സൗര്‍ ഇന്‍ക്വിലാബിന്റെ (ഏപ്രില്‍ വിപ്‌ളവം) ആറാം വാര്‍ഷികത്തില്‍ ഞാന്‍ കാബൂളില്‍ ഉണ്ടായിരുന്നു. അഫ്ഗാനിസ്താന്‍ ജനകീയ ജനാധിപത്യ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ശക്തി തെളിയിക്കാനുള്ള അവസരമായിട്ടാണ് അവര്‍ ആ വാര്‍ഷികത്തെ കണ്ടത്. നഗരവീഥികളിലെങ്ങും അഫ്ഗാന്‍ ദേശീയപതാകകളും ചെങ്കൊടികളും പാറിക്കളിച്ചു. വിപ്‌ളവത്തെ വാഴ്ത്തുന്ന പൗഷ്തു, ദാറി ഭാഷകളിലുള്ള കൂറ്റന്‍ ബോര്‍ഡുകള്‍ ചത്വരങ്ങള്‍തോറും ഉയര്‍ന്നുനിന്നു. ഉത്സവാന്തരീക്ഷത്തില്‍ ജനങ്ങള്‍ പൂക്കളും ചെറുകൊടികളുമായി അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചു. ഇടയ്ക്കിടെ കാണുന്ന കവചിത വാഹനങ്ങള്‍ ഒഴിച്ചാല്‍ എല്ലാം സാധാരണപോലെ തോന്നിച്ചു. ആയിരങ്ങള്‍ പങ്കെടുത്ത ഒരു ബഹുജനറാലിയും തുടര്‍ന്നുനടന്ന സൈനിക പരേഡുമായിരുന്നു വിപ്‌ളവവാര്‍ഷികത്തിന്റെ പ്രധാന പരിപാടികള്‍. കാബൂളിന്റെ ഹൃദയഭാഗത്തുള്ള ഭരണസിരാകേന്ദ്രത്തിനുമുന്നില്‍ സജ്ജമാക്കിയ പവിലിയനില്‍ നിന്നുകൊണ്ട് അന്നത്തെ പ്രസിഡന്റ് ഡോ. ബബ്രാക്ക് കാര്‍മല്‍ ജനങ്ങളുടെ അഭിവാദ്യങ്ങള്‍ സ്വീകരിക്കുകയും സൈനിക പരേഡ് വീക്ഷിക്കുകയും ചെയ്തു.

ഓര്‍മയിലെ കാബൂള്‍

പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് അഫ്ഗാനിസ്താന്‍ (ജഉജഅ) നേതൃത്വത്തിലുള്ള അഫ്ഗാന്‍ സര്‍ക്കാരിനെ അന്ന് അമേരിക്കന്‍ ചേരിയിലുള്ള ഒരു രാജ്യവും അംഗീകരിച്ചിരുന്നില്ല. അത് ശീതയുദ്ധത്തിന്റെ കാറ്റുവീശുന്ന കാലമായിരുന്നു. സോവിയറ്റ് ചേരിയില്‍ നിലകൊണ്ട എല്ലാ രാജ്യങ്ങളും ചേരിചേരാപ്രസ്ഥാനത്തിന്റെ ഭാഗമായ കുറെ രാജ്യങ്ങളും ആ സര്‍ക്കാരിനെ അംഗീകരിച്ചിരുന്നു. അവയുടെയെല്ലാം അംബാസഡര്‍മാരും പ്രൗഢഗംഭീരമായ ആ ചടങ്ങില്‍ സംബന്ധിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ക്ഷണിക്കപ്പെട്ട നൂറില്‍പ്പരം വിദേശപ്രതിനിധികളും ആ പരേഡ് വീക്ഷിക്കാന്‍ സ്ഥാനംപിടിച്ചു. ലോക ജനാധിപത്യ യുവജന ഫെഡറേഷനെ പ്രതിനിധാനംചെയ്ത് എത്തിയ എന്റെ ഇരിപ്പിടവും അവിടെ മുന്‍നിരയില്‍ അവര്‍ക്കിടയില്‍ ആയിരുന്നു. ഇന്ത്യന്‍ അംബാസഡറുടെ ഇരിപ്പിടത്തോടു ചേര്‍ന്നായിരുന്നു അത്.

Afghan
കാബൂള്‍ 1970കളില്‍

1978-ല്‍ സൗര്‍ വിപ്‌ളവത്തെത്തുടര്‍ന്നുണ്ടായ ഭരണകൂടത്തെ കമ്യൂണിസ്റ്റ് ചേരിക്കുപുറത്ത് ആദ്യമായി അംഗീകരിച്ച രാജ്യം ഇന്ത്യയാണ്. സൈനിക പരേഡിന്റെ ഏറ്റവും ഒടുവിലായി മാര്‍ച്ചുചെയ്ത ആ പ്‌ളാറ്റൂണ്‍ എന്റെ ഓര്‍മയില്‍ തിളങ്ങിനില്‍ക്കുന്നു. ഓരോ തോക്കിന്‍കുഴലിന്റെയും അറ്റത്ത് അവര്‍ ചേര്‍ത്തുവെച്ച ചുവന്ന ട്യുലിപ് പൂക്കളാണ് അവരെ വ്യത്യസ്തരാക്കിയത്. ആ സൈനിക പരേഡില്‍ അണിനിരന്ന ഏതു സായുധ ദളങ്ങള്‍ക്കു ലഭിച്ചതിനെക്കാള്‍ ഏറെ കൈയടികള്‍ ലഭിച്ചത് 'പൂക്കളും പുഞ്ചിരിയു'മായി വന്ന ഈ സൈനികര്‍ക്കായിരുന്നു. ആയുധങ്ങളെയും യുദ്ധങ്ങളെയുമല്ല, സമാധാനത്തെയും പൂക്കളെയുമാണ് അവര്‍ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ആഗ്രഹിച്ചിരുന്നത്. അഫ്ഗാനികള്‍ക്കു പക്ഷേ, ആ സമാധാനം എന്നും ഒരു കടങ്കഥ ആയിരുന്നു. കാബൂള്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളുമായി നടന്ന ആ പഴയ കൂടിക്കാഴ്ചയില്‍ ഒരു പെണ്‍കുട്ടി എന്നോടു പറഞ്ഞത് ഓര്‍മവരുന്നു. ''കാബൂളില്‍ ഞങ്ങള്‍ ഇന്ന് സുരക്ഷിതരും സമാധാനത്തില്‍ ജീവിക്കുന്നവരുമാണ്. പക്ഷേ, എത്രകാലം എന്നു പറയാനാകില്ല. കാബൂളിനു പുറത്ത് മലനിരകളിലെ സ്ഥിതി ഇതല്ല എന്നു കേള്‍ക്കുന്നു. അവിടെ യുദ്ധവും മരണവും ആണത്രേ. അഫ്ഗാനിസ്താനെ ദൈവം രക്ഷിക്കട്ടെ''. അവള്‍ പ്രതീക്ഷയര്‍പ്പിച്ച ദൈവം അഫ്ഗാനിസ്താനെ രക്ഷിച്ചില്ല.

വീണ്ടും ഇരുണ്ടയുഗത്തിലേക്ക്

ഇരുപതുകൊല്ലംനീണ്ട പടയോട്ടം മതിയാക്കി അമേരിക്ക അഫ്ഗാനിസ്താനില്‍നിന്നു സമ്പൂര്‍ണമായി പിന്മാറി. ആരുടെ സാന്നിധ്യം തുടച്ചുമാറ്റാന്‍ വേണ്ടിയാണോ അമേരിക്ക അവിടെ ഇടപെട്ടത്, ആ താലിബാന്റെ കൈകളിലേക്ക് അഫ്ഗാനിസ്താനെ സമര്‍പ്പിച്ചുകൊണ്ടായിരുന്നു ആ പിന്മാറ്റം. അന്നുവരെ ഭരണത്തലവന്‍ ആയിരുന്ന പ്രസിഡന്റ് അഷ്റഫ് ഗനി രായ്ക്കുരാമാനം ഒളിച്ചോടി. കാബൂളിലെ എല്ലാ സര്‍ക്കാര്‍പോസ്റ്റുകളും കടന്നുകയറിയ താലിബാന്‍സേനയ്ക്കുമുന്നില്‍ സര്‍ക്കാര്‍സൈന്യം ആയുധംവെച്ച് കീഴടങ്ങി. അഫ്ഗാനിസ്താനില്‍ ഇനിയെന്ത് എന്നതിനെപ്പറ്റി കൃത്യമായി പറയുക എളുപ്പമല്ല. അന്താരാഷ്ട്രസമൂഹത്തിനു മുന്നില്‍ നിയമാനുസൃത സര്‍ക്കാര്‍ എന്ന അംഗീകാരം നേടാനുള്ള തന്ത്രങ്ങളാണ് താലിബാന്‍ പയറ്റുക. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അതിനോടു കരുതലോടുകൂടിയാണെങ്കിലും സമ്മതം മൂളുന്നതിന്റെ ആദ്യ ചലനങ്ങള്‍ ദോഹയില്‍ ഉണ്ടായി.

അമേരിക്ക സൃഷ്ടിച്ച ചെകുത്താന്‍

അഫ്ഗാനിസ്താനിലെ താലിബാന്‍ പടയോട്ടത്തിന്റെ തുടക്കംകുറിച്ചത് എങ്ങനെയാണെന്നു ഓര്‍മയില്ലേ? ഐക്യരാഷ്ട്രസഭാ മന്ദിരത്തില്‍ അഭയംതേടിയ, പ്രസിഡന്റായിരുന്ന ഡോ. നജീബുള്ളയെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടാണ് താലിബാന്‍ അന്ന് വിജയത്തിന്റെ വെടിമുഴക്കിയത്. ആ മൃതദേഹം നഗരചത്വരത്തിലെ വിളക്കുകാലില്‍ കെട്ടിത്തൂക്കി അന്ന് താലിബാന്‍ വിജയം ആഘോഷിച്ചു. പ്രത്യക്ഷമായും പരോക്ഷമായും അമേരിക്ക ഒരുക്കിയ ആശയപശ്ചാത്തലത്തിലാണ് മതഭീകരവാദം മുളപൊട്ടിയതും തഴച്ചുവളര്‍ന്നതും. എല്ലാ മതങ്ങളിലും ഭീകരവാദപ്രവണതകള്‍ ശക്തിയാര്‍ജിക്കണമെന്നത് സാമ്രാജ്യത്വനിശ്ചയമായിരുന്നു. അഫ്ഗാനിസ്താനില്‍നിന്ന് 'സോവിയറ്റ് കരടി'യെ തുരത്തുക എന്ന ആശയലക്ഷ്യത്തോടെയാണ് പാകിസ്താനെ മുന്‍നിര്‍ത്തി അമേരിക്ക അഫ്ഗാനിസ്താനില്‍ ഭീകരവാദത്തിന്റെ വിളനിലമൊരുക്കിയത്. സൗര്‍ വിപ്‌ളവത്തിനുമുമ്പ് മുഹമ്മദ് ദാവൂദിന്റെ ഭരണകാലംമുതലേ നിലവിലുണ്ടായിരുന്ന അഫ്ഗാന്‍-സോവിയറ്റ് ഉടമ്പടി പ്രകാരമാണ് സോവിയറ്റ് സേന സൗര്‍ വിപ്‌ളവത്തിനുശേഷം അഫ്ഗാനിസ്താനിലെത്തിയത്. അതിനെ നിയമവിരുദ്ധ അധിനിവേശമെന്നു മുദ്രകുത്തിക്കൊണ്ടാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു മനുഷ്യാവകാശപരിവേഷം ചാര്‍ത്താന്‍ അമേരിക്ക കളമൊരുക്കിയത്.

''വിപ്‌ളവം നടത്തുന്നതിനെക്കാള്‍ പ്രയാസമാണ് അതിനെ നിലനിര്‍ത്തുക എന്നത്''! അഫ്ഗാന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലിരുന്ന് സൗര്‍ വിപ്‌ളവത്തിന്റെ ആറാം വാര്‍ഷികപ്പിറ്റേന്ന് അന്ന് പ്രസിഡന്റായിരുന്ന ബബ്രക്ക് കാര്‍മല്‍ എന്നോടു പറഞ്ഞ വാചകമാണിത്. അതത്രയും ശരിയാണെന്നു ലോകചരിത്രം പലവുരു തെളിയിച്ചിട്ടുണ്ട്. അന്നത്തെ ആ കൂടിക്കാഴ്ചയിലാണ് കാബൂളില്‍ കാണുന്ന സാഹചര്യമല്ല മലമടക്കുകള്‍ നിറഞ്ഞ അഫ്ഗാനിസ്താന്റെ വിദൂരപ്രവിശ്യകളില്‍ നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞത്. രണ്ടുദിവസംമുമ്പ് കാബൂള്‍ യൂണിവേഴ്സിറ്റിയിലെ പെണ്‍കുട്ടിയും അതേ കാര്യമാണു പറഞ്ഞത്. അതുകൊണ്ടായിരിക്കാം ആ യാഥാര്‍ഥ്യബോധം എനിക്കു നന്നേ ഇഷ്ടപ്പെട്ടത്.

പുതിയ താലിബാന്‍ എന്ന തമാശ

താലിബാന്‍ ശുദ്ധീകരിക്കപ്പെട്ട പുതിയ താലിബാന്‍ ആണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് അവരുടേതായ ഭൗമരാഷ്ട്രീയ താത്പര്യങ്ങളുണ്ടാവും. ഹിന്ദുകുഷ് മലനിരകള്‍ക്കപ്പുറത്ത് ഏഷ്യയുടെ തന്ത്രപ്രധാനമായ സ്ഥാനത്തുകിടക്കുന്ന അഫ്ഗാനിസ്താനില്‍ പിടിമുറുക്കാന്‍ അവര്‍ മെനഞ്ഞെടുത്ത പുതിയ വാദഗതിയാണത്. കട്ടപിടിച്ച മതാന്ധതയ്ക്കു ഭീകരവാദമായി മാറാന്‍ രണ്ടുചുവടുപോലും വേണ്ടിവരുന്നില്ല. താലിബാന്റെ ഉദ്ഭവവും വളര്‍ച്ചയും ഈ സത്യം വിളിച്ചുപറയുന്നു. പുതിയ താലിബാനെപ്പറ്റി പറഞ്ഞവര്‍ അത് ഏതെല്ലാം അര്‍ഥത്തില്‍ പുതുതായി എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. അഫ്ഗാനിസ്താനില്‍നിന്നു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് പുതിയ താലിബാന് പഴയ താലിബാനില്‍നിന്ന് വ്യത്യാസമൊന്നുമില്ലെന്നാണ്.