കോവിഡിനു കാരണമായ സാര്‍സ്-കോവി-2 വൈറസ് ചൈനയിലെ പരീക്ഷണശാലയില്‍നിന്ന് ചോര്‍ന്നതാണെന്ന സിദ്ധാന്തത്തിന് വീണ്ടും ജീവന്‍ വെച്ചിരിക്കുന്നു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.)  വീണ്ടും അന്വേഷിക്കണമെന്ന് അമേരിക്കയും ബ്രിട്ടനും സംഘടനാംഗങ്ങളില്‍ ചിലര്‍തന്നെയും ആവശ്യപ്പെട്ടിരിക്കുന്നു. ഇക്കൊല്ലം ജനുവരിയില്‍ ചൈന സന്ദര്‍ശിച്ച ഡബ്ല്യു.എച്ച്.ഒ. സംഘം അന്വേഷിച്ച് തള്ളിക്കളഞ്ഞതാണ് വൈറസ് മനുഷ്യനിര്‍മിതിയാണെന്ന വാദം. ഇപ്പോള്‍ അതു വീണ്ടും പൊങ്ങിവരാനുള്ള കാരണമെന്താണ്?

വിവാദം തുറന്ന റിപ്പോര്‍ട്ട്

മേയ് 23-ന് 'വോള്‍ സ്ട്രീറ്റ് ജേണല്‍' പഴയ ഒരു യു.എസ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ (ഡബ്ല്യു.ഐ.വി.) മൂന്നു ഗവേഷര്‍ 2019 നവംബറില്‍ ന്യൂമോണിയപോലുള്ള രോഗബാധയ്ക്ക് ആശുപത്രിയില്‍ ചികിത്സതേടി എന്നതായിരുന്നു ആ റിപ്പോര്‍ട്ട്. 

കോവിഡന്റെ ഉത്ഭവകേന്ദ്രമാണ് വുഹാന്‍. ഇവിടത്തെ ഹ്വാനന്‍ സമുദ്രോത്പന്നച്ചന്തയിലാണ് വൈറസ് ആദ്യം പോട്ടിപ്പുറപ്പെട്ടതെന്നാണു കരുതുന്നത്. ഇവിടെനിന്ന് 21 കിലോമീറ്റര്‍ ദൂരമേയുള്ളൂ ഡബ്ല്യു.ഐ.വി.യിലേക്ക്. 2019 ഡിസംബര്‍ 30-നാണ് അഞ്ജാത കാരണത്താലുള്ള ന്യൂമോണിയ വുഹാനില്‍ പടരുന്നുവെന്ന വിവരം ചൈന പുറത്തുവിട്ടത്. ഈ ന്യുമോണിയയ്ക്കാണ് ലോകാരോഗ്യസംഘടന പിന്നീട് കോവിഡ്-19 എന്ന് പേരിട്ടത്.

wuhan
വുഹാന്‍ നഗരം | Photo: AP

മേയ് 13-ന് ഡേവിഡ് എ. റെല്‍മന്റെ നേതൃത്വത്തില്‍ 18 ശാസ്ത്രജ്ഞര്‍ (ഭൂരിപക്ഷവും അമേരിക്കക്കാര്‍) 'സയന്‍സ്' ജേണലില്‍ ഒരു കത്ത് പ്രസിദ്ധീകരിച്ചു. കോവിഡ്-19 എങ്ങനെയുണ്ടായി എന്നുറപ്പിക്കാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നായിരുന്നു കത്തിലെ ആവശ്യം. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള രണ്ടു വാദങ്ങളും -ലാബില്‍നിന്നു ചോര്‍ന്നതാണെന്നതും പ്രകൃത്യാ ഉത്ഭവിച്ചതാണെന്നതും- അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. 

പരീക്ഷണശാലയിലുണ്ടാക്കിയതാണ് സാര്‍സ്-കോവി-2 (സിവിയര്‍ അക്യൂട്ട് റെസ്പിരേറ്ററി സിന്‍ഡ്രോം കോറോണ വൈറസ്-2) എന്ന വാദം 2020 ഫെബ്രുവരിയില്‍ 'ലാന്‍സെറ്റ്' മെഡിക്കല്‍ ജേണലിലെ ലേഖനത്തില്‍ പ്രമുഖ ശാസ്ത്രജ്ഞര്‍ തള്ളിക്കളഞ്ഞിരുന്നു. അന്ന് ഇതിനെ അനുകൂലിച്ചവരും 'സയന്‍സി'ല്‍ കത്തെഴുതിയവരുടെ കൂട്ടത്തിലുണ്ട്.

ബൈഡന്റെ ഉത്തരവ് 

'സയന്‍സി'ലെ കത്തിനും 'വോള്‍ സ്ട്രീറ്റ് ജേണലി'ല്‍വന്ന റിപ്പോര്‍ട്ടിനും പിന്നാലെ മേയ് 26-ന്, വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിച്ച് 90 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ യു.എസ്. ഇന്റലിജന്‍സ് ഏജന്‍സികളോട് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു. ബൈഡന്റെ മെഡിക്കല്‍ ഉപദേഷ്ടാവും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസിന്റെ ഡയറക്ടറുമായ ഡോ. ആന്തണി ഫൗച്ചിയും പുനരന്വേഷണത്തിന് ഡബ്ല്യു.എച്ച്.ഒ.യോട് അഭ്യര്‍ഥിച്ചു. ലാബില്‍നിന്ന് ചോര്‍ന്നതാണെന്ന സിദ്ധാന്തം അതുവരെ അംഗീകരിക്കാതിരുന്നയാളാണ് ഫൗച്ചി. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ആര്‍ക്കും 100 ശതമാനം അറിവില്ലാത്തതിനാല്‍ പുനരന്വേഷണം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

Joe Biden
ജോ ബൈഡന്‍ |ഫോട്ടോ:AFP

ഡബ്ല്യു.എച്ച്.ഒ. അന്വേഷണസംഘം തള്ളിക്കളഞ്ഞതാണ് ഈ സിദ്ധാന്തമെങ്കിലും കൂടുതല്‍ അന്വേഷണം വേണ്ടതുണ്ടെന്ന് സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രെയേസുസും പറഞ്ഞു. മുമ്പും ഇങ്ങനൊരാവശ്യം അദ്ദേഹം ഉന്നയിച്ചിരുന്നു. ഒരിക്കല്‍ക്കൂടി ചൈന സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തണമെന്ന് ഡബ്ല്യു.എച്ച്.ഒ.യുടെ അന്വേഷണസംഘത്തിലുണ്ടായിരുന്ന ഡച്ച് വൈറോളജിസ്റ്റ് മരിയന്‍ കൂപ്മാന്‍സും ആവശ്യപ്പെട്ടു. ജനുവരിയിലും ഫെബ്രുവരിയിലുമായി നാലാഴ്ച ചൈനയില്‍ തങ്ങിയാണ് കൂപ്മാന്‍സ് അംഗമായ സംഘം വൈറസിന്റെ ഉത്ഭവസാദ്ധ്യതകള്‍ പഠിച്ചത്. ഡബ്ല്യു.ഐ.വി.യിലും ഹ്വാനന്‍ ചന്തയിലുമെല്ലാം കറങ്ങിയായിരുന്നു പഠനം. 17 ചൈനീസ് ശാസ്ത്രജ്ഞരും ഉള്‍പ്പെട്ട ഈ സംഘത്തിന്റെ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തുവന്നിട്ടേയുള്ളൂ. 

വൈറസ് വുഹാന്‍ ലബോറട്ടറിയില്‍നിന്ന് ചോര്‍ന്നതാണെന്ന വാദം വിശ്വസിക്കാവുന്നതാണെന്ന് ഇപ്പോള്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികളും കരുതുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ.യോട് ബ്രിട്ടീഷ് വാക്സിന്‍സ് മന്ത്രി നദീം സഹാവിയും ആവശ്യപ്പെട്ടുകഴിഞ്ഞു. വൈറസ് മനുഷ്യനുപിന്നാലെ എന്നപോലെ വൈറസിന്റെ ഉറവിടം തേടി ലോകവും പായുകയാണ്.

വൈറസുണ്ടാക്കന്‍ യു.എസ്. സഹായം?

പുതിയൊരു ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അമേരിക്കയുടെ ധനസഹായത്തോടെയാണ് ചൈന ഈ വൈറസിനെ ഉണ്ടാക്കിയതെന്നാണ് ഈ ആരോപണം. സാര്‍സ്-കോവി-2 ലാബിലുണ്ടാക്കാന്‍ ബൈഡന്റെ മെഡിക്കല്‍ ഉപദേഷ്ടാവ് ആന്തണി ഫൗച്ചി വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയെ പരോക്ഷമായി സഹായിച്ചു എന്ന ആരോപണമുയര്‍ത്തിയത് മറ്റാരുമല്ല. കെന്റക്കിയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാന്‍ഡ് പോളാണ്. കോവിഡ് നിയന്ത്രണ നടപടികളെക്കുറിച്ച് മേയ് 11-ന് സെനറ്റില്‍ നടന്ന തെളിവെടുപ്പിനിടെ അദ്ദേഹം ഫൗച്ചിയോട് നേരിട്ടുതന്നെ ഇക്കാര്യം ചോദിച്ചു. 

വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന 'ഗെയ്ന്‍ ഓഫ് ഫങ്ഷന്‍' പരീക്ഷണത്തിന് ഫൗച്ചിയുടെ അറിവോടെ ധനസഹായം നല്‍കി എന്നാണ് ആരോപണം. ഇതിനൊരു പശ്ചാത്തലമുണ്ട്. എന്താണ് 'ഗെയ്ന്‍ ഓഫ് ഫങ്ഷന്‍' പരീക്ഷണം എന്നറിഞ്ഞാലേ ആരോപണത്തിന്റെ ഗൗരവം പിടികിട്ടൂ. നിലവിലുള്ള ഏതെങ്കിലും വൈറസിനെ ലബോറട്ടറിയില്‍വെച്ച് ജനിതകമാറ്റം വരുത്തി കൂടുതല്‍ മാരകമാക്കുക; എന്നിട്ട് അതുണ്ടാക്കാനിടയുള്ള പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കി പ്രതിരോധമാര്‍ഗം തേടുക; അങ്ങനെ ഭാവിയിലുണ്ടാകാനിടയുള്ള രോഗങ്ങളെ നേരിടാന്‍ ഇപ്പോഴേ തയ്യാറെടുക്കുക. ചുരുക്കത്തില്‍ ഇതാണ് ഗെയ്ന്‍ ഓഫ് ഫങ്ഷന്‍ പരീക്ഷണം. 

ഒരുകാലത്ത് ഈ പരീക്ഷണത്തിന്റെ വക്താവായിരുന്നു ഫൗച്ചി. 2014 മേയില്‍, ഫൗച്ചി ഡയറക്ടറായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഇക്കോഹെല്‍ത്ത് അലയന്‍സിന് 340 കോടി ഡോളര്‍ സഹായം നല്‍കി. വൈറസുകളെയും അവയുടെ പകര്‍ച്ചാരീതികളെയും പറ്റി പഠിക്കുന്ന സ്ഥാപനമാണ് ഇക്കോഹെല്‍ത്ത് അലയന്‍സ്. ഇവര്‍ക്ക് ചൈനയും വിയറ്റ്നാമും തായ്ലന്‍ഡുമുള്‍പ്പെടെ 30 രാജ്യങ്ങളില്‍ പ്രോജക്ടുകളുണ്ട്. 

dr anthony fauci
 ഡോ. ആന്തണി ഫൗച്ചി |Photo: AP

ചൈനയിലെ യുനാന്‍ പ്രവിശ്യയിലുള്ള വവ്വാലുകളിലെ കൊറോണവൈറസുകളുടെ ജനിതകവിശകലനം നടത്താന്‍ വുഹാന്‍ വൈറോളജി ലാബുമായി ഇക്കോഹെല്‍ത്ത് അലയന്‍സ് ധാരണയുണ്ടാക്കി. കൊറോണ വൈറസ് ആദ്യം ഉത്ഭവിച്ചത് ചൈനയിലാണ് എന്നതിനാലാണ് ഈ പഠനം. ഇതിനായി അഞ്ചുകൊല്ലംകൊണ്ട് 598,500 ഡോളര്‍ ഇക്കോഹെല്‍ത്ത് അലയന്‍സ് വുഹാന്‍ ലാബിനു കൊടുത്തു. യു.എസ്. വിദേശകാര്യവകുപ്പിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെയും അംഗീകാരവും ലാബിനു കിട്ടി. ഈ പരീക്ഷണത്തിന്റ ഫലമാണ് സാര്‍സ്-കോവി-2 എന്നാണ് റാന്‍ഡ് പോളിന്റെയും സമാനവിശ്വാസക്കാരുടെയും ആരോപണം. അതായത് അമേരിക്കയുടെ പ്രോത്സാഹനമില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു വൈറസ് ഉണ്ടാകില്ലായിരുന്നുവെന്ന്. എന്തായാലും, 2014 ഒക്ടോബറില്‍ ഒബാമ സര്‍ക്കാര്‍ 'ഗെയ്ന്‍ ഓഫ് ഫങ്ഷന്‍' പരീക്ഷണത്തിനുള്ള ധനസഹായം നിര്‍ത്തി. സുരക്ഷാപ്രശ്നങ്ങളാണ് കാരണമായി പറഞ്ഞത്. 

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍

ഇതുവരെ കണ്ടെത്തിയ പല കൊറോണ വൈറസുകളില്‍ ഒന്നുമാത്രമാണ് സാര്‍സ്-കോവി-2. ഇതിനുമുമ്പ് മനുഷ്യനെ ബാധിച്ച ഗുരുതരമായ കൊറോണ വൈറസ് രോഗങ്ങള്‍ സാര്‍സ്, മെര്‍സ് എന്നിവയാണ്. ഇവയും ശ്വാസകോശ രോഗങ്ങള്‍തന്നെ. ഇവയ്ക്കു കാരണമായ വൈറസുകള്‍ വവ്വാലില്‍നിന്ന് മറ്റൊരു ജീവിവഴിയാണ് മനുഷ്യനിലെത്തിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ സാര്‍സ്-കോവി-2വും പ്രകൃത്യാവന്നു എന്നാണ് ഭൂരിപക്ഷം ശാസ്ത്രജ്ഞരുടെയും നിഗമനം. സാര്‍സ്-കോവി-2ന്റെയും അതിന്റെ മുന്‍ഗാമി വൈറസുകളുടെയും ജനിതകഘടനയുള്‍പ്പെടെ വിശദമായി പഠിച്ചതില്‍നിന്നാണ് ഇവര്‍ ഈ നിഗമനത്തിലെത്തിയത്. അങ്ങനെയെങ്കില്‍ ഇത് മനുഷ്യനിലെത്തിച്ച ഇടനില ജീവിയേത്? അതിന് ഇതുവരെ കൃത്യമായ ഉത്തരമില്ല. അത് കണ്ടെത്താത്തിടത്തോളം വൈറസ് പ്രകൃത്യാ ഉത്ഭവിച്ചതാണെന്ന വാദം നൂറുശതമാനം വിശ്വസനീയമാകില്ല. 

SARS-CoV-2
സാര്‍സ്-കോവി-2ന്റെ മൈക്രോസ്‌കോപിക് ചിത്രം | Photo: AP

ലാബില്‍ ഉണ്ടാക്കിയതാണെന്നതിനും തെളിവില്ല. ഇന്നുവരെ അറിയപ്പെട്ടതില്‍വെച്ച് സാര്‍സ്-കോവി-2വിന്റെ ഏറ്റവും അടുത്തബന്ധു ആര്‍.എ.ടി.ജി.13 (RaTG13) എന്ന കൊറോണ വൈറസാണ്. യുനാന്‍ പ്രവിശ്യയില്‍ വവ്വാല്‍ക്കാട്ടം വൃത്തിയാക്കിയ ഖനിത്തൊഴിലാളികള്‍ക്ക് ന്യുമോണിയ പിടിപെട്ടതിനെത്തുടര്‍ന്നണ്ടായ അന്വേഷണമാണ് ഈ വൈറസിലേക്കെത്തിച്ചത്. ആര്‍.എ.ടി.ജി.13 വൈറസിനെ വവ്വാലുകളില്‍നിന്നു ശേഖരിച്ച് ഡബ്ല്യു.ഐ.വി. അതിന്റെ ജനിതകശ്രേണീകരണം നടത്തി. ഇതിന്റെ ജനിതകവുമായി 96 ശതമാനം അടുപ്പമുള്ളതാണ് സാര്‍സ്-കോവി-2. ഈ വൈറസിലോ യൂനാനില്‍നിന്നുശേഖരിച്ച മറ്റ് എട്ടിനം കൊറോണ വൈറസുകളിലോ നടത്തിയ 'ഗെയ്ന്‍ ഓഫ് ഫങ്ഷന്‍' പരീക്ഷണത്തിനിടെ ഡബ്ല്യു.ഐ.വി.യില്‍നിന്ന് ചോര്‍ന്നതാണ് സാര്‍സ്-കോവി-2 എന്നാണ് ഈ സിദ്ധാന്തത്തിന്റെ വക്താക്കള്‍ ആരോപിക്കുന്നത്. അതുകൊണ്ടാണ് വുഹാനിലും പരിസരങ്ങളിലും ഇനിയും പഠനംവേണമെന്ന ആവശ്യമുയരുന്നത്. 

എന്നാല്‍, ഈ പരീക്ഷണങ്ങള്‍ പുതിയ വൈറസിനെ സൃഷ്ടിച്ചു എന്നതിന് വ്യക്തമായ തെളിവില്ല. പക്ഷേ, വവ്വാലില്‍നിന്നെടുത്ത വൈറസുകളെ ഉപയോഗിച്ച് വുഹാന്‍ ലാബില്‍ 'ഗെയ്ന്‍ ഓഫ് ഫങ്ഷന്‍' പരീക്ഷണം നടന്നിട്ടുണ്ടെന്നും അതിന് ഇക്കോഹെല്‍ത്ത് അലയന്‍സ് ധനസഹായം നല്‍കിയിട്ടുണ്ടെന്നും ചില ശാസ്ത്രജ്ഞര്‍ അമേരിക്കന്‍ വസ്തുതാന്വേഷണ വെബ്സൈറ്റായ 'പൊളിറ്റിഫാക്ടി'നോട് സമ്മതിച്ചിട്ടുണ്ട്. വൈറസിന്റെ ഉത്ഭവം അന്വേഷിച്ച ഡബ്ല്യു.എച്ച്.ഒ. സംഘത്തില്‍ ഇക്കോഹെല്‍ത്ത് അലയന്‍സ് ഡയറക്ടര്‍ ഡോ. പീറ്റര്‍ ഡസാക്കും അംഗമായിരുന്നു. 

കുലുങ്ങാതെ ചൈന 

എന്തായാലും ഒരുവിധ അന്വേഷണത്തോടും സഹകരിക്കാന്‍ ചൈന തയ്യാറല്ല. കോവിഡ് മഹാമാരിയെ രാഷ്ട്രീയവത്കരിക്കാനുള്ള ലോകനേതാക്കളുടെ ശ്രമമാണിതെന്നാണ് യൂറോപ്യന്‍ യൂണിയനും ജി-20 രാജ്യങ്ങളും മേയ് 21-നു നടത്തിയ ആഗോള ആരോഗ്യ ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞത്. അന്വേഷണ ആവശ്യം അദ്ദേഹം നിരാകരിച്ചു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ചൈനയിലെ അന്വേഷണം പൂര്‍ത്തിയായെന്നും മറ്റു രാജ്യങ്ങളിലാണ് ഇനി അന്വേഷിക്കേണ്ടതെന്നുമാണ് ചൈന പറയുന്നത്. ചൈനയുടെ മണ്ണില്‍ ഇനിയൊരന്വേഷണത്തിന് ആരെയും അനുവദിക്കില്ലെന്നും വ്യക്തമാക്കിട്ടുമുണ്ട്.

wuhan
വുഹാനില്‍ ക്രമീകരിച്ച ഒരു താല്‍ക്കാലിക ആശുപത്രി| Photo: AP

പ്രയാസമുള്ള ശാസ്ത്രസമസ്യകള്‍ ഗൂഢാലോചനാസിദ്ധാന്തങ്ങളില്‍ കലാശിക്കുന്നത് പുതിയകാര്യമല്ല. സമീപകാലത്ത് മനുഷ്യനെ ഏറ്റവും പേടിപ്പിച്ച രോഗങ്ങളിലൊന്നാണ് എയ്ഡ്സ്. അതിനു കാരണമായ ഹ്യൂമന്‍ ഇമ്യുണോഡെഫിഷ്യന്‍സി വൈറസ് (എച്ച്.ഐ.വി.) ചിമ്പാന്‍സികളില്‍നിന്നാണ് മനുഷ്യരിലെത്തിയത് എന്നു കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ പതിറ്റാണ്ടുകളാണെടുത്തത്. ആ ചരിത്രം നമുക്കു മുന്നിലുള്ളപ്പോള്‍ സാര്‍സ്-കോവി-2ന്റെ ഉത്ഭവത്തെക്കുറിച്ച് ഉടന്‍ അറിയണമെന്ന് വാശിപിടിക്കുന്നതിനുപിന്നില്‍ ലക്ഷ്യങ്ങള്‍ പലതുണ്ട്.

Content Highlights: COVID-19 man-made or natural