'എന്താ ഇന്നലെ ക്ലാസില്‍ വരാതിരുന്നത് എന്ന് ചോദിച്ചാല്‍ പനിയായിരുന്നു, ടീച്ചറേ എന്ന് പറഞ്ഞിരുന്ന കുട്ടികള്‍ ഇന്ന് അതേ ചോദ്യത്തിന് പറയുന്ന മറുപടിയാണിത്. മഴയായിരുന്നു റേഞ്ചില്ല, നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങളുണ്ട്, അമ്മ ഫോണുമായി പുറത്തേക്ക് പോയി.. ഓണ്‍ലൈന്‍ ക്ലാസില്‍ അറ്റന്‍ഡന്‍സ് കുറവാണ്.' ഓണ്‍ലൈന്‍ ക്ലാസുകളില്‍ അധ്യാപകര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചുളള ചോദ്യത്തോട് കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായ ടീനയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. 

ലോകം ഇതിനുമുമ്പ് ഒരിക്കല്‍ പോലും അഭിമുഖീകരിക്കാത്ത വെല്ലുവിളിയാണ് കോവിഡ് മഹാമാരി ഉയര്‍ത്തിയത്. പ്രതിരോധം അടച്ചിടലിലൂടെ എന്ന് തീരുമാനിച്ചതോടെ ആദ്യം വീട്ടിലിരിക്കേണ്ടി വന്നതും വിദ്യാര്‍ഥികള്‍. പ്രതിസന്ധിയില്‍ പകച്ച ലോകം ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെയും ആദ്യമുന്നേറ്റമുണ്ടായത് വിദ്യാഭ്യാസമേഖലയിലാണ്. അപകടകാരിയായ വൈറസിനുമുന്നില്‍ അധ്യയനവര്‍ഷം നഷ്ടപ്പെടാതിരിക്കാന്‍ സാങ്കേതികതയെ കൂട്ടുപിടച്ച് വിദ്യാര്‍ഥികളെ സ്‌കൂള്‍ ഇ-മുറ്റത്തെത്തിച്ചു. ഓണ്‍ലൈന്‍ക്ലാസുകള്‍ നടത്തി പരിചയമില്ലാത്ത കേരളത്തിലെ അധ്യാപകരും വിദ്യാര്‍ഥികള്‍ക്കൊപ്പം ഇ-മുറ്റത്തെ നവാഗതരായി. വേഗത്തിലാണ് അംസബ്ലിയും, പിടിഎ മീറ്റിങ്ങും, ഓണാഘോഷവുമെല്ലാം ഓണ്‍ലൈനായത്. ടെക്‌നോളജിക്ക് മുന്നില്‍ അധ്യാപകരില്‍ മുതിര്‍ന്നവര്‍ ഒന്നുപകച്ചപ്പോള്‍ ഇ-തലമുറയിലെ വിദ്യാര്‍ഥികള്‍ സ്മാര്‍ട്ട്‌ഫോണില്‍ പുതിയ ലോകം തിരഞ്ഞു. 

വിദ്യാഭ്യാസം ഓണ്‍ലൈനായതോടെ ഗുണങ്ങളും ദോഷങ്ങളും ഒരുപോലെ ഉണ്ടായിട്ടുണ്ട്. അതില്‍ പ്രധാനം വിദ്യാഭ്യാസം സൗജന്യവും സാര്‍വത്രികവും അല്ലാതായി.- അധ്യാപകനായ മനേഷ് പറയുന്നു. ആരെയാണോ പൊതുവിദ്യാഭ്യാസം ലക്ഷ്യമിടുന്നത് അവര്‍ കളത്തിന് പുറത്തായി. സ്‌കൂളുകളും പൊതുജനങ്ങളും ആവശ്യക്കാര്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ എത്തിച്ചുകൊടുത്തെങ്കിലും പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല. അധ്യാപകരുടെ ജോലിഭാരം വര്‍ധിച്ചു. കുട്ടികള്‍ അനാവശ്യ സൈറ്റുകളില്‍ കയറുന്നതിനുളള സാധ്യതകള്‍ വര്‍ധിച്ചു. അവരുടെ മാനസിക സമ്മര്‍ദ്ദവും കൂടി. ഓണ്‍ലൈന്‍ പഠനം മാത്രമായപ്പോള്‍ കുട്ടികളുടെ മറ്റുമേഖലകളിലെ നൈപുണ്യവികസനം കുറഞ്ഞു. അതേസമയം കുട്ടികള്‍ക്ക് ആത്മവിശ്വാസം വര്‍ധിച്ചു. പഠിച്ചകാര്യങ്ങള്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാന്‍ അവര്‍ തയ്യാറായി. ഓണ്‍ലൈനില്‍ സ്വയം തിരഞ്ഞ് അറിവ് വര്‍ധിപ്പിക്കാന്‍ കുട്ടികളും അധ്യാപകരും ഒരുപോലെ ശ്രമിക്കുന്നുണ്ട്. അതിനെല്ലാമുപരി മഹാമാരിക്കാലത്തും വിദ്യാഭ്യാസം തുടരാനായി. 

പണ്ട് ഒരു ക്ലാസില്‍ 40 മുതല്‍ അമ്പതോ അതിലധികമോ കുട്ടികളെ ഒരു ക്ലാസില്‍ നേരിട്ട് കൈകാര്യം ചെയ്തിരുന്നവരാണ് അധ്യാപകര്‍. എന്നാല്‍ ഇ-ക്ലാസില്‍ ഈ നിയന്ത്രണം അധ്യാപകന്റെ കൈയിലല്ല. ക്ലാസ് നടന്നുകൊണ്ടിരിക്കേ പരസ്പരം ചാറ്റുചെയ്യുന്ന വിദ്യാര്‍ഥികളെ, ക്ലാസിനകത്തിരുന്ന് സംസാരിക്കുമ്പോള്‍ ശിക്ഷിക്കുന്നത് പോലെ ശിക്ഷിക്കുന്നത് എളുപ്പമല്ലാതായി. 'ഓണ്‍ലൈന്‍ ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഓണ്‍ലൈന്‍ ഗെയിം കളിക്കുന്ന കുട്ടികളുണ്ട്. നമ്മുടെ ഓഡിയോ അവര്‍ കേള്‍ക്കും പക്ഷേ ശ്രദ്ധ ഗെയിമിലായിരിക്കും. 'ഓണ്‍ലൈന്‍ ക്ലാസില്‍ കുട്ടികളുടെ പുറത്ത് നമുക്ക് യാതൊരു തരത്തിലുമുളള നിയന്ത്രണവുമില്ല. മക്കള്‍ കേള്‍ക്കുന്നുണ്ടെന്ന്് വിചാരിക്കും, റെസ്‌പോണ്‍സ് കുറവാണ്.' ടീന പറയുന്നു.

അധ്യാപകരും കുട്ടികളും തമ്മിലുണ്ടായിരുന്ന ബന്ധത്തിനും അകലം വന്നിട്ടുണ്ട്. സ്‌ക്രീനിനുമുന്നിലെ പ്രസന്റര്‍മാരായി മാറി പലര്‍ക്കും അധ്യാപകര്‍. കുട്ടികളുമായി നേരിട്ട് വിനിമയം നടത്തുമ്പോള്‍ മുന്നിലുളള ഓരോ കുട്ടിയുടെയും ബൗദ്ധിക നിലവാരം വിലയിരുത്താന്‍ അധ്യാപകര്‍ക്ക് കഴിയുമായിരുന്നു. കൂടുതല്‍ ശ്രദ്ധ വേണ്ടവരെ മനസ്സിലാക്കാനാകും, പഠനത്തിന് പുറമേയുളള കഴിവുകള്‍ സ്വയം നിരീക്ഷിച്ചും, മറ്റുകുട്ടികളുടെ സഹായത്തോടെയും കണ്ടെത്താനാകും, പ്രോത്സാഹിപ്പിക്കാനും എന്നാല്‍ ഇന്ന് മുന്നിലിരിക്കുന്നവരെല്ലാം തുല്യരാണ്. അവരുടെ സ്‌ക്രീനിലൂടെ അവരുടെ കുറവുകള്‍ കണ്ടെത്തുക എളുപ്പമല്ല. ഉള്‍വലിയുന്ന സ്വഭാവക്കാരെ തിരിച്ചറിയാനാകുന്നില്ല. കുട്ടികള്‍ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളും തിരിച്ചറിയാനാകുന്നില്ല. പുതുതായി ചേരുന്ന കുട്ടികളെ നേരിട്ട് കണ്ടിട്ട് പോലുമില്ല. സക്രീനിലെ വീഡിയോ വഴിയാണ് അവരെ കാണുന്നത്, അതുകൊണ്ട് തന്നെ അവര്‍ക്ക് അധ്യാപകരോടുളള അടുപ്പം കുറയും. 

മുഖം വാടിയിരിക്കുന്നതോ അസ്വാഭാവിക പെരുമാറ്റങ്ങളിലൂടെയോ കൂട്ടുകാര്‍ വഴിയോ കുട്ടിയുടെ ആകുലതകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്ന അധ്യാപകര്‍ക്ക് ഓരോ കുട്ടിയെയും വ്യക്തിപരമായി അറിയാമായിരുന്നു. എന്നാല്‍ ഇന്ന് സ്‌ക്രീനിന് അപ്പുറത്തുനില്ക്കുന്ന വ്യക്തിയെന്ന ബന്ധമേ അധ്യാപകരോടുളളൂ. അധ്യാപകര്‍ നിസ്സഹായരാണ്. എന്നാല്‍ വാട്‌സാപ്പിലൂടെ അധ്യാപകരോട് കാര്യങ്ങള്‍ പങ്കുവെക്കാം എന്ന ധൈര്യത്തില്‍ കാര്യങ്ങള്‍ തുറന്നുപറയുന്ന കുട്ടികളുണ്ടെന്നും ചില അധ്യാപകര്‍ സാക്ഷ്യപ്പെടുത്തി. 

'നേരിട്ട് ക്ലാസെടുക്കുമ്പോള്‍ പലനിലവാരത്തിലുളള കുട്ടികളെയാണ് കൈകാര്യം ചെയ്തിരുന്നത്. അതിനനുസരിച്ചുളള പഠനപ്രവര്‍ത്തനങ്ങളാണ് ഓരോ കുട്ടിക്കും കൊടുക്കുന്നത്. ഓണ്‍ലൈന്‍ ആയി ക്ലാസ് എടുക്കുമ്പോള്‍ എല്ലാ കുട്ടികള്‍ക്കും തുല്യ പരിഗണനയാണ് നല്‍കുന്നത്. പലതലത്തില്‍ നില്‍ക്കുന്ന കുട്ടികളെ തിരിച്ചറിഞ്ഞ് വേണ്ട രീതിയില്‍ അവരെ സഹായിക്കാന്‍ ഓണ്‍ലൈന്‍ ക്ലാസായതില്‍പിന്നെ സാധിക്കാതെ വരുന്നുണ്ട്. ചെറിയ ക്ലാസിലെ കുട്ടികള്‍ക്ക് ഒന്നര മുതല്‍ രണ്ടര മണിക്കൂര്‍ വരെ ഒരു ദിവസം ക്ലാസ് പോകുന്നുണ്ട്. സ്വാഭാവികമായിട്ടും സ്‌ക്രീനിന് മുന്നില്‍ തളച്ചിടുന്നതിന്റെ സ്‌ട്രെസ് കുട്ടികള്‍ അനുഭവിക്കുന്നുണ്ട്. പക്ഷേ അതിനെ മറികടക്കാന്‍, കുട്ടികള്‍ക്ക് മാനസികമായ പിന്തുണ നല്‍കാന്‍ അധ്യാപകര്‍ക്ക് സാധിക്കുന്നില്ല.' കോഴിക്കോട്ടെ ശാന്തി ടീച്ചര്‍ പറയുന്നു. 

ക്ലാസ്മുറിയെന്ന പൊതുവിടത്തില്‍ നിന്ന നോക്കുമ്പോള്‍ വെര്‍ച്വല്‍ ലോകത്ത് അധ്യാപകരും വിദ്യാര്‍ഥികളും പല ലോകത്തിലാണ് എന്താണ് യഥാര്‍ഥ സ്ഥിതി എന്ന് രണ്ടുകൂട്ടരും കൃത്യമായി അറിയുന്നില്ല. ക്ലാസിലുളളത് മുപ്പത് വിദ്യാര്‍ഥികളാണെങ്കില്‍ മുപ്പതുതരം ചുറ്റുപാടുകളിലായിരിക്കും അവര്‍. ഇതൊന്നുമല്ലാത്ത മറ്റൊരിടത്ത് അധ്യാപകരും. ക്ലാസ് മുറിയിലെ കറന്റ് പോയാല്‍ ജനല്‍ നല്ല പോലെ തുറന്നിടൂ വെളിച്ചവും കാറ്റും വരട്ടേ എന്ന് പറയുന്ന അധ്യാപകന് ഓണ്‍ലൈന്‍ ക്ലാസില്‍ ഈ മുപ്പത് വിദ്യാര്‍ഥികളുടെയും ചുറ്റുപാടുകള്‍ നിയന്ത്രിക്കുക സാധ്യമേയല്ല. 

ക്ലാസ് ഓണ്‍ലൈനായി മുന്നോട്ടുപോകുന്നുണ്ടെങ്കിലും ലാബ് ആവശ്യമുളള ശാസ്ത്ര വിഷയങ്ങള്‍ ഓണ്‍ലൈനിലൂടെ പഠിപ്പിക്കുന്നത് വെല്ലുവിളിയാണെന്ന് അധ്യാപകര്‍ പറയുന്നു. അധ്യാപകരെ ശാക്തീകരിക്കുന്നതിനായി നിരവധി സബാജക്ട് ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എങ്ങനെ ഓണ്‍ലൈനായി ഒരു ലാബ് നടത്താം എന്നൊക്കെയുളള ക്ലാസുകള്‍ ഉണ്ട്. വളരെ വലിയ വിപ്ലവമാണ് നടത്തിയിരിക്കുന്നത്. പക്ഷേ കുറച്ച് അധ്യാപകര്‍ക്ക് ആ സാങ്കേതിക വിദ്യ പരിചയമില്ലാത്തതുകൊണ്ടുളള ബുദ്ധിമുട്ട് ഉണ്ട്. ജിയോജിബ്രയിലെ നിര്‍മിതികളൊക്കെ നമ്മള്‍ ബോര്‍ഡില്‍ വരച്ച് കാണിച്ചുകൊടുത്തിരുന്നതിന്റെ 100 മടങ്ങ് എഫക്ടീവാണ്. ചിലര്‍ ഈ നവീനരീതികളോട് മുഖം തിരിക്കുമ്പോള്‍ ഇതെല്ലാം ആസ്വദിക്കുന്നവരുമുണ്ട്,' - ഗണിത അധ്യാപികയായ അനുശ്രീ പറയുന്നു. 

ദിവസം മുഴുവന്‍ ഫോണിന് മുന്നില്‍ ചെലവഴിക്കേണ്ടി വരുന്ന ദുരവസ്ഥയാണ് ഭൂരിഭാഗം പേര്‍ക്കും പങ്കുവെക്കാനുളളത്. പണ്ട് മാന്വലായി ചെയ്തിരുന്ന കാര്യങ്ങളെല്ലാം ഡിജിറ്റലായി, സ്‌കൂള്‍ അസംബ്ലി മുതല്‍ കലോത്സവങ്ങളും സെമിനാറുകളും വരെ ഓണ്‍ലൈനായി. അധ്യാപകര്‍ക്കുളള ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ശനിയും ഞായറുമായി ഓണ്‍ലൈനില്‍ നടത്താന്‍ തുടങ്ങി. ജോലിഭാരം വര്‍ധിച്ചതോടെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് സമയമില്ലെന്ന അവസ്ഥയായി. ക്ലാസെടുക്കല്‍ കഴിഞ്ഞാല്‍ സ്വന്തം കുട്ടികളെ പഠിപ്പിക്കണം, അതും ഫോണില്‍..ഇതെല്ലാം കഴിഞ്ഞ് സോഷ്യല്‍മീഡിയ..ചുരുക്കിപ്പറഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരായി അധ്യാപകര്‍. 

വേനലവധിക്കാലത്ത് കുട്ടികളുടെ കുറുമ്പ് സഹിക്കാനാകാതെ 'എത്രയും വേഗം സ്‌കൂളൊന്ന് തുറന്നാല്‍ മതിയായിരുന്നു'എന്നുപറഞ്ഞിരുന്നത് അമ്മമാരായിരുന്നെങ്കില്‍ ഇന്ന് പറയുന്നത് അധ്യാപകരാണ്. 'ഒന്നുതുറന്നാല്‍ മതിയായിരുന്നു, ജോലിഭാരം അത്രയേറെയുണ്ട്.!!!'