• കമ്യൂണിസ്റ്റ് ഐക്യത്തിന് ആഹ്വാനം
  • കോണ്‍ഗ്രസിനെ ആരും കുറ്റപ്പെടുത്തിയില്ല
  • കേന്ദ്രഭരണം ഫാസിസത്തിലേക്കു നീങ്ങുന്നതായി ആരോപണം 

ബി.ജെ.പി.യെ നേരിടാന്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാമോ എന്ന പ്രശ്‌നം കേന്ദ്രബിന്ദുവായ സി.പി.എം. 22-ാം കോണ്‍ഗ്രസിന്റെ ഉദ്ഘാടനസമ്മേളനത്തില്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെതിരേ ആരും ഒന്നും പറഞ്ഞില്ല. എതിര്‍പ്പ് പൂര്‍ണമായും ബി.ജെ.പി.യില്‍ കേന്ദ്രീകരിച്ചാണ് ഇടതുനേതാക്കള്‍ സംസാരിച്ചത്. 'ഫാസിസ്റ്റ് പ്രവണത'യുള്ള സംഘപരിവാര്‍ നയിക്കുന്ന കേന്ദ്ര ഭരണത്തിനെതിരേ കുന്തമുന തിരിക്കണമെന്ന ആഹ്വാനമാണ് അഭിവാദ്യപ്രസംഗം നടത്തിയ അഞ്ച് ഇടതുകക്ഷികളുടെ നേതാക്കളും നല്കിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം സ്വീകരിക്കേണ്ട നയങ്ങളുടെ അനൗപചാരിക ചര്‍ച്ചാവേദിയായി ഉദ്ഘാടനവേദി മാറി.

പാര്‍ട്ടികോണ്‍ഗ്രസ് സി.പി.എമ്മിന്റെ വളര്‍ച്ചയ്ക്കു പുതിയ ദിശാബോധം നല്‍കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച യെച്ചൂരി, പ്രസംഗം അവസാനിപ്പിച്ചത് പൊതിഞ്ഞുവെച്ചതും അതേസമയം, വ്യക്തവുമായ ആഹ്വാനത്തോടെയാണ്. ''ബി.ജെ.പി.സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ മതനിരപേക്ഷ ജനാധിപത്യശക്തികളെയാകെ യോജിപ്പിച്ച് അണിനിരത്തുന്നതിന് പാര്‍ട്ടി കോണ്‍ഗ്രസ് വഴിതെളിക്കും. അതാകട്ടെ ജനകീയപോരാട്ടങ്ങളെ ശക്തിപ്പെടുത്തുകയും അതു രാജ്യത്തിനും ജനതയ്ക്കുമായി ബദല്‍ നയങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിലേക്കു നയിക്കുകയും ചെയ്യും.'' -യെച്ചൂരി പറഞ്ഞു.

വിശാലമായ ഇടത്-മതനിരപേക്ഷ-ജനാധിപത്യപ്രസ്ഥാനം കെട്ടിപ്പടുത്ത് സമഗ്രാധിപത്യത്തിന്റെയും ഫാസിസത്തിന്റെയും ശക്തികളെ ചെറുക്കുന്നതിനുള്ള ചര്‍ച്ചകളാണ് സി.പി.എം. കോണ്‍ഗ്രസിലുണ്ടാവുകയെന്ന് സി.പി.ഐ. ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അഭിവാദ്യപ്രസംഗത്തില്‍ പറഞ്ഞു.

Party Congressസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സി.പി.എം. ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെപ്പറ്റി അര്‍ഥഗര്‍ഭമായ മൗനംപാലിച്ചു. തുടര്‍ന്നു സംസാരിച്ച സി.പി.ഐ. ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസിനെ പേരെടുത്തു പറയാതെ വിശാലമായ ജനാധിപത്യ ഐക്യം വേണമെന്നാവശ്യപ്പെട്ടു. സി.പി.ഐ.എം.എല്‍.(ലിബറേഷന്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ഫാസിസത്തിനെതിരേ ജനാധിപത്യമതനിരപേക്ഷ ശക്തികളുടെ വിശാലമായ ഐക്യം വേണമെന്നും അതു തിരഞ്ഞെടുപ്പില്‍ കേന്ദ്രീകരിക്കാതെ അടിയന്തരമായി സമരങ്ങള്‍ വളര്‍ത്തുന്നതിനാവണമെന്നും നിര്‍ദേശിച്ചു. ഇടതുപക്ഷത്തിന്റെ പ്രധാന സഖ്യശക്തി ദളിത് പ്രസ്ഥാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി.യെ നേരിടുന്നതിനും മതേതരത്വം സംരക്ഷിക്കുന്നതിനും വിശാലയമായ മതേതതര ജനാധിപത്യ നിരയുണ്ടാക്കാന്‍ ഇടതുപക്ഷത്തിന് കഴിയണമെന്നും അതിന് സി.പി.എം. നേതൃത്വം നല്‍കണമെന്നും ഫോര്‍വേഡ് ബ്ലോക്ക് സെക്രട്ടറി ജി.ആര്‍. ശിവശങ്കര്‍ നിര്‍ദേശിച്ചു. രാജ്യം ഭയങ്കരമായ വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ വിശാലമായ ജനാധിപത്യ ഐക്യപ്രസ്ഥാനമുണ്ടാക്കി നേരിടണമെന്ന് എസ്.യു.സി.ഐ(സി.) പൊളിറ്റ് ബ്യൂറോ അംഗം അസിത് ഭട്ടാചാര്യ പറഞ്ഞു.

ഉദ്ഘാടനസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച മാണിക് സര്‍ക്കാരും സ്വേച്ഛാധിപത്യത്തിനും വളര്‍ന്നുവരുന്ന ഫാസിസ്റ്റ് പ്രവണതയ്ക്കുമെതിരേ ജനാധിപത്യ-മതനിരപേക്ഷ കക്ഷികളുടെ ഐക്യത്തില്‍ ഊന്നിയാണ് സംസാരിച്ചത്.
 
കരട് പ്രമേയത്തിലെ വൈരുധ്യം 
 
സി.പി.എം. 22-ാം പാര്‍ട്ടികോണ്‍ഗ്രസിനെ ശ്രദ്ധേയമാക്കുന്ന ഘടകം രാഷ്ട്രീയപ്രമേയം സംബന്ധിച്ച തര്‍ക്കമാണ്. കോണ്‍ഗ്രസുമായി സഖ്യം വേണമോ എന്നതാണ് തര്‍ക്കത്തിന്റെ കാതല്‍.  പൊളിറ്റ് ബ്യൂറോ രണ്ടുതവണ ചര്‍ച്ച ചെയ്തിട്ടും പരിഹരിക്കാനാവാത്ത തര്‍ക്കം. കേന്ദ്രകമ്മിറ്റി രണ്ടുതവണ ചര്‍ച്ച ചെയ്യുകയും വോട്ടിനിടുകയും ചെയ്തിട്ടും പരിഹരിക്കാനാവാത്ത പ്രശ്‌നം. എന്നാല്‍, കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന് യെച്ചൂരി ബുധനാഴ്ച അവതരിപ്പിച്ച കരട് പ്രമേയത്തില്‍ പ്രത്യക്ഷത്തില്‍ എവിടെയും പറയുന്നില്ല.

 

കോണ്‍ഗ്രസിനെ നിശിതമായി ആക്രമിച്ച് കാരാട്ടിന്റെ കരട് പ്രമേയം

ബി.ജെ.പി.യുടെ അതേ വര്‍ഗസ്വഭാവമാണ് കോണ്‍ഗ്രസിന്റേത്. വന്‍കിട ബൂര്‍ഷ്വാസിയുടെയും ഭൂപ്രഭുക്കളുടെയും താത്പര്യത്തെയാണവര്‍ ഇപ്പോഴും പ്രതിനിധാനം ചെയ്യുന്നത്. മതനിരപേക്ഷതയ്ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് അവകാശപ്പെടുമ്പോഴും വര്‍ഗീയശക്തികള്‍ക്കെതിരേ പൊരുതുന്നതിന് സുസ്ഥിരസമീപനം സ്വീകരിക്കാനാവുന്നില്ല. അധികാരത്തിലിരിക്കുമ്പോള്‍ നവലിബറല്‍ അജന്‍ഡകള്‍ നടപ്പാക്കുന്നതിന്റെ ഉപജ്ഞാതാക്കള്‍ അവരാണ്.

നിശ്ചിത വിഷയങ്ങളില്‍ കോണ്‍ഗ്രസടക്കമുള്ള മതേതര പ്രതിപക്ഷ കക്ഷികളുമായി പാര്‍ലമെന്റില്‍ സഹകരിക്കാം. പുറത്ത് വര്‍ഗീയതയ്‌ക്കെതിരേ നടക്കുന്ന സംയുക്തപ്രക്ഷോഭങ്ങളില്‍ സി.പി.എമ്മും സഹകരിക്കും. വര്‍ഗ ബഹുജന സംഘടനകള്‍ നടത്തുന്ന ജനകീയസമരങ്ങളിലേക്ക് കോണ്‍ഗ്രസിന്റെയടക്കം അണികളെ ആകര്‍ഷിക്കുക. ബി.ജെ.പി.യെ പരാജയപ്പെടുത്തുന്നതിന് മതേതര ജനാധിപത്യശക്തികളെ യോജിപ്പിക്കുക -അതില്‍ ഒരുകാരണവശാലും കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ ഉണ്ടാക്കാതിരിക്കുക.

യെച്ചൂരിയുടെ പ്രമേയം

കോണ്‍ഗ്രസിന്റെ സാമ്പത്തികനയങ്ങളെ കാരാട്ടിന്റെ പ്രമേയത്തിലേതുപോലെത്തന്നെ വിമര്‍ശിക്കുന്ന യെച്ചൂരിയുെട പ്രമേയത്തില്‍ ഇപ്പോള്‍ രാജ്യം അഭിമുഖീകരിക്കുന്നത് അത്യാപത്കരമായ സാഹചര്യമാണെന്ന് വിവരിക്കുന്നു. സി.പി.എം. പിരിപാടിയും 2002-ല്‍ ഹൈദരാബാദില്‍വെച്ച് പാസാക്കിയ രാഷ്ട്രീയപ്രമേയത്തിലെ നിരീക്ഷണങ്ങളും ധാരാളമായി ഉദ്ധരിച്ചുകൊണ്ടാണ്  ബി.ജെ.പി.യെ എന്തുവിലകൊടുത്തും പരാജയപ്പെടുത്താന്‍ ശ്രമിക്കണമെന്ന് യെച്ചൂരി വാദിക്കുന്നത്. വര്‍ഗീയ-ഫാസിസ്റ്റ് ശക്തിയായ ആര്‍.എസ്.എസ്സിന്റെ അധികാരാരോഹണം ജനാധിപത്യത്തിനും മതേതരത്വത്തിനും വലിയ ഭീഷണിയാണെന്ന് പാര്‍ട്ടി പരിപാടിയില്‍ പറയുന്നു. ഫാസിസ്റ്റ് പ്രവണതയുടെ ആപത്കരത കൂടി കൈവരിച്ചുകഴിഞ്ഞ മതവര്‍ഗീയതയെ എല്ലാ ശക്തിയുമെടുത്ത് എതിര്‍ക്കണം എന്നും പരിപാടി നിഷ്‌കര്‍ഷിക്കുന്നു.

എല്ലാ ഭരണഘടനാസ്ഥാപനങ്ങളും ൈകയടക്കിക്കഴിഞ്ഞ ആര്‍.എസ്.എസ്. നയിക്കുന്ന ബി.ജെ.പി.യെ ഒരു സാധാരണ ബൂര്‍ഷ്വാപാര്‍ട്ടിയായി കാണാനാവില്ല.     ഇത്രയും കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചശേഷം കോണ്‍ഗ്രസ് ബന്ധത്തെപ്പറ്റി 2002-ല്‍ വാജ്പേയി അധികാരത്തിലുള്ള ഘട്ടത്തില്‍നടന്ന 17-ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തിലെ പ്രസക്തഭാഗം ഉദ്ധരിക്കുക മാത്രമാണ് യെച്ചൂരി ചെയ്യുന്നത്.

 വര്‍ഗസ്വഭാവം കാരണം കോണ്‍ഗ്രസുമായി സഖ്യംസാധ്യമല്ല. ഇന്നത്തെ സാഹചര്യത്തില്‍ ബി.ജെ.പി. മുഖ്യശത്രുവായതിനാല്‍ അവരെ നേരിടാന്‍ എല്ലാ മതനിരപേക്ഷ ശക്തികളെയും യോജിപ്പിക്കേണ്ടിയിരിക്കുന്നു. അതിന് കോണ്‍ഗ്രസിന്റെ ജനസ്വാധീനം കൂടി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണം എന്നാണ് പ്രമേയത്തില്‍ വ്യക്തമാക്കിയത്.

 അതേ 17-ാം കോണ്‍ഗ്രസില്‍ത്തന്നെ പാസാക്കിയ രാഷ്ട്രീയറിപ്പോര്‍ടില്‍ ബി.ജെ.പി.യെയും സഖ്യശക്തികളെയും പരാജയപ്പെടുത്തലാണ് മുഖ്യലക്ഷ്യം എന്ന് വിലയിരുത്തിയിരുന്നു. അതിനുള്ള ശ്രമത്തിനിടയില്‍ കോണ്‍ഗ്രസുമായി സഖ്യമോ മുന്നണിയോ വേണ്ട. എന്നാല്‍, ബി.ജെ.പി.യെ തോല്‍പ്പിക്കാന്‍ എല്ലാ മതേതര ശക്തികളെയും യോജിപ്പിക്കുന്നതിനുള്ള തന്ത്രമുണ്ടാവണം. ബി.ജെ.പി.യുമായും  കോണ്‍ഗ്രസുമായും  ഒരുപോലെ പാര്‍ട്ടി അകലം പാലിക്കുമെന്നതല്ല ഇതിന്റെ അര്‍ഥം. ഇടതുപക്ഷം ശക്തമല്ലാത്ത സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മിലാണ് മുഖ്യമത്സരമെങ്കില്‍ യുക്തമായ അടവ്നയം സ്വീകരിക്കണം. ശക്തി കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഏതാനും സീറ്റില്‍ മാത്രം മത്സരിക്കുകയും പൊതുവില്‍ ബി.ജെ.പി.യെ പരാജയപ്പെടുത്താന്‍ പ്രചാരണം നടത്തുകയും ചെയ്യുക. കോണ്‍ഗ്രസുമായി വേദി പങ്കിട്ടുകൊണ്ടോ സംയുക്തപ്രചാരണം നടത്തിക്കൊണ്ടോ അല്ല അത്.      ഇത്രയും ഉദ്ധരിച്ച ശേഷം യെച്ചൂരി പറയുന്നു: ഇന്നത്തെ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ വിലയിരുത്തലിനാണ് പ്രസക്തി.

സമ്മേളന നഗരിയില്‍ താരമായി പിണറായി

Party Congress

ഇത്തവണ സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസില്‍ താരപരിവേഷം പിണറായി വിജയനാണ്. പാര്‍ട്ടിയുടെ ഏക മുഖ്യമന്ത്രിയെന്നതാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. പോലീസ് അകമ്പടിയോടെ എത്തിയതും അദ്ദേഹം മാത്രമായിരുന്നു.

ഭാര്യ കമലയുമൊത്ത് ബുധനാഴ്ച രാവിലെ സമ്മേളന നഗരിയിലേക്ക് പിണറായി എത്തിയപ്പോഴേക്കും മാധ്യമങ്ങള്‍ വളഞ്ഞു. ആരാണ് ഈ വി.ഐ.പി. എന്നു സംശയിച്ചുനിന്നവരോട് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞുകൊടുത്തു -'അതു കേരള സി.എം.' പ്രതികരണത്തിന് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ അടുത്തുകൂടിയെങ്കിലും അദ്ദേഹം സമ്മതിച്ചില്ല.
 

രക്തസാക്ഷികളില്‍ കേരളത്തില്‍നിന്ന് 13 പേര്‍

മൂന്നുവര്‍ഷത്തിനിടെ പാര്‍ട്ടിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ചവരുടെ പട്ടികയില്‍ കേരളത്തില്‍നിന്ന് 13 പേര്‍. എല്ലാവരെയും ആര്‍.എസ്.എസുകാരാണ് വധിച്ചതെന്ന് അനുശോചനപ്രമേയത്തില്‍ പറയുന്നു. ബംഗാളില്‍ 31 പേരുണ്ട് രക്തസാക്ഷികള്‍. തൃണമൂല്‍ കോണ്‍ഗ്രസുകാരാണ് ഇവരെ വധിച്ചത്. ആദരാഞ്ജലി അര്‍പ്പിക്കപ്പെട്ട പ്രമുഖരില്‍ കേരളത്തില്‍നിന്ന് ഒ.എന്‍.വി. കുറുപ്പ് മാത്രം.

ആദ്യകാലനേതാക്കള്‍ക്ക് ആദരം

പ്രായാധിക്യം മൂലം വിരമിച്ച നേതാക്കളെ പാര്‍ട്ടി കോണ്‍ഗ്രസ് ആദരിച്ചു. മുന്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം.എം. ലോറന്‍സ്, വി. രവീന്ദ്രനാഥ് എന്നിവരെ വിശിഷ്ടാതിഥികളായി ക്ഷണിച്ചാണ് ആദരിച്ചത്.

1964-ല്‍ സി.പി.ഐ. വിട്ട് സി.പി.എം. രൂപവത്കരിച്ച ആദ്യ കേന്ദ്രകമ്മിറ്റിയില്‍ അംഗമായ വി.എസ്. അച്യുതാനന്ദനെയും തമിഴ്നാട്ടില്‍നിന്നുള്ള എന്‍. ശങ്കരയ്യയെയും വേദിയില്‍ ക്ഷണിച്ചിരുത്തി ഹാരവും ഉപഹാരവും നല്‍കി ആദരിച്ചു.

വേദിയില്‍ ചുവപ്പും പച്ചയും

സി.പി.എം. സമ്മേളനവേദികള്‍ സാധാരണ ചുവപ്പുമയമായിരിക്കും. പക്ഷേ, ഹൈദരാബാദിലെ വേദിയില്‍ പശ്ചാത്തലത്തിന് ചുവപ്പല്ല, പച്ചയാണ് നിറം. മുളകള്‍ നിരന്നുനില്‍ക്കുന്ന പശ്ചാത്തലമാണ് ചിത്രീകരിച്ചിരിക്കുന്നത്.

ആര്‍ഭാടമില്ലെന്നത് സമ്മേളനത്തിന്റെ സവിശേഷതയാണ്. ഹരിത ചട്ടം ഏറക്കുറെ നടപ്പാക്കാനുള്ള ശ്രമവുമുണ്ട്. ബാഗുകള്‍, തിരിച്ചറിയല്‍കാര്‍ഡുകള്‍ എന്നിവയെല്ലാം ചണം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍, കുടിവെള്ളം പ്ലാസ്റ്റിക് കുപ്പിയിലാണ്.

പൊള്ളുന്ന ചൂടില്‍ ചൂടേറിയ ചര്‍ച്ചകള്‍

ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. പകല്‍ 40 ഡിഗ്രി സെല്‍ഷ്യസിനും മുകളിലാണ് ഇവിടെ ചൂട്. ധാരാളം വെള്ളം കുടിക്കുക മാത്രമാണ് പ്രതിവിധി. സമ്മേളനഹാള്‍ ശീതീകരിച്ചിട്ടുള്ളതിനാല്‍ ചര്‍ച്ചയിലെ ചൂടുമാത്രം സഹിച്ചാല്‍മതി അവിടെ.

എഴുത്ത്: കെ.ബാലകൃഷ്ണന്‍,പി.കെ.മണികണ്ഠന്‍