പ്പം അഭിനയിച്ച നായകന്മാരില്‍ ആരാണ് കൂടുതല്‍ കെയറിങ് എന്ന ചോദ്യത്തിന് അഭിനേത്രിയായ ശോഭിത നല്‍കിയ മറുപടി ചര്‍ച്ചയായിരിക്കുകയാണല്ലോ, പണ്ടുകാലം മുതല്‍ കണ്ടുവരുന്ന ചലച്ചിത്രതാരങ്ങളുടെ അഭിമുഖങ്ങളിലെ ക്ലീഷേ ചോദ്യങ്ങളില്‍ ഒന്നാണ് ഇതും. തിരഞ്ഞെടുപ്പ് കാലത്ത് ശൈലജ ടീച്ചറുടെ പാചക വൈദഗ്ധ്യത്തെ കുറിച്ചുളള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യവും സമാനമായരീതിയില്‍ ചര്‍ച്ചയായതാണ്. 

മറ്റൊരിക്കല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ കാണികളുമായുളള സംവാദത്തിനിടയില്‍ താപ്‌സി പന്നുവും സമാനമായ ചോദ്യം നേരിട്ടിരുന്നു. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചപ്പോഴുളള അനുഭവം പങ്കിടാമോ എന്നായിരുന്നു ആ ചോദ്യം. ഒരു ഫെസ്റ്റിവല്‍ ഓഡിയന്‍സില്‍ നിന്ന് കുറേക്കൂടി മെച്ചപ്പെട്ട ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നാണ് ആ ചോദ്യത്തോട് തപ്‌സി പ്രതികരിച്ചത്. അമിതാഭ് ബച്ചനെ പോലുളള ഒരു വലിയ താരത്തിനൊപ്പം അഭിനയിച്ചതിനെ കുറിച്ചുളള അനുഭവം പങ്കിടുന്നതില്‍ എന്താണ് തെറ്റ് എന്ന് പലരും ചിന്തിച്ചേക്കാം, സഹതാരം കരുതല്‍ നല്‍കുന്നുണ്ടോ എന്ന ചോദ്യത്തിലും പലരും തെറ്റുകാണാനിടയില്ല. പക്ഷേ ഒരിക്കലും സഹതാരം കെയര്‍ ചെയ്തിരുന്നോ എന്ന് നായകന്മാരും, കുക്കിങ് ഇഷ്ടമാണോ എന്ന് രാഷ്ട്രീയ രംഗത്തെ പുരുഷന്മാരും ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നില്ല. അതെന്തുകൊണ്ട് എന്ന ചിന്ത ഒരു സ്ത്രീക്ക് സഹപ്രവര്‍ത്തകരില്‍ നിന്ന് വേണ്ടത് കരുതല്‍ ആണോ പിന്തുണയാണോ, എല്ലായ്‌പ്പോഴും കരുതല്‍ കൊടുക്കേണ്ടവളാണോ സ്ത്രീ തുടങ്ങി വളരെ വിശാലമായ ചര്‍ച്ചകളിലേക്കുളള വാതായനങ്ങളാണ് തുറക്കുന്നത്. ഒപ്പം ഇത്തരം പതിവുചോദ്യങ്ങളുടെ പ്രസക്തിയെ കുറിച്ചും നാം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. 


ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങള്‍ക്ക് സാമൂഹിക പരിഷ്‌കരണത്തിലും വ്യക്തവും കൃത്യവുമായ പങ്കുളളതാണ്. എന്നിട്ടും

*എന്തുകൊണ്ട് പുരോഗമനവാദികളെന്ന സ്വയം നടിക്കുന്ന മാധ്യമപ്രവര്‍ത്തകരില്‍ നിന്നുതന്നെ ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു? 
* പ്രേക്ഷകര്‍ക്കുവേണ്ടി ക്ലീഷേ ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാകുകയാണോ?
* ഒരു മാധ്യമപ്രവര്‍ത്തകന്‍ അഭിമുഖത്തെ സമീപിക്കേണ്ടത് എങ്ങനെയാണ്, അഭിമുഖത്തില്‍ കാലാനുസൃതമായി കൊണ്ടുവരേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണ്? 

മാതൃഭൂമി ഡോട് കോം മുന്നോട്ടുവെയ്ക്കുന്ന ഈ ചര്‍ച്ചയില്‍ പങ്കാളികളാവുകയാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ 


'നടിമാരോട് ഇങ്ങനെയുള്ള ചോദ്യങ്ങളാണ്  ചോദിക്കേണ്ടത് എന്ന് ശീലിച്ച് വെച്ചിരിക്കുകയാണ് മീഡിയ!'

Sreejaഎന്‍. ശ്രീജ, ചീഫ് സബ് എഡിറ്റര്‍, മാതൃഭൂമി ന്യൂസ് 

left quotes iconകരിയറില്‍ ഏകദേശം രണ്ടായിരത്തോളം പേരെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. അതില്‍ ചലച്ചിത്രതാരങ്ങള്‍, രാഷ്ട്രീയക്കാര്‍, സാധാരണക്കാര്‍ തുടങ്ങി പലതരം ആളുകള്‍ ഉള്‍പ്പെടാറുണ്ട്. ആളുകള്‍ക്കനുസരിച്ച് ചോദ്യങ്ങളെ ഫ്രെയിം ചെയ്യുക എന്നുളളതാണ് സാധാരണയായി പിന്തുടരുന്ന രീതി. 

സിനിമക്കാരിലേക്ക് വരുമ്പോള്‍, പ്രത്യേകിച്ച് നായികമാരോടാകുമ്പോള്‍ അവരോട് ഇത്രയൊക്കെയേ ചോദിക്കേണ്ടതുളളൂ എന്നതാണ് പൊതുവിലെ ഒരു കാഴ്ചപ്പാട്. നായകനൊപ്പമിരിക്കുമ്പോള്‍ പോലും നായിക പലപ്പോഴും നേരിടേണ്ടി വരുന്നത് ശോഭിതയോട് ചോദിച്ചുകേട്ട തരം ചോദ്യങ്ങള്‍  തന്നെയായിരിക്കും. കുക്കിങ് ഇഷ്ടമാണോ, വീട്ടില്‍ കുക്ക് ചെയ്യാറുണ്ടോ? ഫേവറിറ്റ് ഡിഷ് ഏതാണ് ഉണ്ടാക്കിക്കൊടുക്കാറുളളത്? ഭര്‍ത്താവിനെ കുക്ക് ചെയ്ത് സര്‍പ്രൈസ് ചെയ്യാറുണ്ടോ? എന്റെ ജോലി ഇതാണ്, പക്ഷെ എനിക്ക് കുക്കിങ് ഇഷ്ടമല്ല എന്നുപറയുന്ന പെണ്‍കുട്ടികളെ ഉള്‍ക്കൊളളാന്‍ നമ്മുടെ സമൂഹത്തിനു സാധിക്കുമോ എന്ന് സംശയമാണ് . അങ്ങനെ ഉത്തരം പറയുന്നവരെ  മറ്റൊരു രീതിയിലാകും  ലേബല്‍ ചെയ്യുക.

ശോഭിതയുടെ കാര്യത്തില്‍ ചോദ്യം ചോദിച്ച ആള്‍ തെറ്റിപ്പോയതാണ് എന്നാണ് എനിക്ക് തോന്നുന്നത്. മലയാളം ഇന്‍ഡസ്ട്രിയിലെ ഒരു പുതുമുഖ നായികയോടാണ് ഇത് ചോദിക്കുന്നത് എന്ന് കരുതൂ. അവരില്‍ നിന്ന് ഒരിക്കലും ശോഭിതയുടെ പോലൊരു മറുപടി പ്രതീക്ഷിക്കുകയേ വേണ്ട. കൂടെ ഇരിക്കുന്ന താരത്തേയോ അയാളുടെ ഫാന്‍സിനെയോ വിഷമിപ്പിക്കുന്ന ഒരു മറുപടിയും ആ നടിയുടെ കൈയില്‍ നിന്നുണ്ടാകും എന്ന് കരുതണ്ട. മറിച്ച് രണ്ടാളും വളരെ ഫ്രണ്ട്ലിയാണ്,വളരെ കെയറിങ്ങാണ്, എനിക്ക് വളരെ നല്ല എക്സ്പീരിയന്‍സ് ആണ് ഉണ്ടായത് എന്നൊക്കെയാകും ഉത്തരം. ഇനി, നമ്മുടെ മലയാളം ഇന്‍ഡസ്ട്രിയിലെ  ഒരുതാരമാണ് ശോഭിതയുടെ പോലെ എനിക്ക് കെയറിങ് ആവശ്യമില്ല എന്ന് പറഞ്ഞിരുന്നതെങ്കില്, ഇന്ന് ആ പെണ്‍കുട്ടി എയറിലായിരിക്കും നില്‍ക്കുന്നത്. നായകന്മാരുടെ ഫാന്‍സിന്റെ പൊങ്കാല നേരിടേണ്ടി വരുന്നതിനാല്‍ ഇങ്ങനെയൊരു ഉത്തരം പറയാന്‍ അവര്‍ നില്‍ക്കില്ല. പാര്‍വതിയെ പോലെ ഒരു നടിയാണ് ഇങ്ങനെ ഉത്തരം പറയുന്നത് എങ്കില്‍ നമുക്ക് ഊഹിക്കാവുന്നതേ ഉളളൂ എങ്ങനെയായിരിക്കും ഫാന്‍സ് എങ്ങനെ പെരുമാറുമെന്ന്. നമ്മുടെ മുന്‍പില്‍ അനുഭവങ്ങള്‍ ഉണ്ടല്ലോ?

നമ്മുടെ നടിമാരോട് ഇങ്ങനെയുള്ള ചോദ്യങ്ങളാണ്  ചോദിക്കേണ്ടത് എന്ന് ശീലിച്ച് വെച്ചിരിക്കുകയാണ് മീഡിയ!പ്രേക്ഷകര്‍ സത്രീകളില്‍ നിന്ന് ഇങ്ങനെയുളള ഉത്തരങ്ങളാണ് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ഒരു വിഭാഗം ഇന്റര്‍വ്യൂവേഴ്സും വിചാരിച്ചുവെച്ചതിന്റെ റിസള്‍ട്ട് കൂടിയാണ് അത് . സ്ത്രീകളെയെല്ലാം ഒരുപോലുളള കുപ്പിയിലാക്കി കാപ്സ്യൂള്‍ പോലുളള ചോദ്യങ്ങളുമായി ഇറങ്ങുമ്പോള്‍ ഇനി ഒന്നുകൂടി ആലോചിക്കേണ്ടതുണ്ട്. പലര്‍ക്കും ഇറിറ്റേറ്റിങ് ആയിരിക്കും ഇത്തരം ചോദ്യങ്ങള്, പക്ഷേ പറയാന്‍ ധൈര്യമില്ലാഞ്ഞിട്ടാകാം. ശോഭിതയുടെ മറുപടി അത്തരക്കാര്‍ക്കും പറയാന്‍ ധൈര്യം കൊടുക്കും എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടാണ് ശോഭിതയുടെ ഉത്തരം സാമൂഹിക മാധ്യമങ്ങളില്‍ ഇത്രയും ട്രെന്‍ഡിങ് ആയത്. 

പ്രേക്ഷകര്‍ കേള്‍ക്കാന്‍ താല്പര്യപ്പെടുന്നത് ഇതാണ് എന്ന തോന്നല്‍ മാറ്റിവെച്ച്, അഭിപ്രായമുളള പെണ്‍കുട്ടികളുടെ കാലമാണിതെന്ന തിരിച്ചറിവ് മീഡിയയില്‍ ജോലിചെയ്യുന്നവര്‍ക്ക് ഉണ്ടാവേണ്ട സമയമായിരിക്കുന്നു.സ്ത്രീകളോright quotes iconട് അവര്‍ വായിച്ച പുസ്തകത്തെ പറ്റി, അവര്‍ നടത്തിയ യാത്രകളെ പറ്റി, അവരുടെ അടുത്ത പ്രൊജക്ടിനെ പറ്റി, അവരുടെ കരിയര്‍ ഗോള്‍സിനെ പറ്റി കൂടി ചോദിക്കേണ്ട സമയം!


'ക്വാളിറ്റി ഉളള ചോദ്യങ്ങള്‍ക്കാണ് ക്വാളിറ്റി ഉളള ഉത്തരങ്ങള്‍ ലഭിക്കുന്നത്'

Anupama Miliഅനുപമ മിലി, ചീഫ് സബ് എഡിറ്റര്‍/റിപ്പോര്‍ട്ടര്‍​, ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് 

left quotes iconപത്രപ്രവര്‍ത്തനം പഠിക്കുമ്പോള്‍ തന്നെ അഭിമുഖം എങ്ങനെ നടത്തണം എന്നൊക്കെ മാധ്യമപ്രവര്‍ത്തകര്‍ പഠിക്കുന്നുണ്ട്. ഞാന്‍ മീഡിയ അക്കാദമിയില്‍ ജേണലിസം ചെയ്യുന്നത് 2002-2003ലാണ്. ഒരു സിനിമാനടനോ, നടിയോ ആയിക്കൊളളട്ടേ, ആരായാലും അവരോട് പൈങ്കിളി ചോദ്യങ്ങള്‍ ചോദിക്കുന്ന രീതിയില്‍ ആരും എന്നെ പരിശീലിപ്പിച്ചിട്ടില്ല. എന്‍.എന്‍.സത്യവ്രതന്‍, കെ.ആര്‍.മീര അവരൊക്കെ ചെയ്യുന്ന അഭിമുഖങ്ങളാണ് അന്നെന്നെ സ്വാധീനിച്ചിട്ടുളളത്. വളരെ ആഴത്തില്‍ അഭിമുഖം ചെയ്യാന്‍ പോകുന്ന വ്യക്തിയെ കുറിച്ച് പഠിക്കുക. അന്ന് ഇന്റര്‍നെറ്റ് അത്ര പ്രചാരത്തിലില്ല. അവരെക്കുറിച്ച് അറിയുന്ന ആളുകളോട് അവരുടെ പ്രത്യേകതകള്‍ ചോദിച്ച് മനസ്സിലാക്കി ആയിരിക്കും അഭിമുഖത്തിന് പോകുന്നത്. ഞാന്‍ മനസ്സിലാക്കിയിട്ടുളളതും മുന്നോട്ടുകൊണ്ടുപോകുന്നതും ആ രീതിയാണ്. 

പ്രിന്റ് മീഡിയയില്‍ മാത്രം വര്‍ക്ക് ചെയ്തിട്ടുളള ആളാണ് ഞാന്‍. കോഴിക്കോട് ഒരിക്കല്‍ ഡോ. കഫീല്‍ ഖാന്‍ വന്നപ്പോള്‍ ക്യാമറയുടെ മുന്നില്‍ അഭിമുഖം എടുത്തിട്ടുണ്ട് മറ്റ് വീഡിയോ അഭിമുഖങ്ങള്‍ എടുത്തിട്ടില്ല. പ്രിന്റ് മീഡിയയില്‍ ജോലി ചെയ്തതുകൊണ്ട് അത്തരത്തില്‍ പഠിച്ച് ഗൗരവമായ ചോദ്യങ്ങള്‍ ചോദിക്കാനും അഭിമുഖം തയ്യാറാക്കിയതിന് ശേഷം അവര്‍ക്കയച്ചുകൊടുത്ത് നല്‍കാനും സാധിച്ചിട്ടുണ്ട്. 

പല നടന്മാരുടെയും വിഷ്വല്‍ മീഡിയ അഭിമുഖങ്ങള്‍ അരോചകമായി തോന്നിയിട്ടുണ്ട്. നായകനെ ഏട്ടാ എന്നൊക്കെ വിളിച്ചുള്ള സംഭാഷണങ്ങള്‍. അവരുടെ അഭിനയത്തെ കുറിച്ച് ആരും ചോദിക്കുന്നല്ല. അയാളുടെ ഭാര്യയെ കുറിച്ചുളള ചോദ്യങ്ങളെല്ലാമായിരിക്കും പലപ്പോഴും. ഇതൊന്നുമല്ലല്ലോ ചോദ്യങ്ങള്‍. ദിലീപ് എന്ന നടന്റെ ഉദാഹരണമെടുക്കുകയാണെങ്കില്‍ ഒരു കൊമേഡിയനായി തുടങ്ങി ഒരു ഗൗരവമായ കഥാപാത്രത്തിലെത്തുമ്പോള്‍ ഉളള വ്യത്യാസം ഉള്‍പ്പടെ അഭിനയവുമായി ബന്ധപ്പെട്ട എത്ര ചോദ്യങ്ങളുണ്ടാകും ചോദിക്കാന്‍. മറിച്ച് പലപ്പോഴും അവരുടെ കുടുംബകാര്യങ്ങളും ഭാര്യയെ കുറിച്ചുമായിരിക്കും പലപ്പോഴും ചോദ്യങ്ങള്‍. ഈയടുത്ത് സുനില്‍ ഷെട്ടിക്കുപകരം സണ്ണി ലിയോണി എന്നു പേരുമാറി ചോദിച്ച അവതാരകരെ കണ്ടു. എന്തുതരത്തിലാണ് അഭിമുഖത്തിന് ഇവര്‍ തയ്യാറെടുക്കുന്നത്. 

വിമാനത്താവളത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ കണ്ടാല്‍ നിങ്ങള്‍ എന്ത് ചോദ്യം ചോദിക്കും വേറെ കാര്യം. ക്രിക്കറ്റ് അറിയാത്ത ഒരാള്‍ മുകളില്‍ നിന്നുളള നിര്‍ദേശ പ്രകാരം പെട്ടെന്ന് പോയെടുക്കുന്ന അഭിമുഖത്തിന് പറയാന്‍ ഒരു എക്‌സ്‌ക്യൂസ് എങ്കിലുമുണ്ട്. പക്ഷേ നാളെ സച്ചിന്‍ തെണ്ടുല്‍ക്കറുടെ അഭിമുഖം എടുക്കാന്‍ പോകുന്നു എന്നറിഞ്ഞുകൊണ്ട് അഭിമുഖത്തിന് തയ്യാറെടുത്ത് പോകുന്നവര്‍ അഞ്ചുവയസ്സ് മൂത്ത അഞ്ജലിയെ എന്തുകൊണ്ടാണ് വിവാഹം കഴിച്ചത് എന്ന നിലവാരത്തില്‍ നിന്നുളള ചോദ്യങ്ങള്‍ അസഹനീയമാണ്. പാട്രിയാര്‍ക്കിയില്‍ കണ്ടീഷന്‍ ചെയ്ത ചോദ്യങ്ങള്‍ എന്ന് പറയുന്നത് സത്യമാണ്. പക്ഷേ പാട്രിയാര്‍ക്കി മാത്രമല്ല കാരണം. എന്തുകൊണ്ടാണ് ഇത്തരം പൈങ്കിളി ചോദ്യങ്ങള്‍ മാത്രം ചോദിക്കുന്നത്? ശോഭിതയോട് സ്ത്രീയായതുകൊണ്ട് ഈ ചോദ്യം ചോദിച്ചു, ആവര്‍ത്തിച്ച് വരുന്ന ചോദ്യമായതു കൊണ്ട് അയാള്‍ അത് ചോദിച്ചു. പുരുഷന്മാരോടും ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്ന ഫീമെയില്‍ അവതാരകരുണ്ട്. ഫഹദ് വന്നാല്‍ നസ്രിയ വരാത്ത കാര്യങ്ങള്‍ ചോദിക്കുക. അവിടെ വെളിപ്പെടുന്നത് അഭിമുഖം നടത്തുന്ന ആളുടെ വ്യക്തിത്വമാണ്. അതുകൂടെ മനസ്സിലാക്കണം. ഒരു പെണ്‍കുട്ടിയാണെങ്കിലും ഇതൊക്കെ തന്നെയായിരിക്കും ശോഭിതയോട് ചോദിക്കുന്നത്.

സരസ്വതി നാഗരാജനെ പോലെ വളരെ കുറച്ച് പേരാണ് ക്വാളിറ്റി ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍. ക്വാളിറ്റി ഉളള ചോദ്യങ്ങള്‍ക്കാണ് ക്വാളിറ്റി ഉളള ഉത്തരങ്ങള്‍ ലഭിക്കുന്നത്. വളരെ മികച്ച രീതിയില്‍ ഉത്തരം പറയാന്‍ കഴിയുന്ന നിരവധി താരങ്ങളുണ്ട്, ബോളിവുഡ് താരങ്ങളായ രേഖയെപോലുളളവര്‍ എത്ര അലോസരപ്പെടുത്തുന്ന അവരുടെ ബന്ധങ്ങളെ കുറിച്ച് ചോദിക്കുന്ന ചോദ്യങ്ങള്‍ പോലും നേരിടുമ്പോള്‍ അതെല്ലാം മറികടന്ന് മികച്ച രീതിയില്‍ ഉത്തരം നല്‍കുന്നവരാണ്. ഇവരോട് ഇങ്ങനെയൊക്കെ ചോദിച്ചാല്‍ മതി എന്ന് നമ്മളങ്ങ് തീരുമാനിക്കുകയാണ്. അവിടെ നമ്മള്‍ കോംപ്രമൈസ് ചെയ്യുന്നത് നമ്മുടെ തന്നെ ക്വാളിറ്റിയോടും നമ്മുട തന്നെ വര്‍ക്കിനോടും ആണ്. അത്തരം കാര്യത്തോട് എനിക്ക് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. right quotes icon


'മുന്നില്‍ അഭിമുഖത്തിന് വന്നിരിക്കുന്ന വ്യക്തിയെ അറിയുക എന്നുളളത് വളരെ പ്രധാനമാണ്'

Reji R Nairരജി ആര്‍ നായര്‍, മാതൃഭൂമി സബ് എഡിറ്റര്‍ 

left quotes iconമാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളുടെ പേരിലും സമീപനങ്ങളുടെ പേരിലും ക്രിട്ടിസൈസ് ചെയ്യപ്പെടുന്ന ഒരു കാലമാണ്. അതില്‍ ഒരു വലിയ അളവ് വരെ അതില്‍ കാര്യവുമുണ്ട്. അടുത്തകാലത്തുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എനിക്ക് പറയാനുളളത് ഏതെങ്കിലും വിഷയത്തിലുളള ചോദ്യങ്ങള്‍ ചില വിഷയങ്ങള്‍ വിശിഷ്ടമെന്നോ, ചില വിഷയങ്ങള്‍ മ്ലേച്ഛമെന്നോ നമുക്ക് പറയാനാകില്ല. ചോദ്യങ്ങള്‍ ചോദിക്കാം, പക്ഷേ അത് ആരോട് ചോദിക്കുന്നു അത് ഏത് സന്ദര്‍ഭത്തില്‍ ചോദിക്കുന്നു എന്നുളളത് പ്രധാനമാണ്. അതിനുളള കോമണ്‍സെന്‍സാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരിക്കേണ്ടത്. ശൈലജ ടീച്ചറുടെ അഭിമുഖത്തില്‍ പാചകത്തെ കുറിച്ച് സംസാരിക്കുന്നത് തെറ്റല്ല. ടീച്ചര്‍ പറയുകയാണ് എനിക്ക് തിരക്കുപിടിച്ച പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഞാന്‍ പാചകം ചെയ്യാറുണ്ട്. പാചകം ചെയ്യുന്നത് വളരെയധികം റിലീഫാണ്. അല്ലെങ്കില്‍ സ്വയം പാചകം ചെയ്തു കഴിക്കാന്‍ ഇഷ്ടമാണ്, പാചകം ചെയ്ത് മറ്റുളളവര്‍ക്ക് കൊടുക്കാന്‍ എനിക്കിഷ്ടമാണ് എന്ന് ശൈലജ ടീച്ചര്‍ പറയുകയാണെങ്കില്‍ ടീച്ചര്‍ക്ക് എന്ത് പാചകം ചെയ്യാനാണ് ഇഷ്ടം, അതല്ലെങ്കില്‍ അതിനുളള സമയം ലഭിക്കാറുണ്ടോ എന്ന് ചോദിച്ചാല്‍ തെറ്റില്ല. 

അതുപോലെ ചര്‍ച്ചയായ അഭിമുഖത്തില്‍ മലയാളം ഇന്‍ഡസ്ട്രിയിലെ നടന്മാര്‍ നല്ല കരുതല്‍ നല്‍കുന്നവരാണ് എന്നുപറയുകയാണെങ്കില്‍ അവതാരകന് ആരാണ് കൂടുതല്‍ കരുതല്‍ നല്‍കുന്നതായിട്ട് തോന്നിയിട്ടുളളത് എന്ന് ചോദിച്ചാല്‍ തെറ്റില്ല. പക്ഷേ പൊതുവായി സ്ത്രീകളുമായുളള അഭിമുഖത്തില്‍ വളരെ ക്ലിഷേ ആയ വളരെ സാമ്പ്രദായികമായ ധാരണകളില്‍ നിന്ന് വരുന്ന ചോദ്യങ്ങള്‍ എല്ലാകാലത്തും മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്. അതുരണ്ടുകാര്യങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നത്. ഒന്ന് അവരുടെ പൊതുബോധം വളരെ താഴെയായതുകൊണ്ടാണ്. സമൂഹത്തെ ശരിയായ രീതിയില്‍ മനസ്സിലാക്കാത്തതുകൊണ്ടാണ്, അല്ലെങ്കില്‍ സമൂഹത്തിന് ആവശ്യം ഇത്തരം ചോദ്യങ്ങളാണ് എന്ന തെറ്റിദ്ധാരണയിലാണ്. രണ്ടാമതൊന്ന് അവര്‍ പ്രതിനിധീകരിക്കുന്ന മാധ്യമം ഒരുപക്ഷേ അതിന്റെ രീതി അതായത് കൊണ്ടുമാകാം. 

പ്രിന്റ് മീഡിയയില്‍ അത്തരം ചോദ്യങ്ങള്‍ ചോദിക്കുകയോ എഴുതുകയോ ചെയ്യുന്ന സമയത്ത് ചോദ്യം ചോദിക്കുന്ന ആള്‍ക്ക് പിന്നീട് അത് വേണ്ടെന്ന് വെക്കാനുളള സ്വാതന്ത്ര്യം, സമയം കിട്ടുന്നുണ്ട്. പക്ഷേ വിഷ്വലില്‍ ലൈവ് ആണെങ്കില്‍ ചോദ്യം വരുന്നു ഉത്തരം വരുന്നു അതിനിടയ്ക്ക് സമയമില്ല. അപ്പോള്‍ ആ ചോദ്യങ്ങള്‍ അയാള്‍ പ്രതിനിധീകരിക്കുന്ന മാധ്യമസ്ഥാപനത്തിന്റേതാണെങ്കില്‍ അയാള്‍ നിസ്സഹായനാണ്. 

ഉദാഹരണത്തിന് വനിതാ പ്രസിദ്ധീകരണങ്ങള്‍ക്കോ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കോ വേണ്ടിയാണെങ്കില്‍ അതിനുവേണ്ടി ഡിസൈന്‍ ചെയ്ത ചില കാര്യങ്ങള്‍ വരുന്നുണ്ടാകും. അവിടെ ചോദിക്കുന്നവന്‍ നിസ്സഹായനാണ്. പക്ഷേ അത്തരം സാഹചര്യങ്ങള്‍ കുറവാണ്. അതിനേക്കാള്‍ കൂടുതല്‍ ചോദ്യം ചോദിക്കുന്ന വ്യക്തിയുടെ പൊതുബോധം പുറത്തേക്ക് വരുന്നതാണെന്നുമാണ് എനിക്ക് തോന്നിയിട്ടുളളത്. അതില്‍ എല്ലാകാലത്തും മാധ്യമങ്ങള്‍ ക്രിട്ടിസൈസ് ചെയ്യപ്പെട്ടിട്ടുളളത് സ്ത്രീകളോട് ചോദിക്കുന്ന ഇത്തരം ചോദ്യങ്ങളുടെ പേരിലാണ്. ഒരാളുടെ വ്യക്തിത്വം ഒരു അഭിമുഖത്തിലൂടെ പുറത്തുകൊണ്ടുവരികയാണ് നാം ചെയ്യുന്നത്. അതിനുളള അവസരം നാം അവര്‍ക്ക് കൊടുക്കുകയാണ് ചെയ്യേണ്ടത്. 

നല്ല അഭിമുഖം ശ്രദ്ധിച്ചാല്‍ അറിയാം അതില്‍ അഭിമുഖം കൊടുക്കുന്ന ആള്‍ പറയുന്നത് ശ്രദ്ധിക്കാനാണ് എടുക്കുന്ന ആള്‍ ശ്രമിക്കുക. പ്രത്യേകിച്ച് മലയാളത്തിന് പുറത്തുളള ഭാഷകളിലുളള അഭിമുഖങ്ങള്‍. മലയാളത്തില്‍ പലപ്പോഴും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിലാണ് അഭിമുഖം എടുക്കുന്ന ആള്‍ ശ്രദ്ധിക്കുക. അത് നല്ല രീതിയല്ല. ചില സന്ദര്‍ഭങ്ങളില്‍ ചോദ്യം ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളുണ്ടാകും, അവരെ പറയാന്‍ വിടേണ്ട സന്ദര്‍ഭങ്ങളുണ്ടാകും. 

നമ്മുടെ മുന്നില്‍ അഭിമുഖത്തിന് വന്നിരിക്കുന്ന വ്യക്തിയെ അറിയുക എന്നുളളത് വളരെ പ്രധാനമാണ്. അത് ചെയ്യാതെ മാധ്യമപ്രവര്‍ത്തനം നടത്തുന്നതില്‍ അര്‍ഥമില്ല. റിമ കല്ലിങ്കലിനെ അഭിമുഖം ചെയ്യുന്നത് പോലെ എളുപ്പമായിരിക്കില്ല അനുസിത്താരയോട് ചോദ്യം ചോദിക്കേണ്ടത്. രണ്ടുപേരും വ്യത്യസ്തരാണ് പറയാനുളളത് വ്യത്യസ്തമായിരിക്കും. അതുകൊണ്ട് ചോദിക്കുന്ന ചോദ്യങ്ങളില്‍ സെന്‍സ് പുലര്‍ത്തുക എന്നത് വളരെ പ്രധാനമാright quotes iconണ്. മാത്രമല്ല മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ കാണിക്കുന്ന സെൻസിസില്ലായ്മയുടെ പേരില്‍ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും പഴികേള്‍ക്കേണ്ടി വരുന്ന സാഹചര്യവും കൂടിയുണ്ട്.