CPM

കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലിയുള്ള യെച്ചൂരിലൈനിന് അംഗീകാരം നല്‍കിയ സി.പി.എമ്മിന്റെ 22-ാമത് പാര്‍ട്ടി കോണ്‍ഗ്രസ്, ബി.ജെ.പി.യെ പരാജയപ്പെടുത്താന്‍ സാധ്യമായതെല്ലാം ചെയ്യാനുള്ള ആഹ്വാനത്തോടെ സമാപിച്ചു. കേന്ദ്രകമ്മിറ്റിയില്‍ തുടര്‍ച്ചയായി പരാജയപ്പെട്ട രാഷ്ട്രീയനയവുമായെത്തിയ സീതാറാം യെച്ചൂരി കൂടുതല്‍ കരുത്തോടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നു.

പ്രായപരിധി പിന്നിട്ടെങ്കിലും മുതിര്‍ന്ന നേതാവായ എസ്. രാമചന്ദ്രന്‍പിള്ളയെ കാരാട്ട് പക്ഷത്തിന്റെയും കേരളഘടകത്തിന്റെയും ആവശ്യപ്രകാരം പൊളിറ്റ്ബ്യൂറോയില്‍ നിലനിര്‍ത്തി. ബംഗാളില്‍നിന്ന് രണ്ടുപേരെക്കൂടി പുതുതായി പി.ബി.യില്‍ ഉള്‍പ്പെടുത്തി. സി.ഐ.ടി.യു. ജനറല്‍ സെക്രട്ടറി തപന്‍ സെന്നും എസ്.എഫ്.ഐ. മുന്‍ ജനറല്‍ സെക്രട്ടറിയും മുന്‍ പാര്‍ലമെന്റംഗവുമായ നീലോല്‍പല്‍ ബസുവുമാണ് പുതുതായി ഇടം നേടിയത്. ഇതോടെ ബംഗാളില്‍നിന്നുള്ള പി.ബി.അംഗങ്ങളുടെ എണ്ണം ആറായി. സി.ഐ.ടി.യു. മുന്‍ അഖിലേന്ത്യാ പ്രസിഡന്റും മലയാളിയുമായ എ.കെ.പത്മനാഭനെ ഒഴിവാക്കി. കേരളത്തില്‍നിന്ന് എം.വി.ഗോവിന്ദനും കെ.രാധാകൃഷ്ണനും പുതുതായി കേന്ദ്രകമ്മിറ്റിയിലെത്തി.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് ഉണ്ടായില്ലെങ്കിലും യെച്ചൂരിയെ തിരഞ്ഞെടുക്കുന്നതില്‍ നാലുപ്രതിനിധികള്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. മാണിക് സര്‍ക്കാരിനെയാണ് ഇവര്‍ നിര്‍ദേശിച്ചത്. എന്നാല്‍, മത്സരത്തിന് തയ്യാറാകാതിരുന്ന മാണിക് സര്‍ക്കാര്‍, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് യെച്ചൂരിയുടെ പേര് നിര്‍ദേശിച്ചു. തന്റെ രാഷ്ട്രീയനിലപാട് അംഗീകരിപ്പിക്കാനായതുപോലെ കേന്ദ്രകമ്മിറ്റിയിലും പി.ബി.യിലും തന്റെ നിലപാടിനോട് ചേര്‍ന്നുനില്‍ക്കുന്നവരുടെ എണ്ണം കൂട്ടുന്നതിനും യെച്ചൂരി തന്ത്രപരമായ നിലപാട് സ്വീകരിച്ചെന്നാണ് വിവരം.

vs
പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രതിനിധികളില്‍ ഏറ്റവും പ്രായം കൂടിയ വി.എസ്.അച്ചുതാനന്ദനും (94) പ്രായം കുറഞ്ഞ ശ്രീജന്‍ ഭട്ടാചാര്യയും (24)

രാഷ്ട്രീയപ്രമേയവുമായി ബന്ധപ്പെട്ട തര്‍ക്കവും വിവാദവും കാരണം യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കുന്നതില്‍ ഒരുവിഭാഗത്തിനുണ്ടായ എതിര്‍പ്പും കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച ബംഗാള്‍ ഘടകത്തിന്റെ കടുത്ത നിലപാടും ഏകകണ്ഠമായ തിരഞ്ഞെടുപ്പിന് തടസ്സമായേക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, ഞായറാഴ്ച രാവിലെ ദീര്‍ഘനേരം സമ്മേളിച്ച പി.ബി. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന ധാരണയിലെത്തി.

കേന്ദ്രകമ്മിറ്റിയിലെ അംഗസംഖ്യ 91-ല്‍നിന്ന് 95 ആക്കി. ഇതില്‍ 94 പേരെ തിരഞ്ഞെടുത്തു. ഒരു പദവി ഒഴിച്ചിട്ടു. 19 പേരാണ് കമ്മിറ്റിയില്‍ പുതുതായെത്തിയത്. പ്രായവും അനാരോഗ്യവും കണക്കിലെടുത്ത് പി.കെ. ഗുരുദാസനെ ഒഴിവാക്കി. പി. കരുണാകരന്‍, പി.കെ. ശ്രീമതി, എം.സി. ജോസഫൈന്‍, ഇ.പി. ജയരാജന്‍, വൈക്കം വിശ്വന്‍, ടി.എം. തോമസ് ഐസക്ക്, എ. വിജയരാഘവന്‍, കെ.കെ. ശൈലജ, എ.കെ. ബാലന്‍, എളമരം കരീം എന്നിവര്‍ തുടരും. ക്ഷണിതാക്കളായിരുന്ന മലയാളികളായ മുരളീധരന്‍, വിജു കൃഷ്ണന്‍ എന്നിവരെ ഇത്തവണ കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. ഒരു വനിതാ അംഗത്തെ പിന്നീട് ഉള്‍പ്പെടുത്തും.

വി.എസ്. അച്യുതാനന്ദനെ ഇത്തവണയും പ്രത്യേക ക്ഷണിതാവാക്കി. പ്രായപരിധി പിന്നിട്ടതിനെത്തുടര്‍ന്ന് കേന്ദ്രകമ്മിറ്റിയില്‍നിന്ന് കഴിഞ്ഞ തവണ ഒഴിവാക്കിയ പാലോളി മുഹമ്മദ്കുട്ടിയെയും ഇത്തവണ ക്ഷണിതാവാക്കി. ബുദ്ധദേവ് ഭട്ടാചാര്യയെ ഇത്തവണ ക്ഷണിതാവാക്കിയില്ല.

മുന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബസുദേവ ആചാര്യ കണ്‍വീനറായ അഞ്ചംഗ കണ്‍ട്രോള്‍ കമ്മിഷനില്‍ കേരളത്തില്‍നിന്നുള്ള പി. രാജേന്ദ്രന്‍ അംഗമാണ്.

പൊളിറ്റ്ബ്യൂറോ

cpm pb members

#സീതാറാം യെച്ചൂരി #എസ്. രാമചന്ദ്രന്‍ പിള്ള#പിണറായി വിജയന്‍#കോടിയേരി ബാലകൃഷ്ണന്‍ #എം.എ. ബേബി#പ്രകാശ് കാരാട്ട്#വൃന്ദാ കാരാട്ട്#മാണിക് സര്‍ക്കാര്‍ #സുഭാഷിണി അലി #ബി.വി. രാഘവുലു #ജി. രാമകൃഷ്ണന്‍ #ബിമന്‍ ബസു #ഹനന്‍ മൊള്ള#സൂര്യകാന്ത മിശ്ര#മൊഹമ്മദ് സലിം#തപന്‍ സെന്‍ #നീലോല്‍പല്‍ ബസു

യെച്ചൂരിയെ എതിര്‍ത്ത് തെലങ്കാനക്കാര്‍

സി.പി.എം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സീതാറാം യെച്ചൂരിയുടെ പേര് നിര്‍ദേശിച്ചപ്പോള്‍ എതിര്‍ത്തത് പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കുന്ന തെലങ്കാനയില്‍നിന്നുള്ള നാലുപേര്‍.

സി.ഐ.ടി.യു. പ്രസിഡന്റ് ഡോ. ഹേമലത, അവരുടെ മകനും ഡല്‍ഹി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന നേതാവുമായ അരുണ്‍കുമാര്‍, പുണ്യവതി, വീരയ്യ എന്നീ പ്രതിനിധികളാണ് എതിര്‍പ്പു പ്രകടിപ്പിച്ചത്.

കഴിഞ്ഞ ദിവസം രാഷ്ട്രീയപ്രമേയം അംഗീകരിക്കുന്നത് എതിര്‍ത്ത ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മമത അരുണ്‍കുമാറിന്റെ ഭാര്യയാണ്. ചര്‍ച്ചയില്‍ മമത നടത്തിയ പരാമര്‍ശത്തില്‍ ബംഗാള്‍ പ്രതിനിധികള്‍ പ്രതിഷേധിച്ചിരുന്നു.

ഹിമാചല്‍ എം എല്‍ എ മത്സരത്തിനൊരുങ്ങി
 
 സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ കേന്ദ്രകമ്മിറ്റിയംഗങ്ങളുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഹിമാചല്‍പ്രദേശിലെ പാര്‍ട്ടിയുടെ എം.എല്‍.എ. മത്സരത്തിനൊരുങ്ങി. പ്രവര്‍ത്തനരംഗത്തു കാര്യക്ഷമതയില്ലാത്തവരെ ഉള്‍പ്പെടുത്തിയ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരേ താന്‍ മത്സരിക്കുകയാണെന്നു രാകേഷ് സിന്‍ഘ പ്രഖ്യാപിച്ചു.

കമ്മിറ്റിയില്‍ ഇടം പിടിക്കാനല്ല തന്റെ മത്സരം. അഴകൊഴമ്പന്‍ കേന്ദ്രകമ്മിറ്റിയെ നിര്‍ദേശിച്ചതിലാണ് പ്രതിഷേധം. യെച്ചൂരി പക്ഷക്കാരനായ ജോഗേന്ദ്ര ശര്‍മയുടെ പേരിനെ എതിര്‍ത്ത രാകേഷ് സിന്‍ഘ അത്തരക്കാരെ കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ നടപടിയിലുള്ള പ്രതിഷേധമെന്ന നിലയ്ക്കാണ് താന്‍ മത്സരിക്കുന്നതെന്നും പ്രഖ്യാപിച്ചു. എന്നാല്‍, പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും അദ്ദേഹത്തെ അനുനയിപ്പിച്ചു. നിര്‍ബന്ധത്തിനൊടുവില്‍ രാകേഷ് സിന്‍ഘ മത്സരത്തില്‍നിന്നു പിന്മാറി.

കരടു രാഷ്ട്രീയപ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ ബി.ജെ.പി.യെ എതിര്‍ക്കുന്നതിന്റെ പേരില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലെ അടവുനയം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ അട്ടിമറിച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
 
രോഹിത് വെമുലയെ മറന്നപ്പോള്‍ എസ്.എഫ്.ഐ തിരുത്തി
 
രോഹിത് വെമുലയെ മറന്ന സി.പി.എം നേതൃത്വത്തിന്റെ നിലപാടു തിരുത്തി എസ്.എഫ്.ഐ.യുടെ ഇടപെടല്‍. ദളിത് വിവേചനത്തില്‍ മനംനൊന്ത് ആത്മഹത്യ സമരമാര്‍ഗമാക്കിയ രോഹിത് വെമുലയുടെ പേര് സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച അനുശോചന പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
 
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു വെമുലയുടെ പേര് പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്നു പ്രസീഡിയത്തോടു രേഖാമൂലം ആവശ്യപ്പെട്ടു. കിസാന്‍സഭ നേതാവ് വിജു കൃഷ്ണനും വിഷയം കേന്ദ്രനേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തി. സമാപനദിവസത്തില്‍ വെമുലയുടെ പേര് അനുശോചന പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയതായി പ്രസീഡിയം പ്രഖ്യാപിച്ചു.

മാധ്യമങ്ങള്‍ക്കുമുന്നില്‍ മഞ്ഞുരുക്കി വൃന്ദയും സലീമും

രാഷ്ട്രീയപ്രമേയം അംഗീകരിച്ചെങ്കിലും കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പുബന്ധമുണ്ടാവില്ലെന്ന വിവാദപരാമര്‍ശം നടത്തിയ വൃന്ദാ കാരാട്ടും അതിനെതിരേ സംസാരിച്ച മുഹമ്മദ് സലീമും മാധ്യമങ്ങള്‍ക്കുമുന്നില്‍ മഞ്ഞുരുക്കി.

പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനവേളയില്‍ മാധ്യമങ്ങളെയും പ്രവേശിപ്പിച്ചിരുന്നു. ആ സമയത്ത് വേദിയില്‍ പിന്‍നിരയിലായിരുന്ന മുഹമ്മദ് സലീമിനെ വൃന്ദ തന്റെ അടുത്തേയ്ക്കു വിളിച്ചു. സലീമും താനും തമ്മില്‍ ചേരിതിരിവുണ്ടെന്ന് മാധ്യമ വ്യാഖ്യാനമുണ്ടെന്നും അതു തിരുത്താന്‍ ഒപ്പമിരിക്കണമെന്നുമായിരുന്നു വൃന്ദയുടെ അഭ്യര്‍ഥന. തുടര്‍ന്ന്, സമാപനസമ്മേളനം തീരുന്നതുവരെ വൃന്ദയും സലീമും അടുത്തടുത്ത സീറ്റുകളിലിരുന്നു.

കോണ്‍ഗ്രസുമായി സഹകരിച്ചു ബംഗാള്‍ നേതാക്കള്‍ അടവുനയം ലംഘിച്ചെന്ന് കഴിഞ്ഞ ദിവസം ആരോപിച്ച ആന്ധ്രാപ്രദേശില്‍ നിന്നുള്ള പ്രതിനിധി മമതയ്‌ക്കെതിരേയും ബംഗാള്‍ ഘടകം പ്രതിഷേധിച്ചിരുന്നു. പ്രമേയം അംഗീകരിക്കപ്പെട്ട ശേഷം സംഘടനാ റിപ്പോര്‍ട്ടിലെ ചര്‍ച്ചയ്ക്കിടയിലായിരുന്നു മമതയുടെ വിമര്‍ശനം. തുടര്‍ന്ന്, സമാപനവേളയില്‍ മമതയുടെ വിമര്‍ശനം ശരിയായില്ലെന്നു മറുപടിയില്‍ തിരുത്തലുണ്ടായി.

യെച്ചൂരിയെ കാത്ത് വെല്ലുവിളിയുടെ ദിനങ്ങള്‍

cpim

സി.പി.എം. ജനറല്‍ സെക്രട്ടറിപദത്തില്‍ രണ്ടാംവട്ടവും പൊരുതിക്കയറിയ സീതാറാം യെച്ചൂരിയെ കാത്തിരിക്കുന്നത് അത്ര നല്ലദിനങ്ങളല്ല. വെല്ലുവിളി നിറഞ്ഞതാവും ഇനിയുള്ള മൂന്നുവര്‍ഷം. അത് എല്ലാവരേക്കാളും നന്നായറിയാവുന്നത് യെച്ചൂരിക്കുതന്നെയാണ്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ യെച്ചൂരി പറഞ്ഞു: 'വരാനിരിക്കുന്നത് പോരാട്ടങ്ങളുടെ ദിനങ്ങളാണ്'. ആ പോരാട്ടം പാര്‍ട്ടിക്കുപുറത്തു മാത്രമല്ല, അകത്തും വേണ്ടിവരുമെന്നുമാത്രം.

മേല്‍ക്കമ്മിറ്റികളുടെ ഘടനയും സാമൂഹികസാഹചര്യങ്ങളും അതാണ് സൂചിപ്പിക്കുന്നത്. പുതിയ കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും മേല്‍ക്കൈ കേരളത്തിന് നിയന്ത്രണമുള്ള കാരാട്ടുപക്ഷത്തിനാണ്. കഴിഞ്ഞതവണയും അങ്ങനെത്തന്നെയായിരുന്നു. മുന്‍പത്തേക്കാള്‍ കൂടുതല്‍പേര്‍ ഇക്കുറി യെച്ചൂരിപക്ഷത്തുണ്ടെന്നുമാത്രം.

ഈ അവസ്ഥയില്‍ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ അദ്ദേഹത്തിന് പ്രയാസമുണ്ടാകും. കേരളം, ത്രിപുര, ഡല്‍ഹി, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ യെച്ചൂരിക്കെതിരേ തുറന്ന നിലപാടിലായിരുന്നു. ഇവയെ അനുനയിപ്പിച്ചല്ലാതെ മുന്നോട്ടുപോകാനാവില്ല; പ്രത്യേകിച്ചും കേരളത്തെ. സി.പി.എമ്മിന് ഭരണമുള്ള ഏകസംസ്ഥാനം കേരളമാണ്. കൂടുതല്‍ അംഗബലവും ഇവിടെത്തന്നെ. അതിനുപുറമേ മേല്‍ക്കമ്മിറ്റികളില്‍ നിര്‍ണായക സ്വാധീനവുമുണ്ട്. ചുരുക്കത്തില്‍ കേരളത്തിന്റെ നിലപാടുകളെ തള്ളി മുന്നോട്ടുപോകാന്‍ ജനറല്‍ സെക്രട്ടറിക്ക് പ്രയാസമായിരിക്കും.

മറ്റൊന്ന്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ നേരിടുകയെന്നതാണ്. പാര്‍ട്ടി വളരെ ക്ഷീണിച്ചിരിക്കുന്ന പരിതസ്ഥിതിയില്‍ പ്രത്യേകിച്ചും. തിരഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ നില മെച്ചപ്പെടുത്തിയെടുക്കേണ്ട വലിയ ഉത്തരവാദിത്വം ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രീയ സമീപനങ്ങള്‍ക്കാണ്. അദ്ദേഹം ആഗ്രഹിച്ച രീതിയില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ സമീപനരേഖ മാറ്റിയെഴുതിയ സ്ഥിതിക്ക് ഇത് വലിയ വെല്ലുവിളിയാണ്.

കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കി മതേതരവോട്ടുകള്‍ ഒന്നിപ്പിച്ച് ബി.ജെ.പി.യുടെ വിജയസാധ്യതയ്ക്ക് തടയിടുകയെന്നതാണ് അദ്ദേഹം നിര്‍ദേശിച്ച അടവുനയം. കോണ്‍ഗ്രസിനോട് നേരിട്ടുമത്സരിക്കുന്ന കേരളത്തിന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് ഇക്കാര്യത്തില്‍ യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസിന്റെ അംഗീകാരം നേടിയെടുത്തത്. ഇതനുസരിച്ച് 2018-ല്‍ നടക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍, 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്നിവയെല്ലാം ഇതിന്റെ പരീക്ഷണശാലകളായിരിക്കും. ഈ തിരഞ്ഞെടുപ്പുകളില്‍ മറ്റുകക്ഷികളുമായി മതേതരചേരി ഉണ്ടാക്കുന്നതിന് മുന്‍കൈയെടുക്കേണ്ട ചുമതലയും യെച്ചൂരിക്കുണ്ട്. ഒപ്പം പാര്‍ട്ടിക്ക് മികച്ച വിജയം ഉറപ്പാക്കുകയുംവേണം.

യെച്ചൂരി ആദ്യതവണ ജനറല്‍ സെക്രട്ടറിയായശേഷം നടന്ന ബംഗാള്‍ തിരഞ്ഞെടുപ്പുഫലം ചൂണ്ടുപലകയായി മുന്നില്‍നില്‍പ്പുണ്ട്. അതുകാണാതെ മുന്നോട്ടുപോകാനാവില്ലെന്നതാണ് അനുഭവപാഠം. അന്ന് യെച്ചൂരിയുടെ താത്പര്യപ്രകാരം ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയായിരുന്നു സി.പി.എം. മത്സരിച്ചത്. പക്ഷേ, പാര്‍ട്ടിയുടെ സ്ഥാനം ബി.ജെ.പി.ക്കുപിന്നില്‍ നാലാമതായി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അത്തരമൊരു അനുഭവമുണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്വവും അദ്ദേഹത്തിനുണ്ട്.

പുതിയ രാഷ്ട്രീയസമീപനം കേരളത്തിന് ദോഷകരമാകാതിരിക്കുകയുംവേണം. കേരളത്തിനുപുറത്ത് കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുകയും ഇവിടെ മറ്റൊരു സമീപനം സ്വീകരിക്കുകയും ചെയ്യുമ്പോളുണ്ടാകാവുന്ന രാഷ്ട്രീയ ആശയക്കുഴപ്പത്തെ നേരിടുകയെന്നതും വെല്ലുവിളിതന്നെ.

അജയ്യനായി അമരത്ത് 

sitaram yechury

രിത്രത്തിൽ വിപ്ലവഭൂമികയായി അറിയപ്പെടുന്ന തെലങ്കാനയിൽ 22-ാം പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ സി.പി.എം. ജനറൽ സെക്രട്ടറിസ്ഥാനത്ത് യെച്ചൂരി തുടരുമോയെന്ന ആശങ്കയും അഭ്യൂഹവുമുണ്ടായിരുന്നു. പാർട്ടി കോൺഗ്രസിൽ ബി.ജെ.പി.ക്കെതിരേയുള്ള ബദൽരാഷ്ട്രീയനയത്തിനുള്ള അംഗീകാരംനേടി രണ്ടാമങ്കത്തിലും യെച്ചൂരി അജയ്യനായി. സംസ്ഥാനതലത്തിൽ ഒരു പദവിയും വഹിക്കാതെ പാർട്ടിയുടെ സമുന്നത പദവിയിലേക്കുവന്ന നേതാവാണ് യെച്ചൂരി. മികച്ച പ്രസംഗകൻ. ഇംഗ്ലീഷ്, ഹിന്ദി, തെലുഗു, തമിഴ്, ബംഗാളി ഭാഷകളിൽ പ്രാവീണ്യം. 

1952 ഓഗസ്റ്റ്‌ 12-ന് ചെന്നൈയിലെ തെലുഗു ബ്രാഹ്മണകുടുംബത്തിലാണ് ജനനം. അച്ഛൻ സർക്കാരിൽ മെക്കാനിക്കൽ എൻജിനീയറായിരുന്ന സർവേശ്വര സോമയാജുലു യെച്ചൂരി. അമ്മ കൽപ്പാക്കം യെച്ചൂരി സാമൂഹികപ്രവർത്തകയായിരുന്നു. അറുപത്തിയൊമ്പതിൽ പ്രസിഡന്റ് എസ്‌റ്റേറ്റിലെ സ്‌കൂളിൽ പഠനം പൂർത്തിയാക്കിയ യെച്ചൂരി ഡൽഹി സെയ്‌ന്റ് സ്റ്റീഫൻസ് കോളേജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. ബിരുദാനന്തര ബിരുദത്തിനും ഗവേഷണത്തിനുമായി ജെ.എൻ.യു.വിൽ ചേർന്നു. ഇവിടെ വെച്ചാണ് മാർക്‌സിസത്തിൽ ആകൃഷ്ടനായത്. 

ഇടതുവിദ്യാർഥിസംഘടനകൾക്ക് ശക്തമായ വേരോട്ടമുള്ള ജെ.എൻ.യു. അടിയന്തരാവസ്ഥക്കാലത്ത് തിളച്ചു മറിഞ്ഞപ്പോൾ അദ്ദേഹം തീപ്പൊരിയായി. അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടശേഷം 1977-ൽ ആദ്യമായി നടന്ന വിദ്യാർഥിയൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ. നേതാവ് (ഇന്നത്തെ എൻ.സി.പി. ദേശീയ നേതാവ്) ഡി.പി. ത്രിപാഠി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് യെച്ചൂരിയും ജെ.എൻ.യു.വിലെ വിദ്യാർഥിനേതാവായിരുന്നു. തൊട്ടടുത്തവർഷം അദ്ദേഹം പ്രസിഡന്റായി. 1978-79 കാലയളവിൽ നടന്ന മൂന്നുതിരഞ്ഞെടുപ്പിലും അദ്ദേഹമായിരുന്നു പ്രസിഡന്റ്. 1978-ൽ എസ്.എഫ്.ഐ. അഖിലേന്ത്യാ ജോയന്റ്‌ സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി. 

അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ൽ പാർട്ടി ആസ്ഥാനം കൊൽക്കത്തയിൽനിന്ന് ഡൽഹിയിലേക്ക്‌ മാറ്റിയപ്പോൾ യെച്ചൂരി അന്നു പാർട്ടിയിൽ പ്രബലനായ ബി.ടി. രണദിവെയുടെ സഹായിയായി. യെച്ചൂരിയിലെ നേതാവിനെ കണ്ടെത്തിയതും വളർത്തിയതും ബസവ പുന്നയ്യയായിരുന്നു. കാരാട്ടിനൊപ്പം യെച്ചൂരിയെയും സി.പി.എം. കേന്ദ്രനേതൃത്വത്തിലേക്ക് കൈപിടിച്ചുയർത്തിയതാവട്ടെ, ഇ.എം.എസും. 1984-ൽ കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാവായി. 1985-ലെ 12-ാം പാർട്ടി കോൺഗ്രസിൽ കാരാട്ടിനും എസ്. രാമചന്ദ്രൻ പിള്ളയ്ക്കുമൊപ്പം കേന്ദ്രകമ്മിറ്റിയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, ‘88-ൽ പി.ബി.ക്ക്‌ തൊട്ടുതാഴെ പുതുതായി അഞ്ചംഗ കേന്ദ്ര സെക്രട്ടേറിയറ്റ് രൂപവത്‌കരിക്കപ്പെട്ടപ്പോൾ അതിലൊരാളായി. 1992-ലെ 14-ാം പാർട്ടി കോൺഗ്രസിൽ കാരാട്ടിനും എസ്.ആർ.പി.ക്കുമൊപ്പം  പി.ബി.യിലെത്തി.

ബി.ടി.ആറിന്റെ വിശ്വസ്തനായ യെച്ചൂരി പിന്നീട് അന്നത്തെ ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്തിന്റെ വലംകൈയായി. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം പാർട്ടി ഏറെ പ്രതിസന്ധി നേരിട്ടകാലത്ത് പഠനരേഖകൾ തയ്യാറാക്കാനും പാർട്ടി വിദ്യാഭ്യാസത്തിനുമൊക്കെ സുർജിത്തിനെ കൈമെയ് മറന്നു സഹായിക്കാൻ യെച്ചൂരിയുണ്ടായിരുന്നു. കോൺഗ്രസിനും ബി.ജെ.പി.ക്കും ബദലായി വി.പി.സിങ് സർക്കാരും ദേവഗൗഡ, ഗുജ്‌റാൾ സർക്കാരുകളുമൊക്കെ യാഥാർഥ്യമാക്കിയത് സുർജിത്തിന്റെ പ്രായോഗികബുദ്ധിയായിരുന്നു. സുർജിത്തിന്റെ മരണശേഷം യു.പി.എ.-ഇടതു ബന്ധത്തിലെ പ്രധാനകണ്ണിയായി യെച്ചൂരി പ്രവർത്തിച്ചു. 

ദേശീയരാഷ്ട്രീയത്തിൽ പാർട്ടിയുടെ ഏറ്റവും ശക്തനായ വക്താവാണ് യെച്ചൂരി. 1998-ൽ ജ്യോതിബസുവിന് പ്രധാനമന്ത്രിയാവാനുള്ള അവസരം നഷ്ടപ്പെടുത്തിയതിന് സി.പി.എം. ഏറെ പഴികേട്ടു. ഇതിനുപിന്നിൽ കാരാട്ടിന്റെയും യെച്ചൂരിയുടെയും സൈദ്ധാന്തികവാശിയായിരുന്നു. സുർജിത്തിനുശേഷം കാരാട്ട് പാർട്ടി ജനറൽ സെക്രട്ടറിയായി. പാർട്ടിയുടെ ശോഭനമായ ഭാവിക്ക് കാരാട്ടിന്റെ നേതൃത്വം ഗുണകരമാവുമെന്ന് അന്നു നിലപാടെടുത്ത യെച്ചൂരി പിന്നീട് അദ്ദേഹത്തിന്റെ വിമർശകനായി. പത്തുവർഷത്തിനുള്ളിൽ പാർട്ടിയെ തകർച്ചയിലേക്കു നയിച്ചത് കാരാട്ടിന്റെ നേതൃത്വമാണെന്ന് ഒളിയമ്പുകളെയ്തു. 

കേരളത്തിന്റെ ശക്തമായ എതിർപ്പിനെ മുറിച്ചുകടന്നാണ് യെച്ചൂരിയുടെ ജനറൽ സെക്രട്ടറി പദവി. വിദ്യാർഥി നേതാവായിരിക്കേയാണ് യെച്ചൂരിക്കെതിരേ കേരളത്തിന്റെ ആദ്യപടനീക്കം. സി.പി. ജോണിനെ ഭാരവാഹിയാക്കാനുള്ള കേരളത്തിന്റെ സമ്മർദം അതിജീവിച്ചാണ് യെച്ചൂരി എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റാവുന്നത്. പിന്നീട്, പിണറായി വിജയനും വി.എസും തമ്മിലുള്ള ഏറ്റുമുട്ടൽ ദേശീയ നേതൃത്വത്തിലും ചേരിതിരിവുകളിലേക്ക്‌ നയിച്ചു. വി.എസിനെ സംരക്ഷിച്ച് യെച്ചൂരി നിലയുറപ്പിച്ചത്, അദ്ദേഹത്തെ കേരള നേതൃത്വത്തിന്റെ ശത്രുവാക്കി.

 ബംഗാൾ ചേരി എതിരായതോടെ കാരാട്ടിന് കേരളത്തിന്റെ പിന്തുണ തേടേണ്ടിവന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് യെച്ചൂരിയെ തടയുന്നതിൽ കേരളഘടകം ഒറ്റക്കെട്ടായി നിൽക്കുന്നതുവരെ കാര്യങ്ങളെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം അടവുനയം പുനഃപരിശോധിച്ച ചർച്ചകളിലും യെച്ചൂരിയുടെയും കാരാട്ടിന്റെയും വടംവലി പ്രകടമായി. നയമല്ല, നടപ്പാക്കിയതിലാണ് പിഴവെന്നുവാദിച്ച്‌ വിജയിക്കാൻ യെച്ചൂരിക്കായത് പാർട്ടിയിൽ അദ്ദേഹത്തിന്റെ മേൽക്കൈ പ്രകടമാക്കി. ഹൈദരാബാദിൽ യാഥാർഥ്യമായതും ഈ വിജയമായിരുന്നു.

പുറത്തെ പൊരിവെയിലിനേക്കാള്‍ ചൂടേറി പാര്‍ട്ടി കോണ്‍ഗ്രസിലെ മൂന്നുമണിക്കൂര്‍   

CPM

തെലങ്കാനയില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ ദിവസമായിരുന്നു ഞായറാഴ്ച, 43 ഡിഗ്രി ചൂട്. തലസ്ഥാനമായ ഹൈദരാബാദില്‍ സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനവേളയിലെ അന്തരീക്ഷത്തിനും അതിലേറെ ചൂടുണ്ടായിരുന്നു.

കേന്ദ്രകമ്മിറ്റിയെയും പൊളിറ്റ്ബ്യൂറോയെയും തിരഞ്ഞെടുക്കുന്നതില്‍ നേതാക്കള്‍ക്കിടയിലെ ഭിന്നത അകത്തും പുറത്തും ഒരുപോലെ ആശങ്കയും അഭ്യൂഹങ്ങളുമുണ്ടാക്കി. തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിന്റെ പിരിമുറുക്കത്തിലായിരുന്നു പ്രതിനിധികള്‍. രാഷ്ട്രീയപ്രമേയം അംഗീകരിക്കുന്ന സമയത്തേതുപോലെ പുതിയ പി.ബി.-കേന്ദ്രകമ്മിറ്റി തിരഞ്ഞെടുപ്പും വോട്ടെടുപ്പിലേക്ക് നീങ്ങുകയാണെന്ന പ്രതീതി നിലനിന്നു. കേന്ദ്രകമ്മിറ്റിയിലേക്കുള്ളത് രഹസ്യവോട്ടെടുപ്പായതിനാല്‍ ഇരുപക്ഷവും ആത്മവിശ്വാസത്തിലായിരുന്നു.

പുതിയ കമ്മിറ്റികളെക്കുറിച്ച് ധാരണയുണ്ടാക്കാന്‍ ശനിയാഴ്ച രാത്രി ഒമ്പതരയോടെ പി.ബി. യോഗം ചേര്‍ന്നു. രണ്ടുമണിക്കൂര്‍ ചര്‍ച്ച ചെയ്തിട്ടും തര്‍ക്കം തീര്‍ന്നില്ല. നിലവിലെ പി.ബി. തുടരട്ടെ എന്ന പ്രകാശ് കാരാട്ടിന്റെ വാദം യെച്ചൂരി സമ്മതിച്ചില്ല. എസ്.രാമചന്ദ്രന്‍ പിള്ള, എ.കെ.പത്മനാഭന്‍, ജി.രാമകൃഷ്ണന്‍ എന്നിവരെ പി.ബി.യില്‍ നിലനിര്‍ത്തണമെന്ന് കേരളഘടകം വാദിച്ചു. കേന്ദ്രകമ്മിറ്റിയിലേക്ക് 80 വയസ്സെന്ന പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും രാമചന്ദ്രന്‍പിള്ളയ്ക്ക് ഇളവുനല്‍കണമെന്ന് കേരളനേതൃത്വം വാശിപിടിച്ചു. പുതിയ കേന്ദ്രകമ്മിറ്റി പാനല്‍ തയ്യാറാക്കുന്നതിലും രൂക്ഷമായ തര്‍ക്കങ്ങളുണ്ടായി. മുംബൈ കിസാന്‍ ലോങ് മാര്‍ച്ചിന്റെ ശില്പിയും കിസാന്‍സഭ അഖിലേന്ത്യാ പ്രസിഡന്റുമായ അശോക് ധാവ്‌ളെയെ പി.ബി.യിലെടുക്കാന്‍ യെച്ചൂരി വാദിച്ചെങ്കിലും മറുപക്ഷം എതിര്‍ത്തു. കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പുണ്ടാവുമെന്ന് ബംഗാള്‍ നേതാക്കള്‍ ഭീഷണിയുയര്‍ത്തിയതോടെ തര്‍ക്കത്തില്‍ ഞായറാഴ്ച തീരുമാനമെടുക്കാനായി യോഗം പിരിഞ്ഞു.

രാവിലെ ഒമ്പതരയ്ക്ക് തുടങ്ങിയ പി.ബി. ഒന്നരമണിക്കൂറും തുടര്‍ന്നുള്ള കേന്ദ്രകമ്മിറ്റിയോഗം ഒരു മണിക്കൂറും നീണ്ടു. സമാപനദിവസത്തെ പാര്‍ട്ടി കോണ്‍ഗ്രസ് നടപടിക്രമങ്ങള്‍ രാവിലെ 11.30ന് തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. പക്ഷേ, യോഗങ്ങളിലെ തര്‍ക്കം നീണ്ടതുകാരണം തുടങ്ങിയത് ഒരുമണിക്കൂറോളം വൈകിമാത്രം.

സമ്മേളനനടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കിയശേഷം പുതിയ കേന്ദ്രകമ്മിറ്റിയെയും പി.ബി.യെയും തിരഞ്ഞെടുത്തു. പുതിയ കേന്ദ്രകമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക് യെച്ചൂരിയുടെ പേര് നിര്‍ദേശിച്ച മാണിക് സര്‍ക്കാര്‍തന്നെ സമ്മേളനത്തിലും പ്രഖ്യാപനം നടത്തി. പുതിയ പി.ബി. അംഗങ്ങളുടെ പേര് യെച്ചൂരിയും വായിച്ചു.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് യെച്ചൂരിക്ക് വെല്ലുവിളിയൊന്നുമുണ്ടായിരുന്നില്ല. രാമചന്ദ്രന്‍ പിള്ളയെ നിലനിര്‍ത്താന്‍ വേണ്ടിയായിരുന്നു കേരളഘടകത്തിന്റെ സമ്മര്‍ദം. അത് വിജയിക്കുകയും ചെയ്തു. പ്രായപരിധിയുടെ പേരില്‍ അദ്ദേഹം ഒഴിയാന്‍ സന്നദ്ധനായിരുന്നെങ്കിലും കേരളഘടകത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി. ഏകകണ്ഠമായി തീരുമാനമുണ്ടെങ്കിലേ താന്‍ തുടരുന്നുള്ളൂവെന്ന അദ്ദേഹത്തിന്റെ നിലപാടിനെ യെച്ചൂരിയും എതിര്‍ത്തില്ല. തമിഴ്‌നാട്ടില്‍നിന്നുള്ള ജി. രാമകൃഷ്ണനെ പി.ബി.യില്‍ നിലനിര്‍ത്താനായതും കേരളഘടകത്തിന്റെ വിജയമായി.

സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റെന്ന നിലയ്ക്ക് നേരത്തേ പി.ബി.യില്‍ വന്ന എ.കെ.പത്മനാഭനെ നിലനിര്‍ത്താനുള്ള ആവശ്യം നിറവേറിയില്ല. ഇപ്പോള്‍ സി.ഐ.ടി.യു. വൈസ് പ്രസിഡന്റായ പത്മനാഭനെ കേന്ദ്രകമ്മിറ്റിയില്‍ നിലനിര്‍ത്തി സംഘടനയുടെ ജനറല്‍ സെക്രട്ടറി തപന്‍ സെന്നിനെ പി.ബി.യിലെടുത്തു. കാരാട്ട് പക്ഷത്തോട് ആഭിമുഖ്യമുള്ള നേതാവാണ് അദ്ദേഹം. പി.ബി. അംഗസംഖ്യ പതിനേഴാക്കിയപ്പോള്‍ യെച്ചൂരിപക്ഷക്കാരനായ നീലോല്‍പല്‍ ബസുവിനും ഇടംകിട്ടി.

കേന്ദ്രകമ്മിറ്റിയില്‍ കേരളത്തിലെ കെ.രാധാകൃഷ്ണന്‍, ത്രിപുര എം.പി.യും ഗോത്രമേഖലയില്‍ നിന്നുള്ള നേതാവുമായ ജിതേന്‍ ചൗധരി, മഹാരാഷ്ട്രയിലെ ആദിവാസി എം.എല്‍.എ. ജെ.പി.ഗാവിത് എന്നിവരെ ഉള്‍പ്പെടുത്തിയത് പിന്നാക്കവിഭാഗങ്ങള്‍ക്ക് നല്ല പ്രാതിനിധ്യം നല്‍കിയതിന്റെ തെളിവായി.

95 അംഗ കേന്ദ്രകമ്മിറ്റിയില്‍ 15 പേരാണ് വനിതകള്‍. കേന്ദ്രകമ്മിറ്റിയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കാനും സി.പി.എം. നേതൃത്വം ജാഗ്രത പുലര്‍ത്തി.

ബി.ജെ.പി.ക്കും കോണ്‍ഗ്രസിനുമെതിരേ പിണറായി

Party Congress

ബി.ജെ.പി.യുടെ വര്‍ഗീയനയങ്ങള്‍ക്കും കോണ്‍ഗ്രസിന്റെ നവഉദാരീകരണ നയങ്ങള്‍ക്കുമെതിരേയുള്ള പോരാട്ടത്തിന് ആഹ്വാനംചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. 22-ാം സി.പി.എം. പാര്‍ട്ടികോണ്‍ഗ്രസിന് സമാപനംകുറിച്ച് സരൂര്‍ നഗറില്‍നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വര്‍ഗീയശക്തികള്‍ എക്കാലവും സി.പി.എമ്മിനെ എതിര്‍ക്കുകയാണ്. ഇവിടെ മതേതരത്വത്തിനുവേണ്ടി നില്‍ക്കുന്ന പ്രസ്ഥാനം സി.പി.എമ്മായതിനാലാണിത്. ഹിന്ദുത്വ അജന്‍ഡയുമായി രാജ്യം ഭരിക്കുന്ന ബി.ജെ.പി. ജനതയെ ഭിന്നിപ്പിക്കുകയാണ്. രാജ്യത്ത് കോണ്‍ഗ്രസ്- ബി.ജെ.പി. ഭരണം നടപ്പാക്കിയ നവ ഉദാരീകരണനയങ്ങള്‍ ജനജീവിതം ദുഷ്‌കരമാക്കി. ഇതിനെതിരേയുള്ള പോരാട്ടത്തിലാണ് സി.പി.എം. -പിണറായി പറഞ്ഞു.

പൊതുസമ്മേളനം സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. തെലുങ്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയടക്കമുള്ള നേതാക്കള്‍ വേദിയിലുണ്ടായിരുന്നു.

പാര്‍ട്ടിയെ പഠിച്ചും പാര്‍ട്ടിക്കാരെ പഠിപ്പിച്ചും എം.വി. ഗോവിന്ദന്റെ അരനൂറ്റാണ്ട്‌

govindanഅരനൂറ്റാണ്ടിന്റെ പ്രവര്‍ത്തനപാരമ്പര്യത്തിന്റെ കരുത്തുമായാണ് എം.വി. ഗോവിന്ദന്‍ സി.പി.എം. കേന്ദ്രകമ്മിറ്റിയിലെത്തുന്നത്. 1970-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ അദ്ദേഹം, അധ്യാപക ജോലിയില്‍നിന്ന് സ്വയം വിരമിച്ചാണ് മുഴുവന്‍സമയ പാര്‍ട്ടി അംഗമാകുന്നത്.

പ്രതിസന്ധികളെ അതിവൈകാരികതയില്ലാതെ തരണം ചെയ്യാനുള്ള മികവാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ഗോപി കോട്ടമുറിക്കലിനെതിരേയുള്ള ഒളിക്യാമറ വിവാദവും വിഭാഗീയതയും എറണാകുളത്ത് പാര്‍ട്ടിയെ പിടിച്ചുകുലുക്കിയപ്പോള്‍ അദ്ദേഹത്തെ അവിടേക്ക് പാര്‍ട്ടി നിയോഗിച്ചതിനു പിന്നിലും അതായിരുന്നു.

പാര്‍ട്ടിയില്‍ ഒരുകാലത്ത് എം.വി. രാഘവനോട് മമതപുലര്‍ത്തിയിരുന്ന നേതാവായിരുന്നു ഗോവിന്ദന്‍. പക്ഷേ, എം.വി.ആര്‍. പാര്‍ട്ടിക്ക് പുറത്തായപ്പോള്‍ നേതൃതലത്തില്‍നിന്ന് സ്വയം തിരിഞ്ഞുനടക്കാന്‍ ശ്രമിച്ചുവെന്നല്ലാതെ അതിനപ്പുറത്തേക്ക് അദ്ദേഹം കടന്നില്ല.

യുവജനപ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളായ അദ്ദേഹം കെ.എസ്.വൈ.എഫ്. കണ്ണൂര്‍ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി. ഡി.വൈ.എഫ്.ഐ. രൂപവത്കരണത്തിനു മുന്നോടിയായി രൂപവത്കരിക്കപ്പെട്ട അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റിയില്‍ കേരളത്തില്‍നിന്നുള്ള അഞ്ചുപേരില്‍ ഒരാളായിരുന്നു. ഡി.വൈ.എഫ്.ഐ.യുടെ ആദ്യ സംസ്ഥാന പ്രസിഡന്റും പിന്നീട് സെക്രട്ടറിയുമായി. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസവും അനുഭവിച്ചു.

1991-ലെ കോഴിക്കോട് സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമായി. ഇ.പി. ജയരാജന്റെ പിന്‍ഗാമിയായി 2002-ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. നാലുവര്‍ഷത്തിനുശേഷം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. 1996-ലും 2001-ലും തളിപ്പറമ്പില്‍നിന്ന് നിയമസഭാംഗമായി. നിലവില്‍ ദേശാഭിമാനി ചീഫ് എഡിറ്ററാണ്.

മൊറാഴയിലെ പരേതനായ കെ. കുഞ്ഞമ്പുവിന്റെയും എം.വി. മാധവിയുടെയും മകനാണ് അറുപത്തിയഞ്ചുകാരനായ ഗോവിന്ദന്‍. ഭാര്യ പി.കെ. ശ്യാമള സി.പി.എം. ജില്ലാ കമ്മിറ്റിയംഗവും ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണുമാണ്. ശ്യാംജിത്ത്, രംഗീത് എന്നിവരാണ് മക്കള്‍.

ചെറിയ കൂരയിലെ താമസം, ലളിത ജീവിതം, ഒടുവില്‍ കേന്ദ്രകമ്മറ്റിയില്‍

K Radhakrishnanസിപിഎം കേന്ദ്രകമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന്‍ പാര്‍ട്ടിയുടെ സ്വീകാര്യനായ നേതാക്കളില്‍ ഒരാളാണ്. ചെറിയ വരുമാനത്തില്‍ ഏറ്റവും ചുരുങ്ങി ജീവിച്ചു ശീലിച്ച രാധാകൃഷ്ണന്‍ ലാളിത്യവും വിനയവും കൊണ്ട് സഹപ്രവര്‍ത്തകരുടെയും എതിരാളികളുടയെും ആദരവും അംഗീകാരവും നേടിയ നേതാവാണ്. വയലില്‍ പോത്തുകളുമായി കന്നുപൂട്ടാന്‍ പോയിരുന്ന അധ്വാനത്തിന്റെ ബാല്യമുണ്ട് അദ്ദേഹത്തിന്.

ദരിദ്ര കര്‍ഷകത്തൊഴിലാളി കുടുംബമായ തോന്നൂര്‍ക്കര വടക്കേ വളപ്പില്‍ കൊച്ചുണ്ണിയുടെയും ചിന്നയുടെയും രണ്ടാമത്തെ മകനായി 1964- മെയ് 24നാണ് രാധാകൃഷ്ണന്റെ ജനനം. തേയിലത്തോട്ടത്തിലെ തൊഴിലാളികളായിരുന്നു അഛനും അമ്മയും.

നിലവില്‍ സിപിഎം സംസ്ഥാന കമ്മറ്റിയംഗമായ രാധാകൃഷ്ണന്‍ കേരള നിയമസഭയില്‍ സ്പീക്കര്‍ സ്ഥാനവും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ക്ഷേമം, യുവജന വകുപ്പ മന്ത്രി, ചീഫ് വിപ്പ്, എന്നീ സ്ഥാനങ്ങളും വിവിധ കാലങ്ങളില്‍ വഹിച്ചിട്ടുണ്ട്. 

എസ്.എഫ്.ഐ.യുടെ സജീവ പ്രവര്‍ത്തകനായാണ് രാധാകൃഷ്ണന്റെ രാഷ്ട്രീയ പ്രവേശനം. എസ്.എഫ്.ഐ. ചേലക്കര സ്‌കൂള്‍ യൂണിറ്റ് ഭാരവാഹിയായി . പിന്നീട് വടക്കാഞ്ചേരി വ്യാസയില്‍ പ്രീഡിഗ്രിക്കും തൃശ്ശൂര്‍ കേരളവര്‍മയില്‍ ബിരുദത്തിനും പഠിക്കുമ്പോള്‍ വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി

കേരളവര്‍മ കോളേജില്‍ യുണിറ്റ് സെക്രട്ടറിയായിരിക്കെയാണ് തൃശ്ശൂരിലെ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ സജീവ സാന്നിദ്ധ്യമാകുന്നത്. ഡി.വൈ.എഫ്.ഐ. ചേലക്കര ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായി.

1991-ല്‍ ഇദ്ദേഹം വള്ളത്തോള്‍ നഗര്‍ ഡിവിഷനില്‍ നിന്നും തൃശൂര്‍ ജില്ലാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപെട്ടു. 1996-ല്‍ ആദ്യമായി ചേലക്കര നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തി. 1996 -2001 ലെ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ ക്ഷേമം, യുവജന കാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2001-ല്‍ ഇദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും പ്രതിപക്ഷ ചീഫ് വിപ്പാവുകയും ചെയ്തു. 2006-ല്‍ പന്ത്രണ്ടാം നിയമസഭയില്‍ സ്പീക്കറായും പ്രവര്‍ത്തിച്ചു.

മന്ത്രിയായിരുന്നപ്പോഴും ടാര്‍പോളിന്‍കൊണ്ടു മറച്ച ചെറിയ കൂരയിലെ താമസം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പിന്നീടാണ് ഹൌസിങ്‌ബോര്‍ഡില്‍ നിന്നും മൂന്ന്‌ലക്ഷം രൂപ വായ്പയെടുത്ത് ഒറ്റമുറി വീട് പണിതത്. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ആരംഭിച്ചത് രാധാകൃഷ്ണനായിരുന്നു.

നിലവില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമാണ്. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായ അദ്ദേഹം അഖിലേന്ത്യാ ദളിത് ശോഷണ്‍ മുക്തി മഞ്ച് പ്രസിഡന്റ്, പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റ്, ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്(സിഐടിയു) എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. 

വിജു കൃഷ്ണനെ കേന്ദ്ര കമ്മിറ്റിയിലെത്തിച്ചത് ലോങ് മാര്‍ച്ച്‌

viju krishnanകേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവെന്ന നിലയില്‍നിന്ന് കമ്മിറ്റി അംഗമായി വിജു കൃഷ്ണനെ എത്തിച്ചത് ഐതിഹാസികമായ ലോങ് മാര്‍ച്ചിന് അദ്ദേഹം നല്‍കിയ നേതൃത്വം. മഹാരാഷ്ട്രയില്‍ അടുത്തിടെ നടന്ന കര്‍ഷകസമരത്തിന്റെ മുന്നണിപ്പോരാളികളില്‍ ഒരാളാണ് കണ്ണൂര്‍ കരിവെള്ളൂര്‍ ഓണക്കുന്ന് സ്വദേശി ഡോ. വിജുകൃഷ്ണന്‍.

ലോങ് മാര്‍ച്ചിന്റെ അണിയറയിലും അരങ്ങിലും വിജു കൃഷ്ണന്‍ സുപ്രധാന പങ്കാണ് വഹിച്ചത്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ അഖിലേന്ത്യാ കിസാന്‍സഭ പ്രതിനിധി എന്നനിലയില്‍ കേന്ദ്രകമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായിരുന്നു. നിലവില്‍ അഖിലേന്ത്യാ കിസാന്‍സഭാ ജോയന്റ് സെക്രട്ടറിയാണ്.

നേരത്തേ രാജസ്ഥാനില്‍ നടന്ന കര്‍ഷക സമരത്തിനും ഇദ്ദേഹം നേതൃത്വം വഹിച്ചിരുന്നു. 2009 മുതല്‍ കര്‍ഷക അവകാശ സമരങ്ങളുടെ മുന്നണിപ്പോരാളിയാണ് ഈ കണ്ണൂര്‍കാരന്‍. ജെ.എന്‍.യു.വിലെ വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെയായിരുന്നു രാഷ്ട്രീയരംഗത്തേക്കുള്ള പ്രവേശനം. ഇവിടെ എസ്.എഫ്.ഐ.യുടെ കരുത്തുറ്റ നേതാവായിരുന്നു.

കരിവെള്ളൂര്‍ ഓണക്കുന്നിലെ ഡോ. പി. കൃഷ്ണന്റെയും ശ്യാമളയുടെയും മകനാണ്. ബെംഗളൂരു സെയ്ന്റ് ജോസഫ്‌സ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം തലവനായിരുന്നു. ജോലി രാജിവെച്ചാണ് മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകനായത്. നവ ഉദാരവത്കരണം കാര്‍ഷികമേഖലയെ ബാധിച്ച പ്രതിസന്ധി എന്ന വിഷയത്തിലാണ് അദ്ദേഹത്തിന്റെ ഡോക്ടറേറ്റ്.

content highlights: CPM Party congress, Sitaram Yechuri, Hyderabad Party Congress, Pinarayi Vijayan, Prakash Karat