റിയോ ഡി ജനീറോ: കോഴിപ്പോര് പോലെ നായ്ക്കളുടെ പോര്, തോറ്റാല്‍ ആ നായയെ വെട്ടിനുറുക്കി ബാര്‍ബിക്യൂവാക്കി കാണികള്‍ക്ക് വിളമ്പും. ദിവസവും പങ്കെടുക്കാനെത്തുന്നത് ഉന്നതര്‍ മുതല്‍ സാധാരണക്കാര്‍ വരെ. ബ്രസീലിലെ ഒരു ഡോഗ് ഫൈറ്റിങ് കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തിയപ്പോള്‍ പുറത്തുവന്ന വിവരങ്ങളാണിതെല്ലാം. 

സാവോ പോളോയിലെ ഒരു രഹസ്യ കേന്ദ്രത്തിലാണ് അതിക്രൂര വിനോദമായ ഡോഗ് ഫൈറ്റിങ് അരങ്ങേറിയിരുന്നത്. കഴിഞ്ഞദിവസം ബ്രസീല്‍ പോലീസ് ഇവിടെ പരിശോധന നടത്തിയതോടെയാണ് ഡോക്ടര്‍മാരും പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെയുള്ള വന്‍സംഘം പിടിയിലായത്. അന്താരാഷ്ട്ര ബന്ധമുള്ള ഡോഗ് ഫൈറ്റിങ് കേന്ദ്രത്തില്‍നിന്ന് ആകെ 41 പേരെയാണ് പോലീസ് പിടികൂടിയത്. മത്സരങ്ങള്‍ നിയന്ത്രിച്ചിരുന്ന യു.എസ്. പൗരനും ഇവരില്‍ ഉള്‍പ്പെടും. നായ്ക്കുട്ടികള്‍ ഉള്‍പ്പെടെ പരിക്കേറ്റതും അല്ലാത്തതുമായ 19 ഓളം നായ്ക്കളെയും പോലീസ് ഇവിടെനിന്ന് രക്ഷപ്പെടുത്തി. 

പോരിനിടെ പരാജയപ്പെട്ട് ചാവുന്ന നായ്ക്കളെ ബാര്‍ബിക്യുവാക്കി വിളമ്പുന്നതും ഇവിടെ പതിവാണ്. മത്സരം കാണാനെത്തുന്നവര്‍ക്കാണ് ബാര്‍ബിക്യു വിളമ്പുന്നത്. ഡോഗ് ഫൈറ്റിങ്ങിന്റെ ഭാഗമായി ഓണ്‍ലൈന്‍ പന്തയങ്ങളും വ്യാപകമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

അതിഭീകരമായിരുന്നു ഡോഗ് ഫൈറ്റിങ് കേന്ദ്രത്തിലെ കാഴ്ചകളെന്നായിരുന്നു റെയ്ഡ് നടത്തിയ പോലീസ് ഉദ്യോഗസ്ഥനായ മാത്യൂസ് ലെയ്‌ലോളയുടെ പ്രതികരണം. ചത്തതും പരിക്കേറ്റതുമായ നായ്ക്കള്‍. ചില നായ്ക്കളുടെ മുഖത്തും ശരീരത്തും നിറയെ മുറിവുകള്‍. ഒരുഭാഗത്ത് ബാര്‍ബിക്യു തയ്യാറാക്കുന്ന തിരക്ക്- അദ്ദേഹം പറഞ്ഞു. പരിക്കേറ്റ് അവശനിലയിലായിരുന്ന ഒരു നായ മൂത്രമൊഴിച്ചപ്പോള്‍ ചോരയും പുറത്തുവന്നെന്നും അത്രയും ഭീകരമായിരുന്നു അവിടത്തെ സ്ഥിതിഗതികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഡോഗ് ഫൈറ്റിങ്ങിനായി പിറ്റ് ബുള്‍ നായ്ക്കള്‍ക്ക് ദിവസങ്ങളോളം നീളുന്ന പരിശീലനമാണ് നല്‍കുന്നത്. മതിയായ ഭക്ഷണമോ വെള്ളമോ ഈ കാലയളവില്‍ നായ്ക്കള്‍ക്ക് ലഭിക്കില്ല. മാത്രമല്ല, പോരിന്റെ മൂര്‍ച്ഛ കൂട്ടാനായി നായ്ക്കളുടെ മൂക്കിലേക്ക് കുരുമുളക് പൊടി കയറ്റുകയും ചെയ്യും. 

കഴിഞ്ഞവര്‍ഷം കരീബിയന്‍ രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ പിടിയിലായ അന്താരാഷ്ട്ര ഡോഗ് ഫൈറ്റിങ് ശൃംഖലയുമായി ബന്ധമുള്ളവരാണ് ബ്രസീലില്‍ പിടിയിലായതെന്നാണ് പോലീസ് ഭാഷ്യം. പ്രതികളില്‍ മിക്കവരെയും ജാമ്യത്തില്‍ വിട്ടെങ്കിലും വിദേശികള്‍ രാജ്യം വിട്ട് പോകരുതെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Content Highlights: brazil police raided dog fighting center and rescued dogs