പെട്രോളിയം ഇന്ധനങ്ങളുടെ വിലയും നികുതിയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സുപ്രധാനമായ ചര്‍ച്ചാവിഷയമായി തീര്‍ന്നിരിക്കുകയാണ്. എണ്ണവിലയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ വാങ്ങിയ വിലയും വിറ്റ വിലയും കേന്ദ്ര നികുതിയും സംസ്ഥാന നികുതിയും മാത്രമാണ് പലപ്പോഴും ചര്‍ച്ചകളുടെ ഭാഗമായി മാറാറുളളത്. ഈ വില നിശ്ചയിക്കേണ്ടതിന്റെ മാനദണ്ഡം എന്താണ് എന്നതിനെ സംബന്ധിച്ച് ഒരു ചര്‍ച്ച ഇനിയും ഉരുത്തിരിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. 

സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയാണോ ഇന്ധനത്തിന് സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത് എന്നതാണ് ഏറ്റവും മുഖ്യമായ വിഷയം ആകേണ്ടതെന്ന് ഞാന്‍ കരുതുന്നു. ആ അര്‍ഥത്തില്‍ ഇതരരാജ്യങ്ങളുടെ ഇന്ധനവിലയിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം. യു.എസില്‍ 58 ഡോളറാണ് ഒരു ദിവസത്തെ മിനിമം വേതനം. അവിടെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 1.97 അല്ലെങ്കില്‍ രണ്ടു ഡോളറിന്റെ തൊട്ടുതാഴെയാണ്. ഏതാണ്ട് 3.4%. യു.കെയിലും സമാനമാണ് സാഹചര്യം. യു.കെയില്‍ 90.96 ഡോളറാണ് ഒരു ദിവസത്തെ മിനിമം വേതനം. ഒരു ലിറ്റര്‍ പെട്രോളിന്റെ വില രണ്ടു ഡോളര്‍, അവിടെ വില 2.2% മാത്രം.

ഓസ്‌ട്രേലിയയില്‍ ആണ് ഏറ്റവും കൂടുതല്‍ മിനിമം വേതനം, 116 ഡോളര്‍ ഒരു ദിവസം. അവിടെ ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയാകട്ടെ 1.26 ഡോളര്‍ മാത്രം. അതായത് 1.08%. ബ്രസീലില്‍ നമ്മുടേത് പോലൊരു സമ്പദ്‌വ്യവസ്ഥയാണ് എന്ന് കരുതാം. ഒരു ബ്രിക് രാജ്യം കൂടിയാണല്ലോ ബ്രസീല്‍. അവിടെ 12 ഡോളറാണ് മിനിമം വേതനം. പെട്രോളിന്റെ വില 1.15 ഡോളറാണ്. 9.1% അവിടത്തെ നിരക്ക്. ദക്ഷിണാഫ്രിക്കയില്‍ കൂലി കുറവാണ്, 6.7 ഡോളറാണ് ഒരു ദിവസത്തെ മിനിമം വേതനം. അവിടെ പെട്രോള്‍ വില 1.22 ഡോളര്‍. താരതമ്യേന ഉയര്‍ന്ന നിരക്കാണ്. 18.2%. 

നമുക്കിനി ഇന്ത്യയിലേക്ക് വരാം. ഇന്ത്യയിലെ മിനിമം വേതനം 190 രൂപ ആയാണ്‌ കണക്കാക്കപ്പെടുന്നത്. പെട്രോളിന്റെ വിലയാകട്ടെ 104 രൂപ. അതായത് ഒരു തൊഴിലാളിക്ക് മിനിമം വേതനം 190 രൂപ കിട്ടുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കാന്‍ 104 രൂപ ചെലവ് വരുന്നു. ഒരു ദിവസത്തെ കൂലിയുടെ 54.73% അല്ലെങ്കില്‍ 55%. ഇന്ത്യയില്‍ പല തരം കൂലിയുണ്ടല്ലോ. കേരളത്തിലെ എം.ജി.എന്‍.ആര്‍.ഇ.എസ്. തൊഴിലുറപ്പുപദ്ധതി കൂലി ഇന്ന് 292 രൂപയാണ്. ആ നിലയില്‍ കണക്കാക്കുമ്പോഴും ഇന്നത്തെ പെട്രോള്‍ വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ അത് 35.61 ശതമാനമാണ്.

കുറേക്കൂടി മെച്ചപ്പെട്ട 400 രൂപ കൂലിയിലേക്ക് പോകുമ്പോള്‍ പോലും കൂലിയുടെ 26 ശതമാനമാണ് പെട്രോളിന്റെ വില എന്ന് കാണാനാകും. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ദിവസം ആയിരം രൂപ കൂലിയുളള ഒരാള്‍ക്കു മാത്രമേ കൂലിയുടെ പത്തു ശതമാനം കൊണ്ട് ഇന്ത്യയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കാന്‍ സാധിക്കൂ. വികസിത രാജ്യങ്ങളില്‍ അവരുടെ തൊഴിലാളികളുടെ കൂലിയുടെ മൂന്നും മൂന്നരയും ശതമാനത്തില്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വില നിര്‍ത്തിയിരിക്കുകയാണ്. പക്ഷേ നമ്മുടെ രാജ്യത്തിന് എന്തുകൊണ്ട് ഇത്തരം ഒരു നയമില്ല  എന്ന് ചിന്തിക്കാവുന്നതാണ്. 

നാം സര്‍ക്കാരിന്റെ വരുമാനത്തിന് വേണ്ടി വന്‍തോതില്‍ പരോക്ഷ നികുതിയെ ആശ്രയിക്കുന്നു എന്നത് തന്നെയാണ് നമ്മുടെ നികുതിനയത്തിന്റെ ഏറ്റവും തെറ്റായ ഭാഗം. മറ്റു രാജ്യങ്ങള്‍ നേരിട്ടുളള നികുതിയെ ആശ്രയിക്കുന്നിടത്ത് നമ്മുടെ രാജ്യം പരോക്ഷ നികുതിയെ ആശ്രയിക്കുന്നു. നമുക്ക് വരുമാന നികുതി കുറയ്ക്കണം ഇപ്പോള്‍ കോര്‍പറേറ്റ് നികുതിയും കുറയ്ക്കണം. കോര്‍പറേറ്റ് നികുതി ലോകത്തെ ഏതാണ്ട് 130 രാജ്യങ്ങള്‍ ചേര്‍ന്നുകൊണ്ട് 15 ശതമാനമാക്കണം എന്നുപറയുമ്പോള്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് അതില്‍ സന്തോഷം മാത്രമാണ് ഉളളത്.

പക്ഷേ, കൂടുതൽ മെച്ചപ്പെട്ട റാങ്ക് ലഭിക്കാനായി കോര്‍പറേറ്റ് നികുതികുറയ്ക്കണം എന്നുപറയുമ്പോള്‍ പരോക്ഷനികുതി മിനിമം വേതനത്തിന്റെ എത്ര ശതമാനമാകാം എന്നതിനെ സംബന്ധിച്ച ഒരു ചര്‍ച്ചയും നടക്കുന്നില്ല. മെച്ചപ്പെട്ട ജീവിതസാഹചര്യം  നമ്മുടെ നികുതിനയത്തിന്റെ ഭാഗമാകുന്നില്ല എന്നര്‍ഥം. അതുകൊണ്ടുതന്നെ പരോക്ഷ നികുതി ഭരണരൂപത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില തൊഴിലാളിയുടെ കൂലിയുമായി- മിനിമം വേതനവുമായി തട്ടിച്ചുനോക്കുമ്പോള്‍ 20 ശതമാനത്തില്‍ താഴെ പോകണം എന്ന ആവശ്യം ഏറെ പ്രസക്തമാണ്. പെട്രോളിയം ഉല്പന്നങ്ങളുടെ വില കൂടുമ്പോള്‍ മിനിമം കൂലിയും കൂടണം എന്നു സാരം. 

ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളും ഈ കാര്യത്തില്‍ കൂടുതൽ ഗൗരവത്തോടെ മുദ്രാവാക്യം ഉയര്‍ത്തേണ്ടതുണ്ട് എന്നതാണ് എന്റെ അഭിപ്രായം. കേവലമായ പെട്രോളിന്റെ വിലയല്ല. മറിച്ച് ഒരു സാധാരണ തൊഴിലാളിയുടെ കൂലിയുടെ എത്ര ശതമാനമാണ് പെട്രോളിന് കൊടുക്കേണ്ടി വരുന്നത് എന്ന താരതമ്യമായിരിക്കും കൂടുതല്‍ യുക്തിസഹമായി തീരുന്നത്. ആ അര്‍ഥത്തില്‍ ഭരണാധികാരികള്‍ പരോക്ഷ നികുതി, അതായത് എക്‌സൈസ് നികുതി പോലുളള കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ വ്യക്തമായും തൊഴിലാളിയുടെ കീശയിലേക്ക് നോക്കേണ്ടതുണ്ട്. കേന്ദ്രവും സംസ്ഥാനവും പെട്രോളിയം ഉല്പന്നങ്ങളുടെ പേരില്‍ ഭീമമായ നികുതി അടിച്ചേല്‍പ്പിച്ചതു കൊണ്ടുമാത്രമാണ് ഇന്ന് ഡീസലിനും പെട്രോളിനും ഇത്രയും വില ഉയര്‍ന്നുനില്‍ക്കുന്നത് എന്നകാര്യം നമുക്കെല്ലാവര്‍ക്കും അറിവുളളതാണ്.  

നമുക്കറിയാം 2014 മെയ് മാസത്തില്‍ കേന്ദ്ര എക്‌സൈസ് തീരുവ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും ആയിരുന്ന സ്ഥാനത്ത് 2021 നവംബര്‍ മാസത്തില്‍ അത് പെട്രോളിന്  27.9 രൂപയും ഡീസലിന് 21.8 രൂപയുമായി ഉയര്‍ന്നു എന്നത്. 2020 മെയില്‍ ഇത് യഥാക്രമം 32.98 രൂപയും 31.83 രൂപയുമായി ഉയര്‍ന്നിരുന്നു എന്നുമോര്‍ക്കണം. സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം. കേന്ദ്രമാണ് ഉത്തരവാദി എന്നുപറഞ്ഞ് കൈ കഴുകലല്ല സംസ്ഥാന സര്‍ക്കാരിന്റെ ജോലി. മറിച്ച് തങ്ങളുടെ നാട്ടിലെ തൊഴിലാളികളുടെ മിനിമം വേതനവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒരു തൊഴിലാളിക്ക്‌ താങ്ങാന്‍ കഴിയുന്നതല്ല പെട്രോള്‍-സീഡല്‍ വില എന്ന് ഇടതുപക്ഷ സര്‍ക്കാരുകള്‍ നിവര്‍ന്നു നിന്ന് പറയേണ്ടതായിട്ടുണ്ട്. 

ഡീസല്‍ ചാര്‍ജ് ഉയരുകയാണെങ്കില്‍ ഒരു തൊഴിലാളിയെ സംബന്ധിച്ചിടത്തോളം ചരക്കുവില കയറുമെന്നതിനേക്കാൾ ഉപരി ബസ് ചാർജ് വര്‍ധിക്കുന്നു. പെട്രോള്‍ വില ഉയരുന്നതോടെ ഓട്ടോറിക്ഷയുടെയും ടൂ വീലറിന്റെയും യാത്ര ദുഷ്‌ക്കരമായി തീരുന്നു. അതുകൊണ്ടാണ് നികുതി സര്‍ക്കാരിന് ആവശ്യമുണ്ടെങ്കിലും സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഓട്ടോറിക്ഷയ്ക്കും യാത്രാ ബസുകള്‍ക്കും മത്സ്യബന്ധന ബോട്ടുകള്‍ക്കും സബ്‌സിഡി നല്‍കിയിട്ടെങ്കിലും സാധാരണക്കാരന്റെ ജീവിതം ഈ ഉയര്‍ന്ന ഇന്ധന വില കാലത്ത് കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയില്‍ കൃത്യമായി പറഞ്ഞത്. ഈ ഘട്ടത്തില്‍ ഇത്തരത്തിലുളള ചര്‍ച്ചകള്‍ കൂടുതല്‍ നടക്കേണ്ടതുണ്ട്. രാഷ്ട്രീയ കക്ഷികളും ട്രേഡ് യൂണിയനുകളും ഈ അര്‍ഥത്തില്‍ ഈ വിഷയം കൂടുതല്‍ പഠിക്കുകയും ജനകീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നു. 

Content Highlights: Fuel Price hike in India; C P John writes