ലോകം വലിയൊരു യുദ്ധമുഖത്താണ്. വികസിത രാഷ്ട്രങ്ങള്‍പ്പോലും ആശങ്കയിലും ഭീതിയിലും. കോവിഡ്-19 വൈറസ് നമ്മെ അത്രമാത്രം പിടിച്ചുലച്ചിരിക്കുന്നു. ചൈനയില്‍ രോഗവ്യാപനം ഉറപ്പായി ആഴ്ചകള്‍ക്കകം വൈറസ് ബാധിതരായി മലയാളികള്‍ ഇവിടെയെത്തി. ആരോഗ്യപരിപാലനരംഗത്ത് സുശക്തമായ ബഹുതലസംവിധാനമാണ് നമ്മുടെ വലിയസമ്പത്ത്. മലയാളികളായ ആരോഗ്യപ്രവര്‍ത്തകരുടെ വൈദഗ്ധ്യം എല്ലാക്കാലത്തും ലോകം അംഗീകരിച്ചിട്ടുള്ളതും. ഈ സവിശേഷതകള്‍ക്ക് മകുടംചാര്‍ത്തി ദിശാബോധവും വിഷയ ബോധ്യവുമുള്ള ഭരണനേതൃത്വവും കൂടിച്ചേര്‍ന്നതോടെ നമ്മുടെ രോഗപ്രതിരോധപ്രവര്‍ത്തനം വിശ്വമാതൃകയായി വളര്‍ന്നു. ഇത് ഏതെങ്കിലും ഒരു വ്യക്തിയുടെ വിജയമല്ലെന്നും കൂട്ടായ്മയുടെ മേന്മയാണെന്നും പറയുന്നത് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചവര്‍ തന്നെയാണ്.
വീഴ്ചകളും പരിമിതികളുമില്ലെന്നല്ല. കക്ഷിരാഷ്ട്രീയത്തിന്റെ അമിത പ്രസരണത്തിലുയര്‍ന്ന വിമര്‍ശനങ്ങളോട് പൊതുസമൂഹം നടത്തിയ പ്രതികരണങ്ങള്‍ സൂക്ഷ്മമായി ഏവരും വിലയിരുത്തേണ്ടതാണ്. അരിഷ്ടകാലത്ത് തോളോടുതോള്‍ചേര്‍ന്നും ആഴത്തില്‍ കൈകള്‍ കോര്‍ത്തുമാണ് മുന്നേറേണ്ടത്. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്നറിയിപ്പുകള്‍ നല്‍കുകയെന്നത് ജനാധിപത്യക്രമത്തില്‍ പ്രതിപക്ഷത്തിന്റെ ധര്‍മമാണ്. ആരോഗ്യകരമായി ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുത ഭരണനേതൃത്വത്തിന്റെയും കടമയാണ്. ഇരുപക്ഷവും നിര്‍ദിഷ്ട ഉത്തരവാദിത്വങ്ങള്‍ പാലിച്ചാല്‍മാത്രമേ ആര്‍ക്കും അനുകരണീയമാകുന്ന മാതൃകാചരിത്രങ്ങള്‍ നമുക്ക് സൃഷ്ടിക്കാന്‍ കഴിയൂ.
കൊറോണയുടെ ആദ്യഘട്ടത്തില്‍ത്തന്നെ വൈറസ് വ്യാപനം പൂര്‍ണമായി നിയന്ത്രിക്കാന്‍ നമുക്കായി. എന്നാല്‍, അമിതാത്മവിശ്വാസമെന്ന് തോന്നുംവിധത്തില്‍ ചെറുതല്ലാത്ത തിരിച്ചടികള്‍ വരുന്നു. വിമാനത്താവളത്തിലെ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും അനുസരിക്കാത്ത ചിലരുടെ പെരുമാറ്റമാണ് ആദ്യ തിരിച്ചടിയുടെ കാരണം. എന്നാല്‍, നമ്മുടെ ആരോഗ്യസംവിധാനത്തിന്റെ ഔന്നത്യം അരക്കിട്ടുറപ്പിക്കുന്ന വിധത്തില്‍ അതിനെ നാം തരണംചെയ്തു. പിന്നീടുവന്ന തിരിച്ചടിയില്‍ കാര്യങ്ങള്‍ കുറേക്കൂടി സങ്കീര്‍ണമാണ്. ഇറ്റലിയില്‍നിന്നു വന്നവരെ രോഗ സ്ഥിരീകരണത്തിനു മുമ്പുതന്നെ മാറ്റിപ്പാര്‍പ്പിക്കണമെന്ന നിബന്ധന ഇവിടെ പാലിക്കപ്പെട്ടിട്ടില്ല.
തിരുവനന്തപുരത്തും കോട്ടയത്തുമെല്ലാം ഇത്തരം സ്ഥിതി ആവര്‍ത്തിക്കപ്പെട്ടത് നിസ്സാരമല്ല. ഇതില്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഭവിച്ചതെന്തെന്ന് പ്രത്യേകം വിലയിരുത്തേണ്ടതുമാണ്. അത്രയേറെ ഗൗരവം അതിനുണ്ട്. നാടൊന്നാകെ സര്‍വശക്തിയും സമാഹരിച്ചുനടത്തുന്ന പ്രയത്‌നത്തിന്റെ ആത്മാവറിയാതെ ചിലരെങ്കിലും പ്രവര്‍ത്തിക്കുന്നെന്ന് ന്യായമായും സംശയിക്കണം. തിരിച്ചടികളുണ്ടാകാതിരിക്കാന്‍ വീഴ്ചകള്‍ ആവര്‍ത്തിക്കില്ലെന്ന് ഓരോരുത്തരും നിശ്ചയിക്കണം. ഇവിടെയാണ് ആരോഗ്യകരമായ വിമര്‍ശനത്തിന്റെയും സഹിഷ്ണുതാപൂര്‍വമുള്ള തിരുത്തല്‍ പ്രക്രിയയുടെയും പ്രസക്തി.
കൊറോണ ബാധ 146 രാജ്യങ്ങള്‍ പിന്നിട്ടതായാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്ക്. രോഗികളുടെ എണ്ണം 1,53,648 ആയി. മരണസംഖ്യ 6000 കടന്നു. രോഗവ്യാപനത്തിന്റെയും ചികിത്സയുടെയും സൂക്ഷ്മമായ വിലയിരുത്തലിലൂടെ ആരോഗ്യപ്രവര്‍ത്തകരും പൊതുജനങ്ങളും പാലിക്കേണ്ട കാര്യങ്ങള്‍ അധികൃതര്‍ വിശദമായി പ്രസിദ്ധീകരിക്കുന്നുമുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പും പ്രാദേശിക സ്ഥിതിയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കുന്നുണ്ട്. കൈകള്‍ ഇടയ്ക്കിടയ്ക്ക് കഴുകുക, വ്യക്തിശുചിത്വം പാലിക്കുക, ചുമയ്ക്കുമ്പോള്‍ വായ പൊത്തിപ്പിടിക്കുക, കൈകൊണ്ട് മുഖത്ത് അധികം തൊടാതിരിക്കുക തുടങ്ങിയ പ്രാഥമികകാര്യങ്ങളാണ് ആവശ്യപ്പെടുന്നത്.
എല്ലാ പൗരന്മാര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് സാരം. ഇതിനിടെയാണ് ലോകത്തെമ്പാടും മതാനുഷ്ഠാനങ്ങളിലും മറ്റും ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ ബന്ധപ്പെട്ടവരെല്ലാം തയ്യാറായിരിക്കുന്നത്. ഉത്സവങ്ങളും പെരുന്നാളുകളും നാമമാത്രച്ചടങ്ങുകളാക്കിയാണ് ഇത് സാധ്യമാക്കുന്നത്. വിവാഹങ്ങളുടെ പങ്കാളിത്തവും പകിട്ടും ഏറെ ചുരുക്കിയിട്ടുമുണ്ട്. ഈയവസരത്തില്‍ കൊച്ചി വിമാനത്താവളത്തിനുമുന്നില്‍ ഒരു ആള്‍ക്കൂട്ടം റിയാലിറ്റിഷോയിലെ പങ്കാളിയെ സ്വീകരിക്കാന്‍ നടത്തിയ കോപ്രായങ്ങള്‍ മലയാളിയുടെ സാമൂഹികബോധത്തെയും അന്തസ്സിനെയും പരിഹസിക്കുന്നതായി. സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി എല്ലാഭാഗം ജനങ്ങളും മുന്‍വിധികളില്ലാതെ ഒത്തുചേര്‍ന്ന് ഒറ്റലക്ഷ്യത്തിനായി പ്രവര്‍ത്തിക്കേണ്ടതാണീ അവസരം. അതിനു നമുക്ക് കഴിയുകതന്നെ വേണം.
Content Highlights: Corona Virus:State step up vigil