ന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരും തമ്മിലുളള ഐക്യത്തെ കുറിച്ചുളള ചര്‍ച്ചയ്ക്ക് ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം കത്തിക്കയറിക്കൊണ്ടിരുന്ന കാലത്താണ് റഷ്യയില്‍ ലെനിന്റെ നേതൃത്വത്തിലുളള വിപ്ലവവും നടന്നത്. അതിനു ശേഷം രണ്ടാം ഇന്റര്‍നാഷണലില്‍ ലെനിന്‍ അവതരിപ്പിച്ച തീസിസ് കൊളോണിയല്‍ രാജ്യങ്ങളുടെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അതത് രാജ്യങ്ങളിലുളള സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്ന ജനകീയ പ്രസ്ഥാനങ്ങളുമായി കണ്ണിചേരണമെന്ന നിര്‍ദേശം മുന്നോട്ട് വെക്കുകയുണ്ടായി. ഈ പ്രമേയത്തെയാണ്‌ കൊളോണിയല്‍ തീസിസ് എന്ന് വിളിക്കുന്നത്. 

പക്ഷേ, അന്നുതന്നെ ലെനിനോടൊപ്പം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലില്‍ ഉണ്ടായിരുന്ന ഏക ഇന്ത്യക്കാരന്‍ എം.എന്‍. റോയ് തീസിസിനെ എതിര്‍ത്തു. മെക്‌സിക്കോയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധി ആയിട്ടായിരുന്നു എം.എന്‍. റോയ് ഇന്റര്‍നാഷണലില്‍ എത്തിയതെങ്കിലും ലോകത്തെമ്പാടുമുളള കോളനി രാജ്യങ്ങളിലെ രാഷ്ട്രീയത്തെ കുറിച്ച് മറ്റാരേക്കാളും അറിയുന്ന വ്യക്തി എന്ന നിലയില്‍ എം.എന്‍. റോയിയുടെ എതിര്‍പ്പ് ഒരു ബദല്‍രേഖയായി കൊളോണിയല്‍ തീസിസിനോടൊപ്പം അവതരിപ്പിക്കുവാന്‍ ലെനിന്‍ അനുവാദവും നല്‍കി. 

ഏതാണ്ട് ഇതേക്കാലത്ത് തന്നെ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് നല്ലത് എന്ന നിര്‍ദേശവും ലെനിന്‍ നല്‍കുകയുണ്ടായത്രേ. ഇതു രണ്ടും സംഭവിച്ചില്ല. പക്ഷേ, ദക്ഷിണാഫ്രിക്കയില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ സൗത്ത് ആഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരംഗമായി ചേര്‍ന്നു. കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലമായി സൗത്താഫ്രിക്കന്‍ ഭരണത്തിലെ ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ സൗത്താഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗങ്ങളുമുണ്ട് എന്ന കാര്യം രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് അറിയാം. 

ഇന്നത്തെ പ്രസക്തമായ പ്രശ്‌നം അതല്ല. സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും തമ്മില്‍ എങ്ങനെ ബന്ധപ്പെടണം എന്നതാണ് ചര്‍ച്ച. നമുക്കറിയാം, ഇന്ന് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അതീവ ദുര്‍ബലരാണ്. സി.പി.എമ്മിനും സി.പി.ഐക്കും കൂടി ലോക്‌സഭയിലുളളത് അഞ്ചു സീറ്റുകള്‍ മാത്രമാണ്. ആർ.എസ്.പിക്ക്‌ ഒരു സീറ്റും. ഈ ആറു സീറ്റുകളില്‍ ആലപ്പുഴയില്‍നിന്ന് വിജയിച്ച ആരിഫ് മാത്രമാണ് കോണ്‍ഗ്രസ് സഹായമില്ലാതെ ജയിച്ച ഏക കമ്യൂണിസ്റ്റ് എം.പി. എന്നും ഓര്‍ക്കാവുന്നതാണ്. ഈ സാഹചര്യത്തിലാണ് പി.ടി. തോമസ് അനുസ്മരണവേദിയില്‍ ബിനോയ് വിശ്വം കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് ഐക്യം വേണം എന്ന മുദ്രാവാക്യം എന്തോ ഒരു പുതിയ കാര്യം പോലെ അവതരിപ്പിച്ചിരിക്കുന്നത്. 

ഈ അടുത്തകാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മില്‍ ഉണ്ടാക്കിയ ബംഗാളിലെ ഐക്യം ഫലത്തില്‍ ഒരു പരാജയമായിരുന്നു. 2016-ല്‍ കോണ്‍ഗ്രസ് സി.പി.എമ്മിനേക്കാള്‍ കൂടുതല്‍ സീറ്റ് വാങ്ങിയെങ്കില്‍ 2021-ല്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും മറ്റ് ഇടത് കക്ഷികള്‍ക്കും കിട്ടിയത് പൂജ്യം സീറ്റുകള്‍ മാത്രമാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടികളും വളര്‍ത്തിക്കൊണ്ടു വരേണ്ട ക്രിയാത്മകമായ രാഷ്ട്രീയ ഐക്യത്തിന് തിരഞ്ഞെടുപ്പ് വേദികള്‍ക്ക് അപ്പുറത്തും പ്രസക്തിയുണ്ടെന്ന് തോന്നുകയാണ്. 

ഇന്ത്യയിലെ വലതുപക്ഷം ആരെതിര്‍ത്താലും ഇല്ലെങ്കിലും അതിശക്തമായി തന്നെ നിലകൊളളുകയാണ്. അതിന്റെ രാഷ്ട്രീയ രൂപം മാത്രമാണ് ബി.ജെ.പി. ബി.ജെ.പിക്ക് പുറത്തും വലതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പാര്‍ട്ടികളും പാര്‍ട്ടികള്‍ക്കുപുറത്ത് സാമൂഹിക സംഘടനകളും ഉണ്ട്. ഈ അടുത്തകാലത്ത് ഹരിദ്വാറില്‍നിന്ന് കേട്ട വംശഹത്യ ആക്രോശങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടിയുടേതായിരുന്നില്ല മറിച്ച് ബി.ജെ.പിക്ക് വെളളവും വളവും നല്‍കുന്ന വലതുപക്ഷ സാമൂഹ്യ സംഘടനകളുടേതായിരുന്നു. അതുകൊണ്ട് ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയെ കൂടുതല്‍ വിശാലമായ കാന്‍വാസില്‍ കാണണം ഇന്ത്യന്‍ വലതുപക്ഷത്തിനെതിരായി വലതുപക്ഷ ആശയപ്രചരണങ്ങള്‍ക്കെതിരായി ഒരു ഫയര്‍ ഫൈററിങ് (തീ കെടു​ത്തല്‍) മോഡില്‍ മാത്രമല്ല ഇന്ത്യയുടെ സാമൂഹിക ബോധം സൃഷ്ടിച്ചെടുക്കാനുളള ദീര്‍ഘകാല പദ്ധതിയുടെ അടിസ്ഥാനത്തിലാകണം ചര്‍ച്ചകള്‍ നടക്കേണ്ടത്. 

ലെനിന്‍ മുന്നോട്ടുവെച്ചതും നടക്കാതെ പോയതുമായ ഇന്ത്യയിലെ കമ്യൂണിസ്റ്റ് കോണ്‍ഗ്രസ് ഐക്യം എവിടെയാണ് പാളം തെറ്റിയത് എന്ന് പരിശോധിക്കാനുളള സ്‌കോപ് ഈ കുറിപ്പിന് ഇല്ലെങ്കില്‍ പോലും എന്തുകൊണ്ട് അത് സംഭവിച്ചില്ല എന്നറിയേണ്ടത് തീര്‍ച്ചയായും ഒരാവശ്യമാണ്. 1920-കളുടെ ആദ്യത്തിലാണ് ലെനിന്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചതെങ്കില്‍ ദുര്‍ബലമായിരുന്നുവെങ്കിലും അക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഏറെ സജീവമായിരുന്നു ഇന്ത്യയില്‍. അതുകൊണ്ടുതന്നെ ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായിരുന്നു പാര്‍ട്ടി. കാണ്‍പൂര്‍-പെഷവാര്‍ ഗൂഢാലോചന കേസു​കള്‍ ബ്രിട്ടീഷുകാര്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരേ നെയ്‌തെടുത്തു. ഗൂഢാലോചന കേസുകളായിരുന്നു അത്. അതിനെതിരായി കമ്യൂണിസ്റ്റ് നേതാക്കള്‍ കോടതിയില്‍ പൊരുതിയപ്പോള്‍ വലിയൊരളവുവരെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ കമ്യൂണിസ്റ്റുകാരെ സഹായിച്ചിരുന്നു. 

ഇക്കാലത്താണ് മഹാത്മ ഗാന്ധി ഇന്ത്യയിലെയും ലോകത്തെ തന്നെയും വലിയ കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയ നേതാവായി വളര്‍ന്നുകൊണ്ടിരുന്നത്. പക്ഷേ ഗാന്ധിജിയുടെ രാഷ്ട്രീയത്തിന്റെ ഗ്രാമര്‍ എന്താണെന്ന് മനസ്സിലാക്കാന്‍ പാശ്ചാത്യ ഗ്രാമറില്‍ ഇന്ത്യന്‍ രാഷ്ട്രീയം കൈകാര്യം ചെയ്ത ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ആശയങ്ങളെ അതിന്റെ ഫലത്തിലല്ല, പ്രയോഗരീതിയിലായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി കണ്ടതെന്ന് പറയാവുന്നതാണ്. വാസ്തവത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഗാന്ധിയെ മനസ്സിലാക്കുന്നതില്‍ വരുത്തിയ പിശകാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുളള പാര്‍ട്ടിയുടെ ബന്ധത്തിന് വിഘാതമായത്. 

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഉച്ചാവസ്ഥയായിരുന്നു ക്വിറ്റ് ഇന്ത്യ സമരം. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഹിറ്റ്‌ലറെ തോല്‍പിക്കാന്‍ സ്റ്റാലിന്റെ റഷ്യയും ചര്‍ച്ചിലിന്റെ ബ്രിട്ടണും ഒരുമിച്ചാണ് എന്ന കാരണത്തിന്റെ പേരില്‍ ബ്രിട്ടണെതിരായ സമരത്തിന്റെ തീജ്വാലകള്‍ കുറയ്ക്കണമെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി വാദിച്ചത് വലിയൊരു അബദ്ധമായി. ഈ സന്ദര്‍ഭം കോണ്‍ഗ്രസും പ്രയോജനപ്പെടുത്തി എന്ന് വേണമെങ്കില്‍ കരുതാം. ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ത്തതോടുകൂടി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തിസ്രോതസ്സുകളായിരുന്ന കിസാന്‍ സഭയിലും എ.ഐ.ടി.യു.സി. എന്ന ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലും ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷനിലും കമ്യൂണിസ്റ്റുകാര്‍ക്കുണ്ടായിരുന്ന മുന്‍കൈ നഷ്ടപ്പെട്ടു. 

നേതൃത്വവും സംഘടനയും ഒരു തൊണ്ടുപോലെ കമ്യൂണിസ്റ്റുകാരുടെ കൈയില്‍ എത്തിയെങ്കിലും അതിന്റെ കാമ്പ് മറ്റു പ്രസ്ഥാനങ്ങളിലേക്ക് ചോര്‍ന്നുപോയി. ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളാകട്ടെ ജയപ്രകാശ് നാരായണിന്റെയും ആചാര്യ കൃപലാനിയുടെയും രാം മനോഹര്‍ ലോഹ്യയുടെയും നേതൃത്വത്തില്‍ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ പതാകാവാഹകരായി മാറുകയും ചെയ്യുന്നു. 

ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലെ പുരോഗമന ചിന്തയുടെ പ്രതീകങ്ങളായിരുന്ന യുവാക്കളെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു നിര്‍ണായക സംഭവത്തില്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ വഞ്ചിച്ചവരാണ് എന്ന ബോധ്യത്തില്‍ എത്തിയതിന്റെ ഫലമായി ആ പ്രദേശങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ദുര്‍ബലരായി. പക്ഷേ കമ്യൂണിസ്റ്റ് പാര്‍ട്ടി അപ്പോഴും പിടിച്ചുനിന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ സന്ദര്‍ഭത്തിലായിരുന്നു അടുത്ത പാളിച്ച പറ്റിയത്. 

ഇന്ത്യയില്‍ അധികാരത്തില്‍ വന്ന നെഹ്‌റുവിന്റെ സര്‍ക്കാര്‍ റഷ്യയില്‍ സാര്‍ ചക്രവര്‍ത്തിയെ പുറത്താക്കി അധികാരത്തില്‍ വന്ന കെരന്‍സ്‌കിയുടെ സര്‍ക്കാരിനെ പോലെയാണെന്നും ആ സര്‍ക്കാരിനെ ലെനിന്‍ അട്ടിമറിച്ചതുപോലെ ഇന്ത്യയില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് നെഹ്‌റു സര്‍ക്കാരിനെ അട്ടിമറിച്ചുകൊണ്ട് ഒരു കമ്യൂണിസ്റ്റ് ഭരണം സൃഷ്ടിക്കാന്‍ കഴിയുമെന്നും പാര്‍ട്ടി ദിവാസ്വപ്‌നം കണ്ടു. ആ സ്വപ്‌നത്തിന്റെ പേരാണ് കല്‍ക്കട്ട തീസിസ്. അതും അകാലത്തില്‍ പൊലിഞ്ഞുപോയി. ഈ തെറ്റു തിരുത്തിയത് സ്റ്റാലിന്‍ തന്നെയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികളോട് പൊതു ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ അഭ്യര്‍ഥിക്കുന്ന ചര്‍ച്ചകളുണ്ടായി. 1951-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിച്ച നയപ്രഖ്യാപന രേഖകളോടുകൂടി പാര്‍ട്ടി വീണ്ടും പൊതുധാരയിലേക്ക് തിരിച്ചെത്തി. ആ തെറ്റു തിരുത്തല്‍ പ്രക്രിയയുടെ ഫലമായിരുന്നു 1957-ലെ കേരളത്തിലെ ഇ.എം.എസ്. മന്ത്രിസഭ. 

അതിനുമുമ്പ് മദിരാശി സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പിലും കമ്യൂണിസ്റ്റ് പാര്‍ട്ടി നിര്‍ണായകമായ വോട്ടും സീറ്റും നേടി. ബീഹാറിലും മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും കമ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായ പ്രസ്ഥാനങ്ങളായി. പഞ്ചാബിലും യു.പിയിലും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആഴത്തില്‍ വേരുകളുണ്ടായി. 57-ലെ സര്‍ക്കാര്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ ആവേശമുണ്ടാക്കി. ആദ്യത്തെ കോണ്‍ഗ്രസ് ഇതര മന്ത്രിസഭ എന്ന നിലയില്‍ ഇന്ത്യയിലും പുറത്തും കമ്യൂണിസ്റ്റ് പാര്‍ട്ടി ശ്രദ്ധിക്കപ്പെട്ടു. മാവോ സേ തൂങ്ങും നേരിട്ട് ഇഎംഎസിനെ കാണുകയുണ്ടായി. പക്ഷേ ആ നല്ല കാലവും നീണ്ടുനിന്നില്ല. കേരളത്തില്‍ കോണ്‍ഗ്രസ് മടിച്ചു മടിച്ചാണെങ്കിലും പിന്നീട് ശക്തമായി നേതൃത്വം കൊടുത്ത വിമോചനസമരം രണ്ടു കൂട്ടരെയും അകറ്റി. 

ഇ.എം.എസ്. സര്‍ക്കാരിനെ പിരിച്ചുവിട്ടതോടുകൂടി ഇന്ത്യയില്‍ എമ്പാടും കമ്യൂണിസ്റ്റുപാര്‍ട്ടിയും കോണ്‍ഗ്രസും പരമശത്രുക്കളായി വീണ്ടും മാറി. എന്നാല്‍ 1958-ല്‍ നടന്ന സ്‌പെഷൽ പാര്‍ട്ടി കോണ്‍ഗ്രസ് 51-ലെ നയപ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചുകൊണ്ട് ഇന്ത്യയില്‍ ജനാധിപത്യരീതികള്‍ ഉപയോഗിച്ചുകൊണ്ടുതന്നെ അധികാരത്തില്‍ വരാമെന്നും പ്രതിപക്ഷത്തിന്റെ സാന്നിധ്യത്തോടെ ഭരിക്കാമെന്നും ഒരു പ്രമേയം അംഗീകരിച്ചിരുന്നു. പക്ഷേ, വിമോചന സമരവും സര്‍ക്കാരിന്റെ പിരിച്ചുവിടലും എല്ലാം തകിടം മറിച്ചു. നെഹ്‌റുവിന് വിമോചനസമരം ഒരു ബാധ്യതയായി. ആദ്യം എതിര്‍ത്തുവെങ്കിലും പിരിച്ചുവിടാനുളള ഉത്തരവില്‍ നെഹ്‌റു ഒപ്പിട്ടു. അക്കാലത്ത് ലോക്‌സഭയില്‍ നെഹ്‌റുവിന്റെ വലിയ ആരാധകനായിരുന്ന ഡാങ്കെ പ്രസംഗിക്കുകയുണ്ടായി, 'പണ്ഡിറ്റ്ജി, അങ്ങയുടെ തേര് നുണ പറഞ്ഞ ധര്‍മപുത്രരുടെ തേരിനെപ്പോലെ ഇന്ന് നിലംതട്ടിയിരിക്കുകയാണ്. അങ്ങ് ഇന്ത്യയിലെ ഒരു സാധാരണ രാഷ്ട്രീയക്കാരന്‍ മാത്രമായി മാറിയിരിക്കുന്നു.' 

ഏറെനാള്‍ കഴിയുമ്പോഴേക്കും കമ്യൂണിസ്റ്റ് പാര്‍ട്ടി താനേ പിളര്‍ന്നു. പിളര്‍പ്പിന്റെ മുഖ്യകാരണം കോണ്‍ഗ്രസിനോടുളള സമീപനം തന്നെയായിരുന്നു, റഷ്യയോടും കോണ്‍ഗ്രസിനോടും ചേര്‍ന്നു നില്‍ക്കുന്ന ഔദ്യോഗിക പക്ഷവും ചൈനയോടും കോണ്‍ഗ്രസ് വിരുദ്ധതയോടും ചേര്‍ന്നു നില്‍ക്കുന്ന എതിര്‍പക്ഷവുമായി കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടുക്യാമ്പുകളായി മാറി. അതില്‍ കോണ്‍ഗ്രസ് വിരുദ്ധതയുടെ പക്ഷത്തുനിന്നവരാണ് സി.പി.എമ്മായി സി.പി.ഐയുടെ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്നവര്‍. മൂന്നിലൊന്ന് പിന്തുണ പോലും കൗണ്‍സിലില്‍ ഉണ്ടായിരുന്നില്ലെങ്കിലും അതിലുമെത്രയോ വലിയ പിന്തുണ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അകത്ത് ജനങ്ങള്‍ക്കിടയില്‍ സി.പി.എമ്മിന് ഉണ്ടായി എന്നത് നേരാണ്. 

പക്ഷേ, സി.പി.എമ്മില്‍ പ്രശ്‌നങ്ങള്‍ ഉരുണ്ടുകൂടാന്‍ തുടങ്ങി. അറുപതുകളുടെ അവസാനത്തില്‍ സി.പി.എം. ഒരു തിരുത്തല്‍വാദ പാര്‍ട്ടിയാണ് എന്ന് പറഞ്ഞുകൊണ്ട് ചാരു മജുംദാറിന്റെയും കാനു സന്യാലിന്റെയും നേതൃത്വത്തില്‍ നക്‌സലൈറ്റുകള്‍ ഉന്മൂലന സിദ്ധാന്തവുമായി രംഗത്തെത്തി. 'ചൈനയുടെ ചെയര്‍മാന്‍ നമ്മുടെ ചെയര്‍മാനെ'ന്ന മുദ്രാവാക്യം ഇന്ത്യയില്‍ മുഴങ്ങി. ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കമെന്ന് ചൈനീസ് റേഡിയോ പ്രഖ്യാപിച്ചു. പക്ഷേ, ചൗ എന്‍ ലായ് നക്‌സലൈററുകളെ തിരുത്തി. ചൈനയുടെ ചെയര്‍മാന്‍ നമ്മുടെ ചെയര്‍മാന്‍ എന്ന മുദ്രാവാക്യം തെറ്റാണെന്ന് അദ്ദേഹം സൗരന്‍ ബോസിനോട് പറഞ്ഞതിന്റെ രേഖകള്‍ ലഭ്യമാണ്. ചുരുക്കി പറഞ്ഞാല്‍ കമ്യൂണിസ്റ്റ് എന്നാല്‍ കോണ്‍ഗ്രസ് വിരുദ്ധനെന്നും കോണ്‍ഗ്രസ് എന്നുപറഞ്ഞാല്‍ കമ്യൂണിസ്റ്റ് വിരുദ്ധനെന്നും അര്‍ഥം വരുന്ന തരത്തില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് സ്വാധീനമേഖലകളില്‍ രാഷ്ട്രീയ നിര്‍വചനങ്ങള്‍ മാറിമറിഞ്ഞു. 

1975-ല്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസുമായുളള ബന്ധത്തില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു. കോണ്‍ഗ്രസുമായി ബന്ധമാകാമെന്ന സിദ്ധാന്തം മുന്നോട്ടുവെച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി 69-ല്‍ കേരളത്തിലെ ഇ.എം.എസ്. സര്‍ക്കാരില്‍നിന്ന് വിട്ട് കോണ്‍ഗ്രസ് സഹായത്തോടുകൂടി അച്യുതമനോന്റെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ രൂപീകരിച്ചുകഴിഞ്ഞിരുന്നു. ആ സര്‍ക്കാര്‍ 70-ല്‍ വീണ്ടും അധികാരത്തില്‍ വരികയും ഭരണം തുടര്‍ന്നുകൊണ്ടുപോകുകയും ചെയ്തിരുന്നപ്പോഴാണ് അടിയന്താവസ്ഥ വരുന്നത്. പക്ഷേ അച്യുതമേനോന്‍ സര്‍ക്കാരും ഇന്ത്യയിലെ സി.പി.ഐയും അടിയന്തരാവസ്ഥയെ പിന്താങ്ങി.

കോണ്‍ഗ്രസ് ചെയ്ത വലിയൊരു തെറ്റിനെ പിന്താങ്ങുകയാണ് അന്ന് സി.പി.ഐ. ചെയ്തത്. 42-ല്‍ ക്വിറ്റ് ഇന്ത്യ സമരത്തെ, എതിര്‍ത്ത 48-ല്‍ നെഹ്‌റുവിനെ അട്ടിമറിക്കാന്‍ ശ്രമിച്ച സി.പി.ഐയുടെ പിന്മുറക്കാര്‍ എന്നവകാശപ്പെടുന്ന സി.പി.ഐക്കാര്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ ജനാധിപത്യ ധ്വസംനത്തിന് കൂട്ടുനിന്നു എന്നത് ആ പാര്‍ട്ടിയുടെ ചരിത്രത്തിലെ ഒരു കറുത്ത ഏടായി. പക്ഷേ, 77-ല്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് ശേഷം സി.പി.ഐ. തിരുത്തി. കോണ്‍ഗ്രസുമായി ബന്ധം ഉപേക്ഷിച്ച് വീണ്ടും അറുപത്തിയേഴില്‍ എന്നതുപോലെ, ഒരുപക്ഷേ അതിലധികമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കാന്‍ മുന്‍കൈ എടുത്തു. അതിനുവേണ്ടി സ്വന്തം മുഖ്യമന്ത്രി ആയിരുന്ന പി.കെ. വാസുദേവന്‍ നായര്‍ രാജിവെച്ചു. 

നാല്‍പതു വര്‍ഷത്തില്‍ അധികമായി സി.പി.ഐ.യും സി.പിഎമ്മും ഒരുമിച്ച് മുന്നോട്ടുപോവുകയാണ്. അതിനിടയില്‍ ബി.ജെ.പി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ ശക്തമായി. ബി.ജെ.പി. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ വീണ്ടും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പുനര്‍ചിന്തനം നടത്തി. ജ്യോതിബാസുവിന്റെയും സുര്‍ജിത്തിന്റെയും നേതൃത്വത്തില്‍ സി.പി.ഐയുടെ പിന്തുണയോടെ ആര്‍.എസ്.പിയുടെ സഹായത്തോടെ കോണ്‍ഗ്രസുമായി ചേര്‍ന്ന് യു.പി.എ. എന്ന മുന്നണി രൂപീകരിച്ചു. അധികാരത്തില്‍ നേരിട്ട് എത്തിയില്ലെങ്കിലും യു.പി.എയുമായി ഇടതുകക്ഷികള്‍ അധികാരം പങ്കിട്ടു. സോമനാഥ ചാറ്റര്‍ജി ലോക്‌സഭയുടെ സ്പീക്കറായി. അതിനു മുമ്പത്തെ ഇടക്കാല സര്‍ക്കാരില്‍ സി.പി.ഐയുടെ ഇന്ദ്രജിത്ത് ഗുപ്ത ഇന്ത്യയുടെ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത കേന്ദ്രമന്ത്രിയുമായി. പക്ഷേ, വീണ്ടും ഇടതുകക്ഷികള്‍ക്ക് പാളുകയായിരുന്നു. 

ഒന്നാം യു.പി.എയുടെ അവസാനകാലത്ത് ആണവക്കരാറിന്റെ പേരില്‍ എന്തിനാണ് യു.പി.എയുമായുളള ബന്ധം ഉപേക്ഷിച്ചതെന്ന് ഇനിയും കമ്യൂണിസ്റ്റ് പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല. ഇന്ത്യന്‍ പാര്‍ലമെന്റില്‍ 63 അംഗങ്ങളുളള ചരിത്രത്തിലെ ഏക ഇടതുപക്ഷ ബ്ലോക്കായിരുന്നു അക്കാലത്ത് ഉണ്ടായിട്ടുളളത്. മന്‍മോഹന്‍ സിങ്ങിനെ അട്ടിമറിക്കാന്‍ ബി.ജെ.പിയുമായി ചേര്‍ന്ന് അവിശ്വാസപ്രമേയത്തിന് വോട്ട്‌ ചെയ്തത് എന്തിനായിരുന്നു? തിരിഞ്ഞുനോക്കുമ്പോള്‍ ആ സംഭവത്തിന് ശേഷം ഇടതുകക്ഷികളുടെ ഗ്രാഫ് കുത്തനെ താഴോട്ടാണ്. നേരത്തേ സൂചിപ്പിച്ചതുപോലെ 63-ല്‍ നിന്ന് ആറിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. അതും സ്വന്തം ശക്തികൊണ്ട് ഒരൊററ സീറ്റ് മാത്രമാണ് ലോക്‌സഭയില്‍ നേടിയിട്ടുളളത്. 

ഈ സാഹചര്യത്തിലാണ് ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയെ വിശകലനം ചെയ്യേണ്ടത്. കേവലം ബി.ജെ.പി. വിരോധത്തിന്റെ മേഖലയില്‍ മാത്രമാണോ ഇടതുകക്ഷികളും ഇന്ത്യയിലെ കോണ്‍ഗ്രസും യോജിക്കേണ്ടത്? അല്ല എന്നാണ് എന്റെ പക്ഷം. ഇന്ത്യന്‍ വലതുപക്ഷം ഊര്‍ജം സമ്പാദിക്കുന്ന എല്ലാ സാമൂഹിക-രാഷ്ട്രീയ മേഖലകളിലും വ്യാപരിക്കുവാന്‍ കാര്‍ഷിക രംഗത്തും ട്രേഡ് യൂണിയന്‍ രംഗത്തും മാത്രമല്ല, സാംസ്‌കാരിക രംഗത്തും വിദ്യാഭ്യാസ രംഗത്തും വ്യാപരിക്കുവാന്‍ ഈ സഖ്യത്തിന് ഫലപ്രദമായി കഴിഞ്ഞാല്‍ മാത്രമേ വലതുപക്ഷ മുന്നേറ്റം ഇന്ത്യയില്‍ തടയാന്‍ ആകൂ. ഇത്തരത്തിലുളള ഒരു നവചിന്തയാണ് ഉരുത്തിരിയേണ്ടത്. 

ഇതിനിടയില്‍ കോണ്‍ഗ്രസുമായി പല തരത്തില്‍ സഹകരിച്ച ചെറിയ കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഇന്ത്യയില്‍ ഉണ്ടായി. അതിലൊന്നാണ് സി.എം.പി. ഡാങ്കെയും നേതൃത്വം കൊടുത്ത യു.സി.പി.ഐയും സെയ്ഫുദ്ദീന്‍ രൂപീകരിച്ച പാര്‍ട്ടി ഫോര്‍ ഡെമോക്രാറ്റിക് സോഷ്യലിസവും ബംഗാളില്‍ ഇപ്പോഴും സജീവമാണ്. കേരളത്തില്‍ രൂപീകൃതമായ ആര്‍.എം.പി. നിയമസഭയിലെത്തിയതും കോണ്‍ഗ്രസിന്റെ പിന്തുണ കൊണ്ടാണ്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ചെറുതും വലുതമായ കമ്യൂണിസ്റ്റ് പാര്‍ട്ടികളെല്ലാം കോണ്‍ഗ്രസുമായി സഹരിച്ചിട്ടുണ്ട്, സഹകരിച്ചുകൊണ്ടിരിക്കുകയുമാണ്. 

സി.എം.പി. പതിനഞ്ചു വര്‍ഷം കോണ്‍ഗ്രസ് ഭരണവുമായി സഹരിച്ചു പോയി. കേരളത്തില്‍ കോണ്‍ഗ്രസ് സഹായത്തോടെ സി.പി.ഐ. പാര്‍ലമെന്റിലും അസംബ്ലികളിലുമെത്തി. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് തിരഞ്ഞെടുപ്പ് സഖ്യങ്ങള്‍ക്ക് പഞ്ഞമില്ല എന്ന് മനസ്സിലാക്കുന്നത്. വീണ്ടും ആവര്‍ത്തിക്കട്ടേ, തിരഞ്ഞെടുപ്പ് സഖ്യങ്ങള്‍ കൊണ്ടുമാത്രം ഇന്ത്യന്‍ വലതുപക്ഷത്തെ നേരിടാന്‍ സാധ്യമല്ല. വിശാലമായ അര്‍ഥത്തിലുളള ബഹുജന മുന്നണി കെട്ടിപ്പടുക്കുവാന്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ മസ്തിഷ്‌കത്തില്‍ എന്തെങ്കിലും ചിന്തകള്‍ ഉരുത്തിരിയുമോ എന്നാണ് കൂടുതല്‍ പ്രസക്തമായ വിഷയം.

2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്കുളള രാഷ്ട്രീയ സഖ്യത്തിലേക്ക് കൂടി പാളി നോക്കാതെ ഈ കുറിപ്പ് പൂര്‍ണമാകില്ല. വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഒന്നുകില്‍ ബി.ജെ.പി.യെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ അല്ലെങ്കില്‍ അവരുടെ നേതൃത്വത്തില്‍ മൂന്നാമതൊരു സര്‍ക്കാര്‍ രൂപീകരിക്കാന്‍.

ഇതില്‍ ബി.ജെ.പിയെ പുറത്താക്കുക എന്ന ലക്ഷ്യമാണ് മതേതരശക്തികള്‍ മുന്നോട്ട് വെക്കുന്നതെങ്കില്‍ കഴിയാവുന്നത്രയും വലിയ വിശാല സഖ്യം അനിവാര്യമാണ്. 2019-ലെ പോലെ സഖ്യം കൊണ്ടുമാത്രം കാര്യമില്ല. പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന് ജനങ്ങളോട് പറയണം. രണ്ട് യുപിഎ ഭരണം തുടര്‍ച്ചയായി വന്നപ്പോള്‍ ബി.ജെ.പി. ചെയ്തത് ആദ്യമേ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക എന്നതായിരുന്നു. സമാനമായ ഒരു സാഹചര്യമാണ് ബിജെപിക്ക് എതിരായ ശക്തികള്‍ക്കും ചെയ്യേണ്ടി വരുന്നത്. ഇവിടെ കോണ്‍ഗ്രസ് ആരാണ് അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്നുപറയണം. ഉദാഹരണത്തിന് രാഹുല്‍ ഗാന്ധിയാണ് ഞങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് കോണ്‍ഗ്രസ് പറയേണ്ടിയിരിക്കുന്നു. അതല്ലെങ്കില്‍ ബി.ജെ.പിയെ എതിര്‍ക്കാനുളള കരുത്ത് കാണിക്കുന്ന ഇതര പ്രതിപക്ഷ കക്ഷികളില്‍ ഏതെങ്കിലും ഒരു നേതാവിനെയാണ് ഞങ്ങള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കുന്നത് എന്ന് കോണ്‍ഗ്രസ് പറയണം.

ഇന്നതിന് കെല്‍പും പരിചയവുമുളളത് മമതാ ബാനര്‍ജിക്കാണ്‌. മമത ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഉയര്‍ന്നുവന്നാല്‍  ബംഗാളിലെ മുഴുവന്‍ സീറ്റുകളും കിട്ടും. ഡിഎംകെ അതിനോട് യോജിക്കും. മഹാരാഷ്ട്രയിലെ പവാര്‍-ശിവസേന സഖ്യത്തിനും ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. ഈ മൂന്ന് പ്രധാനശക്തികളും ഒന്നിക്കുമ്പോള്‍ ബിഹാറിലെ നിതീഷ് കുമാറിനും ഇളക്കം തട്ടാം. കാറ്റ് എങ്ങോട്ടാണ് എന്ന് നോക്കാനുളള കഴിവ് അദ്ദേഹത്തിനുളളത് പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മറ്റാര്‍ക്കുമില്ല. ഒറീസയിലെ നവീന്‍ പട്‌നായിക്കിനെ ആ സഖ്യത്തിലേക്ക് കൊണ്ടുവരാന്‍ ഒരുപക്ഷേ സാധിച്ചേക്കും. ഇടതുപക്ഷ കക്ഷികള്‍ അനിവാര്യമായും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പിന്താങ്ങേണ്ടി വരും. അവര്‍ക്ക് സ്വാഭാവികമായും ചില പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പോലും.

മമതയോടുളള പ്രതിപക്ഷ കക്ഷികളുടെയും കോണ്‍ഗ്രസിന്റെയും ചൊരുക്കുകള്‍ മാറ്റിവെച്ചുകൊണ്ടുതന്നെ അവരെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കാവുന്നതാണ്. അല്ലെങ്കില്‍ അവര്‍ അടക്കമുളള മുഴുവന്‍ ആളുകളും രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കുന്ന സ്ഥിതിയുണ്ടാകണം. ഇത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കാര്യമാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമല്ല പ്രധാനം എന്ന് നേരത്തേ സൂചിപ്പിച്ചെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖ്യചാലകശക്തി തിരഞ്ഞെടുപ്പ് തന്നെയാണ്. അതിനും അപ്പുറത്തേക്ക് സഖ്യങ്ങള്‍ കടന്നുചെല്ലണം എന്ന് നേരത്തേ പറഞ്ഞുവെക്കുകയും ചെയ്തിട്ടുണ്ടല്ലോ.

Content Highlights: C P John's Column Pratibhashanam