ണ്ട് മലകളുടെ ഇടുക്കില്‍ പ്രകൃതി ഒളിപ്പിച്ച മഹാദ്ഭുതം. അത് മനുഷ്യന്റെ സാങ്കേതികമികവുമായി ഒത്തുചേര്‍ന്നപ്പോള്‍ ഉണ്ടായത് കേരളത്തിലെ ഊര്‍ജവിപ്ലവം. മൂന്ന് അണക്കെട്ടുകളുള്‍പ്പെട്ട ഇടുക്കി പദ്ധതിയെ വിശേഷിപ്പിക്കാന്‍ മറ്റൊന്നില്ല. സമുദ്രനിരപ്പില്‍നിന്നും 925 മീറ്റര്‍ ഉയരമുള്ള കുറത്തിമലയ്ക്കും 839 മീറ്റര്‍ ഉയരമുള്ള കുറവന്‍മലയ്ക്കും ഇടയില്‍ 'കമാനം' വിരിച്ച് കിലോമീറ്ററുകളോളം പരന്നുകിടക്കുകയാണ് ഈ പദ്ധതി. ഉയരത്തില്‍ ഏഷ്യയില്‍ രണ്ടാമനായ ചെറുതോണിയിലെ ആര്‍ച്ച് ഡാം, അഞ്ച് ഷട്ടറുകളുള്ള ചെറുതോണി അണക്കെട്ട്, കുളമാവ് ഡാം, മൂലമറ്റം പവര്‍ ഹൗസ് എന്നിവയൊക്കെ ഉള്‍പ്പെടുന്നതാണ് ഇടുക്കി പദ്ധതി.

മലയാളികളുടെ ഇപ്പോഴത്തെ ശ്രദ്ധാകേന്ദ്രം 2403 അടി ശേഷിയുള്ള ജലസംഭരണിയാണ്. കനത്തമഴ തുടരുമ്പോള്‍ ചരിത്രത്തിലാദ്യമായി ജൂലായ് മാസത്തില്‍തന്നെ ഡാം നിറയുന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. ഡാമിന്റെ ഷട്ടറുകള്‍ തുറന്നാല്‍ രണ്ട് ജില്ലയിലെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായേക്കാം എന്ന ആശങ്കയിലാണ് ഭരണകൂടവും ജനങ്ങളും. ഇതോടെ 300 വര്‍ഷം ആയുസ്സ് പറഞ്ഞിരിക്കുന്ന ഇടുക്കി അണക്കെട്ട് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

തുറക്കുന്നത് പയ്യെപ്പയ്യെ

 • ഡാം കമ്മീഷന്‍ ചെയ്തത് 1976ല്‍ 
 • രണ്ടുതവണ ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടിവന്നിട്ടുണ്ട്. 
  1981-ല്‍ രണ്ടുവട്ടം. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ നാലുവരെയും നവംബര്‍ ഒമ്പത് മുതല്‍ 11 വരെയും. 
 • 1992-ലും രണ്ട് വട്ടം. ഒക്ടോബര്‍ 13 മുതല്‍ 16 വരെയും നവംബര്‍ 16 മുതല്‍ 23 വരെയും. 
  ഇത്തവണത്തെ കനത്ത കാലവര്‍ഷം ജൂലായില്‍ത്തന്നെ ഡാമിനെ ഏകദേശം നിറച്ചിരിക്കുകയാണ്. 
 • ജലനിരപ്പ് 2390 അടിയായപ്പോള്‍ ഗ്രീന്‍ അലര്‍ട്ട് നല്‍കി. 
 • ജലനിരപ്പ് 2395-ല്‍ എത്തിയപ്പോള്‍ രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശമായ ഓറഞ്ച് അലര്‍ട്ടും.
 • പിന്നീട് റെഡ് അലര്‍ട്ട് നല്‍കും. 
 • റെഡ് അലര്‍ട്ട് നല്‍കി 24 മണിക്കൂറിനുശേഷം ചെറുതോണി അണക്കെട്ടിലെ അഞ്ച് ഷട്ടറുകളില്‍ മൂന്നാമത്തെ ഷട്ടര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഘട്ടംഘട്ടമായി 40 സെന്റീമീറ്റര്‍ ഉയര്‍ത്തും. ഇത് നാലുമുതല്‍ അഞ്ചുമണിക്കൂര്‍ വരെ തുടരും. മഴയുടെയും നീരൊഴുക്കിന്റെയും അടിസ്ഥാനത്തിലാകും ഷട്ടര്‍ എപ്പോള്‍ താഴ്ത്തണമെന്ന് തീരുമാനിക്കുക.

ഡാം തുറന്നാല്‍

ചെറുതോണിടൗണ്‍ മുതല്‍ ആലുവ വരെയാണ് വെള്ളം ഒഴുകുന്നത്. ഈ 90 കിലോമീറ്ററില്‍ ആറ് മണിക്കൂര്‍ കൊണ്ട് വെള്ളം താണ്ടും. ഒരു മണിക്കൂറിനുള്ളില്‍ ലോവര്‍ പെരിയാര്‍ അണക്കെട്ടില്‍ വെള്ളമെത്തും. ഇവിടെനിന്ന് മലയാറ്റൂര്‍, കാലടി, നെടുമ്പാശ്ശേരി, ആലുവ എന്നിവിടങ്ങളിലൂടെ ഒഴുകി വാരാപ്പുഴ കായലില്‍ ചേരും. ഷട്ടര്‍ തുറന്നാല്‍ 400 വീടുകളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും. പെരിയാറിന് ഇരുകരയിലേക്കും 100 മീറ്റര്‍ ദൂരത്തില്‍ വെള്ളം പൊങ്ങും. ഇവിടെയുള്ള കൃഷിയിടങ്ങള്‍ വെള്ളത്തിലാകുകയും ഒലിച്ചുപോകുകയും ചെയ്യും. കല്ലും മണ്ണും തടിയും നിറഞ്ഞ് ലോവര്‍ പെരിയാര്‍ ഡാമിന്റെ സംഭരണശേഷി കുറയും. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെള്ളം കയറുമെന്നും കരുതുന്നു.

ഇതൊക്കെയാണെങ്കിലും നാശനഷ്ടങ്ങള്‍ കുറയ്ക്കാനായി വന്‍സജ്ജീകരണങ്ങളാണ് സര്‍ക്കാരും പോലീസും ഒരുക്കിയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി 12 ദുരിതാശ്വാസകേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളില്‍ പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ജില്ലാ കളക്ടര്‍ നല്‍കുന്നുണ്ട്. വെള്ളം സുഗമമായി ഒഴുകാന്‍വേണ്ടി വഴികളിലെ തടസ്സങ്ങള്‍ മുഴുവന്‍ നീക്കിക്കൊണ്ടിരിക്കുകയാണ്. സുരക്ഷാസേനയുടെ വന്‍സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്. എല്ലാവരും ദുരന്തനിവാരണരംഗത്ത് പരിശീലനം ലഭിച്ചവര്‍. എങ്കിലും ഡാം തുറക്കാതിരിക്കാനുള്ള എല്ലാമാര്‍ഗങ്ങളും സര്‍ക്കാര്‍ തേടുന്നുണ്ട്. മഴ ശക്തമായി തുടരുകയാണെങ്കില്‍ മാത്രമേ ഡാം തുറക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുകയുള്ളൂ. 

ചരിത്രം

തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ നില്‍ക്കുന്ന കുറവന്‍, കുറത്തി മലകള്‍. ആ ഇടുക്കിലൂടെ കുത്തിയൊഴുകുന്ന പെരിയാര്‍. ഇവിടെ ഒരു അണകെട്ടിയാലോ എന്ന് ആദ്യം ചിന്തിച്ചത് ഇറ്റലിക്കാരനായ ജേക്കബ് എന്ന എന്‍ജിനീയര്‍. ഇദ്ദേഹം 1919-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. 1922-ല്‍ ആദിവാസി മൂപ്പനായ കരുവെള്ളായന്‍ കൊലുമ്പന്‍ മലങ്കര എസ്റ്റേറ്റ് സൂപ്പര്‍വൈസറായ ഡബ്ല്യു ജെ. ജോണിന് പ്രകൃതിയുടെ ഈ അദ്ഭുതം ചൂണ്ടിക്കാട്ടിയതോടെയാണ് അണക്കെട്ടിന്റെ ശരിക്കുള്ള ചരിത്രം തുടങ്ങുന്നത്. 1932-ല്‍ ഇദ്ദേഹം എന്‍ജിനീയറും സഹോദരനുമായ പി.ജെ. തോമസിന്റെ സഹായത്തോടെ ഈ ഇടുക്കില്‍ എളുപ്പത്തില്‍ അണകെട്ടി ജലസേചനവും വൈദ്യുതോത്പാദനവും സാധിക്കുമെന്ന് തിരുവിതാംകൂര്‍ സര്‍ക്കാരിനെ അറിയിച്ചു.

Idukki damഇതിനുശേഷം പഠനങ്ങളും മറ്റും നടന്നെങ്കിലും പദ്ധതിയെക്കുറിച്ച് അത്യാവശ്യം സമഗ്രമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് 1947-ല്‍ തിരുവിതാംകൂര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായ ജോസഫ് ജോണാണ്. 1961-ലാണ് പദ്ധതിക്കായി ആധുനികരീതിയിലുള്ള പ്ലാന്‍ തയ്യാറാക്കിയത്. ഇതിന് 1963 ജനുവരിയില്‍ പ്ലാനിങ് കമ്മിഷന്റെ അംഗീകാരം ലഭിക്കുകയും വൈദ്യുതബോര്‍ഡ് സാമ്പത്തികച്ചുമതല ഏറ്റെടുക്കുകയും ചെയ്തു. 1967-ല്‍ 78 ലക്ഷം ഡോളറിന്റെ സഹായധനവും 115 ലക്ഷം ഡോളറിന്റെ ദീര്‍ഘകാല വായ്പയും നല്‍കാമെന്ന കരാറില്‍ കാനഡ ഇന്ത്യയുമായി ഒപ്പുവെച്ചു. 1968 ഫെബ്രുവരി 17-ന് നിര്‍മാണം ആരംഭിച്ചു. നീണ്ടനാളുകളുടെ പ്രയത്‌നത്തിന് ശേഷം 1976 ഫെബ്രുവരി 12-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇടുക്കി പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. മൂലമറ്റം പവര്‍ഹൗസിലെ ആറ് ജനറേറ്ററുകള്‍ പിന്നീട് ഘട്ടംഘട്ടമായാണ് പ്രവര്‍ത്തന ക്ഷമമായത്.

ആദ്യം ആര്‍ച്ച് ഡാം

Idukki Dam
ആര്‍ച്ച് ഡാം | File Photo: PP Ratheesh/mathrubhumi

66 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഒറ്റയൊരു ജലസംഭരണി. ഉപ്പുതറ മുതല്‍ കുളമാവ് വരെ. ഇതിനുള്ളില്‍ വെള്ളം തടഞ്ഞ് നിര്‍ത്താനായി മൂന്ന് അണക്കെട്ടുകള്‍. പെരിയാറിന് 526.29 ചതുരശ്ര കിലോമീറ്റര്‍, ചെറുതോണിയാറിന് 123.02 ചതുരശ്ര കിലോമീറ്റര്‍, കിളിവള്ളിത്തോടിന് 0.91 ചതുരശ്രകിലോമീറ്റര്‍ എന്നിവിടങ്ങളില്‍നിന്നുള്ള വെള്ളം സംഭരണിയിലേക്ക് എത്തും. ആദ്യമുള്ളത് ചെറുതോണിയിലെ ആര്‍ച്ച് ഡാം (കമാന അണക്കെട്ട്). കുറത്തിയുടെ വലം കൈയും കുറവന്റെ ഇടംകൈയും കൂട്ടിച്ചേര്‍ത്ത് 'ഡബിള്‍ കര്‍വേച്ചര്‍ പരാബോളിക് തിന്‍ ആര്‍ച്ച്' രീതിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ലളിതമായി പറഞ്ഞാല്‍ ഒരു ചിരട്ടയെ നാലായി പകുത്ത് ഒരു കഷണമെടുത്താല്‍ എങ്ങനിരിക്കുമോ. അങ്ങനെ. ആര്‍ച്ച് ഡാമില്‍ മൂന്ന് വ്യത്യസ്ത നിലകളില്‍ ഇന്‍സ്‌പെക്ഷന്‍ ഗാലറികളുമുണ്ട്.

വലംകൈ-ചെറുതോണി ഡാം

Cheruthoni Dam
ചെറുതോണി അണക്കെട്ട്

അടുത്തത് കുറവന്റെ വലം കൈയായ ചെറുതോണി അണക്കെട്ട്. ഉയരം 138.38 മീറ്റര്‍. പെരിയാറിന്റെ കൈവഴിയായ ചെറുതോണി പുഴയെ ഗതിമാറ്റിയാണ് ഈ അണകെട്ടിയിരിക്കുന്നത്. 34 അടി വീതിയും 50 അടി ഉയരവുമുള്ള അഞ്ച് ഷട്ടറുകളുള്ളത് ഇവിടെയാണ്. അതിനാല്‍ തന്നെ ഇടുക്കി അണക്കെട്ടിലെ ഏറ്റവും പ്രധാനഭാഗം ഇവിടെയാണെന്ന് പറയാം. പെരിയാറില്‍നിന്നും കവിയുന്ന വെള്ളം ചെറുതോണി പുഴയിലൂടെ രക്ഷപ്പെടാതിരിക്കാനാണ് ആര്‍ച്ച് ഡാമിന് മൂന്നു കിലോമീറ്റര്‍ ഇപ്പുറത്ത് മാറി ഒരു അണകൂടി കെട്ടിയത്.

കുളമാവ് ഡാമും മൂലമറ്റം പവര്‍ഹൗസും

Kulamavu dam
കുളമാവ് ഡാം |  File Photo

2080.26 മീറ്റര്‍ അകലത്തിലുള്ള കുളമാവാണ് അവസാനത്തെ അണക്കെട്ട്. മൂവാറ്റുപുഴയാറിന്റെ പോഷക നദിയായ കിളിവള്ളിവരെ നീണ്ടു കിടക്കുന്ന സംഭരണിയില്‍ കിളിവള്ളി തോടിനുകുറുകെ ഒരു അണകെട്ടിയിരിക്കുകയാണ്. പകുതി കരിങ്കല്ലിലും ബാക്കി കോണ്‍ക്രീറ്റിലും തീര്‍ത്ത ബലവത്തായ അണ. ഇവിടെ നിന്നാണ് തുരങ്കം വഴി മൂലമറ്റം പവര്‍ഹൗസിലേക്ക് വെള്ളം എത്തിക്കുന്നത്. ഈ വെള്ളം ഉപയോഗിച്ച് ആറ് ജനറേറ്ററുകള്‍ കറക്കിയാണ് കേരളത്തിന് വെളിച്ചംപകരുന്നത്. ഒരുദിവസം പൂര്‍ണതോതില്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ 18 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. വൈദ്യുതി ഉത്പാദനത്തിനുശേഷം വെള്ളം കുടയത്തൂര്‍ പുഴയിലേക്ക് ഒഴുക്കിവിടും.

കാത്തുരക്ഷിക്കാനും അണ

അതികഠിനമായ വെള്ളപ്പൊക്കങ്ങളില്‍നിന്നും ദുരിതങ്ങളില്‍നിന്നും കൊച്ചിയെയും എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ പടിഞ്ഞാറന്‍ ദേശങ്ങളെയും പെരിയാറിന്റെ ഇരുകരകളിലുള്ളവരെയും കാക്കുന്നത് ഇടുക്കി അണക്കെട്ടാണ്. അണക്കെട്ടില്‍ എത്രയോ കൂടുതല്‍ വെള്ളം താങ്ങി നിര്‍ത്തിയിട്ടും ഈ മഴയിലുണ്ടായ ദുരിതം വലുതായിരുന്നു. അപ്പോള്‍ ഇടുക്കി അണക്കെട്ട് ഇല്ലായിരുന്നെങ്കിലുള്ള അവസ്ഥ എന്താകുമായിരുന്നു? പെയ്യുന്ന മഴ മുഴുവന്‍ താഴേക്ക്. വേമ്പനാട് കായല്‍നിലത്തില്‍ വെറും രണ്ടു ടി.എം.സിയില്‍ കുറച്ചു വെള്ളമേ കൊള്ളൂ. അപ്പോള്‍ കുട്ടനാട്ടില്‍ ഉള്‍പ്പെടെ എന്തായിരിക്കും പ്രളയം. വെള്ളപ്പൊക്ക നിയന്ത്രണത്തില്‍ ഇടുക്കി അണക്കെട്ട് വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നു സാരം. 'തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം' എന്നു പഴമക്കാര്‍ പറയുന്ന 1924-ജൂലായിലെ വെള്ളപ്പൊക്കം കനത്ത നാശമാണുണ്ടാക്കിയത്.

അന്ന് അണക്കെട്ടില്ലല്ലോ. അന്നത്തെ ദുരിതങ്ങളെക്കുറിച്ചറിയാന്‍ കൂടുതല്‍ രേഖകളൊന്നുമില്ല. പലരുടെയും ഓര്‍മകളില്‍നിന്നാണ് അന്നത്തെ ദുരിത ചരിത്രമറിയാന്‍ കഴിയുന്നത്. 1961-ല്‍ ഉണ്ടായ വെള്ളപ്പെക്കത്തെക്കുറിച്ച് കുറേക്കൂടി വിവരങ്ങളുള്ളതായി മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച് നിരന്തര പഠനം നടത്തിയ സിവില്‍ എന്‍ജിനീയറും ജലവിഭവ മാനേജ്മെന്റ് വിദഗ്ധനുമായ ജയിംസ് വില്‍സണ്‍ പറയുന്നു.