രാണ് കൂടുതല്‍ കെയറിങ്, പാചകം ഇഷ്ടമാണോ, ഭാവി വരനെ കുറിച്ചുളള സങ്കല്പമെന്താണ് തുടങ്ങി സെലിബ്രിറ്റി അഭിമുഖങ്ങളില്‍ ആവര്‍ത്തിക്കുന്ന ക്ലീഷേ ചോദ്യങ്ങളുടെ പ്രസക്തിയെ കുറിച്ചുളള ചര്‍ച്ച ഇവിടെ തുടരുന്നു

ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങള്‍ക്ക് സാമൂഹിക പരിഷ്‌കരണത്തിലും വ്യക്തവും കൃത്യവുമായ പങ്കുളളതാണ്. എന്നിട്ടും

*എന്തുകൊണ്ട് പുരോഗമനവാദികളെന്ന സ്വയം നടിക്കുന്ന മാധ്യമപ്രവര്‍ത്തകരില്‍ നിന്നുതന്നെ ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു? 
* പ്രേക്ഷകര്‍ക്കുവേണ്ടി ക്ലീഷേ ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാകുകയാണോ?
* ഒരു മാധ്യമപ്രവര്‍ത്തകന്‍ അഭിമുഖത്തെ സമീപിക്കേണ്ടത് എങ്ങനെയാണ്, അഭിമുഖത്തില്‍ കാലാനുസൃതമായി കൊണ്ടുവരേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണ്? 

മാതൃഭൂമി ഡോട് കോം മുന്നോട്ടുവെയ്ക്കുന്ന ഈ ചര്‍ച്ചയില്‍ പങ്കാളികളാവുകയാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ 


മാധ്യമപ്രവര്‍ത്തകര്‍ സ്വയം പുതുക്കാന്‍ വിട്ടുപോകരുത്


Abhilashഅഭിലാഷ് മോഹനന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍,മീഡിയാവണ്‍ 

left quotes icon ഒരുഅഭിമുഖത്തെ എങ്ങനെ സമീപിക്കണം എന്ന് ചര്‍ച്ച ചെയ്യുമ്പോള്‍ ആ ഷോയുടെ ക്യാരക്ടര്‍ എന്താണ് എന്നുളളത് പ്രധാനമാണ്. അഭിമുഖത്തില്‍ ഏതുതരം ചോദ്യങ്ങള്‍ ചോദിക്കണം എന്നുളളതില്‍ ചോദ്യകര്‍ത്താവിന് എത്രത്തോളം സ്വാതന്ത്ര്യമുണ്ട് എന്ന ഒരു പ്രശ്‌നം കൂടിയുണ്ട്. 

ഞാന്‍ നിരവധി അഭിമുഖങ്ങള്‍ ചെയ്തിട്ടുളള ഒരാളാണ്. വാരാന്ത്യങ്ങളില്‍ ആ ആഴ്ചയില്‍ വാര്‍ത്താപ്രാധാന്യം നേടിയ ഒരു വ്യക്തിയെ അഭിമുഖം ചെയ്യുന്ന ഒരു ഷോ ആണെങ്കില്‍ അവിടെ ഒരു ഇന്‍ഡെപ്ത് സ്റ്റഡി നടത്തി എന്താണോ ആ ആഴ്ചയില്‍ ആ വ്യക്തിയെ ഇന്റര്‍വ്യൂ ചെയ്യാന്‍ ഇടയായത് എന്നതിലൂന്നി വിഷയാധിഷ്ഠിതമായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് അഭിമുഖം നടത്താറാണ് ചെയ്യാറുളളത്. അവിടെ വിഷയാധിഷ്ഠിതമായ ചോദ്യങ്ങളാണ് ചോദിക്കാന്‍ ശ്രമിക്കാറുളളത്. പരമാവധി വ്യക്തിപരമായ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അഭിമുഖം കാണുന്ന ഒരാള്‍ക്ക് അക്കാര്യത്തില്‍ അറിയേണ്ടതുന്നതായ കാര്യങ്ങള്‍ ആയിരിക്കണം ചോദിക്കേണ്ടത് മറിച്ച് വ്യക്തിപരമായ കാര്യങ്ങളല്ല അവിടെ വേണ്ടത്. ഒരാളുടെ പേഴ്സണല്‍ സ്പേസിലേക്ക് കടന്നുകയറി ആവരുത് ചോദ്യങ്ങള്‍ ചോദിക്കേണ്ടത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ആ നിലയ്ക്കാണ് പല അഭിമുഖങ്ങളെയും കണ്ടിട്ടുളളത്. അത് ഒരുവശം.

ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖമാണല്ലോ ഇപ്പോള്‍ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരിക്കുന്നത്. ഇത്തരം അഭിമുഖങ്ങള്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ട് വരുന്ന അഭിമുഖങ്ങളാണ്. അവിടെ ഒരു അവതാരകന് ചോദ്യങ്ങള്‍ ചോദിക്കുന്നതിന് പരിമിതിയുണ്ട്. സിനിമയുടെ പ്രമോഷന്‍ വര്‍ക്കിന്റെ ഭാഗമായിട്ട് പ്രമോഷന്‍ വര്‍ക്ക് ഏല്‍പ്പിച്ചിട്ടുളള ഏജന്‍സി മാധ്യമങ്ങള്‍ക്ക് കൊടുക്കുന്ന അഭിമുഖമാണ് അത്. അഭിമുഖം ഇത്തരത്തിലുളളതാകണമെന്ന് അഭിമുഖങ്ങള്‍ അറേഞ്ച് ചെയ്യുന്നവര്‍ മുന്‍കൂട്ടി പറയാറുണ്ട്. എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ഇത്തരം ഇന്റര്‍വ്യൂ കൊടുക്കുന്നു എന്നുചോദിച്ചാല്‍ ഒരു നായകന്‍ അല്ലെങ്കില്‍ നായിക സ്‌ക്രീനില്‍ വന്നാല്‍ സ്വാഭാവിമായും അതൊരു അട്രാക്ഷനാണ്. അവിടെ ഒരു ഇന്റര്‍വ്യൂവറെ സംബന്ധിച്ച് അയാള്‍ ആഗ്രഹിക്കുന്നത് പോലുളള ചോദ്യങ്ങള്‍ ചോദിക്കാന്‍ സാധിച്ചെന്ന് വരില്ല. അതിഥിയായി എത്തുന്നവര്‍ തന്നെ ഇങ്ങനെയുളള ചോദ്യങ്ങളേ ചോദിക്കാവൂ എന്ന മുന്‍കൂട്ടി പറയും. സിനിമ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയത്തെ കുറിച്ചുപോലും സംസാരിക്കാന്‍ തയ്യാറാകാത്തവരുണ്ട്. അവിടെ ഇന്റര്‍വ്യൂവറെ സംബന്ധിച്ച് അയാളുടെ ചോദ്യങ്ങള്‍ക്കുളള ചോയ്സ് കുറയുകയാണ്.അപ്പോള്‍ പിന്നെ സഹതാരവുമൊത്തുളള അഭിനയാനുഭവങ്ങളും കെമിസ്ട്രിയും ഇഷ്ടപ്പെട്ട ഭക്ഷണവുമെല്ലാം ചോദിക്കാന്‍ ചോദ്യകര്‍ത്താവ് നിര്‍ബന്ധിതനാകുകയാണ്. 

ഞാനും മഹാടന്മാരെയും മറ്റും അഭിമുഖം നടത്തിയിട്ടുണ്ട്. പലപ്പോഴും പല സിനിമകളുടെ പ്രമോഷന്റെ ഭാഗമായിട്ടായിരിക്കും അവര്‍ നമ്മുടെ മുന്നിലിരിക്കുന്നത്. ആ സിനിമയുമായി ബന്ധപ്പെട്ട പരിസരങ്ങളിലെ ചോദ്യങ്ങളെ എന്റര്‍ടൈന്‍ ചെയ്യൂ, മറ്റ് വിഷയങ്ങളില്‍ അഭിപ്രായം ചോദിക്കരുത്, സിനിമ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ കുറിച്ചു ചോദിക്കരുത് അത് സംസാരിക്കാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല എന്നെല്ലാം പലരും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അഭിമുഖകാരന്‍/അഭിമുഖകാരി എന്തുചോദിക്കണം എന്ന കാര്യത്തില്‍ അവിടെ ഒരു നിയന്ത്രണം വരികയാണ്. അതിനകത്തുനിന്ന് അരമണിക്കൂര്‍ ഫില്‍ ചെയ്യാന്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ട്രിവിയലായ ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരും. അങ്ങനെ ചോദിക്കാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യങ്ങളും നാം പരിഗണിക്കണം. 

ഇന്ന് കൂടുതല്‍ വ്യൂവേഴ്‌സ് യൂട്യൂബ് വീഡിയോസിന് അല്ലെങ്കില്‍ സോഷ്യല്‍ മീഡിയകളില്‍ വരുന്ന വീഡിയോസിന് വരുന്ന കാലമാണല്ലോ. അക്കാര്യം പരിഗണിച്ച് ആളുകള്‍ക്ക് കൂടുതല്‍ താല്പര്യം  ഇവരുടെ സ്വകാര്യമായ കാര്യങ്ങള്‍ അറിയാനായിരിക്കും എന്ന മട്ടില്‍ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടാറുണ്ട്. നായകോ നായികയോ പറയുന്ന ഉത്തരങ്ങള്‍ വാര്‍ത്തയാകാറുമുണ്ട്. പക്ഷേ പല അഭിമുഖങ്ങളും പ്രേക്ഷകര്‍ തന്നെ ഇതിനോടകം വിമര്‍ശനാത്മകമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആ വിമര്‍ശനങ്ങളെല്ലാം സാധുവാണെന്നാണ് ഞാന്‍ കരുതുന്നത്. ഒരാളുടെ വ്യക്തിപരമായ കാര്യങ്ങള്‍ സമൂഹമറിയേണ്ട കാര്യമല്ലല്ലോ, സ്വകാര്യത ഒരു മൗലികാവകാശവുമാണ്. അതിനപ്പുറത്തേക്ക് ഉളള കാര്യങ്ങളാണ് യഥാര്‍ഥത്തില്‍ ഒരു അഭിമുഖത്തില്‍ വരേണ്ടതെന്നാണ് ഞാന്‍ വിചാരിക്കുന്നത്. 

പ്രധാനകാര്യം നമ്മുടെ 'സ്റ്റീരിയോടൈപ്പാ'യിട്ടുളള കാഴ്ചപ്പാടുകളും ചോദ്യങ്ങളും മാറേണ്ടസമയമായിരിക്കുന്നു. കാലം വേഗത്തിലാണ് സഞ്ചരിക്കുന്നത്. പഴയ മൂല്യബോധങ്ങള്‍ മാറിയിരിക്കുന്നു. തുല്യത എല്ലാ തലത്തിലും എത്തിയിട്ടുണ്ട്. പരമ്പരാഗതമായിട്ടുളള യാഥാസ്ഥിതികരുടെ കാലത്തുനിന്ന് വിമുക്തമായിട്ട് എല്ലാം എല്ലാവരും തുല്യതയോടെ കാണുന്ന തലമുറയുടെ കാലം വന്നിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മനസ്സിലാകാതെ പോകരുത്. നമ്മള്‍ സ്വയം പുതുക്കാന്‍ വിട്ടുപോകരുത് എന്നാണ് എനിക്ക് മാധ്യമപ്രവര്‍ത്തകരോട് പറയാനുളളത്. പുതിയ കാലത്തിന്റെ രാഷ്ട്രീയം എന്താണ്, പുതിയ കാലം സംസാരിക്കുന്നത് എന്താണ് എന്ന നിലയില്‍ അപ്‌ഡേറ്റ് ചെയ്യാതിരുന്നാല്‍ right quotes icon പുതുതലമുറ പരിഹസിക്കുന്ന നിലവരും. 


സ്വകാര്യതയെ പരിഗണിക്കാത്ത നിലവാരമില്ലാത്ത സംഭാഷണങ്ങളും വിമര്‍ശിക്കപ്പെടണം

മനീഷ് നാരായണന്‍,മനീഷ് നാരായണന്‍,എഡിറ്റര്‍, ദ ക്യൂ 

left quotes iconഒരാളെ അഭിമുഖത്തിനായി മുന്നില്‍ കിട്ടിയാല്‍ സെലിബ്രിറ്റി ആണെങ്കില്‍ പ്രത്യേകിച്ച് സ്ത്രീ ആണെങ്കില്‍ അവരുടെ സ്വകാര്യതയെയോ വ്യക്തിത്വത്തെയോ മാനിക്കാതെ ഒരു ഒളിനോട്ട തൃപ്തി ലക്ഷ്യമിട്ട് സംസാരിക്കുന്ന അഭിമുഖ പരമ്പരകള്‍ നമ്മള്‍ പ്രധാന പ്ലാറ്റ്ഫോമുകളിലടക്കം കണ്ടിട്ടുണ്ട്.  പ്രേക്ഷകരും ഈ സെലിബ്രിറ്റിയുടെ ആരാധകരും എന്താണ് കേള്‍ക്കണമെന്ന് ആഗ്രഹിക്കുന്നത് അത് ഞങ്ങള്‍ ചോദിക്കുന്നു എന്നൊക്കെയാവും സ്വകാര്യതയെ ഹനിച്ചുള്ള ഇത്തരം സംഭാഷണത്തിനുള്ള ന്യായീകരണങ്ങള്‍. അത്തരം അഭിമുഖങ്ങളുടെ ജനപ്രിയത ഉയര്‍ത്തിക്കാട്ടി നിലവാരമുള്ളതെന്ന് സ്ഥാപിക്കുകയും ചെയ്യും. ഒരാള്‍ ചില ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമാക്കിയാല്‍ പോലും അതില്‍ തന്നെ ചുറ്റിത്തിരിഞ്ഞ് എന്തെങ്കിലും ചികഞ്ഞെടുക്കാനാകുമോ എന്നൊക്കെ ശ്രമിക്കുന്നത് അഭിമുഖം നടത്തുന്നയാളുടെ മികവായി വരെ ചില ഘട്ടങ്ങളില്‍ വാഴ്ത്തപ്പെടുന്നത് കണ്ടിട്ടുണ്ട്. 

ഒരാളെ അഭിമുഖത്തിനായി തെരഞ്ഞെടുക്കുമ്പോള്‍ നമ്മള്‍ ഏത് തരത്തിലാണ് അതിന്റെ ക്വാളിറ്റി നിശ്ചയിക്കുന്നത് എന്നത് പ്രധാനമാണ്. ചെയ്യുന്ന അഭിമുഖത്തില്‍ നിന്ന് വീഡിയോ ആണെങ്കില്‍ ഒരു 'തഗ് ലൈഫ്' തൊപ്പി വെക്കാവുന്ന ക്ലിപ്പ്, മണ്ടത്തരങ്ങളോ, അവതാരകരുടെ അബദ്ധമോ, അഭിമുഖം ചെയ്യപ്പെട്ട ആളില്‍ നിന്നുള്ള രൂക്ഷമായ പ്രതികരണമോ ഹൈലൈറ്റ് ആയി കിട്ടണം അങ്ങനെ ഏത് വിധേനയും വീഡിയോ വൈറലാകണം എന്ന ചിന്ത ഇപ്പോള്‍ പല പ്ലാറ്റ്ഫോമുകള്‍ക്കുമുണ്ട്. വൈറല്‍ കണ്ടന്റ് സൃഷ്ടിക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നും ചോദിക്കുന്ന ആളും അത്തരം പ്ലാറ്റ്ഫോമുകളും ലക്ഷ്യമിടുന്നില്ല. റേപ്പ് വിവരണം നടത്തുന്നയാള്‍ക്ക് മുന്നില്‍ ചിരിയോടെയും കൗതുകത്തോടെയും ഇരിക്കുന്ന ഇന്റര്‍വ്യൂവര്‍ ഉണ്ടാകുന്നത് പോലും ഈ സെന്‍സേഷണലിസം ആലോചനയിലാണ്. അഭിമുഖം ചെയ്യുന്നതിനായി കൃത്യമായ ഗൃഹപാഠമോ തയ്യാറെടുപ്പോ ഇല്ലാതെ വൈറല്‍ കണ്ടന്റ് മാത്രം ലക്ഷ്യമിടുന്നത് സമീപകാലത്തായി കൂടുതലായി കണ്ടുവരുന്നൊരു പ്രവണതയുമാണ്്. 

ഏത് മേഖലയില്‍ നിന്നുള്ള സ്ത്രീകള്‍ വരുമ്പോഴും അവരോടുള്ള ചോദ്യങ്ങള്‍ ഒറ്റ ടെംപ്ലേറ്റിലേക്ക് മാറുന്നത് കാണാം. സിനിമാതാരങ്ങളോടെന്നില്ല രാഷ്ട്രീയരംഗത്ത് നിന്നോ, സാഹിത്യരംഗത്ത് നിന്നോ ഉള്ള സ്ത്രീകള്‍ വരുമ്പോഴും പൊതുബോധത്തിലൂന്നിയ മുന്‍വിധികളുമായുള്ള ചോദ്യങ്ങള്‍ കാണാനാകും. നടിമാരാണെങ്കില്‍ പ്രണയം, പ്രണയത്തകര്‍ച്ച, റിലേഷന്‍ഷിപ്പ്, ഡേറ്റിംഗ്, വിവാഹം, കാമുകസങ്കല്‍പ്പം, ഏത് സൂപ്പര്‍താരത്തിനൊപ്പം അഭിനയിക്കണം മുതല്‍ സഹതാരത്തിന്റെ കരുതലും പിന്തുണയും വരെ. നടന്‍മാരോട് സൂപ്പര്‍താരപദവിയും, ഇന്‍ഡ്ട്രിയുടെ വളര്‍ച്ചയും കഥാപാത്രത്തിനായുള്ള അധ്വാനവും അങ്ങനെ. ഈ ടെംപ്ലേറ്റുകളില്‍ തന്നെ ചോദ്യം തുടരുകയാണ്. ഇത് ചോദ്യം ചെയ്യപ്പെടുന്നിടത്ത് അഭിമുഖങ്ങളുടെ നിലവാരത്തിന് മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. രണ്ട് താരങ്ങളുടെ പേര് പറഞ്ഞ് ആര്‍ക്കൊപ്പം അഭിനയിക്കണമെന്ന ചോദ്യത്തിന് പാര്‍വതി തിരുവോത്ത് ആ ചോദ്യം അപ്രസക്തമാണെന്ന് വ്യക്തമാക്കി കൃത്യമായ മറുപടി നല്‍കുന്നത് കണ്ടിട്ടുണ്ട്. തപ്സി പന്നുവും ശോഭിത ധുലീപാലയുമൊക്കെ മറുചോദ്യങ്ങളുമായി വരുമ്പോള്‍ മാറിയ കാലത്തെ സാമൂഹ്യ സാഹചര്യങ്ങളെയും ഉള്‍ക്കൊള്ളുന്ന ചോദ്യങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. 

ജെന്‍ഡര്‍ മുന്‍വിധിയോടെയുള്ള ചോദ്യങ്ങളെ വിമര്‍ശിക്കുന്നത് പോലെ തന്നെ സ്വകാര്യതയെ പരിഗണിക്കാത്ത നിലവാരമില്ലാത്ത സംഭാഷണങ്ങളും വിമര്‍ശിക്കപ്പെടണമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.right quotes icon


ഈ ചോദ്യങ്ങള്‍ പൊതുബോധ നിര്‍മിതിയുടെ പ്രതിഫലനങ്ങള്‍ 


Dr.Arunkumarഡോ.അരുണ്‍കുമാര്‍, അവതാരകന്‍,കേരള സര്‍വകലാശാല അധ്യാപകന്‍

left quotes iconആരാണ് കൂടുതല്‍ കെയറിങ് എന്ന ഈ ചോദ്യം എന്നെ അത്ഭുതപ്പെടുത്തുന്നേയില്ല. കെയറിങ് നിരന്തരം ആവശ്യപ്പെടുന്ന ഒരു 'specise' ആണ് സ്ത്രീ എന്ന ചിന്തയില്‍ നിന്നാണ് ഇതുണ്ടാകുന്നത്. അമിതമായ ശിശുവത്ക്കരണത്തിന് വിധേയമായ ഒരു ജെന്‍ഡറാണല്ലോ സ്ത്രീ എന്നുപറയുന്നത്. ജീവിതത്തിന്റെ അവസാന കാലഘട്ടം വരെയും അവളേത് പദവിയിലെത്തുമ്പോഴും ഏത് പ്രായത്തിലെത്തുമ്പോഴും സ്ത്രീയാണ് ഒരു കുട്ടിയാണ് എന്നതാണ് അടിസ്ഥാനമായ പൊതുബോധത്തിന്റെ കാതല്‍ എന്നുപറയുന്നത്. 

ഒരു നടി അവള്‍ എത്ര പ്രശസ്തയാണെങ്കിലും ലോകം മുഴുവന്‍ ആദരിക്കുന്ന വ്യക്തിയാണെങ്കിലും ലോകത്തെ ഏറ്റവും ശക്തമായ ഒരു പ്രതിരോധനിരയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കമാന്‍ഡോ ആണെങ്കിലും കെയറിങ് ആഗ്രഹിക്കുന്നുണ്ട് എന്നത് നമ്മുടെ പൊതുബോധ നിര്‍മിതിയാണ്. അതിന്റെ ഭാഗമായിട്ടാണ് ഈ ചോദ്യമുണ്ടാകുന്നത്. അതില്‍ നിന്ന് മാധ്യമങ്ങളെ മാറ്റിനിര്‍ത്താന്‍ കഴിയില്ല. കാരണം മാധ്യമങ്ങള്‍ പൊതുബോധ നിര്‍മിതിയുടെ കൂടി ഭാഗമാണ്. ഇതില്‍ നിന്ന് കുതറി മാറാന്‍ ശ്രമം നടത്തുന്നവരാണ് പിന്നീട് വിജയിക്കാറുളളത്. 

ഇത്തരം കാര്യങ്ങള്‍ ചോദിക്കുന്നത് പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ ആണ് എന്നതല്ല വിഷയം, ചോദിക്കുന്നത് ആണധികാരത്തിന്റെ പൊതുബോധ നിര്‍മിതിയുടെ മൂശയില്‍ പുറത്തിറങ്ങിയ ആശയമാണ്. ആ ആശയമാണ് നാം ചോദ്യം ചെയ്യേണ്ടത്. ഒരു സെക്കന്റ് സെക്‌സായി സ്ത്രീയെ കാണുന്ന പൊതുബോധ നിര്‍മിതിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. നിരന്തരം കെയറിങ് ആഗ്രഹിക്കുന്ന, നിരന്തരം പരിചരണം ആഗ്രഹിക്കുന്ന ഒരു കുട്ടിയാണ് പെണ്ണ് എന്ന തോന്നല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെങ്കിലും മിനിമം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. 

പക്ഷേ ഉണ്ടായിട്ടുളള പ്രതികരണങ്ങള്‍ ചില പ്രതീക്ഷ നല്‍കുന്നുണ്ട്. വരാന്‍ പോകുന്ന കാലം ഒരുപക്ഷേ സമത്വത്തിന്റെ സുന്ദരകാലമായിരിക്കും. അതുകൊണ്ടായിരിക്കാം ഇത്തരത്തിലുളള ഈ ചെറിയ കുതറിമാറലുകള്‍ ചര്‍ച്ചകളായി വരുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്തായാലും നിലവിലത്തെ സാഹചര്യത്തില്‍ എന്നെ അത്ഭുതപ്പെടുത്തുന്നതേയില്ല, ഇതൊരു തുടര്‍ച്ച മാത്രമാണ്. കെയറിങ് ആഗ്രഹിക്കുന്ന, പരിചരണമാഗ്രഹിക്കുന്ന ഒരു കുട്ടി മാത്രമാണ് സ്ത്രീ എന്ന വളരെ വിചിത്രമായ തോന്നലില്‍ നിന്നാണ് ഇതുണ്ടാകുന്നത്. വളരെ സാധാരണമായ പൊതുബോധ നിര്‍മിതി കൂടിയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. right quotes icon


Content Highlights: Discussion Point - cliche interview questions and media