1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്ത സംഭവം ഇന്ത്യയുടെ അധികാരരാഷ്ട്രീയത്തിൽ വലിയ രാസമാറ്റങ്ങളാണ് സൃഷ്ടിച്ചത്. മതത്തെയും രാഷ്ട്രീയത്തെയും വേർതിരിച്ചുകാണണമെന്ന ആധുനികലിബറൽ ജനാധിപത്യസ്വപ്‌നങ്ങൾക്കേറ്റ കടുത്ത തിരിച്ചടിയായി ഇത്തരം മാറ്റങ്ങൾ. ഈ രാഷ്ട്രീയപശ്ചാത്തലത്തിലാണ് ഏറെക്കാലത്തിനുശേഷം, ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ ലഖ്‌നൗ കോടതിയുടെ വിധിവന്നിരിക്കുന്നത്. 32 പ്രതികളെയും കോടതി വെറുതേവിട്ടിരിക്കുന്നു. രണ്ടായിരത്തിൽപ്പരം പേജുകൾവരുന്ന വിധിയിൽ നിയമപരവും സാങ്കേതികവും വസ്തുതാപരവുമായ ഒട്ടേറെ കാര്യങ്ങൾ കെട്ടുപിണഞ്ഞുകിടക്കുന്നു. കുറ്റം നടന്നു; പക്ഷേ, കുറ്റക്കാരില്ല എന്ന പ്രതീതിയാണ് വിധി സൃഷ്ടിച്ചിരിക്കുന്നത്.

വ്യവഹാരങ്ങളിലെ കാലതാമസം

രാജ്യം മുഴുവൻ ശ്രദ്ധിച്ച ഒരു കേസിന്റെ വിചാരണയ്ക്കും വിധിക്കുംവേണ്ടി മൂന്നുപതിറ്റാണ്ടോളം കാത്തുനിൽക്കേണ്ടിവന്നുവെന്നത് ഈ കേസ് നൽകുന്ന പാഠങ്ങളിലൊന്നാണ്. ഇന്ത്യൻ കോടതികളിലെ കാലതാമസത്തിന് ഇതുപോലെ പ്രാധാന്യമുള്ള ഒരു കേസുതന്നെ ഉദാഹരണമായി എന്നത് തികച്ചും കൗതുകകരമാണ്. നടപടിക്രമങ്ങൾതന്നെ ശിക്ഷയായിമാറുന്ന അവസ്ഥാവിശേഷം കേസുകളിൽ വാദിയായോ പ്രതിയായോ പെട്ടുപോകുന്ന പലരുടെയും അനുഭവമാണ്. ഒരു വ്യവഹാരം എത്രവേണമെങ്കിലും വലിച്ചുനീട്ടാൻ  തത്പരകക്ഷികൾക്ക് കഴിയുമെന്നത് ഈ കേസിന്റെ നാൾവഴിയിലൂടെ വായിച്ചെടുക്കാം. വ്യവഹാരങ്ങളിലെ കാലതാമസത്തെക്കുറിച്ച് ജസ്റ്റിസ് ഭഗവത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്കണ്ഠപ്പെട്ടത് ബാബുറാമിന്റെ കേസിൽ (1976) ആയിരുന്നു. ക്രിമിനൽക്കേസുകളിലാകട്ടെ, പതിറ്റാണ്ടുകൾ നീളുന്ന വ്യവഹാരങ്ങൾ പലപ്പോഴും കേസിലുൾപ്പെട്ടവരുടെ മാത്രമല്ല, സമൂഹത്തിന്റെതന്നെ താത്പര്യങ്ങളെ നിഹനിക്കുന്നവയാണ്. പൊതുവേ പ്രതികൾ അവലംബിക്കുന്ന തന്ത്രമാണ് കേസ് വലിച്ചുനീട്ടലെന്നും അത് പ്രോസിക്യൂഷൻ താത്പര്യങ്ങളെ അട്ടിമറിക്കുമെന്നും 1991ൽ എ.ആർ. ആന്തുലെയുടെ കേസിൽ സുപ്രീംകോടതി പറഞ്ഞു.

 പ്രസക്തമായ ചില ചോദ്യങ്ങൾ

'സമൂഹദ്രോഹികൾ' ബാബറി മസ്ജിദ് തകർത്തുവെന്നകാര്യം നിസ്തർക്കമാണ് എന്ന് കോടതിയും അംഗീകരിക്കുന്നു. എന്നാലത് മുൻകൂട്ടി നിശ്ചയിച്ച ഒന്നായിരുന്നില്ല എന്നതാണ് കോടതിയുടെ നിഗമനം. ബാബറി മസ്ജിദിന്റെ തകർച്ചയിലേക്ക് നയിച്ച രാഷ്ട്രീയസംഭവവികാസങ്ങളും വർഗീയ പ്രക്ഷോഭങ്ങളും എന്തൊക്കെയായിരുന്നുവെന്നത് ചരിത്രവിദ്യാർഥികൾക്കുമാത്രമല്ല, സാധാരണപൗരന്മാർക്കും അറിയാം. കുറ്റകൃത്യത്തിന്റെ രീതിയും സ്വഭാവവും കാണിക്കുന്ന ദൃശ്യങ്ങൾ പലതും ഡിജിറ്റൽരൂപത്തിലുള്ള ചരിത്രവസ്തുതകളുമാണ്. എന്നാൽ, ചരിത്രയാഥാർഥ്യങ്ങളെയോ, അയോധ്യാകേസിലെ സുപ്രീംകോടതിവിധിയിലെ പരാമർശങ്ങൾ പോലുമോ ആധാരമാക്കിയല്ല ക്രിമിനൽ കേസുകളിൽ വിചാരണകോടതി തീരുമാനം.

ലഖ്‌നൗ കോടതി പ്രതികൾക്കെതിരേ തെളിവില്ലെന്നുപറഞ്ഞത് ക്രിമിനൽനടപടിക്രമത്തിന്റെയും തെളിവുനിയമത്തിന്റെയും ശിക്ഷാനിയമത്തിന്റെയും മറ്റുബന്ധപ്പെട്ട പ്രത്യേകനിയമങ്ങളുടെയും ഇത്തിരിവട്ടങ്ങൾക്കകത്തുവെച്ചാണ്. അതിൽ തെറ്റുമില്ല. എന്നാൽ, കൂടുതൽ പ്രസക്തമായ ചോദ്യങ്ങൾ ഈ വിധി ഉയർത്തുന്നുണ്ട്. ഒരുപക്ഷേ, ഉത്തരങ്ങളെക്കാൾ ചോദ്യങ്ങൾ ബാക്കിവെക്കുന്ന വിധിയാണിത്. തെളിവുകൾ സമർപ്പിക്കേണ്ടതും അവയെ കോടതിക്ക് സ്വീകാര്യമാക്കിത്തീർക്കേണ്ടതും ആരാണ്? അത്തരം ഏജൻസികൾ രാഷ്ട്രീയാധികാരത്തിൽനിന്ന് വിമുക്തമാണോ. പ്രകാശ്‌സിങ്ങിന്റെ കേസിൽ (2006) സ്വതന്ത്രാന്വേഷണംപ്രോസിക്യൂഷൻ സംവിധാനങ്ങൾ ഇന്ത്യയിൽ ആവശ്യമാണെന്ന് സുപ്രീംകോടതി അടിവരയിട്ട് പറഞ്ഞു. അന്വേഷണ ഏജൻസികൾ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയപ്പാർട്ടികളുടെ ചട്ടുകങ്ങളായിത്തീർന്നാൽ പിന്നെ സ്വതന്ത്രാന്വേഷണം നടക്കില്ല. സ്വതന്ത്രാന്വേഷണം നടന്നില്ലെങ്കിൽ സ്വതന്ത്ര പ്രോസിക്യൂഷനും ഉണ്ടാവില്ല.  

ബാബറി മസ്ജിദ് കേസിൽ നമ്മുടെ രാഷ്ട്രീയസംവിധാനങ്ങൾ കാണിച്ച അനാസ്ഥയും കെടുകാര്യസ്ഥതയും ലഖ്‌നൗ കോടതിവിധിയിലൂടെ വായിച്ചെടുക്കാം. സി.ബി.ഐ. ഹാജരാക്കിയ ഓഡിയോവീഡിയോ തെളിവുകൾ കോടതിക്ക് സ്വീകാര്യമാക്കിത്തീർക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. തെളിവുകളുടെ ലഭ്യതക്കുറവായിരുന്നില്ല പ്രശ്‌നം. അവ ശരിയായി സമർപ്പിക്കുന്നതിലും കോടതിയുടെ അംഗീകാരം നേടിയെടുക്കുന്നതിലും സംഭവിച്ച വീഴ്ചയാണ് വിധിയിൽ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. പ്രബലരായ രാഷ്ട്രീയനേതാക്കൾ ഉൾപ്പെട്ടതുകൊണ്ടുമാത്രം ഒരു കേസിൽ പ്രതികളെ ശിക്ഷിക്കണമെന്നോ രക്ഷിക്കണമെന്നോ ആവശ്യപ്പെടാൻ ആർക്കും കഴിയില്ല. എന്നാൽ, എങ്ങനെയാണ് പ്രോസിക്യൂഷൻ ഒരു കേസ് കോടതിയിൽ സമർപ്പിച്ചത് എന്നും എങ്ങനെയാണ് അതിൽ തുടർനടപടികൾ കൈക്കൊണ്ടത് എന്നതും സൂക്ഷ്മപരിശോധന ആവശ്യപ്പെടുന്ന കാര്യങ്ങളാണ്. ചില ശബ്ദരേഖകൾ (ഓഡിയോ ക്ലിപ്പിങ്‌സ്) തികച്ചും അവ്യക്തമാണെന്ന് വിധിയിൽ നിരീക്ഷണമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, അപാരമായ കാലതാമസത്തിന്റെയും അന്വേഷണ ഏജൻസികളുടെ പ്രകടമായ അലസതയുടെയും ഒപ്പം അവർ കാണിച്ച നിയമപരമായ നിരുത്തരവാദത്തിന്റെയും തികച്ചും പ്രതീക്ഷിക്കപ്പെട്ട പരിസമാപ്തിയാണ് ലഖ്‌നൗ കോടതിവിധി.

നിയമവാഴ്‌ചയില്ലെങ്കിൽ ജനാധിപത്യവുമില്ല

ഈ വിധിക്കെതിരേ സി.ബി.ഐ.യോ മറ്റാരെങ്കിലുമോ അപ്പീൽ ഫയൽചെയ്യുമോ എന്ന ചോദ്യംപോലും ഫലത്തിൽ അപ്രസക്തമാണ്. ഒരു ചടങ്ങ് എന്നതിൽക്കവിഞ്ഞ പ്രാധാന്യം അതിനുണ്ടാകുമെന്ന് തോന്നുന്നില്ല. ഉത്തർപ്രദേശിൽ മാറിമാറിവന്ന സർക്കാരുകൾക്കും കേന്ദ്രത്തിൽ മാറിമാറിവന്ന ഭരണകൂടങ്ങൾക്കും ബാബറി മസ്ജിദ് കേസ് നന്നായി മുന്നോട്ടുകൊണ്ടുപോകണമെന്ന ആത്മാർഥമായ താത്പര്യമുണ്ടായിരുന്നോ? രാഷ്ട്രീയപ്പാർട്ടികൾക്കതീതമായി ഈ ചോദ്യം ഉയർന്നുവരും.

പ്രശ്‌നം കേവലം കക്ഷിരാഷ്ട്രീയത്തിന്റെയോ വർഗീയതയുടെയോ മാത്രമല്ല, ആത്യന്തികമായി നിയമവാഴ്ചയുടേതുകൂടിയാണ്. എല്ലാ സംവിധാനങ്ങളും ഒപ്പം രാഷ്ട്രത്തിന്റെ അഞ്ചാംതൂണായ പൊതുസമൂഹവും പക്വമായും പ്രബുദ്ധമായും പ്രവർത്തിച്ചാൽമാത്രമേ ഭരണഘടനാപരമായ നിയമവാഴ്ച യാഥാർഥ്യമാകൂ. കോടതിവിധികളിലൂടെമാത്രം ഉരുത്തിരിഞ്ഞുവരുന്ന ഒന്നല്ല അത്. നിയമവാഴ്ചയില്ലെങ്കിൽ ജനാധിപത്യവുമില്ല. അത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങളിലൊന്നാണ് (പി.യു.സി.എൻ. കേസിലെ വിധി, 2014). റോഡിലൂടെ നടന്നുപോകുമ്പോൾ താൻ ആക്രമിക്കപ്പെടുകയില്ലെന്നും തന്റെ തൊഴിലും സ്വത്തും മറ്റുള്ളവർക്ക് തട്ടിയെടുക്കാനാവില്ലെന്നും തന്റെ സ്വസ്ഥജീവിതത്തിൽ നിയമവിരുദ്ധമായി ഇടപെടാൻ മറ്റാർക്കും കഴിയില്ലെന്നും ഓരോ പൗരനും വിശ്വസിക്കുന്നത് രാജ്യത്തെ നിയമവാഴ്ചയിലുള്ള വിശ്വാസംകൊണ്ടുതന്നെയാണ്. ഈ വിശ്വാസം തകർക്കുന്നവിധത്തിൽ അധികാരികളും ഏജൻസികളും രാഷ്ട്രീയനേതാക്കളും പ്രവർത്തിക്കാൻ തുടങ്ങിയാൽ രാജ്യം എങ്ങോട്ടുപോകും?

(ലേഖകൻ സുപ്രീംകോടതിയിലും കേരളഹൈക്കോടതിയിലും അഭിഭാഷകനാണ്)