ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച്‌ തിരഞ്ഞെടുപ്പുകൾ നടത്തണം എന്ന ആശയം പുതിയതല്ല. 1983-ലെ തിരഞ്ഞെടുപ്പ്‌ കമ്മിഷൻ വാർഷികറിപ്പോർട്ടിലും 1999-ലെ 170-ാം ലോ കമ്മിഷൻ റിപ്പോർട്ടിലും ഈ ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു. അടുത്തകാലത്തായി, 2016-ൽ തിരഞ്ഞെടുപ്പ്‌ കമ്മിഷൻ നിയമമന്ത്രാലയത്തിനയച്ച കത്തിലും 2017 നീതി ആയോഗ്‌ റിപ്പോർട്ടിലും ഈ ആവശ്യത്തിന്റെ ആവർത്തനം കാണാം. പാർലമെന്ററി സ്റ്റാൻഡിങ്‌ കമ്മിറ്റിയുടെ 2015-ലെ റിപ്പോർട്ടിലും ഈദൃശ നിർദേശങ്ങൾ കാണാം. തിരഞ്ഞെടുപ്പിന്‌ വേണ്ടിവരുന്ന ചെലവ്‌  കുറയ്ക്കാനും ഇടയ്‌ക്കിടെയുള്ള തിരഞ്ഞെടുപ്പുകളുടെ മുന്നോടിയായി വരുന്ന പെരുമാറ്റച്ചട്ടങ്ങൾ ഭരണനിർവഹണത്തെ ബാധിക്കുന്ന ദുരവസ്ഥ ഒഴിവാക്കാനും ഒരുമിച്ചുള്ള തിരഞ്ഞെടുപ്പുവഴി കഴിയുമെന്നതാണ്‌ പ്രബലമായ ഒരു വാദമുഖം. ഒപ്പം, തിരഞ്ഞെടുപ്പുകൾക്കായി പോലീസിനെയും അർധസൈനികവിഭാഗങ്ങളെയും സർക്കാർ ഉദ്യോഗസ്ഥരെയും കൂടുതലായി ഏർപ്പെടുത്തുന്നതുകാരണം ഉണ്ടാകുന്ന പ്രയാസങ്ങൾ ലഘൂകരിക്കാനും ഒരുമിച്ചുള്ള തിരഞ്ഞെടുപ്പുവഴി സാധിക്കുമെന്ന്‌ ചിലർ കരുതുന്നു. ഈ ആശയത്തിന്റെ നിയമപരവും ജനാധിപത്യപരവുമായ വശങ്ങൾ പരിശോധിക്കുകയാണ്‌ ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

ചരിത്രവും ഭരണഘടനയും

ഇന്ത്യയുടേത്‌ ഒരു ഫെഡറൽ സംവിധാനമാണ്‌. സംസ്ഥാനങ്ങൾകൂടി ചേർന്ന രാഷ്ട്രം എന്ന നിലയിലാണ്‌ ഭരണഘടനയുടെ ഒന്നാം അനുച്ഛേദം രാഷ്ട്രത്തെ നിർവചിക്കുന്നത്‌. 1949 ജൂൺ 15 തൊട്ട്‌ കുറച്ചുദിവസങ്ങളിലായി ഭരണഘടനാ നിർമാണസഭ തിരഞ്ഞെടുപ്പുകളെക്കുറിച്ചും തിരഞ്ഞെടുപ്പ്‌ കമ്മിഷന്റെ അധികാരങ്ങളെക്കുറിച്ചും ചർച്ചചെയ്തു. ഡോ. അംബേദ്‌കർ തന്റെ പ്രസംഗത്തിൽ, ഒരുമിച്ചുള്ള തിരഞ്ഞെടുപ്പുകളെക്കുറിച്ചല്ല, വ്യത്യസ്ത തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള സൂചനകളാണ്‌  നൽകിയത്‌. ഈ വിഷയം ഭരണഘടനാനിർമാണസഭ പ്രത്യേകമായി ചർച്ചചെയ്തില്ലെങ്കിലും ഒരുമിച്ചുള്ള തിരഞ്ഞെടുപ്പ്‌ എന്ന ആശയത്തിന്റെ സമ്പൂർണ നിരാകരണം ഇന്ത്യൻ ഭരണഘടനയിൽ കാണാം.

നമ്മുടെ നിയമവ്യവസ്ഥയിൽ പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ചുതന്നെ തിരഞ്ഞെടുപ്പുകൾ വേണമെന്ന്‌ നിർബന്ധിക്കാനാവില്ല. 1952, 1957, 1962, 1967 വർഷങ്ങളിൽ സംയുക്ത തിരഞ്ഞെടുപ്പുകൾ നടത്താനായത്‌ സൗകര്യത്തിന്റെയും പ്രായോഗികതയുടെയും അടിസ്ഥാനത്തിലായിരുന്നു. അല്ലാതെ ഏതെങ്കിലും ഒരു നിയമം അങ്ങനെ നിർബന്ധിച്ചതിന്റെ പേരിലായിരുന്നില്ല. പിന്നീട് 1971-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ലോക്‌സഭ പിരിച്ചുവിട്ടതിന്റെ പേരിലുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ നടന്നു. പിന്നീട് സംസ്ഥാന നിയമസഭകൾ അഞ്ചുവർഷക്കാലാവധി പൂർത്തീകരിച്ചതിനെത്തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പുകൾ നടന്നത് 1972-ൽ ആയിരുന്നു. അതോടെ രാജ്യമൊട്ടാകെ ഒരുമിച്ചുള്ള തിരഞ്ഞെടുപ്പുകൾക്ക് വിരാമമായി. 

ഭരണഘടനയുടെ 83(2) അനുച്ഛേദമനുസരിച്ച് ലോക്‌സഭയുടെയും 172(1) അനുച്ഛേദമനുസരിച്ച് നിയമസഭയുടെയും കാലാവധി അഞ്ചുവർഷമെന്ന നിലയിൽ ക്ലിപ്തപ്പെടുത്തിയിരിക്കുന്നു. എന്നാൽ, ഭൂരിപക്ഷം നഷ്ടപ്പെടുന്നതിന്റെ പേരിൽ കേന്ദ്രമന്ത്രിസഭയും സംസ്ഥാനമന്ത്രിസഭകളും നിലംപതിക്കാം. ഇന്ത്യയിൽ ഇത്തരം മന്ത്രിസഭാപതനങ്ങളുടെ തുടർക്കഥ കാണാം. വ്യത്യസ്ത മന്ത്രിസഭകൾ വ്യത്യസ്ത കാലയളവിൽ കൊഴിഞ്ഞുവീഴുകയും സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണംവരികയും ചെയ്യുമ്പോൾ ഉപതിരഞ്ഞെടുപ്പുകൾ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അനിവാര്യമായിത്തീരാം. അങ്ങനെ വരുമ്പോൾ, അഞ്ചുവർഷം കഴിഞ്ഞ് അടുത്ത ഒരുമിച്ചുള്ള തിരഞ്ഞെടുപ്പുവരെ സർക്കാർതന്നെ വേണ്ട എന്ന് കേന്ദ്രത്തിനോ സംസ്ഥാനത്തിനോ തീരുമാനിക്കാനാവില്ല. 

ഭേദഗതി അസാധ്യം 

ഇതിനുള്ള ഉത്തരമായി ഭരണഘടനാഭേദഗതി എന്ന ആശയമാണ് ചിലർ ഉന്നയിക്കുന്നത്. മന്ത്രിസഭയുടെ കാലാവധി മുതൽ സംസ്ഥാനങ്ങളിലെ രാഷ്ട്രപതിഭരണംവരെയുള്ള വിഷയങ്ങളിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നാൽ അത് ഭരണഘടനയുടെ അടിസ്ഥാനസ്വഭാവംതന്നെ മാറ്റിമറിക്കും. അത്തരം ഭരണഘടനാഭേദഗതി സാധ്യമല്ല എന്നതാണ് സുപ്രധാനമായ കേശവാനന്ദഭാരതി കേസിൽ (1973) സുപ്രീംകോടതി മുന്നോട്ടുവെച്ച നിയമതത്ത്വം. രാഷ്ട്രപതി ഭരണം, കൂറുമാറ്റ നിരോധനം തുടങ്ങിയ കാര്യങ്ങളിലും കാര്യമായ നിയമഭേദഗതികൾ വരുത്തിയാൽ മാത്രമേ ‘ഒറ്റരാഷ്ട്രം, ഒറ്റ തിരഞ്ഞെടുപ്പ്’ എന്ന ആശയം പ്രയോഗതലത്തിലെത്തിക്കാൻ കഴിയൂ. അപ്പോഴുണ്ടാകുന്നത്, പക്ഷേ, മറ്റൊരു ഭരണഘടനയായിരിക്കും. 

പണക്കൊഴുപ്പിന്റെ പ്രശ്നങ്ങൾ

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് 3426 കോടി രൂപ ചെലവായി. അത് നാളിതുവരെയുണ്ടായതിൽവെച്ച് ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പായിരുന്നു. ഇതിനെക്കാൾ എത്രയോ വലിയ തുകയാണ് പ്രമുഖ രാഷ്ട്രീയപ്പാർട്ടികൾ തിരഞ്ഞെടുപ്പിനുവേണ്ടി ചെലവഴിക്കുന്നത്. 2014-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. 714 കോടിയിൽപരം രൂപയും കോൺഗ്രസ് 516 കോടിയിൽപരം രൂപയുമാണ് ചെലവഴിച്ചത്.  സർക്കാർ സംവിധാനങ്ങളും രാഷ്ട്രീയപ്പാർട്ടികളും മറ്റും പരസ്യത്തിനായി ചെലവഴിക്കുന്ന കോടികളുടെ കണക്ക് ആരെയും ഞെട്ടിക്കും. ഇത്തരം ചെലവുകൾ കർശനമായി നിയന്ത്രിക്കാനാണ് നിയമം കൊണ്ടുവരേണ്ടത്. ചെലവുകുറഞ്ഞ തിരഞ്ഞെടുപ്പുകൾ എന്ന നയംവഴി കോർപ്പറേറ്റുകൾക്ക് ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിലുള്ള ദുസ്വാധീനം ഇല്ലാതാക്കാനും കഴിയണം. അത്തരം പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനുപകരം തിരഞ്ഞെടുപ്പുകളുടെ എണ്ണം ചുരുക്കണമെന്ന്‌ പറയുന്നവർ നാളെ ഭരണസ്ഥിരതയ്ക്കുവേണ്ടി തിരഞ്ഞെടുപ്പുകൾതന്നെ ഒഴിവാക്കണമെന്ന്‌ വാദിച്ചാലും അദ്‌ഭുതപ്പെടേണ്ടതില്ല. നോട്ടുനിരോധനംപോലെ മറ്റൊരു മൗഢ്യമായിരിക്കും ഒറ്റത്തിരഞ്ഞെടുപ്പെന്ന് ഇതിനകംതന്നെ ഒട്ടേറെ രാഷ്ട്രീയവിദഗ്ധർ അഭിപ്രായപ്പെട്ടതിൽ കഴമ്പുണ്ട്. 

പെരുമാറ്റച്ചട്ടങ്ങൾ ഭരണനിർവഹണത്തെ ബാധിക്കാത്തവിധത്തിൽ ലളിതമാക്കാവുന്നതേയുള്ളൂ. അതുപോലെ, ശരിയായ മാനേജ്മെന്റിലൂടെ തിരഞ്ഞെടുപ്പുകളിലെ മനുഷ്യാധ്വാനത്തിന്റെ തോതും കുറയ്ക്കാവുന്നതേയുള്ളൂ. താത്കാലികവും പരിഹരിക്കാവുന്നതുമായ ചില പ്രയാസങ്ങളുടെ പേരിൽ ഭരണഘടനയുടെയും രാഷ്ട്രത്തിന്റെയും അടിസ്ഥാനസ്വഭാവം മാറ്റാൻ ശ്രമിക്കുന്നത് അപകടകരമായ വിധത്തിലുള്ള മൗഢ്യമായിരിക്കും. ഒറ്റത്തിരഞ്ഞെടുപ്പെന്ന ആശയം മുന്നോട്ടുവെച്ച പ്രധാന സമിതികളിലൊന്നും സംസ്ഥാനങ്ങൾക്ക് മതിയായ പ്രാതിനിധ്യമുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. 

ഫെഡറലിസത്തിന്റെ മൂല്യം 

ഫെഡറലിസം ഉന്നതമായ ഭരണഘടനാ സംസ്കാരത്തിന്റെ ആവിഷ്കാരമാണ്. എസ്.ആർ. ബൊമ്മൈ കേസിൽ (1994) സുപ്രീംകോടതി ഇക്കാര്യത്തിന് അടിവരയിട്ടു. അത് ഭരണഘടനയുടെ വിട്ടുവീഴ്ച ചെയ്യാനാകാത്ത ആദർശമാണ്. തിരഞ്ഞെടുപ്പുകൾ വിഷയാധിഷ്ഠിതമായും സത്യസന്ധമായും നിഷ്പക്ഷമായും നടക്കണം. അവയിൽ പണക്കൊഴുപ്പിന്റെ സ്വാധീനം പാടില്ല. എന്നാൽ, പണം ലാഭിക്കാനായി തിരഞ്ഞെടുപ്പുകളുടെ എണ്ണം കുറയ്ക്കാമെന്ന ചിന്ത ജനാധിപത്യവിരുദ്ധമാണ്. 

കടലാസ്‌ ബാലറ്റ്‌ ഉപേക്ഷിച്ച് വോട്ടിങ്‌യന്ത്രം തിരഞ്ഞെടുത്ത ഇന്ത്യയുടെ നടപടിയെ പല വിദേശ ജനാധിപത്യരാഷ്ട്രങ്ങളും അദ്‌ഭുതത്തോടെയാണ് വീക്ഷിച്ചത്. സാങ്കേതികമായി ഏറ്റവും എളുപ്പം ദുരുപയോഗത്തിന് വിധേയമാക്കാവുന്ന ഒന്നാണ് വോട്ടിങ് യന്ത്രം. തെളിവുകൾപോലും അവശേഷിപ്പിക്കാത്ത വിധത്തിൽ കൃത്രിമത്വങ്ങൾ നടത്താനുള്ള സാധ്യതയാണ് ഇത്തരം യന്ത്രങ്ങളെ യൂറോപ്പും അമേരിക്കയും പൊതുവേ സ്വീകരിക്കാതിരിക്കാൻ കാരണം. എന്നാൽ, ചെലവുകുറയ്ക്കാനായി വോട്ടിങ് യന്ത്രത്തെ സ്വീകരിച്ച നമ്മൾ, അതേ യുക്തിയുമായി കൂടുതൽ വലിയ മൗഢ്യങ്ങൾക്ക് തയ്യാറെടുക്കുകയാണോ? 

തിരഞ്ഞെടുപ്പുകൾ പ്രധാനം 

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വ്യത്യസ്തവിഷയങ്ങളായിരിക്കും കൂടുതൽ സജീവമായിട്ടുണ്ടാവുക. തിരഞ്ഞെടുപ്പുകൾ ഒരുമിച്ചായാൽ സംസ്ഥാനവിഷയങ്ങൾ മൊത്തത്തിൽ പാർശ്വവത്കരിക്കപ്പെടും. രണ്ടിടങ്ങളിലേക്കും ഒരേ വിഭാഗക്കാരെ തിരഞ്ഞെടുക്കാനുള്ള പ്രവണത വർധിക്കുകയും വോട്ടർമാർക്കുമുന്നിലെ വഴികൾ(options) കുറയുകയും ചെയ്യും. ചുരുക്കത്തിൽ ഫെഡറൽ സംവിധാനത്തിലെ സുപ്രധാന മൂല്യങ്ങളിലൊന്നായ ‘വൈവിധ്യം’ (diversity) മാറ്റുകുറഞ്ഞ ഒന്നായി മാറും. അതിന്റെ പതുക്കെപ്പതുക്കെയുള്ള നിരാകരണത്തിനും സാധ്യതയേറും. 

തിരഞ്ഞെടുപ്പുകൾ അവയിൽത്തന്നെ മോശപ്പെട്ട കാര്യമല്ല. മറിച്ച്, അന്യഥാ നിസ്സഹായരായ സാധാരണജനങ്ങൾക്ക് തീരുമാനങ്ങളെടുക്കാനും പ്രയോഗിക്കാനും ലഭിക്കുന്ന സവിശേഷാവസരങ്ങളാണവ. അവയുടെ എണ്ണം കുറയ്ക്കുന്നതിന്‌ ആനുപാതികമായി പൗരന്മാർക്ക് വോട്ടുവഴിയുള്ള അഭിപ്രായപ്രകടനത്തിനുള്ള അവസരം കുറയുകയേയുള്ളൂ. അതുകൊണ്ട് ചിലപ്പോഴൊക്കെ ഉപതിരഞ്ഞെടുപ്പുകൾ നടത്തേണ്ടിവരുന്നുവെന്നതിനെ അത്ര മോശപ്പെട്ട കാര്യമായി കരുതേണ്ടതില്ല.

(സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ് ലേഖകൻ)