സ്വെറ്റ്ലാന ടിഖനോവ്സകയ, മരിയ കോളെസ്നിക്കോവ, വെറോനിക്ക സെപ്കാലോ...അടുത്തിടെവരെ വെറും സാധാരണക്കാരായിരുന്ന, രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ യാതൊരു ഉദ്ദേശ്യവുമില്ലാതിരുന്ന മൂന്നു സ്ത്രീകള്‍. എന്നാല്‍ ഇപ്പോള്‍ ബെലാറസിന്റെ രാഷ്ട്രീയചക്രവും ഭാവിയും ചുറ്റിത്തിരിയുന്നത് ഈ മൂന്നുസ്ത്രീകള്‍ക്കു ചുറ്റുമാണ്. ബെലാറസ് പ്രസിഡന്റ് അലക്സാന്‍ഡര്‍ ലുകാഷെങ്കോയുടെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് ജനാധിപത്യം തിരിച്ചുപിടിക്കാനിറങ്ങിയവര്‍. പക്ഷേ ലുകാഷെങ്കോയുടെ പുരുഷാധിപത്യ സര്‍ക്കാര്‍ ഇവര്‍ക്കു കരുതിവെച്ചതെന്ത്...എവിടെയാണ് ഇപ്പോഴിവര്‍.
ബെലാറസ് പ്രക്ഷോഭത്തിന്റെ തുടക്കം
'യൂറോപ്പിലെ അവസാന ഏകാധിപതി' ബെലാറസ് പ്രസിഡന്റ് അലക്സാന്‍ഡര്‍ ലുകാഷെങ്കോയുടെ വിളിപ്പേര് ഇങ്ങനെയാണ്. 26 വര്‍ഷമായി ലുകാഷെങ്കോ പ്രസിഡന്റ് പദവിയിലേറിയിട്ട്. കൃത്യമായിപ്പറഞ്ഞാല്‍ 1994-ല്‍. ഇതുവരെ നടന്ന അഞ്ചു തിരഞ്ഞെടുപ്പുകളിലും ശക്തമായ എതിരാളികളില്ലാതെ 80 ശതമാനത്തിലേറെ വോട്ടുനേടി വിജയം കണ്ടു. സര്‍വമേഖലയിലും സര്‍ക്കാരിന്റെ ആധിപത്യം സ്ഥാപിച്ചുകൊണ്ടുള്ള ഭരണമാണ് ഇക്കാലമത്രയും ലുകാഷെങ്കോ നടത്തിയത്. മുഖ്യധാര മാധ്യമങ്ങളുള്‍പ്പെടെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍. രാഷ്ട്രീയ എതിരാളികളെ ജയിലിലടച്ചും സ്വാതന്ത്ര്യവാദികളെ അടിച്ചമര്‍ത്തിയുമുള്ള കിരാത ഭരണം. എതിര്‍പ്പുയര്‍ത്തുന്നവരെ സദാ നിരീക്ഷിക്കാന്‍ കെ.ജി.ബെയെന്ന രഹസ്യപ്പോലീസും.
എന്നാല്‍ ആറാംതവണ എളുപ്പത്തില്‍ അധികാരം കൈയാളാനുള്ള ലുകാഷെങ്കോയുടെ ആഗ്രഹത്തിനു തിരിച്ചടിയായി രണ്ട് നേതാക്കള്‍ എതിരാളികളായെത്തി. മുന്‍ ബാങ്കുദ്യോഗസ്ഥന്‍ വിക്ടര്‍ ബാബറിക്കോയും യു.എസിലെ ബെലാറസിന്റെ മുന്‍ സ്ഥാനപതി വലേറി സെപ്കാലോയും. ബാബറിക്കോയായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയുയര്‍ത്തിയത്. റഷ്യയോടുള്ള അമിത സാമ്പത്തിക സഹകരണവും കോവിഡ് വ്യാപനം കൈകാര്യം ചെയ്തതിലെ വീഴ്ചയുമാണ് പ്രസിഡന്റിനെതിരേ ബാബറിക്കോ ആയുധമാക്കിയത്.
കോവിഡ് വ്യാപനം തടയാന്‍ യാതൊരു നടപടികളും ലുകാഷെങ്കോ രാജ്യത്ത് പ്രഖ്യാപിച്ചിരുന്നില്ല. മറിച്ച് വോഡ്ക വൈറസിനെ പ്രതിരോധിക്കുമെന്ന മണ്ടന്‍ പ്രഖ്യാപനങ്ങളും നടത്തിയിരുന്നു. പ്രചാരണങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെ, തിരഞ്ഞെടുപ്പിന് ഒരുമാസം മുന്‍പ് ബാബറിക്കോവിനെയും വലേറിയെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യരാക്കി. കള്ളപ്പണം വെളുപ്പിക്കല്‍, വഞ്ചനാക്കുറ്റം എന്നിവ ചുമത്തി ബാബറിക്കോവിനെ ജൂണില്‍ ബെലാറസ് പോലീസ് അറസ്റ്റുചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി കള്ളപ്പണവും വിദേശഫണ്ടും ഉപയോഗിച്ചുവെന്ന കുറ്റം ചുമത്തിയാണ് ബെലാറസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബാബറിക്കോയെ അയോഗ്യനാക്കിയത്. ബാബറിക്കോയെയും മകനെയും ജയിലിലാക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിനുവേണ്ടി ഒരുലക്ഷം പിന്തുണക്കാരുടെ ഒപ്പു നല്‍കാനായില്ലെന്നു കാട്ടിയാണ് വലേറിയെ അയോഗ്യനാക്കിയത്. 1,60,000-ത്തിലേറെപ്പേരുടെ ഒപ്പ് വലേറി നല്‍കിയിരുന്നെങ്കിലും ഇതില്‍ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചുള്ള പിന്തുണ 75,249 പേരുടെ മാത്രമേയുള്ളൂവെന്നായിരുന്നു കമ്മിഷന്റെ വാദം. രാഷ്ട്രീയപ്രേരിതമാണ് നടപടിയെന്ന്് പ്രതിപക്ഷകക്ഷികള്‍ ആരോപിക്കുന്നു.
ലുകാഷെങ്കോയെ വിറപ്പിച്ച വീട്ടമ്മമാര്‍
ലുകാഷെങ്കോയുടെ കടുത്ത വിമര്‍ശകനും ബ്ലോഗറുമായിരുന്നു സ്വെറ്റ്ലാന ടിഖനോവ്സ്‌കയയുടെ ഭര്‍ത്താവ് സെര്‍ജി ടിഖനോവ്സ്‌കയ. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നയിച്ചതിനും ലുകാഷെങ്കോയെ 'പാറ്റ' എന്നു വിളിച്ചതിനും സെര്‍ജിയെ ഭരണകൂടം അറസ്റ്റുചെയ്ത് ജയിലിലാക്കി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സെര്‍ജിക്ക് അനുമതി നിഷേധിച്ചു. ഇതോടെയാണ് തന്റെ ഭര്‍ത്താവിനുവേണ്ടി 37-കാരിയായ സ്വെറ്റ്ലാന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ലുകാഷെങ്കോയ്ക്കെതിരേ മത്സരിക്കാന്‍ തീരുമാനിക്കുന്നത്.
ബാബറിക്കോയുടെ തിരഞ്ഞെടുപ്പ് പ്രചാരണവിഭാഗം മേധാവിയായിരുന്ന മരിയ കോളെസ്നിക്കോവയും വലേറി സെപ്കാലോയുടെ ഭാര്യ വെറോനിക്ക സെപ്കാലോയും സ്വെറ്റ്ലാനെയെ പിന്തുണച്ചു. ലുകാഷെങ്കോ പ്രസിഡന്റ് പദവിയൊഴിയണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നു ഈ മൂന്നു സ്ത്രീകള്‍. ബെലാറസ് തലസ്ഥാനമായ മിന്‍സ്‌കിലുള്‍പ്പെടെ മൂവരും പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലികളില്‍ ലക്ഷക്കണക്കിനു പേരാണ് പിന്തുണയുമായെത്തിയത്. ലുകാഷെങ്കോ ഇത്തവണ പരാജയമറിയുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളുള്‍പ്പെടെ വിധിയെഴുതി.
തിരഞ്ഞെടുപ്പും ലുകാഷെങ്കോയുടെ വിജയവും
ഓഗസ്റ്റ് ഒമ്പതിന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തട്ടിപ്പു നടക്കുമെന്ന് പ്രതിപക്ഷം നേരത്തേതന്നെ ഭയപ്പെട്ടിരുന്നു. സര്‍ക്കാര്‍ വിരുദ്ധ സമരം ഇത്രയേറെ ശക്തമായിരുന്നിട്ടും ഒരു സ്വതന്ത്രനിരീക്ഷകരുടെയും മേല്‍നോട്ടമില്ലാതെയായിരുന്നു തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനു നാളുകള്‍ മുമ്പുതന്നെ ഇന്റര്‍നെറ്റിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഓഗസ്റ്റ് പത്തിന് ലുകാഷെങ്കോ വീണ്ടും വന്‍ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തിയെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. ലുകാഷെങ്കോ 80.23 ശതമാനം വോട്ടുനേടിയപ്പോള്‍ സ്വെറ്റ്ലാന നേടിയത് വെറും 10 ശതമാനം വോട്ടുമാത്രമാണെന്നായിരുന്നു തിരഞ്ഞെടുപ്പു ഫലം.
തിരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. 60 മുതല്‍ 70 ശതമാനംവരെ വോട്ട് സ്വെറ്റ്ലാനയ്ക്ക് ഉറപ്പാണെന്ന വാദത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. ഓഗസ്റ്റ് പത്തിനു രാത്രി ബെലാറസ് അന്നുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത തരത്തില്‍ വന്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ആയിരക്കണക്കിന് പ്രക്ഷോഭകര്‍ അറസ്റ്റിലായി. അറസ്റ്റിലായവരെ പോലീസ് ക്രൂരമായി പീഡിപ്പിച്ചു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തെത്തിയതോടെ പ്രക്ഷോഭം രാജ്യവ്യാപകമായി ജയിലില്‍ക്കഴിയുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ വെളുത്ത കുപ്പായങ്ങളണിഞ്ഞ് റോസാപ്പൂക്കളുമായെത്തി നഗരങ്ങളില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് മുതിര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരടക്കം രാജിവെച്ചു.
അവര്‍ക്കെന്തു സംഭവിച്ചു
തിരഞ്ഞെടുപ്പിലെ കൃത്രിമം അന്വേഷിക്കണമെന്ന ഹര്‍ജി നല്‍കാനെത്തിയ സ്വെറ്റ്ലാനയെ പിന്നീട് ബെലാറസ് ജനത കണ്ടത് ലിത്വാനിയയില്‍നിന്നാണ്. ഏഴുമണിക്കൂറോളം സ്വെറ്റ്ലാനയെ തടവിലാക്കിയ പോലീസ് അവരെ നിര്‍ബന്ധിച്ച് ലിത്വാനിയയിലേക്ക് നാടുകടത്തുകയായിരുന്നു. മക്കളുടെ ജീവന് ഭീഷണിയുള്ളതിനാല്‍ അവരെ സ്വെറ്റ്ലാന നേരത്തെതന്നെ ലിത്വാനിയയിലേക്ക് മാറ്റിയിരുന്നു. തന്റെ വിജയത്തെക്കുറിച്ച് അമിത ആത്മവിശ്വാസമുണ്ടായിരുന്നെന്നും കുട്ടികള്‍ക്കായി നാടുവിടുകയാണെന്നും സ്വെറ്റ്ലാന ലിത്വാനിയയില്‍നിന്ന് ചിത്രീകരിച്ച വീഡിയോയില്‍ പറഞ്ഞത്. എന്നാല്‍ ഇത് തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിക്കുകയായിരുന്നുവെന്ന് അവര്‍ പിന്നീട് വെളിപ്പെടുത്തി.
രാജ്യത്തെ നയിക്കാന്‍ തയ്യാറാണെന്നും നീതിപൂര്‍വമായ തിരഞ്ഞെടുപ്പ് നടത്താന്‍ ലുകാഷെങ്കോയോടാവശ്യപ്പെടാന്‍ യു.എന്‍. ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളോടും അവരാവശ്യപ്പെട്ടു. അധികാരക്കൈമാറ്റം ലുകാഷെങ്കോയുമായി ചര്‍ച്ച ചെയ്യുന്നതിന് രാജ്യത്തെ പ്രമുഖ സാംസ്‌കാരിക നേതാക്കളെയും അഭിഭാഷകരേയും സാമൂഹികപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിക്കൊണ്ട് സഹകരണ സമിതി സ്ഥാപിച്ചെങ്കിലും അതിനോടു മുഖംതിരിക്കുന്ന നിലപാടാണ് ലുകാഷെങ്കോ സ്വീകരിച്ചത്. മാത്രമല്ല സമിതിയിലെ പല അംഗങ്ങളെയും വിവിധ കേസുകളില്‍പ്പെടുത്തി അറസ്റ്റുചെയ്ത് ജയിലിലടക്കുകയും ചെയ്തു. വെറോനിക്ക സെപ്കാലോ പോളണ്ടിലേക്ക് പലായനം ചെയ്തു. വലേറി സെപ്കാലോയും കുഞ്ഞുങ്ങളും റഷ്യയിലേക്കും.
മൂവരെയും നാടുകടത്താനുള്ള ലുകാഷെങ്കോ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്കുമുന്നില്‍ ഇപ്പോഴും പിടിച്ചുനില്‍ക്കുന്നത് മരിയ കോളെസ്നിക്കോവയാണ്. മരിയയെയും സഹകരണ സമിതിയിലെ രണ്ടംഗങ്ങളെയും തട്ടിക്കൊണ്ടുപോയി നാടുകടത്താനുള്ള ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടു. യുക്രൈന്‍ അതിര്‍ത്തി കടത്താനായിരുന്നു ശ്രമമെങ്കിലും പാസ്പോര്‍ട്ട് കീറിയെറിഞ്ഞ് മരിയ ചെറുത്തുനിന്നു. ജീവനോടെയോ കഷണങ്ങളാക്കിയോ രാജ്യത്തിനു പുറത്താക്കുമെന്നും 25 വര്‍ഷംവരെ തടവിലിടുമെന്നും തട്ടിക്കൊണ്ടുപോയവര്‍ ഭീഷണിപ്പെടുത്തിയതായി മരിയ പറയുന്നു. എങ്കിലും ലുകാഷെങ്കോയെ താഴെയിറക്കാനുള്ള പോരാട്ടം തുടരുമെന്നും അവര്‍ ഉറപ്പുനല്‍കുന്നു.
Content Highlights: Belarus agitation and three women