വിഷപ്പുകയില്‍ ശ്വാസം മുട്ടുകയാണ് ഡല്‍ഹി നഗരം. ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്തെ ഏറ്റവും വായുമലിനീകരണമുള്ള നഗരങ്ങളിലൊന്നാണ് ഡല്‍ഹി. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ നഗരം വൈകാതെ ഗ്യാസ് ചേംബറായി മാറുമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആശങ്ക സാഹചര്യം എത്രത്തോളം അപകടകരമാണ് എന്നതിന്റെ സൂചന തന്നെയാണ്. 

വായുമലിനീകരണത്തിന്റെ പേരില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഡല്‍ഹി വാര്‍ത്തകളില്‍ നിറയാറുണ്ട്. നഗരത്തെ വിഷപ്പുകയില്‍ നിന്ന് മുക്തമാക്കാന്‍ അധികൃതര്‍ സ്വീകരിച്ച നടപടികളും നിരവധിയാണ്. കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഹരിത ട്രിബ്യൂണല്‍, മനുഷ്യാവകാശ കമ്മീഷന്‍, ഹൈക്കോടതി, സുപ്രീംകോടതി എന്നിങ്ങനെ നീണ്ടുപോകുന്നതാണ് പ്രശ്നപരിഹാരത്തിന് ശ്രമിച്ചവരുടെ നിര. പക്ഷേ, യാതൊരുവിധ ഇടപെടലുകള്‍ക്കും പ്രതീക്ഷിച്ച ഫലം നേടാനായില്ല. 

എന്താണ് പുകമഞ്ഞ്?

പുകയും മൂടല്‍മഞ്ഞും കൂടിച്ചേരുമ്പോഴാണ് പുകമഞ്ഞ് രൂപപ്പെടുന്നത്. അന്തരീക്ഷത്തില്‍ അടിഞ്ഞുകൂടുന്ന വിഷാംശങ്ങള്‍ കലര്‍ന്ന പുകപടലങ്ങളെ മഞ്ഞ് ആഗീരണം ചെയ്യുന്നതോടെ അത് പുകമഞ്ഞായി മാറുന്നു. സള്‍ഫര്‍ ഡൈഓക്സൈഡ്, നൈട്രജന്‍ ഡൈഓക്സൈഡ്, ഓസോണ്‍, കാര്‍ബണ്‍ മോണോക്സൈഡ് തുടങ്ങിയ വിഷകണങ്ങള്‍ക്ക് പുറമേ അപകടകാരികളായ പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ (പിഎം) 2.5, പിഎം 10 എന്നിവ വിഷപ്പുകയില്‍ അടങ്ങിയിരിക്കുന്നു.

DELHI SMOG


എന്തുകൊണ്ട് പുകമഞ്ഞ്?

തണുപ്പുകാലത്ത് ഡല്‍ഹിയില്‍ അന്തരീക്ഷം വിഷമയമാകുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉള്ളത്.

  • ദസറ-ദീപാവലി ആഘോഷങ്ങള്‍

വളരെച്ചുരുങ്ങിയ ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ദസറ, ദീപാവലി ആഘോഷങ്ങള്‍ നടക്കുക, ഇതിന്റെ ഭാഗമായി പൊട്ടിക്കുന്ന പടക്കങ്ങള്‍ സമ്മാനിക്കുന്ന വിഷപ്പുകയാണ് അതിലൊന്ന്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചത് പടക്കവില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടായിരുന്നു. പക്ഷേ, പടക്കം പൊട്ടിക്കലിന് നിരോധനം ഏര്‍പ്പെടാഞ്ഞതുകൊണ്ടാവണം ആ നടപടി ഫലം കണ്ടില്ല.

ഇക്കുറി ദീപാവലിക്ക് പടക്കം ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. അമിതശബ്ദവും കൂടിയ അന്തരീക്ഷ മലിനീകരണവുമുണ്ടാക്കുന്ന പടക്കങ്ങള്‍ പാടില്ലെന്നാണ് കോടതി നിര്‍ദേശം. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ വഴിയുള്ള പടക്കവില്‍പ്പന നിരോധിച്ചിട്ടുമുണ്ട്. 

  • വൈക്കോല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത്

ഖാരിഫ് വിളകളുടെ വിളവെടുപ്പിന് ശേഷം പഞ്ചാബിലെയും ഹരിയാണയിലെയും പതിനായിരക്കണക്കിന് ഏക്കര്‍ വരുന്ന വയലുകളില്‍ വൈക്കോല്‍ കൂട്ടിയിട്ട് കത്തിക്കുന്ന സമയമാണ് ഒക്ടോബര്‍- നവംബര്‍ മാസങ്ങള്‍. വൈക്കോല്‍ വന്‍തോതില്‍ കത്തിക്കുമ്പോഴുണ്ടാകുന്ന പുക ഡല്‍ഹിയിലേക്ക് എത്തുന്നെന്നാണ് റിപ്പോര്‍ട്ട്. ഈ പുക ഡല്‍ഹിയുടെ അന്തരീക്ഷത്തിലെ മഞ്ഞുമായി ചേര്‍ന്ന് ആവരണം തീര്‍ക്കുന്നു. 

കാറ്റ് തീരെക്കുറവായതാണ് ഇവ ഇത്രയധികം രൂക്ഷമായ പ്രശ്നമാകാന്‍ കാരണം. ഡല്‍ഹിയില്‍ സമുദ്രസാന്നിധ്യമില്ലാത്തതും പുകമഞ്ഞ് അന്തരീക്ഷത്തില്‍ അടിഞ്ഞുകൂടാന്‍ കാരണമാകുന്നതായിചൂണ്ടിക്കാണിക്കപ്പെടുന്നു. 

DELHI SMOG

  • ഗള്‍ഫ് മേഖലയില്‍ നിന്നെത്തുന്ന പൊടിക്കാറ്റ്

തലസ്ഥാനനഗരിയിലെ വിഷലിപ്തമായ പുകമഞ്ഞിന്റെ മറ്റൊരുദ്ഭവസ്ഥാനം കുവൈറ്റും ഇറാനും സൗദിയും അടങ്ങുന്ന ഗള്‍ഫ് മേഖലയില്‍ നിന്നുള്ള പൊടിക്കാറ്റാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എല്ലാവര്‍ഷവും ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ അന്തരീക്ഷത്തിന്റെ മുകളിലത്തെ പാളിയിലൂടെ ശക്തമായ വായുസഞ്ചാരമുണ്ടാകും. 

പൊടികലര്‍ന്ന ഈ കാറ്റ് പാകിസ്താനിലൂടെ ഇന്ത്യയിലേക്ക് എത്തുന്നു. പാകിസ്താനിലെ തണുത്ത അന്തരീക്ഷത്തില്‍ നിന്ന് ബാഷ്പകണങ്ങള്‍ കൂടി ചേരുമ്പോള്‍ ഇത് പുകമഞ്ഞായി രൂപാന്തരപ്പെടുകയാണ് ചെയ്യുന്നത്.


വിഷപ്പുക ബാക്കി വയ്ക്കുന്നത്

ഡല്‍ഹിയിലെ വായു ശ്വസിക്കുന്നവര്‍ക്ക് ഒരു ദിവസം 50 സിഗരറ്റ് വലിച്ചാലുണ്ടാകുന്നതിന് തുല്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തണുപ്പുകാലത്ത് ഡല്‍ഹിയില്‍ അന്തരീക്ഷമലിനീകരണം കൂടുന്നതിനൊപ്പം ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണവും കൂടും.

ശ്വാസകോശരോഗങ്ങള്‍ക്ക് ചികിത്സ തേടി കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ആശുപത്രിയിലെത്തിയവരുടെ എണ്ണത്തില്‍ മറ്റ് സമയത്തെ അപേക്ഷിച്ച് 30 ശതമാനം വര്‍ധന ഉണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സമയത്ത് രോഗാവസ്ഥയില്‍ മരണപ്പെടുന്നവരുടെ നിരക്കിലും വര്‍ധന ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിരോധം, പരിഹാരം

DELHI SMOG

തലസ്ഥാനഗരിയിലെ വിഷപ്പുകയ്ക്ക് പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് അയല്‍സംസ്ഥാനങ്ങളിലെ വയലുകളില്‍ വൈക്കോല്‍ കത്തിക്കുന്നതിനെയാണ്. ഇവ കൂട്ടിയിട്ട് കത്തിക്കുന്നതിന് പകരം വേറെന്തെങ്കിലും ശാസ്ത്രീയ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം.എസ്.സ്വാമിനാഥനെപ്പോലെയുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു. വൈക്കോല്‍ കത്തിക്കുന്നതിന് പകരം അവയെ എങ്ങനെ വാണിജ്യപരമായി വിനിയോഗിക്കാമെന്ന് കണ്ടെത്തണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 

ഖാരിഫ് വിളവെടുപ്പിന് ശേഷം അടുത്ത വിതയ്ക്കലിന് മുമ്പ് കര്‍ഷകര്‍ക്ക് കിട്ടുന്ന സമയം 20 മുതല്‍ 25 ദിവസം വരെ മാത്രമാണ്. വൈക്കോല്‍ അവശിഷ്ടങ്ങള്‍ നശിപ്പിക്കാതെ പുതിയ വിതയിറക്കാന്‍ കര്‍ഷകര്‍ക്ക് കഴിയില്ല. അതുകൊണ്ടാണ് എളുപ്പമാര്‍ഗമെന്ന നിലയില്‍ കാലാകാലങ്ങളായി ഇവ കൂട്ടിയിട്ട് കത്തിക്കാന്‍ കര്‍ഷകര്‍ തയ്യാറാവുന്നത്. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് വൈക്കോല്‍ സംസ്‌കരണ യന്ത്രങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തിറക്കിയത്.

എന്നാല്‍, ഇവ ഉപയോഗിക്കാന്‍ കര്‍ഷകര്‍ വിമുഖത കാട്ടുകയാണ്. 5000 മുതല്‍ 6000 രൂപ വരെ മുടക്കി യന്ത്രം വാങ്ങുന്നതിലും നല്ലത് വയലുകളില്‍ വൈക്കോല്‍ കത്തിക്കുന്നതിന്  പിഴയായി 2500 രൂപ അടയ്ക്കുന്നതാണെന്നാണ് കര്‍ഷകരുടെ നിലപാട്. 

  • വാഹനനിയന്ത്രണം

വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന പുക കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പല ഘട്ടങ്ങളിലും ഡല്‍ഹിയില്‍ വാഹനനിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍, റോഡിലെ തിരക്ക് കുറയുമെന്നല്ലാതെ ഇതുകൊണ്ട് പ്രതീക്ഷിച്ച ഫലമൊന്നും നേടാന്‍ കഴിയാറില്ല.

  • നിര്‍മ്മാണനിയന്ത്രണം

കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചും അന്തരീക്ഷ മലിനീകരണത്തെ നിയന്ത്രിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ശ്രമിക്കുന്നു. നിര്‍മ്മാണ പ്രവര്‍ത്തങ്ങളുടെ ഭാഗമായി ഉണ്ടാവുന്ന പൊടിപടലങ്ങള്‍ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

DELHI SMOG

  • വെള്ളം തളിക്കല്‍

പൊടി കൂടുതലുള്ള പ്രദേശങ്ങളില്‍ വെള്ളം തളിച്ച് പൊടി പാറുന്നത് ഒഴിവാക്കാനാണ് വിവിധയിടങ്ങളില്‍ വെള്ളം തളിക്കാറുള്ളത്. ഇക്കുറിയും പതിവ് തെറ്റിക്കാതെ മെട്രോ നിര്‍മ്മാണം ഉള്‍പ്പടെയുള്ളവയില്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്.

  • മാസ്‌ക് ധരിക്കല്‍

അന്തരീക്ഷം പുകമഞ്ഞില്‍ മൂടുന്നതോടെ പൊതുജനങ്ങള്‍ മാസ്‌ക് ഉപയോഗിച്ച് മാത്രമേ പുറത്തിറങ്ങാറുള്ളു. കഴുകാവുന്ന തുണിയുടെ മാസ്‌കുകളും സര്‍ജിക്കല്‍ മാസ്‌കുകളും കൊണ്ട് പ്രയോജനം ഉണ്ടാവില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും സ്വയം സമാധാനം എന്ന നിലയിലാണ് ജനങ്ങള്‍ മാസ്‌കുകള്‍ ധരിക്കുന്നത്. 

മാസ്‌കുകള്‍ ധരിച്ചും ഓഫീസുകളില്‍ എയര്‍പ്യൂരിഫയര്‍ ഉപയോഗിച്ചും വിഷപ്പുകയെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ് ജനം. ചിലര്‍ വീടുകളിലും ഇത്തരം പ്യൂരിഫയര്‍ സ്ഥാപിക്കുന്നു. ഇക്കാലയളവില്‍ എയര്‍പ്യൂരിഫയര്‍ വില്‍പന തകൃതിയായി നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറിയും കുറഞ്ഞും പുകമഞ്ഞിന്റെ അളവ് 

DELHI SMOG

അന്തരീക്ഷത്തിലെ വായുവിന്റെ ഗുണമേന്മ അളക്കുന്ന എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് പ്രകാരം ഏറ്റവും ഒടുവില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 252 എന്നാണ്. തീരെ മോശം അവസ്ഥയില്‍ നിന്ന് മോശം അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു എന്ന ചെറിയൊരാശ്വാസത്തിന് ഇത് വഴിവയ്ക്കുന്നു. 

എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 0നും 50നുമിടയില്‍ ആണെങ്കിലാണ് വളരെ നല്ലത് എന്ന് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് കണക്കാക്കുന്നത്. ഇത് 51നും 100നുമിടയിലാണെങ്കില്‍ തൃപ്തികരം എന്ന് രേഖപ്പെടുത്തും. 101 മുതല്‍ അടയാളപ്പെടുത്തുന്നത് സ്ഥിതി മോശമാണ് എന്ന സൂചനയിലേക്കുള്ള ചൂണ്ടുപലകയാണ്. രണ്ട് ദിവസം മുമ്പ് വരെ ഇത് ഏറ്റവും മോശം അവസ്ഥയായ 410നും 500നുമിടയിലായിരുന്നു. 

ഇത് നമുക്കും കൂടിയുള്ള മുന്നറിയിപ്പാണ്

വിഷപ്പുകയില്‍ ശ്വാസം മുട്ടിയും കണ്ണുനീറിയും തലസ്ഥാനവാസികള്‍ ദുരിതത്തിലാവുമ്പോള്‍ അതിനെ നിസ്സാരവല്‍ക്കരിക്കാനോ വാര്‍ത്തയെ ലാഘവത്തോടെ കാണാനോ നാം ശ്രമിച്ചാല്‍ അത് അക്ഷന്തവ്യമായ കുറ്റം തന്നെയാണ്. കാരണം,നമ്മളെ ബാധിക്കാത്തതൊന്നും നമ്മുടെ പ്രശ്നങ്ങളല്ലെന്ന ചിന്തയാണ് നമുക്കുള്ളതെങ്കില്‍, തിരിച്ചറിയണം നാളെയല്ലെങ്കില്‍ മറ്റന്നാള്‍ വിഷപ്പുകയിലൂടെ അന്തരീക്ഷ മലിനീകരണമെന്ന വ്യാളി നമ്മളെയും വിഴുങ്ങുക തന്നെ ചെയ്യും.

Content Highlights: Delhi Smog, Air Pollution, Burning of paddy straw