാവി വരനെ കുറിച്ചുളള സങ്കല്പം; ക്ലീഷേ ചോദ്യങ്ങളുടെ പ്രസക്തി

ആരാണ് കൂടുതല്‍ കെയറിങ്, കുക്കിങ് ഇഷ്ടമാണോ; ക്ലീഷേ ചോദ്യങ്ങള്‍ അവസാനിപ്പിക്കേണ്ടതില്ലേ?


'ചോദ്യങ്ങള്‍ അവഗണിക്കുക മാത്രമല്ല, ബാലന്‍സിങ് ആയ ചോദ്യങ്ങളും ആവശ്യമാണ്' 

Roshniറോഷ്‌നി മുരളീധരന്‍, ആര്‍.ജെ., മാതൃഭൂമി ക്ലബ് എഫ് എം 

left quotes iconപല കാരണങ്ങള്‍ കൊണ്ടായിരിക്കും ഒരു അവതാരകന്‍ അല്ലെങ്കില്‍ അവതാരക ചില ചോദ്യങ്ങള്‍ ചോദിക്കുന്നത്. ചില ചോദ്യങ്ങള്‍ ഒരു ഐസ് ബ്രേക്കര്‍ ആവാം. അതിഥിയോ, അഭിമുഖം ഓര്‍ഗനൈസ് ചെയ്യുന്നവരോ, പ്രോഗ്രാമിന്റെ കണ്ടന്റന്റോ നിശ്ചയിക്കുന്ന ചില ചട്ടക്കൂടുകളുണ്ട്. ഈ ചട്ടക്കൂടുകള്‍ ഇന്റര്‍വ്യൂ കാണുന്നവര്‍ക്കോ, കേള്‍ക്കുന്ന ശ്രോതാവിനോ അറിയണമെന്നില്ല, അറിഞ്ഞാലും അതോര്‍മയില്‍ വരണമെന്നില്ല. ആ പരിമിതികള്‍ക്കുളളില്‍ നിന്നുകൊണ്ട് ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവരുടെ ഉളളില്‍ തന്നെയുളള പ്രബുദ്ധതയോ ആക്ടിവിസമോ പ്രതിഫലിക്കണമെന്നില്ല. പക്ഷേ സമൂഹത്തില്‍ നടക്കുന്ന സംഭാഷണങ്ങളുടെ പ്രതിഫലനമാണ് ഒരു അഭിമുഖത്തില്‍ കാണാറുളളത് എന്നതുകൊണ്ടും, അത് അങ്ങോട്ടും ഇങ്ങോട്ടും പ്രതിഫലിക്കും എന്നുളളതുകൊണ്ടും നമ്മള്‍ സമൂഹത്തില്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ നമ്മുടെ ചോദ്യങ്ങളിലൂടെ തന്നെ കൊണ്ടുവരേണ്ടതുണ്ട്. അതിനിത്തിരി എക്‌സ്ട്രാ ഹോംവര്‍ക്ക് ചെയ്യുകയാണെങ്കില്‍ അതാവാം, അല്ലെങ്കില്‍ ശീലിച്ചതും പറഞ്ഞുപഠിപ്പിച്ചതും ആയിട്ടുളള കാര്യങ്ങള്‍ മാറ്റിപ്പിടിക്കലോ, ഈ പറഞ്ഞ ചട്ടക്കൂടുകള്‍ മനഃപൂര്‍വമായി ബ്രേക്ക് ചെയ്യുകയോ ആവാം. 

ഓരോ ചോദ്യത്തിനും അതിന്റേതായ ഒരു സാഹചര്യമുണ്ട്. സാഹചര്യത്തിന് ഉചിതമായ ചോദ്യമായിരിക്കണം എന്നതുപോലെ ചോദ്യത്തിന് ഉചിതമായ സാഹചര്യം ചോദ്യത്തിലൂടെ സൃഷ്ടിച്ചെടുക്കാന്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും ചില ചോദ്യങ്ങള്‍ അവഗണിക്കുക എന്നതിലേക്ക് മാത്രമല്ല ഈ ചര്‍ച്ച പോകേണ്ടത്. ചില ബാലന്‍സിങ് ചോദ്യങ്ങള്‍ ചോദിക്കാന്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്നും എനിക്ക് തോന്നുന്നു. 2020 വനിതാദിനത്തോട് അനുബന്ധിച്ച് ഞാന്‍ ചെയ്തിരുന്ന ഷീ മാറ്റേഴ്‌സ് എന്ന പരിപാടിക്ക് വേണ്ടിയും ക്ലബ് എഫ് എമ്മിലെ സ്‌പെഷ്യല്‍ പ്രോഗ്രാമിന് വേണ്ടിയും ചെയ്ത ഒരു കാര്യം പറയാം. 

ഭര്‍ത്താവിന്റെ സപ്പോര്‍ട്ട്, ജോലിക്കിടയിലും കുട്ടികളെ, കുടുംബത്തെ എങ്ങനെ മാനേജ് ചെയ്യുന്നു എന്നെല്ലാം. ആ ചോദ്യങ്ങള്‍ നേരെ തിരിച്ച് വിവിധ മേഖലകളില്‍ പ്രഗത്ഭരായകുറച്ച് പുരുഷന്മാരോട് ചോദിച്ചു. എങ്ങനെ നിങ്ങള്‍ കുടുംബവും ജോലിയും ബാലന്‍സ് ചെയ്യുന്നു, നിങ്ങളുടെ പങ്കാളിയുടെ കോണ്‍ട്രിബ്യൂഷന്‍ എന്താണ് എന്നെല്ലാമായിരുന്നു ചോദ്യം. പലരും ഇത്തരമൊരു ചോദ്യം ഇതിനുമുമ്പ് ആരും ചോദിച്ചിട്ടില്ല എന്നുപോലും പറഞ്ഞു. ചോദിക്കാതെതന്നെ ഇതിന് ഉത്തരം കൊടുക്കാറുണ്ട് എന്ന് പറഞ്ഞവരുമുണ്ട്. അതില്‍ ഡോക്ടര്‍ ഗംഗാധരന്‍ ഭാര്യ ചിത്രയെ കുറിച്ച് പറഞ്ഞത് ഓര്‍ക്കുന്നു, അദ്ദേഹത്തിന് ഹാര്‍ട്ട് അറ്റാക്ക് വന്ന സമയത്ത് ഒരു കൈയില്‍ സ്റ്റിയറിങും മറുകൈ കൊണ്ട് അദ്ദേഹത്തിന്റെ പള്‍സ് നോക്കിയും ഡോ.ചിത്ര ആശുപത്രിയിലേക്ക് വാഹമോടിച്ചത്. സ്‌റ്റൈപന്‍ഡും ശമ്പളവുമില്ലാതെ അദ്ദേഹം ഉന്നതപഠത്തിന് പോകുമ്പോള്‍ ഡോ.ചിത്ര കുട്ടികളെയും കുടുംബത്തെയും നോക്കിയതിനെ കുറിച്ച്..അങ്ങനെ വിവിധ മേഖലകളിലുളളവര്‍ എത്രയെത്ര കാര്യങ്ങളാണ് അന്നുപങ്കുവെച്ചത്.  ചില ചോദ്യങ്ങളെ സമൂഹത്തിന്റെ curiosity element ല്‍ നിന്ന് ഉപേക്ഷിക്കാനാവില്ല. എല്ലാവരും പരസ്പരം കെയര്‍ ചെയ്തുകൊണ്ട്, സപ്പോര്‍ട്ട് ചെയ്തുകൊണ്ട് മാത്രമാണ് മുന്നോട്ടുപോകുന്നത്. രണ്ടുപേരോടും തുല്യമായി ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ഒരു ലോകമായിരിക്കും കുറച്ചുകൂടി നന്നായിരിക്കുക.

നമ്മുടെ മുന്നിലിരിക്കുന്ന വ്യക്തിയെ ബഹുമാനിച്ചുകൊണ്ട് അവരുടെ കഥ കണ്ടുകൊണ്ടിരിക്കുന്ന അല്ലെങ്കില്‍ കേട്ടുകൊണ്ടിരിക്കുന്നവരിലേക്ക് എത്തിക്കാനുളള മീഡിയം ആവുക എന്നുളളതാണ് അഭിമുഖകാരന്‍ ചെയ്യേണ്ടത്. പലരും പലരീതിയിലാകും ചെയ്യുക. ഞാന്‍ സ്വീകരിച്ച രീതി എന്നുപറയുന്നത് എന്റെ അതിഥി ഞാന്‍ ആതിഥേയ ആയിട്ടുളള ഒരു വിരുന്നില്‍ വന്നിരിക്കുന്ന വ്യക്തിയാണ്. അതേ വിരുന്നില്‍ വന്നിരിക്കുന്ന ഒരു പ്രേക്ഷകന് അല്ലെങ്കില്‍ ശ്രോതാവിന് ആദ്യത്തെ അതിഥിയെ പരിചയപ്പെടുത്തി കൊടുക്കുകയാണ് ഞാന്‍. ആ വ്യക്തിയെ അത്രയേറെ ബഹുമാനിച്ചുകൊണ്ട് ആ വ്യക്തിയുടെ നന്മകള്‍ എടുത്തുകാണിച്ചുകൊണ്ട്, ആ വ്യക്തിയില്‍ നിന്ന് നമുക്ക് പഠിച്ചെടുക്കാനുളളത്, അവരില്‍ നിന്ന് സമൂഹത്തിന് ഗുണായി മാറാവുright quotes iconന്ന കാര്യങ്ങള്‍ ആ കാര്യങ്ങളാണ് അവിടെ പറയുക. ആ ഒരു നന്മ ജനങ്ങളിലേക്കെത്തിക്കാന്‍ ആഗ്രഹിക്കുന്ന ഒരു നല്ല മനുഷ്യനാവുക എന്നുളളതാണ് ഒരു അഭിമുഖകാരന്റെ/അഭിമുഖകാരിയുടെ അവസാനിക്കാത്ത ഹോംവര്‍ക്ക് എന്ന് പറയുന്നത്.