നാലു ദിവസം നീണ്ടു നിന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആറാമത് പ്ലീനം ചരിത്രപ്രധാനമായ പ്രമേയം പാസ്സാക്കിയാണ് നവംബര്‍ 11-ന് അവസാനിച്ചത്. 2021-ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നൂറു വര്‍ഷം തികയ്ക്കുകയാണ്. ഈ നൂറു വര്‍ഷത്തിനിടയില്‍ ഉണ്ടായ മൂന്ന് സുപ്രധാനമായ പ്രമേയങ്ങളിലൊന്നായാണ് ആറാമത് പ്രമേയത്തിന്റെ പ്ലീനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. 

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചൈനയിലെ നൂറു വര്‍ഷം ഔദ്യോഗികമായി നാലു ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. അതില്‍ ആദ്യത്തേത് 1921 മുതല്‍ ചൈനീസ് വിപ്ലവം നടക്കുന്ന 1949 വരെയുളളതാണ്. അതു കഴിഞ്ഞാല്‍ 49 മുതല്‍ മാവോയുടെ കാലം എന്നുവിളിക്കുന്ന കാലമാണ്. മാവോ 1976-ല്‍ മരിച്ചുവെങ്കിലും 1978 വരെ നീണ്ടു നിന്ന മാവോപക്ഷപാതികളുടെ കാലത്തെയാണ് രണ്ടാമത്തെ ഘട്ടം എന്നു വിളിക്കുന്നത്. 1978-ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വം ഡെങ് ഷിയോപിങ് ഏറ്റെടുത്തത് മുതല്‍ ഇന്നത്തെ ജനറല്‍ സെക്രട്ടറിയായ ഷി ജിന്‍പിങ് അധികാരത്തില്‍ വരുന്ന 2012 വരെയുളളതാണ് മൂന്നാമത്തെ ഘട്ടം. 2012 മുതല്‍ ഒരു പുതിയ ഘട്ടം ആരംഭിച്ചിരിക്കുന്നുവെന്നും മാവോയ്ക്കും ഡെങ് ഷിയോപിങ്ങിനും സമാനമായ തലത്തില്‍ മലനിരകളിലെ ഉയര്‍ന്നു നില്‍ക്കുന്ന കൊടുമുടി പോലെ ഷി പിങ് ഉയര്‍ന്നുനില്‍ക്കുകയാണെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി പറയുന്നു. മലനിരകള്‍ക്ക് ഹിമാലയത്തിന്റെ എവറസ്റ്റ് പോലെ ഒരു കൊടുമുടിയുണ്ടാകുന്നത് തികച്ചും സ്വാഭാവികമാണെന്ന യുക്തി കൂടി കമ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയില്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ ചൈനയിലെ നാലു ഘട്ടങ്ങള്‍ക്ക് പുറമേ ചൈനയില്‍ സംഭവിച്ച മൂന്ന് സുപ്രധാനമായ കാര്യങ്ങള്‍ കൂടി പരിശോധിക്കാവുന്നതാണ്. 

അതിലൊന്ന് 1949 വരെ നീണ്ടുനില്‍ക്കുന്ന ആദ്യഘട്ടത്തില്‍ 1945-ലെ മാവോ ചിന്തകളുടെ അവതരണമാണ്. അന്ന് സ്റ്റാലിന്റെ പ്രഭാവകാലമായിരുന്നുവെങ്കിലും സ്റ്റാലിന്റെയും യൂറോപ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും രീതിയല്ല ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേതെന്ന് വ്യക്തമാക്കിക്കൊണ്ട് ഏഷ്യയുടെ ലെനിനായി താന്‍ മാറിക്കഴിഞ്ഞിട്ടുണ്ട് എന്ന ധാരണയോടുകൂടി മാവോ, മാവോ ചിന്തകള്‍ എന്ന ആശയം മുന്നോട്ടുവെച്ചു. 1945-ലാണ് മാര്‍ക്‌സിസത്തിനും ലെനിനിസത്തിനും പുറമേ മാവോ ചിന്തകള്‍ കൂടി ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറയായി എടുക്കുന്നു എന്ന പ്രമേയം അംഗീകരിച്ചത്. 78-ല്‍ ആരംഭിച്ച ഡെങ്ങിന്റെ കാലത്ത് 1981-ലും ഇത്തരത്തിലുളള ഒരു പ്രമേയമുണ്ടായി. ആ പ്രമേയം കൃത്യമായി മാവോയില്‍നിന്ന് മാറി നടക്കലായിരുന്നു. 

സാംസ്‌കാരിക വിപ്ലവം എന്ന പേരില്‍ ചൈനയില്‍ നടന്ന രാഷ്ട്രീയ വൈകൃതത്തെ ഡെങ് ഷിയോപിങ് തളളിക്കളഞ്ഞു. ഏറ്റവും വികൃതമായ സ്റ്റാലിനിസമായിരുന്നു, അല്ലെങ്കില്‍ ഏഷ്യന്‍ സ്റ്റാലിനിസമായിരുന്നു മാവോയുടെ അവസാനകാലത്ത് സംഭവിച്ചത് എന്ന് ഡെങ് ചൈനയോടുപറഞ്ഞു. എന്നു മാത്രമല്ല, ചൈനയുടെ വികസനത്തിന് വേണ്ടി അദ്ദേഹം പുതിയ ഒരു പാന്ഥാവ് വെട്ടിത്തുറന്നു. അതിനെയാണ് ഏറ്റവും സാധാരണക്കാരനായ കര്‍ഷകന് മനസ്സിലാകുന്ന ഭാഷയില്‍ പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല എലിയെ പിടിക്കുകയാണ് വേണ്ടത് എന്ന ഒരു ഉദാഹരണം മുന്നോട്ടുവെച്ചത്.

അമേരിക്കന്‍ മൂലധനവുമായും ചൈനയില്‍നിന്ന് മുന്‍കാലങ്ങളില്‍ മറ്റു രാഷ്ട്രങ്ങളിലേക്ക്  ചെന്ന് പണം സമ്പാദിച്ച ചൈനക്കാരുമായും കൈകോര്‍ത്തുകൊണ്ട് ഒറ്റവാക്കില്‍ പറഞ്ഞാല്‍ വിദേശ ചൈനക്കാരുടെയും വിദേശരാജ്യങ്ങളുടെയും മൂലധനം ഉപയോഗിച്ചുകൊണ്ട് ചൈനയില്‍ ഒരു പുതിയ വികസന വിപ്ലവം സൃഷ്ടിക്കാനുളള, ചൈനീസ് മാതൃകയിലുളള സോഷ്യലിസം എന്ന മുദ്രാവാക്യം വെച്ച് ചൈന അതിവേഗം കുതിച്ചുയര്‍ന്നു. 78-ല്‍ ചൈനയും ഇന്ത്യയും ജി.ഡി.പിയുടെ കാര്യത്തില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് ഇന്ത്യയുടെ ജി.ഡി.പിയുടെ നാലിരട്ടിയാണ് ചൈനീസ് ജി.ഡി.പി. ഇന്ന് അമേരിക്കയെത്തന്നെ വെല്ലുവിളിക്കത്തക്ക സ്ഥിതിയിലുളള സാമ്പത്തിക-സൈനിക ശക്തിയായി ചൈന മാറിയതും ഈ ഘട്ടത്തിലാണ് എന്ന് കാണാന്‍ കഴിയും. 

ഇതാ മൂന്നാമത്തെ പ്രമേയം വന്നുകഴിഞ്ഞു. അത് 2021-ല്‍ നേരത്തേ സൂചിപ്പിച്ച പ്രമേയം തന്നെയാണ്. അതില്‍ കൃത്യമായി പറയുന്നുണ്ട് ഷിയുടെ 'കോര്‍ പൊസിഷ'നെ കുറിച്ച്. അതായത് കാതലായ നില അല്ലെങ്കില്‍ കാതലിന്റെ സ്ഥാനത്ത് നില്‍ക്കുന്ന നിലയാണ് ഷിക്കുളളത് എന്നും ഈ കാലഘട്ടത്തില്‍ ചൈനയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ആഗ്രഹിക്കുന്ന വിധത്തില്‍ മുന്നോട്ടുപോകണമെങ്കില്‍ ഷിയുടെ ഇത്തരത്തിലുളള കൊടുമുടി സമാനമായ ഒരു നേതൃപാടവം അനിവാര്യമാണെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി വ്യക്തമാക്കുകയാണ്. ആറാമത് പ്ലീനത്തിന്റെ പ്രമേയത്തില്‍ ഒരുപാട് പ്രത്യേകതകള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അവിടെ മാവോയുടെ കാലത്തെ സാംസ്‌കാരിക വിപ്ലവത്തെ ഉയര്‍ത്തിക്കാണിക്കുന്നില്ല. എന്നാല്‍ ഡെങ് ഷിയോപിങ്ങിന് അര്‍ഹമായ പ്രധാന്യം നല്‍കുന്നുമുണ്ട്. പക്ഷേ, മാവോയെ തളളിക്കളയുന്നുമില്ല. മാവോയ്ക്കും ഡെങ് ഷിയോപിങ്ങിനും ശേഷമുളള 'ഷി യുഗം' ചൈനയില്‍ ആരംഭിച്ചിരിക്കുന്നു. അതിന്റെ സവിശേഷതകള്‍ എന്താണെന്ന് കാണാനിരിക്കുന്നതേയുളളൂ എങ്കിലും രാഷ്ട്രീയ നിരീക്ഷകര്‍ക്ക് അത് ഊഹിക്കാവുന്നതാണ്. 

എന്തുകൊണ്ടായിരിക്കാം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സര്‍വാധിപത്യപരമായ ജീവിതക്രമത്തില്‍നിന്ന്, സാമൂഹികാവസ്ഥയില്‍ നിന്ന് പടിപടിയായി ജനാധിപത്യത്തിന്റെ ശുദ്ധവായുവുളള ക്രമത്തിലേക്ക് പോകുന്നതിന് പകരം വീണ്ടും ആജീവനാന്ത നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കണം എന്ന ഒരു തീരുമാനം എടുത്തത്? പൗരോഹിത്യ നേതാക്കന്മാരെ അല്ലെങ്കില്‍ മഹാപുരോഹിതന്മാരെ ആജീവനാന്തകാലം വാഴിക്കുന്നതുപോലെ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ മരണം വരെ ജനറല്‍ സെക്രട്ടറിയായി തുടരാന്‍ അനുവദിക്കുക വഴി ഒരുതരം മതാധിഷ്ഠിത രീതിയിലേക്കുളള രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയല്ലേ കമ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത് എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ സാധ്യമല്ല. എന്തായാലും ചൈനയ്ക്ക് അതിനപ്പുറത്തും ഒരുപാട് പ്രശ്‌നങ്ങളുണ്ട്. 

ചൈന ആവശ്യത്തിലധികം എന്നുപറയാവുന്ന തരത്തില്‍ വലുതായിരിക്കുന്നു. ചൈനയുടെ വിജയം തന്നെ ചൈനയെ തുറിച്ചുനോക്കുകയാണ്. Victim of the success, വിജയത്തിന്റെ ഇരയായി ചൈന മാറുമോ എന്ന് പലരും സംശയിക്കുന്നു. വന്‍തോതില്‍ സാമ്പത്തിക വികസനം ഉണ്ടായി. ചൈനയിലെ കുടുംബജീവിതം തന്നെ മാറി, ഒരു കുട്ടിയിലേക്കെത്തി. ഇതിന്റെ ഭാഗമായി വൃദ്ധജനസംഖ്യയുടെ ശതമാനം വളരെകൂടി, ചെറുപ്പക്കാരുടെ ജനസംഖ്യ വളരെ കുറഞ്ഞു. അതുകൊണ്ട് വീണ്ടും കുട്ടികളാകാം എന്ന തീരുമാനവും ഈ പ്ലീനത്തിന് മുമ്പ് ചൈന കൈക്കൊളളുകയുണ്ടായി. ഇതുവരെ ചൈനയുടെ പ്രമേയങ്ങളില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണെങ്കിലും ചൈനയില്‍നിന്നാണ് കോവിഡ് ഉത്ഭവിച്ചത് എന്ന കാര്യം  മറന്നുപോകരുത്.

അനിയന്ത്രിതമായ വികസനവും അനിയന്ത്രിതമായ ജീവിതക്രമങ്ങളും അതിനു തടസ്സമില്ലാതെ പോകാന്‍ കഴിയുമെന്ന ചിന്തയ്ക്കാണ് ഇവിടെ വിഘ്‌നം സംഭവിച്ചിരിക്കുന്നത്. കോവിഡ് ഉയര്‍ത്തിയ വെല്ലുവിളി ചൈന നിയന്ത്രിച്ചും മറച്ചുപിടിച്ചും ഒരുവിധം മുന്നോട്ടുപോകുന്നുണ്ടെങ്കില്‍പോലും അനസ്യൂതം മുന്നോട്ടു പോയ്‌ക്കൊണ്ടിരുന്ന ചൈനയുടെ വികസന സൂചിക പുറകോട്ട് പോയി എന്നത് യാഥാര്‍ഥ്യമാണ്. 

ചൈനീസ് സ്റ്റാറ്റിസ്റ്റിക്‌സ് പലപ്പോഴും ഒരു തമാശക്കഥയാണ്.  അല്ലെങ്കില്‍ ചൈനീസ് സ്റ്റാറ്റിസ്റ്റിക്‌സു പോലെ എന്നതു പറയുന്നതുതന്നെ തെറ്റായ സ്റ്റാറ്റിസ്റ്റിക്‌സ് എന്നതിന്റെ പര്യായമാണ്. എന്നു പറഞ്ഞാല്‍ ചൈനീസ് സ്ഥിതിവിവര കണക്കുകളെ വിശ്വസിക്കാനാവില്ല എന്നര്‍ഥം. എപ്പോഴും ചൈനയ്ക്ക് അനുകൂലമായി മുന്നോട്ടുവെയ്ക്കുന്ന അത്തരം സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ പോലും ചൈന പുറകോട്ട് പോയി എന്നുപറഞ്ഞാല്‍ ഒരു വന്‍നേതാവിന്റെ നേതൃത്വത്തില്‍ മാവോയുടെയും ഡെങ്ങിന്റെയും നേതൃത്വത്തില്‍ പോയതുപോലെയല്ലാതെ ഒരു കൊടുമുടിയുടെ സാന്നിധ്യത്തിലല്ലാതെ ചൈനയ്ക്ക് പിടിച്ചുനില്‍ക്കാന്‍ ആവില്ല എന്ന യാഥാര്‍ഥ്യവും ഈ പ്രമേയത്തിന് അകത്തുണ്ട്.

മാത്രമല്ല, ചൈനയുടെ 78 മുതലുളള കാലഘട്ടത്തില്‍ അമേരിക്കയുമായുളള സൗഹൃദം വലിയ ഘടകമായിരുന്നു. അതിന് ഇടനില നിന്നത് ഇസ്രയേലാണെന്ന് മിക്കവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്തായാലും ശരി ചൈനയും അമേരിക്കയും തമ്മിലുളള, പ്രത്യേകിച്ച് സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷമുളള ഒരുകാലം ചൈനയുടെ വികസനത്തിന് ഒരുപാട് സൗകര്യങ്ങളുണ്ടാക്കി കൊടുത്തുവെങ്കിലും ഇന്ന് ചൈനയും അമേരിക്കയും പതുക്കെ പതുക്കെ ഇടയാന്‍ തുടങ്ങിയിരിക്കുന്നു. രണ്ടുപേരും വന്‍ശക്തികളാണ്, രണ്ടുപേരുടെ കൈയിലും മിസൈലുകളും ആറ്റംബോംബുകളുമുണ്ട്, ലക്ഷക്കണക്കിന് സൈനികരുമുണ്ട്. അതുകൊണ്ട് ഈ സൈനിക ശക്തികള്‍ നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍  ഒരു രണ്ടാം ശീതസമരകാലം ആരംഭിക്കുകയാണോ എന്നും സംശയിക്കാവുന്നതാണ്.

അതുകൊണ്ട് ഒരു രണ്ടാം ശീതയുദ്ധം ആരംഭിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ചൈനയ്ക്ക് ഇത്തരം കൊടുമുടി നേതാക്കന്മാരെ മാറ്റിവെയ്ക്കാന്‍ സാധ്യമല്ല എന്നും ചിലര്‍ വാദിക്കുന്നുണ്ട്. പക്ഷേ, ഇത്തരം കൊടുമുടി നേതാക്കള്‍ക്ക് ലോകത്തെ വന്‍രാജ്യങ്ങളെ എല്ലാകാലത്തേക്കും നിയന്ത്രിച്ച് നിര്‍ത്താം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. 

ചൈനയില്‍ പലരും അപ്രത്യക്ഷരാകുന്നു. അടുത്ത കാലത്താണ്  മുന്‍ ഉപപ്രധാനമന്ത്രി ഷങ് ഗൗലിക്കെതിരായി ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ  ടെന്നീസ് താരം പെങ് ഷുവായിയെ കാണാതായത്. പിന്നീട് അവർ തിരിച്ചെത്തുകയും ചെയ്തു. അത് ഒരു സംഭവം മാത്രമാണ് അങ്ങനെ എത്രയോ പേര്‍.  പക്ഷേ, അവര്‍ ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നു. തികച്ചും സുതാര്യമല്ലാത്ത രീതിയിലാണ് ചൈന മുന്നോട്ടുപോകുന്നത്. ചൈനയുടെ നിര്‍ബന്ധങ്ങള്‍ എന്താണ് എന്ന് നമുക്കറിഞ്ഞുകൂട. പക്ഷേ, ആ നിര്‍ബന്ധങ്ങള്‍ക്കുമിടയില്‍ ചൈന കാണാതെ പോകുന്ന ഒരുപാട് യാഥാര്‍ഥ്യങ്ങളുണ്ട്. 

എന്തെങ്കിലും എതിര്‍ശബ്ദം പുറപ്പെടുവിക്കുന്നവര്‍ കാണാതാകുന്നു അവര്‍ എവിടെയാണ് എന്ന് ആര്‍ക്കുമറിയില്ല. ഇത് ഇരുമ്പുമറയാണെങ്കിലും മുളമറയാണെങ്കിലും ആധുനിക ജീവിതക്രമത്തിന് യോജിച്ചതല്ല എന്ന കാര്യം വ്യക്തമാണ്. ചൈനയില്‍ വികസനത്തിന്റെ ആധിക്യമുണ്ടെങ്കില്‍ പോലും ഒരു ജനാധിപത്യ കമ്മിയുണ്ട്. ഈ ജനാധിപത്യ കമ്മിയുമായി ചൈനയ്ക്ക് ദീര്‍ഘകാലം നിലനില്‍ക്കാന്‍ സാധ്യമല്ല. ഇന്നല്ലെങ്കില്‍ നാളെ ചൈനയില്‍ ആധുനിക ജീവിതരീതികളോട് ഇണങ്ങുന്ന തരത്തില്‍ മനുഷ്യര്‍ക്ക് സ്വതന്ത്രമായി സംസാരിക്കുവാനും യാത്ര ചെയ്യുവാനും വര്‍ത്തമാനം പറയാനും കഴിയുന്ന ആധുനിക ജീവിതരീതിയിലേക്ക് കടന്നുവരാന്‍ ചൈന നിര്‍ബന്ധിതയാകും. ഇവിടെ ഒരു കൊടുമുടി നേതൃത്വത്തിനും ഇടെപെടാന്‍ സാധിക്കില്ല. എന്തായാലും ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ കൊടുമുടി നേതൃത്വം ചൈനയെ തത്ക്കാലം രക്ഷപ്പെടുത്തും എന്നുകരുതാം. പക്ഷേ, എന്തെല്ലാമാണ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുക എന്നത് നമുക്ക് കാത്തിരുന്ന് കാണാനേ സാധിക്കൂ 

Content Highlights: Will China be the victim of its own victory| C.P.John's Column Pratibhashanam