കേരളത്തിന്റെ ദാരിദ്ര്യക്കുറവിനെ കുറിച്ചുളള നീതി ആയോഗിന്റെ പ്രശംസയ്ക്കും കേരളത്തിലെ അതിദരിദ്രരെ കണ്ടെത്താനുളള കേരള സര്‍ക്കാരിന്റെ തീവ്ര പരിശ്രമങ്ങള്‍ക്കുമിടയില്‍ മരണം അട്ടപ്പാടിയിലെ ശിശുക്കളെ വീണ്ടും വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു. കണക്കുകള്‍ക്കും വിശകലനങ്ങള്‍ക്കും പിടികൊടുക്കാതെ പിഞ്ചുകുഞ്ഞുങ്ങള്‍ അട്ടപ്പാടിയില്‍ വീണ്ടും മരിച്ചു വീഴുമ്പോള്‍ കേരളം ലജ്ജിച്ച് തലതാഴ്ത്തണം. ഈ വര്‍ഷം നടന്ന 10 ശിശുമരണങ്ങളില്‍ ഒമ്പതും ആദിവാസിക്കുഞ്ഞുങ്ങളായിരുന്നു.

ആദിവാസികളുടെ ശിശുമരണനിരക്ക്, അതായത് ഒരുവയസ്സില്‍ താഴെയുളള കുട്ടികളുടെ മരണനിരക്ക് അട്ടപ്പാടിയില്‍ ആയിരത്തിന് 33 ആണ്. കേരളത്തില്‍ അത് ആറാണെങ്കില്‍ അട്ടപ്പാടിയിലെ തന്നെ ആദിവാസി ഇതരസമൂഹത്തില്‍ അത് രണ്ട് മാത്രമാണ്. ഇപ്പോള്‍ 244 ആദിവാസി സ്ത്രീകളാണ് ഗര്‍ഭിണികളായിട്ടുളളത്. അതില്‍ 187 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലാണ്. ഹൈ റിസ്‌ക് കാറ്റഗറിയില്‍ അട്ടപ്പാടിയില്‍ ആകെയുളളത് 245 ഗര്‍ഭിണികളാണെങ്കില്‍ അതില്‍ 187 പേരും ആദിവാസി സ്ത്രീകളാണ്. ആകെ ഇന്ന് അട്ടപ്പാടിയില്‍ 470 ഗര്‍ഭിണികള്‍ ഉളളതില്‍ 187 ഹൈ റിസ്‌ക് ആദിവാസികളുണ്ടെന്നത് ഞെട്ടിപ്പിക്കുന്ന ഒന്നാണ്. ഇതിന്റെ അര്‍ഥം പ്രശ്‌നം അട്ടപ്പാടി എന്ന പ്രദേശത്തിന്റെ അല്ല അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ തന്നെയാണ്. 

പഴയ കഥകളിലേക്കും ചരിത്രത്തിലേക്കും കടന്നുപോകാന്‍ ഈ ലേഖനത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. 2013-ല്‍ ശിശുമരണങ്ങള്‍ വലിയ തോതില്‍ നടന്നപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തന്റെ ഓഫീസിന്റെ നേതൃത്വത്തില്‍ അട്ടപ്പാടിക്ക് വേണ്ടി നിരവധി പരിപാടികള്‍ തയ്യാറാക്കി. മന്ത്രിയായിരുന്ന ജയറാം രമേശിനെയും പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മലയാളി ടി.കെ.എ.  നായരേയും അന്നത്തെ കേരള സര്‍ക്കാരുമായി ഏകോപിപ്പിച്ചുകൊണ്ട് മാതൃകാപരമായ നിരവധിപ്രവര്‍ത്തനങ്ങള്‍ നടത്തി. അതിന്റെ ഭാഗമായാണ് അട്ടപ്പാടിയില്‍ ചെന്നുകേറാന്‍ കഴിയാത്ത സ്ഥലങ്ങളിലേക്ക് റോഡുകളുണ്ടായതും അട്ടപ്പാടിയിലെ ട്രൈബല്‍ ഹോസ്പിറ്റല്‍ ഏറ്റവും നല്ല ആശുപത്രിയായി വളര്‍ന്നതും. കമ്യൂണിറ്റി കിച്ചന്‍ അന്ന് ഫലപ്രദമായി ഉപയോഗിച്ചു.

അട്ടപ്പാടിയുടെ പ്രശ്‌നങ്ങള്‍ എന്താണ്? മറ്റേതൊരു ആദിവാസി മേഖലയെയും പോലെ തന്നെ അട്ടപ്പാടിയുടെ അടിസ്ഥാനപരമായ പ്രശ്‌നം ഭൂമി തന്നെയാണ്. വയനാട്ടിലും മറ്റുമുണ്ടായ ഭൂമി തട്ടിപ്പറിയോളമില്ലെങ്കിലും ഏറ്റവും ചുരുങ്ങിയത് 10,000 ഏക്കര്‍ ഭൂമി ആദിവാസികളില്‍നിന്നു മറ്റുളളവര്‍ കൈക്കലാക്കിയിട്ടുണ്ട്. ഇത് സര്‍ക്കാരിനും എല്ലാ വിധ ഏജന്‍സികള്‍ക്കും അറിയാമെങ്കിലും അതവര്‍ക്ക് തിരിച്ചു നല്‍കുക എന്നത് അസാധ്യമാണെന്ന മട്ടിലാണല്ലോ കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വം പെരുമാറിക്കൊണ്ടിരിക്കുന്നത്.

അട്ടപ്പാടിയിലെ 11,000 ആദിവാസി കുടുംബങ്ങളില്‍ നല്ലൊരു ശതമാനവും ഭൂമി ഉളളവര്‍ തന്നെയാണ്, പക്ഷേ, മുഴുവന്‍ പട്ടയം ലഭിച്ചിട്ടില്ല താനും. ഒരുകാലത്ത് അട്ടപ്പാടിയില്‍ ഉണ്ടായിരുന്ന വരള്‍ച്ച ഇന്നില്ല. ഭവാനി, ശിരുവാണി പുഴകള്‍ നന്നായി ഒഴുകുന്നുണ്ട്. വെളളം മറ്റെന്നത്തേക്കാളും ലഭ്യമായിട്ടുണ്ട്. അവിടെ മാന്യമായ രീതിയില്‍ കൃഷി ചെയ്തു ജീവിക്കുവാന്‍ 33,000 ആദിവാസികള്‍ക്ക് 11,000 കുടുംബങ്ങളിലായി വലിയ ബുദ്ധിമുട്ട് വരേണ്ടതല്ല. കൃത്യമായി സര്‍ക്കാര്‍ അവരെ കൈ പിടിച്ചു നടത്തുമെങ്കില്‍).

ഏകദേശം എഴുപതിനായിരമാണ് അട്ടപ്പാടിയിലെ ആകെ ജനസംഖ്യ. അതു പണ്ടേ ഒരു ബ്ലോക്കാണ്, ഇപ്പോള്‍(2021) ആദിവാസി താലൂക്കുമാണ്. ഈ ആദിവാസികള്‍ക്ക് കൃഷി ചെയ്ത് ജീവിക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതില്‍ ഉണ്ടായ പരാജയത്തിനെല്ലാം പുറമേ, കോവിഡ് അവിടെ ഉണ്ടാക്കിയ ദുരന്തമെന്താണെന്ന് ഇപ്പോഴും കേരളത്തിന്റെ പൊതുസമൂഹം ഇപ്പോഴും വേണ്ടത്ര പഠിക്കുന്നില്ല, മനസ്സിലാക്കുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം അവിടെ സഞ്ചരിച്ച ലഭിച്ച വിവരങ്ങളിലൂടെയും  നേരത്തേ ഉണ്ടായിരുന്ന ബന്ധങ്ങളിലൂടെയും ഞാന്‍ മനസ്സിലാക്കുന്നത് ഇന്നത്തെ അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ കോവിഡ് തകര്‍ത്തെറിഞ്ഞ ആദിവാസി മേഖലയില്‍ മരണം നടത്തുന്ന ആദ്യ ചുവടുവെയ്പ്പുകള്‍ മാത്രമാണെന്നാണ്. 

കോവിഡ് കാലത്ത് തൊഴിലുറപ്പ് പദ്ധതി പോലും ഉണ്ടായിരുന്നില്ല എന്ന് ഓര്‍ക്കാവുന്നതാണ്. ആകെ ഉണ്ടായിരുന്നത് കിറ്റുമാത്രം. തൊട്ടപ്പുറത്ത് തമിഴ്‌നാട്ടില്‍ കിറ്റിനു പുറമേ റേഷന്‍ കടയിലൂടെ പണം ലഭിച്ചപ്പോള്‍ കേരളത്തിലെ ആദിവാസികള്‍ക്കെന്നല്ല ആര്‍ക്കും ഒന്നും കിട്ടിയില്ല. കൊടും പട്ടിണിയായിരുന്നു ഊരുകളില്‍ ഉണ്ടായിരുന്നത്. കേരളത്തിന്റെ പൊതുസമൂഹം അവരെ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. ഈ കാലത്ത് ഗര്‍ഭിണികളായ സ്വതവേ ആരോഗ്യമില്ലാത്ത പെണ്‍കുട്ടികള്‍ പ്രസവിച്ച ശിശുക്കളാണ് മരിച്ചത്. കോട്ടത്തറ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഞങ്ങളോടു പറഞ്ഞു: "467 ഗര്‍ഭിണികള്‍ ഇന്ന് അട്ടപ്പാടിയിലുണ്ട്. അതില്‍ 244 പേര്‍ ആദിവാസി സ്ത്രീകളാണ്, ഇതില്‍ 187 പേരും ഹൈ റിസ്‌ക് കാറ്റഗറിയാണ് അതായത് 77 ശതമാനം. ഹൈ റിസ്‌ക് കാറ്റഗറി എന്നുപറഞ്ഞാല്‍ 45 കിലോ പോലും തൂക്കമില്ലാത്ത അമ്മമാരാണ്. രക്തക്കുറവും പോഷകാഹാരമില്ലായ്മയും ഈ ഗര്‍ഭിണികളെ തുറിച്ചുനോക്കുന്നു. അവരുടെ ഭര്‍ത്താക്കന്മാര്‍ (ഞങ്ങള്‍ കണ്ട പലരും) 20-22 വയസ്സുളള ആണ്‍കുട്ടികളാണ്. അവര്‍ക്കും വേണ്ടത്ര ആരോഗ്യമില്ല. പുരുഷന്മാര്‍ക്കിടയിലെ വന്ധ്യതയും അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളില്‍ ഒരു വലിയ പ്രശ്‌നമാണ്. പുരുഷബീജത്തിന്റെ ചടുലത കുറവുണ്ട്. 86 പേര്‍ ഇതിനകം കോട്ടത്തറ ആശുപത്രയില്‍ വന്ധ്യതാചികിത്സ ഇപ്പോള്‍ തേടുന്നുണ്ട്."

അച്ഛനമ്മമാരുടെ ആരോഗ്യം തന്നെയാണ് അവരുടെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന്റെ അടിത്തറയെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്. അമ്മമാരുടെ ആരോഗ്യം മാത്രമല്ല, പിതാക്കന്മാരുടെ ആരോഗ്യവും ഒരു നിര്‍ണായക ഘടകമാണെന്ന് ഇതിനകം തന്നെ നിരവധി ഗവേഷണങ്ങളിലൂടെ സ്ഥാപിതമായിട്ടുണ്ട്.

ആരോഗ്യമില്ലാത്ത, വേണ്ടത്ര ഭക്ഷണം കഴിക്കാനില്ലാത്ത അച്ഛനമ്മമാര്‍ക്ക് കുട്ടികളുണ്ടാകുന്നു. അവരെ സംരക്ഷിക്കേണ്ട ഡോക്ടര്‍മാര്‍ നെട്ടോട്ടമോടുകയാണ്. ആശുപത്രി പടികടന്നെത്തുന്ന ഗര്‍ഭിണിയെ മാത്രമേ അവര്‍ക്ക് ചികിത്സിക്കാന്‍ സാധിക്കൂ. ഗര്‍ഭധാരണം ഒരു രോഗമല്ല എന്നു നമുക്കെല്ലാം അറിയാം. ഗര്‍ഭധാരണത്തിന് മുന്‍പ് അവര്‍ക്ക് ആരോഗ്യമുണ്ടാക്കേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനും പഞ്ചായത്തുകള്‍ക്കും, പൊതുവില്‍ നമ്മുടെ സമൂഹത്തിനുമാണ്. ആരോഗ്യമില്ലാത്ത, പോഷകാഹാരം കഴിക്കാനില്ലാത്ത, പണമില്ലാത്ത, പട്ടിണി കിടക്കുന്ന ആദിവാസിക്കുട്ടികളുടെ മക്കളാണ് അട്ടപ്പാടിയില്‍ മരിച്ചതും ഇനിയും മരണം കാത്തിരിക്കുന്നതും.

അതുകൊണ്ട് എന്ത് എന്നതാണല്ലോ ചോദ്യം. അടിയന്തരമായി കോവിഡ് കുറഞ്ഞ ഈ കാലഘട്ടത്തില്‍ അട്ടപ്പാടിയിലെ തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കണം. മറ്റെല്ലായിടത്തും 100 ദിവസമാണ് ജോലിയെങ്കില്‍ അട്ടപ്പാടി പോലുളള ആദിവാസി ഊരുകളില്‍ ദാദിദ്ര്യം കൊടികുത്തി വാഴുന്ന മേഖലകളില്‍ 200 ദിവസമാക്കണം. കൂലി 350 രൂപയാക്കിയാല്‍ ഏറ്റവും നന്നായി. അവര്‍ക്ക് ജീവിക്കാനറിയാം. പക്ഷേ, അവര്‍ക്ക് തൂമ്പയെടുത്ത് കിളയ്ക്കാനുളള ശക്തി നല്‍കുന്ന ഭക്ഷണം പോലും കിട്ടുന്നില്ല, പണിയെടുക്കാന്‍ കഴിയുന്നില്ല. അതിലുപരി ലോക്ക്ഡൗണ്‍ എന്ന സര്‍ക്കാരിന്റെ നിയന്ത്രണം അവരെ ഊരുകളില്‍നിന്ന് പുറത്തുകടക്കാനും സമ്മതിച്ചില്ല. 

അഭ്യസ്തവിദ്യരായവരും അട്ടപ്പാടിയില്‍ ഉണ്ട്. 95-96 എ.കെ.ആന്റണി സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന അഹാഡ്‌സ് എന്ന പദ്ധതി വളരെ നല്ല ഒന്നായിരുന്നു. ആ പദ്ധതി തുടര്‍ന്നു കൊണ്ടുപോകേണ്ടതായിരുന്നു, കഴിഞ്ഞില്ല. അഹാഡ്‌സ് നിര്‍ത്തിയപ്പോള്‍ അന്നവിടെ പണിയെടുത്ത ആദിവാസി യുവാക്കള്‍ക്കെല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജോലി കൊടുത്തു. പക്ഷേ, അതുകൊണ്ടായില്ല, ഇനിയും പഠിച്ചു പാസ്സായ ആദിവാസികള്‍ക്ക് എല്ലാ നിയന്ത്രണങ്ങളും മാറ്റിവെച്ചുകൊണ്ട് തൊഴില്‍ കൊടുത്തില്ലെങ്കില്‍ എന്തിന് പഠിക്കണം എന്ന ചോദ്യം ആദിവാസി യുവാക്കളില്‍ ഉയര്‍ന്നുവന്നു കഴിഞ്ഞിരിക്കുകയാണ്.

ഒരു കോപറേറ്റീവ് സൊസൈറ്റിയില്‍ ഒരു ആദിവാസി യുവാവിനോ യുവതിക്കോ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിലൂടെ ജോലി നല്‍കിയാല്‍ കേരളത്തില്‍ ഏകദേശം 10,000 പേര്‍ക്ക് തൊഴിലു കിട്ടും എന്നതാണ് യാഥാര്‍ഥ്യം. പാലക്കാട് ജില്ലയില്‍ തന്നെ നൂറു കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കും. ഇത്തരത്തില്‍ വളരെ ക്രിയാത്മകമായ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ഇന്ന് ഗര്‍ഭിണികളായ 244 ആദിവാസികളില്‍ 187 പേരുടെ കുഞ്ഞുങ്ങള്‍ മരിക്കാന്‍ സാധ്യതയുണ്ട് എന്ന മുന്നറിയിപ്പ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുമ്പോൾ അതിനെ ഗൗരവമായി എടുക്കാന്‍ കേരളം തയ്യാറാകണം. 

മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് അനുവദിച്ച കമ്യൂണിറ്റി കിച്ചനുകള്‍ ഇന്ന് നാമമാത്രമായി. കോവിഡ് അതിനെയും പൂര്‍ണമായും തകര്‍ത്തു. ഇന്നത് വീണ്ടും പതുക്കെ പതുക്കെ തല പൊക്കുണ്ടെങ്കിലും അടിയന്തരമായി കമ്യൂണിറ്റി കിച്ചനുകള്‍ ആരംഭിക്കേണ്ടത് അട്ടപ്പാടിയുടെ പോഷകാഹാര നിലവാരമുയര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. മാത്രമല്ല, ഞങ്ങള്‍ മുന്നോട്ടുവെച്ച മറ്റൊരു നിര്‍ദേശം അടിയന്തരമായി റേഷന്‍കടയിലൂടെ റേഷനായി പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ നല്‍കണം എന്നുതന്നെയാണ്. കേരളത്തിലും ഇന്ത്യയിലും പ്രോട്ടീന്‍ റേഷന്‍ നല്‍കേണ്ട സമയമായി. കാര്‍ബോഹൈഡ്രേറ്റ് റേഷന്‍ കൊണ്ടുമാത്രം നമ്മുടെ പാവപ്പെട്ടവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. മാത്രമല്ല, വനനിയമങ്ങള്‍ ആദിവാസികള്‍ക്ക് ലഭ്യമായിരുന്ന കാട്ടിറച്ചി പൂര്‍ണമായും ഇല്ലാതാക്കി കഴിഞ്ഞു.

കാടിനെ സംരക്ഷിച്ചപ്പോള്‍ കാടിന്റെ മക്കളെ നാം മറന്നുപോയി. പ്രോട്ടീന്‍ ഉളള ഭക്ഷണം ഏറ്റവും എളുപ്പത്തില്‍ ലഭിക്കാന്‍ സാധ്യതയുളളത് മുട്ടയിലൂടെയും പാലിലൂടെയുമാണ്. അവര്‍ അത് കഴിക്കാന്‍ വിമുഖരല്ലെന്ന് ഡോക്ടര്‍മാര്‍ പറയുകയുണ്ടായി. അവിടെ ഉല്പാദിപ്പിച്ചു കൊടുത്താല്‍ ഏറ്റവും നന്നായി, അല്ലെങ്കില്‍ അടിയന്തരമായി  മില്‍മയിലൂടെയും അതുപോലെ തന്നെ മറ്റു വകുപ്പുകളിലൂടെയും ഏറ്റവും ചുരുങ്ങിയത് യുവതീയുവാക്കള്‍ക്കെങ്കിലും എത്തിച്ചില്ലെങ്കില്‍ വീണ്ടും നാം കേള്‍ക്കാന്‍ പോകുന്നത് ശിശുമരണങ്ങളെ കുറിച്ചുതന്നെയാണ്. 

വൃദ്ധന്മാരുടെ കാര്യത്തിലും പ്രത്യേക പരിചരണം ആവശ്യമുണ്ട്. അവരും പോഷകാഹാരക്കുറവ് ഉളളവരാണ്. പോഷകാഹാര നിലവാരത്തെ കുറിച്ചുളള എത്രയോ സര്‍വേകള്‍ നടന്നിട്ടുണ്ടെങ്കിലും അത് കേരളത്തില്‍ ആകെ ഉടനെ നടത്തിയില്ലെങ്കിലും ആദിവാസി മേഖലയില്‍ അടിയന്തരമായി നടത്തണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഇത്തരത്തില്‍ വളരെ കൃത്യമായ ധാരണയോടുകൂടി ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവരെ കൃഷിയിലേക്ക് അവര്‍ക്ക് ഇഷ്ടമുളള രീതിയില്‍ കടന്നുവരാന്‍ അനുവദിക്കുന്നതിനോടൊപ്പം തന്നെ ഹ്രസ്വകാല അടിസ്ഥാനത്തില്‍ ഭക്ഷണവും അവര്‍ക്ക് കൂലിയും എത്തിക്കണം. അഭ്യസ്തവിദ്യര്‍ക്ക് തൊഴിലുകള്‍ നേരിട്ടുളള റിക്രൂട്ട്മെന്റിലൂടെ ഉടനെ ആരംഭിക്കണം. അതില്‍ സഹകരണ സംഘങ്ങളും പങ്കെടുക്കേണ്ടതായിട്ടുണ്ട്. അഹാഡ്‌സിനെ പോലുളള സംവിധാനം ഇന്ന് കില ഏറ്റെടുത്തിട്ടുണ്ടെങ്കിലും ആദിവാസികളുടെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് അഹാഡ്‌സ് പോലുളള സംവിധാനം പുനരാരംഭിക്കേണ്ടതായിട്ടുണ്ട്. 

ഇനിയും അട്ടപ്പാടിയില്‍ അമ്മമാരുടെ കണ്ണുനീര്‍ വീഴരുത്. എന്തിനേറെ..! മണ്ണാര്‍ക്കാട്ടുനിന്ന് അട്ടപ്പാടിയിലേക്കുളള റോഡ് കുഴിയടയ്ക്കാന്‍ പോലും സാധിച്ചിട്ടില്ല. റോഡിലെ കുഴികള്‍ നമുക്ക് വാഹനഗതാഗതത്തിനിടയിലെ അസ്വാരസ്യങ്ങള്‍ മാത്രമാണെങ്കില്‍ മണ്ണാര്‍ക്കാട്ടുനിന്ന് അട്ടപ്പാടിയിലേക്കുളള റോഡ് അവിടുത്തെ ഗര്‍ഭിണികളുടെയും രോഗികളുടെയും പേടിസ്വപ്‌നമാണ്. മണ്ണാര്‍ക്കാട് - അട്ടപ്പാടി റോഡ് കോണ്‍ക്രീറ്റ് ചെയ്യേണ്ടതായിട്ടുണ്ട്. അസാധ്യമായ കാര്യമല്ല. പട്ടികജാതി പട്ടിക വര്‍ഗക്കാരുടെ പ്ലാന്‍ഫണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ കുറച്ചിരിക്കുന്നു.

30,000 കോടി പ്ലാന്‍ ഉണ്ടായിരുന്നത് 27,000 കോടിയായി അടങ്കലില്‍ തന്നെ കുറച്ചപ്പോള്‍ 3000 കോടി എസ്.സി.ഫണ്ട് ഒറ്റയടിക്ക് പത്തു ശതമാനം അഥവാ 300 കോടി കുറഞ്ഞു. ടിഎസ്പി ഫണ്ട് അതും ഓരോ വര്‍ഷവും 90 വീതം കുറഞ്ഞു. ഏതാണ്ട്  790 കോടി രൂപ ഈ രണ്ടു വര്‍ഷക്കാലമായി പട്ടികജാതി-പട്ടികവര്‍ഗ അടങ്കലില്‍ കുറവ് വന്നിരിക്കുകയാണ്. 30,000 കോടിയില്‍നിന്ന് 33000-ഉം 36000-ഉം ആയി പ്ലാന്‍ ഉയര്‍ന്നിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്ന അടങ്കലുമായി ഇന്നത്തെ സംഖ്യ തട്ടിച്ചുനോക്കിയാല്‍ ഏതാണ്ട് 1500 കോടിയോളം രൂപയുടെ കുറവുണ്ട് എന്നത് കേരള സമൂഹം അറിഞ്ഞ മട്ട് കാണിക്കുന്നില്ല. അട്ടപ്പാടിയിലെ ശിശുമരണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ നാം വിശദമായി തന്നെ ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ട്, അധികാരികള്‍ മറുപടിയും പറയേണ്ടതായിട്ടുണ്ട്. 

Content Highlights: Attappadi Infant deaths - Pratibhashanam C.P.John writes