ധീരോദാത്തനതിപ്രതാപ ഗുണവാന്‍ വിഖ്യാതവംശന്‍ ധരാപാലന്‍ നായകന്‍ എന്ന പ്രഖ്യാത ലക്ഷണങ്ങളെ അനുശീലിച്ചു പോരുന്ന നായകശരീരങ്ങളെയാണ് സിനിമ കാലങ്ങളായും ഭൂരിപക്ഷരൂപേണയും പിന്തുടരുന്നത്. ഈ ലക്ഷണയുക്തനായ നായകനെയും അയാളുടെ വീരോചിത ചെയ്തികളെയും വിജയങ്ങളെയും കണ്ട് ആഘോഷിക്കുന്നതാണ് പ്രേക്ഷകന്റെ കേവലാസ്വാദനവും. കാണിയെ നിരാശനാക്കാതെ, അവന്റെ സ്വപ്‌നകാമനകളെ തൃപ്തിപ്പെടുത്തി, സാധാരണ ജീവിതത്തില്‍ ഒരിക്കലും സാധ്യമാകാത്ത അതിമാനുഷ, അതീന്ദ്രിയ പ്രവൃത്തികള്‍ ചെയ്തുപോരുന്ന സത്ഗുണസമ്പന്ന നായകനെ നിരന്തരം ചിട്ടപ്പെടുത്തുന്നതില്‍ ചലച്ചിത്രകാരന്മാരും ശ്രദ്ധിച്ചു പോന്നിട്ടുണ്ട്. 

ഇത്തരം രചനാകൗശലങ്ങളില്‍നിന്ന് വേറിട്ടുള്ള സഞ്ചാരം അപൂര്‍വ്വമായിട്ടെങ്കിലും സാധ്യമാകുമ്പോഴാണ് ജീവിതത്തിന്റെ നേരടയാളങ്ങളും തങ്ങളുടെ പരിചിതവട്ടത്തിലുള്ള മനുഷ്യനായും നായകനെ കാണിക്ക് അനുഭവിക്കാന്‍ സാധിക്കുന്നത്. തറയില്‍ കാലുറപ്പിച്ച് പരാജിതഭാവങ്ങളുടെ ഭാരമേറ്റ് കുറവുകളും തെറ്റുകളും സംഭവിച്ച്, പരിഹാസത്തിനും വെറുപ്പിനും ഇരയാകുന്ന സാധാരണ മനുഷ്യന്റെ പ്രതിനിധിയായി നായകനെ അനുഭവിക്കാനാകുമ്പോള്‍ ഉത്തമപുരുഷ സങ്കല്‍പ്പങ്ങള്‍ ഊര്‍ന്നുവീഴുന്നു.

അഷ്‌റഫ് ഹംസയുടെ 'ഭീമന്റെ വഴി' എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ ഭീമന്‍ എന്നു വിളിപ്പേരുള്ള സഞ്ജീവ് ശങ്കര്‍ എന്ന കഥാപാത്രം പതിവുപടി നാട്ടുകാര്‍ക്ക് ഉപകാരിയായിട്ടുള്ള ഉത്തമപുരുഷ സൗന്ദര്യ ഗുണഗണങ്ങള്‍ ഒത്തിണങ്ങിയിട്ടുള്ള ആളാണ്. എന്നാല്‍, അയാളുടെ അകമേയ്ക്കു നോക്കുവാന്‍ കൂടി സിനിമ തയ്യാറാകുമ്പോഴാണ് ഉത്തമപുരുഷ സങ്കല്‍പ്പങ്ങളില്‍ നിന്ന് വ്യതിചലിക്കുന്ന നായകനെ കാണാനാകുക. ഒരു സാധാരണ പുരുഷന്റെ മാനസികസഞ്ചാര വഴിയേ തന്നെയാണ് ഭീമന്റെയും വഴിനടപ്പ്. പുറമേയ്ക്ക് സ്ത്രീകളോട് ബഹുമാനാദി വികാരങ്ങളും ഉത്തരവാദിത്തങ്ങളും പ്രകടിപ്പിക്കുമ്പോഴും കാമാസക്തനായൊരു പുരുഷന്‍ അയാളില്‍ ഒളിഞ്ഞിരിപ്പുണ്ട്. അനുകൂല സാഹചര്യങ്ങളില്‍ അത് മറനീക്കി പുറത്തുവരികയും ചെയ്യുന്നു. പ്രണയം ശരീരത്തിലേക്കുള്ള താക്കോലായിട്ടാണ് ഭീമന്‍ കാണുന്നത്. ഇത് കാമുകിമാരോട് തുറന്നുസമ്മതിക്കാന്‍ അയാള്‍ മടിക്കുന്നുമില്ല. ഭീമനെപ്പോലുള്ള പാത്രസൃഷ്ടികളെ സമൂഹത്തിന്റെ പ്രബലമായ സദാചാരക്കണ്ണിലൂടെ നോക്കുമ്പോള്‍ തെറ്റുകാരനായി കാണാനായിരിക്കും വ്യഗ്രത. ഉത്തമനായി ജീവിക്കാമെന്ന് അയാള്‍ എവിടെയും വാക്കു നല്‍കുന്നില്ല, അയാള്‍ക്ക് സ്വന്തം ശരികളും ന്യായീകരണങ്ങളുണ്ട് താനും.

മലയാളി ജീവിതത്തില്‍ വര്‍ഷങ്ങളായി പ്രതിനായകരൂപം പേറി നിലകൊള്ളുന്ന സുകുമാരക്കുറുപ്പിനെ നായകനാക്കുമ്പോള്‍ ഉത്തമപുരുഷ സങ്കല്‍പ്പങ്ങളെ കൈവെടിയാന്‍ തന്നെയാണ് സിനിമ തയ്യാറാകുന്നത്. ധനസമ്പാദനത്തിനു വേണ്ടി അപരനെ കൊന്നു കടന്നയാളാണ് സുകുമാരക്കുറുപ്പ്. അങ്ങനെയൊരാളെ ഏതു വിധേനയും വെള്ളപൂശാനാകില്ല. മരണം കൊണ്ടാണെങ്കില്‍ പോലും യഥാര്‍ഥ ജീവിതത്തില്‍ ചാക്കോയാണ് നായകസ്ഥാനത്ത് നില്‍ക്കേണ്ടത്. കുറുപ്പ് എക്കാലത്തും പ്രതിസ്ഥാനത്തും പ്രതിനായക സ്ഥാനത്തുമായിരിക്കണം. ഈ പ്രതിനായകനിലെ പ്രകടനസാധ്യത കണ്ടെത്താനാണ് ശ്രീനാഥ് രാജേന്ദ്രന്‍ തന്റെ സിനിമയിലൂടെ പരിശ്രമിക്കുന്നത്. കുറുപ്പിന്റെ ചെയ്തികളെ ന്യായീകരിക്കാനോ നായകസ്ഥാനത്തേക്ക് കുടിയിരുത്താനോ ശ്രമിക്കുന്നില്ല. തെറ്റു ചെയ്യുകയും ഒളിജീവിതം നയിക്കുന്നതിലൂടെ തെറ്റ് ആവര്‍ത്തിക്കുകയും ചെയ്യുന്നയാളാകുന്നു ഇവിടെ നായകന്‍. നിയമത്തിനു പിടികൊടുക്കാതെയുള്ള ഒളിച്ചോട്ടവും അതിനായി സുകുമാരക്കുറുപ്പ് നടത്തിയെന്നു കുപ്രസിദ്ധി നേടിയിട്ടുള്ള വീരസാഹസിക മുഖംമൂടിക്കഥകളും ജനത്തിനിടയില്‍ ഒരു ഹീറോ ഇമേജ് സൃഷ്ടിക്കാന്‍ പോന്നതായിരുന്നു. സിനിമയില്‍ ഉപയോഗപ്പെടുത്തുന്നതും ഇതാണ്. എന്നാലത് അയാളിലെ ഇരുണ്ട വശങ്ങള്‍ വിട്ടുകളഞ്ഞു കൊണ്ടുള്ളതല്ല.

ജോജിയിലേക്ക് എത്തുമ്പോള്‍ ഇരട്ടമുഖമുള്ളതും സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ക്കായി ഏതറ്റം വരെയും പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നവനുമായ ഒരുവനെയാണ് കാണാനാകുക. മെലിഞ്ഞൊട്ടി കാഴ്ചയില്‍ ഒന്നിനും പോരാത്തവന്റെ ശരീരഭാഷയാണയാള്‍ക്ക്. എന്നാല്‍, അകമേ സകല കാലുഷ്യവുമായി കുശാഗ്രബുദ്ധി പേറുന്നവന്‍. ഈ ബുദ്ധികൂര്‍മ്മത മറ്റുള്ളവര്‍ക്ക് (കൂടെ ജീവിക്കുന്നവര്‍ക്കടക്കം) എളുപ്പം പിടികിട്ടുകയുമില്ല. സ്വന്തം നിലനില്‍പ്പിനും നേട്ടത്തിനും വേണ്ടി എന്തു ചെയ്യാനും മടിക്കാത്ത അയാള്‍ക്ക് കായബലം കൊണ്ട് ഒരാളെ നേരിടാനാകില്ലെന്നുറപ്പാണ്. ഈ ബലഹീനതയെ മറികടക്കാനുതകുന്ന മനോബലവും കൂര്‍മ്മബുദ്ധിയും ഈ നായകനില്‍ ചാര്‍ത്തിനല്‍കുന്നുണ്ട്. ഏതവസ്ഥയും മറികടക്കാന്‍ ഈ വിശിഷ്ടവിശേഷം അയാളെ പ്രാപ്തനാക്കുന്നു. നേട്ടത്തിനായി സ്വപിതാവിനെയും സഹോദരങ്ങളെയും ചതിക്കാനും കൊലചെയ്യാനും മടിക്കാത്ത നായകരൂപത്തിന് ഉത്തമഗുണങ്ങള്‍ യാതൊന്നും അവകാശപ്പെടാനില്ല. പക്ഷേ, നേട്ടങ്ങള്‍ക്കായി ചെയ്തു കൂട്ടുന്ന പ്രവൃത്തികള്‍ അയാളുടെ ശരികള്‍ തന്നെയാകുന്നു. അതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും അയാള്‍ തയ്യാറാകുന്നുമില്ല. 

സിനിമയ്ക്കുള്ളിലെ സിനിമ പ്രമേയമാക്കുന്ന ഷൈലോക്കില്‍, ആ പേരിലുള്ള ഷേക്‌സ്പിയറിന്റെ വിഖ്യാത കഥാപാത്രത്തെപ്പോലെ പലിശക്കാരനും ദുഷ്ടനുമായ കഥാപാത്രമാണ് നായകന്‍. ദേവന്‍ എന്ന ഒരു അപരമുഖമുണ്ടെങ്കില്‍ പോലും നിര്‍മ്മാതാക്കള്‍ക്ക് പലിശയ്ക്ക് പണം കൊടുക്കുന്ന അയാള്‍ അറിയപ്പെടുന്നത് ബോസ് എന്നാണ്. പലിശയും മുതലും മുടക്കുന്ന നിര്‍മ്മാതാക്കളുടെ സിനിമാ ചിത്രീകരണ സ്ഥലത്തേക്ക് എത്തി യാതൊരു ദാക്ഷിണ്യവുമില്ലാതെ ഷൂട്ടിംഗ് മുടക്കുകയും അക്രമം അഴിച്ചുവിടുന്നയാളുമായാണ് നായകനെ ചിത്രീകരിക്കുന്നത്. പരുന്ത് എന്ന സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന പലിശക്കാരന്‍ പുരുഷുവിനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഈ കഥാപാത്രവും. പലിശക്കാശിനായി എന്തു പ്രവൃത്തിക്കും തയ്യാറാകുന്നയാളാണ് പുരുഷു. 

വലിയ ആരാധകവൃന്ദവും കുടുംബപ്രേക്ഷക പിന്തുണയുമുള്ള നായകശരീരങ്ങള്‍ പ്രതിനായക വേഷമണിയുമ്പോള്‍ അവരോടുള്ള മമതയ്ക്കും യശസ്സിനും കളങ്കം വന്നേക്കുമെന്ന തെറ്റിദ്ധാരണ പ്രബലമായിരുന്നു. ഇതു കാരണം ഉത്തമഗുണങ്ങള്‍ വെടിഞ്ഞുള്ള പ്രവൃത്തിക്ക് തയ്യാറാകാത്തവരായിരുന്നു നായകന്മാരില്‍ ഏറിയ പങ്കും. ഇന്‍ഡസ്ട്രിയില്‍ വലിയ താരമൂല്യത്തോടെ നിലകൊള്ളുന്ന വേളയിലാണെങ്കില്‍ പ്രത്യേകിച്ചും.

ഇത്തരം അവസരങ്ങളില്‍ നായകന് പ്രതിനായകത്വം ഉണ്ടെങ്കില്‍ തന്നെ അതിനെ സാധൂകരിക്കത്തക്ക ഭൂതകാലം കൂടി പിന്‍പറ്റി നല്‍കാന്‍ തിരക്കഥാകാരന്മാര്‍ ശ്രദ്ധിച്ചിരുന്നു. ഏറെ ശ്രദ്ധേയമായ ഭദ്രന്റെ സ്ഫടികം എന്ന ചിത്രം നോക്കുക. അപഥസഞ്ചാരിയും താന്തോന്നിയും നിയമ, കുടുംബ, ആരാധനാലയ വ്യവസ്ഥകള്‍ക്ക് പുറംതിരിഞ്ഞു നില്‍ക്കുന്നയാളുമായ ആടുതോമ മലയാളിയുടെ എക്കാലത്തേയും ആരാധനയര്‍ഹിക്കുന്ന പാത്രസൃഷ്ടികളിലൊന്നാണ്. ആടുതോമ സമൂഹത്തിന്റെ നടപ്പുവ്യവസ്ഥയ്ക്ക് ചേരാത്തയാളാകുവാന്‍ കാരണമാകുന്നൊരു ഭൂതകാലം അയാളിലുണ്ട്. ഈ ഭൂതകാലത്തെ കൂടിയാണ് പ്രേക്ഷകര്‍ ആരാധിക്കുന്നതും സിനിമ സാധൂകരിക്കുന്നതും. പില്‍ക്കാലത്ത് ആടുതോമയെ പിന്‍പറ്റി ഒട്ടേറെ നായക സൃഷ്ടികള്‍ പിറവിയെടുക്കുകയുണ്ടായി. അവയിലെ നെഗറ്റീവ് ഷേഡുകള്‍ക്കെല്ലാം ഈ ഇരുണ്ട ഭൂതകാലത്തിന്റെ പിന്തുണ നല്‍കുവാന്‍ മറക്കുന്നില്ല. 

മുള്ളന്‍കൊല്ലി വേലായുധന്‍ (നരന്‍), ഗോപാലകൃഷ്ണപിള്ള (മാടമ്പി), സേതുമാധവന്‍ (ചെങ്കോല്‍), നവതീത് കൃഷ്ണന്‍ (രണ്ടാം ഭാവം), ശങ്കര്‍ദാസ് (അഴകിയ രാവണന്‍) തുടങ്ങിയ ശ്രദ്ധേയ കഥാപാത്രങ്ങളുടെയെല്ലാം ഭൂതകാലം അത്രകണ്ട് തരളസ്മൃതികളുടേതല്ല. ഭൂതകാലത്തെ/കുട്ടിക്കാലത്തെ തിക്താനുഭവങ്ങളും പ്രസന്നതയില്ലായ്മയുമാണ് യൗവനത്തിലെത്തുമ്പോള്‍ അവരെ വഴിപിഴച്ചു പോകുന്നവരും അടിതടക്കാരും നാട്യക്കാരും ഗൗരവക്കാരുമെല്ലാമാക്കി മാറ്റുന്നത്.

ഈ നായക കഥാപാത്രങ്ങളില്‍നിന്ന് തെല്ല് സഞ്ചരിച്ച് ജോജിയും കുറുപ്പും ഭീമനുമടങ്ങുന്ന കാലത്തിലേക്ക് എത്തുമ്പോള്‍ മേല്‍പ്പറഞ്ഞ ചിന്തയ്ക്കും ഉത്തമഗുണ ബിംബങ്ങള്‍ക്കും തെല്ല് അയവു കല്‍പ്പിച്ചാണ് നായകന്മാര്‍ വാര്‍ക്കപ്പെടുന്നത്. ഈ ഗണത്തിലെ പ്രതിനിധിയാണ് കുമ്പളങ്ങി നൈറ്റ്‌സിലെ നായകന്‍. സദാചാരവാദിയായ, വീട്ടില്‍ സര്‍വ്വാധികാരിയായ, പുരുഷമേധാവിത്വ സമൂഹത്തിന്റെ നേരടയാളമാണ് ഷമ്മി. സദാ അണിഞ്ഞൊരുങ്ങി നടക്കുന്ന, മാന്യമായി പെരുമാറുന്ന, സൗന്ദര്യം കാത്തു സൂക്ഷിക്കാന്‍ ശ്രദ്ധിക്കുന്ന 'കംപ്ലീറ്റ് മാന്‍' ആയിട്ടാണ് ഷമ്മി സ്വയംവിലയിരുത്തുന്നത്. എന്നാല്‍, അവസരം കിട്ടുമ്പോള്‍ മറ്റുള്ളവരുടെ സ്വകാര്യതയിലോക്ക് ഒളിഞ്ഞുനോക്കുന്ന, സ്ത്രീകള്‍ വീട്ടില്‍ പുരുഷന്റെ പിറകില്‍ ഒതുങ്ങി ജീവിക്കണമെന്നു ശഠിക്കുന്ന, വീട്ടിലെ സ്ത്രീകളോട് അപമര്യദയായി പെരുമാറുന്ന ഇടുങ്ങിയ ചിന്താഗതിക്കാരനാണ് ഷമ്മി. തന്റെ സൗന്ദര്യത്തിലും വസ്ത്രധാരണത്തിലും ബദ്ധശ്രദ്ധനായ ഷമ്മിയുടെ പുറംമോടികളാണ് താന്‍ സൂക്ഷിച്ചുപോരുന്ന സങ്കുചിത ചിന്താഗതികളില്‍നിന്ന് അയാള്‍ക്ക് രക്ഷയാകുന്നത്. ഇതോടെ മുഖ്യധാരയ്ക്ക് ചേരുന്നവനായി കണക്കാക്കപ്പെടുന്ന ഷമ്മിക്ക് കല്യാണവീട്ടിലാകട്ടെ, ബന്ധുവീട്ടിലാകട്ടെ, പൊതു ഇടങ്ങളിലാകട്ടെ മാന്യതയും സ്വീകാര്യതയും ലഭിക്കുന്നുണ്ട്.

സ്വവര്‍ഗപ്രണയിയായ പോലീസ് നായക കഥാപാത്രത്തെ റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പോലീസില്‍ കാണാം. ഇത് നിലനില്‍ക്കുന്ന പുരുഷ, നായക ബിംബങ്ങളുടെ പൊളിച്ചെഴുത്താകുന്നു. സിനിമാ വ്യവസായത്തില്‍ സൂപ്പര്‍താര പദവിയുള്ള നായകനാണ് ആകാരത്തിലും ഔദ്യോഗിക പദവിയിലും ബഹുമാനമര്‍ഹിക്കുന്ന പോലീസ് ഓഫീസറായ സ്വവര്‍ഗാനുരാഗിയായി മാറുന്നത്. സ്വവര്‍ഗാനുരാഗിയായ ആന്റണി മോസസ് കൃത്യനിര്‍വ്വഹണവുമായി അതിനെ ബന്ധിപ്പിക്കാന്‍ തയ്യാറല്ല. അയാള്‍ വിട്ടുവീഴ്ചകളില്ലാത്ത, മിടുക്കനായ പോലീസ് ഓഫീസറാണ്. പക്ഷേ, തന്റെയുള്ളിലെ മനുഷ്യന്റെ ശരികള്‍ക്കും അഭിലാഷത്തിനും തടയിടാനും തയ്യാറല്ല. പുറമേ സാധാരണനും ഉള്ളടരുകളില്‍ വിചിത്രവേഷധാരികളുമായ മനുഷ്യന്റെ പ്രതിനിധിയാകുന്നു ആന്റണി മോസസ്. സിനിമയ്‌ക്കൊടുവില്‍ അയാളുടെ ഉള്ളടരുകള്‍ അഴിഞ്ഞുവീഴുമ്പോള്‍ ഒരേസമയം നിസ്സഹായനും പ്രണയിയും സ്വാര്‍ഥനുമെല്ലാമായി മാറുകയാണയാള്‍.

രഞ്ജിത് ശങ്കറിന്റെ ഞാന്‍ മേരിക്കുട്ടി എന്നീ സിനിമകളിലെ നായകന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമാണ്‌. സ്ത്രീയായി ജീവിക്കാന്‍ താത്പര്യപ്പെടുന്നയാളാണ് മേരിക്കുട്ടി. ആ രീതിയില്‍ സമൂഹത്തില്‍ ഇടപെടുകയും തൊഴിലെടുത്ത് ജീവിക്കുകയും ചെയ്യുന്നു. അവിടെ വിലങ്ങുതടിയാകുന്നത് ഉത്തമപുരുഷ സങ്കല്‍പ്പങ്ങള്‍ പുലര്‍ത്തിപ്പോരുന്ന ആണ്‍സമൂഹത്തിന്റെ ഇടപെടലുകളാണ്. ലാല്‍ജോസ് സിനിമ ചാന്ത്‌പൊട്ടില്‍ സ്ത്രീയായി ജീവിക്കുന്നയാളല്ല നായകന്‍ രാധാകൃഷ്ണന്‍. അയാളില്‍ തുടര്‍ന്നുപോരുന്നത് കുട്ടിക്കാലം മുതല്‍ക്ക് താന്‍ പുലര്‍ത്തിപ്പോരുന്ന സ്‌ത്രൈണതയാണ്. ഈ കഥാപാത്രം പക്ഷേ സമൂഹത്തിനോട് എതിരിട്ട് തനിക്കിഷ്ടമുള്ള രീതിയില്‍ ജീവിക്കാനല്ല, സമൂഹത്തിന്റെ ആഗ്രഹാര്‍ഥം പുരുഷലക്ഷണങ്ങളിലേക്ക് പ്രവേശിക്കാനാണ് പരിശ്രമിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടും ഭരണകൂടങ്ങളുടെ ട്രാന്‍സ്‌ജെന്‍ഡര്‍ നയവും ഇത്രകണ്ട് പുരോഗതി പ്രാപിച്ചിട്ടില്ലാത്ത കാലത്താണ് ചാന്ത്‌പൊട്ട്‌ പുറത്തിറങ്ങുന്നത്. അതുതന്നെയാണ് രാധയില്‍നിന്ന് മേരിക്കുട്ടിയിലേക്കുള്ള ദൂരവും.

സമൂഹത്തിന്റെ നേര്‍നടപ്പിന് ചേരാതെ ഭോഗാസക്തനായി മദ്യത്തിലും സ്ത്രീയിലും വൈവിധ്യം തേടുന്നയാണ് ലീലയിലെ നായക കഥാപാത്രമായ കുട്ടിയച്ചന്‍. വിചിത്ര ചിന്താഗതിയുടെ സൂക്ഷിപ്പുകാരനുമാകുന്നു അയാള്‍. ആനക്കൊമ്പില്‍ നിര്‍ത്തി ഒരു സ്ത്രീയെ ഭോഗിക്കണമെന്ന കുറേക്കൂടി അസാധാരണ ചിന്തയാണ് കുട്ടിയപ്പനെ ഭരിക്കുന്നത്. 

ഐ.വി. ശശിയുടെ ഉയരങ്ങളില്‍, ജോഷിയുടെ കുട്ടേട്ടന്‍, അടൂരിന്റെ വിധേയന്‍, രഞ്ജിത്തിന്റെ പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, സമീര്‍ താഹിറിന്റെ ചാപ്പാ കുരിശ്, ആഷിഖ് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം, ജോയ് മാത്യുവിന്റെ അങ്കിള്‍ തുടങ്ങിയ സിനിമകളിലെ നായകന്മാര്‍ ഭീമനെയും കുട്ടിയച്ചനെയും പോലെ പല വിധേനയുള്ള സ്ത്രീചിന്തകളും താത്പര്യവും ഭോഗാസക്തിയും ചതിയും ശീലമാക്കിയവരാണ്. ഈ നായകന്മാരിലൊന്നും ഉത്തമപുരുഷ പരിഗണന കല്‍പ്പിച്ചുനല്‍കാന്‍ സ്രഷ്ടാക്കള്‍ മെനക്കെടുന്നില്ല. സ്വന്തം നേട്ടങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കുമായി പണവും സ്വാധീനവും ഉപയോഗപ്പെടുത്തുകയും വഞ്ചനയ്ക്കും കൊലയ്ക്കും മടിക്കാത്തവരുമാണ് ഉയരങ്ങളിലെ ജയരാജനും വിധേയനിലെ ഭാസ്‌കര പട്ടേലരും പാലേരിമാണിക്യത്തിലെ മുരിക്കിന്‍കുന്നത്ത് അഹമ്മദ് ഹാജിയും. ഈ കഥാപാത്രങ്ങള്‍ മലയാളത്തിലെ എണ്ണപ്പെട്ട നായകസൃഷ്ടികളായി നിലകൊള്ളുന്നത് ഇവരിലെ ക്രൗര്യഭാവങ്ങളുടെ മിഴിവു കൊണ്ടുതന്നെയാണ്. കുട്ടേട്ടനും അങ്കിളും ഇത്തരം ക്രൗര്യമുഖമില്ലാത്തവരും സൗമ്യരും രസികത്വമുള്ളവരുമാണ്. ഇവര്‍ക്ക് ഭീമനെപ്പോലെ നവ സ്ത്രീശരീരാന്വേഷണത്തിലാണ് വ്യഗ്രത. ചാപ്പാ കുരിശിലെയും 22 ഫീമെയില്‍ കോട്ടയത്തിലെയും നായകരാകട്ടെ സ്വന്തം താത്പര്യങ്ങളിലും നേട്ടങ്ങളിലും മാത്രം കണ്ണുവച്ച് പ്രണയിയെ നിഷ്‌കരുണം തള്ളിക്കളയുന്നവരാണ്. 

നിദ്ര, തനിയാവര്‍ത്തനം, പാദമുദ്ര, സൂര്യമാനസം, സല്ലാപം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ തുടങ്ങിയ സിനിമകളില്‍ നിസ്സഹായതയുടെ പ്രതിരൂപങ്ങളായിട്ടാണ് നായകന്മാരെ അവതരിപ്പിക്കുന്നത്. കുറവുകളും അപകര്‍ഷതകളുമാണ് ഇവര്‍ക്ക് സമൂഹം ചാര്‍ത്തിനല്‍കുന്നത്. ഇവരെ ഭരിച്ചുപോരുന്നതും ആത്യന്തികമായ വിധി നിര്‍ണയിക്കുന്നതും ഇതല്ലാതെ മറ്റൊന്നല്ല.

പരുഷഭാവമുള്ളവരും നിയമലംഘകരും സ്വയം വിധികര്‍ത്താക്കളുമായ നായകരുണ്ട്. സമൂഹത്തിന്റെ നല്ലനടപ്പിന് ഇടംതിരിഞ്ഞു നില്‍ക്കുന്ന പ്രവൃത്തികളാണ് ഇവര്‍ക്ക് നായകപരിവേഷം നല്‍കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ ഗണത്തില്‍ പെട്ടവരുടെ ക്ലാസിക്ക് പാത്രസൃഷ്ടിയായി കണക്കാക്കപ്പെടുന്നത് മംഗലശ്ശേരി നീലകണ്ഠനെയാണ്. 'എന്റെ ഭീഷണിയെന്നത് ചില ഊച്ചാളി രാഷ്ട്രീയക്കാര്‍ പറയുന്നതുപോലെ സ്ഥലം മാറ്റിക്കളയുമെന്നല്ല, കൊന്നുകളയും' എന്നു പോലീസുകാരനോടുള്ള നീലകണ്ഠന്റെ ഭീഷണി നിറഞ്ഞ താക്കീതില്‍ ഉള്ളടങ്ങിയിരിക്കുന്നു അയാളിലെ പരുഷപൗരുഷവും നിഷേധ സമീപനവും. നീലകണ്ഠന്റെ കൊള്ളരുതായ്മകളും താന്തോന്നിത്തരങ്ങളും മാതൃകയാക്കി നിരവധിയായ പ്രബല പാത്രസൃഷ്ടികളാണ് പിന്നീടുണ്ടായത്. 

രാക്ഷസരാജാവ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കസബ തുടങ്ങിയ സിനിമകളിലെ പോലീസ് കഥാപാത്രങ്ങള്‍ ഇതേപടി നിഷേധികളും കൈക്കൂലിക്കാരും മറ്റു പല താത്പര്യങ്ങളുടെയും ഉടമകളും സംരക്ഷകരുമാണ്. ഉത്തമപുരുഷന്മാരായി തങ്ങളെ അടയാളപ്പെടുത്തണമെന്ന നിഷ്‌കര്‍ഷ ഇവരാരും വച്ചുപുലര്‍ത്തുന്നില്ല. തങ്ങളുടെ ശരികള്‍ക്കു മീതെയാണ് ഇവരുടെയെല്ലാം അപഥസഞ്ചാരങ്ങള്‍.

Content Highlights: Malayalam heroes with negative shade, N.P. Muraleekrishnan Column Showreel